Blogs

കൊറോണക്ക് ശേഷമുള്ള ലോകം: കാണാം പുതിയൊരു മനുഷ്യകുലത്തെ

എം മുകുന്ദന്‍

സാഹിത്യ അക്കാദമിയുടെ അതിജീവനത്തിന്റെ മൊഴികള്‍ എന്ന പരമ്പരയില്‍ സംസാരിച്ചത്

കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കയാണ്. ജീവിതത്തില്‍ ഇതുപോലെ ഒരു സംഭവത്തിന് മുമ്പ് കണ്ടിട്ടില്ല, സാക്ഷിയായിട്ടില്ല. എന്റെ ഓര്‍മ്മയില്‍ ദുരന്തമെന്നുള്ളത് രണ്ടാം ലോക മഹായുദ്ധം മാത്രമാണ്. അതും പൂര്‍ണ്ണമായും ഉള്ളൊരോര്‍മ്മയല്ല. അതു നടക്കുമ്പോള്‍ ഞാന്‍ നന്നേ ചെറിയ കുട്ടിയായിരുന്നു. എങ്കിലും ആ യുദ്ധത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. അറിയാനും വായിക്കാനും സാധിച്ചു. സിനിമകള്‍ കാണാനായി.യുദ്ധത്തിന്റെ ഭീകരത വിവരിച്ചുകൊണ്ട് ധാരാളം ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. സ്പില്‍്ബര്‍ഗിന്റെ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്, പോളാന്‍സ്‌കിയുടെ ദ പിയാനിസ്റ്റ് തുടങ്ങിയവയൊക്കെ കണ്ടപ്പോള്‍ ശരിക്കും നടുങ്ങിപ്പോയിട്ടുണ്ട്.യുദ്ധത്തില്‍ നമ്മള്‍ പങ്കാളികളായിട്ടില്ല. അത് പ്രധാനമായും യൂറോപ്പിനെയാണ് സാരമായി ബാധിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എത്രയോ പേര്‍ക്ക് കുടുംബവും കിടപ്പാടവും ഇല്ലാതായി. അതായിരുന്നു ഇതുവരെയുള്ളതില്‍ വച്ച് നടന്നിട്ടുള്ള വലിയൊരു ദുരന്തം. അതിനുശേഷം അത്തരത്തിലുള്ളൊരു അവസ്ഥ നമുക്ക് ഉണ്ടായിട്ടില്ല. പിന്നീടൊരു യുദ്ധമുണ്ടാകില്ല എന്ന ആശ്വാസത്തിലാണ് എല്ലാവരും കഴിഞ്ഞത്. പലപ്പോഴും ഒരു യുദ്ധത്തിനുള്ള വഴിയൊരുങ്ങി വന്നെങ്കിലും നാം അതില്‍നിന്നെല്ലാം തരണം ചെയ്തുപോന്നു.

അങ്ങനെ സമാധാനത്തില്‍ ഇനിയൊരു യുദ്ധമുണ്ടാകില്ല എന്ന പ്രതീക്ഷയോടുകൂടി കഴിയുമ്പോഴാണ് ഈ പുതിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. നമ്മുടെ കണ്ണുകള്‍കൊണ്ട് കാണാനാകാത്ത ഒരു ജീവിയാണ് ആ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ അലയടികള്‍ നമുക്ക് എല്ലായിടത്തും കാണാം. വലിയൊരു ദുരന്തത്തിലേയ്ക്ക് ആണ് ഇത് പോകുന്നത്. ഇതിന്റെ ഭാവി എന്താകുമെന്ന് നമുക്ക് ആര്‍ക്കുമറിയില്ല. ഇതിനോടകം തന്നെ പതിനായിരങ്ങള്‍ മരിച്ചുവീണു. ഈ യുദ്ധത്തില്‍ ആര് ജയിക്കുമെന്ന് അറിയില്ല. മനുഷ്യരാശി തന്നെ വിജയിക്കണമെന്നാണ് നാം എല്ലാം ആഗ്രഹിക്കുന്നത്. ജയിക്കുക തന്നെ ചെയ്യും. എല്ലാ ദുരന്തങ്ങളും ഒരു നാള്‍ ഒഴിഞ്ഞുപോകും. നമ്മള്‍ ജയിക്കുമ്പോഴും ഒരുപാട് നാശനഷ്ടങ്ങളും നമുക്കുണ്ടാകും. ഒരു അരക്ഷിതാവസ്ഥയാണ് ശരിക്കുമുള്ളത്. ഈ രോഗം നമ്മെ എങ്ങോട്ടാണ് നയിക്കുക എന്ന് നമുക്ക് അറിയില്ല എന്ന് അവസാനിക്കുമെന്നും. ചില പ്രതിരോധ മരുന്നുകള്‍ കണ്ടുപിടിക്കുന്നുണ്ട്, വാക്‌സിനുകള്‍ക്കായി പരീക്ഷണം നടക്കുന്നുണ്ട്.

ഓരോ ദിവസവും പത്രം വായിക്കുമ്പോഴും ടെലിവിഷന്‍ കാണുമ്പോഴും ദുരന്തവാര്‍ത്തകളാണ് മുഴുവനും. ഈ ദുരന്തങ്ങള്‍ എല്ലാം ഒരു ദിവസം ഒഴിഞ്ഞുപോവുകയും നമ്മള്‍ കൊറോണ വൈറസില്‍ നിന്നും മുക്തരാവുകയും ചെയ്യും. എന്നാല്‍ ഈ രോഗം സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ പോലും കുലുങ്ങുകയാണ്. കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ഇനി ഈ രോഗം നീങ്ങികഴിഞ്ഞാല്‍ കാണാന്‍ പോകുന്നത് മറ്റൊരു വലിയ ദുരന്തമായിരിക്കും. ദാരിദ്ര്യത്തിന്റെ ഒരു കാഴ്ച്ചയായിരിക്കും എല്ലായിടത്തും ഒപ്പം തൊഴിലില്ലായ്മയും. അതോര്‍ക്കുമ്പോള്‍ തന്നെ ഭയമാവുകയാണ്. നമുക്ക് വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നുറപ്പാണ്.

പക്ഷേ ഇതില്‍ എടുത്തുപറയേണ്ട ഒരു കാര്യം ഈ കൊറോണക്കാലം അവസാനിച്ചുകഴിയുമ്പോള്‍ നമ്മള്‍ കാണുന്നത് ഒരു പുതിയ മനുഷ്യകുലത്തേയായിരിക്കും. ഇന്നത്തെ മനുഷ്യനായിരിക്കില്ല. പല രാജ്യങ്ങള്‍ക്കും ലോകത്തിലെ പല മനുഷ്യര്‍ക്കും ഒരു ധാര്‍ഷ്ഠ്യമുണ്ടായിരുന്നു, സമ്പത്ത് ഉള്ളതുകൊണ്ടും, ആയുധശക്തി ഉള്ളതു കൊണ്ടും, സാങ്കേതിക മികവുകൊണ്ടും, ആള്‍ബലംകൊണ്ടുമെല്ലാം തങ്ങളാണ് ലോകത്തിന്റെ അവകാശികള്‍ എന്ന ധാര്‍ഷ്ഠ്യം ഉള്ള കുറേ ആളുകളുണ്ടായിരുന്നു, രാജ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇനി ആ അഹങ്കാരം ഉണ്ടാകില്ല. ഈ കോവിഡ് കാലത്തിനവസാനം മനുഷ്യരെല്ലാം ഒന്നായിരിക്കും, ചെറിയവനും വലിയവനുമെന്ന ആ വിടവ് പോലും ഉണ്ടാകാതെ എല്ലാവരും ഒന്നിക്കും. അതാണ് എന്റെ ശുഭ പ്രതിക്ഷ. രോഗം ഒഴിഞ്ഞുപോകട്ടെ. നമ്മുക്ക് നമ്മുടെ പഴയ ജീവിതത്തിലേക്ക് തിരികെ പോകാം.

ജനത അതീവജാഗ്രതയോടെ കോവിഡ്19 പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചിന്തകളും അനുഭവങ്ങളും സാഹിത്യ അക്കാദമിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ്. അതിജീവനത്തിന്റെ മൊഴികള്‍ എന്ന പരമ്പരയിലൂടെ. എം. മുകുന്ദന്‍ സംസാരിച്ചതിന്റെ ഓഡിയോ സാഹിത്യ അക്കാദമി യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും കേള്‍ക്കാം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT