അമേരിക്കയും ഇറാനും സൗദിയും യു.എ ഇയുമെല്ലാം വ്യത്യസ്ത തലങ്ങളിലാണ് നില്‍ക്കുന്നതെങ്കിലും ചെയ്യുന്നത് കൃത്യമായും ഒന്നാണ്. പശ്ചിമേഷ്യയിലെ സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങളെ വംശീയ ആയുധങ്ങളുപയോഗിച്ച് അട്ടിമറിക്കുക എന്നതാണത്. ഖാസിം സുലൈമാനിയുടെ വധവും തുടര്‍ നടപടികളും അടിവരയിടുന്നതും ഈ ജിയോ പൊളിറ്റിക്‌സിനെയാണ്.
അമേരിക്ക, ഇസ്രായേല്‍, സൗദി, ഇറാന്‍ തുടങ്ങിയവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പശ്ചിമേഷ്യയില്‍ ശക്തമായി ഉയര്‍ന്നു വരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ കൊല്ലുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാനം. ഇതിന്റെ ബാക്കിപത്രം എന്താവുമെന്നറിയണമെങ്കില്‍ സിറിയയിലേക്കോ ഇറാഖിലേക്കോ യമനിലേക്കോ ഒക്കെ നോക്കിയാല്‍ മതി. ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, കോടിക്കണക്കിനാളുകളുടെ വീടും തൊഴിലും നഷ്ടപ്പെട്ടു, അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ നരകമായി മേഖല മാറി. നഷ്ടപ്പെടുന്ന ജീവനും വിഭവങ്ങളുമെല്ലാം മേഖലയിലെ ജനങ്ങളുടേത്, അമേരിക്കക്ക് നഷടമൊന്നുമില്ല, ആയുധക്കച്ചവടവും എണ്ണപ്പാടങ്ങള്‍ക്ക് മേലുള്ള നിയന്ത്രണവുമെല്ലാം ലാഭം.
മേഖലയിലെ ജനങ്ങളുടെ അടക്കാത്ത ജനാധിപത്യ ദാഹത്തെ നേരിടാന്‍ ഇവരുപയോഗിക്കുന്ന ആയുധമാണ് വംശീയത. ഖാസിം സുലൈമാനി അതേറ്റവും സമര്‍ത്ഥമായി ഉപയോഗിച്ച യുദ്ധ തന്ത്രജ്ഞനായിരുന്നു. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന സിറിയ എന്ന ശവപ്പറമ്പില്‍ ഖാസിം സുലൈമാനിമാരുടെ പേരുകള്‍ കൊത്തി വെക്കപ്പെട്ടിട്ടുണ്ട്. യമനില്‍ വംശീയമായ പങ്ക് വെപ്പ് എകദേശം തീരുമാനമായി. വടക്ക് ഇറാന്‍ അനുകൂല ഹൂതികള്‍ക്കും തെക്ക് യു എ ഇ നിയന്ത്രണത്തിലുള്ള തെക്കന്‍ വിഘടനവാദികള്‍ക്കും കിട്ടും. സൗദി യു എ ഇക്കൊപ്പം നില്‍ക്കേണ്ടി വരും. ജനാധിപത്യവും തിരഞ്ഞെടുപ്പുമൊന്നും അജണ്ടയിലെവിടെയുമില്ല.
സിറിയയിലും യമനിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഇറാഖിലും ലബനാനിലുമൊന്നും നടപ്പാക്കാന്‍ പറ്റാത്തതായിരുന്നു ഇവരുടെ എല്ലാവരുടേയും പ്രശ്‌നം. ഖാസിം സുലൈമാനിയുടെ ജീവന്‍ പോയാലും അഭിമാനത്തിന് ക്ഷതം പറ്റിയാലും ഇറാന് അനുകൂല സാഹചര്യമാണ് തല്‍ക്കാലം. ജനാധിപത്യ പ്രക്ഷോഭങ്ങളെ വീണ്ടും അടിച്ചമര്‍ത്താം. അമേരിക്കന്‍ വിരുദ്ധ വികാരത്തില്‍ കണ്‍സോളിഡേറ്റ് ചെയ്ത വംശീയ സമവാക്യത്തിലൂടെ വീണ്ടും ജനകീയ പ്രക്ഷോഭങ്ങളെ നേരിടാം. പ്രത്യേകിച്ചും അതീവ നിര്‍ണായകമായ ഇറാഖിലും ലബനാനിലും. സൗദിയും യു എ ഇയും ആഗ്രഹിക്കുന്നതും അതാണ്.
ബിന്‍യാമിന്‍ നെതന്യാഹുവിനാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ ചെറിയൊരു സാധ്യതയെങ്കിലും ബാക്കിയാക്കുന്നത് മേഖലയില്‍ ശക്തമായി നില്‍ക്കുന്ന ഇറാന്‍- അമേരിക്ക പോര്‍ക്കളമാണ്. ട്രംപിനും ഗുണം മാത്രം. ഒരു പക്ഷേ പശ്ചിമേഷ്യന്‍ ജിയോ പൊളിറ്റിക്‌സില്‍ ലാഭം മാത്രമുള്ള ഒരു കൂട്ടര്‍. ശ്രദ്ധ തിരിച്ചുവിടാനും ഇലക്ഷന്‍ സാധ്യത മെച്ചപ്പെടുത്താനും മാത്രമല്ല. ജനാധിപത്യം ചോദിക്കുന്ന 'അപകടകരമായ' പശ്ചിമേഷ്യയേക്കാള്‍ എന്ത് കൊണ്ടും ഭേദമാണ് ആയുധം വിറ്റഴിക്കാന്‍ കൂടുതല്‍ സാധ്യത നല്‍കുന്ന ഒന്ന്. ഖാസിം സുലൈമാനി കൊല്ലപ്പെട്ട ശേഷം അമേരിക്കന്‍ ആയുധക്കമ്പനികളുടെ ഷെയര്‍ വാല്യു മേല്‍ പോട്ട് പോവുന്നതില്‍ നിന്ന് തന്നെ വ്യക്തമാണ് യുദ്ധങ്ങള്‍ ആരെയാണ് തകര്‍ക്കുന്നതെന്നും ആരെയാണ് മെച്ചപ്പെടുത്തുന്നതെന്നും !
പശ്ചിമേഷ്യയില്‍ അമേരിക്കന്‍, ഇസ്രായേല്‍ താല്‍പര്യങ്ങള്‍ക്കനുസൃതമായി മാത്രം നീങ്ങുന്ന ജിയോ പൊളിറ്റിക്‌സിന് ബദലാവാന്‍ ഇറാനോ സൗദിക്കോ ഒന്നും ഒരു നിലക്കും സാധിക്കില്ല. മറിച്ച് അതേ ജിയോ പൊളിറ്റിക്‌സില്‍ അമേരിക്ക മുന്നോട്ട് വെക്കുന്ന വംശീയ അടിസ്ഥാനമാക്കിയ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയങ്ങള്‍ക്ക് പരസ്പര പൂരകകങ്ങളാവാനേ ഇവര്‍ക്ക് കഴിയൂ.
ബാഗ്ദാദ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് അമേരിക്ക ഡ്രോണ്‍ വഴി മൂന്ന് മിസൈലാണ് തൊടുത്ത് വിട്ടിരുന്നത്. ഖാസിം സുലൈമാനിയും 'ഹഷ്ദ് അല്‍ശാബി' നേതാവ് മുഹന്ദിസും ഉള്‍പ്പെടുന്ന സംഘം രണ്ട് വാഹനങ്ങളിലായിരുന്നു സഞ്ചരിച്ചിരുന്നത്, ഒരു മിസൈല്‍ അല്‍പം മാറി പതിച്ചു. മറ്റ് രണ്ടെണ്ണം കൃത്യമായി ലക്ഷ്യം കാണുകയും രണ്ട് വാഹനത്തിലായി ഉണ്ടായിരുന്ന എല്ലാവരേയും കൊല്ലുകയും ചെയ്തു.
ഇതിന് പകരമായി ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടുണ്ട്. 22 മിസൈലാണ് വിട്ടതെന്ന് ഇറാഖ് സൈനിക കേന്ദ്രങ്ങള്‍ പറയുന്നു. പക്ഷേ ഒരാള്‍ പോലും മരിച്ചിട്ടില്ല.
ഈ 'തിരിച്ചടി ' ഓപറേഷനെ പറ്റി പരമോന്നത നേതാവ് ഖാംനഈ പറഞ്ഞത്, 'അമേരിക്കയുടെ മുഖത്തേറ്റ അടി! '
ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞത് 'സ്വയം പ്രതിരോധത്തിനായുള്ള ആനുപാതിക നടപടി!' എന്നുമായിരുന്നു.
യഥാര്‍ത്ഥത്തില്‍ ഇതമേരിക്കേറ്റ അടി പോയിട്ട് തോണ്ടല്‍ പോലുമല്ല. അവര്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടുമില്ല. മാസങ്ങള്‍ക്ക് മുമ്പ് സൗദിയിലെ 'അരാംകോ' പ്ലാന്റുകള്‍ ആക്രമിച്ച രീതിയും അതിലെ കൃത്യതയും പരിശോധിച്ചാലറിയാം വേണച്ചെങ്കില്‍ പശ്ചിമേഷ്യയിലുള്ള ഏതെങ്കിലും സൈനിക ക്യാമ്പുകള്‍ അക്രമിച്ച് അമേരിക്കന്‍ സൈനികരെ കൊല്ലാന്‍ ഇറാന് സാധിക്കുമെന്ന് . ഏതെങ്കിലുമൊരു മിലീഷ്യയെ ഉപയോഗിച്ചാലും മതി. ബോധ പൂര്‍വ്വം ആ തലത്തിലേക്ക് പോവാതിരിക്കുകയാണ് ഇറാന്‍ എന്നാണ് മനസ്സിലാവുന്നത്.
അടിമുടി അസന്തുലിതമായ ഈ 'പ്രത്യാക്രമണ' ത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇറാന്‍ നയതന്ത്ര രംഗത്തെടുത്ത നടപടികളും. പാശ്ചാത്യ രാജ്യങ്ങളുമായി 2015 ലുണ്ടാക്കിയ ആണവ കരാര്‍ റില്‍ നിന്ന് പിന്‍മാറാന്‍ ഇറാന്‍ തയ്യാറായില്ല. പകരം കരാര്‍ പ്രകാരം പാലിക്കേണ്ട 'ബാധ്യതകളില്‍' നിന്ന് പിന്‍മാറുകയാണെന്ന് മാത്രമായിരുന്നു പറഞ്ഞത്. മാത്രമല്ല അതേ ശ്വാസത്തില്‍ തന്നെ തങ്ങള്‍ക്ക് കരാര്‍ പ്രകാരം കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടുകയാണെങ്കില്‍ വീണ്ടും ബാധ്യതകള്‍ പാലിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു. യു എന്നിന്റെ ഇന്റര്‍നാഷനല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (IAEA) യില്‍ തുടരുമെന്നും വ്യക്തമാക്കി.
കാര്യങ്ങള്‍ വ്യക്തമാണ്. തങ്ങളുടെ രാജ്യത്തെ രണ്ടാമത്തെ ഉന്നത വ്യക്തിയും പ്രതിരോധ നയങ്ങളുടെ ആണിക്കല്ലുമായ ആളെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും കാറ്റില്‍ പറത്തി കൊന്നിട്ടും പ്രതീകാത്മക 'തിരിച്ചടി' നടപടികളില്‍ ഒരുങ്ങി പോവുകയാണ് ഇറാന്റെ പ്രതികരണം. എന്താണ് കാരണമെന്നറിയാന്‍ കൂടുതലൊന്നും പോവേണ്ട. കഴിഞ്ഞ വര്‍ഷം ലോകത്തേറ്റവും ശോഷിച്ച സമ്പദ് വ്യവസ്ഥകളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനം ഇറാനാണ്. ഏറ്റവും അടിസ്ഥാന ആവശ്യമായ ഭക്ഷണവും സ്വാതന്ത്രവും ചോദിച്ച് ജനങ്ങള്‍ നിരന്തരം തെരുവിലിറങ്ങുകയാണ്. 2017 ലും 2019 ലും രാജ്യത്തുടനീളം വ്യാപക പ്രക്ഷോഭങ്ങളുണ്ടായി, നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ നവംബറില്‍ റവല്യൂഷനറി ഗാര്‍ഡിന് കീഴിലുള്ള ഇന്റല്ലിജന്‍സ് മന്ത്രാലയം പാര്‍ലിമെന്റില്‍ വെച്ച റിപോര്‍ട്ട് തന്നെ പറയുന്നത് സമരക്കാരില്‍ കൂടുതലും തൊഴില്‍ രഹിതരായ പാവം യുവാക്കളാണെന്നാണ്. ഈ പ്രക്ഷോഭങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നും റിപോര്‍ട്ട് പറയുന്നുണ്ട്. സിറിയയിലും മറ്റും ജനാധിപത്യം ചോദിച്ചവരെ കൊന്നൊടുക്കാന്‍ തള്ളിയ ബില്യനുകളാണ് നാട്ടില്‍ ദാരിദ്ര്യം പതിന്‍മടത്താക്കിയത്.
ഇറാനില്‍ മാത്രമല്ല, ഇറാന്‍ 'സ്വന്തമായി ' കണ്ട് ഇടപെടുന്ന ശിയാ ബെല്‍റ്റിലെ മറ്റു രാജ്യങ്ങളിലും സ്ഥിതി ഇത് തന്നെ. ഇറാഖില്‍ അതി രൂക്ഷമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍. ആവശ്യങ്ങള്‍ ഇവിടെയും വ്യക്തവും ലളിതവുമാണ്. രാജ്യത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഇറാന്‍, അമേരിക്ക പോലുള്ള വിദേശ ശക്തികളും അവരുടെ ശിങ്കിടികളായ വരേണ്യ ഭരണാധികാരി വര്‍ഗവും മാറി നില്‍ക്കണമെന്നാണ് ഇവര്‍ ഒറ്റക്കെട്ടായി പറയുന്നത്. തങ്ങളുടെ 'മാതൃരാജ്യം തിരിച്ച് തരണം'' എന്നതാണ് ഇറാഖി പ്രക്ഷോഭകര്‍ ഏറ്റവുമധികം ഉന്നയിക്കുന്ന മുദ്രാവാക്യം. ആ മുദ്രാവാക്യത്തിന്റെ പ്രസക്തി ഏറ്റവുമധികം വ്യക്തമാക്കുന്നതായിരുന്നു ഖാസിം സുലൈമാനി യുടെ വധം.
അയല്‍ രാജ്യക്കാരനായ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത് സൈനിക ഓപ്പറേഷന്‍ റേഷന്‍ തയ്യാറാക്കുന്നതിന് ഇടയ്ക്ക് ഇറാഖില്‍ വെച്ച്. അതിന് തിരിച്ചടിയായി ഇറാന്‍ മറ്റൊരു രാജ്യമായ അമേരിക്കയെ ആക്രമിക്കുന്നത് ഇറാഖില്‍ വെച്ച് തന്നെ. ഫലത്തില്‍ രണ്ട് വിദേശ ശക്തികളുടെ കുടിപ്പകയുടെ ഭാഗമായ ആക്രമണവും പ്രത്യാക്രമണവും നേരിടേണ്ടിവരുന്നത് ഇറാഖി ജനത. ഇതാണ് ഇറാഖി ജനത ചോദ്യം ചെയ്ത് കൊണ്ടിരുന്നത്. ഇതില്‍ നിന്നും ജന ശ്രദ്ധ മാറ്റാനും പകരം ശിയാ വംശീയ സമവാക്യങ്ങളോട് ചേര്‍ന്ന് നിക്കുന്ന രീതിയില്‍ അമേരിക്കന്‍ വിരുദ്ധ വികാരത്തിലേക്ക് ജനകീയ ശ്രദ്ധ തിരിച്ച് വാടാനായിരുന്നു ഇറാന്റെ റവല്യൂഷനറി ഗാര്‍ഡും അതിന്റെ നെടു നായകനായ ഖാസിം സുലൈമാനിയും ആസൂത്രണം ചെയ്ത് കൊണ്ടിരുന്നത്. അവര്‍ക്ക് ഇറാഖില്‍ ഇത് പോലുള്ള ആക്രമണങ്ങള്‍ക്കായുള്ള മലീഷ്യയാണ് 'ഹഷ്ദ് അല്‍ ശാബി'. ശാബിയുടെ നേതാവ് അബു മെഹ്ദി അല്‍ മുഹന്‍ദിസാണ് ഖാസിമിയുടെ കൂടെ കൊല്ലപ്പെട്ട മറ്റൊരു പ്രമുഖന്‍. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഹഷ്ദിനെ ഉപയോഗിക്കുന്നു. ഒരു വിമോചന പ്രത്യയ ശാസ്ത്രമായി മതത്തെ കാണാനും ആ വിശ്വാസത്തെ ജനാധിപത്യവും വ്യക്തിസ്വാതന്ത്രവുമായും സമത്വം, നീതി തുടങ്ങിയ ആശങ്ങളുമായി ബന്ധപ്പെടുത്താനുള്ള പക്വത ഇന്ന് പശ്ചിമേഷ്യന്‍ ജനത കാണിക്കുന്നു. ഇതാണ് ഇറാനും സൗദിയും ഇസ്രായേലും അമേരിക്കയുമെല്ലാം യഥാര്‍ത്ഥത്തില്‍ ഭയക്കുന്നതും.
ലബനാനിലും സ്ഥിതി സമാനമാണ്. സുന്നി അനുകൂല വരേണ്യ വിഭാഗത്തെ നിയന്ത്രിക്കുന്ന സൗദിയും ഹിസ്ബുള്ള വഴി ശിയാ വരേണ്യ വിഭാഗത്തെ നിയന്ത്രിക്കുന്ന ഇറാനും തമ്മിലുള്ള പ്രോക്‌സി സംഘട്ടനങ്ങളാണ് ഇപ്പോഴത്തെ ലബനാന്‍ പ്രശ്‌നങ്ങളുടെ മര്‍മം. ഇത് കൃത്യമായി തരിച്ചറിഞ്ഞ ജനം തെരുവിലാണ്. അവരവശ്യപ്പെടുന്നത് ഭരിക്കുന്ന വരേണ്യ വര്‍ഗം രംഗം വിടണമെന്നാണ്. ഏറ്റവും ലളിതവും കൃത്യവുമാണ് അവരുടെ മുദ്രാവാക്യങ്ങള്‍. അതിലെവിടെയും വംശീയ ചുവയില്ല. ഒരു വിദേശ ശക്തിയിലും രക്ഷകനെ കാണുന്നില്ല.
സൗദിയാണെങ്കില്‍ സാമ്പത്തികമായി രൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിടുന്നു. അരാംകോ വിറ്റ് പുട്ടടിക്കാനുള്ള പദ്ധതിയൊക്കെ പാളിയ മട്ടാണ്. കച്ചവട സ്ഥാപനങ്ങള്‍ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുന്നു. സ്വപ്ന പദ്ധതിയായ 'നിയോം' സംബന്ധിച്ച ബഡായി ഒക്കെ നിലച്ച മട്ടാണ്. ആക്റ്റിവിസ്റ്റുകളും എതിര്‍ ശബ്ദങ്ങളും മുഴുവന്‍ ജയിലിലാണ്.
അമേരിക്കയും ഇറാനും സൗദിയും യു.എ ഇയുമെല്ലാം വ്യത്യസ്ത തലങ്ങളിലാണ് നില്‍ക്കുന്നതെങ്കിലും ചെയ്യുന്നത് കൃത്യമായും ഒന്നാണ്. പശ്ചിമേഷ്യയിലെ സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങളെ വംശീയ ആയുധങ്ങളുപയോഗിച്ച് അട്ടിമറിക്കുക എന്നതാണത്. ഖാസിം സുലൈമാനിയുടെ വധവും തുടര്‍ നടപടികളും അടിവരയിടുന്നതും ഈ ജിയോ പൊളിറ്റിക്‌സിനെയാണ്. പക്ഷേ ഉക്രെയ്ന്‍ വിമാനത്തെ വെടിവെച്ചിട്ടതിനെ ചൊല്ലി ഇറാനില്‍ ആരംഭിച്ച ഏറ്റവും പുതിയ പ്രക്ഷോഭങ്ങള്‍ നല്‍കുന്ന സൂചന അതത്ര എളുപ്പമാവില്ല എന്നതാണ്.