മാര്‍ച്ച് പകുതി തൊട്ടിങ്ങോട്ടുള്ള കാലയളവില്‍ അമേരിക്കയില്‍ ഏകദേശം പതിനേഴ് മില്ല്യന്‍ ആളുകള്‍ക്ക് അവരുടെ ജോലി നഷ്ടപ്പെട്ടിരിക്കുന്നു. 14% എന്ന തൊഴിലില്ലായ്മ നിരക്ക് 1939 -ലെ മഹാസാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണ്. ന്യൂയോര്‍ക്കില്‍ കൊവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പല രാജ്യങ്ങളിലെ കണക്കുകളേക്കാളും മുകളിലാണ്. മുതലാളിത്ത വ്യവസ്ഥിതിയുടെ കളിത്തൊട്ടിലായ അമേരിക്ക അതേ മുതലാളിത്തം വളര്‍ത്തിയെടുത്ത മഹാവ്യാധിക്കു മുന്നില്‍ നിസ്സഹായതയോടെ പകച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യങ്ങളെ വിലയിരുത്തികൊണ്ട് പ്രശസ്ത അമേരിക്കന്‍ സൈദ്ധാന്തികനും ചരിത്രകാരനുമായ മൈക്ക് ഡേവിസ് ജാക്കോബിന്‍’ല്‍ എഴുതിയ ഈ ലേഖനം. ഐഐടി മദ്രാസ് ഗവേഷക വിദ്യാര്‍ത്ഥി ഗോകുല്‍.കെ.എസ് നടത്തിയ സ്വതന്ത്ര പരിഭാഷ
മധ്യാഫ്രിക്കയിലെ ഏതോ ദുരൂഹമായ വവ്വാലുകള്‍ നിറഞ്ഞ ഗുഹയില്‍ പിറന്ന സമൂലനാശം വിതയ്ക്കുന്ന എബോള എന്ന പിശാചിനെ റിച്ചാര്‍ഡ് പ്രെസ്റ്റണ് (Richard Preston) തന്റെ 1995 -ല്‍ പുറത്തിറങ്ങിയ 'ദ ഹോട് സോണ്‍' (The Hot Zone) എന്ന പുസ്തകത്തിലൂടെ പരിചയപ്പെടുത്തിയ നാള്‍മുതല്‍ നമ്മള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് കണ്ട് കൊണ്ടിരിക്കുന്ന ഒരു പഴയ 'സിനിമയാണ്' കോറോണവൈറസ്. മനുഷ്യവര്‍ഗ്ഗത്തിനു അനുഭവജ്ഞാനം തീരെയില്ലാത്ത രോഗ-പ്രതിരോധ സംവിധാനങ്ങളുടെ 'വിര്‍ജിന്‍ ഫീല്‍ഡില്‍' (അതാണ് ശരിയായ പ്രയോഗം) നിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കുറെ രോഗങ്ങളുടെ പിന്‍തുടര്‍ച്ചയില്‍ ആദ്യത്തേത് മാത്രമായിരുന്നു എബോള. അതിനെ തുടര്‍ന്ന് 1997 -ല്‍ ഏവിയന്‍ ഇന്‍ഫ്‌ലുവെന്‍സ (avian influenza) മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കുന്നു, 2002 -ന്റെ ഒടുക്കം 'സാര്‍സ്' (SARS) വരുന്നു. രണ്ടും ആദ്യം പ്രത്യക്ഷപ്പെടുന്നത് ലോകത്തിന്റെ വന്‍കിട വ്യാവസായിക ഉല്‍പാദന കേന്ദ്രമായ ഗുഹാങ്ഡോങ് -ല്‍ (Guangdong).
നമ്മളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും ഭയപെടുത്താനും ഒക്കെയായി കുറേ സിനിമകള്‍ നിര്‍മ്മിച്ച് ഹോളിവുഡ് ഇരുകയ്യും നീട്ടി ഓരോ പകര്‍ച്ചവ്യാധികളെയും സമീപിച്ചു. (ഇവയില്‍ സ്റ്റീവന്‍ സോഡബെര്‍ഗ്ഗിന്റെ (Steven Soderbergh) 2011 -ല്‍ പുറത്തിറങ്ങിയ 'കണ്‍ടാജിയന്‍' (Contagion) ശാസ്ത്രീയ സൂക്ഷ്മത കൊണ്ടും, ഇപ്പോഴുള്ള പ്രതിസന്ധിയുടെ തീവ്രത മുന്‍കൂട്ടിക്കണ്ട് അവതരിപ്പിച്ചത് കൊണ്ടും മികച്ചു നില്‍ക്കുന്നു). ഈ സിനിമകള്‍ക്കും എണ്ണിയാലൊടുങ്ങാത്ത നോവലുകള്‍ക്കും പുറമേ, ഗൗരവമുള്ള പഠനങ്ങള്‍ അടങ്ങിയ നൂറുകണക്കിന് പുസ്തകങ്ങളും, ഓരോ പകര്‍ച്ചവ്യാധിയെയും കുറിച്ചു ശാസ്ട്രീയമായി ആഴത്തില്‍ പഠിച്ച ലേഖനങ്ങളും പുറത്തിറങ്ങി. മിക്ക പഠനങ്ങളും ഊന്നിപ്പറഞ്ഞത് ആഗോളതലത്തില്‍ ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമ്പോള്‍ അതിനെ കണ്ടെത്താനും ചെറുത്തു നില്‍ക്കാനും ഒട്ടും തന്നെ സജ്ജമല്ലാത്ത ലോകത്തിന്റെ അതിഭയാവഹമായ സ്ഥിതിവിശേഷത്തെ കുറിച്ചാണ്.
ഒരു പുതിയ ഭീകരജീവി
നമ്മള്‍ക്ക് പരിചയമുള്ള ഒരു ഭീകരജീവിയെ പോലെ വാതില്‍ തുറന്ന് കൊണ്ട് കൊറോണ വരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല എങ്കിലും ഇതിനു മുന്നേ വന്ന് ഒരുപാട് പഠനങ്ങള്‍ക്ക് വിധേയമായ സാര്‍സ് -നു സമാനമായ ജനിതകഘടനയുള്ള (genome) വൈറസ് ആണ് കോവിഡ്-19. രാവും പകലുമില്ലാതെ ഈ വൈറസിനെയും പകര്‍ച്ചവ്യാധിയുടെ വ്യാപനത്തെയും കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുന്ന ഗവേഷകര്‍ പ്രധാനമായും മൂന്ന് വെല്ലുവിളികളാണ് നേരിടുന്നത്. ആദ്യത്തെ വെല്ലുവിളി യു.എസിലും, ആഫ്രിക്കയിലും അടക്കം ഇപ്പോഴും തുടരുന്ന ടെസ്റ്റ് കിറ്റുകളുടെ ലഭ്യതക്കുറവ് കാരണം വൈറസിന്റെ വ്യാപനത്തെ കുറിച്ചോ, പ്രത്യുല്‍പാദന നിരക്കിനെ കുറിച്ചോ, എത്രത്തോളം ആളുകളെ ബാധിച്ചിരിക്കുന്നു എന്ന കണക്കോ ഒന്നും തന്നെ അറിയാന്‍ കഴിയുന്നില്ല എന്നതാണ്. ഈ കാരണം കൊണ്ട് തന്നെ അവ്യക്തമായ കുറെ കണക്കുകളും കണക്കുകൂട്ടലുകളും മാത്രമാണ് നമുക്ക് മുന്‍പിലുള്ളത്.
രണ്ടാമതായി, ഇന്‍ഫ്‌ലുന്‍സ വൈറസുകളെ പോലെ, ഈ വൈറസും പല പ്രായത്തിലുള്ള, ആരോഗ്യനിലയുള്ള പല ജനസമൂഹങ്ങളിലൂടെ കടന്നു പോകുമ്പോഴും പരിവര്‍ത്തനപ്പെട്ടു (mutation) കൊണ്ടിരിക്കുകയാണ്. വുഹാനില്‍ രൂപപ്പെട്ട വൈറസില്‍ നിന്ന് വ്യത്യസ്തമായി സ്വല്‍പം പരിവര്‍ത്തനം ചെയ്യപ്പെട്ട വൈറസ് ആയിരിക്കാം അമേരിക്കയിലെ ആളുകളില്‍ വ്യാപിക്കുക. ഇപ്പോള്‍ അമ്പതു വയസിനു മുകളിലുള്ളവരെ സാരമായി ബാധിക്കുന്ന അവസ്ഥയില്‍ നിന്ന് മാറി പരിവര്‍ത്തനം സംഭവിച്ച് കൂടുതല്‍ അപകടകരമാകുകയോ അല്ലെങ്കില്‍ തീവ്രത നഷ്ടപ്പെടുകയോ ചെയ്യാം. പ്രധിരോധ ശേഷി കുറവുള്ള, ദീര്‍ഘകാല ശ്വസനസംബന്ധിതമായ പ്രശ്നങ്ങളുള്ള പ്രായമായ ആളുകളെയാണ് ഇപ്പോള്‍ ഈ രോഗം അമേരിക്കയില്‍ ബാധിക്കുന്നത്.
എന്നാല്‍ പരിവര്‍ത്തനം സംഭവിക്കാതെ, അതിന്റെ ഘടനയ്ക്കുമാറ്റമുണ്ടാവാതെ ഈ വൈറസ് തുടരുകയാണെങ്കിലും അത് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന രാജ്യങ്ങളിലെ ആളുകളെയും ഉയര്‍ന്ന വരുമാനം ഉള്ള ആളുകളെയും ബാധിക്കുന്നത് തീര്‍ത്തും വ്യത്യസ്തമായിട്ടായിരിക്കും എന്നതാണ് മൂന്നാമത്തെ വെല്ലുവിളി. 1918-'19 കാലയളവില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ 1 മുതല്‍ 3 % വരെ ആളുകളുടെ ജീവനെടുത്തു എന്ന് കരുതപ്പെടുന്ന സ്പാനിഷ് ഫ്‌ലൂ തന്നെ ഉദാഹരണം. അമേരിക്കയിലും പടിഞ്ഞാറന്‍ യൂറോപ്പിലും ഈ ജ്വരം ബാധിച്ചത് പ്രായം കുറഞ്ഞ ആളുകളില്‍ ആയിരുന്നു. അതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്, താരതമ്യേനെ പ്രതിരോധ ശേഷികൂടിയ ആളുകളില്‍ ഫ്‌ലൂ പിടിപെട്ടപ്പോള്‍ അവരുടെ ശരീരത്തിലെ പ്രധിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും അത് ശ്വാസകോശങ്ങളെ ബാധിക്കുകയും ശരീരഭാഗങ്ങള്‍ അഴുകുകയും ന്യൂമോണിയ പോലെയുള്ള അസുഖങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു എന്നാണ്.
എന്നാല്‍ സ്പാനിഷ് ഫ്‌ലൂ ദരിദ്ര രാജ്യങ്ങളെ ബാധിച്ചത് വ്യത്യസ്ത രീതിയില്‍ ആയിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള ബോംബെ, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിലാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് എന്ന വസ്തുത പലപ്പോഴും അംഗീകരിക്കപ്പെടാറില്ല. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിയും അധികൃതര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ധാന്യങ്ങള്‍ എത്തിക്കണം എന്നതടക്കമുള്ള ക്രൂരമായ വ്യവസ്ഥിതിയും പിന്നെ കൊടും വരള്‍ച്ചയും കൂടി ആയപ്പോള്‍ ലക്ഷ കണക്കിനാളുകളാണ് ഇന്ത്യയില്‍ മരിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം ലക്ഷക്കണക്കിനാളുകളെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തു. വൈറല്‍ ന്യൂമോണിയയും പോഷകാഹാരക്കുറവും (പ്രതിരോധ ശേഷി കുറയ്ക്കുകയും) കൂടി ചേര്‍ന്ന അവസ്ഥയുടെ ഇരകളായിരുന്നു കൂടുതല്‍ മനുഷ്യരും.
ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ദക്ഷിണേഷ്യയിലെയും ആഫ്രിക്കയിലെയും ചേരികളില്‍ കോവിഡ്-19 എങ്ങനെയാവും വ്യാപിക്കുക എന്ന മുന്നറിയിപ്പ് ഇന്ത്യയുടെ സ്പാനിഷ് ഫ്‌ലൂ കാലത്തെ അവസ്ഥ ഓര്‍മിപ്പിക്കുന്നുണ്ട്. നിലവിലുള്ള പല തരത്തിലെ രോഗങ്ങളും, പോഷകാഹാരക്കുറവും, പ്രതിരോധ ശേഷിക്കുറവും കണക്കിലെടുത്താല്‍ ഇവിടങ്ങളിലെ ആളുകളില്‍ കൊറോണ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ലാഗോസ്, കിഗാലി, ആഡിസ് അബാബ, കിന്‍ഷാശ എന്നീ സ്ഥലങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. അവിടങ്ങളിലെ ആരോഗ്യസ്ഥിതിയും രോഗങ്ങളുടെ സാന്നിധ്യവും ഒക്കെ നോക്കിയാല്‍ വിലയിരുത്തലുകള്‍ക്കും അതീതമാണ് കോറോണയുടെ അനന്തരഫലങ്ങള്‍. ചില 'വിദഗ്ധര്‍' അഭിപ്രായപ്പെടുന്നത് ആഫ്രിക്കയുടെ നഗരങ്ങളിലെ ജനസംഖ്യയില്‍ അധികവും ചെറുപ്പക്കാരായതിനാല്‍ അവിടെ കൊറോണയുടെ ആഘാതം കുറവായിരിക്കും എന്നാണ്. പക്ഷേ 1918 -ലെ സമാന സാഹചര്യത്തിനോട് കൂട്ടിവായിക്കുമ്പോള്‍ ഈ അവകാശവാദം മണ്ടത്തരമായി തോന്നാം. അതുപോലെ തന്നെയാണ് വേനല്‍ കാലം ആയാല്‍ ചില ജ്വരങ്ങള്‍ പോലെ കോറോണയും പിന്‍വാങ്ങും എന്നത്.
ചെലവുചുരുക്കല്‍ നടപടികളുടെ പാരമ്പര്യം
ഒരുപക്ഷേ ഒരു വര്‍ഷത്തിനപ്പുറം നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഈ മഹാവ്യാധിയെ തടയുന്നതില്‍ ചൈന വിജയിച്ചതും അമേരിക്ക അപ്പാടെ പരാജയപ്പെട്ടതും ആയിരിക്കാം നമ്മള്‍ കാണുക. ഈ 'പണ്ടോറയുടെ പെട്ടി' (Pandora's Box) അടച്ചു വെക്കാന്‍ നമ്മളുടെ സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കഴിയാത്തതില്‍ ഒട്ടും തന്നെ അത്ഭുതം തോന്നുന്നില്ല. ആരോഗ്യമേഖലയില്‍ ഏറ്റവും കുറഞ്ഞത് ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ പലതരത്തിലുള്ള തിരിച്ചടികള്‍ അമേരിക്ക നേരിടുന്നുണ്ട്.
കൂടുതല്‍ ലാഭം കൊയ്യാന്‍ ആശുപത്രി രോഗികളുള്ള ബെഡുകള്‍ വെട്ടി കുറച്ചതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ (2009 -ലും 2018 -ലും), പകര്‍ച്ചവ്യാധികളുടെ കാലത്ത് അടിസ്ഥാനസൗകര്യമായ ഇതേ ബെഡുകള്‍ പോലുമില്ലാതെ അമേരിക്ക വലയുന്നത് നമ്മള്‍ കണ്ടതാണ്. ഈ പ്രതിസന്ധിയുടെ തുടക്കം കുറിച്ചത് റൊണാള്‍ഡ് റീഗനെ (Ronald Reagan) അധികാരത്തില്‍ എത്തിച്ച മുതലാളിത്ത നീക്കവും ('Capitalist offensive'), അതിനു ശേഷം നിയോലിബറലിസത്തിന്റെ വക്താക്കളായി മാറിയ ഡെമോക്രാറ്റിക് പാര്‍ട്ടിയും തന്നെയാണ്. അമേരിക്കന്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ -ന്റെ കണക്കുകള്‍ പ്രകാരം 1981 -നും 1999 -നും ഇടയില്‍ അമേരിക്കയില്‍ 39 % ആശുപത്രി കിടക്കകളാണ് കുറഞ്ഞത്. കണക്കുകളില്‍ തിരിമറി നടത്തി ലാഭം കൊയ്യാന്‍ ഉള്ള ആശുപത്രികളുടെ നീക്കം ആയിരുന്നു ഇതിന്റെ പിന്നില്‍. ഈ ആശുപത്രികള്‍ അവകാശപ്പെട്ട 90 % രോഗികളുടെ കുടിപാര്‍പ്പ് എന്നതിന്റെ അര്‍ത്ഥം ഒരു മെഡിക്കല്‍ അടിയന്തരാവസ്ഥയോ പകര്‍ച്ചവ്യാധിയോ വന്നാല്‍ അതിനെ നേരിടാന്‍ ഈ ആശുപത്രികള്‍ക്ക് കഴിയില്ല എന്നതാണ്.
അടിയന്തര വൈദ്യസഹായം എന്നത് സ്വകാര്യ മേഖലയില്‍ ഓഹരികളുടെ ലാഭവിഹിത കണക്കുക്കള്‍ അനുസരിച്ചും ആശുപത്രികളുടെ ലാഭം അനുസരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലയില്‍ ആകട്ടെ, കേന്ദ്ര-ഫെഡറല്‍ ബഡ്ജറ്റുകളിലെ പൊതുചിലവിനെ ചുരുക്കുന്ന നടപടികളെ അനുസരിച്ചും. ഇതിന്റെയൊക്കെ ഫലമായി 45,000 ഐസിയു ബെഡുകള്‍ മാത്രമാണ് അമേരിക്കയില്‍ കൊറോണ പോലെയുള്ള മഹാവ്യാധികളെ നേരിടാന്‍ സജ്ജമായിട്ടുള്ളത് (ദക്ഷിണ കൊറിയയില്‍ ഓരോ ആയിരം ആളുകള്‍ക്കും അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ മൂന്നിരട്ടി ബെഡുകള്‍ ലഭ്യമാണ്). അറുപതു വയസു തൊട്ടു മുകളിലോട്ടുള്ള അമേരിക്കന്‍ ആളുകളെ ചികില്‍സിക്കാനുള്ള അടിസ്ഥാന സൗകര്യമുള്ളത് അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് എന്നാണ് യു.എസ്.എ ടുഡേ -യുടെ സര്‍വ്വേ പറയുന്നത്.
2008 -ലെ സാമ്പത്തിക മാന്ദ്യനന്തരം പൊതുചിലവ് വെട്ടി കുറച്ചെങ്കിലും, അതിന്റെ ആഘാതം കുറയ്ക്കാന്‍ സ്വീകരിച്ച സാമ്പത്തിക സുരക്ഷാ നടപടികളെ അപ്പാടെ തിരസ്‌കരിക്കുന്ന സമീപനമാണ് റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ ഭാഗത്തു നിന്നുണ്ടായത്. ആരോഗ്യ പ്രതിസന്ധി ഘട്ടങ്ങളില്‍ ആദ്യം പ്രതികരിക്കേണ്ട സംസ്ഥാന ആരോഗ്യ വകുപ്പുകളിലും/പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും (state/local health departments) ആവശ്യമായതിനേക്കാള്‍ 25 ശതമാനം കുറവ് സ്റ്റാഫുകള്‍ മാത്രമാണ് പന്ത്രണ്ട് വര്‍ഷം മുന്‍പത്തെ 'ബ്ലാക്ക് മണ്ടേ' -യെ (Black monday) അപേക്ഷിച്ച് ഇപ്പോഴുള്ളത്. സി.ഡി.സി ബഡ്ജറ്റുകളില്‍ (Centers for Disease Control) പത്തു ശതമാനത്തിന്റെ കുറവുമുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ ഈ വെട്ടിച്ചുരുക്കലുകള്‍ കൂടിയിട്ടേയുള്ളൂ. ലോക്കല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിന്റെ ബഡ്ജറ്റുകളില്‍ 21 ശതമാനത്തിന്റെ കുറവാണ് 2017 -ല്‍ രേഖപെടുത്തിയത്. 2014 -ലെ എബോള പകര്‍ച്ചവ്യാധിക്ക് ശേഷം മഹാമാരികളെ നേരിടാന്‍ വേണ്ടി ഒബാമ ഭരണകൂടം ആരംഭിച്ച വൈറ്റ് ഹൌസ് പാന്‍ഡെമിക് ഓഫീസ് ട്രംപ് അടച്ചുപൂട്ടി.
കത്രീന കൊടുങ്കാറ്റിന്റെ മെഡിക്കല്‍ പതിപ്പിന്റെ ആദ്യ ഘട്ടത്തിലാണ് അമേരിക്ക ഇപ്പോള്‍. മെഡിക്കല്‍ മേഖലയില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണം എന്ന് പല വിദഗ്ധരുടെയും നിര്‍ദേശം ഉണ്ടായിട്ടും ആരോഗ്യമേഖലയെ മൊത്തമായി സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണ് ഭരണകൂടം ചെയ്തത്. അടിസ്ഥാന സൗകര്യങ്ങളായ ടെസ്റ്റിംഗ് കിറ്റുകളും ബെഡുകളും ഇല്ലാതെ നട്ടം തിരിയുകയാണ് ആളുകള്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട സംരക്ഷണ സാമഗ്രികളിലും വലിയ കുറവുണ്ട്. N95 ഫേസ് മാസ്‌കുകള്‍ ഇല്ലാതെ ജോലിചെയ്യെണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സ്ഥിതി അതീവ ഗുരുതരമാണ്. ആന്റിബിയോട്ടിക്-പ്രതിരോധത്തിനായി എസ്.ഓറിയോസ് (S. aureus), സി.ഡിഫിസിലെ (C.difficile) എന്നീ സൂപ്പര്‍ബഗ്ഗുകളുടെ ഗ്രീന്‍ഹൌസ് ആയി ആശുപത്രികള്‍ മാറുന്നത് നമ്മളെ ഓര്‍മിപ്പിക്കുന്നത് രോഗികള്‍ തിങ്ങിനിറയുമ്പോള്‍ ഇത് ' സെക്കന്‍ഡറി കില്ലേഴ്‌സ്' (Secondary Killers) അയി മാറുന്നു എന്നാണ്.
അസമത്വ പ്രതിസന്ധി
കൊറോണ പകര്‍ച്ചവ്യാധി അമേരിക്കന്‍ ആരോഗ്യസംരക്ഷണത്തിലെ വര്‍ഗ്ഗ വിഭജനം (class divide) തുറന്നുകാട്ടുന്നുണ്ട്. സുരക്ഷാ മാര്‍ഗങ്ങള്‍ പാലിച്ചാല്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാനോ പഠിപ്പിക്കാനോ കഴിയുന്ന മികച്ച ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ സുരക്ഷ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെങ്കില്‍ കൊറോണ പ്രതിസന്ധിയെ അതിജീവിക്കുന്നു. മാന്യമായ സംരക്ഷണ കവറേജ് ഉള്ള പൊതു ജീവനക്കാര്‍ക്കും സംഘടിതമായ തൊഴിലാളികളുടെ മറ്റ് ഗ്രൂപ്പുകള്‍ക്കും വരുമാനവും സുരക്ഷിതത്വവും തമ്മില്‍ ബുദ്ധിമുട്ടു ഏറെയുള്ള ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടി വരുന്നു. അതേസമയം, ദശലക്ഷക്കണക്കിനു വരുന്ന കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍, ഫാം ജോലിക്കാര്‍, തൊഴിലില്ലാത്തവര്‍, ഭവനരഹിതര്‍ എന്നിവര്‍ സുരക്ഷാ വലയത്തിനു പുറത്താവുന്നു,
നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഏതൊരു അര്‍ത്ഥവത്തായ സാര്‍വത്രിക ആരോഗ്യ സംരക്ഷണത്തിനും അസുഖം കാരണം വിട്ടു നില്‍ക്കുന്ന ദിവസങ്ങളിലെ വേതനം ഉറപ്പു വരുത്തുന്ന വ്യവസ്ഥ ആവശ്യമാണ്. തൊഴിലാളികളില്‍ 45% പേര്‍ക്കും നിലവില്‍ ആ അവകാശം നിഷേധിക്കപ്പെടുന്നു. അമേരിക്കയിലെ പതിനാലു സംസ്ഥാനങ്ങള്‍ പാവപെട്ട തൊഴിലാളികളിലേക്ക് ആരോഗ്യസഹായം എത്തിക്കുന്ന അഫൊര്‍ഡബിള്‍ കെയര്‍ ആക്റ്റ് (Affordable Care Act) പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ വിസമ്മതിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ 'ആരോഗ്യസുരക്ഷാ' ടെക്‌സസിലെ അഞ്ചില്‍ ഒരാള്‍ക്ക് പോലും ഇല്ലാത്തത്.
1.5 മില്ല്യന്‍ വയോധികരായ അമേരിക്കക്കാര്‍ കഴിയുന്നത് ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോമുകളിലാണ് (Nursing Home). ഇവരില്‍ മിക്കവര്‍ക്കും മെഡികെയറുണ്ട് (Medicare).അമേരിക്കയിലെ സ്വകാര്യമേഖല ആരോഗ്യസേവനത്തിലെ വൈരുദ്ധ്യങ്ങളെന്ത് എന്നറിയാന്‍ ഈ നഴ്‌സിംഗ് ഹോം മേഖലയിലേക്ക് നോക്കിയാല്‍ മതിയാകും. കടുത്ത മത്സരം നിലനില്‍ക്കുന്ന ഈ വ്യവസായ മേഖലയില്‍ കുറച്ച് സ്റ്റാഫുകളും, അവര്‍ക്ക് കുറഞ്ഞ വേതനവും നല്‍കി ചിലവ് വെട്ടിചുരുക്കി കോടികളാണ് മുതലാളികള്‍ കൊയ്യുന്നത്. അസുഖങ്ങള്‍ വരുന്‌പോള്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് അടിസ്ഥാന പരിഗണന പോലും ലഭിക്കാതെ പതിനായിരങ്ങളാണ് ഓരോ വര്‍ഷവും മരിക്കുന്നത്. ഈ സ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നുമില്ല എന്നിരിക്കെ ഇങ്ങനെ ആളെകൊല്ലുന്നതിനെ കൂട്ടക്കൊല എന്നേ വിളിക്കാനാകൂ. പുതിയ സ്റ്റാഫുകളെ നിയമിച്ചു അവര്‍ക്ക് പരിശീലനം നല്‍കുന്നതിനേക്കാള്‍ ലാഭകരം നിയമലംഘനത്തിന് ഫൈനടയ്ക്കുന്നതാണ്.
ആദ്യത്തെ സാമൂഹുക വ്യാപനം നടന്നത് സിയാറ്റില്‍ (Seattle) നഗരത്തിന്റെ ഭ്രാന്തപ്രദേശമായ കിര്‍ക്ക്‌ലാന്‍ഡിലെ (Kirkland) നഴ്‌സിംഗ് ഹോമായ ലൈഫ് കെയര്‍ സെന്റര്‍ - ലാണ് (Life Care Centre) എന്നത് ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. സിയാറ്റലിലെ നഴ്‌സിംഗ് ഹോമുകളുടെ യൂണിയന്‍ നേതാവായ എന്റെ സുഹൃത്ത് ജിം സ്‌ട്രോബ് പറഞ്ഞത്, ''ഈ സംസ്ഥാനത്തിലെ തന്നെ ഏറ്റവും കുറവ് സ്റ്റാഫുകളാണ് ആ നഴ്‌സിങ്ങ് ഹോമില്‍ ഉള്ളത്'' എന്നാണ്. ''സാങ്കേതിക മേഖലയിലെ നിക്ഷേപങ്ങളിലൂടെ പണത്തിന്റെ കടലായി മാറിയ വാഷിംഗ്ടണ്‍ (Washington) ആണ് ഈ മേഖലയില്‍ ചെലവുചുരുക്കലിന്റെ ഭാഗമായി അമേരിക്കയില്‍ ഏറ്റവും കുറച്ച് ഫണ്ട് ചെയ്യപ്പെടുന്ന സംസ്ഥാനം.'' ഇത്തരത്തില്‍ രാജ്യവ്യാപകമായി ഒരുപാട് നഴസിങ്ങ് ഹോമുകള്‍ കൊറോണ വൈറസിന്റ എപ്പിസെന്ററുകളായി മാറാം. അപകടകരമായ സാഹചര്യങ്ങളില്‍ ജീവന്‍ പണയപ്പെടുത്തി കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നതിലും നല്ലത് ഫുഡ് ബാങ്കുകളെ ആശ്രയിച്ച് വീട്ടിലിരിക്കുന്നതാണ് എന്ന് നഴ്‌സിംഗ് ഹോമിലെ തൊഴിലാളികള്‍ തീരുനാനിച്ചാല്‍ മൊത്തം സംവിധാനം തന്നെ താറുമാറാകും. കിടക്കകള്‍ നീക്കം ചെയ്യാന്‍ പിന്നെ നമ്മള്‍ നാഷണല്‍ ഗാര്‍ഡ് വരുമെന്ന് പ്രതീക്ഷിക്കരുത്.
മുന്നോട്ടുള്ള വഴി
സാര്‍വത്രിക ആരോഗ്യ സംരക്ഷണം എല്ലാവര്‍ക്കും അടിയന്തരമായി നല്‍കാനും രോഗകാരണം മൂലം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്ന കാലയളവില്‍ തൊഴിലാളികളുടെ വേതനം ഉറപ്പുവരുത്താനും ഭരണകൂടത്തിന് സാധിക്കണം എന്ന് ഈ മഹാമാരി ഒരിക്കല്‍ കൂടി ഓര്‍മ്മപെടുത്തുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ജോ ബൈഡന്‍ (Joe Biden) മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍, ബെര്‍ണി സാന്‍ഡേര്‍സ് മുന്നോട്ട് വച്ചത് പോലെ 'എല്ലാവര്‍ക്കും ആരോഗ്യസേവനം' (Medicare for All) എന്ന ആവശ്യം നേടിയെടുക്കാനായി പുരോഗമന രാഷ്ട്രീയ കക്ഷികളും നേതാക്കളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം. സാന്‍ഡേഴ്‌സിനെയും എലിസബത്ത് വാറനെയും പിന്‍തുണയ്ക്കുന്ന ഡെലിഗേറ്റുകള്‍ ജൂലായില്‍ നടക്കുന്ന മില്‍വോക്കി ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ ലക്ഷ്യമിടുന്നത് ഇതൊന്ന് മാത്രമാണ്. എന്നാല്‍ മറുഭാഗത്തുള്ള നമ്മള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് തെരുവുകളില്‍ ആണ് പോരാടേണ്ടത്. അവധിയെടുക്കേണ്ടി വന്ന തൊഴിലാളികള്‍ക്ക് വേതനം നിഷേധിക്കപെടുന്നതിനെതിരെ, ജോലികളില്‍ നിന്ന് പിരിച്ചുവിടുന്നതിനെതിരെ, കുടിയിറക്കലിനെതിരെ എല്ലാം തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിക്കണം അമേരിക്കന്‍ ജനത.
സാര്‍വത്രിക ആരോഗ്യ സംരക്ഷണവും അനുബന്ധ ആവശ്യങ്ങളും ആദ്യ പടി മാത്രമാണ്. പുതിയ ആന്റിബയോട്ടിക്കുകളോ മറ്റു പ്രതിരോധ മരുന്നുകളോ വികസിപ്പിച്ചെടുക്കാനോ അതിനെ സംബന്ധിച്ച് ഗവേഷണം നടത്താനോ ഒരു തരത്തിലും ശ്രമിക്കാതെ അതിനായിട്ടുള്ള ശ്രമങ്ങള്‍ അപ്പാടെ ഉപേക്ഷിച്ച മട്ടില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ഫാര്‍മ കമ്പനികളെ (Pharma Companies) കുറിച്ച് ഡെമോക്രാറ്റിക് പ്രൈമറി സംവാദങ്ങളില്‍ സാന്‍ഡേഴ്സോ വാറനോ കാര്യമായി സംസാരിക്കാതെ ഇരുന്നത് നിരാശപെടുത്തിയിരുന്നു. പതിനെട്ടു വന്‍കിട ഫര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ പതിനഞ്ചും പൂര്‍ണമായി ഈ ഗവേഷണ മേഖലയെ തിരസ്‌കരിച്ചിരിക്കുന്നു. ഈ കമ്പനികള്‍ ഉല്‍പ്പദിപ്പിക്കുന്ന ഹൃദ്രോഗത്തിനുള്ള മരുന്നുകളും, മയക്കമരുന്നുകളും, പുരുഷ-വന്ധ്യതയ്ക്കുള്ള മരുന്നുകളുമാണ് ലാഭം കൊയ്യുന്നത്. അല്ലാതെ ആശുപത്രികളില്‍ നിന്ന് പകരുന്ന രോഗങ്ങള്‍ക്കോ, പുതുതായി വരുന്ന പകര്‍ച്ചവ്യാധികള്‍ക്കോ, ഉഷ്ണമേഖലാ രോഗങ്ങള്‍ക്കോ ഒന്നുമല്ല അടിയന്തരമായി മരുന്നുകള്‍ കണ്ടെത്തേണ്ടതും ഉല്‍പാദിപ്പിക്കേണ്ടതും വില്‍ക്കേണ്ടതും എന്നതാണ് ഈ കമ്പനികളുടെ നയം. ഇന്‍ഫ്‌ലുന്‍സക്കായുള്ള ഒരു യൂണിവേഴ്‌സല്‍ വാക്സിന്‍ പതിറ്റാണ്ടുകള്‍ക്ക് മുന്നേ സാധിക്കുമായിരുന്നു. വാക്സിന്‍ എന്ന് പറയുമ്പോള്‍ വൈറസിന്റെ പരിവര്‍ത്തനവിധേയമല്ലാത്ത പ്രോട്ടീന്‍ പ്രതലത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ളത്. എന്നാല്‍ പരിഗണനയില്‍ കൊണ്ട് വരാന്‍ പോലും ലാഭകരമല്ല എന്നുള്ളത് കൊണ്ട് ഇപ്പോഴും വാക്സിന്‍ കണ്ടെത്തിയിട്ടില്ല .
'ആന്റിബയോട്ടിക് വിപ്ലവം' പിന്‍വലിക്കപ്പെട്ടതോടെ, പുതിയ പകര്‍ച്ചവ്യാധികളുടെ കൂടെ പഴയ രോഗങ്ങള്‍ തിരിച്ചു വരുകയും ആശുപത്രികള്‍ ശവപ്പറമ്പാകുകയും ചെയ്യുന്നു. അവസരവാദമായി ട്രംപ് പോലും ഒരുപക്ഷേ ഉയര്‍ന്ന ആശുപത്രിചിലവുകള്‍ക്ക് എതിരെ സംസാരിച്ചാലും, നമ്മള്‍ക്ക് വേണ്ടത് അത്തരം കാപട്യങ്ങള്‍ അല്ല. മരുന്ന്-കുത്തക മുതലാളിത്തത്തെ (drug monopoly) തകര്‍ക്കാനും ജീവന്‍ നിലനിര്‍ത്തുന്ന മരുന്നുകളുടെ ഉല്‍പാദനം പൊതുമേഖലയില്‍ കൊണ്ടുവരാനുമുള്ള ശക്തമായ നീക്കങ്ങള്‍ നടത്തുന്നതിനും ദീര്‍ഘവീക്ഷണത്തോടെ അതിനായുള്ള പദ്ധതികളും മാര്‍ഗങ്ങളും ആലോചിക്കാനും ഇപ്പോള്‍ നമ്മള്‍ക്ക് കഴിയണം. (ആദ്യ ഫ്‌ലൂ വാക്സിന്‍ കണ്ടെത്തുന്നതിനായി രണ്ടാം ലോകമഹായുദ്ധ കാലത്ത് ജോനാസ് സാല്‍ക്കിനെയും മറ്റു ഗവേഷകരെയും ചുമതലപ്പെടുത്തിയത് പോലെയുള്ള ഇടപെടല്‍). പതിനഞ്ചു വര്‍ഷം മുന്‍പ് 'ദി മോണ്‍സ്റ്റര്‍ അറ്റ് ഔര്‍ ഡോര്‍: ദി ഗ്ലോബല്‍ ത്രെട്ട് ഓഫ് ഏവിയന്‍ ഫ്‌ലൂ' (The Monster at Our Door: The Global Threat of Avian Flu) എന്ന എന്റെ പുസ്തകത്തില്‍ ഞാന്‍ എഴുതിയത്, 'വാക്സിനുകള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റിവൈറലുകള്‍ എന്നിവയടങ്ങുന്ന ജീവരക്ഷയ്ക്കുതകുന്ന മരുന്നുകളുടെ (lifeline medicine) ലഭ്യത മനുഷ്യാവകാശമായി പരിഗണിക്കുകയും, ആഗോളതലത്തില്‍ സൗജന്യമായി ലഭ്യമാക്കുകയും വേണം. കുറഞ്ഞ ചിലവില്‍ ഈ മരുന്നുകള്‍ ഉല്‍പാദിക്കാന്‍ വിപണിയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കഴിഞ്ഞില്ല എങ്കില്‍, സര്‍ക്കാരും അതിന്റെ കീഴിലുള്ള പൊതുമേഖലയും മറ്റു ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളും ചേര്‍ന്ന് ഈ മരുന്നുകളുടെ ഉല്‍പാദനവും സൗജന്യ വിതരണവും ഏറ്റെടുക്കണം. വന്‍കിട ഫാര്‍മ കമ്പനികളുടെ ലാഭത്തേക്കാളും എല്ലാ കാലത്തും പരിഗണിക്കപ്പെടേണ്ടത് പാവപെട്ട സാധാരണക്കാരുടെ അതിജീവനം തന്നെയാണ്.'
എന്നാല്‍ ഇപ്പോഴത്തെ മഹാവ്യാധിയും പ്രതിസന്ധികളും ഈ വാദത്തിന്റെ വ്യാപ്തി കുറേക്കൂടെ കൂട്ടിയിരിക്കുന്നു: ഒരു നേരായ അന്താരാഷ്ട്ര പൊതുആരോഗ്യ അടിസ്ഥാനസൗകര്യം (International Public Health Infrastructure) ഇല്ലാതെ മുതലാളിത്ത ആഗോളവത്കരണത്തിനു (capitalist globalisation) നിലനില്‍ക്കാന്‍ കഴിയില്ല എന്ന് ജൈവീക തലത്തില്‍ എങ്കിലും ലോകത്തിനു ബോധ്യപ്പെട്ടു കഴിഞ്ഞു. അങ്ങനെ ഒരു സംവിധാനം നിലവില്‍ വരണം എന്നുണ്ടങ്കില്‍ വന്‍കിട ഫാര്‍മ കമ്പനികള്‍ക്കെതിരെയും ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യ'സുരക്ഷയ്ക്ക്' എതിരെയും ലോകവ്യാപകമായി ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാകുകയും സ്വകാര്യ മരുന്ന് കമ്പനികളുടെ കുത്തക അവസാനിക്കുകയും ചെയ്യണം.
ഇതിനായി വേണ്ടത് ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് മാതൃകയിലുള്ള പദ്ധതിയാണ്, അത് ഒരു രണ്ടാം ന്യൂ ഡീല്‍-ന്റെ (Second New Deal) വരവായിരുന്നാല്‍ കൂടിയും അതും താണ്ടി നമ്മള്‍ ചിന്തിക്കണം. വാള്‍സ്ട്രീറ്റ് -ല്‍ പ്രകമ്പനം സൃഷ്ട്ടിച്ച 'ഒക്ക്യൂപൈ' (Occupy) സമരങ്ങളുടെ നാള്‍ മുതല്‍ തന്നെ പുരോഗമനവാദികള്‍ സാമ്പത്തിക അസമത്വത്തിനെതിരെയും വരുമാന വിവേചനത്തിനെതിരെയും നടത്തിവരുന്ന വിജയകരമായ പോരാട്ടങ്ങള്‍ ഈ ഘട്ടത്തില്‍ നമ്മള്‍ക്ക് ഊര്‍ജമാണ്. പക്ഷേ സോഷ്യലിസ്റ്റുകള്‍ക്ക് അടുത്ത കാലെടുത്തു വയ്ക്കാനുള്ള നേരമായിരിക്കുന്നു. ആരോഗ്യമേഖല-ഫര്‍മസ്യൂട്ടികള്‍ കമ്പനികളെ തന്നെ ആദ്യം ലക്ഷ്യം വച്ചുകൊണ്ട്, സാമൂഹിക ഉടമസ്ഥാവകാശത്തിനു (oscial ownership) വേണ്ടിയും സാമ്പത്തികാധികാരത്തിന്റെ ജനാധിപത്യവത്കരണത്തിന് (democratization of economic power) വേണ്ടിയും മുന്നിട്ട് ഇറങ്ങാം.
നമ്മളുടെ രാഷ്ട്രീയ-ധാര്‍മ്മിക ദൗര്‍ബല്യങ്ങളെ കുറിച്ച് സത്യസന്ധമായ പരിശോധന നടത്താന്‍ നമ്മള്‍ തയ്യാറാകണം. പുതിയ തലമുറയുടെ ഇടതുപക്ഷ പരിണാമവും രാഷ്ട്രീയ വ്യവഹാരത്തിലേക്കുള്ള 'സോഷ്യലിസത്തിന്റെ' തിരിച്ചുവരവും എല്ലാം നമ്മളെ ആവേശപ്പെടുത്തുണ്ട് എങ്കിലും, പുതിയ കാലത്തേ ദേശീയതയുമായി പൊരുത്തപ്പെടുന്ന ഒരു തരം 'ദേശീയ അഹംമാത്രവാദം' (national oslipsism) പുരോഗമന മുന്നേറ്റങ്ങളില്‍ ഇടംപിടിക്കുന്നത് നമ്മളെ അലട്ടുന്നുണ്ട്. നമ്മള്‍ എപ്പോഴും അമേരിക്കന്‍ തൊഴിലാളി വര്‍ഗ്ഗത്തെ കുറിച്ചും അമേരിക്കയുടെ വിപ്ലവ ചരിത്രത്തെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത് (യൂജിന്‍ വി.ഡെബ്‌സ് (Eugene W Debs) ഒരു തികഞ്ഞ സാര്‍വദേശീയതവാദി (internationalist) ആയിരുന്നു എന്നകാര്യം പലപ്പോഴും നമ്മള്‍ വിസ്മരിക്കുന്നു).
ഈ മഹാവ്യാധിയെ നേരിടുന്ന ഓരോ ഘട്ടത്തിലും അന്താരാഷ്ട്ര തലത്തില്‍ ഐക്യദാര്‍ഢ്യം (international oslidarity) ഉണ്ടാകേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് ഈ ലോകത്തെ സോഷ്യലിസ്റ്റുകള്‍ സദാ ഓര്‍മ്മപെടുത്തികൊണ്ടേയിരിക്കണം. ടെസ്റ്റ് കിറ്റുകളുടെ ഉല്‍പാദനം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാനും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് ജീവരക്ഷയ്ക്കുതകുന്ന മരുന്നുകളും അനുബന്ധ സംരക്ഷണ സാമഗ്രികളുടെ സൗജന്യ വിതരണവും ഉറപ്പാക്കാന്‍ എല്ലാ പുരോഗമനപക്ഷത്തെ സുഹൃത്തുക്കളും അവരുടെ നേതാക്കളും ഭരണകൂടത്തോട് ആവശ്യപ്പെടാന്‍ വേണ്ടി നമ്മള്‍ക്ക് പോരാടാം. ഉയര്‍ന്ന നിലവാരത്തിലെ സാര്‍വത്രിക ആരോഗ്യസേവനം ദേശീയ നയമായി നമ്മുടെ രാജ്യത്ത് നിലവില്‍ വരേണ്ടതും ലോകത്തില്‍ മറ്റെല്ലായിടത്തും അത് നയമാകും എന്ന് ഉറപ്പിക്കേണ്ടതും നമ്മള്‍ തന്നെയാണ്.