ജനസംഖ്യയുടെ ഏഴിലൊരാൾ 65 വയസ്സിനു മുകളിൽ പ്രായമുള്ള ഓസ്‌ട്രേലിയയിൽ ഇറ്റലിക്ക് സമാനമായ ഒരു കൊറോണ ദുരന്ത സാധ്യത പ്രവചിച്ചിരുന്നു പല വിദഗ്ധരും. കമ്യൂണിറ്റി സെറ്റിംഗ്സ് രണ്ടു രാജ്യങ്ങളിലും വ്യത്യസ്തമാണെങ്കിലും മെഡിക്കൽ രംഗത്തെ അത്യാഹിത വിഭാഗത്തിലെ സജ്ജീകരണങ്ങളുടെ അപര്യാപ്തത, മാൻപവർ, വലിയ ചൈനീസ് സമൂഹം തുടങ്ങിയ ഒട്ടനവധി ഘടകങ്ങൾ ഈ ഒരു സാധ്യതയെ ഗൗരവമുള്ളതുമാക്കി.
മാർച്ച് ഒന്നിനാണ് 78 കാരനായ ആദ്യ ഓസ്‌ട്രേലിയക്കാരൻ കൊറോണ മൂലം മരണപ്പെടുന്നത്. മാർച്ച് ആദ്യവാരം അറുപതോളം കേസുകൾ എന്ന നിരക്കിൽ തുടങ്ങിയത് പൊടുന്നനെ മാർച്ച് 28 ന് 460 പുതിയ കേസുകൾ എന്ന നിലയിലേക്ക് റിപ്പോർട് ചെയ്യപ്പെട്ടപ്പോൾ ഒരു വേള കൊറോണക്കെതിരെയുള്ള പോരാട്ടം രാജ്യത്തിന് നഷ്ടപ്പെടുകയാണോ എന്ന ആശങ്ക പോലുമുണ്ടായി. എന്നാൽ പിന്നീടങ്ങോട്ട് ഇന്ന് വരെ കാര്യങ്ങൾ തികച്ചും ആശാവഹമാണ് എന്ന് വേണം വിലയിരുത്താൻ.
ദിനം പ്രതിയുള്ള പുതിയ കേസുകൾ ഗണ്യമായി കുറഞ്ഞു വരുന്നു. രാജ്യത്താകമാനം ഇന്നലെ വന്ന പുതിയ കേസുകൾ അമ്പതോളം മാത്രമാണ്. ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ. മൊത്തം കേസുകൾ 6523, മരണം 65, സുഖപ്പെട്ടവർ 3819, ആശുപത്രിയിൽ ഉള്ളവർ 192.
പ്രായം ഇരുപതിനും മുപ്പതിനും ഇടയിലുള്ളവരിലാണ് ഏറ്റവും കൂടുതൽ രോഗം ബാധിച്ചതെങ്കിൽ ഭൂരിഭാഗം മരണവും എഴുപതിനു മുകളിൽ ഉള്ളവരിലാണ്. 55 കാരനാണ് ഇതുവരെയുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ ഹതഭാഗ്യൻ.
ഒരു ഭാഗ്യ പരീക്ഷണത്തിന് തുനിയാതെ മൊത്തം ലോക് ഡൌൺ പ്രഖ്യാപിച്ച തൊട്ടയൽ രാജ്യം ന്യൂസിലാൻഡിനും എന്നാൽ പൂർണ്ണമായി ഇനിയും ലോക് ഡൌൺ ചെയ്യാത്ത ഓസ്‌ട്രേലിയക്കും ഇതുവരെ പറയാനുള്ളത് വിജയകഥ തന്നെയാണ്. മുൻകരുതലുകളിലും നിയന്ത്രണങ്ങളിലും സിംഗപ്പൂരിനെ മാതൃകയാക്കിയ ഓസ്‌ട്രേലിയയുടെ ഇതുവരെയുള്ള വിജയം സൗത്ത് കൊറിയയോട് തുലനം ചെയ്യാവുന്നതാണ്. ഇനി വരാനുള്ള ഫ്ലൂ സീസണിൽ ഒരു പക്ഷേ സ്ഥിതി വഷളായേക്കാമെന്ന് ഭയപ്പെടുന്നെങ്കിലും ദിനം പ്രതി കുറഞ്ഞു വരുന്ന സമൂഹവ്യാപന നിരക്ക് തീർച്ചയായും ആശ്വാസകരമാണ്. ഈ പാൻഡെമിക്കിനെ നേരിടാനുള്ള അടിയന്തിര തയ്യാറെടുപ്പുകൾ നടത്തിയില്ലായിരുന്നുവെങ്കിൽ, ജനസംഖ്യയുടെ 89 ശതമാനത്തിനും രോഗം ബാധിക്കുമെന്നും പതിനായിരങ്ങൾ മരിച്ചേക്കുമെന്നും ആദ്യഘട്ടത്തിൽ വിലയിരുത്തിയ സർക്കാരിനെ പോലും അത്ഭുതപ്പെടുത്തുന്നതാണ് ഈ ഫലങ്ങൾ എന്ന് അവർ തന്നെ സമ്മതിക്കുന്നു.
"അമേരിക്കയും ഇറ്റലിയും ചൈനയും ഒക്കെ നേരിടേണ്ടി വന്ന മഹാവിപത്ത് നമ്മളിവിടെ തൽക്കാലം തടഞ്ഞുവെന്ന് പറയാം. ഈ നേട്ടം കൈവിടാതെ മുറുകെ പിടിക്കേണ്ടത് നാം ഓരോരുത്തരുമാണ്, ജാഗ്രത!" പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ മുന്നറിയിപ്പാണ്.
സമ്പൂണ്ണ ലോക് ഡൌൺ ഇല്ലാതെ തന്നെ കൊറോണയെ തുടക്കത്തിൽ തന്നെ പിടിച്ചു കെട്ടാൻ ഓസ്‌ട്രേലിയയെ സഹായിച്ചതായി കണക്കാക്കപ്പെടുന്ന കാരണങ്ങൾ നാലാണ്. രാജ്യത്തിന്റെ ഭൂമിശാസ്ത്രം, മുൻകരുതലുകൾ എടുക്കാൻ കിട്ടിയ സാവകാശം, വൻ തോതിലുള്ള ടെസ്റ്റിംഗ്, ചടുലമായ തുടർ നടപടികൾ.
ചുറ്റും സമുദ്രത്താൽ വലയം ചെയ്യപ്പെട്ട, സ്വതവേ ഐസൊലേറ്റ് ചെയ്യപ്പെട്ട ഭൂമിശാസ്ത്രം ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിനും വലിയ സഹായമായി എന്ന് പറയാം. കുറഞ്ഞ ജനസാന്ദ്രതയും എടുത്തു പറയേണ്ട സംഗതിയാണ്. കടൽ-ആകാശ മാർഗ്ഗങ്ങൾ കൂടി അടച്ചതോടെ വൈറസ് വ്യാപനത്തിന്റെ വലിയൊരു സാധ്യതയും അടയ്ക്കപ്പെട്ടു. വൻദുരന്തം ഏറ്റു വാങ്ങേണ്ടി വന്ന പല യൂറോപ്യൻ രാജ്യങ്ങൾക്കും വിനയായതും ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ്.
ഈയൊരു കാരണത്താൽ രാജ്യത്ത് വൈറസ് വ്യാപനം വൈകിയതിനാൽ, ആരോഗ്യരംഗത്തു വേണ്ട അടിയന്തിര മുന്നൊരുക്കങ്ങൾക്കും മറ്റ് സാമൂഹ്യ നിയന്ത്രണങ്ങൾ ആസൂത്രണം ചെയ്യാനും അധികാരികൾക്ക് സാവകാശം കിട്ടി. കൂടാതെ ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങൾക്ക് പറ്റിയ തെറ്റുകൾ പാഠമാക്കാനും കഴിഞ്ഞു.
ഏറ്റവും എടുത്തു പറയേണ്ട സംഗതി വലിയ തോതിലുള്ള ടെസ്റ്റിംഗാണ്. ഓസ്‌ട്രേലിയ ഇതുവരെ നാല് ലക്ഷത്തോളം ടെസ്റ്റുകൾ ചെയ്തു കഴിഞ്ഞു. ഓരോ പത്തുലക്ഷം ആളുകളിലും പതിനാറായിരത്തിലധികം പേർ ടെസ്റ്റിന് വിധേയരായി. ജനസംഖ്യാടിസ്ഥാനത്തിൽ ലോകത്തിലെ മറ്റേതു രാജ്യത്തെക്കാളും ഉയർന്ന നിരക്കാണിത്.
എല്ലാറ്റിനുമുപരി, ആദ്യ ഘട്ടത്തിലെ നിസ്സംഗത വിട്ടുണർന്ന സർക്കാർ അധികം സമയം പാഴാക്കാതെ വേണ്ട നടപടികൾ ദ്രുതഗതിയിൽ തന്നെ സ്വീകരിക്കാൻ തയ്യാറായി എന്ന് പറയാം. രാജ്യം പൂർണ്ണമായും ലോക് ഡൌൺ ചെയ്യുന്നതിന്റെ വലിയ ഭവിഷ്യത്തുകൾ ഒഴിവാക്കിയും നിലവിലെ മെഡിക്കൽ സംവിധാനത്തിന് കൈകാര്യം ചെയ്യാനാവുന്ന നിരക്കിൽ രോഗബാധ പിടിച്ചു നിർത്തിയുമുള്ള ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പൂർണ്ണമായും ഫലം കണ്ടാൽ അത് ലോകത്തിന് മികച്ച ഒരു മാതൃക തന്നെയായിരിക്കും.
ഒഴിച്ചു കൂടാനാവാത്ത ജോലി, വിദ്യാഭ്യാസം, അവശ്യ സാധനങ്ങൾ വാങ്ങിക്കാൻ മാത്രമുള്ള ഷോപ്പിംഗ്, രണ്ടിലധികം ആളുകൾ കൂടാത്ത വ്യായാമം, ചികിത്സാ സംബന്ധിയായി എന്നിങ്ങനെ അല്ലാതെ വീട്ടിന് വെളിയിൽ ഇപ്പോൾ ഇറങ്ങാൻ അനുവാദമില്ല. നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്ക് വലിയ പിഴയാണ് ചുമത്തുന്നത്. സമൂഹ വ്യാപനം ട്രേസ് ചെയ്യാൻ പൊതുജനങ്ങൾക്കുള്ള മൊബൈൽ ആപ്ലിക്കേഷനും ഒരുക്കുന്നുണ്ട്.
വീട്ടിലിരുന്നു ജോലി ചെയ്യിക്കലും സാമൂഹ്യ അകലം പാലിക്കൽ അടക്കം കർക്കശമാക്കിയതും ഒരുപാട് ഗുണം ചെയ്തു. ഇതിൽ ഏറ്റവും സഹായകരമായത് അതിർത്തികൾ മൊത്തം അടച്ചതാണ്. വിദേശത്തു നിന്ന് വരുന്നവരെ നേരിട്ട് ഹോട്ടലുകളിലേക്ക് മാറ്റി നിരീക്ഷണത്തിനു വിധേയമാക്കുന്നുമുണ്ട്. ഓസ്‌ട്രേലിയയിൽ റിപ്പോർട് ചെയ്യപ്പെട്ട കേസുകളിൽ കൂടുതലും വേണ്ടത്ര മുൻകരുതൽ ഇല്ലാതെ റൂബി പ്രിൻസസ് എന്ന കപ്പലിനെ കരക്കടുക്കാൻ അനുവദിച്ച ബുദ്ധിമോശമാണ് എന്നതും കൂട്ടിവായിക്കുക.
നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്താം എന്ന് ഉദ്യോഗസ്‌ഥ തലത്തിൽ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ പത്തു ശതമാനത്തോളം കേസുകളുടെ ഉത്ഭവം ഇനിയും കണ്ടെത്താൻ കഴിയാത്തത് വലിയ ആശങ്കയുണർത്തുന്നു. കൂടാതെ, അടുത്ത രണ്ടു വർഷക്കാലത്തോളം ഈ വൈറസ് ഭീഷണി നിലനിൽക്കും എന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ സാമൂഹ്യ നിയന്ത്രണങ്ങൾ ആഴ്ചകളിനിയും തുടരാനാണ് സാധ്യത.
വിജയഭേരി മുഴക്കാൻ ഇനിയും സമയമായില്ല എന്നർത്ഥം.