വി.എസ് നമ്മുടെ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാതിരിക്കുന്നതെങ്ങിനെ ?
സംവിധായകനും, മാതൃഭൂമി ദിനപത്രം മുന്‍ അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ പ്രേംചന്ദ് എഴുതുന്നു
'ദൈവത്തിന്റെ മൗനം' ബർഗ് മാൻ സിനിമകളിലെ നിതാന്തമായ പ്രമേയമാണ്. അസന്തുഷ്ടിയുടെ മഹാമാരികൾക്കിടയിൽ ജീവിക്കേണ്ടി വരുമ്പോഴും കേൾക്കണം എന്നാഗ്രഹിക്കുന്ന ഒരു വാക്ക് പോലും കേൾക്കാതിരിക്കുമ്പോഴുള്ള നിശബ്ദതയുടെ ലോകമാണ്. അത് നമ്മെ പിന്തുടരും. ആ മൗനം നമ്മെ ചൂഴ്ന്നുനിൽക്കും.
വി.എസിന്റെ തൊണ്ണൂറ്റിയൊമ്പതാം പിറന്നാൾ ഒരു നിമിത്തമാണ്. സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വി.എസ്സിനുള്ള പിറന്നാൾ ആശംസകളുടെ ഒരു പ്രളയം പൊടുന്നനെ പൊട്ടിപ്പടർന്നിരിക്കുന്നു. സാമൂഹ്യരാഷ്ട്രീയ ജീവിതത്തിൽ നിന്നു പിൻവാങ്ങിയ ഒരദൃശ്യവ്യക്തിത്വമായി മാറിയിട്ടും വി.എസ്സിനെ ഇങ്ങിനെ സ്നേഹിച്ചു പോകുന്നതിന്റെ രാഷ്ട്രീയം വ്യക്തമാണ്. വി.എസ്സിനെപ്പോലൊരാളുടെ മൗനം നമ്മുടെ രാഷ്ട്രീയത്തിൽ സൃഷ്ടിച്ച അഭാവം പകരം വെയ്ക്കാനാവാത്ത വണ്ണം അസ്വാസ്ഥ്യജനകമായ ഒരനുഭവമായി മാറിയിരിക്കുന്നു. ഏതോ അർത്ഥത്തിൽ വി.എസ്. ഉണ്ടായിരുന്നെങ്കിൽ, വി.എസ്. ഇടപെട്ട് സംസാരിച്ചിരുന്നെങ്കിൽ എന്ന തീവ്രമായ ഒരാഗ്രഹത്തിന്റെ പ്രതിഫലനം ഇതിൽ അറിയാതെ നിഴലിക്കുന്നു. പിറന്നാൾ ആശംസാപ്രവാഹത്തിനും ഒരു രാഷ്ട്രീയധ്വനി ഉണ്ടായിത്തീരുന്നു. രാഷ്ട്രീയബോധം സംസാരിക്കുന്നു, ആഗ്രഹിക്കുന്നു, നമ്മുടെ സമകാലീനരാഷ്ട്രീയത്തിൽ വി.എസ്. ഉണ്ടായിരുന്നെങ്കിൽ എന്ന്.
രാഷ്ട്രീയ ഇടപെടലിന്റേതായ 'വിയെസ്' രീതി നമ്മുടെ സമകാലീന രാഷ്ട്രീയത്തിൽ നിന്ന് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. കരുത്തുള്ള പ്രതിപക്ഷശബ്ദത്തിന്റെ അഭാവം കൊണ്ടുണ്ടാകുന്നതാണത്. എല്ലാ ശബ്ദവും ഒരുപോലെയാകുമ്പോൾ ആരും ശബ്ദിക്കുന്നില്ല എന്നു തോന്നുന്നത് പോലെ.
വി.എസ്സിന്റെ രാഷ്ടീയയുദ്ധങ്ങൾ എല്ലാം ജയിച്ചവയൊന്നുമല്ല. ജയിച്ചവയേക്കാൾ തോറ്റവയാണ് കൂടുതൽ. എന്നാൽ സ്വന്തം പരാജയങ്ങൾ പോലും പോരാട്ടത്തിന്റെ വിജയസ്മരണയാക്കാൻ പോന്ന അസാധാരണമായ നീക്കങ്ങൾ വി.എസ്. രാഷ്ട്രീയത്തിൽ എന്നും നടത്തിയിട്ടുണ്ട്. വിജയിച്ച മുഖ്യമന്ത്രിയായിരുന്നില്ല വി.എസ്. എന്നാൽ ആ തോൽവികളിൽ ഭാവി കേരളത്തിനാവശ്യമായ അതിജീവനത്തിന്റെ പാഠങ്ങളുണ്ട്.
അതിൽ ഞാനേറ്റവും വിലമതിക്കുന്നത് പരാജയപ്പെട്ട മൂന്നാർ കുടിയൊഴിപ്പിക്കൽ യത്നമാണ്. തോട്ടമുടമകളെ തൊടാതെ നിന്നുപോയ ഭൂപരിപരിഷ്കരണം തുടരാനുള്ള മികച്ച രാഷ്ട്രീയ അവസരമായിരുന്നു കേരളത്തിനത്. എന്നാൽ പ്രതിപക്ഷവും ഭരണപക്ഷവും കയ്യടിച്ചവരും അടിക്കാത്തവരും ഒത്തുചേർന്ന് അതിനെ തോല്പിച്ചു. അത് കേരള ചരിത്രത്തിലെ ഏറ്റവും പിന്തിരിപ്പൻ മുന്നണിയായ 'വിമോചനസമര സഖ്യ'ത്തിന്റെ ആധുനികകാല അവതാരമായിരുന്നു. അതിസൂക്ഷ്മമായ അതിന്റെ ചരടുവലികൾ കേരള രാഷ്ട്രീയത്തെ ചരിത്രത്തിന് പിറകിലേക്ക് പിടിച്ചു കെട്ടി. ഇനി തോട്ടമുടമകളെ ആര് തൊടും? ഭൂപരിഷ്ക്കരണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട അവരുടെ ഭൂമി പതുക്കെപ്പതുക്കെ തോട്ടങ്ങളെ ഉന്മൂലനം ചെയ്ത് ട്യൂറിസത്തിന്റെയും തുറന്ന വിപണിയുടെയും മറവിൽ ആഗോള കമ്പോളത്തിലേക്ക് കുത്തിയൊഴുകുന്നതോടെ തോട്ടം തൊഴിലാളികളും ആദിവാസികളും പട്ടികജാതി പട്ടിക വർഗ്ഗക്കാരുമടങ്ങുന്ന വിശാല ജനവിഭാഗം വംശനാശത്തിന്റെ മുനമ്പിലേക്ക് പുത്തൻ കൂലിയടിമകളായോ കുടിയേറ്റതൊഴിലാളികളായോ പുറന്തള്ളപ്പെടും. മുത്തങ്ങയ്ക്കു ശേഷം ഇനിയൊരു ആദിവാസി സമരം ആവർത്തിക്കുകയെന്നത് ദുഷ്ക്കരമാണ്. ആദിവാസികൾക്ക് അവരുടെ നഷ്ടപ്പെട്ട ഭൂമി ടാറ്റയിൽ നിന്നോ മറ്റേതെങ്കിലും കോർപ്പറേറ്റ് ഭൂവുടമകളിൽ നിന്നോ തിരിച്ചു പിടിയ്ക്കാനാവും എന്നത് ഒരു ആഗ്രഹചിന്ത മാത്രമാകും. അതിനുള്ള രാഷ്ട്രീയം നമ്മുടെ മുഖ്യധാര ഉപേക്ഷിച്ചു കഴിഞ്ഞു.
തോട്ടമുടമകളെ തൊടാതെ നിന്നുപോയ ഭൂപരിപരിഷ്കരണം തുടരാനുള്ള മികച്ച രാഷ്ട്രീയ അവസരമായിരുന്നു കേരളത്തിനത്. എന്നാൽ പ്രതിപക്ഷവും ഭരണപക്ഷവും കയ്യടിച്ചവരും അടിക്കാത്തവരും ഒത്തുചേർന്ന് അതിനെ തോല്പിച്ചു. അത് കേരള ചരിത്രത്തിലെ ഏറ്റവും പിന്തിരിപ്പൻ മുന്നണിയായ 'വിമോചനസമര സഖ്യ'ത്തിന്റെ ആധുനികകാല അവതാരമായിരുന്നു. അതിസൂക്ഷ്മമായ അതിന്റെ ചരടുവലികൾ കേരള രാഷ്ട്രീയത്തെ ചരിത്രത്തിന് പിറകിലേക്ക് പിടിച്ചു കെട്ടി.
വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികൾ സമരം തുടരുകയാണ്. പലവട്ടം അവർ നമ്മുടെ തലസ്ഥാന നഗരി സ്തംഭിപ്പിച്ചു. വിഴിഞ്ഞം തുറമുഖ ഡീലിൽ കോടികളുടെ അഴിമതി ആരോപിച്ചിരുന്ന ഒരു വി.എസ്സിനെ കേരളം മറക്കാനായിട്ടില്ല. എന്നാൽ പുതിയ സമരമുഖത്ത് എത്താൻ ഒരു വി.എസ്സ്. ഇല്ല എന്നത് ഒരു ശൂന്യത മാത്രമല്ല. ഒരു തോൽവി കൂടിയാണ്. കോടതിയും മുഖ്യധാരാരാഷ്ട്രീയ പാർട്ടികളും എല്ലാം അദാനിക്കൊപ്പമാണ്. വികസനത്തിനൊപ്പമാണ് എന്നാണ് വ്യാഖ്യാനം. ആരുടെ വികസനം, ആർക്ക് വേണ്ടിയുള്ള വികസനം എന്നൊക്കെയുള്ള ചോദ്യങ്ങൾ ഒരു ഗാന്ധിയൻ പഴഞ്ചരക്കായത് കൊണ്ട് കോൺഗ്രസ്സ് കാർക്ക് പോലും വേണ്ടാതായതു കൊണ്ടാണല്ലോ വിഴിഞ്ഞം അദാനിയിലേക്ക് എത്തിയത്. അദാനിയിൽ നിന്ന് നാം കരകയറുമോ? ഭരണപക്ഷത്തും പ്രതിപക്ഷത്തും ചികഞ്ഞുനോക്കൂ, ഒരു വി.എസ് ശബ്ദമുണ്ടോ എന്ന്. ഇല്ല. ശബ്ദമുയർന്നാൽ അത് വികസനവിരുദ്ധതയാകും. വികസന വിരുദ്ധത എന്നാൽ ഇടതുപക്ഷവിരുദ്ധതയാകും. അപ്പോൾ ആരു മിണ്ടും? തോൽക്കുന്ന സമരങ്ങൾ തോൽക്കുന്ന ജനതകളെ സൃഷ്ടിക്കും.
കാടും കടലോരങ്ങളും പുഴകളുമൊക്കെ അവിടെ ജീവിക്കുന്ന ജനതയുടെതല്ല, അത് കോർപ്പറേറ്റുകളുടേതാണ് എന്ന അധികാരത്തിന്റെ തിരക്കഥ കേരളം എഴുതിയതല്ല. അത് അദാനിമാരുടെ വംശം എഴുതിയ പാൻ ഇന്ത്യൻ തിരക്കഥയാണ്. നാം വിധേയർ മാത്രം. ചോദ്യം ചോദിക്കാൻ പോലും ഒരു വി.എസ് ഉയർന്നു വരാത്ത രാഷ്ട്രീയം ബെർഗ് മാൻ സിനിമകളിലെ ദൈവത്തിന്റെ മൗനം പോലെ കഠിനമായ ഒരു അവസ്ഥയാണ്. വിഴിഞ്ഞം മാത്രമല്ല തിരുവനന്തപുരം വിമാനത്താവളവും അദാനിയുടേതായിക്കഴിഞ്ഞു. ഇനിയെന്തൊക്കെ ആകാൻ കിടക്കുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അദാനി ഇന്ന് ലോകത്തെ നാലാമത്തെ പണക്കാരനോ മറ്റോ ആയിട്ടുടെങ്കിൽ അത് നമ്മുടെ പ്രതിരോധമില്ലാത്ത രാഷ്ട്രീയാപചയത്തിന്റെ കൂടി ചരിത്രകഥയാണ്. സുബ്രഹ്മണ്യദാസ് മരണക്കുറിപ്പിനെ മുദ്ര വച്ച 'തോറ്റ ജനത' യുടെ കഥ.
ഒരു നരബലി ഉയർത്തിയ സാംസ്കാരിക പ്രതിസന്ധിയിൽ കൂടിയാണ് കേരളം ഇപ്പോൾ കടന്നുപോകുന്നത്. നമ്മുടെ നവോത്ഥാനത്തിന്റെ അടിത്തറ തന്നെ ചോദ്യം ചെയ്യപ്പെടുംവിധമാണ് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ജാതിയുടെയും ജാതിമതമേധാവികളുടെയും വളർച്ച. രാഷ്ട്രീയ കൊലപാതകങ്ങളും നരബലി തന്നെ. രാഷ്ട്രീയ അനാചാരങളുടെ സന്തതിയാണത്, ആര് ആരെ കൊന്നാലും. അവിടെയാണ് രാഷ്ട്രീയശത്രുതയുടെ പേരിൽ കൊലചെയ്യപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ രമയെ ചെന്നു കണ്ട് ആശ്വസിപ്പിക്കാൻ തയ്യാറായ വി.എസ് പ്രത്യാശയാകുന്നത്. വി.എസ് രമയെ ആശ്വസിപ്പിക്കുന്ന ചിത്രം എല്ലാ രാഷ്ട്രീയ ഭിന്നതകൾക്കുമപ്പുറം രാഷ്ട്രീയകൊലപാതകം എന്ന അന്ധവിശ്വാസത്തിനെതിരെയുള്ള എക്കാലത്തെയും വലിയ സന്ദേശമായി നിൽക്കുന്നത്. കൊല്ലരുത് എന്ന ബൈബിൾ വചനത്തേക്കാൾ ശക്തമായ ചിത്രം. രാഷ്ട്രീയ കൊലപാതകങ്ങൾ ഒരചാരം പോലെ അതിനു ശേഷവും ആവർത്തിക്കപ്പെട്ടു എന്നത് നാം എത്രമാത്രം അന്ധരാണ് എന്നതിനു സാക്ഷ്യമാണ്. അതവസാനിപ്പിക്കാനാവാത്തത് എന്താരു രാഷ്ട്രീയപരാജയമാണ്, മതി നിർത്താം, നിർത്തി എന്ന് എല്ലാവരും ആവർത്തിക്കുമ്പോഴും.
കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകനായ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിൽ മനപൂർവ്വമുള്ള നരഹത്യയിൽ നിന്നു കോടതി കുറ്റവാളികളെ കുറ്റവിമുക്തനാക്കിയ വാർത്ത കേട്ടപ്പോഴും വി.എസ്സിനെ അറിയാതെ ഓർത്തു പോയി. എന്തനീതി കണ്ടാലും തിളയ്ക്കാത്ത നമ്മുടെ ചോര ഓർത്ത്. ഒരു രാഷ്ട്രീയപ്രകടനം പോലും ഉണ്ടായില്ല ആ അട്ടിമറിക്കെതിരെ. ബഷീർ കൊല്ലപ്പെട്ട നിമിഷം മുതൽ നമ്മുടെ അധികാര സംവിധാനങ്ങൾ ഒന്നടങ്കം പണിയെടുത്തത് എങ്ങിനെ എന്ന് ലജ്ജയോടെ മാത്രമേ ഓർക്കാനാവൂ. ലോകം മുഴുക്കെ ഒരു നാണവുമില്ലാതെ ആ അട്ടിമറി തൽസമയം കണ്ടു. ശബരിമലനവോത്ഥാന വിരുദ്ധ പ്രസ്ഥാനത്തിന്റെ വിജയി രാഹുൽ ഈശ്വറിന്റെ ഭാഷയായിരുന്നു അധികാരസംവിധാനത്തിനപ്പോൾ. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ അത് കേട്ടു ചെറുപ്പക്കാരനല്ലേ, പാവമല്ലേ, പറ്റിപ്പോയതല്ലേ, ഒരവസാനം വേണ്ടേ, വിട്ടേക്ക് എന്ന്! അതായത് പച്ചമലയാളത്തിൽ പറഞ്ഞാൽ കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തിന് 'ബ്ലഡ്മണി' കൊടുത്തില്ലേ, ഇനി മതിയാക്കി പെയ്ക്കൂടേ എന്ന്.
വി.എസ് നമ്മുടെ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാതിരിക്കുന്നതെങ്ങിനെ ?
അടിക്കുറിപ്പ്:
തന്റെ വാർദ്ധക്യത്തെ പരിഹസിച്ചവരോട് തലയുയർത്തി വി.എസ് ഉരുവിട്ട കവിത പോലെ പോരാട്ടവീര്യമുള്ള മറ്റൊരു കവിതയും സമീപകാലത്ത് കേട്ടിട്ടില്ല. അത് ഓർക്കുന്നു.
'തല നരയ്‌ക്കുന്നതല്ലെന്‍റെ വാര്‍ദ്ധക്യം,
തല നരക്കാത്തതല്ലെന്‍റെ യുവത്വം,
കൊടിയ ദുഷ്‌പ്രഭുത്വത്തിന്‍ മുന്നില്‍
തലകുനിക്കാത്തതാണെന്‍റെ യൗവനം!'
അതാണ് വി.എസ്.
വി.എസ് അച്യുതാനന്ദന് 99 വയസ് തികഞ്ഞ വേളയിൽ എഴുതിയത്