തരൂർ നിലവിലെ കാലം ആവശ്യപ്പെടുന്ന നേതാവാണ്. അദ്ദേഹത്തെ കുറച്ചു കാണുന്നതും നിയന്ത്രിച്ചു ചൊൽപ്പടിയിൽ നിർത്താമെന്നു കരുതുന്നതും വെറും വ്യാമോഹമാണ്. കോൺഗ്രസ് നേതൃത്വത്തിന് ചെയ്യാവുന്ന കടുത്ത കാര്യം അദ്ദേഹത്തെ ഒരു മുൻ കോൺഗ്രസ്സുകാരനാക്കാമെന്നു മാത്രമാണ്.
എന്‍.ഇ.സുധീര്‍ എഴുതുന്നു
രണ്ടു പ്രധാന വാർത്തകളാണ് ഈയടുത്ത ദിവസങ്ങളിൽ കേരളം ഏറ്റെടുത്തിരിക്കുന്നത്. സ്വാഭാവികമായും ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരമാണ് ഒന്നാമത്തെ വാർത്ത. അടുത്തത് ശശി തരൂർ എന്ന കോൺഗ്രസ് നേതാവിൻ്റെ മലബാർ പര്യടനവും. ഫുട്ബോൾ ഭ്രാന്തന്മാരായ മലബാറുകാരുടെ ഇടയിലേക്ക് ഇത്തരമൊരു സമയത്ത് ഇറങ്ങിച്ചെന്ന് ഇത്രയും വലിയ വാർത്താപ്രാധാന്യം നേടുക എന്നത് ചെറിയ കാര്യമല്ല. മാധ്യമങ്ങൾ ഒട്ടും മടി കൂടാതെ കൃത്യമായും അവരുടെ ഇടങ്ങളെ ഈ രണ്ടു വിഷയത്തിനു വേണ്ടി പകുത്തുവെച്ചിരിക്കുന്നു. തരൂർ എന്ന രാഷ്ടീയ പ്രതിഭാസം കേരളത്തിൽ ഒരു യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന ചൊല്ല് അന്വർത്ഥമായതു പോലെ തരൂരിനെ തളയ്ക്കാൻ ശ്രമിച്ച കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിൻ്റെ യാത്രയെ വലിയ ശ്രദ്ധാവിഷയമാക്കി നിലനിർത്തി. തരൂർ എന്ന വടവൃക്ഷത്തിലേക്ക് എറിഞ്ഞ കല്ലുകളൊക്കെ ഉന്നം കാണാതെ തിരിച്ചു വന്ന് എറിഞ്ഞവരുടെ നെഞ്ചത്ത് തന്നെ പതിച്ചു. സത്യത്തിൽ ഇനിയതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് നിശ്ചയമില്ല. അതേ സമയം ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ട് തരൂർ കേരളരാഷ്ട്രീയത്തിലേക്ക് നടന്നു കയറുകയാണ്.
ആരാണ് ശശി തരൂർ ?
ഈ ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്താൻ കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ മിക്കവാറും പേരും ശ്രമിച്ചിട്ടില്ല. അതിനാലാണ് ചോദ്യത്തിൻ്റെ ഉത്തരം ജനങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുന്ന അവസ്ഥ വന്നു പെട്ടത്. തരൂർ ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കുന്നയാളാണ്. അദ്ദേഹം സ്വയം വിലയിരുത്തിയത് ഇങ്ങനെയാണ്:
"When I am sometimes asked how I see myself, I tend to discount my public offices for the writing I do alone, in private. I’m already a former minister, I explain. One day, I’ll be a former MP. But I hope never to be a former writer".
സമൂഹത്തിലെ സ്വന്തം നിലയെ വിലയിരുത്തുന്നതിൽ ശശി തരൂർ മറ്റാരേക്കാളും മിടുക്കനാണ്. മുൻ മന്ത്രി, മുൻ എം.പി എന്നിങ്ങനെ ഭൂതകാലത്തിലേക്ക് ചുരുങ്ങിപ്പോകുന്ന സ്ഥാനമാനങ്ങൾക്കപ്പുറം എന്നും നിലനിൽക്കുന്ന ചില പദവികൾ അദ്ദേഹത്തിനുണ്ട്. അദ്ദേഹം നല്ലൊരു എഴുത്തുകാരനാണ്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. വലിയ ഇടവേളകളില്ലാതെ ഇപ്പോഴും അദ്ദേഹം ഗ്രന്ഥങ്ങൾ രചിക്കുന്നു. വിശാലമായും കാലോചിതമായും ചിന്തിച്ച് കൃത്യമായ നിലപാടുകൾ എടുക്കുന്ന ഒരു പബ്ലിക് ഇൻ്റലക്ച്വൽ കൂടിയാണ് തരൂർ. രാഷ്ടീയവ്യത്യാസമില്ലാതെ ആളുകളെ പിടിച്ചിരുത്തുന്ന പ്രഭാഷകനാണദ്ദേഹം. മുൻ എഴുത്തുകാരൻ, മുൻ പൊതുബുദ്ധിജീവി, മുൻ പ്രഭാഷകൻ എന്നീ അവസ്ഥകളൊന്നും ഇല്ലല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇതാകട്ടെ അദ്ദേഹം വളരെ മുമ്പു പറഞ്ഞ കാര്യവുമാണ്. പതിനാലു വർഷം മുമ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കോൺഗ്രസിലൂടെ കടന്നു വരുമ്പോൾ അദ്ദേഹത്തിന് തീർച്ചയായും ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നിരിക്കും. കോൺഗ്രസ് എന്ന പാർട്ടിയെ വേണ്ടവിധത്തിൽ വിലയിരുത്തിയതിനു ശേഷമായിരിക്കുമല്ലോ, അദ്ദേഹത്തെപ്പോലൊരാൾ അതിനെ തിരഞ്ഞെടുത്തിരിക്കുക. അതിനു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ വന്ന മാറ്റങ്ങളെയും മറ്റാരെക്കാളും നന്നായി അദ്ദേഹം മനസ്സിലാക്കിയിരിക്കും. പറഞ്ഞുവരുന്നത്, മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച്
കൃത്യമായ ദിശാബോധത്തോടെ നീങ്ങാൻ കഴിവുള്ള നേതാവാണ് തരൂർ എന്നാണ്.
ഇതൊന്നും മനസ്സിലാക്കാതെയും കണക്കിലെടുക്കാതെയുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ശശി തരൂരിനെതിരെ ഇപ്പോൾ വാളോങ്ങുന്നത്. പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുകയും എതിർക്കുകയും ചെയ്യുന്നത് യഥാർത്ഥത്തിൽ അദ്ദേഹത്തിന് ഗുണവും എതിർക്കുന്നവർക്ക് ദോഷവും ചെയ്യും എന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകൾ വിളിച്ചു പറയുന്നത്. സമാന്തര പ്രവർത്തനമെന്നും വിഭാഗീയ പ്രവർത്തനമെന്നുമൊക്കെ അതിനെ വിശേഷിപ്പിക്കുന്നത് കേവലം ബുദ്ധിശൂന്യതയും രാഷ്ട്രീയ വിവേകമില്ലായ്മയുമാണ്. സ്വന്തം അളവുകോൽ കൊണ്ട് ശശി തരൂരിനെ അളക്കാൻ ശ്രമിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സ്വയം അപഹാസ്യരാവുകയാണ്.
ഭാവിയിൽ സംഭവിച്ചേക്കുമെന്ന് കരുതുന്ന വ്യക്തിപരമായ അധികാര നഷ്ടങ്ങളെ ഒഴിവാക്കാനുള്ള തത്രപ്പാടിൽ അസംബന്ധങ്ങൾ വിളിച്ചു പറയുകയാണ് പലരും. ഇതിന് നേതൃത്വത്തിൻ്റെ പരോക്ഷ പിന്തുണയുമുണ്ടെന്നു വേണം മനസ്സിലാക്കാൻ. ആത്മഹത്യാപരമായ നിലപാടുകളാണ് കോൺഗ്രസ് നേതൃത്വം ആദ്യം മുതൽ ഇക്കാര്യത്തിൽ എടുത്തത്. തരൂരിൻ്റെ മലബാർ യാത്രയെ ഇത്രയധികം പ്രാധാന്യമുള്ളതാക്കി മാറ്റിയത് അവർ തന്നെയാണ്. ഇന്നിപ്പോൾ അതിൻ്റെ വിജയം കണ്ട് അവരുടെ മനോനില തന്നെ തെറ്റിപ്പോയിരിക്കുന്നു. തരൂർ ഇത് ശരിക്കും ആസ്വദിക്കുന്നുണ്ട്. സംഘടനാ പിന്തുണയില്ലാതെ, കോൺഗ്രസിലെ എത്രപേർക്ക് ഇങ്ങനെയൊരു ചലനം കേരളത്തിലുണ്ടാക്കാൻ സാധിക്കും എന്ന ചോദ്യം ബാക്കിയാവുന്നു.
തരൂർ വ്യക്തമായ ബോധ്യങ്ങളോടെയാണ് ഓരോ ചുവടും മുന്നോട്ടു വെക്കുന്നത്.
കേരള രാഷ്ട്രീയത്തിൻ്റെ സമവാക്യങ്ങൾ മനസ്സിലാക്കിയാണ് അദ്ദേഹം ഈ പര്യടനത്തിൽ നിലപാടുകളെടുക്കുന്നത്. ജാതി-മത നേതൃത്വങ്ങളെയും സാംസ്കാരിക നായകന്മാരെയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. അതോടൊപ്പം, കോൺഗ്രസിന് അത്രയൊന്നും സ്വാധീനമില്ലാത്ത ഹിന്ദു വിശ്വാസികളെ ചേർത്തു നിർത്തുവാനുള്ള പ്രത്യക്ഷമായ മുദ്രകളും അദ്ദേഹം എടുത്തണിയുന്നുണ്ട്. ഇടതു രാഷ്ട്രീയത്തോടു കൂറുള്ള ഹിന്ദുക്കളെയും സംഘപരിവാർ പാളയത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന ഹിന്ദുക്കളെയും അദ്ദേഹം കൈവെടിയുന്നില്ല. വേഷത്തിലും കയ്യിലെ ചരടിലുമൊക്കെ ഇത് സ്പഷ്ടമാണ്. അതേ സമയം യുവാക്കളെ തൻ്റെ കൂടെ നിർത്താനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ജനാധിപത്യത്തിലെ വിജയത്തിനാവശ്യമായ നിറക്കൂട്ടുകൾ ഈ നേതാവിനറിയാം.
വർഷങ്ങൾക്കു മുമ്പ് പുതിയ കാലത്തിൻ്റെ ആവശ്യങ്ങളെപ്പറ്റി കൃത്യതയോടെ അദ്ദേഹം എഴുതിയിട്ടുണ്ട്. "The media-driven mass politics of the twenty-first century requires open communication which the Congress in recent years has shied away from. We also need to articulate a vision for the future that embraces the aspirations of India’s majority—the young".
അതദ്ദേഹം സമയോചിതമായി ചെയ്തു തുടങ്ങി എന്നു മാത്രം. വിശ്വപൗര പരിവേഷവും ഇംഗ്ലിഷ് ഭാഷാക്കസർത്തുമൊക്കെ യുവാക്കളെ അടുപ്പിക്കുന്നതിൽ വലിയൊരളവുവരെ സഹായിക്കുന്നുണ്ട്. സത്യത്തിൽ കേരളരാഷ്ട്രീയത്തിലെ താരമാണ് ശശി തരൂർ. അല്ലാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതുപോലുള്ള ഊതിവീർപ്പിച്ച ബലൂണല്ല. താനാരാണ് എന്ന് ബോധ്യപ്പെടുത്താനുള്ള അവസരമായി തരൂരിൻ്റെ യാത്രയെ വികസിപ്പിച്ചത് സതീശനാണ് എന്നു പറയാം.
തരൂർ വി.കെ. കൃഷ്ണമേനോനല്ല
വി.കെ. കൃഷ്ണമേനോൻ എന്ന പഴയ കോൺഗ്രസ് നേതാവിൻ്റെ അവസാന കാലത്തെ ദുർഗതിയെപ്പറ്റിയൊക്കെ ചിലരിപ്പോൾ തരൂരിനെ ഓർമ്മിപ്പിക്കുന്നത് കാണാനിടയായി. അവരോട് പറയുവാനുള്ളത് "V. K. KRISHNA MENON’S BRILLIANCE " എന്ന തരൂരിൻ്റെ ലേഖനമൊന്ന് വായിച്ചു നോക്കണമെന്നു മാത്രമാണ്. മേനോനെ തരൂർ നിങ്ങളെക്കാളുമൊക്കെ നന്നായി പഠിച്ചിട്ടുണ്ട്. മനസ്സിലാക്കിയിട്ടുമുണ്ട്. ആശുപത്രിയിൽ ഹൃദ്രോഗത്താൽ സുഖമില്ലാതെ കിടന്ന തൻ്റെ അച്ഛനെ കാണാൻ കൃഷ്ണമേനോൻ വന്ന സന്ദർഭമൊക്കെ അദ്ദേഹം അതിൽ വിവരിക്കുന്നുണ്ട്. മോനോൻ തരൂരിൻ്റെ പിതാവ് ചന്ദ്രനോട് പറഞ്ഞ വാചകം അദ്ദേഹം ഓർത്തു പറയുന്നു. "What’s this about a heart attack? Chandran, I didn’t know you had a heart. " പറഞ്ഞുവന്നത് കൃഷ്ണമേനോനെപ്പറ്റിയൊന്നും തരൂരിനെ ആരും പഠിപ്പിക്കേണ്ട എന്നു കൂടിയാണ്.
തരൂർ നിലവിലെ കാലം ആവശ്യപ്പെടുന്ന നേതാവാണ്. അദ്ദേഹത്തെ കുറച്ചു കാണുന്നതും നിയന്ത്രിച്ചു ചൊൽപ്പടിയിൽ നിർത്താമെന്നു കരുതുന്നതും വെറും വ്യാമോഹമാണ്. കോൺഗ്രസ് നേതൃത്വത്തിന് ചെയ്യാവുന്ന കടുത്ത കാര്യം അദ്ദേഹത്തെ ഒരു മുൻ കോൺഗ്രസ്സുകാരനാക്കാമെന്നു മാത്രമാണ്. അതിനവർ കൊടുക്കേണ്ട വില വളരെ വലുതായിരിക്കും. അതു കൊണ്ടു തന്നെ അത്തരമൊരു അപരാധം അവർ ചെയ്യാനിടയില്ല. ഒരു ധ്രുവീകരണം ഇപ്പോൾ ആരും ആഗ്രഹിക്കുന്നില്ലല്ലോ.
തരൂർ രാഷ്ട്രീയം
ഇന്നിപ്പോൾ തരൂർ പുതിയൊരു രാഷ്ട്രീയത്തെ കേരളത്തിൻ്റെ മുന്നിലേക്ക് വെക്കുകയാണ്. അതിൻ്റെ സ്വീകാര്യത കോൺഗ്രസ് പ്രവർത്തകരിൽ ഒതുങ്ങുന്ന ഒന്നല്ല. തീർച്ചയായും മുരടിച്ചു നിൽക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തിന് അത് ഉത്തേജനം നൽകും. ചുരുക്കം ചില നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങളെക്കാൾ വലുതാണ് കോൺഗ്രസിൻ്റെ നിലനില്പും ഭാവിയും. സമയോചിതമായി, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കോൺഗ്രസ് നേതൃത്വം ഉണർന്നു പ്രവർത്തിക്കുമോ?
പത്തു വർഷം സംസ്ഥാന ഭരണത്തിൽ നിന്നു മാറിനിൽക്കേണ്ടി വന്ന യു.ഡി.എഫ് ഘടകകക്ഷികളും ഇപ്പോൾ തരൂരിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
കോൺഗ്രസിൽ ഒരു നേതൃത്വ പ്രശ്നമുണ്ടെന്ന് അവർക്കൊക്കെ അറിയാം. ഇതെല്ലാം മനസ്സിൽ കണ്ടാവും ശശി തരൂർ ഗോദയിലിറങ്ങിയിട്ടുണ്ടാവുക. ജനാധിപത്യത്തിൽ വോട്ടും ജനസ്വാധീനവും നേടാനുള്ള ചില്ലറ വേഷംകെട്ടുകൾക്കപ്പുറം വലിയ വിഷനുള്ള പക്വമതിയായ ഒരു നേതാവാണ് ശശി തരൂർ. വ്യക്തിയുടെ പ്രസക്തി കേരളത്തിലെ ജനം മുമ്പെന്നത്തേക്കാളും മനസ്സിലാക്കുന്നുമുണ്ട്. ഉപരിപ്ലവതയും കാപട്യവും മാത്രം കൈമുതലായ കേരളത്തിലെ രാഷ്ട്രീയനേതൃത്വത്തിന് തരൂർ തീർച്ചയായും ഒരു വെല്ലുവിളിയാവും.
കേരളത്തിലെ ജനം ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. തരൂരിൻ്റെ ഭാഷ കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. അദ്ദേഹത്തിൻ്റെ നിലപാടുകളും. സത്യത്തിൽ ഈ സാധ്യതയെ കോൺഗ്രസ് ഉപയോഗിക്കുകയാണ് വേണ്ടത്. തരൂർ തരംഗത്തിൽ യഥാർത്ഥത്തിൽ ഞെട്ടേണ്ടത് കേരളത്തിലെ ഇടതുപക്ഷ മുന്നണിയാണ്. സി.പി.എം നേതൃത്വമാണ്. കൂട്ടത്തിൽ മുങ്ങിപ്പോവുന്നത് സംഘപരിവാറിൻ്റെ സ്വപ്നങ്ങളുമാണ്. ക്ഷണികമായ വ്യാമോഹങ്ങൾ കൊണ്ട് തരൂരിനെ തള്ളിമാറ്റാൻ പലരും ശ്രമിച്ചെന്നു വരും.
കേരളത്തിൻ്റെ ഭാവിയിൽ ഈ മനുഷ്യന് സുപ്രധാനമായ ഒരിടമുണ്ട്. നാളെയെപ്പറ്റി അയാൾക്ക് ചില സ്വപ്നങ്ങളുണ്ട്. അതെപ്പറ്റിയൊക്കെ അദ്ദേഹത്തിന് നല്ല ബോധ്യവുമുണ്ട്. . അതിൻ്റെ തുടക്കം കുറിക്കലിൻ്റെ മുറുമുറുക്കങ്ങളാണ് ഇപ്പോൾ നമുക്കു മുന്നിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭിരുക്കളായ വേഷം കെട്ടുകാർ ഇതൊക്കെ കേട്ട് ഭയപ്പെടുകയും വിവരക്കേടുകൾ വിളിച്ചു പറയുകയും ചെയ്യും.
നമുക്ക് അവരെ അവഗണിക്കാം. നമ്മുടെ ഭാവി എന്തായാലും ഇത്തരക്കാരുടെ കൈകളിൽ സുരക്ഷിതമല്ല. ആ തിരിച്ചറിവാണ് ശശി തരൂർ എന്ന നേതാവ് തൻ്റെ ഇന്ധനമാക്കി കേരള രാഷ്ടീയത്തിൻ്റെ അരങ്ങത്ത് തകർത്താടുന്നത്.