സി പി ഐ എം അലന്‍ - താഹാ കേസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിലാണ് വായിച്ചത്. അതു വാസ്തവമാണെന്ന ധാരണയില്‍ എഴുതുന്ന കുറിപ്പാണിത്.
'’കോഴിക്കോട്ട് മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള പോലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎ യെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണ്. ഈ കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടുപോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം എന്‍ഐഎ യെ ഏല്‍പ്പിച്ചിരിക്കുന്നത്. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎ യെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.'' ഇന്നു കണ്ട ഈ വാര്‍ത്ത നോക്കൂ. കൗതുകകരമായ ഒഴിഞ്ഞുമാറലാണിത്. അതിന്റെ അകത്തേക്ക് ഒന്നു പോയി നോക്കാം.
അലന്‍ താഹ കേസ്എന്‍ ഐ എയ്ക്കു കൈമാറുന്നതായി പത്രങ്ങളില്‍ വാര്‍ത്ത വന്നത് ഡിസംബര്‍ 19ന്. ആ വാര്‍ത്തയുടെ വാസ്തവം കേരള സര്‍ക്കാറോ സി പി എമ്മോ വെളിപ്പെടുത്തിയില്ല. 19ന് രാജ്യത്താകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന മലയാളിവിദ്യാര്‍ത്ഥികളെ കാമ്പസുകളില്‍ അക്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയക്കുന്നു. ആ കത്തില്‍ ഫെഡറല്‍ തത്വങ്ങള്‍ തകര്‍ത്തുകൊണ്ട് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു എ പി എ കേസ് എന്‍ ഐ എ ഏറ്റെടുത്തതിലുള്ള പ്രതിഷേധമില്ല.
ഡിസംബര്‍ 20നു വെള്ളിയാഴ്ച്ച സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യത്തിനെതിരെ എന്‍ ഐ എ കേസ് ഏറ്റെടുത്തുവെന്നോ അതില്‍ പാര്‍ട്ടിക്കു പരാതിയുണ്ടെന്നോ വാര്‍ത്താ കുറിപ്പു വന്നില്ല. ഡിസംബര്‍ 21ന് സി പി ഐ എം സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. രണ്ടു ദിവസത്തെ യോഗം കഴിഞ്ഞു പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലും ഇതു സംബന്ധിച്ച എന്തെങ്കിലും പ്രതികരണമുള്ളതായി ഒരു മാധ്യമവും പറഞ്ഞില്ല. രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന ഏതെങ്കിലും പൊതുയോഗത്തിലോ വാര്‍ത്താ സമ്മേളനത്തിലോ സി പി എം നേതാക്കള്‍ അലന്‍- താഹാ കേസ് എന്‍ ഐ എ തട്ടിയെടുത്തതായും ഇതു കേന്ദ്ര ഗവണ്‍മെന്റിന്റെ ഫെഡറല്‍ തത്വങ്ങളിലെ കടന്നുകയറ്റമായും പറഞ്ഞു കേട്ടില്ല.
എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ഡിസംബര്‍ 24ന് പാര്‍ട്ടി സെക്രട്ടറിയേറ്റിന് ഒരുള്‍വിളി ഉണ്ടായിരിക്കുന്നു. കേരള പൊലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു എന്‍ ഐ എയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമെന്ന് പ്രസ്താവനയിറക്കുന്നു! ക്രമസമാധാനം സര്‍ക്കാറിന്റെ ചുമതലയായിരിക്കെ കേന്ദ്രം ഇങ്ങനെ ഇടപെട്ടതു തെറ്റാണെന്നും ഫെഡറല്‍ ഘടനയെ ഇതു ദുര്‍ബ്ബലപ്പെടുത്തമെന്നുമുള്ള പ്രസ്താവനയില്‍ വിഷയത്തിന്റെ ഗൗരവം കാണാം. എന്നാല്‍ ഇത്ര ഗൗരവമുള്ള ഒരു വിഷയം 20ന്റെ പാര്‍ട്ടി സെക്രട്ടേറിയറ്റും 21, 22 തീയതികളിലെ സംസ്ഥാന കമ്മറ്റിയും പരിഗണിക്കാതെ വിട്ടത് എന്തുകൊണ്ടാവും? അലന്റെ അമ്മയുടെയും സംസ്ഥാനത്തെ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പ്രതിഷേധം ഉയര്‍ന്നു വരുന്നതുവരെ മൗനം പുലര്‍ത്താന്‍ കാരണമെന്താവും?
മാത്രമല്ല, എന്‍ ഐ എ കേസ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി അതിനുള്ള സാധൂകരണം മൊഴിഞ്ഞത് സംസ്ഥാന മുഖ്യമന്ത്രിയാണ്. ഡിസംബര്‍ 7ന് മാധ്യമ പ്രവര്‍ത്തകരോട് അലനും താഹയും മാവോവാദികള്‍തന്നെയെന്ന് മുഖ്യമന്ത്രി തീര്‍പ്പു കല്‍പ്പിക്കുന്നതു നാം കണ്ടു. കോടതിയില്‍ കേസു വരും മുമ്പ് ഏത് അന്വേഷണ കമ്മീഷനാണ് മുഖ്യമന്ത്രിയെ ഈ വിവരം ധരിപ്പിച്ചത്? എന്‍ ഐ എ യ്ക്ക് കേസ് കൈമാറാനുള്ള സാധൂകരണം ചമയ്ക്കുകയായിരുന്നു മുഖ്യമന്ത്രി എന്നു പറഞ്ഞാല്‍ തെറ്റാവുന്നതെങ്ങനെ?
കേന്ദ്രം ഇടപെടുമ്പോള്‍ ''മാറി നില്‍ക്കൂ, ക്രമസമാധാനം സംസ്ഥാന ചുമതലയാണെ''ന്ന് മുഖ്യമന്ത്രി പറയാത്തതെന്ത്? ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചു പ്രസ്താവനയിറക്കാത്തതെന്ത്? മുഖ്യമന്ത്രിയുടെ മൗനത്തിന്റെ അര്‍ത്ഥം മറയ്ക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വൈകിവന്ന കേന്ദ്രവിരുദ്ധ കുറിപ്പു മതിയാവുകയില്ല.
അലന്‍ താഹ കേസിനു പിറകില്‍ കേന്ദ്ര താല്‍പ്പര്യമുണ്ടാകാമെന്ന് ഞങ്ങള്‍ക്കും അറിയാം.ആര്‍ എസ് എസ്സിന്റെ ആഭ്യന്തര ശത്രുക്കള്‍ക്കെതിരായ യുദ്ധത്തിന്റെ ഒരു ചുവടുവെപ്പായിരുന്നു അത്. ഇടതുപക്ഷ/ സ്വതന്ത്ര ചിന്താഗതിക്കാരെയെല്ലാം അര്‍ബന്‍ നക്‌സലാക്കി വേട്ടയാടുന്നതിന്റെ കേരളാതല ഉദ്ഘാടനം. അതു നടത്തിക്കൊടുക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് രമണ്‍ ശ്രീവാസ്തവയും ബെഹറയും ഇരിക്കുന്നത്. അലന്‍ താഹമാര്‍ മാവോവാദികള്‍ തന്നെ എന്നു ധര്‍മ്മപുത്രര്‍ ചമഞ്ഞ മുഖ്യമന്ത്രിയുടെ റോള്‍ എന്താണ് എന്നതേ അറിയാനുള്ളു. അതിന്റെ ഫലം ആര്‍ എസ് എസ്- മോദി - അമിത്ഷാ അജണ്ടയ്ക്കു യുവാക്കളെ ബലി കൊടുക്കലായിരുന്നു എന്നു വ്യക്തം.
യു എ പി എ കേസുകള്‍ എന്‍ ഐ എ ഏറ്റെടുക്കുന്നതു സ്വാഭാവികമാണ് എന്നായിരുന്നു ആദ്യം വിശദീകരിച്ചത്. യു എ പി എ കേസുകളൊക്കെ എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ടോ എന്ന മറുചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ആ പരിപ്പു വേവാത്തപ്പോഴാണ് പുതിയ പ്രസ്താവന വേണ്ടിവന്നത്. അതില്‍ ഒരു സത്യം വെളിപ്പെടുന്നു. ക്രമസമാധാനം സംസ്ഥാന അജണ്ടയായിരിക്കെ കേന്ദ്രത്തിനു മാത്രമായി കേസ് പിടിച്ചു പറിക്കാനാവില്ല എന്നതാണത്. എന്നിട്ടും അങ്ങനെ സംഭവിച്ചുവെങ്കില്‍ കേരളത്തില്‍ ഒരു ഭരണമുണ്ടോ എന്നു ചോദിക്കേണ്ടി വരും.
അതിനാല്‍ വൈകിയാണെങ്കിലും ആഭ്യന്തര വകുപ്പിലെ കേന്ദ്ര ഏജന്റുമാരെ പുറത്താക്കുകയാണ് ആദ്യം വേണ്ടത്. അലന്‍ താഹമാര്‍ക്ക് നീതി കിട്ടാന്‍ സര്‍ക്കാറും സര്‍ക്കാറിനെ നയിക്കുന്ന മുന്നണിയും മുന്‍കയ്യെടുക്കണം. കേന്ദ്രവിരുദ്ധ പ്രക്ഷോഭമാണ് ആവശ്യമെങ്കില്‍ അതിന് തയ്യാറാവണം. അലന്‍ താഹ കുടുംബങ്ങളോടും കേരളീയ സമൂഹത്തോടും കാണിച്ച കൊടുംചതി അങ്ങനെയല്ലാതെ മാഞ്ഞു പോവില്ല.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം