Blogs

പുതിയ മലയാള സിനിമ, പുതിയ താരം , ഒടുവിലയാളിതാ തല്ലി ജയിക്കുകയാണ്

മാധവിക്കുട്ടിയുടെ ബന്ധുവായ ഒരിംഗ്ലീഷ് എഴുത്തുകാരനുണ്ട്, സാല്‍വദോര്‍ ഒബ്രി ക്ലാരന്‍സ് മേനന്‍. കാളിപ്പുരയത്ത് നാരായണ മേനോന്‍ എന്ന മലയാളിയുടേയും ആലീസ് വില്ലറ്റ് എന്ന ഐറിഷുകാരിയുടേയും മകന്‍. എഴുത്തുകാരന്‍, തീയേറ്റര്‍ ക്രിട്ടിക്, സംവിധായകന്‍, അങ്ങനെ പലതുമാണ് ലണ്ടന് ഒബ്രി മേനന്‍.

പെന്‍ഗ്വിന്‍ പുറത്തിറക്കിയ ഒബ്രി മേനന്റെ ഒരു പഴയ നോവലുണ്ട്, ദി ഫിഗ് ട്രീ. ജോ എന്നും കാതറിന്‍ എന്നും പേരുള്ള രണ്ട് കമിതാക്കളുടെ രസമുള്ള മിണ്ടിപ്പറഞ്ഞിരിക്കല്‍ ഞാന്‍ വായിക്കുന്നത് ദി ഫിഗ് ട്രീയില്‍ നിന്നാണ്. ജോ പറഞ്ഞു, 'കാതറിന്‍, രതിക്രീഡയിലേര്‍പ്പെടുന്ന രണ്ട് മനുഷ്യരെക്കുറിച്ചാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. അന്നേരങ്ങളില്‍ അവരിലൊരാളുടെ ഉള്ളിലെ മറ്റേയാള്‍ക്ക് എന്ത് ഭംഗിയായിരിക്കും !'

കാതറിന്‍ തിരുത്തി, 'അല്ല ജോ, അവരുടെ ഉള്ളില്‍ ആ നേരത്ത് അവരേ കാണൂ. രണ്ടാമത്തെയാള്‍ ഇല്ല.'

ജോ സമ്മതിച്ചില്ല, 'നീ എന്താണീ പറയുന്നത്. അഥവാ അത് നമ്മളാണെങ്കില്‍ എന്റെ ഉള്ളില്‍ ഞാനും, നിന്റെ ഉള്ളില്‍ നീയുമായിരിക്കും അപ്പോഴെന്നോ ?' കാതറിന്‍ പറഞ്ഞു, 'അതെ ജോ, അല്ലെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് എങ്ങനെ രതിയിലേര്‍പ്പെടാന്‍ കഴിയും ? ഒരാള്‍ മറ്റേയാളെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ പത്തു മിനുട്ട് കൊണ്ട് അവര്‍ കലഹിക്കാന്‍ തുടങ്ങും. അന്നേരങ്ങളില്‍ അവര്‍ അവരെക്കുറിച്ച് മാത്രമാണ് ജോ ചിന്തിക്കുന്നത്. തന്റെ ആനന്ദത്തെക്കുറിച്ച് മാത്രം, തന്റെ സാമ്രാജ്യത്തെക്കുറിച്ച് മാത്രം, തന്നെക്കുറിച്ച് മാത്രം '

സിനിമാ കൊട്ടകകളില്‍ താരങ്ങളുടെ നിറഞ്ഞാട്ടങ്ങള്‍ കാണുമ്പോഴെല്ലാം എനിക്ക് കാതറിനെ ഓര്‍മ്മ വരും. അയാള്‍ മാത്രം, അയാളുടെ മാത്രം ആനന്ദം, അയാളുടെ മാത്രം സാമ്രാജ്യം ശരിയാണ്, രതിയില്‍ മാത്രമല്ല - ആനന്ദവും ആര്‍മ്മാദവും സമ്മേളിക്കുന്ന ഏത് കലയിലും ഒബ്രി മേനനാണ് ശരി, സിനിമയിലുമതെ.

ശ്രീനിവാസന്റെ രാജപ്പന്‍ തെങ്ങുമ്മൂട് തന്നിലെ താരത്തിന് 'എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍' എന്ന് തലക്കെട്ടിടുന്നത് ചുമ്മാതല്ല. അങ്ങനെ മാത്രം വിജയിക്കാന്‍ കഴിയുന്ന ഒരിന്‍ഡസ്ട്രിയാണിത്. രണ്ടേ ഇരുപതില്‍, രണ്ട് മണിക്കൂറും താരം വേണം എന്ന് തിരക്കഥയെഴുതുമ്പോള്‍ നാം മനസില്‍ പറയേണ്ട സിനിമയാണ് ഇന്ത്യക്ക് സിനിമ എന്ന് ചുരുക്കം. ഇന്ത്യന്‍ സിനിമയ്ക്ക് ആരാണ് ടൊവിനോ തോമസ് എന്ന ചോദ്യത്തിന് എന്റെ ഉത്തരം ഇങ്ങനെയല്ലാത്ത ഒരാള്‍ എന്നാണ്. സിനിമ എന്ന ആകെത്തുകയിലായിരുന്നു അയാളുടെ നോട്ടം. പ്രഭുവിന്റെ മക്കളിലെ ചെഗുവേര സുധീന്ദ്രന്‍ മുതല്‍ തല്ലുമാലയിലെ മണവാളന്‍ വസീം വരെ എത്തുന്ന ടൊവിനോ തോമസിന്റെ 10 വര്‍ഷങ്ങള്‍ അത് പറയും.

ഓര്‍മ്മയുണ്ടോ ABCD യിലെ അഖിലേഷ് വര്‍മ്മയെ? ദുല്‍ഖറും ഗ്രിഗറിയും ആറാടുന്ന കോളേജിലേക്ക് അയാള്‍ അല്പായുസ്സുള്ള വില്ലനായി വന്നു, എല്ലാവരെക്കൊണ്ടും കൈയ്യടിപ്പിച്ചു. ABCD ബോക്‌സോഫീസില്‍ മിന്നിച്ച് മടങ്ങിയപ്പോള്‍ എന്തൊക്കെയാണ് ബാക്കിയായത്? പപ്പാ ഭരണം വേണ്ടപ്പാ എന്ന പാട്ട് നാം പിന്നെയും പാടി, ജേക്കബ് ഗ്രിഗറിയെ പിന്നീട് കണ്ടപ്പോഴൊക്കെ നോക്കെടാ കോര എന്ന് നമ്മള്‍ അടക്കം പറഞ്ഞു. അഖിലേഷ് വര്‍മ്മയുടെ വില്ലന്‍ വേഷം പക്ഷേ അവസാനിച്ചു.

പൃഥ്വിരാജിന്റെ സെവന്‍ത് ഡേയില്‍ എബി എന്ന് പേരുള്ള അബിന്‍സീര്‍ ആയാണ് ടൊവിനോ വന്നത്. വിനയ് ഫോര്‍ട്ടിന്റെ ഷാന്‍ ഓര്‍ത്തെടുത്ത് പറയുന്ന എബിയുടേയും ജെസിയുടേയും കഥ ഞാനിത് പറയുമ്പോള്‍ നിങ്ങളുടെ ഓര്‍മ്മയിലുണ്ടോ? സിനിമ ടൊവിനോ തോമസിനെന്തായിരുന്നു എന്നും, സിനിമയ്ക്ക് അയാള്‍ എന്തായിരുന്നു എന്നും ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു.

അങ്ങനെ കൊല്ലം 2012 ല്‍ നിന്നും 2014 ലെത്തി. വിനി വിശ്വലാലിന്റെ തിരക്കഥയില്‍ ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ വന്നു. ഭരതിനും സണ്ണി വെയ്‌നിനുമൊപ്പം അയാള്‍ നായകനായി. എല്ലാത്തിനുമൊടുവില്‍ ലാലേട്ടന്റെ ഉസ്താദ് സാലിയെ മാത്രമവസാനിപ്പിച്ച് കൂതറ തീയേറ്ററില്‍ നിന്ന് മടങ്ങി. പെരുമ്പറമ്പില്‍ അപ്പുവായി എന്ന് നിന്റെ മൊയ്തീനില്‍ വരുമ്പോഴും താന്‍ നായകനായിക്കഴിഞ്ഞിരിക്കുന്നു എന്ന ചിന്താഭാരമൊന്നും ടൊവിനോയ്ക്കുണ്ടായിരുന്നില്ല. അപ്പുവേട്ടന്‍ ഒരൊന്നൊന്നര അപ്പുവേട്ടനായിരുന്നു എന്ന് നമുക്കറിയാഞ്ഞിട്ടല്ല, നാം പറയാഞ്ഞിട്ടാണ്. അതിനും മീതെപ്പറയാന്‍ കാഞ്ചനയുടേയും മൊയ്തീന്റേയും പ്രേമകഥ നമുക്കുള്ളതുകൊണ്ടാണ്. അതേയുണ്ടാവൂ എന്നറിഞ്ഞ് തന്നെയാണ് അയാള്‍ ആ വേഷം ഏറ്റെടുത്തതും. ടൊവിനോ തോമസിന് ഇതാണ് സിനിമ.

ഉണ്ണി ആറും മാര്‍ട്ടിന്‍ പ്രക്കാട്ടും നായകന്റെ ആറാട്ടിന് വേണ്ട സകലമാന ചേരുവകളും ചേര്‍ത്തൊരുക്കിയ ഡിക്യു പടം ചാര്‍ളിയിലും മുഖം കാണിച്ച് മടങ്ങാന്‍ വന്നു ടൊവിനോ തോമസ്. എന്തിനായിരുന്നു ചാര്‍ളിയിലെ ജോര്‍ജ്ജ് എന്ന ചോദ്യം അന്നോ ഇന്നോ അയാളുടെ ഉളളിലുണ്ടാവില്ല, എനിക്കറിയാം. സിനിമ അയാള്‍ക്ക് സിനിമയുടെ ടോട്ടാലിറ്റിയാണ്. മണ്‍സൂണ്‍ മാംഗോസിലെ സഞ്ജയും എസ്‌റയിലെ ഷഫീര്‍ അഹമ്മദ് എന്ന അസിസ്റ്റന്റ് കമ്മീഷണറും ആ ടോട്ടാലിറ്റിക്കുള്ള അയാളുടെ വീതമാണ്.

കുട്ടികള്‍ക്ക് ഗോളടിച്ച് പോകാന്‍ പോര്‍നിലമൊരുക്കി അരിക് മാറി നിന്ന തേജസ് വര്‍ക്കി എന്ന നായകനെ ഓര്‍മ്മയുണ്ടോ, ജോണ്‍പോളിന്റെ ഗപ്പിയിലെ താടിക്കാരനെ? ചേതന്‍ ജയലാല്‍ എന്ന ബാലതാരത്തിന്റെ മാത്രം മുഖവുമായി വന്ന ഗപ്പിയുടെ തീയേട്രിക്കല്‍ റിലീസ് പോസ്റ്റര്‍ കണ്ട് ഞാനമ്പരന്നിട്ടുണ്ട്. മുകേഷ് ആര്‍ മെഹ്ത്തയും, എ.വി.അനൂപും, സി.വി.സാരഥിയും മലയാള സിനിമയുടെ താരപ്പെരുമ കണ്ട നിര്‍മ്മാതാക്കളാണ്. സിനിമ അതിനും മീതെയാണെന്ന് സംസാരിക്കാന്‍ അവര്‍ക്ക് പക്ഷേ ഒടുവില്‍ ഒരു ടൊവിനോ തോമസിനെ വേണ്ടി വന്നു.

മൂന്ന് കോടിയില്‍ താഴെ ബഡ്ജറ്റിലാണ് അനൂപ് കണ്ണന് വേണ്ടി ടോം ഇമ്മട്ടി മെക്‌സിക്കന്‍ അപാരതയൊരുക്കുന്നത്. അതിന്റെ ഏഴ് മടങ്ങിലധികമാണ് ആ പടം ബോക്‌സോഫീസില്‍ നിന്ന് കൊയ്തത്, 21 കോടി. ആരാധകപ്പെരുപ്പം കൊണ്ട് ആരോടും തുല്യം നില്‍ക്കാന്‍ ഈ താരം ഉണ്ട് എന്നതിന് ഇങ്ങനെ തെളിവു കിട്ടിയിട്ടും നമ്മുടെ മുന്തിയ സിനിമാ ചര്‍ച്ചകളില്‍ അയാള്‍ എല്ലാം തികഞ്ഞ നായകനായി അന്നുമുണ്ടായില്ല എന്നതാണ് രസം.

ആറരക്കോടി മുടക്കി 20 കോടി കൊയ്ത ഗോധയായിരുന്നു അടുത്ത പടം. വാമിക ഗബ്ബിയുടെ അതിഥി സിംഗിനെ വാഴ്ത്തിയത്രയും നാമന്ന് ആഞ്ജനേയ ദാസിനെ വാഴ്ത്തിയിരുന്നോ? ഫഹദ് ഫാസിലിനേയും ദുല്‍ഖര്‍ സല്‍മാനേയും നിവിന്‍ പോളിയേയും വാഴ്ത്തുന്ന മലയാള സിനിമയ്ക്ക് ടൊവിനോ തോമസ് ആരാണ് എന്ന ചോദ്യം എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു. എന്ത് രസമായിരുന്നു മായാനദിയിലെ മാത്തന്‍, പക്ഷേ നമുക്ക് പറയാന്‍ അപ്പുവിന്റെ വിശേഷങ്ങളായിരുന്നു കൂടുതല്‍. ലൂക്കയേക്കാള്‍ കൂടുതല്‍ നാം സംസാരിച്ചത് അയാളുടെ കാമുകി നിഹാരികയെക്കുറിച്ചായിരുന്നു.

ഒരു ഫ്യൂഡല്‍ മാടമ്പിയുടെ അഴിഞ്ഞാട്ടമുണ്ടായിരുന്നു കളയിലെ നായകനില്‍. സിനിമയുടെ രാഷ്ട്രീയം തനിക്കെതിരാണ് എന്ന് തിരിച്ചറിഞ്ഞിട്ടും ഷാജിയാവാന്‍ അയാള്‍ നിന്നു കൊടുക്കുകയായിരുന്നു. സുമേഷ് മൂര്‍ എന്ന അയാളുടെ എതിരാളിക്ക് കൈയ്യടിക്കുമ്പോള്‍ ഒരിക്കല്‍പ്പോലും, സ്വയം തോറ്റ് സിനിമ വിജയിപ്പിക്കാന്‍ ചെളിയില്‍ കിടന്നുരുണ്ട കളയിലെ ഷാജിക്ക് നാം കൈയ്യടിച്ചതേയില്ല.

നെറ്റ്ഫ്‌ലിക്‌സിന് കേരള മാര്‍ക്കറ്റില്‍ വേരുണ്ടാക്കിക്കൊടുത്ത മിന്നല്‍ മുരളിയിലെ ജയ്‌സനോട് പോലും നാം ചെയ്തത് അതാണ്. ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന, അഭിനയിച്ച് വിജയിപ്പിക്കാന്‍ സ്‌പേസുണ്ടായിരുന്ന ഗുരു സോമസുന്ദരത്തിന്റെ ഷിബുവിന് നമ്മുടെ കഥകളില്‍ ഇടം കൂടുതലായിരുന്നു. ഒട്ടുമേ റിയലിസ്റ്റിക്കല്ലാത്ത ഒരു വേഷം ചുമലില്‍ വെച്ചു കൊടുത്തിട്ടും എത്ര അനായാസമായാണ് ജയ്‌സണെ സൂപ്പര്‍ ഹീറോയാക്കി അയാള്‍ മാറ്റിയത്.

നിങ്ങളല്ലെങ്കില്‍ മറ്റാര് എന്ന ചോദ്യത്തോടെ ഞാന്‍ ടൊവിനോയെ നോക്കുന്നത്, മിന്നല്‍ മുരളിക്ക് ശേഷമാണ്. ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷം ചെയ്ത് കയ്യടി വാങ്ങാന്‍ ഇന്ത്യന്‍ സിനിമയില്‍ സമാരാധ്യരായ പ്രതിഭകള്‍ ഏറെ ഉണ്ട് എന്നാണ് എന്റെ തോന്നല്‍. പക്ഷേ ടീ ഷര്‍ട്ടും കള്ളിമുണ്ടുമുടുത്ത ഒരൊറ്റ നാടന്‍ സൂപ്പര്‍ ഹീറോയെ മാത്രമേ എനിക്ക് സങ്കല്പിക്കാന്‍ കഴിയുന്നുള്ളൂ. അലസനായ മാത്തനായും ആഞ്ജനേയ ദാസായും വിലസാന്‍ ഒരൊറ്റ ടൊവിനോ തോമസേ ഇന്ത്യന്‍ സിനിമക്കുള്ളൂ. പറഞ്ഞു വരുന്നത് തല്ലുമാലയിലേക്കാണ്. തല്ലുമാല എന്ന പടമുണ്ടാവുന്നത്, ടൊവിനോ തോമസ് എന്ന അഭിനേതാവ് ഇവിടെയുള്ളത് കൊണ്ട് മാത്രമാണ്.

തീവണ്ടിയും കല്‍ക്കിയും കുപ്രസിദ്ധ പയ്യനും നാരദനും വാശിയുമൊക്കെ അയാളിലെ നായകനെ തീയേറ്ററില്‍ ആഘോഷിക്കുന്ന അതേ കാലത്ത് തന്നെ - ആമിക്ക് മാത്രം ഇടമുള്ള സിനിമയില്‍ കൃഷ്ണനായും, കുറുപ്പിന് മാത്രം ഇടമുള്ള സിനിമയില്‍ മിനുട്ടുകള്‍ മാത്രം ആയുസ്സുളള ചാര്‍ളിയായും, ലാലേട്ടനു മാത്രം ലൂസിഫറായി വാഴാവുന്ന സിനിമയില്‍ ജിതിന്‍ രാംദാസായും അയാള്‍ വന്ന് പോയി. സിനിമയിലായിരുന്നു എപ്പോഴും ടൊവിനോ തോമസിന്റെ നോട്ടം, തന്നിലായിരുന്നില്ല. സാല്‍വദോര്‍ ഒബ്രി ക്ലാരന്‍സ് മേനന്റെ ജീവിതാദര്‍ശമായിരുന്നില്ല അയാളുടേത്.

മാറുന്ന സിനിമയെ നോക്കി നോക്കിയാവണം തല്ലുമാലയിലേക്കും അയാള്‍ വന്ന് കയറിയിട്ടുണ്ടാവുക. ഇന്നോളമുള്ള ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും പുതിയ സിനിമയാണ് എനിക്ക് തല്ലുമാല. സംവിധായകന്‍ മുതല്‍, തിരക്കഥ മുതല്‍, നായകനും നായികയും മുതല്‍, സകലമാന അഭിനേതാക്കള്‍ മുതല്‍, ക്യാമറ മുതല്‍, കളറിസ്റ്റ് മുതല്‍, കുപ്പായം തുന്നിയയാള്‍ മുതല്‍, ടൈറ്റില്‍ ചെയ്തയാള്‍ മുതല്‍ എല്ലാവരും ആധുനികരായ ആദ്യത്തെ സിനിമ.

വീഡിയോ വ്‌ലോഗുകളും റീല്‍സും വിരാജിക്കുന്ന ഒരിടത്ത് നിന്ന് കൊണ്ട് എങ്ങനെ സിനിമ ചെയ്യണം - ഒട്ടുമേ ലീനിയറല്ലാത്ത ജീവിതം ജീവിക്കുന്ന മനുഷ്യരോട് ഏത് ഭാഷയില്‍ സംസാരിക്കണം എന്നൊക്കെയുള്ള അന്വേഷണമാവും അഷ്‌റഫ് ഹംസയെക്കൊണ്ടും മുഹ്‌സിന്‍ പരാരിയെക്കൊണ്ടും തല്ലുമാലയെഴുതിച്ചിട്ടുണ്ടാവുക. ഉണ്ടയും ലവും കടന്ന് തല്ലുമാലയിലെത്തുമ്പഴേക്കും ഖാലിദ് റഹ്‌മാനിലെ സിനിമാക്കാരന്‍ ഇന്ത്യന്‍ സിനിമയുടെ ഒരു ട്രാന്‍സിഷന്‍ പിരീയ്ഡിനെത്തന്നെ അടയാളപ്പെടുത്തുന്നു എന്ന ആനന്ദമാണ് പടം കണ്ടിറങ്ങുമ്പോള്‍ എനിക്കുണ്ടായത്. തല്ലുമാലയുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേരാണ് സത്യത്തില്‍ ആ സിനിമയുടെ തലക്കെട്ട്, പ്ലാന്‍ ബി എന്റര്‍ടെയ്ന്‍മെന്റ്‌സ് സത്യം, ആസ്വാദനത്തിന്റെ പ്ലാന്‍ എ കാലം കഴിയുകയാണ് എന്ന മെസേജാണ് തല്ലുമാല.

തല്ലാണ് ഇതിന്റെ മെയിന്‍. അവര്‍ തല്ലുണ്ടാക്കിക്കൊണ്ടേയിരിക്കുകയാണ്. അങ്ങനെ മാത്രമേ മുന്നോട്ട് പോകാനാവൂ എന്ന ഒരു തലമുറയുടെ തിരിച്ചറിവാണ് ഈ പടം. ഒറ്റത്തല്ലുമാത്രം ഉദാഹരിച്ച് അവസാനിപ്പിക്കാം. ഒരു ക്യാമ്പസ്, സാംസ്‌കാരിക പരിപാടിയില്‍ - കാലങ്ങളായി അത്തരം പരിപാടികള്‍ കുത്തകയാക്കി വെച്ചൊരാള്‍ സംസാരിക്കുന്നു. അവിടേക്ക് ടൊവിനോ തോമസിന്റെ നായകന്‍ കടന്ന് വരുന്നു. ക്യാമ്പസ് ഇളകി മറിഞ്ഞു. ആരാധകരുടെ ആനന്ദ നൃത്തങ്ങള്‍ക്കിടയിലൂടെ അയാള്‍ വേദിയിലേക്ക് കയറി. പ്രസംഗിച്ച് കൊണ്ടിരുന്നയാള്‍ പൊട്ടിത്തെറിച്ചു കൊണ്ട് ചോദിച്ചു, 'എന്ത് വലിയ സംഭാവന കലയ്ക്ക് ചെയ്തിട്ടാണ് ഇവനൊക്കെ ഇവിടെ കയറി ഇരിക്കുന്നത് ? എന്റെ കസേരയില്‍ ഇവനെ ഇരുത്താന്‍ മാത്രം ഇവനാരാണ് ?'

കസേരയില്‍ നിന്ന് എഴുന്നേറ്റ് വന്ന് മൈക്ക് പിടിച്ചു വാങ്ങി പ്രേക്ഷകരോടായി അയാള്‍ ചോദിച്ചു, 'ഞാന്‍ വന്നിട്ട് നിങ്ങള്‍ക്ക് സന്തോഷമായോ ?' ആള്‍ക്കൂട്ടം ആര്‍ത്ത് വിളിച്ചു, ആയി ! ആയി അയാള്‍ വീണ്ടും ചോദിച്ചു, 'ഇയാളെയാണോ എന്നെയാണോ നിങ്ങള്‍ക്ക് കൂടുതലിഷ്ടം ?' പ്രേക്ഷകര്‍ അയാളെ നോക്കി പറഞ്ഞു, നിങ്ങളെ ! നിങ്ങളെ നോക്കൂ, ടൊവിനോ തോമസ് ഒടുവില്‍ തല്ലി ജയിക്കുകയാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT