കേരളബ്‌ളാസ്‌റ്റേഴ്‌സ് ഒടുവിൽ ഐഎസ്എൽ വേദിയിൽ നിന്ന് പടിയിറങ്ങിയിരിക്കുന്നു. ബ്ളാസ്റ്റേഴ്‌സിനെ നെഞ്ചിലേറ്റിയ ലക്ഷോപലക്ഷം ആരാധകർ പക്ഷെ വേദനിച്ചില്ല, കരഞ്ഞില്ല. കളിക്കളത്തിൽ നിന്ന് തിരിഞ്ഞുനടന്ന കളിക്കാരെപ്പോലെ ആരാധകരും അഭിമാനത്തോടെ തലയുയർത്തി നടന്നു. ബാംഗ്ലൂരുമായുള്ള പ്ളേ ഓഫിൽ തോറ്റുപോയെന്ന് ആരൊക്കെ പറഞ്ഞാലും ഞങ്ങളത് അംഗീകരിക്കില്ലെന്നും ധാർമികതയില്ലാത്ത ജയങ്ങളോട് ഞങ്ങൾക്ക് ആദരവില്ലെന്നും അവർ പറയുന്നു. ക്വിക്ക് ഫ്രീകിക്ക് എന്ന ഓമനപ്പേരിൽ എയ്തുവിട്ടത് അനീതിയുടെ ഗോളമ്പായിരുന്നെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. ജയിക്കുന്നെങ്കിൽ കളിച്ച് ജയിക്കെന്ന് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ബാംഗ്ലൂരുമായുള്ള ബ്ളാസ്റ്റേഴ്‌സിന്റെ മത്സരം ആവേശത്തോടെയായിരുന്നു മുന്നേറിയത്. ആവേശം അണപൊട്ടിയപ്പോൾ മൈതാനത്ത് ഉന്തും തള്ളുമുണ്ടായി. ആദ്യപകുതിയിൽ നിറം മങ്ങിയ ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മികവ് പുലർത്തി. മികച്ച അവസരങ്ങൾ ഇരുകൂട്ടരും പാഴാക്കി. അങ്ങനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ഫലമെന്നോണം നിശ്ചിത സമയം തീരുമ്പോൾ സ്‌കോർ നില പൂജ്യം - പൂജ്യം.
അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ തൊണ്ണൂറ്റിയാറാം മിനിറ്റിലാണ് ബാംഗ്ലൂരിന് ഫ്രീകിക്ക് ലഭിക്കുന്നത്. ബ്ളാസ്റ്റേഴ്‌സിന്റെ ഗോൾ പോസ്റ്റിൽ നിന്ന് അധികദൂരത്തല്ലാതെ, മികച്ചൊരു ഫ്രീകിക്കിന് ഗോൾവലയെ നിസ്സംശയം പ്രകമ്പനം കൊള്ളിക്കാൻ കഴിയുന്നത്ര അകലത്തിലായിരുന്നു അത്. കളിയുടെ നിർണായക സമയമാണ്. ഗോൾ വഴങ്ങിയാൽ പിന്നെ തിരിച്ചടിക്കാൻ അത്രയൊന്നും കളി ബാക്കിയുമില്ല. ബ്ളാസ്റ്റേഴ്സ് മതിലുകെട്ടുകയായിരുന്നു. ഫ്രീകിക്കിനെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ഗോളിയുൾപ്പെടെയുള്ള താരങ്ങൾ അന്യോന്യം നിർദേശങ്ങൾ കൊടുക്കുകയായിരുന്നു. അതിനിടയിലൂടെ ബാംഗ്ലൂർ താരം സുനിൽ ഛേത്രി ഫ്രീകിക്ക് എടുത്തു. പന്ത് ഗോൾപോസ്റ്റിനകത്ത്. റഫറി ഗോളും അനുവദിച്ചു. എന്തുണ്ടായെന്ന് മനസ്സിലാകാതെ ബ്ളാസ്റ്റേഴ്സ് താരങ്ങളും ആരാധകരും മുഖത്തോട് മുഖം നോക്കി.
ഇതെന്ത് ന്യായമെന്ന് താരങ്ങൾ റഫറിയോട് ചോദിച്ചു. പക്ഷെ അവിടെ എല്ലാം അന്തിമമായിരുന്നു. ഐഎസ്എല്ലിലെ റഫറിമാർ ബ്ളാസ്റ്റേഴ്‌സിനോട് കാണിച്ചിട്ടുള്ള അസംഖ്യം നെറികേടുകൾ മനസ്സിലൂടെ മിന്നിമാഞ്ഞ ആരാധകർക്ക് റഫറി തീരുമാനം മാറ്റാനോ പുനഃപരിശോധിക്കാനോ തയ്യാറാവില്ലെന്ന് ഉറപ്പായിരുന്നു. എങ്കിലും പ്രതിഷേധത്തിന്റെ സ്വരം ഉയർത്തി. മുദ്രാവാക്ക്യം മുഴക്കി.
തന്റെ കുട്ടികളോട് അനീതി പ്രവർത്തിച്ചിരിക്കുന്നെന്നും അന്യായമായി തോൽപ്പിക്കപ്പെട്ട് തലതാഴ്ത്തി മടങ്ങേണ്ട ഗതികേട് തന്റെ കുട്ടികൾക്കില്ലെന്നും ബോധ്യമുള്ള കോച്ച് ഇവാൻ വുക്കോമനോവിച്ച് പ്രതിഷേധങ്ങൾക്കിടയിൽ അവരെ തിരിച്ച് വിളിച്ചു. കളിക്കളത്തിലൊരു അനീതി നടന്നാൽ കളി മതിയാക്കുന്നതാണല്ലോ നല്ലത്. ബ്ളാസ്റ്റേഴ്സ് കളി മതിയാക്കി. ബാംഗ്ലൂർ വിജയികളായി പ്രഖ്യാപിക്കപ്പെട്ടു. ബ്ളാസ്റ്റേഴ്സ് താരങ്ങൾ ശിരസ്സുയർത്തി തന്നെ തിരിച്ച് നടന്നു.
ക്വിക്ക് ഫ്രീകിക്ക് ആദ്യത്തെ സംഭവമൊന്നുമല്ലെന്ന് പറയുന്നവരുണ്ടാകാം. ഉദാഹരണങ്ങൾ എമ്പാടും കണ്ടേക്കാം. നിയമത്തിന്റെ വാറോലകളും കൊണ്ട് കറങ്ങുന്നവരും ഉണ്ടാകും. എന്നാൽ, ബാഴ്‌സലോണയിലെ തുടക്കകാലത്ത് അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിൽ സമാന രീതിയിൽ ക്വിക്ക് ഫ്രീകിക്ക് എടുത്ത സാക്ഷാൽ ലയണൽ മെസ്സിക്ക് അന്ന് റഫറി നൽകിയത് മഞ്ഞക്കാർഡ് ആയിരുന്നു. ആ ധാർമ്മികതയൊന്നും ഐഎസ്എല്ലിലെ റഫറിമാരിൽ നിന്ന് ബ്ളാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് ഈ അനീതിക്ക് മറുപടി കയറിപ്പോക്ക് തന്നെയാണ്. അതുമൂലമുണ്ടാകുന്ന പിഴയോ വിലക്കോ ഒക്കെ പിന്നാലെ വന്നേക്കാം. പക്ഷെ കളിച്ച് നേടേണ്ടത് കബളിപ്പിച്ച് നേടരുത്.
ഏതുവിധേനയും ഗോളടിക്കുക എന്നത് മാത്രം ലക്ഷ്യമാകുമ്പോൾ തകരുന്നത് ഈ കളിയുടെ മാന്യത ആണ്. മതമോ ദേശമോ ഭാഷയോ നിറമോ ലിംഗമോ നോക്കാതെ മനുഷ്യരെ ഒന്നാകെ ഒരു കുടുംബം പോലെ ഒന്നിപ്പിച്ച, പരസ്പരം സ്നേഹിപ്പിച്ച ഫുട്‍ബോളിന് ഇതിനേക്കാൾ മികച്ച അന്തരീക്ഷമുണ്ടാകണമെന്നത് ഒരു നീതിയാണ്. ഏത് മികച്ച താരമായാലും ലെജൻഡ് ആയാലും പ്രവർത്തിച്ച ശരികേടുകൾ ശരികേടുകൾ തന്നെയാണ്.