ഹരിതയിലെ കൂട്ടുകാരോടാണ്. നിങ്ങളുടെ ബോധ്യങ്ങളിലും വാക്കുകളിലും തീർച്ചയായും പ്രതീക്ഷയുടെ മിന്നലാട്ടമുണ്ട്. മാധ്യമപ്രവര്‍ത്തക വി.പി.റജീന എഴുതുന്നു
അറിവും അനുഭവവും പോരാട്ടവും ചേർന്ന് രൂപപ്പെടുത്തുന്ന ഉൾക്കാഴ്ചയുടേതുകൂടിയാണ് രാഷ്ട്രീയം എന്നത്. യഥാർത്ഥ കാഴ്ചകളെ മറയ്ക്കുന്ന വ്യാജ രാഷ്ട്രീയത്തിൻ്റെ കലക്കവെള്ളത്തിലൂടെ ഉൾക്കാഴ്ചയെ വീണ്ടെടുത്ത് ഉയർന്നുവരുന്നവർ ആരായിരുന്നാലും, ഏത് ജനവിഭാഗത്തിൽനിന്നുള്ളവരായാലും അവർക്കൊപ്പം നിലകൊള്ളുക എന്നത് മിനിമം സത്യസന്ധതയാണ്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, രാഷ്ട്രീയ സത്യസന്ധത അലങ്കാരമാക്കിയവർ ഈ കേരളക്കരയിൽ എമ്പാടുമുണ്ടെങ്കിലും ‘ഹരിത’യിലെ പെൺവ്യക്തിത്ത്വങ്ങൾ ആർജ്ജവത്തോടെയും വ്യക്തതയോടെയും സംസാരിക്കുന്നത് കേട്ട് അതിനോട് പ്രത്യക്ഷമായിത്തന്നെ ഐക്യപ്പെടാനുള്ള ജനാധിപത്യ ബാധ്യത കാണിച്ചവർ എത്രപേരുണ്ട്? വിരലിലെണ്ണാവുന്നവർ മാത്രം! കേരളത്തിലെ നാനാ ജാതി ജെൻഡർ സമരങ്ങളോടും പോരാട്ടങ്ങളോടും ഐക്യകാഹളം മുഴക്കിയിരുന്ന പല പ്രമുഖരും ഈ വീറുറ്റ പെൺപോരാട്ടത്തിൻ്റെ സന്ദർഭത്തിൽ തൊണ്ട മൗനത്തിെൻറ അടപ്പുകളിട്ടു ഭദ്രമാക്കി. ഈ മൗനം ഏതിൻ്റെ പേരിലുള്ളതായാലും അതിൻ്റെ പേര് ഇരട്ടത്താപ്പ് എന്ന് തന്നെയാണ്.
മുസ്ലിം പെൺകുട്ടികൾ ഇങ്ങനെയൊക്കെ സംസാരിക്കുമോ എന്നതാണ് പലരുടെയും അതിശയം. ഈ ജനവിഭാഗം നിരന്തരമായ ചാപ്പയടികൾക്ക് വിധേയമാക്കപ്പെടുന്ന സന്ദർഭങ്ങളിലെല്ലാം അരുമറിയാതെ/ആരെയുമറിയിക്കാതെ ഇവർ വായനയുടെയും ചിന്തയുടെയും ലോകങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.
'ഹരിത'യിലെ മുൻ നേതാക്കളുടെ സമരത്തിന് ഒരേസമയം രണ്ടു മാനങ്ങളുണ്ട്. അതുകൊണ്ട്തന്നെ അതിന് സമീപകാലത്ത് കേരളത്തിൽ നടന്നിട്ടുള്ള ഏത് ജെൻഡർ സമരത്തേക്കാളും മൂല്യവുമുണ്ട്. അതാരും അംഗീകരിക്കാൻ തയ്യാറാവില്ലെങ്കിലും. അതിലൊന്ന് ആണധികാര മത- രാഷ്ട്രീയ ഘടനയെ അകത്തുനിന്ന് പൊള്ളിക്കുന്നതാണെങ്കിൽ മറ്റേത് ജനാധിപത്യവും തുല്യതയുമൊക്കെ ഘോഷിക്കുന്ന പൊതു മണ്ഡലത്തിലെ വ്യാജ നിർമിതികൾക്കുള്ള ചുട്ട പ്രഹരമാണ്.
മുമ്പും എഴുതിയതാണ്. രാഷ്ട്രീയ നുണകളേക്കാൾ അപകടരമാണ് പൗരോഹിത്യ നുണകൾ എന്നത്. ഇതിനെ എതിരിടുക എന്നത് തന്നെയാണ് ഏറ്റവും അപകടകരമായത്. കാരണം രാഷ്ട്രീയ നുണകൾ പൊളിക്കുമ്പോൾ നിങ്ങൾക്കൊപ്പം കുറേ പേർ ചേർന്നുനിൽക്കാനുണ്ടാവും. എന്നാൽ, പൗരോഹിത്യ ഘടനയെ തൊടുമ്പോൾ ചിലപ്പോൾ ആരെയും കണ്ടേക്കില്ല. നൂറ്റാണ്ടുകളാൽ വ്യവസ്ഥാപിതവൽക്കരിക്കപ്പെട്ട പാട്രിയാർക്കിയാണത്. പ്രത്യക്ഷത്തിൽ ഒരു രാഷ്ട്രീയ സംവിധാനത്തിനകത്തെ അനീതിയെയും പുഴുക്കുത്തിനെയുമാണ് ‘ഹരിത’ ഭാരവാഹികൾ നേരിട്ടത്. എന്നാൽ, അതിൻ്റെ ബേസ് നിൽക്കുന്നത് മതപൗരോഹിത്യത്തിൻ്റെ മടിക്കുത്തിലാണ്. ഈ പെൺശബ്ദം അതിലേക്കു കൂടിയാണ് ആഞ്ഞിടിച്ചത്. അതാണ് രണ്ട് മാനങ്ങൾ ഉണ്ടെന്ന് പറഞ്ഞത്.
ആഴങ്ങളിലേക്കിറങ്ങാൻ ശ്രമിച്ചുകൊണ്ടാണ് അവർ തുല്യത, സമത്വം തുടങ്ങിയ ആശയങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് തുനിഞ്ഞത്. അതിനവർ കൂട്ടുപിടിച്ചത് വിശ്വാസ പ്രമാണമായ ഖുർആനും ഇന്ത്യൻ ഭരണഘടയുമാണ്. ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയുടെ വാർത്താ സമ്മേളനവും തുടർന്ന് അവർ നൽകിയ അഭിമുഖങ്ങളും ശ്രദ്ധിച്ചാൽ മതി അത് വ്യക്തമാവാൻ. ഖുർആനും ഇന്ത്യൻ ഭരണഘടനയും തമ്മിലെന്ത് ബന്ധം എന്ന് ചോദിക്കുന്നവരുണ്ട്. ജീവിച്ചിരിക്കുന്ന ചുറ്റുപാടിനെയും മനുഷ്യരെയും ഏറ്റവും നീതിപൂർവകമായി സമീപിക്കാൻ ആഹ്വാനം ചെയ്യുന്ന ഖുർആനിനെ വായിച്ചെടുക്കാൻ ഇന്ത്യൻ ഭരണഘടനയിലൂടെയും കഴിയും എന്നാണ് എൻ്റെ വിശ്വാസം. ഈ വിശ്വാസം തന്നെയാണ് ഹരിത ഭാരവാഹികളെയും നയിക്കുന്നതെന്നാണ് അവരുടെ സംഭാഷണങ്ങളിൽ നിന്നും സമീപനങ്ങളിൽനിന്നും മനസ്സിലാക്കാനായത്.
മുസ്ലിം പെൺകുട്ടികൾ ഇങ്ങനെയൊക്കെ സംസാരിക്കുമോ എന്നതാണ് പലരുടെയും അതിശയം. ഈ ജനവിഭാഗം നിരന്തരമായ ചാപ്പയടികൾക്ക് വിധേയമാക്കപ്പെടുന്ന സന്ദർഭങ്ങളിലെല്ലാം അരുമറിയാതെ/ആരെയുമറിയിക്കാതെ ഇവർ വായനയുടെയും ചിന്തയുടെയും ലോകങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അവരുടെ ചുറ്റുപാടുമുള്ള മനുഷ്യരുമായി ഇടപഴകുകയായിരുന്നു. അതാണ് അവരുടെ മൂലധനമായി മാറിയത്. ഇതിലേക്കൊന്നും കണ്ണും കാതും എത്താതെപോയവരുടെ അമ്പരപ്പാണ് മേൽചോദ്യത്തിൽ പ്രതിഫലിച്ചത്.
ഹരിതയിലെ കൂട്ടുകാരോടാണ്. നിങ്ങളുടെ ബോധ്യങ്ങളിലും വാക്കുകളിലും തീർച്ചയായും പ്രതീക്ഷയുടെ മിന്നലാട്ടമുണ്ട്. സ്വാനുഭവങ്ങളുടെ പ്രതലത്തിൽ നിന്ന് പുറം ജീവിതങ്ങളെയും സാഹചര്യങ്ങളെയും ഉരച്ചുനോക്കാനും, ഉപരിതല സ്പർശിയായ വാചാടോപങ്ങൾക്കപ്പുറം ചിന്തയുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലാനുമുള്ള വ്യഗ്രതയുണ്ട്.
വിശ്വാസമണ്ഡലത്തിൽ നിന്ന്കൊണ്ട് തന്നെ ഒരു കൂട്ടം ചെറുപ്പക്കാരികൾ നടത്തുന്ന ജനാധിപത്യ പോരാട്ടം അത് പാടെ ഉപേക്ഷിച്ച് പുറത്തിറങ്ങി നടക്കുന്നവരുടേതിനു തുല്യമാവില്ലെന്ന തരത്തിലുള്ള നിരീക്ഷണങ്ങളും ചോദ്യങ്ങളും ഉയരുന്നുണ്ട്. ഉള്ളിലൊളിപ്പിച്ച ഇരട്ട മനോഭാവത്തെ പുറത്തേക്കുവലിച്ചിടുന്നു എന്നതാണ് ഈ ചോദ്യങ്ങൾകൊണ്ടുള്ള മെച്ചം. എന്നാൽ, ജെൻഡർ പൊളിറ്റിക്സിനെയും പോരാട്ടങ്ങളെയും എവ്വിധം അഡ്രസ് ചെയ്യണമെന്നതിൽ മറ്റുള്ളവർക്കുള്ള പാഠപുസ്തകം കൂടിയാണ് ഒരുപറ്റം പെൺ വ്യക്തിത്വങ്ങളുടെ ഒറ്റക്കെട്ടായുള്ള ഇടപെടൽ.
ഹരിതയിലെ കൂട്ടുകാരോടാണ്. നിങ്ങളുടെ ബോധ്യങ്ങളിലും വാക്കുകളിലും തീർച്ചയായും പ്രതീക്ഷയുടെ മിന്നലാട്ടമുണ്ട്. സ്വാനുഭവങ്ങളുടെ പ്രതലത്തിൽ നിന്ന് പുറം ജീവിതങ്ങളെയും സാഹചര്യങ്ങളെയും ഉരച്ചുനോക്കാനും, ഉപരിതല സ്പർശിയായ വാചാടോപങ്ങൾക്കപ്പുറം ചിന്തയുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലാനുമുള്ള വ്യഗ്രതയുണ്ട്. വിശാലമായ വായനയിലൂടെയും സക്രിയമായ ഇടപെടലിലൂടെയും അതിനിയും ഉജ്ജ്വലമായി തുടരാനാവട്ടെ. പുതിയ കാലത്തിൽ പലതരം ഏജൻസികളാൽ പുന:ർ നിർണയിക്കപ്പെടുന്ന സമത്വത്തിനും തുല്യതക്കും വേണ്ടിയുള്ള പെൺപോരാട്ടത്തിലെ സുവർണ അധ്യായങ്ങളിലൊന്നായി അത് മാറട്ടെ. ലോകം ഭാവിയിൽ നേരിടാൻ പോവുന്ന പലതരത്തിലുള്ള വിപത്തുകളെയും വെല്ലുവിളികളെയും തിരിച്ചറിയാനും പ്രതിരോധമുയർത്താനും നിങ്ങളെപ്പോലുള്ളവരെ ആവശ്യമുണ്ട്.