Blogs

'പ്രിയങ്കയുടെ നെഞ്ചിലമര്‍ന്ന് തേങ്ങുന്ന ഇന്ത്യ, ആഴങ്ങളില്‍ പൊടിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ രാഷ്ട്രീയം'

ആത്മകഥയില്‍ നെഹ്റു എഴുതി. 1920ല്‍ ഇന്ത്യയെ കണ്ട കഥ. ഒരു യാത്രയുടെ ഓര്‍മ്മ.

''ഇന്ത്യയുടെ ഒരു പുതിയ ചിത്രം എന്റെ മുമ്പാകെ ആവിര്‍ഭവിക്കുമ്പോലെ തോന്നി. ഉണ്ണാനില്ലാത്ത, ഉടുക്കാനില്ലാത്ത, ചതച്ചരയ്ക്കപ്പെട്ട, കേവലം പരിതാപ പരിഭൂതയായ ഒരിന്ത്യയുടെ ചിത്രം. വിദൂരമായ നഗരത്തില്‍നിന്നു വന്ന ഞങ്ങളില്‍ അവര്‍ക്കുള്ള വിശ്വാസം എന്നെ പരിഭ്രമിപ്പിക്കുകയും എന്നെ പേടിപ്പെടുത്തിയ ഒരു പുതിയ കര്‍ത്തവ്യബോധം എന്നിലുളവാക്കുകയും ചെയ്തു''.

കൃത്യം നൂറുവര്‍ഷം മുമ്പ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നു ജവഹര്‍ലാല്‍ നെഹ്റുവിന്റെ തുടക്കം അദ്ദേഹംതന്നെ കുറിച്ചിട്ടതാണ്. ഇന്നു രാഹുലും പ്രിയങ്കയും ഹത്രാസില്‍നിന്നു മടങ്ങുമ്പോള്‍ ഇതുതന്നെ വിചാരിച്ചു കാണുമോ? പറയാനാവാത്ത ഒരു വ്യസനം അവരെ മൂടിയിരിക്കുമോ? ചതച്ചരയ്ക്കപ്പെട്ട ഒരിന്ത്യ അവരെ കരഞ്ഞു വിളിച്ചിരിക്കുമോ? ഒരു പുതിയ കര്‍ത്തവ്യബോധം അവരില്‍ അങ്കുരിച്ചു കാണുമോ? പര്‍താബ്ഗറില്‍ നിന്നു മടങ്ങുമ്പോള്‍ ജവഹര്‍ലാലില്‍ നിറഞ്ഞ വിചാരങ്ങളുടെ സമുദ്രം ഹത്രാസില്‍നിന്നു മടങ്ങുന്ന പേരമക്കളില്‍ പ്രക്ഷുബ്ധമായി തീര്‍ന്നിരിക്കുമോ?

മനുഷ്യന്‍ മനുഷ്യനെ പുണരുന്നതു കണ്ടു. വേദനകളെ വലിച്ചെടുത്തു ഉടലുകള്‍ വിറയ്ക്കുന്നതു കണ്ടു. രാഷ്ട്രീയം അലിഞ്ഞലിഞ്ഞു മനുഷ്യസത്തയുടെ അകക്കാമ്പില്‍ വെറും പ്രാണങ്ങളായി സന്ധിക്കുന്നതുകണ്ടു. പ്രിയങ്കയുടെ നെഞ്ചിലമര്‍ന്നു തേങ്ങുന്ന ഇന്ത്യ. രാഹുലിന്റെ അദൃശ്യ ശാഖകള്‍ക്കു താഴെ വിഹ്വലതകള്‍ ഒതുക്കുന്ന ഇന്ത്യ. ഇത്രകാലവും എവിടെയായിരുന്നു എന്നാരോ ചോദിക്കുന്നത് തീര്‍ച്ചയായും അവര്‍ കേട്ടിരിക്കും. ചമ്പാരനില്‍ ഗാന്ധി അതു കേട്ടിട്ടുണ്ട്.

ഇന്ത്യ പച്ചയായ മനുഷ്യരെ തേടുന്ന കാലമാണ്. നെഹ്റു കണ്ട പഴയ ഇന്ത്യന്‍ ഗ്രാമത്തിന്റെ അതേ മുറിവുകളിലാണ് നൂറു വര്‍ഷത്തിനു ശേഷം രാഹുലും പ്രിയങ്കയും ഔഷധമായത്. ഇനി അവര്‍ക്ക് വിശ്രമിക്കാനാവില്ല. അക്രമത്തെക്കാള്‍ ഭയക്കണം ഭീരുത്വത്തെ എന്ന ഗാന്ധിവചനം അവരെ ഉണര്‍ത്തും. ഭീതിയുണ്ടെങ്കില്‍ സത്യമോ സ്നേഹമോ നിലനിര്‍ത്താന്‍ കഴിയുകയില്ലെന്ന നെഹ്റുവിന്റെ ശബ്ദവും മുഴങ്ങുന്നുണ്ടാവും. ഹത്രാസില്‍ പോകുന്നതില്‍നിന്ന് തന്നെ തടയാന്‍ ലോകത്തില്‍ ഒരു ശക്തിക്കും ആവില്ലെന്ന രാഹുലിന്റെ വാക്കുകളില്‍ ആ ധൈര്യമുണ്ട്. ആ തീര്‍ച്ചയുണ്ട്. അതിപ്പോള്‍ പല മടങ്ങ് ഇരട്ടിച്ചു കാണും.

എങ്കിലും ഞങ്ങളുടെ ആശങ്കകള്‍ ഒഴിയുന്നില്ല. ഇങ്ങു കേരളത്തില്‍നിന്നു നോക്കുന്നതു കൊണ്ടു തോന്നുന്നതാവാം. കോണ്‍ഗ്രസ്സിന് ഇത്രയും മനുഷ്യത്വവും പ്രതിബദ്ധതയും വഹിക്കാനാവുമോ ? പോയ പതിറ്റാണ്ടുകളില്‍ നടപ്പാക്കിയ പദ്ധതികളൊന്നും തെളിച്ചം നല്‍കിയില്ലെന്ന് ഓരോ ഗ്രാമവും പറഞ്ഞല്ലോ. ദീര്‍ഘകാലം ഇന്ത്യ ഭരിച്ചവര്‍ക്ക് 'എവിടെ പിഴച്ചു' എന്ന് പുതിയ പോരാളികള്‍ക്ക് ബോദ്ധ്യമായിരിക്കുമോ?

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാളെ പഞ്ചാബിലെ കര്‍ഷക സമരത്തില്‍, പിന്നെ സമരത്തിന്റെ വയലുകളില്‍ നിങ്ങളെത്തുമായിരിക്കും. ഭൂസമരങ്ങളില്‍, ദളിതസമരങ്ങളില്‍, പെണ്‍പ്രതിരോധങ്ങളില്‍, തൊഴില്‍ സമരങ്ങളില്‍, കലുഷ കലാലയങ്ങളില്‍, അവശജീവിതങ്ങളില്‍ കാറ്റും ക്രോധവുമായി വീശുമായിരിക്കും. പക്ഷെ, താങ്ങാനാവുമോ കോണ്‍ഗ്രസ്സിന്? അല്ലെങ്കില്‍ കോണ്‍ഗ്രസ്സിനപ്പുറം കേള്‍ക്കുന്ന ചരിത്ര വിളികളെ നിങ്ങള്‍ പിന്തുടരുമോ?

ഈ ദിവസങ്ങളില്‍ ഇന്ത്യയ്ക്കു നല്‍കിയ ഉണര്‍വ്വും പ്രതീക്ഷയും വളരെയധികമാണ്. രാഹുലിനും പ്രിയങ്കക്കും അഭിവാദ്യം. ആഴങ്ങളില്‍ പൊടിക്കുന്ന മനുഷ്യ സ്നേഹത്തിന്റെ രാഷ്ട്രീയം അനേകരെ പ്രചോദിപ്പിക്കുന്നു. ഹത്രാസിലെ അമ്മയെ പുണര്‍ന്നു നില്‍ക്കുമ്പോള്‍ പ്രിയങ്കാ, ഇങ്ങു വാളയാറിലെ അമ്മ അതനുഭവിച്ചു കാണും. ഒരു രാജ്യം കൊതിച്ച മുന്‍കൈ, കാത്തിരുന്ന സ്പര്‍ശം ഇതല്ലെങ്കില്‍ മറ്റെന്ത്? ഒറ്റ ആലിംഗനത്തിനകത്ത് ഒരു രാജ്യത്തെയാണല്ലോ ചേര്‍ത്തു പിടിച്ചത്! നന്ദി.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT