Blogs

വിദഗ്ധ സമിതിയല്ല, തൊഴിലാളി സംഘടന മാത്രമാണ് ഐഎംഎ; വിരട്ടുന്ന കവലച്ചട്ടമ്പിവേഷം അഴിച്ചു വെക്കുന്നതാണ് നല്ലത് : ഡോ ബിജു

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ തുടക്കം മുതല്‍ തന്നെ ഭീഷണിപ്പെടുത്തുന്ന ഒരു നിലപാട് ആണ് ഐഎംഎ എന്ന ഡോക്ടര്‍മാരുടെ തൊഴിലാളി സംഘടന സ്വീകരിച്ചു പോന്നിരുന്നത് . കേരളത്തിലെ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും ഐഎംഎ ആധികാരിക അഭിപ്രായങ്ങളുമായി രംഗത്തു വരുന്നത് ആണ് നമ്മള്‍ നിരന്തരം കണ്ടു വരുന്നത് . എന്നാല്‍ കേവലം ഒരു തൊഴിലാളി സംഘടനയ്ക്ക് സര്‍ക്കാര്‍ ആരോഗ്യ നയങ്ങളില്‍ എങ്ങനെയാണ് അവസാന വാക്ക് പറയുന്ന അധികാരികള്‍ എന്ന നിലയിലേക്ക് ഇവര്‍ സ്വയം ഉയര്‍ത്തിക്കാട്ടുന്നത്. ഇതിന് എന്ത് യോഗ്യതയും അടിസ്ഥാന മാനദണ്ഡവും ആണ് ഇവര്‍ക്കുള്ളത്. ആരോഗ്യ രംഗത്തെ അതോറിറ്റി എന്ന നിലയില്‍ സര്‍ക്കാരിനെ പോലും ഭീഷണിപ്പെടുത്തുന്ന, മറ്റ് വൈദ്യ ശാസ്ത്ര ശാഖകളെ നിരന്തരം അപഹസിക്കുന്ന ഈ തൊഴിലാളി സംഘടനയുടെ പ്രസക്തി എന്താണ് ,എന്താണ് ഈ സംഘടനയുടെ പ്രവര്‍ത്തികള്‍, എന്ത് ചരിത്രം ആണ് ഈ സംഘടന പേറുന്നത് എന്നിവ ഒക്കെ ഒന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ ?

മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ കരുതുന്നത് പോലെ ഐഎംഎ എന്നത് ഒരു അംഗീകൃത സര്‍ക്കാര്‍ ബോഡി അല്ല. ഇന്ത്യയിലെ അലോപ്പതി ഡോക്ടര്‍മാര്‍ അവരുടെ ഉന്നമനത്തിനായി ഉണ്ടാക്കിയ ഒരു പ്രൊഫഷണല്‍ വോളന്റിയര്‍ സംഘടന മാത്രമാണ് അത്. അതായത് ഓരോ മേഖലകളിലും തൊഴിലാളി സംഘടനകള്‍ രൂപീകരിക്കുന്നത് പോലെ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ഇടയിലുള്ള ഒരു തൊഴിലാളി സംഘടന ആണ് ഐ എംഎ. അതുകൊണ്ട് ഇത് ഒരു സര്‍ക്കാര്‍ ആധികാരിക സംഘടന ആണെന്ന് ആരും തെറ്റിദ്ധരിച്ചു കളയരുത്. നിലവില്‍ 305458 അംഗങ്ങള്‍ ആണ് ഐഎംഎയില്‍ ഉള്ളത് (വിക്കിപീഡിയ അനുസരിച്ചു). ഇന്ത്യയില്‍ എംബിബിഎസ് പാസായ ഡോക്ടര്‍മാരുടെ എണ്ണം 2019 ജൂലൈ യിലെ കണക്ക് അനുസരിച്ചു 11.57 ലക്ഷം ആണ് (2019 ജൂലൈ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ). അതായത് ഐഎംഎ എന്നത് ഇന്ത്യയിലെ മുഴുവന്‍ എംബിബിഎസ് ഡോക്ടര്‍മാരില്‍ വെറും 26% ആളുകള്‍ മാത്രം അംഗങ്ങള്‍ ആയ ഒരു ചെറു സ്വകാര്യ സംഘടന ആണ്. ഇന്ത്യയിലെ 74% അലോപ്പതി ഡോക്ടര്‍മാരും ഈ സംഘടനയിലെ അംഗങ്ങള്‍ അല്ല.

ഐഎംഎ കൂടെക്കൂടെ പറയാറുണ്ട് ഞങ്ങള്‍ നടത്തിയ പഠനങ്ങള്‍ പ്രകാരമുള്ള റിപ്പോര്‍ട്ട് എന്ന്, പക്ഷെ ഇവര്‍ക്ക് ആധികാരികമായി പഠനം നടത്താനുള്ള എന്ത് സംവിധാനം ആണ് ഉള്ളത് എന്നത് അവരുടെ വെബ്സൈറ്റില്‍ പോലും കൃത്യമായി ലഭ്യമല്ല. കോവിഡുമായി ബന്ധപ്പെട്ട് ഐഎംഎ നടത്തിയിട്ടുള്ള പഠനങ്ങള്‍ എവിടെ, എപ്പോള്‍, ആരാണ് നടത്തിയിട്ടുള്ളത് എന്നത് സംബന്ധിച്ച് പബ്ലിക് ഡൊമൈനില്‍ യാതൊരു ഡേറ്റയും അവൈലബിള്‍ അല്ല. അപ്പോള്‍ എന്ത് ആധികാരികത ആണ് കോവിഡ് മാനേജ്‌മെന്റില്‍ ഐഎംഎയ്ക്ക് ഉള്ളത്. 2020 മാര്‍ച്ച് 17 ലെ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത അനുസരിച്ചു ഐഎംഎ കേരള ഘടകം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഒരു പൊതു താല്പര്യ കത്ത് അയച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ ഐഎംഎ പറഞ്ഞിരിക്കുന്നത് കേരളത്തില്‍ 65 ലക്ഷം ആളുകള്‍ കോവിഡ് ബാധിക്കും എന്നാണ്. വൈറസിന്റെ പ്രഹരശേഷി കുറഞ്ഞാല്‍ പോലും 24 ലക്ഷം പേര്‍ക്ക് ഉറപ്പായും കേരളത്തില്‍ കോവിഡ് ബാധിക്കും, മരണങ്ങള്‍ 22700 എങ്കിലും ഉണ്ടാകും എന്നാണ് ഐഎംഎ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് കഴിഞ്ഞു ഒക്ടോബറില്‍ എത്തുമ്പോഴും രണ്ടര ലക്ഷം പേരില്‍ കൂടിയിട്ടില്ല കോവിഡ് ബാധിച്ചവരുടെ എണ്ണം കേരളത്തില്‍. മരണം ആയിരം പോലും എത്തിയിട്ടില്ല. ആലോചിച്ചു നോക്കൂ എന്ത് അടിസ്ഥാനത്തിലാണ് ഐഎംഎ കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിക്കുമെന്നും മൂന്ന് ലക്ഷത്തോളം മരണം ഉണ്ടാകും എന്നുമൊക്കെ വെച്ച് കാച്ചിയത്. തുടര്‍ന്നും പല മാസങ്ങളിലും ഐഎംഎ രോഗനിരക്കിനെ പറ്റിയും മരണ സംഖ്യയെ പറ്റിയും ഒക്കെ പ്രവചനങ്ങള്‍ നടത്തിയിരുന്നു. പക്ഷെ ഒരു തവണ പോലും ഐഎംഎ പ്രവചിച്ച കണക്കുകളുടെ സമീപത്തു പോലും കേരളം എത്തിയിട്ടില്ല എന്നത് ഓര്‍ക്കണം. അതില്‍ ഐഎംഎ യ്ക്ക് ബേജാറും ഉണ്ടാകും.

ആരോഗ്യ വകുപ്പിന്റെ സ്തുത്യര്‍ഹമായ സേവനം, സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍. ആയുഷ് വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള ഇതര വൈദ്യശാസ്ത്രങ്ങളുടെ സാധ്യമായ പ്രതിരോധ നടപടികള്‍. മറ്റ് നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍, ജനപ്രതിനിധികള്‍ ഇവരുടെ ഒക്കെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ രോഗവ്യാപനം തടയുന്നതിലും മരണ നിരക്ക് കുറയ്ക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇവിടെയൊക്കെ ഐഎംഎ വെറും കാഴ്ചക്കാരുടെ റോളില്‍ ആയിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അത് മാത്രമല്ല ഇടയ്ക്കിടെ റോഡില്‍ ഇറങ്ങി മുണ്ടഴിച്ചു തലയില്‍ കെട്ടി സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും ആയുഷ് വിഭാഗത്തെയും കണ്ണുരുട്ടി പേടിപ്പിക്കുക എന്നതായിരുന്നു ഐഎംഎ യുടെ സ്ഥിരം കലാപരിപാടി.

ഐഎംഎ നേതാക്കളില്‍ ഒരാള്‍ പോലും ഫീല്‍ഡില്‍ ഇറങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല (അപൂര്‍വം ചിലര്‍ ഒഴിച്ചാല്‍ ). ഇഎന്‍ടി ഡോക്ടര്‍മാരും , സര്‍ജന്മാരും ഒക്കെയായ ഈ നേതാക്കള്‍ ടെലിവിഷനില്‍ മാത്രമാണ് കോവിഡ് രോഗികളെ കണ്ടിട്ടുള്ളത്. ആരോഗ്യ വകുപ്പ് ഡോക്ടര്‍മാരും ആയുഷ് ഡോക്ടര്‍മാരും സിഎഫ്എല്‍ടിസികളിലും നിരത്തുകളില്‍ സ്വാബ് ടെസ്റ്റിങ് കിയോസ്‌കുകളിലും ഒക്കെ ജോലി ചെയ്യുമ്പോള്‍ എത്ര ഐഎംഎ നേതാക്കള്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഗ്രൗണ്ടില്‍ ഇറങ്ങി ജോലി ചെയ്തിട്ടുണ്ട് എന്നത് പരിശോധിച്ചാല്‍ മതിയാകും. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഈ കാര്യം കൃത്യമായി അറിയാം. സര്‍ക്കാരിനും ഇതറിയാം. അതുകൊണ്ട് തന്നെയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ഐഎംഎ കേവലം ഒരു തൊഴിലാളി സംഘടന മാത്രമാണെന്നും അത് ഒരു വിദഗ്ധ സമിതി അല്ല എന്നും പരസ്യമായി തന്നെ പറഞ്ഞത്.

ആളുകളെ പേടിപ്പിക്കുന്ന തരത്തില്‍, യാതൊരു സയന്റിഫിക് ഡേറ്റയും ഇല്ലാതെ കോവിഡ് രോഗത്തെ കാട്ടി ഭീഷണിപ്പെടുത്തി സംസ്ഥാനത്തെ ലോക്ക്ഡൗണില്‍ തളച്ചിടുക, ആയുഷ് വൈദ്യശാസ്ത്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുക, ആരോഗ്യവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ല എന്ന് വരുത്തി മറ്റു ചില രാഷ്ട്രീയ നേട്ടം കൊയ്യാന്‍ അവസരം ഉണ്ടാക്കുക എന്ന രഹസ്യ അജണ്ടയാണ് ഐഎംഎ തുടക്കം മുതല്‍ സ്വീകരിച്ചു പോന്നിരുന്നത്.

ഐഎംഎ യെക്കുറിച്ചു മറ്റു ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കേണ്ടതുണ്ട്. മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട സകല അഴിമതികളിലും ഐഎംഎയുടെ പങ്ക് വളരെ വലുതാണ്. മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട് രാജ്യം കണ്ട വലിയ അഴിമതികളില്‍ ഒന്നില്‍ അറസ്റ്റ് ചെയ്യപ്പെടുകയും തിഹാര്‍ ജയിലില്‍ കിടക്കേണ്ടിയും വന്നിരുന്നു ഐഎംഎ യുടെ ഒരു ദേശീയ ഭാരവാഹിയ്ക്ക്. പിന്നീട് അദ്ദേഹത്തെ വീണ്ടും സംഘടനയിലേക്ക് കൊണ്ടുവന്നു ലോക മെഡിക്കല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു വിടാന്‍ ഐഎംഎയ്ക്ക് യാതൊരു ധാര്‍മികത കുറവും തോന്നിയില്ല .

കാശ് കിട്ടിയാല്‍ ബള്‍ബിനും പെയിന്റിനും സോപ്പിനും തുടങ്ങി സര്‍വ കണ്ടകടച്ചാണിയ്ക്കും അണുനാശിനി സര്‍ട്ടിഫിക്കറ്റോ മറ്റ് എന്ത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കട തുറന്നു വെച്ചിട്ടുണ്ട് ഐഎംഎ . കാശുമായി ചെല്ലുന്ന ആര്‍ക്കും അണുനാശിനി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്വയം പ്രഖ്യാപിത ഓപ്പണ്‍ യൂണിവേഴ്സിറ്റി ആണ് ഐഎംഎ .

ഐഎംഎ യ്ക്ക് സ്വന്തമായി ക്ലബ്ബും ബാര്‍ ലൈസന്‍സും അവരുടെ ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് നിയമാനുസൃതം ബാര്‍ ലൈസന്‌സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് സര്‍ക്കാര്‍ അടിയന്തിരമായി പരിശോധിക്കണം.

ചുരുക്കത്തില്‍ നാട്ടില്‍ നിലവിലുള്ള ഏതൊരു തൊഴിലാളി സംഘടനയെയും പോലെ മെഡിക്കല്‍ രംഗത്തെ കേവലം ഒരു തൊഴിലാളി സംഘടന മാത്രമാണ് ഐഎംഎ. അല്ലാതെ മെഡിക്കല്‍ രംഗത്തെ ഒരു വിദഗ്ധ സംഘടന അല്ല. അതുകൊണ്ടു തന്നെ സര്‍ക്കാരിനെയോ മറ്റു വൈദ്യ ശാസ്ത്ര ശാഖകളെയോ വിരട്ടുന്ന കവലച്ചട്ടമ്പി വേഷം ഐഎംഎ ഇനി അഴിച്ചു വെക്കുന്നതാണ് നല്ലത്.

ഐഎംഎ യുടെ വെബ്സൈറ്റില്‍ ഒന്ന് നോക്കുക. ഐഎംഎ അംഗമായാല്‍ അഭിമാനിക്കാവുന്ന നൂറിലധികം കാരണങ്ങള്‍ എന്ന ഒരു സെക്ഷന്‍ ഉണ്ട്. ഒന്ന് വായിച്ചു നോക്കുക, പൊതു സമൂഹത്തിനും, മെഡിക്കല്‍ രംഗത്തിനും ഗുണമുള്ള കാര്യങ്ങള്‍ അല്ല, മറിച്ചു ഡോക്ടര്‍മാര്‍ക്ക് എന്തൊക്കെ പ്രിവിലെജുകള്‍ ആണ് ഐഎംഎ യിലൂടെ കിട്ടുക എന്നതാണ് അതില്‍ കൂടുതലും. പെന്‍ഷന്‍ പ്രായം 65 ആക്കുക, ഐഎഎസ് കേഡറിന് തുല്യമാക്കുക ഡോക്ടര്‍മാരെ, ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ഉല്ലാസത്തിനായി പ്രത്യേക വിഭാഗം ലഭിക്കും, ഐഎംഎ യുടെ ഗസ്റ്റ് ഹൌസ് കളില്‍ താമസം കുറഞ്ഞ ചിലവില്‍ കിട്ടും, ലൈവ് ഐപിഎല്‍ ക്രിക്കറ്റ് മാച്ച് കാണാന്‍ അവസരം കിട്ടും, പെന്‍ഷന്‍ സ്‌കീം ഉണ്ട് ,തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ നൂറു പ്രിവിലേജില്‍ പെടും. ഇതൊന്നും ഒരു കുഴപ്പമുള്ള കാര്യമല്ല. മിക്കവാറും സംഘടനകള്‍ക്ക് ഇതൊക്കെ ഉണ്ട് താനും.

പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ മറ്റു ചില സംഘടനകളെ പോലെ ഒരു തൊഴിലാളി ക്ലബ് സംഘടനാ മാത്രമാണ് ഐഎംഎ. രാജ്യത്തെ മൊത്തം ഡോക്ടര്‍മാരുടെ നാലിലൊന്നു പേര് മാത്രം അംഗങ്ങളായ ഒരു തൊഴിലാളി ക്ലബ്ബ്. അതല്ലാതെ സര്‍ക്കാരിനെ ഉപദേശിക്കാനുള്ള ആധികാരിക ബോഡി, മറ്റു വൈദ്യശാസ്ത്രങ്ങളെ നിയന്ത്രിക്കാനുള്ള അപ്പോസ്തലന്മാര്‍ എന്നൊക്കെയുള്ള ഡെക്കറേഷന്‍സ് ഒന്നും വേണ്ട.
ഡോ ബിജു

ഡോക്ടര്‍മാരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ നോക്കാനും അംഗങ്ങള്‍ക്ക് മാനസികോല്ലാസം നല്കാനുമായുള്ള ഒരു ക്ലബ്ബ് അത്രയേ വേണ്ടു. അതുകൊണ്ടു കോവിഡ് വ്യാപനം ഇപ്പോള്‍ ലക്ഷങ്ങള്‍ കടക്കും ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു വീഴും എന്നൊക്കെയുള്ള പൊട്ടക്കണക്കും പൊക്കിപ്പിടിച്ചോണ്ടു വന്ന് ഞങ്ങള്‍ പറയുന്നത് കേട്ടോളണം എന്ന മട്ടില്‍ സര്‍ക്കാരിനെ വിരട്ടുന്ന പൊറാട്ടു നാടകം ഒക്കെ നിര്‍ത്തുന്നതല്ലേ നല്ലത്. ആ പണിയൊന്നും തല്‍ക്കാലം ഈ സര്‍ക്കാരിന്റെ അടുത്ത് വിലപ്പോകില്ല. കേരള സര്‍ക്കാരും ,ആരോഗ്യ വകുപ്പും , ആയുഷ് വകുപ്പും,പോലീസ് റവന്യൂ ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകളും, ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, വോളന്റിയര്‍മാരായ പൊതുജനങ്ങളും യുവാക്കളും രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും ഒക്കെ ചേര്‍ന്ന് കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കഴിയുന്നത്ര രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐഎംഎ പറഞ്ഞ കണക്കുകളിലേക്കൊന്നും കേരളത്തിലെ കോവിഡ് വ്യാപനവും മരണവും ഇതേവരെ പോയിട്ടില്ലാത്തത് നിങ്ങള്‍ക്ക് അത്രയ്ക്ക് ദഹിച്ചിട്ടില്ലാ എന്നറിയാം.

പറ്റിയാല്‍ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗ്രൗണ്ടില്‍ ഇറങ്ങി മേലനങ്ങി ഒന്ന് പണിയെടുക്കൂ ഐഎംഎ നേതാക്കന്മാരെ. ടെലിവിഷനില്‍ വന്നിരുന്നു വിടല ചിരി ചിരിച്ചു സര്‍ക്കാരിനെയും ആയുഷ് വൈദ്യശാസ്ത്രങ്ങളെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉടായിപ്പ് പണി നിര്‍ത്തി കോവിഡ് പ്രതിരോധത്തില്‍ കളത്തിലിറങ്ങി ജോലി ചെയ്യൂ ഐഎംഎ നേതാക്കന്മാരെ, അല്ലെങ്കില്‍ നാളെ ഒരു കാലത്തു നിങ്ങളുടെ കുട്ടികള്‍ നിങ്ങളോടു ചോദിക്കും കോവിഡ് കാലത്തു കേരളം ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കാന്‍ ഫീല്‍ഡില്‍ ഇറങ്ങി നെട്ടോട്ടം ഓടിയപ്പോള്‍ എന്തിനായിരുന്നു അച്ഛാ അച്ഛന്‍ കുത്തിത്തിരുപ്പും വിടല ചിരിയുമായി ആ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ നോക്കിയത് എന്ന്.

(അച്ഛാ/ അമ്മാ എഴുതാതെ അച്ഛാ എന്ന് മാത്രം എഴുതിയത് അറിഞ്ഞു കൊണ്ടാണ്. ഐഎംഎ കേരള ഘടകത്തിന്റെ പ്രധാന ഭാരവാഹി ലിസ്റ്റില്‍ ഒരു ലേഡി ഡോക്ടര്‍ പോലും ഇല്ല,വെബ്സൈറ്റില്‍ പതിനൊന്നു ഭാരവാഹികളുടെ ഫോട്ടോ നല്‍കിയിട്ടുണ്ട്. പതിനൊന്നും പുരുഷ ഡോക്ടര്‍മാര്‍. മരുന്നിനു പോലും ഒരു സ്ത്രീ ഡോക്ടര്‍ ഈ സംഘടനയുടെ ഭാരവാഹി ലിസ്റ്റില്‍ ഇല്ല. ചാനല്‍ ചര്‍ച്ചകളിലും ഐഎംഎ യെ പ്രതിനിധീകരിച്ചു ലേഡി ഡോക്ടര്‍മാരെ കാണാറില്ല. അപ്പോള്‍ സംഘടനയുടെ നിലവാരം ഏകദേശം മനസ്സിലായിക്കാണുമല്ലോ, ആരോഗ്യ മേഖല അല്ല പുഴുവരിക്കുന്നത് മറിച്ച് ഐഎംഎ എന്ന ക്ലബ്ബിന്റെ ആസ്ഥാന മന്ദിരവും അതിന്റെ നേതാക്കന്മാരുടെ മാനസിക വ്യാപാരവും ആണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT