Blogs

സെന്‍ട്രല്‍ സ്‌റേഡിയത്തിലെ സത്യപ്രതിജ്ഞ ഉപേക്ഷിക്കണം, അതിലൊരു മര്യാദകേടുണ്ട്

കൊവിഡ് തീവ്രവ്യാപനവും മഴക്കെടുതിയും സംസ്ഥാനത്ത് ആശങ്ക തീര്‍ക്കുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈനായി മാറ്റണമെന്ന നിര്‍ദ്ദേശമുയരുകയാണ്. മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ.ജേക്കബ് എഴുതിയത്‌

എൽ ഡി എഫ് മന്ത്രിസഭ അധികാരമേൽക്കുന്നത് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സത്യപ്രതിജ്ഞയോടെ ആണെന്നാണ് അറിയാൻ കഴിയുന്നത്.ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഒരാഴ്‌ചയായി കാണുന്നു. അത് ശരിയായിരിക്കില്ല എന്നാണ് വിചാരിച്ചത്. പക്ഷെ അങ്ങിനെയല്ല എന്നാണ് അന്വേഷിച്ചപ്പോൾ അറിയുന്നത്.200 മുതൽ അഞ്ഞൂറ് പേര് വരെ ചടങ്ങിൽ പങ്കെടുക്കും; എല്ലാവർക്കും ആന്റിജൻ, ആർ ടി പി സി ആർ ടെസ്റ്റുകൾ എടുക്കും. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്നൊക്കെയാണ് അറിയുന്നത്.

മുൻകരുതൽ ഒക്കെ കൊള്ളാം; പക്ഷെ അതിലൊരു മര്യാദകേടുണ്ട്.മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുക എന്നത് ഭരണഘടനാപരമായ ഒരു ബാധ്യതയാണ്. അതിനു ചുമതല ഏൽക്കുന്നവരും ഏൽപ്പിക്കുന്നവരും ഉണ്ടായാൽ മതി. എന്നുവച്ചാൽ മന്ത്രിമാരും ഗവർണറും ചീഫ് സെക്രട്ടറിയും പിന്നെ ചടങ്ങു നടക്കാൻ ആവശ്യമായ അത്യാവശ്യം ആളുകളും.സാധാരണ ഗതിയിൽ ഇത് ഒരുത്സവം ആകേണ്ടതാണ്. തങ്ങളുടെ നിലനില്പിനുനേരെ നിരന്തരം വന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാൻ മുന്പിൽനിന്ന ഒരു മുന്നണിയ്ക്കു ജനങ്ങൾ കൊടുത്ത അംഗീകാരമാണ് ഈ ജനവിധി എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു മന്ത്രിസഭാ അധികാരമേൽക്കുന്ന ചടങ്ങ് ഉത്സവം ആകേണ്ടതാണ്.പക്ഷെ ഇന്നാട്ടിൽ ഇപ്പോൾ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മൾ മാറ്റിവച്ചിരിക്കുകയാണ്. എല്ലാം ചടങ്ങിനുമാത്രം. വിവാഹത്തിന് 20 പേര് എന്ന് പറഞ്ഞാൽ എന്റെ വീട്ടിൽ ഒരു വിവാഹം നടന്നാൽ ഏറ്റവും അടുത്ത ബന്ധുക്കൾക്കുപോലും പങ്കെടുക്കാൻ പറ്റില്ല. 21 പേര് പങ്കെടുത്താൽ 21 പേരും കേസ് നേരിടേണ്ടിവരുന്ന നാടാണ് ഇതിപ്പോൾ.അപ്പോൾ ഇരുനൂറുപേരുടെയോ അഞ്ഞൂറ് പേരുടെയോ ചടങ്ങു നടത്തുന്നത്, എത്ര നിബന്ധനകളോടെ ആണെങ്കിലും ശരി, നാട്ടിൽ രണ്ടുതരം പൗരന്മാരുണ്ട് എന്ന അവസ്‌ഥ സൃഷ്ടിക്കലാണ്.

വാക്സിൻ ചലഞ്ച് തുടങ്ങിവച്ചതും സർക്കാരിനെ വിശ്വസിച്ചു പണം ഏൽപ്പിച്ചതും അത്തരം ഒരഭ്യർത്ഥന പോലും ഇല്ലാതെയാണ്.

നിയുക്തമന്ത്രിമാരുടെ ബന്ധുക്കൾ കാസർഗോഡുമുതൽ പല സ്‌ഥലത്തുനിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യും. അടിയന്തിര ഘട്ടത്തിൽ അത് ചെയ്യേണ്ട എന്നല്ല; എന്നാൽ അങ്ങിനെയുള്ള ഒരു അടിയന്തിര സംഭവമല്ല സത്യപ്രതിജ്ഞ. അതൊരു ഭരണഘടനാ നടപടിയാണ്. അവർക്ക് മാത്രമായി നാട്ടിൽ വേറെ നിയമമില്ല.സാലറി ചലഞ്ചിന് നാട്ടുകാർ പണം മുടക്കിയത് സർക്കാർ അഭ്യര്ഥനയെത്തുടർന്നാണ്; എന്നാൽ വാക്സിൻ ചലഞ്ച് തുടങ്ങിവച്ചതും സർക്കാരിനെ വിശ്വസിച്ചു പണം ഏൽപ്പിച്ചതും അത്തരം ഒരഭ്യർത്ഥന പോലും ഇല്ലാതെയാണ്.

അതങ്ങിനെ പെട്ടെന്നുണ്ടാവുന്ന കാര്യമല്ല. സർക്കാരിന് ഒരജണ്ട, ജനങ്ങൾക്ക് വേറൊന്നു എന്ന മട്ടിൽ ഇപ്പോൾ കേന്ദ്രസർക്കാർ കാണിക്കുന്ന നിരുത്തരവാദിത്തം കാണിക്കുന്ന സർക്കാരിനോട് അങ്ങിനെയൊരു വിശ്വാസം വരില്ല; മറിച്ച് മുൻപില്ലാത്തവിധം മുൻപിൽനിന്നു നയിച്ചിട്ടു വന്നതാണ്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും മുന്നണിയ്ക്കുമുണ്ട്.ഒഴിവുകഴിവുകൾ എത്രവേണമെങ്കിലും കണ്ടുപിടിക്കാം; അതിനൊന്നും ഒരു പ്രയാസവുമില്ല. പക്ഷെ നാട്ടിലെ എല്ലാ നിയമങ്ങളിൽനിന്നും ഒഴിവുവാങ്ങി ഒരു മന്ത്രിസഭ അധികാരമേൽക്കുന്നതിന്റെ അഭംഗി ബന്ധപ്പെട്ടവർ മനസിലാക്കണം.

സെൻട്രൽ സ്റേഡിയത്തിൽവച്ച് സത്യപ്രതിജ്ഞ നടത്താനുള്ള പരിപാടി ഉപേക്ഷിക്കണം.അത്യാവശ്യം ഉള്ളവർ മാത്രം പങ്കെടുക്കുന്ന ചടങ്ങായി രാജ്ഭവനിൽവച്ചുതന്നെ നടത്താം. അങ്ങിനെയെങ്കിൽ പന്തൽ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അനാമത്തു പണികൾ ഒഴിവാക്കാം.ഓൺലൈനായിട്ടു നടത്തുക എന്നതായിരിക്കും ഏറ്റവും മികച്ച കാര്യം. അത് വിപ്ലവകരമായ ഒരു പുതിയ തുടക്കമാകും; സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽപ്പോലും അത് സുഖകരമായ ഒരു പാരസ്പര്യം സൃഷ്ടിക്കും. പുതിയ തുടക്കങ്ങൾ ഏറെ ആവശ്യമുണ്ട്; അപ്പോൾ ഒഴിവുവാങ്ങി പഴയതിനു പിന്നാലെ പോകുന്നത് ശരിയായ സന്ദേശമായിരിക്കില്ല നൽകുന്നത്.

കെ.ജെ ജേക്കബ് ഫേസ്ബുക്കില്‍ എഴുതിയത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT