Opinion

രാഷ്ട്രീയമായി ആളിക്കത്തിക്കാനുറച്ച് പ്രതിപക്ഷം, പ്രതിരോധിച്ച് കെടുത്താന്‍ ഭരണപക്ഷം, നേട്ടം നോട്ടമിട്ട് ബിജെപിയും

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടുത്തം രാഷ്ട്രീയ ആയുധമാക്കി തെരുവില്‍ ആളിക്കത്തിക്കുകയാണ് പ്രതിപക്ഷം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അധികനാളിന്റെ ദൂരമില്ലെന്നതുമാണ് പ്രതിപക്ഷത്തിനുള്ള പ്രേരണ. സംഭവമുണ്ടായി അധികം വൈകാതെ സെക്രട്ടറിയേറ്റിലേക്കെത്തിയ പ്രതിപക്ഷ നേതാവ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയും തീപ്പിടുത്തമുണ്ടായ ഇടം സന്ദര്‍ശിച്ച് രാജ്ഭവനിലേക്ക് തിരിക്കുകയും ചെയ്തു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച. ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്രകാരം വിഷയം സമഗ്രമായി എഴുതി നല്‍കുമെന്ന് പിന്നീട് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ഗവര്‍ണറെ പ്രേരിപ്പിക്കുകയെന്നതാണ് പ്രതിപക്ഷ ലക്ഷ്യം. അതിലൂടെ വിഷയത്തെ മറ്റൊരു മാനത്തിലേക്ക് ഉയര്‍ത്താനാണ് ഉന്നമിടുന്നത്. എന്‍ഐഎ അന്വേഷിക്കുന്ന കേസിന് ആവശ്യമായ രേഖകള്‍ സൂക്ഷിക്കുന്ന സ്ഥലത്തുണ്ടായ തീപ്പിടുത്തം ഔദ്യോഗികമായി കേന്ദ്രത്തിന്റ സജീവ ശ്രദ്ധയിലെത്തിക്കാനുള്ള ശ്രമമായി അതിനെ വിലയിരുത്താം. സാധാരണ നിലയില്‍ എഴുതി തയ്യാറാക്കിയ നിവേദനവുമായാണ് ഗവര്‍ണറെ കാണാറ്. അതിനുനില്‍ക്കാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ തിരക്കിട്ട നീക്കം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും നേതാക്കളും പ്രതിഷേധിക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തതിനാല്‍ വിഷയം കൈവിട്ടുപോകാതെ ഒരു മുഴം മുന്നേ കുതിക്കാനാകാം രാത്രിയില്‍ തന്നെ അടിയന്തരമായി ഗവര്‍ണറെ കണ്ടത്. പിന്നാലെ 'കരിദിന' പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ബുധനാഴ്ച കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് അടക്കം പോഷക സംഘടനകളെ രംഗത്തിറക്കി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു.

പ്രതിപക്ഷ ഉന്നം ദുരൂഹത ആരോപിക്കാനുള്ള രാഷ്ട്രീയസാധ്യതയില്‍

വലിയ തീപ്പിടുത്തമല്ലെങ്കിലും വിഷയത്തില്‍ ദുരൂഹത ആരോപിക്കാനുള്ള രാഷ്ട്രീയസാധ്യത മുതലെടുക്കാനാണ് പ്രതിപക്ഷശ്രമം. തീപ്പിടുത്തം പ്രോട്ടോകോള്‍ ഓഫീസിലായതിനാല്‍ മുഖ്യമന്ത്രിക്കും കെടി ജലീലിനുമെതിരായ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനാകുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നു. ഡിപ്ലൊമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്‍കിയതടക്കമുള്ള രേഖകള്‍ സൂക്ഷിച്ചിരുന്ന ഓഫീസിലാണ് അഗ്നിബാധ. സ്വര്‍ണക്കടത്ത് അന്വേഷണത്തിന് ആവശ്യമുള്ള രേഖകള്‍ ഇവിടെയാണുണ്ടായിരുന്നത്. മന്ത്രിമാരടക്കമുള്ളവരുടെ വിദേശ സന്ദര്‍ശനങ്ങളുടെ രേഖകളും ഈ ഓഫീസിലുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പ്രോട്ടോകോള്‍ ഓഫീസറില്‍ നിന്ന് നിരവധി രേഖകള്‍ കൈപ്പറ്റിയതാണ്. പിന്നാലെ തീപ്പിടുത്തമുണ്ടായതിലാണ് പ്രതിപക്ഷം ദുരൂഹത ആരോപിക്കുന്നത്. ചുമതലയിലുള്ള ഉദ്യോഗസ്ഥന് കൊവിഡ് ആയതിനെ തുടര്‍ന്ന് രണ്ടുദിവസമായി പൂട്ടിയിട്ടിരുന്ന ഓഫീസിലാണ് സംഭവമെന്നുള്ളത് ഉയര്‍ത്തിയും വാദങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്നതും ഒപ്പമുയര്‍ത്തുന്നു. അതുകൂടി ചേര്‍ത്തുവായിച്ചാല്‍ തെളിവ് നശിപ്പിക്കലാണ് നടന്നതെന്നാണ് പ്രതിപക്ഷവാദം. പ്രതിപക്ഷ നേതാക്കളെ തടഞ്ഞതും മാധ്യമങ്ങളെ സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്താക്കിയതും പലതും മറയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണെന്നും ഉന്നയിക്കുന്നു. സ്വര്‍ണക്കടത്ത്, ഖുറാന്‍ എത്തിച്ചതുമായി ബന്ധപ്പെട്ട വിവാദം, വടക്കാഞ്ചേരിഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ ക്രമക്കേട്, തുടങ്ങിയ വിഷയങ്ങള്‍ക്ക് പിന്നാലെ തീപ്പിടുത്തം കൂടി ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാകുമോയെന്നാണ് പ്രതിപക്ഷം നോക്കുന്നത്. അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി ജനവിശ്വാസമാര്‍ജിച്ചെന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാദത്തെ തകര്‍ക്കുകയെന്നതുകൂടിയാണ് ഉന്നമിടുന്നത്. ചീഫ് പ്രോട്ടോകോള്‍ ഓഫീസിലെ നിര്‍ണായക രേഖകള്‍ നശിപ്പിച്ച് കള്ളക്കടത്തുകേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. മുഖ്യമന്ത്രിയെ തുടര്‍ന്നും ആക്രമിക്കാനുള്ള വിഷയമായി രമേശ് ഇതിനെ കാണുന്നു. ചൊവ്വാഴ്ച രാത്രി വൈകിയും ബുധനാഴ്ചയും യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവില്‍ പ്രതിഷേധം ശക്തമാക്കിയതും അതിനാല്‍ തന്നെ.

നേട്ടത്തിന് നോട്ടമിട്ട് ബിജെപി

തീപ്പിടുത്തമുണ്ടായതറിഞ്ഞ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ സെക്രട്ടറിയേറ്റിലെത്തി പ്രതിഷേധമുയര്‍ത്തിയിരുന്നു. കെ സുരേന്ദ്രനെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എന്നാല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാത്രി വൈകിയും സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നു. അവിശ്വാസ പ്രമേയത്തിന്‍മേലുള്ള പ്രതിപക്ഷത്തിന്റെ പ്രകടനത്തെ രൂക്ഷമായി കെ സുരേന്ദ്രന്‍ വിമര്‍ശിച്ചതും ചേര്‍ത്തുവായിക്കണം. നിര്‍ഗുണ പ്രതിപക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും രമേശ് ചെന്നിത്തലയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഐശ്വര്യമെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന് തലച്ചോറിന്റെ കുറവുണ്ടെന്നും സര്‍ക്കാരിന് വീമ്പിളക്കാന്‍ അവസരം കൊടുത്തെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ പത്താളുകള്‍ സഭയിലുണ്ടായിരുന്നെങ്കില്‍ പിണറായിയെ വെള്ളംകുടിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് തീപ്പിടുത്ത സംഭവം. അതുയര്‍ത്തി യുഡിഎഫിനെ മറികടന്നുള്ള രാഷ്ട്രീയനേട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്. നെറികേടുകളോട് ശബ്ദമുയര്‍ത്തുന്നവരെ വായടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് കേസെടുത്തതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. വിഷയത്തെ ഏതുതരത്തില്‍ ഉപയോഗപ്പെടുത്താനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഈ പ്രതികരണത്തില്‍ നിന്ന് വ്യക്തവുമാണ്. സ്വര്‍ണ കള്ളക്കടത്ത്‌ കേസില്‍ പൂച്ച് പുറത്താകുമെന്ന് മനസിലായപ്പോള്‍ സെക്രട്ടേറിയറ്റില്‍ തീയിട്ടും പുകച്ചും തെളിവില്ലാതാക്കാനാണോ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കം എന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ ചോദ്യം. കത്തിനശിച്ച ഫയലുകള്‍ മന്ത്രി കെ.ടി.ജലീലിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നവയാണോയെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി വി മുരളീധരനും വിഷയം ഉന്നയിക്കുന്നു. കെ സുരേന്ദ്രനെ പോലെ കേവലമൊരു രാഷ്ട്രീയനേതാവല്ല വി മുരളീധരന്‍. അദ്ദേഹം കേന്ദ്രമന്ത്രിയാണ്. അത്തരമൊരു പദവിയിലിരുന്ന്‌ പറയുമ്പോള്‍ വിഷയത്തില്‍ കേന്ദ്രം ശ്രദ്ധയൂന്നുന്നു എന്നതുകൂടിയുണ്ട്.

യാദൃശ്ചിക ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടം മാത്രമെന്ന്,ആരോപണങ്ങളെ ചെറുത്ത് സര്‍ക്കാര്‍

തീര്‍ത്തും യാദൃശ്ചികമായുണ്ടായ ഷോര്‍ട്ട് സര്‍ക്യട്ട് അപകടം മാത്രമാണിതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. സുപ്രധാന ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും വിശദീകരിക്കുന്നു. സെക്രട്ടറിയേറ്റില്‍ ഇ ഫയലിങ് ഉള്ളതിനാല്‍ ഒന്നും നഷ്ടപ്പെടില്ലെന്നുമാണ് മന്ത്രിമാരായ ഇ.പി ജയരാജന്‍, ജി സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ വിശദീകരിച്ചത്. എന്‍ഐഎയുടേത് ഉള്‍പ്പെടെ അന്വേഷണങ്ങള്‍ക്കായി ആവശ്യപ്പെട്ട രേഖകളെല്ലാം കൃത്യമായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍ വിശദീകരിച്ചു. ഒരു ഫയലും സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ല. ഇ ഫയലിങ്ങ് രീതിയാണ് സെക്രട്ടറിയേറ്റില്‍ പിന്തുടരുന്നത്. അതിനാല്‍ തീപ്പിടിച്ച ഫയലുകളുടെ പകര്‍പ്പ് കമ്പ്യൂട്ടര്‍ വഴി എടുക്കാവുന്നതാണ്. നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലെ ജി എ ഡി പൊളിറ്റിക്കല്‍ വിഭാഗത്തില്‍ വളരെ ചെറിയ തീപ്പിടുത്തമാണ് ഉണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മുമ്പും പല തവണ ഇത്തരത്തില്‍ തീപ്പിടുത്തം ഉണ്ടായിട്ടുണ്ടെന്നുകൂടി ഇ പി പരാമര്‍ശിച്ചു. എന്നാല്‍ പ്രതിരോധിക്കാനാണെങ്കിലും ഫലത്തില്‍ ഭരണപക്ഷവും വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. സഭാ സമ്മേളനം കഴിഞ്ഞിട്ടും യുഡിഎഫ് എംഎല്‍എമാര്‍ തിരുവനന്തപുരത്ത് തുടര്‍ന്നത്‌ ദുരൂഹമാണെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞുവെച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അടിതെറ്റി വീണതിന്റെ ക്ഷീണം തീര്‍ക്കാന്‍ യു ഡി എഫുകാര്‍ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ടെന്നും അതിന് ബിജെപിയെ കൂട്ടുപിടിച്ചെന്നുമാണ് അദ്ദേഹം ആരോപിച്ചത്. തീപ്പിടുത്തം നടന്ന് മിനിറ്റുകള്‍ക്കകം ബിജെപി യുഡിഎഫ് നേതാക്കള്‍ സെക്രട്ടറിയേറ്റിലെത്തി. സ്ഥലത്തെത്തിയ ബി ജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത് ഒരേ കാര്യങ്ങളായിരുന്നുവെന്നും ഇപി ആരോപിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ള ചെറിയ തീപ്പിടുത്തമാണെന്ന് പറയുകയും കോണ്‍ഗ്രസ്-ബിജെപി ഗൂഢാലോചന ആരോപിക്കുകയും ചെയ്യുന്നതില്‍ വൈരുദ്ധ്യമുണ്ട്. അങ്ങനെ കത്തുന്ന ഫയലല്ലെന്നും ഇ ഫയലുകള്‍ ഉണ്ടെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റുയം മന്ത്രി ജി സുധാകരന്റെയും പ്രതികരണങ്ങള്‍. സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യു.ഡി.എഫിനകത്ത് വിള്ളല്‍വീഴുകയും ചെയ്തതിന്റെ ജാള്യം മറച്ചുവെക്കാനാണിതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ, കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നേതാക്കന്മാര്‍ സംഭവസ്ഥലത്ത് എത്തിചേര്‍ന്നത് സംശയാസ്പദമാണെന്ന വൈരുധ്യ വാദം ഉന്നയിച്ച് ഈ വിഷയത്തെ പ്രത്യാക്രമണത്തിന് അദ്ദേഹവും രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വലിയ തീപ്പിടുത്തമല്ല, വ്യക്തത വരേണ്ടത് അന്വേഷണത്തില്‍

വലിയ തീപ്പിടുത്തമല്ല ഉണ്ടായതെന്ന് വ്യക്തമാണ്. കുറച്ച് രേഖകള്‍ കത്തിനശിച്ചെന്നതിലും സ്ഥിരീകരണമുണ്ട്. ഏതെല്ലാം ഫയലുകളാണ് ചാരമായതെന്ന് അന്വേഷണത്തിലൂടെ വെളിപ്പെടേണ്ടതാണ്. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ വന്നുഭവിക്കുന്ന വിഷയങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണ് യുഡിഎഫും ബിജെപിയും ലക്ഷ്യമിടുന്നതെന്ന് വ്യക്തം. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള പ്രതിഷേധങ്ങള്‍ അത്യന്തം അപകടകരമാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT