Opinion

മിണ്ടരുത് എന്നത് ആരുടെ ഭാഷയാണ് ?

തൊഴിലാളിക്ക് തൊഴില്‍ നയത്തില്‍ ഇടപെടാനാവില്ല എന്ന നിലപാട് എത്രത്തോളം ഇടതുപക്ഷമാണ് ? നാടുവാഴിത്തത്തില്‍ നിന്ന് നവകേരളം നിര്‍മ്മിച്ചതില്‍ അദ്ധ്യാപകര്‍ക്കുള്ള പങ്ക് എങ്ങനെയാണ് മായ്ച്ചു കളയാനാവുക?

1992ല്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായി ചേര്‍ന്ന വര്‍ഷമാണ് കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണി സ്വാശ്രയ കോളേജുകളും ഓട്ടോണമസ് കോളേജുകളും ആരംഭിക്കാന്‍ തീരുമാനിക്കുന്നതും അതിനെതിരെ ആ ഭരണത്തിന്റെ അഞ്ചു വര്‍ഷങ്ങളിലും ഉജ്ജ്വലമായ പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുന്നതും. ആ സമരത്തിന് നേതൃത്വം നല്‍കിയതും തുടക്കം കുറിച്ചതും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊപ്പം കോളേജ് , സ്‌കൂള്‍ തലങ്ങളിലെ അദ്ധ്യാപക സംഘടനകളും ഈ സമരത്തിലണി നിരന്നു. രണ്ടാം ഘട്ടത്തില്‍ എല്ലാ സംഘടനകളും ചേര്‍ന്ന് സേവ് എഡ്യുക്കേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചാണ് സമരം നടത്തിയത്.

( മറ്റൊരു മണ്ഡലത്തിലും അക്കാലത്ത് നടന്ന സമരങ്ങള്‍ക്ക് അത്രയും ദീര്‍ഘകാലികമായും സഹന ഭരിതമായും മാറാനായിട്ടില്ല. അതില്‍ വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ അദ്ധ്യാപകര്‍ക്കുമുണ്ട് വലിയ പങ്ക്.) ഇത് നേരിട്ടു കണ്ടതും പങ്കു ചേര്‍ന്നതുമായ ഒരു സമരാനുഭവം മാത്രമാണ്.

അദ്ധ്യാപകര്‍ നയപരമായ കാര്യങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും പാടില്ലെങ്കില്‍ ജനാധിപത്യ കേരളം സാധ്യമാക്കിയ ഏത് അദ്ധ്യാപക സമരമാണ് സാധുവാകുക ? നാടുവാഴിത്തത്തില്‍ നിന്ന് നവകേരളം നിര്‍മ്മിച്ചതില്‍ അദ്ധ്യാപകര്‍ക്കുള്ള പങ്ക് എങ്ങനെയാണ് മായ്ച്ചു കളയാനാവുക?

ചെറുകാട് മുത്തശ്ശിയില്‍ എഴുതിയതു പോലെ 'മലബാറിന്റെ ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ മാനേജ്‌മെന്റിന്റെ കീഴില്‍ നരകിക്കുന്ന അധ്യാപകന്മാര്‍ സമരരംഗത്തിറങ്ങിയിരുന്നു. എല്ലാ ശനി യന്‍ സഭാകേന്ദ്രങ്ങളിലും സമരത്തിന്റെ അല പരന്നുപിടിച്ചു. ആ സമരത്തില്‍ പങ്കെടുക്കേണ്ട അധ്യാപകരുടെ ഹൃദയഭിത്തിയെ കുലുക്കിയിരുന്നു. ഏറ്റവും ഭീരുക്കളായവരുടെ ഹൃദയത്തിലും ന്യായമായ അവകാശങ്ങള്‍ അധ്യാപകര്‍ക്കനുവദിച്ചു കിട്ടേണ്ടതാണെന്ന ബോധമുണ്ടായി. ചിലര്‍ കല്‍പ്പനക്കെഴുതി വീട്ടില്‍ അടങ്ങിയിരുന്നു. അതിലധികം ധീരനാരായവര്‍ കല്‍പ്പനക്കെഴുതാതെ കേന്ദ്രത്തെ ഒഴിഞ്ഞുമാറിനടന്നു. ഏറ്റവും ധീരന്മാരായ പ്രവര്‍ത്തകന്മാര്‍ ശനിയന്‍ സഭ ബഹിഷ്‌കരിച്ച് കേന്ദ്രത്തില്‍ ഉറച്ചുനിന്ന് പിക്കറ്റിങ് നടത്തി അറസ്റ്റുവരിച്ച് ജയിലില്‍ പോയി.

പഠിപ്പിക്കാത്ത ഭാഗത്ത് നിന്നും മുപ്പതു ശതമാനം സ്‌കോറിന് ചോദ്യങ്ങള്‍ ചോദിച്ച് കുട്ടികളുടെ സ്‌കോര്‍ കുറക്കണമെന്ന നിര്‍ബന്ധബുദ്ധി ആരുടേതാണ്?

ദിനപത്രങ്ങളില്‍ അധ്യാപകസമരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ കൂടുതല്‍ സ്ഥലം അനുവദിക്കേണ്ടിവന്നു. വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റും പൊലീസ് ഡിപ്പാര്‍ട്ടുമെന്റും കൂടി അധ്യാപക പ്രവര്‍ത്തകരെ കഴിയുന്നവേഗം അറസ്റ്റുചെയ്ത് ശിക്ഷിച്ചു. ഒരാഴ്ചക്കുള്ളില്‍ത്തന്നെ പാല സെന്ററില്‍ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയവരെ ഒന്നരമാസം വീതം കഠിനതടവിന് ശിക്ഷിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു കഴിഞ്ഞു. '

ഇങ്ങനെ ഇച്ഛാധീരതയോടെ ഏറ്റുമുട്ടിയതിന്റെയും നയങ്ങള്‍ തിരുത്തിക്കുകയും ചെയ്ത ചരിത്രമാണത്. വിദ്യാഭ്യാസ നയത്തിലെ തന്നെ ജനവിരുദ്ധതയെ പ്രതിരോധിക്കുകയും തിരുത്തിക്കുകയും ചെയ്ത അദ്ധ്യാപക മുന്നേറ്റങ്ങളുടെ ഗുണം രാഷ്ട്രീയമായി ഏറ്റവും കൂടുതല്‍ ലഭിച്ചത് ഇടതുപക്ഷത്തിനാണെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ വിദ്യാഭാസ നയത്തില്‍ അദ്ധ്യാപകര്‍ ഇടപെടേണ്ട എന്ന വാദം ഒരു നിലയിലും സാധുവാകില്ല.

തൊഴിലാളിക്ക് തൊഴില്‍ നയത്തില്‍ ഇടപെടാനാവില്ല എന്ന നിലപാട് എത്രത്തോളം ഇടതുപക്ഷമാണ് ?

ഈ ചരിത്രബോധ്യമുള്ളതു കൊണ്ടാണ് ഹയര്‍ സെക്കണ്ടറി / എസ്.എസ്.എല്‍.സി പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് പൊതു ഇടത്തില്‍ അഭിപ്രായം പറഞ്ഞ അദ്ധ്യാപകനെതിരെ നടപടി എടുക്കാനുള്ള നീക്കത്തില്‍ അദ്ധ്യാപകരും പൊതു വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്നവരും ശക്തമായി പ്രതിഷേധിക്കുന്നത്. . .

ഇപ്പോള്‍ നടപടി നേരിടുന്ന പി.പ്രേമചന്ദന്‍ മാസ്റ്റര്‍ അടക്കം കേരളത്തിലെ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ വിമര്‍ശിച്ചത് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തെയോ അതിന്റെ പൊതുവിലുള്ള നടത്തിപ്പിനെയോ അല്ല. പൊതു വിദ്യാഭ്യാസ സംരക്ഷണം ഒരു യജ്ഞമായി പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നയത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട സ്ഥാപനങ്ങളില്‍ ചിലരെങ്കിലും ആ താല്പര്യത്തോടെയല്ല ഈ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് എന്നാണ്.

എന്താണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാനം ?

ഒക്ടോബറിലാണ് കുട്ടികളുടെ പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞത്. നവംബറിലാണ് ക്ലാസ് തുടങയത്. പകുതി കുട്ടികളെ ബാച്ചുകളാക്കി ആഴ്ചയില്‍ മൂന്ന് ദിവസം ഉച്ചവരെ മാത്രമാണ് ഈയടുത്ത നാള്‍ വരെ ക്ലാസുകള്‍. പത്ത് അധ്യയന ദിനങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ രണ്ടര ദിനത്തിന്റെ ഗുണമാണ് ഒരു കുട്ടിക്ക് ലഭിക്കുക. മുന്‍ വര്‍ഷങ്ങളില്‍ 10 മാസങ്ങളിലെ 200 അദ്ധ്യയന ദിനങ്ങള്‍ കൊണ്ട് പഠിപ്പിച്ച പാഠഭാഗങ്ങള്‍ നവംബര്‍, ഡിസംബര്‍, ജനുവരി , ഫെബ്രവരി നാല് മാസങ്ങളിലെ സാദ്ധ്യായ ദിവസങ്ങളുടെ നാലില്‍ ഒന്ന് സമയം കൊണ്ട് പഠിപ്പിക്കാനാവുന്നതെങ്ങനെ? അതുകൊണ്ടാണ് സര്‍ക്കാര്‍ തന്നെ ഫോക്കസ് ഏരിയ പ്രഖ്യാപിച്ചത്. ഫോക്കസ് ഏരിയയില്‍ ഊന്നി നിന്ന് പഠിപ്പിക്കാനുള്ള സാഹചര്യവും സമയവുമേ ഇപ്പോഴത്തെ പ്ലാന്‍ അനുസരിച്ച് ലഭിക്കൂ. ഒന്നുകില്‍ ഫോക്കസ് ഏരിയയില്‍ നിന്നും നൂറു ശതമാനം സ്‌കോര്‍ ലഭിക്കുന്ന വിധത്തില്‍ ചോദ്യ പേപ്പര്‍ തയ്യാറാക്കണം. അല്ലെങ്കില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കാനും പഠിക്കാനുമുള്ള അദ്ധ്യയന ദിവസങ്ങള്‍ അനുവദിക്കണം. അല്ലാതെ പഠിപ്പിക്കാത്ത ഭാഗത്ത് നിന്നും മുപ്പതു ശതമാനം സ്‌കോറിന് ചോദ്യങ്ങള്‍ ചോദിച്ച് കുട്ടികളുടെ സ്‌കോര്‍ കുറക്കണമെന്ന നിര്‍ബന്ധബുദ്ധി ആരുടേതാണ്?

അത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതാരായാലും അവരുടെ താല്പര്യങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന് ഗുണകരമല്ല എന്നാണ്. അത് സംരക്ഷിക്കുക പൊതു വിദ്യാഭ്യാസത്തെ നിരന്തരം അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ വിദ്യാലയ ലോബികളെയാണ് എന്നത് സത്യമല്ലേ ?

അതിന് തെളിവുണ്ടോ എന്ന് ചോദിച്ചാല്‍ ഈ തീരുമാനങ്ങള്‍ തന്നെയാണ് തെളിവുകള്‍.

പൊതു വിദ്യാഭ്യാസത്തിനും മാതൃഭാഷാ വിദ്യാഭ്യാസത്തിനും വേണ്ടി ഇടപെടുന്നവര്‍ക്ക് ഇത് ആദ്യത്തെ അനുഭവമൊന്നുമല്ല.

ഒന്നാം ഭാഷ മലയാളമാക്കിയ ഉത്തരവും സമഗ്ര മാതൃഭാഷാ നിയമവും നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതുപ്രകാരം പത്താം തരം വരെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയായി ( ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മാതൃഭാഷയും ) പഠിക്കണം ഇവിടെ.

അതിന്റെ പ്രായോഗിക നിര്‍വ്വഹണം എവിടം വരെ എത്തി? എന്തുകൊണ്ടാണ് അതിന്റെ പരിശോധനയില്‍ ആര്‍ക്കും താല്പര്യമില്ലാത്തത് ?

സമഗ്ര മാതൃഭാഷ നിയമമുള്ള ഒരു സംസ്ഥാനത്ത് UP / LP അദ്ധ്യാപകരാവാന്‍ പത്താം ക്ലാസ് വരെ മലയാളം ഒരു നിര്‍ബന്ധിത ഭാഷയായി പഠിച്ചിരിക്കണം എന്ന നിബന്ധന എടുത്തു കളഞ്ഞ ഉദാര മനസ്സ് ആരുടെ താല്പര്യമായിരുന്നു ?

PSC യുടെ UP / LP അദ്ധ്യാപക പരീക്ഷയില്‍ നിന്നും ഒരു വിഷയം എന്ന നിലയില്‍ മലയാളത്തെ പടിയിറക്കിയത് ആരുടെ താല്പര്യമായിരുന്നു ?

IAS പരീക്ഷയ്ക്ക് മലയാളത്തില്‍ ചോദ്യക്കടലാസ് കിട്ടുന്ന ഒരു രാജ്യത്ത് KAS ന്റെ ചോദ്യക്കടലാസ് മലയാളത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യര്‍ക്ക് അനിശ്ചിത കാല നിരാഹാരവും ഒരു ഉണ്ണാത്തിരുവോണവും നടത്തിയിട്ടും കനിവു കാട്ടാത്തവര്‍ ആരുടെ താല്പര്യത്തിന്റെ കാവല്‍ക്കാരാണ് ?

CBSE / ICSE മേഖലയില്‍ മക്കളെ വിടുന്നവര്‍ കേരളത്തിലെ ഏത് അധികാര കേന്ദ്രങ്ങളിലും സ്വാധീനമുള്ള സാമ്പത്തിക / സാംസ്‌കാരിക മൂലധനമുള്ള ഒരു ന്യൂനപക്ഷ സമൂഹമാണ്. അവര്‍ക്ക് പലപ്പോഴും ഭരണകൂടത്തിന്റെ താല്പര്യങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നുണ്ട്.

ആ താല്പര്യങ്ങളാണ് കേരള സര്‍ക്കാരിന്റെ നയം എന്നാരും പറഞ്ഞിട്ടില്ല. മേല്പറഞ്ഞ കാര്യങ്ങളെല്ലാം ഈ സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ചതുമല്ല. പക്ഷേ അതാത് കാലത്ത് പരാതിപ്പെട്ടും മാദ്ധ്യമങ്ങളിലെഴുതിയും തെരുവില്‍ സമരം ചെയ്തുമാണ് ഇവയില്‍ പലതും തിരുത്തിച്ചത്.

ഭരിക്കുന്ന പാര്‍ട്ടിക്കും ഭരണമുന്നണിക്കും ഒരു മുതലാളിത്ത ഭരണകൂടത്തിന്റെ വര്‍ഗ്ഗ സ്വഭാവം മാറ്റാനാവില്ല എന്ന തിരിച്ചറിവ് മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ സാക്ഷരതയിലെ പ്രാഥമിക പാഠമാണ്. ഭരണകൂടത്തിന് ഉള്ളില്‍ നിന്ന് തിരുത്തുകളില്ല.

അതുകൊണ്ട് മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഭരണമെന്നത് സമരത്തിന്റെ ഇടവേളയല്ല, സമരത്തിന്റെ മാറിയ ഒരു രൂപം മാത്രമാണ്. അത് തിരിച്ചറിയുന്നവര്‍ക്ക് ഏത് ഭരണകാലത്തും ചില സമരങ്ങളിലേര്‍പ്പെടേണ്ടിവരും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT