Blogs

'ജസീന്ത, ബഹുസ്വരതയുടെ വസന്തകാലം നിങ്ങളിൽ എന്നും വിരിയട്ടെ'

പ്രിയപ്പെട്ട ജെസീന്ത ആർഡൻ,ലോകം മുഴുവൻ കൊറോണയെന്ന ഒരൊറ്റ ബിന്ദുവിലേക്ക്, ഒരൊറ്റ പ്രശ്നത്തിലേക്ക്, ചുരുങ്ങിക്കൊണ്ടിരിക്കുന്ന ആകുലമായ ഈ വേളയിലും, നിങ്ങളും, ന്യൂസിലന്ഡിലെ ജനങ്ങളും അതിരില്ലാത്ത അഭിനന്ദനം അർഹിക്കുന്നു. ❤️❤️

ജസീന്ത ആർഡനെയും ലേബർ പാർട്ടിയെയും വീണ്ടും തിരഞ്ഞെടുത്തതിലൂടെ ലോകത്തിനു മുഴുവൻ ന്യൂസിലണ്ട് ജനത നൽകുന്ന സന്ദേശം വംശീയതയുടെയും, വെറുപ്പിന്റെയും, ഉന്മൂലനത്തിന്റെയും പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് ന്യൂസിലന്‍ഡിന്റെ മണ്ണില്‍ സ്ഥാനമില്ലെന്നാണ്.

സമാനതകൾ ഏറെ ഇല്ലാത്ത വനിതാനേതാവാണ് അവർ. ഏത് ദുരിതത്തിലും, ഏതു കഠിനപ്രതിസന്ധിയിലും ഏറ്റവും കാര്യക്ഷമമായ പ്രതിരോധവും പരിഹാരവും കണ്ടെത്തുന്നതോടൊപ്പം തന്നെ, അതൊക്കെയും അപാരമായ മനുഷ്യസ്നേഹത്തിന്റെയും,നീതിയുടെയും
,ജനകീയ പങ്കാളിത്തത്തിന്റെയും, തൂവൽസ്പർശമാക്കി മാറ്റാനുള്ള അസാധാരണ മികവാണ് ജസീന്തയെ വ്യത്യസ്തമാക്കുന്നത്. വൈവിധ്യങ്ങളുടെ നാട്ടിൽ സമാധാനപരമായ സാമൂഹ്യസഹവർത്തിത്വം ഒരു പൊതുനന്മയാകുന്നത് എങ്ങനെയാണ് എന്നും, കനിവും, ഭരണനീതിയും, വിവേകവും,പൗരനോടുള്ള ഉത്തരവാദിത്വവും വളരെ സ്വാഭാവികമായി ആർജ്ജിക്കേണ്ട ഒന്നാണെന്നും, 'ആണത്തഘോഷണമാണ്' ഭരണപാടവം എന്ന് വിശ്വസിക്കുന്ന ലോകനേതാക്കന്മാർക്ക് അവർ നിശബ്ദമായി കാണിച്ചു കൊടുത്തു.

രണ്ടായിരത്തി പത്തൊൻപത് മാർച്ചു മാസത്തിൽ രണ്ട്‌ മസ്ജിദുകളിൽ ഭീകരാക്രമണം നടന്നപ്പോൾ ന്യൂസിലന്‍ഡെന്ന രാഷ്ട്രവും പ്രധാനമന്ത്രി ജസീന്ത ആര്‍ഡണും പ്രകടിപ്പിച്ച അപാരമായ മനുഷ്യ സ്‌നേഹവും, ചേർത്ത് പിടിക്കലും ആയിരുന്നു വളരെ വേഗം മുസ്ലിങ്ങളുടെ മുറിവുകളെ ഉണക്കിയത്. സമൂഹത്തിൽ മതസ്പർധയുടെ വിള്ളലുകൾ വീഴാതെ, അവർ എല്ലാ മനുഷ്യരെയും ഒന്നിച്ചു നിർത്തി. വെടിവെപ്പിനെ തുടര്‍ന്ന് പര്‍ദ ധരിച്ച് കൊണ്ട് ഇരകളുടെ ബന്ധുക്കൾക്കിടയിലേക്കു പറന്നെത്തിയ, പാര്‍ലമെന്റില്‍ അസലാമു അലൈക്കും എന്ന അഭിസംബോധനയോടെ പ്രസംഗം തുടങ്ങിയ, ജസീന്ത ലോകത്തിനു അന്ന് പകർന്നു കൊടുത്തത് ആർദ്രതയുടെയും സഹാനുഭൂതിയുടെയും പുതിയ പാഠങ്ങൾ ആയിരുന്നു. ഒപ്പം പല രാജ്യങ്ങളും പകച്ചു നിന്നപ്പോഴും അവർ കോവിഡ് എന്ന മഹാമാരിയെ അസാധാരണ മികവോടെ പ്രതിരോധിച്ചു. അവരുടെ രാഷ്ട്രീയ സംസ്കാരവും, നയങ്ങളിലെ മുൻഗണനയും, മാനവികബോധവും മാതൃകയാകുന്നത് ഇവിടെയാണ്. നാടകം കളിക്കാതെ, മിശിഹാ വേഷം കെട്ടാതെ, രാജ്യസ്നേഹഭാഷണങ്ങൾ നടത്താതെ അവർ നിശബ്ദമായി നയങ്ങൾ നടപ്പിലാക്കി. സുതാര്യതയും, സമവായവും, സഹാനുഭൂതിയും, സമഭാവനയും ആണ് ജനാധിപത്യത്തിന്റെ അന്തസത്ത എന്ന് അവർ വിനയത്തോടെ പറഞ്ഞുകൊണ്ടിരുന്നു.
നൈതികവും മതനിരപേക്ഷവുമായ ഒരു ലിബറല്‍ transformative പൊളിറ്റിക്സില്‍ ആണ് അവർ സ്വയം അർപ്പിച്ചത്.

ഓർക്കണം, ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നല്‍കിയ രാഷ്ട്രം കൂടിയാണ് ന്യൂസിലൻഡ് -1893ല്‍. വീണ്ടും ഒരിക്കൽ കൂടി ആ ജനത ഏറ്റവും അർഹമായ കരങ്ങളിൽ അധികാരം ഏല്പിച്ചിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ , ന്യുസിലൻഡ് ജനതക്കും ജസീന്തയ്ക്കും, ലേബർ പാർട്ടിക്കും....ബഹുസ്വരതയുടെ വസന്തകാലം നിങ്ങളിൽ എന്നും വിരിയട്ടെ.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT