'ഏകീകൃത സിവിൽ കോഡ് അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ' എന്നാണ് സി.പി.എം സെമിനാറുമായി ബന്ധപ്പെട്ട വാർത്തയുടെ തുടക്കം. ഇതൊരു നിഷ്‌കളങ്കമായ തുടക്കമല്ല. കൃത്യമായ ആലോചനകളോടെ എഴുതിയതാണ്. അടിച്ചേൽപിക്കാനുള്ള നീക്കങ്ങളെയാണ് സി.പി.എം എതിർക്കുന്നത്. അല്ലാതെ ഏക സിവിൽ കോഡിനെ അല്ല. അതായത്, വ്യക്തി നിയമങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് ചുരുക്കം. ഇ.എം.എസ് പറഞ്ഞതിൽനിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറയുന്നു. ഇ.എം.എസ്സിന്റെ നിലപാട് തന്നെയാണ് സി.പി.എം നിലപാടെന്ന് ചാനൽ ചർച്ചകളിലും സി.പി.എം പ്രതിനിധികൾ ആവർത്തിക്കുന്നുണ്ട്.
എന്താണ് ഏകീകൃത സിവിൽ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്? ഓരോ മത, ഗോത്ര സമൂഹങ്ങളും അവരുടെ മതഗ്രന്ഥങ്ങളുടെയും നാട്ടാചാരങ്ങളുടെയും ഭാഗമായി കാലങ്ങളായി പിന്തുടർന്നുവരുന്ന വ്യക്തി നിയമങ്ങൾ മാറ്റി എല്ലാവർക്കും സ്വീകാര്യമായ ഒരു പൊതു നിയമം ഉണ്ടാക്കുക എന്നത് തന്നെ. അതായത് വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതിനെയാണ് ഏകീകൃത സിവിൽ കോഡ് എന്ന് വിശേഷിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾ ആവശ്യപ്പെടുന്ന പരിഷ്‌ക്കാരത്തിന്റെ അർത്ഥം ഏക സിവിൽ കോഡ് നടപ്പാക്കണം എന്നാണ്. അപ്പോൾപ്പിന്നെ ഇപ്പോഴത്തെ എതിർപ്പിനുള്ള കാരണമെന്താണ്? ബി.ജെ.പി നടപ്പാക്കുന്നു എന്നത് മാത്രമാണ് കാരണം. അതല്ലാതെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടതില്ല എന്ന അഭിപ്രായം ഇപ്പോഴും കമ്യൂണിസ്റ്റ് പാർട്ടികൾക്കില്ല എന്നാണ് അവരുടെ പ്രതികരണങ്ങളിൽനിന്ന് ബോധ്യപ്പെടുന്നത്.
സാമ്പത്തിക സംവരണത്തിന്റെ വിഷയത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച നിലപാട് യഥാർത്ഥത്തിലുള്ള കമ്യൂണിസ്റ്റ് നിലപാടാണ്. ഉള്ളവനും ഇല്ലാത്തവനുമെന്ന ലളിത യുക്തിയുടെ വ്യാഖ്യാന പ്രകാരം സാമ്പത്തിക സംവരണമാണ് ജാതിസംവരണത്തേക്കാൾ സ്വീകാര്യം. ഇന്ത്യയുടെ സങ്കീർണമായ സാമൂഹിക യാഥാർത്ഥ്യങ്ങളെ പണ്ടെന്നോ എഴുതിയ പുസ്തകം വെച്ച് വ്യാഖ്യാനിച്ചതിന്റെ ഫലമായിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി സാമ്പത്തിക സംവരണത്തിനു വേണ്ടി നിലകൊണ്ടത്. കേന്ദ്രത്തിന്റെ സവർണ, സാമ്പത്തിക സംവരണം വരുന്നതിന് മുമ്പേ കേരളത്തിലെ ദേവസ്വം ബോർഡിൽ അത് നടപ്പാക്കുകയും നിങ്ങൾക്കിതിന് ധൈര്യമുണ്ടോ എന്ന് ബി.ജെ.പിയെ വെല്ലുവിളിക്കുകയും ചെയ്ത പാർട്ടിയാണ് സി.പി.എം. കമ്യൂണിസ്റ്റ് ആശയത്തിന്റെ അടിസ്ഥാനത്തിൽ തീർത്തും സത്യസന്ധമായ നിലപാടാണ് സാമ്പത്തിക സംവരണ വിഷയത്തിൽ സി.പി.എം സ്വീകരിച്ചത്. 1957 മുതൽ ഇ.എം.എസ് സ്വീകരിച്ചതും ഇതേ നിലപാടു തന്നെ.
ഈ ആശയാടിത്തറ തന്നെയാണ് ഇ.എം.എസ്സിനെ ഏകീകൃത സിവിൽ കോഡിനെതിരെ നിലകൊള്ളാൻ പ്രേരിപ്പിച്ചത്. കമ്യൂണിസ്റ്റ് വിശ്വാസ പ്രകാരം അത് സത്യസന്ധവുമായിരുന്നു. താത്വികാചാര്യന്മാരിൽ പ്രമുഖൻ എന്ന നിലയിൽ സഖാവ് ഇ.എം.എസ്സിന് മറിച്ചൊരു നിലപാട് സ്വീകരിക്കുക അസാധ്യവുമാണ്. കമ്യൂണിസത്തെ സംബന്ധിച്ച് ജാതി, മതം, വർണം എന്നതൊക്കെ അപ്രസക്തമാണ്. തൊഴിലാളിയും മുതലാളിയും ഉള്ളവനും ഇല്ലാത്തവനും എന്നൊക്കെയുള്ള കേവല ബൈനറികളിലാണ് അതിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്.
ഷാബാനു കേസിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദം കത്തിനിന്ന 1984-85 കാലത്ത് സഖാവ് ഇ.എം.എസ് ഏകസിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു. അദ്ദേഹം നാടൊട്ടുക്കും നടന്ന് വ്യക്തിനിയമത്തെ എതിർക്കുകയും പരിഹസിക്കുകയും ചെയ്തു. തോന്നിയ പോലെ നാലുപെണ്ണ് കെട്ടാനുള്ള ഏർപ്പാടാണ് ശരീഅത്തെന്ന് പറഞ്ഞു. സി.പി.എമ്മിന്റെ വാരികകൾ പലവിധത്തിൽ ഇസ്ലാമിക ശരീഅത്തിനെതിരെ രംഗത്ത് വന്നു. ബഹുഭാര്യത്വം, വിവാഹ മോചനം, ജീവനാംശം തുടങ്ങിയ കാര്യങ്ങൾക്കെതിരെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പി. ഗോവിന്ദ പിള്ള, ദക്ഷിണമൂർത്തി തുടങ്ങിയ നേതാക്കൾ ധാരാളം എഴുതി. ഏകീകൃത സിവിൽ നിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അടക്കം ബഹുജന സംഘടനകൾ നടത്തുന്ന സമരം പ്രോത്സാഹനജനകമാണെന്ന് ഇ.എം.എസ് വ്യക്തമാക്കി. ഏകീകൃത സിവിൽകോഡിന് സമയമായി എന്നാണ് അന്ന് ഇ.എം.എസ് ആവർത്തിച്ചത്. ശരീഅത്തിനെതിരായ ഇ.എം.എസ്സിന്റെ ഈ വെല്ലുവിളിയാണ് അന്നത്തെ അഖിലേന്ത്യാ ലീഗ് ഇടത് കൂടാരം വിട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിൽ ലയിക്കാനുള്ള പ്രധാന കാരണം. പത്ത് കൊല്ലത്തോളം അഖിലേന്ത്യാ ലീഗ് ഇടത് മുന്നണിക്കൊപ്പമായിരുന്നു.
1985 ജൂലൈ 9ന് യൂണിഫോം സിവിൽ കോഡിന് വേണ്ടി നിയമസഭയിൽ സി.പി.എം വലിയ ബഹളം വെച്ചു. എം.വി രാഘവൻ, കെ.പി അരവിന്ദാക്ഷൻ, വി.ജെ തങ്കപ്പൻ, കെ.ആർ ഗൗരി, സി.ടി കൃഷ്ണൻ, ഇ. പത്മനാഭൻ, ഒ. ഭരതൻ, പി.വി കുഞ്ഞിക്കണ്ണൻ, എ.കെ പത്മനാഭൻ എന്നിവരാണ് ഏഴാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിൽ ഏക സിവിൽകോഡിന് വേണ്ടി ചോദ്യങ്ങളുന്നയിച്ചത്. മുഖ്യമന്ത്രി കരുണാകരൻ സഭയിൽ ഇല്ലാത്തതിനാൽ മറുപടി പറഞ്ഞത് ജലസേചന വകുപ്പ് മന്ത്രി എം.പി ഗംഗാധരനാണ്. ഏക സിവിൽ കോഡ് പ്രശ്‌നത്തിൽ കേരള സർക്കാരിന്റെ അഭിപ്രായമെന്താണെന്ന് വ്യക്തമാക്കുമോ ? എന്നാണ് ഒരു ചോദ്യം. ഈ പ്രശ്‌നം സംബന്ധിച്ച് പുതുതായി ഒന്നും ആലോചനയിൽ ഇല്ല എന്നാണ് മറുപടി. 'രാജ്യത്തിന്റെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇപ്പോൾ ഏകീകൃത സിവിൽ കോഡ് പദ്ധതിയൊന്നും നിലവിലില്ല എന്ന് പറഞ്ഞിട്ടുണ്ട് ' എന്ന് മന്ത്രി പറയുമ്പോൾ 'ശ്രീ രാജീവ് ഗാന്ധി പറഞ്ഞതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? അതാണ് എനിക്ക് അറിയേണ്ടത്' എന്നായി നായനാർ. ' ഇന്ത്യയുടെ പ്രധാനമന്ത്രി പറയുന്ന അഭിപ്രായത്തോട് മുഴുവനും യോജിക്കുന്നു എന്ന് മന്ത്രിയുടെ മറുപടി. ഈ മറുപടി കേട്ടയുടൻ സി.പി.എം അംഗങ്ങൾ ഏകീകൃത സിവിൽ കോഡിന് വേണ്ടി മുദ്രാവാക്യം മുഴക്കുന്നു. ബഹളം വെക്കുന്നു.
അക്കാലത്ത് ഏകീകൃത സിവിൽ കോഡിനെ എതിർക്കാൻ നായകസ്ഥാനത്ത് നിന്നത് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗായിരുന്നു. 1985 ജൂൺ 14 ശരീഅത്ത് സംരക്ഷണ ദിനമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി, എം.ഇ.എസ്, എം.എസ്.എസ്, തബ് ലീഗ് ജമാഅത്ത് തുടങ്ങി എല്ലാ മുസ്ലിം സംഘടനകളും കൈകോർത്തു. ജൂൺ 14ന് പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും ബോധവൽക്കരണവും നടത്തി. മഹാരാഷ്ട്രയിൽ ബന്ദ് നടന്നു. രാജ്യമാകെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടു. ശരീഅത്ത് സംരക്ഷണത്തിന് വേണ്ടിയുള്ള സ്വകാര്യ ബിൽ മുസ്ലിംലീഗ് നേതാവ് ജി.എം ബനാത്ത് വാല പാർലമെന്റിൽ അവതരിപ്പിച്ചു. ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ പ്രസംഗങ്ങൾ പാർലമെന്റിനെ പ്രകമ്പനം കൊള്ളിച്ചു. കോൺഗ്രസ് ബില്ലിനെ പിന്തുണച്ചപ്പോൾ സി.പി.എമ്മിന്റെ സുരേഷ് കുറുപ്പ് ബില്ലിനെതിരെ ഉറഞ്ഞുതുള്ളി. ഒടുവിൽ ബനാത്ത് വാലയുടെ സ്വകാര്യ ബിൽ ഔദ്യോഗിക ബില്ലായി രാജീവ് ഗാന്ധി സർക്കാർ അംഗീകരിച്ചു.
മതവും ജാതിയുമില്ലാത്ത, ഉൽപാദനോപാധികളുടെ ഉടമസ്ഥത തൊഴിലാളി വർഗ്ഗത്തിന് ലഭിക്കുന്ന സ്ഥിതിസമത്വ കമ്യൂണിസ്റ്റ് സ്വർഗ്ഗത്തിൽ ഏകീകൃത സിവിൽകോഡല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല. അങ്ങനെയൊരു സ്വർഗ്ഗം സ്വപ്നം കണ്ടിട്ടാവണം സഖാവ് ഇ.എം.എസ്സും കമ്യൂണിസ്റ്റ് പാർട്ടിയും ഏകീകൃത സിവിൽകോഡിന് വേണ്ടി വാദിച്ചത്. വർഗ്ഗ വൈരുദ്ധ്യങ്ങളില്ലാതാകുന്ന ഒരു ഉട്ടോപ്യയെ മുൻനിർത്തി ഇന്ത്യനവസ്ഥയെ നിർവ്വചിക്കുന്നത് കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. 'ഏറ്റവും പരമപ്രധാനമായി വ്യക്തി നിയമങ്ങൾ തിരുത്തുക' എന്ന മുൻ നിലപാട് സി.പി.എമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. എല്ലാ വ്യക്തി നിയമങ്ങളും സ്ത്രീ വിരുദ്ധമാണെന്നും ഇന്ത്യൻ പൗരന് നൽകുന്ന അവകാശങ്ങളുടെ നിഷേധമാണ് വ്യക്തിനിയമങ്ങളെന്നും വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
വ്യക്തി നിയമങ്ങൾക്ക് എതിരാണെന്ന് ഔദ്യോഗിക രേഖകളും പാർട്ടി വക്താക്കളും നിരന്തരം പ്രഖ്യാപിച്ചു കൊണ്ടിരിക്കെ തന്നെ വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ഏകീകൃത സിവിൽ കോഡിനെ എതിർത്ത് കൊണ്ട് സി.പി.എം ഇപ്പോൾ നടത്തുന്ന ക്യാമ്പയിനുകൾ തികഞ്ഞ കാപട്യമാണ്. മതമൗലിക വാദികൾ എന്ന് ഇ.എം.എസിന്റെ കാലം മുതൽ വിളിപ്പേര് നൽകി പാർശ്വവത്കരിച്ച, കാമ്പസ് ചുവരെഴുത്തുകൾ മുതൽ പാർട്ടി സ്‌പോൺസേഡ് സ്‌കൂൾ യുവജനോത്സവങ്ങളിൽ വരെ കിട്ടുന്ന വേദികളിലെല്ലാം സി.പി.എമ്മുകാർ പരിഹാസ കഥപ്രാത്രങ്ങളാക്കിക്കൊണ്ടിരിക്കുന്ന മതസംഘടനാ നേതാക്കളെയാണ് ശരീഅത്ത് ഉൾപ്പടെയുള്ള വ്യക്തിനിയമങ്ങളുടെ രക്ഷകരായി ചമഞ്ഞ് ഈ ക്യാമ്പയിനിൽ കൂടെയിരുത്തുന്നത് എന്ന വിരോധാഭാസം കൂടി കണ്ടു കൊണ്ടിരിക്കുന്നു.
പുരോഗമന വാദികൾക്കായി മതരഹിത ഇടത് ലിബറൽ ലിംഗനീതി വാദങ്ങൾ ഉന്നയിക്കാൻ പാർട്ടി ഒരു പറ്റം നേതാക്കളെ ഒരുക്കി നിർത്തിയിട്ടുണ്ട്.
അതേസമയം മത യാഥാസ്ഥിതിക്കാർക്കൊപ്പം നിന്ന് വ്യക്തിനിയമങ്ങളുടെ പ്രായോഗികതയും ആചാരാനുഷ്ഠാനങ്ങളുടെ സൗന്ദര്യവും ബഹുസ്വരതയുടെ ആവശ്യവും പറയാൻ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് തിയറികൾക്ക് അവധി അനുവദിച്ച് നൽകിയ മറ്റൊരു കൂട്ടരെയും പാർട്ടി ഒരുക്കി നിർത്തിയിട്ടുണ്ട്. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ റദ്ദ് ചെയ്യുന്ന ഈ യുക്തിരഹിത നാട്യങ്ങളിൽ പാർട്ടി പ്രവർത്തകരും ഇടത് സഹയാത്രികരും അസ്വസ്ഥരാണ്. നിലപാടിൽ ഇപ്പോഴും കൃത്യതയില്ലാത്ത കമ്യൂണിസ്റ്റുകളുമായി സിവിൽ കോഡ് വിഷയത്തിലെ ചങ്ങാത്തം ഗുണകരമാവുമോ എന്ന കാര്യത്തിൽ വിശ്വാസി സമൂഹത്തിനും ആശങ്കയുണ്ട്.
തുല്യ നീതി, ലിംഗ സമത്വം, സ്ത്രീ സ്വാതന്ത്ര്യം, സ്വത്തവകാശം, ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃത മതം എന്നൊക്കെയുള്ള പതിവ് പദാവലികൾ ഉപേക്ഷിച്ച് കൊണ്ടല്ലാതെ ഈ കാപട്യം കരക്കെത്തിക്കുക അസാധ്യമാണ്. സി.പി.എം കോഴിക്കോട്ട് നടത്തുന്ന സെമിനാറിൽ പ്രസംഗകയായി ഒരു മുസ്ലിം വനിത പോലും പങ്കെടുക്കുന്നില്ല എന്നതും പ്രസക്തമാണ്. ഒരുകാലത്ത് ഏകീകൃത സിവിൽ കോഡിന് വേണ്ടി സെമിനാർ നടത്തിയവർ ഇപ്പോൾ അതിനെതിരെ സെമിനാർ നടത്തുന്നു. എന്നാൽ, മുൻ വാദങ്ങൾ ഉപേക്ഷിച്ചിട്ടില്ല എന്നും പറയുന്നു. ഈ വിവിത്ര വ്യാഖ്യാനത്തിലെ യുക്തി എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഷാബാനു കേസിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ രാജീവ് ഗാന്ധി സർക്കാർ പുതിയ നിയമം നിർമ്മിച്ചപ്പോൾ കോൺഗ്രസ് മതമൗലിക വാദത്തിന് കീഴ്പ്പെട്ടു എന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. നിങ്ങൾ മത സംരക്ഷണത്തിന് വേണ്ടി നിലകൊള്ളാത്തതെന്ത് എന്ന് അതേ സി.പി.എം തന്നെ ഇപ്പോൾ കോൺഗ്രസിനോട് ചോദിക്കുന്നു. ഈ വൈരുദ്ധ്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 'യൂണിഫോം സിവിൽ കോഡ്' എന്നത് കേവലം മുസ്ലിം വിഷയമല്ലെന്ന തിരിച്ചറിവോടെയും കരുതലോടെയുമാണ് കേരളത്തിലെ മുസ്ലിം സംഘടനകൾ വിഷയത്തിൽ ഇടപെട്ടത്. എന്നാൽ, മുസ്ലിംകൾക്ക് മാത്രമായി എന്തോ ആപത്ത് വരുന്നുണ്ടെന്നും നിങ്ങളെ അതിൽനിന്ന് രക്ഷിക്കാൻ ഇവിടെ ഞങ്ങൾ മാത്രമേ ഉള്ളൂ എന്നും ധ്വനിപ്പിക്കാനാണ് കേരളത്തിലെ സി.പി.എമ്മിന്റെ വെപ്രാളം. അത് ഒട്ടും നിഷ്‌കളങ്കമല്ല എന്ന് പറയേണ്ടി വരുന്നതിൽ ഖേദമില്ല. അതിൽ കളങ്കമുണ്ട് എന്നതാണ് ശരി. അതായത്, നേരത്തെ യൂണിഫോം സിവിൽ കോഡ് നടപ്പാക്കാത്ത കോൺഗ്രസ്സിനെ ആക്ഷേപിച്ചവർ തന്നെ ഇപ്പോൾ യൂണിഫോം സിവിൽ കോഡിനെതിരെ ഞങ്ങളിറങ്ങിയിട്ടും നിങ്ങളെവിടെ എന്ന് കോൺഗ്രസിനോട് ചോദിക്കുന്നു. ഇതിലെ വൈരുദ്ധ്യം ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിയെയും ചിരിപ്പിക്കുക തന്നെ ചെയ്യും.
ഹിന്ദുത്വവാദികൾക്കു പകരം ഒരു മതേതരകക്ഷിയാണ് ലിംഗഭേദമെന്യേ തുല്യനീതി എന്ന ആശയം നടപ്പാക്കുന്നതിന് ഏകീകൃത സിവിൽകോഡ് സംബന്ധിച്ച ചർച്ച ഉയർത്തിക്കൊണ്ടുവരികയും നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതെങ്കിൽ അതിനെ പിന്തുണക്കുക തന്നെ വേണമെന്ന് പ്രമുഖനായ ഇടത് നിരീക്ഷകൻ ഫേസ്ബുക്കിൽ കുറിച്ചത് വായിച്ചു. ആശയം വ്യക്തമാണ്. അതായത്, ബി.ജെ.പിയായത് കൊണ്ട് എതിർക്കുന്നു. കോൺഗ്രസ്സോ സി.പി.എമ്മോ ആണെങ്കിൽ അനുകൂലിച്ചേനെ. നവ ഫാസിസ്റ്റ് രാഷ്ട്രീയാന്തരീക്ഷത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ നയംമാറ്റം സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അതിനകത്തെ കാപട്യവും ആശയക്കുഴപ്പങ്ങളും ചർച്ച ചെയ്യപ്പെടുക തന്നെ വേണം.