Opinion

എന്തിനാണ് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ സിസ്ജെന്‍ഡര്‍ മനുഷ്യര്‍ കൊന്നൊടുക്കുന്നത്?

പ്രിജിത് പി കെ

'സ്വന്തം ശവകുഴികളില്‍ നിന്നും മൃതദേഹങ്ങള്‍ വന്ന് അവര്‍ മരണപ്പെട്ട വിധം വിവരിക്കുന്ന രംഗം മനസില്‍ ഓര്‍ത്തുനോക്കാമോ? അതും കാരണമറിയാതെ കൊല്ലപ്പെട്ട, സ്വന്തം സ്വത്വത്തില്‍ ജീവിക്കാന്‍ കൊതിയോടെ ഓരോ ദിവസവും തീവ്രമായി ആഗ്രഹിച്ച്, പൊടുന്നനെ ഒരു ദിനം കൊലചെയ്യപ്പെടുന്ന ഒരാള്‍; ഒരു ട്രാന്‍സ്ജെന്‍ഡര്‍'

കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പ് രാജ്യത്താദ്യമായി സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തില്‍ പ്രശസ്ത നാടക സംവിധായകനും ക്വീയര്‍ ആക്ടിവിസ്റ്റുമായ ശ്രീജിത്ത് സുന്ദരം സംവിധാനം ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ തന്നെ അഭിനയിച്ച 'പറയാന്‍ മറന്ന കഥകള്‍' എന്ന നാടകത്തിലെ ഒരു രംഗമാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.

അതിജീവന സാധ്യതകളോ അതിനായുള്ള പരിചയമോ അടിസ്ഥാന ജീവിത നിപുണതകളോ ഇല്ലാതെ തെരുവില്‍ കൊലചെയ്യപെടുന്ന/ ആക്രമിക്കപ്പെടുന്ന/വേട്ടയാടപ്പെടുന്ന ഓരോ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും നിസഹായരായി വേദന മാത്രം നിക്ഷേപമാക്കി അപ്രത്യക്ഷരായവരാണ്. എന്തിനാണ് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ സിസ്ജെന്‍ഡര്‍ മനുഷ്യര്‍ കൊന്നൊടുക്കുന്നത്? ജീവിക്കുവാന്‍ യാതൊരു അവകാശവും അവര്‍ക്കില്ലേ ?

ബഹുമാനപെട്ട ഇന്ത്യന്‍ സുപ്രീം കോടതി 2014ല്‍ നല്‍സാ വിധിയിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് പൗരാവകാശങ്ങള്‍ നല്‍കി അംഗീകരിച്ചപ്പോള്‍ ഒരു പക്ഷേ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ ആശ്വസിച്ചിരുന്നിരിക്കാം; ഇനിയെങ്കിലും തങ്ങളെ പുച്ഛിക്കുന്നവര്‍, കളിയാക്കുന്നവര്‍, അപഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ മറ്റുള്ളവരോടെന്നവണ്ണം തങ്ങളെ പരിഗണിക്കുമെന്ന്. എന്നാല്‍ പരമോന്നത നീതിപീഠത്തിന്റെ ആശാസ്യങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് രാജ്യത്ത് അക്രമങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരോട് പതിവിലും കൂടുതല്‍ നടന്നുകൊണ്ടേയിരുന്നു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ലൈംഗികതൊഴില്‍ ചെയ്യുന്ന ഇടങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍, വീടുകളിലും വിദ്യാഭ്യാസ-തൊഴില്‍ ഇടങ്ങളിലും നടക്കുന്ന അതിക്രമങ്ങള്‍, പൊതുഇടങ്ങളില്‍ നടക്കുന്ന പരസ്യ വിചാരണയും ശിക്ഷകളും തുടങ്ങി യാതൊരു അതിജീവനോപാധിയും അഭ്യസിച്ചിട്ടില്ലാത്തവരെ നമ്മുടെ സമൂഹം തല്ലിയും-കല്ലെറിഞ്ഞും തീവെച്ചും വെടിവെച്ചും കൊല്ലുന്നു, യാതൊരു മനസ്താപവും ഇല്ലാതെതന്നെ.

അന്താരാഷ്ട്ര തലത്തില്‍ 2008 മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ നേരിടുന്ന അക്രമങ്ങളെപ്പറ്റി പഠനം നടത്തുന്ന ട്രാന്‍സ്റെസ്‌പെക്ട് വേര്‍സസ് ട്രാന്‍സ്ഫോബിയ വേള്‍ഡ് വൈഡ്, ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ മരണങ്ങള്‍ വസ്തുതാപരമായി വിശകലനം ചെയ്യുകയും അവയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ ഡേറ്റ തയ്യാറാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നു. ഇതുവരെയായി 3314 മരണങ്ങള്‍ അവര്‍ റിക്കോര്‍ഡ് ചെയ്യുകയും ആവശ്യമെന്നോണം പഠനങ്ങള്‍ നടത്തുകയും ചെയ്യുന്നു. 2018 ഒക്ടോബര്‍ 1 മുതല്‍ 2019 സെപ്റ്റംബര്‍ 30 വരെ ലോകത്താകമാനം 331 ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്; എന്നാല്‍ യതാര്‍ത്ഥ കണക്ക് ഇതിലും അഞ്ചിരട്ടി ആയിരിക്കും എന്നതാണ് വസ്തുത. 61 ശതമാനം ആളുകളും ലൈംഗികതൊഴിലാളികള്‍ ആയിരുന്നു. 2008 ജനുവരി മുതല്‍ 2019 സെപ്റ്റംബര്‍ വരെ 3317 ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ, ട്രാന്‍സ്ജെന്‍ഡര്‍ ആയതുകൊണ്ട് നമ്മളില്‍പെട്ടവര്‍ കൊന്നിരിക്കുന്നു. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബ്രസീലിലും, മെക്‌സിക്കോയിലും അമേരിക്കയിലുമാണ്. വെടിയേറ്റ് 1252 പേരും, കത്തികൊണ്ട് കുത്തേറ്റ് 653 പേരും മരണപെട്ടു. 334 പേരെ തല്ലിയും കൊന്നിരിക്കുന്നു.

കണക്കുകള്‍ ഇങ്ങനെയൊക്കെ നമ്മോടു വെളിച്ചപ്പെടുമ്പോഴും നമുക്കിന്നും 'അയ്യേ' എന്ന കളിയാക്കല്‍ പ്രയോഗത്തിലും ആക്ഷേപങ്ങളിലും ഒതുക്കുവാന്‍ കഴിയുന്ന വിഭാഗമാണ് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍. ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയുടെ ജീവിതത്തിലെ അന്യവല്‍ക്കരണം ആരംഭിക്കുന്നത് എപ്പോഴും സ്വന്തം കുടുംബത്തില്‍ നിന്നും ആയിരിക്കും. മകനായി 'ജനിച്ചവന്‍' പെണ്ണാവുക എന്നതും മകളായി ജനിച്ചവള്‍ ആണാകുക എന്നതൊക്കെ ലോകം അവസാനിക്കുന്നതിന്റെ ലക്ഷണം മാത്രമായി കാണുന്ന കുടുംബങ്ങളില്‍ നിന്നും പുറത്തായില്ലെങ്കിലേ അത്ഭുതമുള്ളു. ഇന്ത്യയില്‍ 2018-19 കാലയളവില്‍ 11 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊലചെയ്യപ്പെട്ടത്, എന്നാല്‍ നിര്‍ബന്ധിത ആത്മഹത്യകളോ പോലീസ് രജിസ്റ്റര്‍ ചെയ്യാത്ത കേസുകളോ അതില്‍ പെടുന്നില്ല എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.

ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കികൊണ്ട് ലോകശ്രദ്ധ നേടിയ കേരളത്തില്‍ ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ഷംതോറും വര്‍ധിക്കുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരോടുള്ള വെറുപ്പും ആക്രമണങ്ങളും അകാരണമായ ഭയവുമെല്ലാമാണ് ട്രാന്‍സ്ഫോബിയ അഥവാ ട്രാന്‍സ്ഭീതി.

1999 ല്‍ ഗ്വാന്‍ഡൊലിന്‍ ആന്‍ സ്മിത്ത് എന്ന അമേരിക്കന്‍ ട്രാന്‍സ്ജെന്‍ഡര്‍ വനിതയാണ് ആദ്യമായി നവംബര്‍ ഇരുപത് അന്താരാഷ്ട്ര ട്രാന്‍സ്ജെന്‍ഡര്‍ ഓര്‍മദിനമായി ആചരിച്ചുതുടങ്ങിയത്. റീത്ത ഹെസ്റ്റര്‍ എന്ന ആഫ്രോ-അമേരിക്കന്‍ ട്രാന്‍സ് വനിതയുടെ മരണം ഒര്കുന്നതിനായാണ് ആന്‍ സ്മിത്ത് ദിനാചരണം ആരംഭിച്ചത്. ശേഷം ഓരോ രാജ്യങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരോട് സമൂഹം കാണിക്കുന്ന വെറുപ്പും അക്രമങ്ങളും വാര്‍ത്താ പ്രാധാന്യം ഉള്ളതായി മാറി. ഇന്നും പല വിദേശ -മത ഭൂരിപക്ഷ രാജ്യങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍-ഇന്റര്‍സെക്‌സ് വ്യക്തികളെ കല്ലെറിഞ്ഞുകൊള്ളുന്ന രീതി നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് ചരിത്രാതീത കാലത്തോളം നീളുന്ന ജീവിത ചരിത്രമുണ്ട്. സാംസ്‌കാരികമായി അവര്‍ ഇവിടെ ഒരു വിഭാഗമായി പലപേരുകളില്‍ ജീവിച്ചിരുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ ഗ്വാന്‍ഡൊലിന്‍ ആന്‍ സ്മിത്ത് ഓര്‍മദിനം ആചരിക്കും മുന്നേ രാക്ഷസാക്ഷികള്‍ ആകുന്ന ആയിരക്കണക്കിനുപേര്‍ മുന്‍പേ കൊലചെയ്യപ്പെട്ടിരുന്നു. ജനിക്കുമ്പോഴേ മിശ്രലിംഗമാണെന്നു (കിലേൃലെഃ) തിരിച്ചറിഞ്ഞാല്‍ കുടുംബത്തിനുള്ളിലെ തന്നെ നവജാത ശിശുക്കളെ കൊന്നുകളയുമായിരുന്നു, പലപ്പോഴും ഗ്രാമത്തിന്റെ നല്ലതിനും, ശാപം അകറ്റാനും എന്ന പേരില്‍ 'പാപം പേറിയ' ജന്മം എന്ന കണക്കില്‍ പെടുത്തി കൊന്നു കളയുമായിരുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ സംബന്ധിച്ച് അന്ധവിശ്വാസപരമായി നിരവധി കെട്ടുകഥകള്‍ നിലനില്‍ക്കുന്നുണ്ട്. ആയതിനാല്‍ തന്നെ മന്ത്രവാദിനിയെന്നും, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്നുമെല്ലാം ആരോപിച്ചു തല്ലിയും,തീവെച്ചും, കല്ലെറിഞ്ഞും, ജീവനോടെ കിണറ്റില്‍ തള്ളിയിട്ടും ഒക്കെ നാട്ടുകൂട്ട വിചാരണക്കൊടുവില്‍ കൊല്ലുമായിരുന്നു. പശ്ചിമബംഗാളില്‍ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയെ നാട്ടുകാര്‍ 'തല്ലികൊന്നതും' ഇതേ ആള്‍ക്കൂട്ടവും വിചാരണയുടെ പരിണിതഫലം ആയിട്ടാണ്. 2018 ല്‍ തിരുവനന്തപുരത്ത് വലിയതുറയില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്കുനേരെ നാട്ടുകാര്‍ അക്രമം അഴിച്ചുവിട്ടതും ഇതേ ഭീതി കാരണമാണ്. ട്രാന്‍സ്ഭീതി ഒരു സമൂഹനിര്‍മിതി കൂടിയാണ്. മുഖ്യധാരാ സമൂഹത്തില്‍ ലിംഗത്വ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ല എന്നതിന്റെ ഒരു ആക്രമിക വേര്‍ഷന്‍. എന്നാല്‍ കൊലപാതകങ്ങളില്‍ കൂടുതല്‍ ഇരയാക്കപ്പെട്ടിരുന്നത് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളായിരുന്നു. കൂടുതലും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന, അത്തരം അരക്ഷിതമായ സാഹചര്യങ്ങളില്‍ നിത്യവൃത്തി കണ്ടെത്തേണ്ടിയിരുന്ന നിസ്സഹായര്‍!

കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൊലപാതകങ്ങള്‍ ചര്‍ച്ച ആയത് 2012 ല്‍ കൊല്ലത്ത് സ്വീറ്റ് മറിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്(ഉറപ്പായും അതിനുമുമ്പും കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്). മറിയയുടെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ നിയമിന്റെ കണ്ണില്‍ നിന്നും തെളിവുകളുടെ അഭാവത്തില്‍ രക്ഷപെട്ട് ഇന്നും സമൂഹത്തില്‍ സുഖലോലുപരായി ജീവിക്കുന്നുണ്ട്. കഴുത്തും നാക്കും മുറിച്ചുമാറ്റപെട്ട മരിയ ചെയ്ത തെറ്റ് എന്താണ്?

മരിയയുടെ രക്തസാക്ഷിത്വം കൊണ്ട് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ കൊലപാതകങ്ങള്‍ അവസാനിച്ചില്ല. 2017 ല്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കൊലചെയ്യപ്പെട്ടത് തമിഴ്നാട് സ്വദേശിനിയായ ഗൗരിയാണ്. കൈകാലുകള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത രീതിയില്‍ കാണപ്പെട്ട ഗൗരിയുടെ മൃതശരീരം പോലും അര്‍ഹിക്കുന്ന ആദരവ് ലഭിച്ചില്ല. അന്വേഷണം പതിവുപോലെ കടലാസില്‍ ഒതുങ്ങി. 2019 ഏപ്രില്‍ മാസം കോഴിക്കോട് നഗരമധ്യത്തില്‍ കൊലചെയ്യപ്പെട്ട ശാലു ഈ പേരുകളിലെ അടുത്ത വ്യക്തിയായിരുന്നു. ലൈംഗികതൊഴില്‍ ചെയ്യുന്നതിടയിലാണ് ശാലു കൊലചെയ്യപ്പെട്ടത് എന്ന് മൊഴിയും സാക്ഷികളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടും ഇന്നുവരെയും ഒരു തുമ്പും കണ്ടെത്താന്‍ നമ്മുടെ പൊലീസിന് ആയിട്ടില്ല എന്നത് അത്ഭുതമാണ്(ഇതേ കോഴിക്കോട് പൊലീസാണ് ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള കൂടത്തായി കൊലപാതകക്കേസ് തെളിയിച്ചതും)

തമിഴ്‌നാട്ടില്‍ തിരുനങ്കൈ എന്നാണ് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ അറിയപെടുന്നത്, തിരുനങ്കൈ കൊലപാതക പരമ്പരകള്‍ തന്നെ വിവിധ ജില്ലകളില്‍ അരങ്ങേറുന്നുണ്ട് എന്നത് ഒരു പക്ഷെ പുറം ലോകം അറിയുന്നുണ്ടാവില്ല. ഏറ്റവും ഒടുവില്‍ തൂത്തുക്കുടി ജില്ലയിലെ ഒരു ക്ഷേത്രത്തിനകത്ത് കഴുത്ത് മുറിക്കപെട്ട രീതിയില്‍ കൊലചെയ്യപ്പെട്ട രാജാത്തി, അതെ ക്ഷേത്രത്തിലെ തന്നെ പൂജാരി ആയിരുന്നു എന്നതും വിരോധാഭാസം മാത്രം (ഫെബ്രുവരി 2019. ചെന്നൈയിലെ പോണ്ടി ബസാര്‍ പോലീസ് സ്റ്റേഷന്‍ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ താര എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മരണം ഏറെക്കുറെ ദേശീയ തലത്തിലും ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. താരയ്ക്ക് നീതി ലഭിക്കാന്‍ നടത്തിയ സമരത്തില്‍ നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ ചെന്നൈ പോലീസ് മാരകമായി ഉപദ്രവിച്ചിരുന്നു. നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി ട്രാന്‍സ് യുവതിയുടെ മരണവും ദുരൂഹമായി അവശേഷിക്കുന്നു.

തിരുവനന്തപുരത്ത് 2018 ല്‍ ആത്മഹത്യചെയ്ത ട്രാന്‍സ്മാന്‍ പാച്ചു ഒരു കൊലപാതകത്തില്‍ നിന്നും രക്ഷപെട്ട് സ്വയം മരണം വരിച്ച വ്യക്തിയാണ്. കുടുംബവും ചുറ്റുമുള്ള അന്തരീക്ഷവും തീര്‍ക്കുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ യാതൊരു വഴിയുമില്ലാതെ സ്വയം മരണം തിരഞ്ഞെടുക്കേണ്ടി വരുക എന്നത് നിസഹായതമാത്രമാണ്.

ലിംഗത്വ-ലൈംഗിക ന്യൂനപക്ഷ മനുഷ്യരുടെ കൊലപാതകങ്ങള്‍ മാത്രമല്ല ആത്മഹത്യകളും ഒരു വിധത്തില്‍ കൊലപാതകങ്ങളാണ്, നിര്‍ബന്ധിതസ്വയം ഹത്യകള്‍. സ്വത്വം വെളിപ്പെടുത്തിയാല്‍ ക്രൂരമായ അപമാനങ്ങളും അവഹേളനവും സഹിക്കേണ്ടി വരും യാതൊരുവിധ പരിഗണനകളും ഇല്ലാതെ പീഡിപ്പിക്കും ഒറ്റപെടുത്തും തുടരെ തുടരെ ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിക്കും. ഫോബിയ എന്നത് അത്ര നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല എന്നതാണ് വാസ്തവം. ആത്മഹത്യയിലേക്ക് തള്ളിവിടുന്നവര്‍ക്കായി യാതൊരു പിന്തുണാ സംവിധാനവും നമ്മുടെ രാജ്യത്ത് നിലവിലില്ല എന്നതും അത്ഭുതം തോന്നുന്ന ഒന്നല്ല, നമ്മുടെ സമൂഹം-രാജ്യം-നിയമം എല്ലാം സിസ്ജെന്‍ഡര്‍-ഹെറ്ററോ സെക്ഷ്വല്‍ മനുഷ്യരുടെ സൗകര്യത്തിനായി നിര്‍മിച്ചവയോ വ്യാഖ്യാനിക്കപെട്ടവയോ ആണ്. കാരണം സുപ്രീം കോടതി ഭരണഘടനാ പരമായി ലഭിക്കേണ്ട പൗരാവകാശങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരുകള്‍ അവ കണ്ടില്ല എന്ന മട്ടാണ്.

ഭൂരിഭാഗം ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ ഇന്നും (ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍) ലൈംഗികതൊഴില്‍ ഉപജീവനമാര്‍ഗം ആയി ദിവസം തള്ളിനീക്കുന്നവരാണ് എന്നത് വാസ്തവമാണ്, അവര്‍ക്ക് സമൂഹത്തില്‍ അംഗീകാരമോ അന്തസോടെയോ മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ കഴിയും വിധം സാമൂഹ്യവിദ്യാഭ്യാസം നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലൈംഗിക തൊഴിലിന്റെ മാന്യതയെ കുറിച്ചല്ല മറിച്ച് സുരക്ഷിതത്വത്തെ കുറിച്ചാണ് ആശങ്ക, കാരണം ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിട്ടുള്ളതും കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ലൈംഗികതൊഴില്‍ ഇടങ്ങളില്‍ നിന്നാണ്. സാമൂഹികാംഗീകാരം ആഗ്രഹിക്കാത്ത മനുഷ്യര്‍ ഉണ്ടാകില്ല എന്നത് വാസ്തവമാണ് ആയതിനാല്‍ തന്നെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ പുനരധിവാസം അത്തരത്തിലുള്ളതാവണം. നിലവില്‍ മാതൃകാപരമായ നിരവധി പദ്ധതികള്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്നുണ്ട്, എന്നാല്‍ അവയുടെ ഗുണഫലങ്ങള്‍ വേണ്ടതോതില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നൊരു പഠനം കൂടി നടത്തേണ്ടത് അനിവാര്യമാണ്. പോരായ്മകള്‍ പരിഹരിച്ചുകൊണ്ടു പുത്തന്‍ പദ്ധതികള്‍ അത്തരത്തില്‍ ഉണ്ടാവേണ്ടതും അടിയന്തിരമായി പരിഗണിക്കേണ്ടതാണ്.

കുടുംബങ്ങളില്‍ നിന്നും നഷ്ട്ടമാകുന്ന അംഗീകാരവും പിന്തുണയും ഇല്ലാത്തതിനാല്‍ മാനസികമായി ഒറ്റപെടുന്നവര്‍ക്കായി സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കൊപ്പം മാനസികാരോഗ്യ പദ്ധതികളും ആരംഭിക്കണം. എന്തെന്നാല്‍ മറ്റേതൊരു മേഖലയിലുമെന്നപോലെ, മനുഷ്യര്‍ക്കും എന്നപോലെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരും ചൂഷണത്തിന് വിധേയമാക്കുന്നുണ്ട്. ചിലയിടങ്ങളിലെങ്കിലും കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന ആളുകള്‍ കരുതലോടെ ഇടപെട്ടില്ലെങ്കില്‍ യുതലമുറയും വിദ്യാഭ്യാസവും മറ്റ് തൊഴിലുകളും ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങാന്‍ തയ്യാറാകും. സ്വയം വിമര്‍ശനമെന്നോണം സ്വീകരിച്ചുകൊണ്ട് അധികാരത്തില്‍ കൂടി പ്രാതിനിധ്യം ഉറപ്പാക്കുകയാണ് വേണ്ടത്.

ഓരോ ഓര്‍മദിനത്തിലും ഇനിയൊരു മരണം- കൊലപാതകമോ ആത്മഹത്യയോ- ഉണ്ടാകരുത് എന്ന് തീവ്രമായി ആഗ്രഹിക്കുമ്പോഴും എവിടെനിന്നോ ഒരു മരണ വാര്‍ത്ത എത്തുന്നു എന്നത് അത്യന്തം സങ്കടകരമായ കാര്യമാണ്. ഇതുവരെ നടന്ന കൊലപാതകങ്ങളുടെ കാരണങ്ങള്‍, കൊലയാളികള്‍ എന്നിവരെ കണ്ടെത്താന്‍ കുറ്റമറ്റ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ നാളെകള്‍ ലിംഗത്വ ന്യൂനപക്ഷങ്ങള്‍ക്ക് സാധ്യമാകേണ്ടതുതുണ്ട്.

കുടുംബങ്ങള്‍, മറ്റ് സാമൂഹ്യ സ്ഥാപനങ്ങള്‍ എല്ലാം ഉത്തരവാദിത്വത്തോടെ ഇടപെടേണ്ടതിന്റെ ആവശ്യകതകൂടി ഈ ഓര്‍മദിനം കടന്നുപോകുമ്പോള്‍ നാം മനസില്‍ സൂക്ഷിക്കണം ,പ്രാവര്‍ത്തികമാക്കണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT