ഇന്ത്യന്‍ ഐഡള്‍ ജൂനിയറിന്റെ പണ്ടത്തെ ഒരു എപ്പിസോഡ് ആണ്. അതില്‍ ഒരു റൗണ്ടില്‍ മലയാളിയായ വൈഷ്ണവ് ഗിരീഷ് പാടുകയാണ്. ലൈഫ് ഇന്‍ എ മെട്രോ എന്ന ചിത്രത്തിലെ അല്‍വിദാ എന്ന പാട്ടാണ്. ഔട്ട് ഓഫ് ദി സ്‌കെയില്‍ കോമ്പോസിഷന്‍ ആണ്. സെലിബ്രിറ്റി ജഡ്ജ് ആയി ഇരിക്കുന്നത് അത് ഒറിജിനലി പാടിയ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത്. വൈഷ്ണവ് വലിയ തരക്കേടില്ലാതെ പാടി അവസാനിപ്പിക്കുകയും ചെയ്തു. കെകെ അത് നന്നായി ആസ്വദിക്കുകയും ചെയ്തു. കൂടിയിരിക്കുന്ന മറ്റൊരു ജഡ്ജ് വിശാല്‍ ദഡ്ലാനി വൈഷ്ണവിന്റെ പാട്ടിനെ കുറിച്ച് പറയുന്നതിനിടെ കെകെയെ കുറിച്ച് ഒരു കാര്യം പറഞ്ഞു ; കെകെ , ആപ് ദൂസ്രെ ലെവല്‍ കേ സിങ്ങര്‍ ഹോ ( നിങ്ങള്‍ മറ്റൊരു ലെവലില്‍ ഉള്ള പാട്ടുകാരന്‍ ആണ് ) അതാണ് യാഥാര്‍ഥ്യവും. ശാസ്ത്രീയ സംഗീതത്തില്‍ ഔപചാരിക പരിശീലനം ലഭിക്കാത്ത, ക്രെസെണ്ടോ (crescendo) യുടെ രാജാവായ KK യ്ക്ക് മാത്രം പാടാന്‍ സാധിക്കുന്ന പാട്ടാണ് പ്രീതം കംപോസ് ചെയ്ത അല്‍വിദാ.
സിനിമയില്‍ ആദ്യ ബ്രേക്ക് ലഭിക്കുന്നതിന് മുന്‍പ് ഏകദേശം 3500 പരസ്യ ജിംഗിളുകള്‍ ആദ്ദേഹം പാടിയിട്ടുണ്ട്. ഒരിക്കല്‍ പാട്ടുകാരനായ ഹരിഹരന്‍ ഡല്‍ഹിയില്‍ വെച്ച് കെകെ യുടെ പാട്ട് കേള്‍ക്കുകയും മുംബൈയിലേക്ക് ചേക്കേറാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അത് ഒരു തരത്തില്‍ തന്റെ ജീവിതം മാറ്റി മറിച്ചുവെന്ന് കെകെ പിന്നീട് പറയുകയുണ്ടായി.
മാച്ചിസിലെ ഛോട് ആയെ ഹം എന്ന പാട്ടിലെ ചെറിയൊരു പോര്‍ഷന്‍ പാടിയാണ് അദ്ദേഹം പിന്നണിയിലേക്കെത്തിയത്. ആദ്യ ബ്രേക്ക് ത്രൂ കിട്ടിയത് പല്‍ എന്ന ആല്‍ബത്തിലൂടെയാണ്. തൊണ്ണൂറുകളില്‍ വളരെ അധികം ജനസമ്മതി നേടിയ പാട്ട് ആയിരുന്നു പല്‍, യാരോ എന്നീ പാട്ടുകള്‍.
പക്ഷെ ശ്രോതാക്കളുമായി അദ്ദേഹത്തെ കൂടുതല്‍ അടുപ്പിച്ചത് സഞ്ജ ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലെ 'തടപ് തടപ്' പാട്ടിലൂടെയാണ്. പിന്നാലെ അദ്ദേഹം ദില്‍ ചാഹ്താ ഹെയിലെ കോയി കഹെ എന്ന ചടുലമായ പാട്ട് പാടി യുവാക്കള്‍ക്കിടയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
കെ കെ യും സംഗീത സംവിധായകന്‍ പ്രീതവും ഒത്തു ചേര്‍ന്നാല്‍ അതൊരു മാജിക് ആണെന്ന് ആണ് ആരാധകരുടെ അഭിപ്രായം. അത് സത്യവുമാണ്. ഗ്യാങ്സ്റ്റര്‍ മുതല്‍ വോ ലംഹേ, ലൈഫ് ഇന്‍ എ മെട്രോ, ജന്നത്, റേസ് ഏറ്റവും ഒടുവില്‍ 83 വരെ മനോഹര ഗാനങ്ങള്‍ നല്‍കിയ കൂട്ടുകെട്ടായിരുന്നു അവരുടേത്. ഒരിക്കല്‍ ഓസ്ട്രേലിയയില്‍ അവധിക്കാലം ആഘോഷിക്കുക ആയിരുന്ന കെ കെ ക്ക് പ്രീതത്തിന്റെ കോള്‍ വന്നു. ' തനിക്ക് പാടാന്‍ ഒരു പാട്ടുണ്ട്. വേഗം പാടി അയക്കൂ' എന്നാണു അദ്ദേഹം പറഞ്ഞത്. ഉടന്‍ തന്നെ റെക്കോര്‍ഡിങ് സ്റ്റുഡിയോ ഉള്ള സിഡ്നിയില്‍ എത്തി പാട്ട് റെക്കോര്‍ഡ് ചെയ്ത് അയച്ചു കൊടുത്ത കഥ അദ്ദേഹം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അത്തരമൊരു ഊഷ്മള ബന്ധം അവര്‍ കാത്തു സൂക്ഷിച്ചിരുന്നു.
തൃശൂര്‍ സ്വദേശിയായ കെകെ മലയാളത്തില്‍ ആകെ പാടിയിരിക്കുന്നത് ദീപക് ദേവിന്റെ പാട്ടാണ്. പുതിയ മുഖത്തിലെ രഹസ്യമായ് എന്ന പാട്ട്. ഇത് കൂടാതെ ഔസേപ്പച്ചന് വേണ്ടി വി കെ പ്രകാശിന്റെ ഹിന്ദി ചിത്രം ഫ്രീക്കി ചക്രയില്‍ അദ്ദേഹം ഒരു പാട്ട് പാടിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. തമിഴില്‍ റഹ്മാന്റെ ആദ്യ കാല സിനിമകളായ കാതല്‍ ദേശം, മിന്‍സാര കനവ് എന്നിവയില്‍ പാടിയ കെകെ പിന്നീട് ഹാരിസ് ജയരാജ്, യുവന്‍, വിദ്യാസാഗര്‍ എന്നിവരുടെ സ്ഥിരം പാട്ടുകാരനായി മാറി. വിജയ് അഭിനയിച്ച ഗില്ലിയിലെ അടിപൊളി പാട്ട് അപ്പടി പോട് കെകെ ക്ക് വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കി കൊടുത്തു. ഇത് കൂടാതെ കന്നടയിലും തെലുങ്കിലും ഒട്ടനവധി പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. എങ്കിലും ഹിന്ദിയാണ് അദ്ദേഹത്തിന്റെ തട്ടകം.
ഹൈ പിച്ച് പാട്ടുകളുടെ രാജാവാണ് KK . ഒപ്പം യോഡലിങ്ങിന്റെ ഗുരു കിഷോര്‍ കുമാറിനെ പോലെ (അദ്ദേഹവും കെ കെ എന്നത് യാദൃശ്ചികം ആകാം ) ചില യോഡിലിങ് (ഉദാ: ക്രൂക്ക് എന്ന സിനിമയിലെ പാട്ട്) പരീക്ഷണങ്ങളും ചെയ്തിട്ടുണ്ട്. പൊതുവെ പാട്ടുകാര്‍ തൊടാന്‍ മടിക്കുന്ന sixth octave ല്‍ വരെ അദ്ദേഹം പാട്ട് പാടിയിട്ടുണ്ട്. (ഹിന്ദി ചിത്രമായ മഞ്ജുനാഥിലെ പാട്ട്)
KK ക്ക് ശേഷം വന്ന പല പാട്ടുകാരും നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയപ്പോള്‍ KK ക്ക് ഇത് വരെ ഫിലിം ഫെയര്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ഒരു അവാര്‍ഡും ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഒരു പക്ഷെ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞതായിരിക്കും ഇതിനു കാരണം. ഒരു പാട്ടുകാരന്റെ മുഖമല്ല പ്രധാനം. അദ്ദേഹത്തെ കേള്‍ക്കപ്പെടുകയാണ് വേണ്ടത് എന്ന്.
ശരിയാണ്.
കെ കെ എന്ന പേര് കേള്‍ക്കുക പോലും ചെയ്യാത്ത എത്രയോ പേര്‍ പാടിയത് ആരെന്ന് അറിയാതെ അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കുന്നു. അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ച് സംസാരിക്കുന്നു. വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ പാട്ടുകളിലേക്ക് ആകൃഷ്ടനാകുന്നു.
അപ്പോഴും കെ കെ പാടിക്കൊണ്ടേ ഇരിക്കുന്നു... വേറെ എവിടെയോ ഇരുന്ന്...
ലൗഡായി, ശ്രുതിശുദ്ധമായി, അടിപൊളിയായി...