Covid19 പുതിയ രോഗമാണ്. പക്ഷെ കൊറോണ കുടുംബത്തിലെ മറ്റു വൈറസുകളുടെ സ്വഭാവമൊക്കെ നമുക്ക് പണ്ടേ അറിയാം. അപ്പൊഴപ്പോൾ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇവർക്കെതിരേ മരുന്നോ വാക്സിനോ കണ്ടെത്താൻ പറ്റാറില്ല.
പക്ഷെ, ഹെപറ്റൈറ്റിസ് B, HIV ഒക്കെപ്പോലെ ശരീരത്തിൽ കയറിപ്പറ്റിക്കഴിഞ്ഞാൽ ഇറക്കിവിടാൻ നോക്കിയാലും ഇറങ്ങിപ്പോകാത്ത ആൾക്കാരൊന്നുമല്ല ഇവർ. ശരീരത്തിലെ ഗുണ്ടകളായ പ്രതിരോധകോശങ്ങളെക്കൊണ്ട് ഒന്ന് വിരട്ടിയാൽ ഇവർ പോയ്ക്കോളും. പക്ഷെ ഗുണ്ടകൾ സ്ട്രോങ്ങായിരിക്കണം.
എന്നുവച്ചാൽ, നമ്മുടെ ശരീരത്തിലെ സഹജമായ പ്രതിരോധസംവിധാനം ഊർജ്ജിതമാണെങ്കിൽ Covid 19 നെയും പേടിക്കേണ്ടതില്ല.
🤔അതെങ്ങനെ ഊർജ്ജിതമാക്കും?
അതിന് കുറുക്കു വഴികളില്ല. പെട്ടന്നൊരു ദിവസം എന്തെങ്കിലും വാങ്ങിക്കഴിച്ചോ കുത്തി വച്ചോ അതിനെ ശക്തിപ്പെടുത്താനും പറ്റില്ല. നമുക്കിപ്പോഴുള്ള രോഗപ്രതിരോധശേഷിയെന്നത് ജന്മനാൽ നമുക്ക് ലഭിച്ചതിനെ, ഇത്രയും നാൾ നമ്മളെത്ര കണ്ട് പരിപാലിച്ചുപോന്നു എന്നത് അനുസരിച്ചിരിക്കും.
🤔പ്രതിരോധം നിലനിർത്തുന്നത് അത്ര വലിയ പണിയാണോ?
അല്ല. പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
1.ഭക്ഷണശീലം - നല്ലവണ്ണം ഭക്ഷണം കഴിക്കുക. വലിച്ചുവാരി തിന്നാനല്ലാ. സമീകൃതമായിരിക്കണം നമ്മുടെ ഭക്ഷണം. ആവശ്യത്തിന് പ്രോട്ടീനും ഫാറ്റും കാർബോഹൈഡേറ്റും വൈറ്റമിൻസും ധാതുക്കളും ഉള്ള ഭക്ഷണം. ഈയടുത്ത് ട്രെൻഡായ LCHF (കീറ്റോ) ഡയറ്റിൽ കാർബോ ഹൈഡ്രേറ്റ് തീരെ കുറവാണ്. അത് വണ്ണം കുറയാൻ സഹായിക്കും. പക്ഷെ, ശരീരത്തിൽ കാർബോഹൈഡ്രേറ്റ് കൊണ്ട് ജീവിക്കുന്ന, പ്രവർത്തിക്കുന്ന കോശങ്ങളെ അത് തളർത്താം. പ്രതിരോധ സംവിധാനത്തെ ബാധിക്കാം. കാർബ് കുറക്കുന്നതൊക്കെ വളരെ നല്ലതാണ്, പക്ഷെ അത്തരം ഡയറ്റ് ശ്രമിക്കുന്നവർ, 30-40% കാർബോ ഹൈഡ്രേറ്റങ്കിലും ഫുഡ് പ്ലേറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. തീരെ കുറയുന്നതാണ് പ്രശ്നം. നമ്മുടെ സാധാരണ ഡയറ്റിൽ അത് 60% ന് മുകളിലാണ്.
പച്ചക്കറികളും പഴവർഗങ്ങളും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ നല്ലതാണ്.
2.വ്യായാമം- സ്ഥിരമായി വ്യായാമങ്ങൾ ചെയ്യുന്നവരിൽ പ്രതിരോധകോശങ്ങളും ജിമ്മിൽ പോയ പോലെ സ്ട്രോങ്ങായിരിക്കും
3.മദ്യപാനം, പുകവലി, മറ്റു ലഹരികൾ - പ്രത്യേകിച്ച് പറയണ്ടല്ലോ ദോഷകരമാണെന്ന്. ഒഴിഞ്ഞു നിൽക്കുക.
4. ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം കാരണം രോഗപ്രതിരോധശേഷി താറുമാറാകാം..
ഇത്രയും കാര്യങ്ങളേ ചെയ്യാനുള്ളൂ. ഇത്രയും ചെയ്താ മാത്രം മതി. കൊവിഡ് 19 കുറച്ചു ദിവസം കഴിഞ്ഞാലങ്ങ് പോകും. പക്ഷെ, രോഗപ്രതിരോധശേഷി എപ്പോഴും നമുക്കുണ്ടാവേണ്ടതാണ്. ഒരുപാട് വൈറൽ രോഗങ്ങൾ നമ്മുടെ നാട്ടിൽ തന്നെയുണ്ടല്ലോ.
90% വൈറൽ രോഗങ്ങളും താനേ മാറുന്നവയാണ്, നമ്മുടെ സ്വാഭാവിക രോഗപ്രതിരോധസംവിധാനം ശക്തമാണെങ്കിൽ. ചിക്കൻപോക്സ്, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങി ഹെപ്പറ്റൈറ്റിസ് A വരെ ഭേദമാകുന്നത് ഏതെങ്കിലും മരുന്ന് കഴിച്ചതുകൊണ്ടല്ലാ. മേൽപ്പറഞ്ഞ പ്രതിരോധകോശ ഗുണ്ടകൾ യുദ്ധം ചെയ്ത് ജയിക്കുന്നതാണ്. കൊവിഡും അങ്ങനെ തന്നെ.
Covid 19 ബാധിച്ച് രോഗം മൂർച്ഛിക്കുന്നവർ മറ്റു പല കാരണങ്ങളാൽ - പ്രായം, പ്രമേഹം, കാൻസർ,.... - രോഗപ്രതിരോധശേഷി കുറഞ്ഞവരാണ്. എല്ലാ വൈറൽ രോഗങ്ങളിലെയും സ്വഭാവം ഇതു തന്നെ.
🤔ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചാൽ ഈ ഗുണ്ടകൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കുമെന്ന് കേട്ടതോ? ഇല്ലാ. ഹോമിയോ മരുന്നുകൾ കൊണ്ട് യാതൊരു ഗുണവുമുണ്ടാവില്ലാന്ന് ഒരുപാട് പഠനങ്ങൾ നടത്തി തെളിയിച്ചിട്ടുള്ളതാണ്. ഇനിയും പരീക്ഷണം നടത്തേണ്ട ആവശ്യമില്ല. അല്ലെങ്കിൽ, അത്തരമൊരു പരീക്ഷണം നടത്തി നോക്കാനുള്ള സമയവുമല്ലയിത്.
ഹോമിയോയുടെ ജന്മദേശമായ ജർമ്മനിയിലും ഇറ്റലിയിലുമൊക്കെയാണ് Covid19 ഏറ്റവും വേഗമിപ്പോൾ വ്യാപിക്കുന്നതും കൂടുതൽ മരണനിരക്കുള്ളതും. അവിടെങ്ങും ആരുമിത് ഉപയോഗിക്കുന്നില്ല. 123 രാജ്യങ്ങളിൽ രോഗം പടർന്നു. ഒരിടത്തും ഇതുപയോഗിക്കുന്നില്ല. കാരണം, ഉപയോഗമില്ലാത്തതു കൊണ്ടുതന്നെ.
ലോകാരോഗ്യ സംഘടന പ്രത്യേകം പറഞ്ഞിട്ടുമുണ്ട്, Covid19 നെതിരെ പ്രതിരോധമരുന്നോ, ആൻ്റിവൈറൽ മരുന്നോ കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യം. Covid19 പകരാതിരിക്കാൻ വ്യക്തിശുചിത്വവും ആരോഗ്യവകുപ്പിൻ്റെ മറ്റു നിർദ്ദേശങ്ങളും പാലിച്ചാൽ മാത്രം മതി.
ഈ വക കപടപ്രതിരോധ മരുന്നുകളുടെ ഉപയോഗം, യഥാർത്ഥ പ്രതിരോധപ്രവർത്തനങ്ങളിൽ നിന്ന് ആൾക്കാരെ പിറകോട്ട് കൊണ്ടു പോകാനേ ഉപകരിക്കൂ. അത് രോഗവ്യാപനത്തിന് മാത്രേ കാരണമാകൂ.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
🤔 നിങ്ങൾ മരുന്ന് മാഫിയ ആയോണ്ടല്ലേ മോഡേൺ മെഡിസിൻ ആൾക്കാർ ഇങ്ങനെ പറയുന്നത്?
മോഡേൺ മെഡിസിനിൽ 'മരുന്നില്ലാ' എന്നാണ് പറയുന്നത്. മാഫിയ ആവാനാണെങ്കിൽ എന്തെങ്കിലും കൊടുത്ത് ആൾക്കാരെ പറ്റിച്ചാ പോരേ. മരുന്ന് കമ്പനികൾക്ക് ഈ പറഞ്ഞ ഹോമിയോ മരുന്ന് തന്നെ ഈ 123 രാജ്യങ്ങളിൽ കയറ്റി അയച്ചാൽ ഇപ്പോൾ ചാകരയല്ലേ.. പക്ഷെ, മോഡേൺ മെഡിസിൻ നിലനിൽക്കുന്നത് ഊഹാപോഹങ്ങളുടെ പുറത്തല്ല. ശാസ്ത്രീയമായ തെളിവുകളുടെ പുറത്താണ്.
🤔അപ്പൊ, പൊതുജനങ്ങൾ എന്താ വേണ്ടത്?
👍കൊവിഡിൻ്റെ കാര്യത്തിലാണെങ്കിൽ വ്യക്തി ശുചിത്വം പാലിക്കുക. WHO-യുടെയും ഇൻഫോ ക്ലിനിക്കിൻ്റെയും നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.
👍സ്വാഭാവികമായ രോഗപ്രതിരോധശേഷി ഊർജ്ജസ്വലമാക്കി നിലനിർത്താൻ മേൽപ്പറഞ്ഞ കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക. കൊവിഡ് പോയി, മഴക്കാലം വന്നാൽ ഇവിടെ ഡെങ്കിയും എലിപ്പനിയും മറ്റു പലരും വരാം. അവയെ ചെറുക്കാനും നമുക്കീ പ്രതിരോധസംവിധാനം വേണം.
👍പല വൈറൽ രോഗങ്ങൾക്കും മരുന്നില്ലാന്നേയുള്ളു. മരുന്നില്ലാത്ത രോഗങ്ങൾക്കും അതിൻ്റെതായ ചികിത്സാരീതികൾ ആധുനിക വൈദ്യശാസ്ത്രത്തിൽ നിലവിലുണ്ട്. രോഗലക്ഷണങ്ങളെ മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാനുള്ള മാർഗങ്ങളും അവിടുണ്ട്. അതും മനസിലാക്കുക.
👍തെറ്റായ വാർത്തകൾ, കപടശാസ്ത്ര മരുന്നുകൾ ഒന്നും പ്രചരിപ്പിക്കാതിരിക്കുക. അവ ഗുണത്തേക്കാൾ ദോഷം ചെയ്യും.