പത്ത് മാസത്തിലേറെയായി കര്‍ഷകര്‍ തെരുവില്‍ സമരത്തിലാണ്. 2020 നവംബര്‍ 26നാണ് കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
കഴിഞ്ഞ നവംബറില്‍ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ചോടെയാണ് രാജ്യത്തെ സതംഭിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. കര്‍ഷകരെ ഹരിയാന സര്‍ക്കാറും പോലീസും ബാരിക്കേഡുകള്‍ നിരത്തി തടയാന്‍ ശ്രമിച്ചെങ്കിലും പ്രക്ഷോഭം ഡല്‍ഹി അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും, പ്രായമായവരും റോഡുകളില്‍ ടെന്റുകള്‍ കെട്ടി സമരം ആരംഭിച്ചു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു നടത്തിയ ട്രാക്ടര്‍ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
കേന്ദ്രവുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം ഉറപ്പിച്ചു പറഞ്ഞതോടെ കര്‍ഷകര്‍ സമരം കടുപ്പിച്ചു.
ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഭാരതീയ കിസാന്‍ യൂണിയന്റെയും തീരുമാനം.
സര്‍ക്കാര്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് കര്‍ഷക നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. പത്ത് മാസമല്ല, പത്ത് വര്‍ഷം വേണ്ടിവന്നാലും സമരം ചെയ്യുമെന്നാണ് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞത്.