Blogs

മെലഡിയുടെ നിത്യകാമുകന് വിട, മലയാളിയില്‍ പ്രണയം നിറച്ച സംഗീത സംവിധായകന്‍

രവി മേനോന്‍
അഞ്ചു പതിറ്റാണ്ടുകാലം മലയാളിയില്‍ പ്രണയം നിറച്ച സംഗീത സംവിധായകന്‍, എം.കെ അര്‍ജ്ജുനനെക്കുറിച്ച് സംഗീത നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ രവി മേനോന്‍

ഗസലിന്റെ ഭാവമുള്ള പാട്ടാണ് വേണ്ടതെന്ന് നിര്‍മ്മാതാവ്. ആ പാട്ടിനൊരു ഗുലാം അലി സ്പര്‍ശം ഉണ്ടെങ്കില്‍ കൊള്ളാം എന്നു ഗാനരചയിതാവ്. രണ്ടും കേട്ട് നിശബ്ദമായി പുഞ്ചിരിച്ചു നില്‍ക്കുക മാത്രം ചെയ്തു എം കെ അര്‍ജ്ജുനന്‍. അല്ലാതെന്തു ചെയ്യാന്‍ ? ഗസല്‍ എന്ന് അതുവരെ കേട്ടിട്ടുപോലുമില്ല അദ്ദേഹം. ഗുലാം അലി ആരെന്ന് പിടിയുമില്ല. എന്നിട്ടും ആ രാവൊടുങ്ങും മുന്‍പ് ചെന്നൈ ന്യൂ വുഡ്‌ലാന്‍ഡ്സ് ഹോട്ടലിലെ മുറിയിലിരുന്ന് ഏതു ഗസലിനെയും വെല്ലുന്ന ഒരു പ്രണയ ഗാനം സൃഷ്ടിച്ചു അര്‍ജ്ജുനന്‍ മാസ്റ്റര്‍. മലയാളത്തില്‍ കേട്ട ഏറ്റവും മികച്ച ഭാവഗീതികളില്‍ ഒന്ന്: ``ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാന്‍ ഒരുങ്ങീ..''

``കാത്തിരുന്ന നിമിഷം'' (1978) എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരന്‍ തമ്പിയുടെ വരികളില്‍ നിന്ന് ആ പാട്ടുണ്ടാക്കുമ്പോള്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ രഘുകുമാറുമുണ്ട് മാസ്റ്റര്‍ക്കൊപ്പം. `` നിങ്ങളെല്ലാം ഇക്കാലത്തും സ്‌നേഹത്തോടെ ചെമ്പകത്തൈകളെ കുറിച്ച് സംസാരിച്ചു കേള്‍ക്കുമ്പോള്‍ അറിയാതെ രഘുവിനെ ഓര്‍ത്തുപോകും ഞാന്‍.''-- മാസ്റ്റര്‍ പറയുന്നു. ``ഗസല്‍ എന്തെന്നറിയാത്ത എനിക്ക് അതിന്റെ ശൈലി, രൂപഭാവങ്ങള്‍, മൂഡ് ഒക്കെ എങ്ങനെ ആയിരിക്കണം എന്ന് വിശദമാക്കി തന്നത് സംഗീതജ്ഞന്‍ കൂടിയായ രഘുവാണ്. മാത്രമല്ല ആ പാട്ടിന്റെ പിന്നണിയില്‍ മനോഹരമായി തബല വായിക്കുക കൂടി ചെയ്തു അദ്ദേഹം. ഒരേ വരി തന്നെ പല രീതിയില്‍ മനോധര്‍മ ശൈലിയില്‍ ആവര്‍ത്തിക്കുക എന്ന ആശയം തന്നതും രഘുവാണ്. ചരണത്തിലെ അത്തറിന്‍ സുഗന്ധവും എന്നു തുടങ്ങുന്ന വരി ഓര്‍മ്മയില്ലേ? അക്കാലത്തെ റെക്കോര്‍ഡിംഗിന്റെ പരിമിതികള്‍ ഇല്ലായിരുന്നെങ്കില്‍ പത്തിരുപത് മിനിറ്റ് നീളുന്ന ഒരു പാട്ടാക്കി മാറ്റിയിരുന്നേനെ ഞാന്‍ അതിനെ. അത്രയും ആസ്വദിച്ചാണ് ഞാന്‍ ആ ഗാനം ചെയ്തത്....'' തീര്‍ന്നില്ല. തമ്പിയുടെ വരികളിലെ പ്രണയലഹരി കൂടി ചേരുമ്പോഴേ ചെമ്പകത്തൈകളുടെ സൗരഭ്യം പൂര്‍ണ്ണമാകൂ എന്ന് കൂട്ടിച്ചേര്‍ക്കുന്നു മാസ്റ്റര്‍. പിന്നെ കമലഹാസന്‍ - വിധുബാലമാരുടെ സ്വയം മറന്നുള്ള അഭിനയവും.

തെല്ലും നിനച്ചിരിക്കാതെ ചെമ്പകത്തൈകള്‍ വന്നു മനസ്സിനെ തൊട്ട സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ട് അര്‍ജ്ജുനന്‍ മാസ്റ്ററുടെ ജീവിതത്തില്‍. ചെന്നൈയില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിക്കുന്ന പരിപാടി. അതിഥികളില്‍ ഒരാളായി ഹാളിന്റെ മൂലയില്‍ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിയിരിക്കുന്നു അര്‍ജ്ജുനന്‍ മാസ്റ്റര്‍. കമലഹാസനെ പോലുള്ള സൂപ്പര്‍ താരങ്ങളുടെ സുവര്‍ണ്ണ സാന്നിധ്യത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന വേദിയാണ്. ആദരിക്കാനുള്ള ഊഴമെത്തിയപ്പോള്‍ ആരോ മാസ്റ്ററുടെ പേര് അനൗണ്‍സ് ചെയ്തു. ഒപ്പമുള്ള സഹായിയുടെ കൈ പിടിച്ചു മാസ്റ്റര്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ വേച്ചു വേച്ചു വേദിയിലേക്ക് നടക്കുമ്പോള്‍, പശ്ചാത്തലത്തില്‍ ഒരു പാട്ടിന്റെ ശീലുകള്‍. മൈക്ക് കയ്യിലെടുത്തു കമലഹാസന്‍ പാടുകയാണ്: ``ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ...'' അത്ഭുതമായിരുന്നു മാസ്റ്റര്‍ക്ക്. എത്രയോ ഭാഷകളില്‍ നൂറു കണക്കിന് സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കിയ കമല്‍ ഇപ്പോഴും തന്റെ ഈ പഴയ പാട്ട് ഓര്‍ത്തിരിക്കുന്നുവെന്നോ? വേദിയില്‍ കയറിവന്ന് കൈകൂപ്പി നിന്ന സംഗീതസംവിധായകനോട് കമല്‍ പറഞ്ഞു: ``മാസ്റ്ററുടെ ഈ പാട്ടിന്റെ വരികള്‍ മനഃപാഠമാണെനിക്ക്. എന്റെ ജീവിതവുമായി അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നു അവ.'' കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് പരിസരത്തു വെച്ച് ചെമ്പകത്തൈകള്‍ ചിത്രീകരിക്കുന്ന സമയത്ത് ചിരകാല കാമുകിയായ വാണിഗണപതിയെ ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് കമല്‍. വിധുബാലയാകട്ടെ പില്‍ക്കാലത്ത് തന്റെ ജീവിതപങ്കാളിയായിത്തീര്‍ന്ന മുരളിയുമായി തീവ്രാനുരാഗത്തിലും. എല്ലാ അര്‍ത്ഥത്തിലും പ്രണയ നിര്‍ഭരമായ നിമിഷങ്ങള്‍. അതിനിണങ്ങുന്ന ഗാനവും.

സമാനമായ മറ്റൊരു അനുഭവം കൂടിയുണ്ട് അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഓര്‍മ്മയില്‍. ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യവുമായുള്ള ആദ്യ കൂടിക്കാഴ്ച. ആരോ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ `നിന്‍ മണിയറയിലെ' എന്ന പാട്ടിന്റെ പല്ലവി മാസ്റ്ററെ പാടിക്കേള്‍പ്പിച്ചു എസ് പി ബി. അത് കഴിഞ്ഞു നീലനിശീഥിനി എന്ന പാട്ടും. എല്ലാം കേട്ട് വിസ്മയിച്ചു നില്‍ക്കുകയാണ് മാസ്റ്റര്‍. ഈ പാട്ടുകളുമായി എസ് പി ബിക്ക് എന്ത് ബന്ധം? പഴയ ഒരു സംഭവം എസ് പി ബി ഓര്‍ത്തെടുത്തത് അപ്പോഴാണ്. 1970 കളുടെ തുടക്കത്തിലെ കഥ. സംവിധായകന്‍ വേണുവിന്റെ ചെന്നൈ ഓഫീസില്‍ ശ്രീകുമാരന്‍ തമ്പിയുമൊത്തിരുന്ന് സി ഐ ഡി നസീറിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തുകയാണ് അര്‍ജ്ജുനന്‍. ആ ഓഫീസിന് തൊട്ടടുത്ത് തന്നെ ഒരു വീടുണ്ട്. സിനിമയില്‍ അവസരം തേടി വന്ന ചില ചെറുപ്പക്കാരാണ് അവിടെ താമസം. വളര്‍ന്നു വരുന്ന പാട്ടുകാരും നടന്മാരുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. അവരിലൊരാള്‍ കമ്പോസിംഗ് കേള്‍ക്കാന്‍ പതിവായി വേണുവിന്റെ ഓഫീസിന് പുറത്തു വന്നു കാത്തു നില്‍ക്കും. പാട്ടുകള്‍ കേട്ട് ഹൃദിസ്ഥമാക്കും. ആ പയ്യന്റെ പേര് ബാലു -- ഇന്നത്തെ എസ് പി ബാലസുബ്രഹ്മണ്യം. അന്ന് മനഃപാഠമാക്കിയതാണ് നിന്‍ മണിയറയിലും നീലനിശീഥിനിയുമെല്ലാം. ``എത്ര ഉയരങ്ങളില്‍ എത്തിയാലും പിന്നിട്ട വഴി മറക്കാത്തവരാണ് യഥാര്‍ത്ഥ കലാകാരന്‍മാര്‍ എന്ന് തോന്നാറുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എസ് പി ബി. ഇഷ്ടം കൊണ്ടാണ് ആ പാട്ടുകള്‍ എല്ലാം പഠിച്ചതെന്ന് എസ് പി ബി പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി. ''-- അര്‍ജ്ജുനന്‍.

അങ്ങനെ എത്രയെത്ര പ്രണയ സുരഭില ഗാനങ്ങള്‍. എന്തെല്ലാം ഓര്‍മ്മകള്‍. മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച ആ പാട്ടുകള്‍ പലതും കോമഡി പ്പടങ്ങളിലും സി ഐ ഡി പടങ്ങളിലുമായി ഒതുങ്ങിപ്പോയി എന്നത് അര്‍ജ്ജുനന്‍ മാസ്റ്ററുടെ ദുര്യോഗം; മലയാളികളുടെയും. ഉദയയെ പോലുള്ള വന്‍കിട ബാനറുകളുടെ പടങ്ങള്‍ അത്യപൂര്‍വ്വമായേ മാസ്റ്ററെ തേടിവന്നുള്ളൂ. ചെയ്തതെറേയും ശശികുമാറിന്റെയും എ ബി രാജിന്റെയുമൊക്കെ ചിത്രങ്ങള്‍. കാവ്യസുന്ദരമായ ഗാനങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല അത്തരം ചിത്രങ്ങളില്‍. പതിവ് അടി-ഇടി-വെടി ഫോര്‍മുല അക്ഷരംപ്രതി നടപ്പാക്കുന്നതിനിടക്ക് പാട്ടുപാടാന്‍ നായകനെവിടെ സമയം? എന്നിട്ടും ശ്രീകുമാരന്‍ തമ്പി - അര്‍ജ്ജുനന്‍ ടീമിന് വേണ്ടി ഈ സംവിധായകരെല്ലാം അവരുടെ സി ഐ ഡി നായകരെ ഗാനഗന്ധര്‍വന്മാരും നിത്യകാമുകരുമാക്കി. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡില്‍ വിദഗ്ധ പരിശീലനം നേടിവന്ന ഈ ഡിറ്റക്ടീവുമാര്‍ കുറ്റാന്വേഷണത്തിനിടെ വീണുകിട്ടിയ വിശ്രമവേളകളില്‍ ഷീലക്കും ജയഭാരതിക്കും വിജയശ്രീക്കും പിറകെ പ്രണയാര്‍ദ്രമായ മെലഡികള്‍ പാടി അലഞ്ഞു. ജനത്തിന് ലവലേശമുണ്ടായിരുന്നില്ല പരാതി. പാട്ടുകള്‍ അത്രയ്ക്കും മനോഹരമായിരുന്നല്ലോ. ``പരിപൂര്‍ണ്ണമായി സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് ആ ഗാനങ്ങളോരോന്നും എല്ലാം ഞാന്‍ സൃഷ്ടിച്ചത്. പിന്നീടവ സിനിമയില്‍ കണ്ട് സങ്കടം തോന്നിയിട്ടുണ്ട്. വളരെ ബുദ്ധിമുട്ടി ചെയ്ത രാഗമാലികകള്‍ പോലും തരം താണ കോമഡി ആയി ചിത്രീകരിച്ചാല്‍ എങ്ങനെയിരിക്കും?'' ഹലോ ഡാര്‍ലിംഗിലെ അനുരാഗമേ അനുരാഗമേ, ദ്വാരകേ ദ്വാരകേ, രാജുറഹിമിലെ രവിവര്‍മ്മ ചിത്രത്തിന്‍ തുടങ്ങി ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. പല പാട്ടുകളും സ്റ്റോക്ക് ഷോട്ടുകള്‍ വെച്ച് തട്ടിക്കൂട്ടിയവ. അവ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ പേരിന് ഒരു പ്രിന്റ് പോലും അവശേഷിപ്പിക്കാതെ വിസ്മൃതിയില്‍ ചെന്നൊടുങ്ങിയിട്ടും, പാട്ടുകള്‍ മാത്രം ഇന്നും ഓര്‍മ്മയില്‍ പീലിവിടര്‍ത്തി നില്‍ക്കുന്നു എന്നത് കാലത്തിന്റെ കാവ്യനീതിയാകാം.

പ്രണയഗാനങ്ങളിലാണ് അര്‍ജ്ജുനന്‍ മാസ്റ്ററുടെ പ്രതിഭ ഏറ്റവുമധികം മിന്നിത്തിളങ്ങിയതെന്ന് തോന്നും ചിലപ്പോള്‍. ``തിരുവോണ''ത്തിലെ ``ആ ത്രിസന്ധ്യ തന്‍ അനഘ മുദ്രകള്‍ ആരോമലേ നാം മറക്കുവതെങ്ങിനെ'' എന്ന ഗാനമോര്‍ക്കുക. പ്രണയത്തിലെ രതിഭാവത്തെ ആകാശ മേഘ തരംഗാവലികളുമായി വിളക്കിച്ചേര്‍ക്കുകയാണ് ശ്രീകുമാരന്‍ തമ്പി. അനവദ്യ സുന്ദരമായ ആ കവിതയെ ഹിന്ദുസ്ഥാനി -- കര്‍ണ്ണാട്ടിക് രാഗങ്ങളാല്‍ ശബളാഭമായ ഒരു പ്രണയമാല്യമാക്കുന്നു അര്‍ജ്ജുനന്‍. ബിഹാഗില്‍ തുടങ്ങി വസന്ത, രഞ്ജിനി, സരസ്വതി, ഷണ്മുഖപ്രിയ എന്നീ രാഗങ്ങളിലൂടെ ഒഴുകിനീങ്ങുന്ന ശ്രവ്യാനുഭവം. ഒരു രാഗത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സംക്രമണം തികച്ചും സ്വാഭാവികവും സൗമ്യസുന്ദരവുമാണ് മാസ്റ്ററുടെ സൃഷ്ടികളില്‍. ശ്രോതാവ് അതറിയുന്നുപോലുമില്ല. പ്രണയത്തെ പ്രഭാതവുമായി ചേര്‍ത്തുവെക്കുന്ന പുഷ്പാഞ്ജലിയിലെ ``പ്രിയതമേ പ്രഭാതമേ'' എന്ന ഗാനം കേട്ടുനോക്കുക. ബൗളി, ആഭേരി, മലയമാരുതം എന്നീ രാഗങ്ങള്‍ എത്ര ഔചിത്യത്തോടെയാണ് ആ ഗാനത്തില്‍ മാസ്റ്റര്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. അരങ്ങേറ്റ സിനിമയായ ``കറുത്ത പൗര്‍ണമി''യിലെ ശിശുവിനെ പോല്‍ പുഞ്ചിരി തൂകി എന്ന പാട്ടിലുമുണ്ട് രാഗവൈവിധ്യത്തിന്റെ ഈ അപൂര്‍വ ചാരുത. ബാഗേശ്രീയും ഹമീര്‍ കല്യാണിയും വസന്ത രാഗവും ഹൃദയം കൊണ്ട് ഒന്നായി ഒഴുകിച്ചേരുന്നു ആ രാഗമാലികയില്‍.

പ്രണയഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ മനസ്സുകൊണ്ട് കാമുകനായി മാറുന്ന ദേവരാജനെ കുറിച്ച് പി സുശീല പറഞ്ഞുകേട്ടിട്ടുണ്ട്. അര്‍ജ്ജുനന്‍ മാസ്റ്ററുടെ കാര്യത്തിലുമുണ്ട് ഈ പകര്‍ന്നാട്ടമെന്ന് സാക്ഷ്യപ്പെടുത്തുന്നു വാണിജയറാം. ഒരു വ്യത്യാസം മാത്രം. വളരെ പതുക്കെ, കാതില്‍ മന്ത്രിക്കുന്ന മട്ടിലാണ് മാസ്റ്റര്‍ പാടിത്തരുക. പക്ഷേ ആ ആലാപനത്തില്‍ ഉള്‍ക്കൊള്ളുന്ന ഭാവം ഗാനത്തിലേക്ക് പകര്‍ത്തുക എളുപ്പമല്ല. അര്‍ജ്ജുന സംഗീതത്തില്‍ ഏറ്റവുമധികം ഗാനങ്ങള്‍ പാടിയ ഗായിക വാണി തന്നെ. അവയില്‍ ഭൂരിഭാഗവും മറക്കാനാവാത്ത പ്രണയഗാനങ്ങള്‍. പിക്‌നിക്കിലെ ``വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി'' എന്ന നിത്യ സുന്ദര ഗാനത്തോടെയാണ് ആ കൂട്ടുകെട്ടിന്റെ തുടക്കം. മധുരഗാനങ്ങളുടെ ഒരു പ്രവാഹമായിരുന്നു പിന്നെ. മലയാളികള്‍ ഏറ്റു പാടിയ സോളോകളും യുഗ്മഗാനങ്ങളും ഉണ്ടായിരുന്നു അവയില്‍: മാവിന്റെ കൊമ്പിലിരുന്നൊരു മൈനവിളിച്ചു (പ്രവാഹം), ലജ്ജാവതി ലജ്ജാവതി (പുലിവാല്), തേടിത്തേടി ഞാനലഞ്ഞു (സിന്ധു), ചന്ദ്രകിരണങ്ങള്‍ രാഗങ്ങളായി ('അമ്മ), സീമന്തരേഖയില്‍ (ആശീര്‍വാദം), നിലവിളക്കിന്‍ തിരി, മധുവിധു രാത്രികള്‍ (ശാന്ത ഒരു ദേവത)... ``ആലാപനത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു തരാറുണ്ട് മാസ്റ്റര്‍. ഒരു പക്ഷേ എന്നിലുള്ള പ്രതീക്ഷ കൊണ്ടാവാം. ആ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞു എന്നു തന്നെയാണ് എന്റെ വിശ്വാസം..'' -- വാണി.

ശ്രീകുമാരന്‍ തമ്പിയുടെ രചനകളില്‍ നിന്നാവണം അര്‍ജ്ജുനന്റെ പ്രണയഗാനങ്ങള്‍ ഏറെയും പിറന്നത്. ആദ്യമായി ഒരുമിച്ച ``റസ്റ്റ്ഹൗസി''ല്‍ തന്നെ ഉണ്ടായിരുന്നു ഹൃദയഹാരിയായ അനുരാഗഗീതികള്‍. പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു, മുത്തിലും മുത്തായ മണിമുത്തു കിട്ടി, യമുനേ യദുകുല രതിദേവനെവിടെ, പിന്നെ തെല്ലൊരു വിഷാദഛായയുള്ള ``പാടാത്ത വീണയും പാടും പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാല്‍.'' തമ്പി - അര്‍ജ്ജുനന്‍ സഖ്യത്തിന്റെ പ്രണയഗീതങ്ങളില്‍ ആ ഗന്ധര്‍വ വിരല്‍ സ്പര്‍ശം ഏല്‍ക്കാത്തവ അത്യപൂര്‍വം. സംശയമുണ്ടെങ്കില്‍ ഈ പട്ടികയിലൂടെ ഒന്ന് കണ്ണോടിക്കുക: മലരമ്പനറിഞ്ഞീലാ (രക്തപുഷ്പം), നിന്‍ മണിയറയിലെ, നീലനിശീഥിനി (സി ഐ ഡി നസീര്‍), ചന്ദ്രരശ്മി തന്‍ (അന്വേഷണം), മുത്തു കിലുങ്ങി മണി മുത്തു കിലുങ്ങി (അജ്ഞാതവാസം), മനസ്സിനകത്തൊരു പാലാഴി (പഞ്ചവടി), ഹൃദയവീണതന്‍ മൃദുല തന്ത്രിയില്‍ (ഇത് മനുഷ്യനോ), പാലരുവി കരയില്‍, കുയിലിന്റെ മണിനാദം കേട്ടു, സിന്ദൂര കിരണമായി (പദ്മവ്യൂഹം), മല്ലികപ്പൂവിന്‍ മധുരഗന്ധം (ഹണിമൂണ്‍), സ്‌നേഹഗായികേ (പ്രവാഹം), കസ്തൂരി മണക്കുന്നല്ലോ, വാല്‍ക്കണ്ണെഴുതി (പിക്‌നിക്), എത്ര സുന്ദരി എത്ര പ്രിയങ്കരി (തിരുവോണം), സാന്ധ്യതാരകേ മറക്കുമോ നീ, ഉറങ്ങാന്‍ കിടന്നാല്‍ (പദ്മരാഗം), ചന്ദ്രോദയം കണ്ട് (സിന്ധു), സൂര്യകാന്തി പൂ ചിരിച്ചു (ലൈറ്റ് ഹൗസ്), രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടി (കന്യാദാനം), ആയിരം അജന്താ ചിത്രങ്ങളില്‍ (ശംഖുപുഷ്പം)...

വയലാറിനൊപ്പം അധികം സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല അര്‍ജ്ജുനന്. എങ്കിലും അവര്‍ ഒരുമിച്ച അന്‍പതോളം ഗാനങ്ങളില്‍ പ്രണയത്തിന്റെ വ്യത്യസ്ത ഭാവതലങ്ങള്‍ അനുഭവിച്ചറിയുന്നു നാം. അനുരാഗമേ, കാറ്റിന്‍ ചിലമ്പൊലിയോ, ദ്വാരകേ (ഹലോ ഡാര്‍ലിംഗ്), തളിര്‍വലയോ താമര വലയോ (ചീനവല), മല്ലീസായകാ, മയില്‍പ്പീലിക്കണ്ണിലെ കലയെവിടെ (സൂര്യവംശം) എന്നീ പാട്ടുകള്‍ ഓര്‍ക്കുക. ആദ്യചിത്രത്തിലെ ഗാനരചയിതാവായ പി ഭാസ്‌കരനുമായും പിന്നീട് അധികം ഒന്നിച്ചില്ല അര്‍ജ്ജുനന്‍. പക്ഷേ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ച ഗാനങ്ങള്‍ ഓരോന്നും അനുപമം -- അനുവാദമില്ലാതെ അകത്തുവരും (പുഴ), മാനസതീരത്തെ ചുംബിച്ചുണര്‍ത്തിയ (ഡിറ്റക്ടീവ് 909 കേരളത്തില്‍), രാഗതുന്ദില നീല (ചഞ്ചല), പാതിരാവാം സുന്ദരിയെ (മത്സരം) എന്നീ പാട്ടുകള്‍ ഓര്‍മ്മയിലുണ്ട്. കാനം ഇ ജെ (തിരയും തീരവും ചുംബിച്ചുറങ്ങീ, പുഞ്ചിരിപ്പൂവുമായ് പഞ്ചമിചന്ദ്രിക, സ്വയംവര കന്യകേ, ഉഷസ്സില്‍ നീയൊരു തുഷാരബിന്ദു, ഇന്ദുകമലം ചൂടി), പൂവച്ചല്‍ ഖാദര്‍ (കായല്‍ക്കരയില്‍ തനിച്ചുവന്നത് കാണാന്‍, രാവിനിന്നൊരു പെണ്ണിന്റെ), പാപ്പനംകോട് ലക്ഷ്മണന്‍ (സ്വപ്നങ്ങള്‍ താഴികക്കുടമേന്തും, സ്വപ്നഹാരമണിഞ്ഞെത്തും, ശാരികത്തേന്‍ മൊഴികള്‍, എന്തിനു സ്വര്‍ണ മയൂര സിംഹാസനം), ഒ എന്‍ വി (കളിവിളക്കിന്‍ മുന്നില്‍ , സരോവരം പൂചൂടി, കാണാനഴകുള്ള മാണിക്യക്കുയിലേ), ആര്‍ കെ ദാമോദരന്‍ (രവിവര്‍മ ചിത്രത്തിന്‍, ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും), ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ (കുടമുല്ലക്കാവിലെ, ഏഴിലംപാലത്തണലില്‍), ഭരണിക്കാവ് ശിവകുമാര്‍ (ആയിരവല്ലി തന്‍), ദേവദാസ് (മാന്മിഴിയാല്‍ മനം കവര്‍ന്നു), ശ്രീധരനുണ്ണി (സ്വപ്നത്തില്‍ നിന്നൊരാള്‍ ചോദിച്ചു), തിക്കുറിശ്ശി (പൂമെത്തപ്പുറത്ത് ഞാന്‍ നിന്നെ കിടത്തും), അപ്പന്‍ തച്ചേത്ത് (സന്ധ്യ തന്‍ കവിള്‍ തുടുത്തു), ഷിബു ചക്രവര്‍ത്തി (ചെല്ലച്ചെറു വീടുതരാം) ... അര്‍ജ്ജുനന്റെ ഈണങ്ങളുമായി കൂട്ടുകൂടിയ വിവിധ തലമുറകളിലെ രചയിതാക്കള്‍ക്ക് പകരം ലഭിച്ചത് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഗാനശില്‍പ്പങ്ങള്‍.

ഇത്രയും പ്രണയഗാനങ്ങള്‍ സൃഷ്ടിച്ച മനുഷ്യന്റെ ഉള്ളിലൊരു കാമുകനുണ്ടാകും; തീര്‍ച്ച. ``മാഷും പ്രണയിച്ചിട്ടില്ലേ?'' -- അര്‍ജ്ജുനന്‍ മാസ്റ്ററോട് ഒരു കുസൃതിച്ചോദ്യം. ``അതൊരു വലിയ കഥയാണ്. സിനിമയേക്കാള്‍ നാടകതീയതകള്‍ നിറഞ്ഞ കഥ. പിന്നീടൊരിക്കല്‍ പറയാം...'' പതിയെ ചിരിച്ചൊഴിയുന്നു അഞ്ചു പതിറ്റാണ്ടുകാലം മലയാളിയില്‍ പ്രണയം നിറച്ച സംഗീത സംവിധായകന്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT