Blogs

കൊറോണ: വ്യക്തികളുടെ അവകാശങ്ങളെക്കാള്‍ കണക്കിലെടുക്കേണ്ടത് സമൂഹത്തിന്റെ സുരക്ഷയാണ് 

രോഗത്തിന് പരിശോധനയോ, ചികിത്സയോ വേണമോയെന്നും, വേണമെങ്കില്‍ എവിടെ വെച്ച്, എങ്ങനെ വേണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഒരു പൗരനുണ്ട്. എന്നാല്‍ പൊതുജനാരോഗ്യത്തിനു ഭീഷണിയായേക്കാവുന്ന ഏതൊരു രോഗത്തിലും, വ്യക്തികളുടെ അവകാശങ്ങളെക്കാള്‍ കണക്കിലെടുക്കേണ്ടത് സമൂഹത്തിന്റെ സുരക്ഷയാണ്. 

കേരളത്തില്‍ നോവല്‍ കോറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. ഇതിനിടയിലാണ് രോഗനിയന്ത്രണത്തിനു വിഘാതമായേക്കാവുന്ന തരത്തില്‍, രോഗിയുടെ കൂടെ യാത്രചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിയുടെ നിസ്സഹകരണത്തിന്റെ വാര്‍ത്ത വന്നത്.

ഫലപ്രദമായ ചികിത്സയുടെ അഭാവത്തില്‍, സമൂഹത്തിലേക്ക് രോഗം പകരുന്നത് തടയാനായി കൈക്കൊള്ളുന്ന നടപടിയാണ്, രോഗിയുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തുന്നതും, അവരില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലാത്തവരെ അവരവരുടെ വീടുകളില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യുന്നതും, എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവരെ, ഉടനടി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഐസൊലേഷന്‍ സെന്ററുകളിലേക്ക് മാറ്റുന്നതും.

ഇവിടെ, രോഗം സ്ഥിരീകരിച്ച കുട്ടിയുടെ കൂടെ യാത്രചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയപ്പോള്‍, ഐസൊലേഷന്‍ സംവിധാനത്തിലേക്ക് മാറാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നും വീട്ടില്‍ തന്നെ, അടച്ചിട്ട മുറിയില്‍ താന്‍ കഴിഞ്ഞു കൊള്ളാം എന്നാണവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചത്. ചികിത്സയില്‍ വിശ്വാസമില്ല, പ്രാര്‍ഥനയിലൂടെയുള്ള രോഗശാന്തിയിലാണ് താന്‍ വിശ്വസിക്കുന്നത് എന്നു കുട്ടി പറഞ്ഞതായും അറിയുന്നു. മൂന്നു മണിക്കൂറോളമുള്ള ബോധവത്കരണത്തിന്റെ അവസാനമാണ്, ആ വിദ്യാര്‍ത്ഥി ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യത്തിനോട് സഹകരിച്ചത്. ഇല്ലായിരുന്നവെങ്കില്‍ ഒരു പക്ഷേ അവരെ അറസ്റ്റ് ചെയ്തു ഐസൊലേറ്റ് ചെയ്യേണ്ടി വന്നിരുന്നേനെ.

മറ്റേതൊരു അവസരത്തിലും, മറ്റേതൊരു സാധാരണ രോഗത്തിലും, ആ വിദ്യാര്‍ഥിയ്ക്ക് അങ്ങനൊരു തീരുമാനമെടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്. തന്റെ രോഗത്തിന് പരിശോധനയോ, ചികിത്സയോ വേണമോയെന്നും, വേണമെങ്കില്‍ എവിടെ വെച്ച്, എങ്ങനെ വേണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഒരു പൗരനുണ്ട്. എന്നാല്‍ പൊതുജനാരോഗ്യത്തിനു ഭീഷണിയായേക്കാവുന്ന ഏതൊരു രോഗത്തിലും, വ്യക്തികളുടെ അവകാശങ്ങളെക്കാള്‍ കണക്കിലെടുക്കേണ്ടത് സമൂഹത്തിന്റെ സുരക്ഷയാണ്. ഒരു പക്ഷെ ഈ വിദ്യാര്‍ഥിയ്ക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിരിക്കണമെന്നില്ല, എങ്കിലും അതിനു സാധ്യതയുള്ള ഒരു വ്യക്തി എന്ന നിലയില്‍, ഒരു ഐസൊലേഷന്‍ സംവിധാനത്തില്‍ വെച്ച്, സുരക്ഷിതമായി, പരിശോധനാ സാമ്പിളുകള്‍ ശേഖരിക്കുകയും, അവ പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്യൂട്ടിലേക്ക് അയച്ച്, പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുമുണ്ട്. ഫലം നെഗേറ്റിവ് ആണെങ്കിലും, രണ്ടാമത് ഒരു പരിശോധനാ ഫലം വരുന്നത് വരെ കൂടി നിരീക്ഷണത്തില്‍ തുടരേണ്ടതായും വന്നേക്കാം.

ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക്, ലഭ്യമായിട്ടുള്ളത് വെച്ച് ഏറ്റവും നല്ല പരിചരണവും ചികിത്സയും നമ്മുടെ ആരോഗ്യ വകുപ്പ് നല്കുമെന്നത് ഉറപ്പാണ്. വ്യക്തിപരമായ ചെറിയ അസൗകര്യങ്ങളും, സ്വന്തം വിശ്വാസങ്ങളും പൊതുജനാരോഗ്യ താല്പര്യത്തിനു മുന്നില്‍ പ്രതിബന്ധങ്ങള്‍ ആവാതെ നോക്കേണ്ടത് ഒരു സമൂഹജീവി എന്ന നിലയില്‍ നാമോരോരുത്തരുടെയും കടമ കൂടിയാണ്.

കേരളത്തില്‍ ഒരു ഏകീകൃത പൊതുജനാരോഗ്യ നിയമം ഇപ്പോഴുമായിട്ടില്ലെങ്കിലും, തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്റ്റും (1955), വടക്കോട്ടുള്ള ജില്ലകളില്‍ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്റ്റും (1939) ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ഇതുപ്രകാരം, ആവശ്യമെങ്കില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന സാംക്രമിക രോഗങ്ങളില്‍, മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും, ആ വകുപ്പുകള്‍ പ്രകാരം കേസുകള്‍ ചാര്‍ജ്ജ് ചെയ്ത്, വ്യക്തികളെ ആശുപത്രിയിലേക്ക് മാറ്റാനുമൊക്കെയുള്ള അധികാരം ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ഇവിടെ, കടുത്ത നിയമങ്ങളുടെ വഴിയിലൂടെ പോകാതെ തന്നെ, കാര്യങ്ങളുടെ ഗൗരവം വിദ്യാര്‍ത്ഥിയെ പറഞ്ഞു മനസ്സിലാക്കുവാനും, ആരോഗ്യ സംവിധാനത്തോട് സഹകരിപ്പിക്കുവാനും സാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

കഴിഞ്ഞ ഒരു മാസമായി, ചൈനയില്‍ നിന്നും, മറ്റു രോഗബാധിത പ്രദേശങ്ങളില്‍ നിന്നും കേരളത്തില്‍ ഒട്ടനവധി പേര്‍ എത്തി ചേരുന്നുണ്ട്. ഇവിടെയെത്തുന്നവര്‍, ഉടന്‍ ആരോഗ്യവകുപ്പിന്റെ കൊറോണ സെല്‍ നമ്പറുമായി ബന്ധപ്പെട്ട്, അവരുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായി ഹോം ക്വാറന്റൈന്‍ പാലിക്കേണ്ടതുണ്ട്. ലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന്, നിര്‍ദ്ദിഷ്ട ഐസൊലേഷന്‍ സംവിധാനങ്ങളിലേക്ക് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പോവാന്‍ സ്വയം സന്നദ്ധരാവേണ്ടതാണ്. പലപ്പോഴും എയര്‍പോര്‍ട്ടുകളിലെ പരിശോധനയില്‍ തങ്ങള്‍ക്ക് അസുഖമൊന്നും കണ്ടെത്തിയില്ലല്ലോ എന്ന ആത്മവിശ്വാസത്തില്‍ ക്വാറന്റൈന്‍ കൃത്യമായി പാലിക്കാതെ പോകുന്നവര്‍ ഉണ്ടാവാം. ഇതില്‍ നാം മനസ്സിലാക്കേണ്ടത്, ഈ രോഗത്തിന്റെ ഇന്‍കുബേഷന്‍ കാലയളവ് രണ്ടു ദിവസം മുതല്‍ രണ്ടാഴ്ച വരെയാണ്. ഇന്ത്യയിലെത്തുമ്പോള്‍ യാതൊരു ലക്ഷണവും ഇല്ലാതിരുന്നവരില്‍ പോലും, രണ്ടാഴ്ച കഴിഞ്ഞ് ലക്ഷണങ്ങള്‍ കണ്ടേക്കാം. അതുകൊണ്ട്, ഈ രാജ്യങ്ങളില്‍ നിന്നു വന്നവരും, രോഗമുള്ളവരുമായി ഇടപഴകിയവരും, ജില്ലയിലെ കണ്ട്രോള്‍ സെല്ലില്‍ വിവരമറിയിക്കുകയും, 28 ദിവസത്തോളം സ്വയം വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യേണ്ടതുമുണ്ട്. ലക്ഷണങ്ങള്‍ ഉണ്ടാവുന്ന മുറയ്ക്ക്, അതേ നമ്പറില്‍ വിളിച്ചറിയിച്ച്, അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം നിര്‍ദ്ദിഷ്ട ഐസൊലേഷന്‍ ആശുപത്രികളിലേക്ക് എത്തിച്ചേരണ്ടതാണ്. മൂന്ന് ശതമാനത്തില്‍ താഴെ മാത്രം മരണ നിരക്കുള്ള രോഗമാണെങ്കിലും, എളുപ്പത്തില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഇത്തരം നടപടികള്‍ പ്രാധാന്യമര്‍ഹിക്കുന്നത്.

കടല്‍ കടന്ന് ഇവിടെയെത്തിയ ഈ നൂതനവൈറസിനെ, കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാനനുവദിക്കാതെ നിയന്ത്രിക്കേണ്ടത് ആരോഗ്യവകുപ്പിനോടൊപ്പം തന്നെ ഈ സമൂഹത്തിന്റെ കൂടെ ആവശ്യമാണ്. ഉയര്‍ന്ന പൗരബോധമുള്ള കേരളജനതയെ പോലെയൊരു സമൂഹത്തില്‍, കടുത്ത നിയമങ്ങളോ, ആരുടെയും നിര്‍ബന്ധവുമോ ഇല്ലാതെ തന്നെ ആരോഗ്യവകുപ്പിന്റെ ഓരോ നിര്‍ദ്ദേശവും കൃത്യമായി പാലിക്കാന്‍ നമ്മുക്ക് സാധിക്കേണ്ടതാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT