സ്വന്തം നാട്ടിലെ ഒട്ടുമിക്ക സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ സംഘടനകളുടെയും യുണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള ഭാരവാഹികളുടെ പേര് ഒരു ശരാശരി മലയാളിക്ക് എളുപ്പത്തിൽ പറയാനാകും. എന്നാൽ സംഘ്പരിവാറിന്റെയൊ? സംഘപരിവാറിന് പുറത്തുള്ള ഒരാൾക്ക് ഒട്ടും എളുപ്പമാകില്ല ആ ചോദ്യം. എന്താണ് ഈ അർദ്ധ രഹസ്യ സംഘടന കഴിഞ്ഞ നൂറു വർഷത്തോളമായി നമ്മുടെ സമൂഹത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത്? . ആ ചോദ്യത്തിനുള്ള ഉത്തരമാണ് ബി ജെ പിയെ മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി ആർ എസ് എസ് എന്ന കേന്ദ്ര സംഘടനയുടെ കക്ഷിരാഷ്ട്രീയ വിഭാഗം മാത്രമാണ് ബി ജെ പി. (സമാനമായ സ്വഭാവമുള്ളത് രാഷ്ട്രീയ ഇസ്ളാമിസ്റ്റുകൾക്കാണ്). അതുകൊണ്ടു തന്നെ മിക്ക മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെയും പോലെ ബൂർഷ്വാ രാഷ്ട്രീയാധികാരം നേടുകയെന്ന 'പരിമിതമായ' ലക്‌ഷ്യം മാത്രമല്ല സംഘ്പരിവാരത്തിനുള്ളത്. അവർ ആഗ്രഹിക്കുന്ന സാമൂഹിക വ്യവസ്ഥയെ സൃഷ്ടിക്കാനുള്ള നിരവധി ടൂളുകളിൽ ഒന്ന് മാത്രമാണ് സംഘിന് രാഷ്ട്രീയാധികാരം. എന്നാൽ പലപ്പോഴും നമ്മുടെ ബി ജെ പി വിമർശനങ്ങൾ ഒരു ബൂർഷ്വാ രാഷ്ട്രീയ പാർട്ടിയോടുള്ള കേവലമായ വിമർശനങ്ങളായി ഒതുങ്ങുന്നതിനാൽ ഈ വിപുലമായ കാഴ്ച നഷ്ടമാകുന്നു. സംഘപരിവാർ എന്ന രാഷ്ട്രീയ നീരാളിയുടെ നിരവധി കൈകളിൽ ഒന്ന് മാത്രമാണ് ബി ജെ പി , അത് കൊണ്ട് തെരഞ്ഞെടുപ്പ് പ്രധാനമാകുമ്പോൾ തന്നെ തെരഞ്ഞെടുപ്പ് ഗോദയിലെ വിജയം കൊണ്ട് മാത്രം തോല്പിക്കാവുന്ന ഒന്നല്ല സംഘപരിവാർ ഫാഷിസം എന്ന് ചുരുക്കം.
ഫാഷിസ്റ്റ് എന്ന വാക്കിനെ മൂന്നു വ്യതിരിക്തമായ രൂപങ്ങളിൽ ഉപയോഗിച്ച് വരുന്നതായി ഐജാസ് അഹമ്മദ് നിരീക്ഷിക്കുന്നു. ഒന്ന് വാമൊഴി പ്രയോഗം എന്ന നിലയിൽ തങ്ങൾക്ക് താല്പര്യമില്ലാത്ത വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സൂചിപ്പിക്കാനും അക്രമോത്സുകത , അടിച്ചമർത്തൽ , ക്രൂരത തുടങ്ങിയ നടപടികളെ കുറിക്കാനുമുള്ള വാച്യ പ്രയോഗം എന്ന നിലക്ക്. ഇതാകട്ടെ പലപ്പോഴും ആത്മനിഷ്ഠവും ആയിരിക്കും. രണ്ടാമതായി കൃത്യമായി ഒന്നാം ലോകമഹാ യുദ്ധം മുതൽ രണ്ടാം ലോക മഹായുദ്ധം വരെ ഇറ്റലിയിൽ നിലനിന്ന , മുസോളിനി നേതൃത്വം നൽകിയ രാഷ്ട്രീയ സംവിധാനത്തെ സൂചിപ്പിക്കാനായി. ഈ നിർവചന പ്രകാരം ജർമനിയിലെ നാസിസമോ , സ്‌പെയിനിലെ ഫ്രാൻകോ ഏകാധിപത്യമോ ഇന്ത്യയിലെ സംഘപരിവാരമോ ഒന്നും ഫാഷിസത്തിൽ ഉൾപ്പെടുന്നില്ല. മൂന്നാമത്തെ അർത്ഥത്തിലാണ് മാർക്സിസ്റ്റുകൾ പൊതുവേ ഈ വാക്കിനെ പ്രയോഗിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിക്കുന്നതും ലോകമെമ്പാടും തന്നെ പടർന്നു നിൽക്കുന്നതുമായ വ്യത്യസ്തവും എന്നാൽ ചില പൊതു സവിശേഷതകൾ ഉള്ളതുമായ പ്രത്യശാസ്ത്രങ്ങളെയും പ്രസ്ഥാനങ്ങളെയും ഭരണകൂടങ്ങളേയും സൂചിപ്പിക്കാനാണ് ഈയർത്ഥത്തിൽ ഫാഷിസം എന്ന വാക്കുപയോഗിക്കപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ ഒരുവശത്ത് നവ സാമ്രാജ്യത്വത്തോടും മറുവശത്ത് തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളോടുമുള്ള പ്രതികരണം എന്ന നിലക്കാണ് ഈ പ്രസ്ഥാനങ്ങൾ ഉദയം ചെയ്യുന്നത്. തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളും റഷ്യൻ വിപ്ലവവും ഭരണ വർഗ്ഗങ്ങൾക്കിടയിൽ സൃഷ്ടിച്ച ഭീതി ലിബറലിസത്തിനും ആധുനികതക്കുമെതിരായ വികാരമുണർത്തി.ആധുനിക ജ്ഞാനോദയ മൂല്യങ്ങളും , ലിബറലിസവുമാണ് ഈ വിപ്ലവശക്തികൾക്ക് കാരണമായതെന്ന ധാരണ അവയ്‌ക്കെതിരായ മുന്നേറ്റങ്ങളായി പരിണമിക്കുകയായിരുന്നു. ഇതാണ് പിന്നീട് നാം ഫാഷിസ്റ്റ് എന്ന് വിളിക്കുന്ന പ്രസ്ഥാനങ്ങളുടെ പിന്നിലെ ചാലക ശക്തി.
കൊളോണിയലിസത്തിന്റെ വരവ് ഇന്ത്യയിലെ ജാതി - മത - സാമുദായിക ശ്രേണീ വ്യവസ്ഥയെ തകർക്കുകയല്ല മറിച്ച് ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഇന്ത്യൻ പ്രതിനിധികളായും , അധികാര കേന്ദ്രങ്ങളായും കൊളോണിയലിസം തെരഞ്ഞെടുത്തത് ഫ്യുഡൽ അധികാര കേന്ദ്രങ്ങളെ തന്നെയായിരുന്നു. എന്നാൽ ഒന്നാം ലോക മഹായുദ്ധത്തോടെ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ഒരു ബഹുജന പ്രസ്ഥാനമായി മാറാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ ഫ്യുഡൽ ശ്രേണീബദ്ധ ബന്ധങ്ങൾ അതേ പടി നിലനിൽക്കുന്നിടത്തോളം ഈ ബഹുജനവത്കരണം സാധ്യമാകുമായിരുന്നില്ല. അതുകൊണ്ടു തന്നെ അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ വർഗ്ഗ താൽപര്യങ്ങൾക്കു വിരുദ്ധമായി ഈ ഫ്യുഡൽ ബന്ധങ്ങളെ പരിമിതമായെങ്കിലും വിമർശിക്കാൻ സ്വാതന്ത്ര്യ പ്രസ്ഥാനം നിർബന്ധിതമായി. ജാതി മത സാമുദായികതക്ക് അതീതമായി വ്യക്തി എന്ന സങ്കൽപ്പത്തെ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യങ്ങളും ജന്മിത്ത വിരുദ്ധ സമരങ്ങളും കോൺഗ്രസ്സ് ഏറ്റെടുത്തു. ഇതേ കാലയളവിൽ തന്നെയാണ് ആഗോള തലത്തിൽ സോവിയറ്റ് വിപ്ലവവും തൊഴിലാളിവർഗ്ഗ മുന്നേറ്റങ്ങളും നടക്കുന്നത്. അത് ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിനും സാമൂഹിക നവീകരണ പ്രസ്ഥാനങ്ങൾക്കും സവിശേഷമായ ഊർജ്ജം പകർന്നു. മേൽപ്പറഞ്ഞ മുന്നേറ്റങ്ങളോടുള്ള ഇന്ത്യൻ വരേണ്യവർഗ്ഗത്തിന്റെ പ്രതികരണമായിരുന്നു ഹിന്ദു മഹാസഭ മുതൽ ആർ എസ് എസ് വരെയുള്ള പ്രസ്ഥാനങ്ങളുടെ ഉദയത്തിലേക്ക് നയിച്ചത്. തങ്ങൾക്ക് അധീശത്വമുണ്ടായിരുന്ന ഒരു ഭൂതകാലത്തെ ദേശത്തിന്റെ സുവർണ ഭൂതകാലമായി അവതരിപ്പിക്കാനും ആ ഭൂതകാലത്തിന്റെ തകർച്ചക്ക് പിന്നിൽ മുസ്ലിം അപരത്വത്തെ പ്രതിഷ്‌ഠിക്കാനും അവർക്കു കഴിഞ്ഞു. രൂപീകരിക്കപ്പെട്ട ഒരു ദശകത്തോളം ആർ എസ് എസ് അറിയപ്പെട്ടത് ബ്രാഹ്മിൻ യൂത്ത്സ് എന്ന പേരിലായിരുന്നു.
എന്നാൽ ഈ പുനരുത്ഥാനവാദ പ്രസ്ഥാനങ്ങളെ തുറന്നെതിർക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിന്റെ വർഗ്ഗ സ്വഭാവം അതിനെ അനുവദിച്ചില്ല. പകരം കീഴാള വർഗ്ഗ മുന്നേറ്റങ്ങൾക്കൊപ്പം ഈ പുനരുത്ഥാനവാദ പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളുകയെന്ന വൈരുദ്ധ്യപൂർണമായ നിലപാടാണ് കോൺഗ്രസ്സ് സ്വീകരിച്ചത്. ഈ നിലപാടിനെ സമർത്ഥമായി ഉപയോഗിച്ച് , കൂടുതൽ വിപ്ലവകരമായി തീരുമായിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ കേവലമായ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യത്തിലേക്ക് ചുരുക്കാനും സാമൂഹിക നീതിക്കായുള്ള അതിന്റെ മുന്നണിയെ ഒരു പരിധിവരെ അട്ടിമറിക്കാനും ഈ പുനരുത്ഥാന വാദികൾക്കായി. ഹിന്ദുമഹാസഭയുടെ നേതാക്കന്മാരായിരുന്ന ഡോ രാജേന്ദ്രപ്രസാദും ശ്യാമപ്രസാദ് മുഖർജിയുമൊക്കെ സ്വതന്ത്ര ഇന്ത്യയിലെ കോൺഗ്രസ്സ് ഭരണത്തിൽ നിർണായക സ്ഥാനങ്ങൾ നേടിയത് യാദൃശ്ചികമല്ല. കോൺഗ്രസ്സിന്റെ ഇതേ നിലപാട് തന്നെയാണ് ആധുനിക ജനാധിപത്യത്തിന്റെ ആധാര ശിലയാകേണ്ട മതേതരത്വത്തെ ഇന്ത്യയിൽ ' എല്ലാ മതങ്ങളോടുമുള്ള തുല്യ പരിഗണന ' എന്ന ഒത്തുതീർപ്പ് നിർവചനത്തിലേക്ക് ചുരുക്കിയതും.
ഉറച്ച രാഷ്ട്രീയാധികാരം സാംസ്കാരിക പരിവർത്തനത്തിലൂടെയും സമ്മിതിയുടെ നിർമിതിയിലൂടെയും മാത്രമേ സാധ്യമാകൂ എന്ന ഗ്രാംഷിയൻ നിരീക്ഷണം അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയായിരുന്നു സംഘപരിവാർ. എല്ലാ വിപ്ലവങ്ങളും വിജയിക്കാൻ ശക്തമായ വ്യാപനമുള്ള ഒരു കേഡർ പാർട്ടിയുടെ സാന്നിധ്യം ആവശ്യമാണെന്ന തത്വം തങ്ങളുടെ നൂറു വർഷത്തെ പ്രവർത്തനത്തിലൂടെ ആർ എസ് എസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇങ്ങനെ പൊതു സമ്മിതിയും സാംസ്കാരിക പരിവർത്തനവും സാധ്യമാക്കുന്ന കേഡർ പാർട്ടിയെന്ന നിലക്ക് കേവലമായ ബൂർഷ്വാ ലിബറൽ അധികാര പ്രാപ്തിക്കപ്പുറം ഇന്ത്യൻ സാമൂഹിക -ഭരണ വ്യവസ്ഥയുടെ സമസ്ത മേഖലകളിലും നുഴഞ്ഞു കയറാനാണ് കഴിഞ്ഞ നൂറു വർഷത്തിനിടയിൽ ആർ എസ് എസ് ശ്രമിച്ചത്. അതുകൊണ്ടു തന്നെ ഒരേ സമയം കോൺഗ്രസ്സിനകത്തും , ജനതാ പാർട്ടിക്കകത്തും , ജുഡീഷ്യൽ - മാധ്യമ - എക്സിക്യുട്ടീവ് തൂണുകൾക്കകത്തും ആർ എസ് എസ്സിന്റെ സ്വാധീനമുണ്ടായി. കേവലമായ രാഷ്ട്രീയാധികാരത്തിനപ്പുറം ഇന്ത്യൻ സമൂഹത്തെ സാംസ്കാരികമായും മതപരമായും ജീവിതരീതി പരമായും തങ്ങളാഗ്രഹിക്കുന്ന തലത്തിലേക്ക് പരിവർത്തനം ചെയ്യുക എന്നതാണ് സംഘപരിവാറിന്റെ ലക്‌ഷ്യം. അത് നൽകുന്ന വഴക്കം ആണ് എഴുപതുകളിൽ ജനസംഘം പിരിച്ചു വിട്ട് ജനതാ പാർട്ടിയിൽ ലയിക്കാനും പിന്നീട് ഒരു സുപ്രഭാതത്തിൽ ബി ജെ പി രൂപീകരിക്കാനുമൊക്കെയുള്ള ശേഷി സംഘപരിവാറിന് നൽകിയത്. അതായത് സംഘപരിവാറിന്റെ വലതുപക്ഷ വിപ്ലവത്തിന് രാഷ്ട്രീയാധികാരത്തിന്റെ ഒരു മാർഗ്ഗം പ്രാദാനം ചെയ്യുക എന്ന കടമ മാത്രമാണ് ബി ജെ പി ക്കുള്ളത്. അതിനു ബി ജെ പി തന്നെ വേണമെന്നുപോലുമില്ല , കോൺഗ്രസുൾപ്പെടെയുള്ള ഏതു വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തെയും തങ്ങളാഗ്രഹിക്കുന്ന സാംസ്കാരിക സമ്മിതിയുടെ വലയത്തിനകത്തേക്ക് സ്വാധീനിക്കാൻ സംഘപരിവാറിന് കഴിയും. അത് സാധ്യമാകാത്തത് ന്യൂനപക്ഷങ്ങൾ , ദളിതർ , തൊഴിലാളി വർഗ്ഗം തുടങ്ങിയ സംഘപരിവാർ രാഷ്ട്രീയത്തിന്റെ സ്വാഭാവിക ശത്രുക്കൾക്ക് മേൽക്കൈ ഉള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ മാത്രമാണ്.
ദേശീയ ബൂർഷ്വാസിയോടും ഭൂവുടമാവർഗ്ഗത്തോടും സന്ധി ചെയ്ത നെഹ്രൂവിയൻ വികസന മാതൃക അതിന്റെ സ്വാഭാവികമായ പ്രതിസന്ധിയിലേക്കെത്തുന്നത് എഴുപതുകളോടെയാണ്. ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യൻ ഗ്രാമീണ മേഖലയിൽ ഉയർന്നു വന്ന നവ സമ്പന്ന കർഷക വർഗ്ഗവും അതിനോടുള്ള പ്രതികരണമായി വന്ന കർഷകതൊഴിലാളി - ദളിത് മുന്നേറ്റങ്ങളും പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കി.( ഉദാ കീഴാവെണ്മണി ). ഈ ഘടനാപരമായ പ്രതിസന്ധിയെ പരിഹരിക്കുന്നതിന് ആദ്യഘട്ടത്തിൽ കോൺഗ്രസ്സ് എടുത്തത് അടിയന്തിരാവസ്ഥ പോലുള്ള അടിച്ചമർത്തൽ നടപടികളായിരുന്നു. എന്നാൽ എൺപതുകളോടെ ഇത് കൂടുതൽ രൂക്ഷമാകുകയും അതിൽ നിന്ന് രക്ഷ നേടാൻ മത സാമുദായിക വർഗീയതയെ കൂട്ടുപിടിക്കാൻ കോൺഗ്രസ്സ് തയ്യാറാവുകയും ചെയ്തു.
പഞ്ചാബിലും ആസാമിലും ഇന്ദിരാ ഗാന്ധിയായിരുന്നു ഹൈന്ദവ വർഗീയതയെ പ്രോത്സാഹിപ്പിച്ചത്. ഇന്ദിരയുടെ മരണശേഷം രാജീവും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഷാബാനു കേസിലെ സുപ്രീം കോടതി വിധിക്കെതിരെ മുസ്‌ലീം മതപൗരോഹിത്യം രംഗത്ത് വന്നപ്പോൾ അവർക്കനുകൂലമായി പാർലമെന്റിൽ നിയമം അവതരിപ്പിച്ചത് ഇന്ത്യയിലെ ഹൈന്ദവ തീവ്രവാദികൾ രാഷ്ട്രീയ ആയുധമാക്കി. താരതമ്യേന ഒരു പ്രാദേശിക വിഷയമായിരുന്ന ബാബറി മസ്ജിദ് പ്രശ്നം ഒരു പാൻ ഇന്ത്യാ വിഷയമായി ഉയർത്തപ്പെട്ടു. ബാബറി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികൾക്ക് ആരാധനക്കായി തുറന്നുകൊടുത്തത് ആ പക്ഷത്തെയും രാജീവ് പ്രീണിപ്പിച്ചു. ഇതേകാലയളവിൽ തന്നെയാണ് ഹാഷിംപുര പോലുള്ള ഭരണകൂട കൊലപാതകങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരായി അരങ്ങേറുന്നത്. 1989 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പ്രചാരണം രാജീവ് ആരംഭിക്കുന്നത് അയോധ്യയിൽ വെച്ചാണ്. ഇന്ത്യയെ രാമരാജ്യമാക്കാനുള്ള തന്റെ അശ്വമേധം അയോധ്യയുടെ പുണ്യഭൂമിയിൽ നിന്നാരംഭിക്കുന്നു എന്നായിരുന്നു രാജീവ് പ്രഖ്യാപിച്ചത്.
എൺപതുകളുടെ അവസാനത്തോടെ വ്യതിരക്തവും എന്നാൽ ഇന്ത്യൻ രാഷ്ട്രീയസമ്പദ് വ്യവസ്ഥയുടെ ഘടനാപരമായ പ്രതിസന്ധിയുടെ ഉത്പന്നങ്ങളുമായ മൂന്നു പ്രതിഭാസങ്ങൾ ഇന്ത്യയിൽ ഉടലെടുത്തു. 1 , ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റം 2 , സംവരണ രാഷ്ട്രീയത്തെ മുൻനിർത്തിയുള്ള സ്വത്വരാഷ്ട്രീയ മുന്നേറ്റം 3, നവലിബറലിസത്തിന്റെ പ്രോത്‌ഘാടനം. ഇവ മൂന്നുമാകട്ടെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. ഇന്ത്യൻ രാഷ്ട്രീയസമ്പദ് വ്യവസ്ഥയുടെ ഘടനാപരമായ പക്ഷപാതിത്തത്തിൽ ഓരം ചേർക്കപ്പെട്ട കീഴാള വർഗ്ഗം എൺപതുകളുടെ അവസാനത്തോടെ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്ത് വന്നപ്പോൾ അതിനെതിരായി ഉയർന്നു വന്ന വരേണ്യവർഗ്ഗ യുദ്ധമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ വളർത്തിയത്. ഇന്ത്യൻ രാഷ്ട്രീയസമ്പദ് വ്യവസ്ഥ എത്തിപ്പെട്ട ഈ പ്രതിസന്ധിയെ മറികടക്കാൻ ഭരണവർഗം കണ്ടെത്തിയ വഴിയായിരുന്നു നവലിബറലിസം. ഇതേ ഘട്ടത്തിൽ തന്നെയാണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്നതും.
ഏതൊരു പ്രത്യയശാസ്ത്ര നിലപാടിനും വളരാനും ജനഭാവന പിടിച്ചുപറ്റാനും അനുകൂലമായ ഒരു സാമൂഹികാവസ്ഥ ആവശ്യമാണ് ഇന്ത്യൻ ഹിന്ദുത്വ രാഷ്ട്രീയത്തിന് ആ അന്തരീക്ഷമാണ് നവലിബറലിസം പ്രദാനം ചെയ്തത് . 2000 ന്റെ ആരംഭത്തോടെ നവലിബറലിസം ഇന്ത്യയുടെ പൊതു ആദർശമായി മാറുകയായിരുന്നു. എന്നാൽ ഏതൊരു അധീശ പ്രത്യയശാസ്ത്രത്തിന്റെയും വിതരണം സ്വാഭാവികമോ സ്വയംപ്രേരിതമോ ആയ ഒന്നല്ല. അതിന്റെ വ്യാപനത്തിനും പൊതുബോധ നിർമ്മിതിക്കും ഒരു സമഗ്രാധിപത്യ പാർട്ടി കൂടിയേ തീരൂ (ഗ്രാംഷി). ഇന്ത്യൻ നവലിബറലിസത്തിന്റെ ഈ സമഗ്രാധിപത്യ പാർട്ടിയായി മാറാൻ തങ്ങൾക്ക് കഴിയും എന്ന സന്ദേശമാണ് 2000 ന്റെ തുടക്കത്തോടെ ബി ജെ പി നൽകിയത്. ആദ്യ തലമുറ 'സ്വദേശി' നേതൃത്വത്തെ അവഗണിച്ച് മോഡിയുടെ ഗുജറാത്ത് മാതൃകയെ ബി ജെ പി ദേശീയ തലത്തിൽ പ്രതിഷ്ഠിച്ചു. ഈ മാറ്റത്തെ വലിയ തോതിൽ സ്വാധീനിച്ച ഒന്നായിരുന്നു ഒന്നാം യു പി എ ഗവണ്മെന്റിന്റെ പ്രകടനവും. ഇന്ത്യയിലെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടുകളെടുത്ത , ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള ഒന്നാം യു പി എ പോലുള്ള ഒരു സംവിധാനം ഇനിയാവർത്തിക്കരുതെന്ന നിർബന്ധം മൂലധന ശക്തികൾക്കും ഉണ്ടായിരുന്നു. സമസ്ത മേഖലകളിലും പരാജയപ്പെട്ട ജനപിന്തുണ നഷ്ടപ്പെട്ട രണ്ടാം യു പി എ ക്കു പകരം നവലിബറലിസത്തിന്റെ സമഗ്രാധിപത്യ പാർട്ടിയായി ബി ജെ പി സ്വയം അവരോധിക്കുകയും കോർപ്പറേറ്റ് പിന്തുണയും രണ്ടാം യു പി എ ക്കെതിരായ ജനരോഷവും ചേർന്ന് മോദിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു. തങ്ങളുടെ പരമ്പാരാഗത ശൈലിയിൽ നിന്ന് വിഭിന്നമായി അക്രമോത്സുക ഹൈന്ദവ രാഷ്ട്രീയത്തെ ഫ്രിഞ്ച് ഗ്രൂപ്പുകൾക്ക് ഏൽപ്പിച്ചു കൊടുത്ത് ദേശീയതയിലും കോർപറേറ്റ് പ്രീണനത്തിലും അധിഷ്ഠിതമായ ഒരു ഭരണത്തെ മുന്നോട്ട് വെക്കുകയാണ് മോഡി ചെയ്തത്. നവലിബറൽ നയങ്ങൾ ഏറ്റവും നന്നായി നടപ്പിലാക്കാൻ വേണ്ടത് ജനാധിപത്യ മനുഷ്യാവകാശ സംവിധാനങ്ങൾ ദുർബലമായ ഒരു സമഗ്രാധിപത്യ ഘടനയാണെന്ന ലാറ്റിനമേരിക്കൻ പാഠം കോർപ്പറേറ്റുകൾക്ക് മുന്നിലുണ്ട്. കഴിഞ്ഞ അഞ്ചു വർഷവും മോഡി ശ്രമിച്ചത് ഇത്തരമൊരു വ്യവസ്ഥയെ സൃഷ്ടിക്കാനാണ്. യൂണിവേഴ്‌സിറ്റികൾ , ഗവേഷണ സ്ഥാപനങ്ങൾ , മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ , തൊഴിലാളി അവകാശങ്ങൾ ഇവയെയൊക്കെ നിശബ്ദമാക്കാനുള്ള ബോധപൂർവമായ നടപടികളായിരുന്നു സ്വീകരിക്കപ്പെട്ടത്.
ഈ ലേഖനത്തിൽ ഉന്നയിക്കാൻ ശ്രമിച്ച പ്രധാന പ്രശ്നം മോഡി ഭരണത്തിന്റെ വർഗ്ഗ സ്വഭാവമല്ല മറിച്ച് കോൺഗ്രസ്സ് എന്ന മുഖ്യപ്രതിപക്ഷ പാർട്ടിയുടെ അതിനോടുള്ള നിലപാടുകളാണ്. കഴിഞ്ഞ അഞ്ചു വർഷം മോദിയുടെ സമഗ്രാധിപത്യ ഭരണത്തോട് എന്ത് നിലപാടാണ് കോൺഗ്രസ്സ് സ്വീകരിച്ചതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യൻ യുണിവേഴ്സിറ്റികളിലും , ഗവേഷണ സ്ഥാപനങ്ങളിലും നടന്ന സമരങ്ങൾ , കർഷക - തൊഴിലാളി പ്രക്ഷോഭങ്ങൾ ദളിത് പോരാട്ടങ്ങൾ ഇവയിലൊന്നും കോൺഗ്രസ്സിന്റെ നേതൃത്വമോ പലപ്പോഴും സാന്നിധ്യമോ ഉണ്ടായിരുന്നില്ല. ഇന്ത്യൻ ജനതയ്ക്ക് മേൽ മോഡി നടത്തിയ ഷോക്ക് പരീക്ഷണമായിരുന്നു നോട്ട് നിരോധനവും ജി എസ് ടി യും.ജനകീയ രോഷം വലിയ അളവിൽ മോഡിക്കെതിരെ ഉയർന്നു . അതിനെ സംഘടിതമായ പ്രക്ഷോഭമാക്കാൻ കേരളത്തിലെ ഇടതുപക്ഷത്തിനല്ലാതെ മറ്റാർക്കും കഴിഞ്ഞില്ല. ഇക്കാലയളവിൽ ഇന്ത്യൻ പാർലമെന്റ് നടപ്പാക്കിയ കോർപ്പറേറ്റ് അനുകൂല ബില്ലുകൾ മുഴുവൻ കോൺഗ്രസ്സിന്റെ കൂടി പിന്തുണയോടെയാണ് പാസായത്. മുതാലാഖ് ബില്ലിൽ പോലും സംഘപരിവാർ നിർമ്മിത പൊതുബോധമാണ് കോൺഗ്രസ്സിനെ നയിച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിൽ വന്ന കോൺഗ്രസ്സ് ഗവൺമെന്റുകൾ മുൻ ബി ജെ പി സർക്കാരുകളുടെ തുടർച്ചയായാണ് പ്രവർത്തിച്ചത്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പിൽ പശുക്കൾക്ക് എ സി തൊഴുത്ത് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ശേഷം ബീഫ് കൈവശം വെച്ചതിനു മൂന്നു ചെറുപ്പക്കാർക്കെതിരെ ദേശദ്രോഹ കുറ്റപ്രകാരമാണ് കോൺഗ്രസ്സ് ഗവണ്മെന്റ് കേസെടുത്തത്. ഗുജറാത്ത് തെരെഞ്ഞെടുപ്പ് കാലത്താണ് താൻ പൂണൂല് ധരിക്കുന്ന കാശ്മീരി ബ്രാഹ്മണനാണെന്ന രാഹുലിന്റെ പ്രസ്താവന വരുന്നത്. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് തീവ്ര ദളിത് വിരുദ്ധ സംവരണ വിരുദ്ധ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ഹാർദ്ദിക് പട്ടേലിനെ മുന്നിൽ നിർത്തിയതും യാദൃശ്ചികമല്ല.
ചുരുക്കിപ്പറഞ്ഞാൽ സംഘപരിവാരം മുന്നോട്ട് വെക്കുന്ന നവലിബറൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശയ പരിസരത്താണ് കോൺഗ്രസ്സും ജീവിക്കുന്നത്. കോൺഗ്രസ്സിന്റെ മുൻനിര നേതാക്കൾക്കുപോലും നേരം പുലരുന്നതിനു മുന്നേ ബി ജെ പി പാളയത്തിലേക്ക് പോകാൻ കഴിയുന്നത് ആശയപരിസരത്തെ ഈ സമാനതകൾ കൊണ്ടുകൂടിയാണ്. ഈ തെരഞ്ഞെടുപ്പിൽ എന്ത് രാഷ്ട്രീയ മുദ്രാവാക്യമാണ് കോൺഗ്രസ്സ് മുന്നോട്ട് വെക്കുന്നത് / . നവലിബറൽ നയങ്ങൾക്കെതിരായോ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായോ ഒരക്ഷരം മിണ്ടാതെ രാഹുൽ ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തിൽ വന്നു മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നത് / . സന്ദേശം വളരെ കൃത്യമാണ് അത് ഒന്നാം യു പി എ സർക്കാരിന്റെ കാര്യത്തിൽ സംഭവിച്ച നിവൃത്തികേട് ഇനി ആവർത്തിക്കില്ലെന്ന സന്ദേശമാണ്. അതാകട്ടെ കോർപ്പറേറ്റുകൾക്കുള്ള സന്ദേശവുമാണ്. എന്നാൽ ബി ജെ പിയെ പോലെ ലക്ഷണമൊത്ത ഒരു കോർപ്പറേറ്റ് ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനം നിലനിൽക്കുമ്പോൾ അതേ രാഷ്ട്രീയവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആത്മഹത്യാപരമാണെന്നു കോൺഗ്രസ്സ് തിരിച്ചറിയുന്നില്ല. ഫാഷിസത്തിൽ ബി ടീമിന് യാതൊരു പ്രസക്തിയുമില്ല.
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ സാംസ്കാരികവും , മതപരവും , ജീവിത രീതിപരവുമായി പരിവർത്തനം ചെയ്യുക എന്ന അജണ്ടയാണ് സംഘ്പരിവാരത്തിനുള്ളത്. ഈ ആശയ പരിസരത്തെ ഒരു ഭൗതിക ശക്‌തിയായി മാറ്റാനുള്ള സാമൂഹിക - രാഷ്ട്രീയ - സമ്പദ് വ്യവസ്ഥയാണ് നവലിബറലിസം പ്രദാനം ചെയ്തത്. അതുകൊണ്ട് ഈ നവലിബറൽ ഹിന്ദുത്വ രാഷ്ട്രീയത്തെ ആശയപരമായി നേരിടാൻ ശേഷിയുള്ള ഒരു സംഘടനാ സംവിധാനത്തിന് മാത്രമേ സംഘപരിവാർ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനാകൂ. സംഘപരിവാറിന്റെ അക്രമോത്സുകത കണക്കിലെടുത്ത് ചിലപ്പോൾ ആ പോരാട്ടം കായിക പരം പോലുമാകാം. അവരുടെ രാഷ്ട്രീയത്തിന് എതിർപക്ഷത്തു നിൽക്കുന്ന ന്യൂനപക്ഷങ്ങൾ , ദളിതർ സർവോപരി വിപ്ലവസ്വഭാവമുള്ള തൊഴിലാളികൾ എണ്ണിയവരുടെ സംഘാടനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. അതിനുള്ള ഒരു ശേഷിയും ബൂർഷ്വാ -ഭൂവുടമാ താല്പര്യത്തിന്റെ സംരക്ഷകരായ സംഘപരിവാർ സ്വാധീനത്തിലകപ്പെട്ട കോൺഗ്രസ്സിനില്ല.