Opinion

ഓഫീസുകളെ കൂടി 'സര്‍' വിളികളില്‍ നിന്നും മോചിപ്പിക്കാതെ ഭരണഘടനയുടെ ലക്ഷ്യം വിജയിക്കില്ല

'സര്‍' എന്നോ 'മാഡം' എന്നോ ഉള്ള വിളികള്‍ വിലക്കികൊണ്ട് പാലക്കാട് മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് എഴുതുന്നത്. വിധേയത്വം തോന്നുന്ന തരത്തിലുള്ള ഭാഷാപ്രയോഗവും വിളിയും ഒരു അധികാര സ്ഥാപനം വിലക്കുന്നത് രാജ്യത്ത് ഒരുപക്ഷേ ഇതാദ്യമായിരിക്കും. കൊളോണിയല്‍ ഹാങ്ങോവറിനെ കുടഞ്ഞു കളയുക എന്ന യുക്തിക്കപ്പുറം ഈ നിലപാടില്‍ ഒരു രാഷ്ട്രീയമുണ്ട്, പദവികളുടെ ശ്രേണി ഘടനയില്‍ കേന്ദ്രീകരിച്ച് ഈട്ടം കൂടുന്ന അധികാരത്തോടുള്ള വിയോജിപ്പിന്റെ രാഷ്ട്രീയം. ഡോ. അരുണ്‍കുമാര്‍ കെ. എഴുതുന്നു

റുഡ്യാര്‍ഡ് കിപ്ലിംഗ് രണ്ടാം വട്ടവും തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട സര്‍ പദവി ഉപേക്ഷിക്കുമ്പോള്‍ പറഞ്ഞത് സ്വതന്ത്രനായി എഴുതാന്‍ തനിക്കിതു ബാധ്യതയാണ് എന്നാണ്. ഉടലില്‍ പതിയുന്ന പദവികളുടെ പ്രിവില്ലേജുകളോട് അകലം പാലിച്ച കിപ്ലിംഗിനെ പോലെ നിരവധി മനുഷ്യരുണ്ട്. വ്യത്യസ്ത രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍ പദവി ഉപേക്ഷിച്ചവരില്‍ കിംഗ്‌സിലി മാര്‍ട്ടിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ രവീന്ദ്രനാഥ ടാഗോറിനെ പോലുള്ള സാഹിത്യകാരന്‍മാര്‍ വരെയുണ്ട്. പദവികള്‍ ത്യജിക്കുന്നവരുടെ രാഷ്ട്രീയം അധികാരത്തോട് കലഹിച്ചു കൊണ്ടേ ഇരുന്നു. ഇത് എഴുതുന്നത് 'സര്‍' എന്നോ 'മാഡം' എന്നോ ഉള്ള വിളികള്‍ വിലക്കികൊണ്ട് പാലക്കാട് മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്. വിധേയത്വം തോന്നുന്ന തരത്തിലുള്ള ഭാഷാപ്രയോഗവും വിളിയും ഒരു അധികാര സ്ഥാപനം വിലക്കുന്നത് രാജ്യത്ത് ഒരുപക്ഷേ ഇതാദ്യമായിരിക്കും.

അധികാരത്തെ വികേന്ദ്രീകരിച്ച് ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരിലേക്ക് താഴ്ത്തികൊടുത്ത ഒരു പഞ്ചായത്തില്‍ തന്നെയാണ് ചെറുതെങ്കിലും വലിയ അലകള്‍ക്ക് സാധ്യതയുള്ള മാറ്റത്തിന് അരങ്ങായത് എന്നതാണ് കൗതുകകരം

കൊളോണിയല്‍ ഹാങ്ങോവറിനെ കുടഞ്ഞു കളയുക എന്ന യുക്തിക്കപ്പുറം ഈ നിലപാടില്‍ ഒരു രാഷ്ട്രീയമുണ്ട്, പദവികളുടെ ശ്രേണി ഘടനയില്‍ കേന്ദ്രീകരിച്ച് ഈട്ടം കൂടുന്ന അധികാരത്തോടുള്ള വിയോജിപ്പിന്റെ രാഷ്ട്രീയം. അധികാരത്തെ വികേന്ദ്രീകരിച്ച് ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരിലേക്ക് താഴ്ത്തികൊടുത്ത ഒരു പഞ്ചായത്തില്‍ തന്നെയാണ് ചെറുതെങ്കിലും വലിയ അലകള്‍ക്ക് സാധ്യതയുള്ള മാറ്റത്തിന് അരങ്ങായത് എന്നതാണ് കൗതുകകരം.

സര്‍ വിളിയുടെ പദോത്പത്തി ചരിത്രം ഒടുവിലെത്തി നില്‍ക്കുന്നത് ഫ്യൂഡല്‍ പ്രഭുക്കന്‍മാരെയും രാജാക്കന്മാരെയും ആദരിച്ച് വിളിച്ചിരുന്ന sire എന്ന ലാറ്റിന്‍ പ്രയോഗത്തിലാണ്. അധികാര ഘടനയോട് ഒട്ടിപിടിച്ച് കപ്പലുകയറി ലോകമെങ്ങും സര്‍ വിളികള്‍ സാധാരണ സംബോധനാ വ്യവഹാരത്തിന്റെ ഭാഗമായി. ജനാധിപത്യം വന്ന് പുലര്‍ന്നിട്ടും വിംള്‍ നാമവിശേഷണപദവികള്‍ നിരോധിച്ച് ഭരണഘടന വന്നിട്ടും വിളികളിലെ ശീലങ്ങള്‍ കുടഞ്ഞെറിയാന്‍ കഴിയാതെ നമ്മള്‍ അനുസ്യൂതം തുടര്‍ന്നു കൊണ്ടേയിരുന്നു.

ഭര്‍തൃസംബോധനകളിലെ ചേട്ടന്‍, അണ്ണന്‍, ഇച്ചായന്‍, ഇക്ക വിളികളിലൂടെ ഉറപ്പിക്കപ്പെടുന്ന അധികാരഘടനയ്ക്ക് സമാന്തരമാണ് ക്ലാസ്സ് മുറികളിലേയും ഓഫീസുകളിലേയും സര്‍ വിളികള്‍.

ഉടയോനും-അടിയോന്‍, ജന്മി-കുടിയാന്‍, മേലാള-കീഴാള, ഗുരു-ശിഷ്യ, മുതിര്‍ന്ന-ഇളയ, ഭര്‍ത്താവ്-ഭാര്യ, ഉദ്യോഗസ്ഥന്‍-അപേക്ഷകന്‍ തുടങ്ങിയ ബൈനറികളുടെ അധികാര പ്രയോഗങ്ങളെ വിളിപ്പേരുകളിലൂടെ സാധൂകരണം നടത്തി സായൂജ്യമടഞ്ഞു കൊണ്ടേയിരുന്നു.

ഇത് ഒരര്‍ത്ഥത്തില്‍ മിഷേല്‍ ഫൂക്കോ വിവക്ഷിക്കും പോലെ ശാക്തിക ബന്ധങ്ങളാല്‍ നിര്‍വ്വചിക്കപ്പെട്ട ശരീരങ്ങള്‍ അവരുടെ രാഷ്ട്രീയ അസ്തിത്വം രേഖപ്പെടുത്തലാണ്. അധികാരഘടനയ്ക്ക് പുറത്തും അകത്തുമായി രാഷ്ട്രീയ അസ്തിത്വത്തെ ഈ വിളികള്‍ നിര്‍ണ്ണയിച്ചു കൊണ്ടേയിരുന്നു. കുടുംബങ്ങളിലെ ഭര്‍തൃസംബോധനകളിലെ ചേട്ടന്‍, അണ്ണന്‍, ഇച്ചായന്‍, ഇക്ക വിളികളിലൂടെ ഉറപ്പിക്കപ്പെടുന്ന അധികാരഘടനയ്ക്ക് സമാന്തരമാണ് ക്ലാസ്സ് മുറികളിലേയും ഓഫീസുകളിലേയും സര്‍ വിളികള്‍.

സര്‍ എന്ന വിളി അരുത് എന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിലും അതിനു കഴിയാതെ സ്വയം അധികാരപ്രയോഗത്തിന് കീഴ്‌പ്പെട്ട് നിസ്സാഹയരായ വിദ്യാര്‍ത്ഥികളെ കണ്ടിട്ടുണ്ട്.

സമത്വത്തെക്കുറിച്ചും മനുഷ്യാന്തസ്സിനെക്കുറിച്ചും ഇവ ഉറപ്പാക്കുന്ന രാഷ്ട്രീയ പ്രക്രിയയായ ജനാധിപത്യത്തെക്കുറിച്ചും നടക്കുന്ന സംവാദങ്ങളുടെ അന്തസത്തയെ ഒരൊറ്റ 'സര്‍ ' വിളി റദ്ദാക്കുന്നത് കാണാം. സര്‍ എന്ന വിളി അരുത് എന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിലും അതിനു കഴിയാതെ സ്വയം അധികാരപ്രയോഗത്തിന് കീഴ്‌പ്പെട്ട് നിസ്സാഹയരായ വിദ്യാര്‍ത്ഥികളെ കണ്ടിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ലക്ഷ്യപ്രമേയം വ്യക്തിയുടെ അന്തസ്സിന്റെ ഉറപ്പാണ് വാഗ്ദാനം ചെയ്യുന്നത്. ഓഫീസ് മുറികളെ സാബ് സംസ്‌കാരത്തില്‍ നിന്നും സര്‍ വിളികളില്‍ നിന്നും മോചിപ്പിക്കാത്തിടത്തോളം കാലം ഭരണഘടനയുടെ ലക്ഷ്യം വിജയിച്ചെന്ന് കരുതുക വയ്യ.

നമ്മുടെ സ്വാതന്ത്യത്തെ എത്ര വലിയ മഹാനാണ് എങ്കില്‍ പോലും ആ കാല്‍ക്കല്‍ വയ്ക്കുമ്പോള്‍ ജനാധിപത്യം പരാജയപ്പെടും എന്ന് മുന്നറിയിപ്പ് നല്‍കിയത് ഡോ. ഭീം റാവു അംബേദ്ക്കറാണ്. അധികാരപ്രസരണമില്ലാത്ത പങ്കാളിത്ത ജീവിതത്തിന്റെ ചാരുതയുടെ പേരാണ് ജനാധിപത്യം. സ്വന്തംപേരുകള്‍ക്കപ്പുറം വിശേഷണങ്ങളുടെ ആദരവ് തേടുന്നവര്‍ ഒരര്‍ത്ഥത്തില്‍ നാര്‍സിസ്റ്റുകള്‍ മാത്രമല്ല പൊട്ടന്‍ഷ്യല്‍ ഫാസിസ്റ്റുകള്‍ കൂടിയാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT