'അസാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മനുഷ്യൻ, എനിക്കതാണ് ഇർഫാൻ ഖാൻ', ലിജീഷ് കുമാര്‍ എഴുതുന്നു
''അയാൻ, സാധാരണക്കാരില്‍ അസാധാരണക്കാരനായ ഒരു മനുഷ്യനുണ്ട് നമുക്ക് - നീ അദ്ദേഹത്തെ പഠിക്കണം.'' മകൻ്റെ കൈ പിടിച്ച് സബർമതിയിലേക്ക് നടക്കുമ്പോൾ ഇർഫാൻ ഖാൻ മകനോട് പറഞ്ഞതാണിത്, ലോക പിതൃദിനമായിരുന്നു അന്ന്. ബോളിവുഡിൻ്റെ നക്ഷത്രതാരം മകനൊപ്പം പിതൃദിനത്തിന് എങ്ങോട്ടാവും ഉല്ലാസയാത്ര നടത്തുക എന്ന് നോക്കിയിരുന്ന പാപ്പരാസികൾ അഹമ്മദാബാദിലേക്ക് ഓടിയ ഇർഫാൻ ഖാൻ്റെ വണ്ടി കണ്ട് അമ്പരുന്നു. ഒരു 11 വയസ്സുകാരന് സബർമതി ആശ്രമത്തിൽ എന്തുണ്ട് എന്ന് ചോദിച്ചവരോട് ചിരിച്ച് കൊണ്ട് ആ മനുഷ്യൻ പറഞ്ഞു, ''ഗാന്ധിയന്‍ ഫിലോസഫിയെക്കുറിച്ച് അവന് ബോധമുണ്ടാവണം. അതൊരു ജീവിത രീതിയാണ്. എൻ്റെ മകൻ അത് പഠിക്കണം.'' ഒരച്ഛൻ മകന് നൽകുന്ന സന്ദേശം, ഗാന്ധി !! മറ്റേത് ബോളിവുഡ് നടനുണ്ടാവും ഇങ്ങനെ ഒരു കഥ പറയാൻ ? അസാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മനുഷ്യൻ, എനിക്കതാണ് ഇർഫാൻ ഖാൻ.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബോളിവുഡിൻ്റെ അമരത്തോളം വളർന്ന ആ മനുഷ്യൻ്റെ തിരക്കാഴ്ചകളെക്കുറിച്ച് ഞാനെന്ത് പറയാനാണ്. ലഞ്ച് ബോക്സും പികുവും മഖ്‌ബൂലും ലൈഫ് ഓഫ് പൈയും തൽവാറും സ്ലം ഡോഗ് മില്യണറും പാന്‍ സിങ് ടോമാറുമെല്ലാം എപ്പോഴും ഇവിടുണ്ട്. പത്മശ്രീയും മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവുമെല്ലാം ഇവിടുണ്ട്. അവസാന കാലം പാര്‍വതിക്കൊപ്പം ഖരീബ് ഖരീബ് സിംഗ്ലെയിലും ദുല്‍ഖറിനൊപ്പം കാര്‍വാനിലും വന്നത് നമ്മളും അയാളെ മറക്കരുത് എന്നോർമ്മിപ്പിക്കാനാവും. ആഴത്തിൽ പതിപ്പിക്കാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു ഇർഫാൻ ഖാൻ. അത്തരം രസകരമായ ഒരോർമ്മ 2012 ലെ പേരു മാറ്റവുമായി ബന്ധപ്പെട്ടാണ്. അന്ന് Irfan എന്ന പേരിനൊപ്പം ഒരു r കൂടെ കൂട്ടി Irrfan എന്ന് തിരുത്തി ഇർഫാൻ ഖാൻ. ഇതെന്തിനാണ് എന്ന് ചോദിച്ചപ്പോൾ ഒരു കുട്ടിയെപ്പോലെ ചിരിച്ച് കൊണ്ട് പറഞ്ഞു, ''ആളുകൾ ഇഫാൻ എന്ന് പരിഷ്കരിച്ച് വിളിക്കുന്നു, ഇർഫാൻ എന്ന് വിളിക്കുമ്പഴേ ഒരു ഗമയുള്ളൂ. ആ ആർ ഒന്ന് മുഴങ്ങിക്കേൾക്കാൻ വേണ്ടിയാണ് ഇങ്ങനെ !!'' എന്ന്. എന്ത് പാവം മനുഷ്യനാണയാൾ, അസാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാൾ
ഇർഫാനെക്കുറിച്ചുള്ള മറ്റൊരോർമ്മ 2005 ൽ പുറത്തിറങ്ങിയ 'ചോക്ലേറ്റ്, ദി ഡീപ്പ് ഡാർക്ക് സീക്രട്ട്' എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ്. ഇക്കഥ പറഞ്ഞത് തനുശ്രീ ദത്താണ്. വിവേക് അഗ്നിഹോത്രിയായിരുന്നു ചോക്ലേറ്റിൻ്റെ ഡിറക്ടർ. ഷൂട്ടിംഗിനിടെ ഇർഫാൻ ഖാന്റെ മുഖത്ത് ഭാവം വരാൻ വേണ്ടി വിവേക് അഗ്നിഹോത്രി തനുശ്രീയോട് വസ്ത്രമഴിച്ച് വെച്ച് നൃത്തം ചെയ്യാൻ പറഞ്ഞു. ഷൂട്ടിനിടെയാണ്, യാതൊരു മുൻധാരണയും ഇതിനെക്കുറിച്ച് തനുശ്രീക്കില്ല. തനുശീ പറഞ്ഞു, ''അത് കേട്ട് ഞാൻ ഞെട്ടിപ്പോയി. പെട്ടന്ന് ഇർഫാൻ ദേഷ്യപ്പെട്ടു. എനിക്ക് ഭാവം വരാൻ നടി വസ്ത്രം അഴിക്കേണ്ടതില്ലെന്ന് പറഞ്ഞു. എന്റെ ക്ളോസപ്പ് രംഗം നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്യുമെന്നും അതിനെങ്ങനെ അഭിനയിക്കണമെന്നും എനിക്കറിയാം !! ഇർഫാന്റെ മറുപടി കേട്ട് എല്ലാവരും സ്തംഭിച്ച് പോയി. എനിക്കത്ഭുതം തോന്നി, ഇങ്ങനെയും താരങ്ങളുണ്ട് - ഇങ്ങനെയും ആണുങ്ങളുണ്ട്.'' തനുശ്രീ ദത്ത് പറഞ്ഞതിലപ്പുറം എനിക്കൊന്നും കൂട്ടിച്ചേർക്കാനില്ല, ഇങ്ങനെയും താരങ്ങളുണ്ട് - ഇങ്ങനെയും ആണുങ്ങളുണ്ട് !!
അങ്ങേയറ്റം പൊളിറ്റിക്കലായിരുന്നു ഇർഫാൻ ഖാൻ്റെ സിനിമാ ജീവിതവും പൊതു ജീവിതവും. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം രാജ്യത്തെ ദിവസവേതനക്കാരും കർഷകരും ചെന്ന് പതിച്ചത് കടുത്ത പ്രതിസന്ധിയിലേക്കാണ്. തങ്ങളുടെ ജീവിതാവസ്ഥ ഭരണകൂടത്തെ അറിയിക്കാൻ കഴിഞ്ഞ ഏപ്രിൽ 10 ആം തീയ്യതി, ഗ്രാം സേവാ സംഘം രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെ ഉപവാസം നടത്തിയിരുന്നു. അന്നവരെ പിന്തുണച്ച് കൊണ്ട് ഇർഫാൻ ഖാൻ എഴുതി, ''വിപ്ലവം അടിത്തട്ടിൽ നിന്നാരംഭിക്കണം. ഞാന്‍ ഈ മനുഷ്യർക്കൊപ്പമാണ്.'' എന്ന്.
വ്യക്തിപരമായി കൊവിഡ് ലോക്ഡൗണ്‍ വലിയ ദുരന്തമാണ് ഇർഫാൻ ഖാൻ്റെ ജീവിതത്തിലുണ്ടാക്കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇർഫാൻ്റെ ഉമ്മ മരിക്കുന്നത്. ജയ്പൂരിലായിരുന്നു ഉമ്മ. അവരെ അവസാനമായി ഒന്ന് കാണാൻ പോലും ലോക്ഡൗണ്‍ ഇർഫാനെ അനുവദിച്ചില്ല. പക്ഷേ ഒരു പരിഭവവും അയാൾ കാണിച്ചില്ല. എൻ്റെ ഉമ്മ പോയി എന്ന് മാത്രം ലോകത്തോട് പറഞ്ഞു, അവർക്കു വേണ്ടി പ്രാർത്ഥിക്കുമെന്ന് ലോകം അയാളോടും. അപ്പോഴും തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഇർഫാൻ ഖാൻ ആവശ്യപ്പെട്ടില്ല.
ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധിച്ച് ഒരിക്കൽ മരണത്തിലേക്ക് നടന്നതാണ് ഇർഫാൻ. പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ തിരിച്ച് വന്നു, നിഴല് പോലെ കൂടെ നിന്ന ഭാര്യ സുതപ സിക്തറിന് നന്ദി പറഞ്ഞ് കൊണ്ട് അന്ന് ഇർഫാനെഴുതി : ''ഞങ്ങൾ ഒരുപാട് കരഞ്ഞു, ഒരുപാട് ചിരിച്ചു. സന്തോഷകരമായ അത്ഭുതം നിറഞ്ഞ ഒരു റോളർ കോസ്റ്റർ യാത്രയായിരുന്നു അത്. സുതപ എപ്പോഴും എൻ്റെ കൂടെയുണ്ടായിരുന്നു. അതുകൊണ്ടാവണം അവൾക്ക് വേണ്ടി ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന തോന്നൽ എന്നിൽ ശക്തമായുണ്ടായിരുന്നു.
''ദിവസങ്ങൾക്കപ്പുറം ഇർഫാൻ ഖാൻ സിനിമയിലേക്ക് മടങ്ങി. അസുഖം പക്ഷേ അയാളെ വിട്ടു പോയിരുന്നില്ല. എല്ലാ മാസവും ലണ്ടനിൽ അയാൾ ചികിത്സയ്ക്ക് പോയി. പുഞ്ചിരിച്ച് കൊണ്ട് ധീരതയോടെ എല്ലാത്തിനേയും നേരിട്ടു. ലോക്ഡൗണ്‍ കാരണം ലണ്ടനിലെ പ്രതിമാസ ചികില്‍സ മുടങ്ങി, ആരോഗ്യനില വഷളായിത്തുടങ്ങി. ആരോടും പരിഭവിക്കാതെ ഇർഫാൻ മടങ്ങി. അത്ഭുതപ്പെടുത്തിക്കൊണ്ട് ഇക്കുറിയും അയാൾ തിരിച്ച് വരുമെന്ന് എല്ലാവരും കരുതിയിരുന്നു, അതുണ്ടായില്ല. ഇർഫാൻ അവസാനമായി പങ്കുവെച്ച ഫോട്ടോ അംഗ്രേസീ മീഡിയത്തിൻ്റെ പോസ്റ്ററായിരുന്നു. ആ പോസ്റ്ററിൽ ഇങ്ങനെ എഴുതിയിരുന്നു, ''inside i'm very EMOTIONAL, outside i'm very HAPPY !!'' ഇതായിരുന്നു ഇർഫാൻ ഖാൻ്റെ അവസാനത്തെ സന്ദേശം. വലിയ സന്തോഷം കാണിക്കുമ്പോഴും എൻ്റെ അകം നീറുന്നുണ്ട്, അകത്ത് ഞാൻ വളരെ വികാരാധീനനാണ് എന്ന്. ഇർഫാൻ വേദനിക്കാതെ മടങ്ങൂ,