Opinion

ശാസ്ത്രവും വിശ്വാസവും തമ്മിൽ

ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ് അക്ഷരാർഥത്തിൽ ഇന്ത്യയിൽ ശാസ്ത്രീയമായ മനോവൃത്തി (Scientific Temper) എന്ന പദം പോലും ആഴത്തിൽ അപഗ്രഥിച്ചത്. ശാസ്ത്രം സ്‌കൂളിൽ പഠിക്കുവാനുള്ള വെറുമൊരു വിഷയമായി മാത്രം കാണുമ്പോഴാണ് അത് വിശ്വാസവുമായി തൂക്കിനോക്കാനും, ഭാരം തുലോം കുറവാണെന്ന് പലർക്കും പ്രസ്‌താവന നടത്താനും കഴിയുന്നത്. ഡോ. അബേഷ് രഘുവരൻ എഴുതുന്നു.

ശാസ്ത്രത്തെയും, വിശ്വാസത്തെയും എന്നുമുതലാണ് എതിർചേരിയിൽ ചേർത്തുവച്ചുകൊണ്ട് അതിൽ പക്ഷം ചേരാൻ നാം ആരംഭിച്ചത് എന്ന് കൃത്യമായി പറയാൻ കഴിയില്ല. ശാസ്ത്രമാണോ വിശ്വാസമാണോ എന്ന ചോദ്യത്തിന് രണ്ടുചേരിയിൽ നിന്നുകൊണ്ടുള്ള വാഗ്വാദം അല്ല ആവശ്യം. പകരം, യുക്തിയോടെ ഇവരണ്ടിനെയും രണ്ടായി അപദ്ഗ്രഥിച്ചുകൊണ്ട് രണ്ടിനും അതിന്റേതായ മാനം നൽകുകയും, അതിന്റേതായ ഇടം നൽകുകയുമാണ് വേണ്ടത്. ഒന്നിന് മറ്റൊന്നിനെ കുറയ്ക്കാനോ, ഹനിക്കാനോ, ഇല്ലാതാക്കാനോ കഴിയില്ല എന്ന വാസ്തവവും തിരിച്ചറിയേണ്ടതുണ്ട്.

എന്താണ് ശാസ്ത്രം?

സർവ്വവിജ്ഞാനകോശത്തിൽ ശാസ്ത്രത്തിന്റെ നിർവ്വചനവമായി പറയുന്നത് ഇങ്ങനെയാണ്, 'The systematic study of the structure and behaviour of the physical and natural world through observation, experimentation, and the testing of theories against the evidence obtained'. അതായത് ലോകത്തിന്റെ ഘടനയെയും സ്വഭാവസവിഷേതയെയുമൊക്കെ കുറിച്ച് നിരീക്ഷണങ്ങളിലൂടെയും, പരീക്ഷണങ്ങളിലൂടെയും കിട്ടുന്ന തെളിവുകളിലൂടെയുള്ള വ്യവസ്ഥാപിതമായ പഠനമാണ് ശാസ്ത്രം. നമുക്ക് ചുറ്റും ഇരുപതുവർഷം മുമ്പ് ഉണ്ടായിരുന്ന കാര്യങ്ങൾ അല്ല ഇന്നുള്ളത്. നൂറുവർഷങ്ങൾക്കുമുമ്പ് ഇതൊന്നും ആയിരുന്നില്ല. മാറ്റം കാലഘട്ടത്തിന്റെ ആവശ്യകതകൂടിയാണ്. ഓരോ രംഗങ്ങളിലുമുള്ള പുരോഗതി സംഭവിക്കുന്നത് വർഷങ്ങളും, നൂറ്റാണ്ടുകളും കൊണ്ടാണ്. അതിന് മനുഷ്യന്റെ വലിയ പരിശ്രമത്തിന്റെകൂടി പിൻബലമുണ്ട്.

ഓരോ കാലത്തിലും നമുക്ക് പലവിധത്തിൽ നേരിടേണ്ടിവന്ന തടസ്സങ്ങളെയും, വെല്ലുവിളികളെയും നാം ശാസ്ത്രത്തിന്റെ പുരോഗതികൊണ്ട് മറികടന്നിട്ടുണ്ട്. ശാസ്ത്രത്തിന്റെ പുരോഗതി നാം നേടിയിട്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ലോകം ഇന്ന് ഇത്തരത്തിൽ ആകുമായിരുന്നില്ല. പ്രകൃതിയുടെ സ്വതവേയുള്ള ഒഴുക്കിന് എതിരേയായിരുന്നു എന്നും മനുഷ്യന്റെ ദിശ. അത് പലപ്പോഴും അവന്റെ നിലനിൽപ്പിന്റെ ഭാഗമായിരുന്നു. ഉദാഹരണത്തിന് വസൂരിയും, പ്ളേഗും അടുത്തകാലത്തുണ്ടായ കോവിഡുമൊക്കെ പ്രകൃതി നിർധാരണത്തിന്റെ ഭാഗമായിരുന്നു. എന്നാൽ മനുഷ്യൻ ഏക പിടിവള്ളിയായ ശാസ്ത്രത്തിന്റെ സഹായത്തോടെ ആ നിർധാരണത്തെ മറികടന്നു. മറുവശത്തു പ്രകൃതിയുടെ താളത്തെ ചോദ്യം ചെയ്‌തതിലുള്ള ദോഷഫലവും നാം അനുഭവിക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നിരുന്നാലും നാം നമ്മുടെ ഇഷ്ടത്തിനും, സ്വാതന്ത്ര്യത്തിനും മുന്നോട്ടുപോകുവാൻ ഉണ്ടാക്കിവച്ചിരിക്കുന്ന രീതിശാസ്ത്രത്തിനുപിന്നിൽ ശാസ്ത്രത്തിന്റെ സംഭാവന വലുതാണ്.

ശാസ്ത്രം സ്‌കൂളിൽ പഠിക്കുവാനുള്ള വെറുമൊരു വിഷയമായി മാത്രം കാണുമ്പോഴാണ് അത് വിശ്വാസവുമായി തൂക്കിനോക്കാനും, ഭാരം തുലോം കുറവാണെന്ന് പലർക്കും പ്രസ്‌താവന നടത്താനും കഴിയുന്നത്. എന്നാൽ ശാസ്ത്രമെന്നാൽ നാം ചുറ്റിനും കാണുന്നതെല്ലാം ആണെന്നും, അവയെല്ലാം സ്വതവേ ഉണ്ടായതല്ലെന്നും ധാരാളം ശാസ്ത്രജ്ഞന്മാരുടെ നീണ്ടകാലത്തെ അദ്ധ്വാനത്തിന്റെ കൂടി ഫലമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ് അക്ഷരാർഥത്തിൽ ഇന്ത്യയിൽ ശാസ്ത്രീയമായ മനോവൃത്തി (Scientific Temper) എന്ന പദം പോലും ആഴത്തിൽ അപഗ്രഥിച്ചത്. ശാസ്ത്രീയമായ മനോവൃത്തി എന്നത് ഒരു ജീവിതരീതി തന്നെയാണെന്നാണ് നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രിയും, ഇന്ത്യയിൽ ശാസ്ത്രവിപ്ലവത്തിന് തുടക്കമിട്ടയാളുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അഭിപ്രായപ്പെട്ടത്.

ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യം

കണാദന്റെയും, വരാഹമിഹിരന്റെയും, സി.വി.രാമന്റെയും എ.പി.ജെ.അബ്ദുൾ കലാമിന്റെയുമൊക്കെ രാജ്യമാണ് ഇന്ത്യ. നൂറുകണക്കിന് ശാസ്ത്രപ്രതിഭകളെ ലോകത്തിന് സംഭാവന ചെയ്ത രാജ്യം. നൂറ്റാണ്ടുകൾക്കുമുമ്പ് പ്രകൃതിവിഭവങ്ങളാൽ സമ്പുഷ്ടമായ ഇന്ത്യ അക്കാരണങ്ങൾ കൊണ്ടുതന്നെ ലോകത്തെതന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ പിന്നീട് ഇരുന്നൂറു വർഷക്കാലം നമ്മെ അടക്കിഭരിച്ച ബ്രിട്ടീഷുകാർ ലോകത്തെത്തന്നെ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ ശ്രേണിയിലേക്ക് ഇന്ത്യയെ തള്ളിവിടുകയാണുണ്ടായത്. അത്തരത്തിൽ ഒരു അവസ്ഥയിൽ നിന്നാണ് ഇന്ത്യ ശാസ്ത്രത്തിന്റെയും, സാങ്കേതികവിദ്യയുടെയും സഹായത്തോടെ വലിയ കുതിപ്പുനടത്തിക്കൊണ്ട് ഇന്നത്തെ അവസ്ഥയിലേക്ക് നടന്നുകയറിയത്.

ഇന്ത്യയിൽ ശാസ്ത്രപുരോഗതി സ്വാതന്ത്ര്യം നേടിയ ദിവസം മുതൽ തുടങ്ങിയിട്ടുണ്ടെന്ന് പറയേണ്ടിവരും. ബ്രിട്ടീഷ് അധിനിവേശകാലത്ത് ഇന്ത്യയ്ക്ക് സ്വതന്ത്രമായ അസ്തിത്വം പോലും ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ ശാസ്ത്രപുരോഗതി പേരിനുപോലും അടയാളപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അതിനുശേഷം ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ് അക്ഷരാർഥത്തിൽ ഇന്ത്യയിൽ ശാസ്ത്രീയമായ മനോവൃത്തി (Scientific Temper) എന്ന പദം പോലും ആഴത്തിൽ അപഗ്രഥിച്ചത്. ശാസ്ത്രീയമായ മനോവൃത്തി എന്നത് ഒരു ജീവിതരീതി തന്നെയാണെന്നാണ് നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രിയും, ഇന്ത്യയിൽ ശാസ്ത്രവിപ്ലവത്തിന് തുടക്കമിട്ടയാളുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അഭിപ്രായപ്പെട്ടത്. നിരീക്ഷണങ്ങളിലൂടെയും, ദീർഘമായ ഗവേഷണങ്ങളിലൂടെയും ശാസ്ത്രത്തെ അടുത്തറിയാൻ അദ്ദേഹം ആഹ്വാനം ചെയ്തു. തെളിവും, അടിസ്ഥാനവുമില്ലാത്ത ഒരു പ്രസ്താവനയും ശാസ്ത്രം അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹത്തിന്റെ കാലത്താണ് ഇന്ത്യയിൽ എണ്ണംപറഞ്ഞ മികച്ച ഗവേഷണകേന്ദ്രങ്ങൾ ജന്മമെടുത്തത്. ആയിരത്തി അറുപതുകളിലെ ഹരിതവിപ്ലവം, എഴുപതുകളിലെ ധവളവിപ്ലവം, പിന്നീടുവന്ന സാറ്റലൈറ്റ്, റെയിൽവേ കമ്പ്യൂട്ടറൈസേഷൻ, ടെലികോം വിപ്ലവം, ബ്ലൂ റെവല്യൂഷൻ എന്നിങ്ങനെ വിവിധങ്ങളായ വലിയ ചുവടുവെപ്പുകൾക്കാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യ സാക്ഷ്യം വഹിച്ചത്.

ശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ മാത്രമേ രാജ്യത്തിന്റെയും പുരോഗതി സാധ്യമാകൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സ്വാതന്ത്ര്യം ലഭിച്ചു മൂന്നുവർഷം തികയുമ്പോഴേക്കും 1950 ൽ അദ്ദേഹം ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജിക്ക് തറക്കല്ലിട്ടു. നെഹ്രുവിന്റെ ഭരണനിപുണതയ്‌ക്കൊപ്പം മികച്ചതായിരുന്നു അദ്ദേഹത്തിന്റെ ശാസ്‌ത്രബോധവും. സ്വാതന്ത്ര്യം ലഭ്യമാകുന്നതിന് മുമ്പ് ബ്രിട്ടീഷ് ഭരണത്തിൽ പാശ്ചാത്യ വികസിതരാജ്യങ്ങളിലെ ശാസ്‌ത്രപുരോഗതിയുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം വളരെ പിറകിൽ ആയിരുന്നു. ആ അന്തരം നിരന്തരം കൂടിക്കൂടിവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതും, നെഹ്‌റു ഭരണതലത്തിലേക്കു വരുന്നതും. എന്നാൽ അതിനുശേഷം ഇന്ത്യ ശാസ്ത്രരംഗത്തു പടിപടിയായി ഉയർന്നുവരികയാണ് ചെയ്‌തത്‌. മാത്രമല്ല, അതിനു പത്തുവർഷങ്ങൾക്കു മുമ്പുതന്നെ കൽക്കട്ടയിലെ "നാഷണൽ അക്കാദമി ഓഫ് സയൻസിൽ" അദ്ദേഹം പ്രസംഗിച്ചത്, "ശാസ്‌ത്രത്തിനുമാത്രമേ രാജ്യത്തിന്റെ പ്രധാന പ്രശ്‌നങ്ങളായ പട്ടിണി, ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയവ പരിഹരിക്കാൻ കഴിയൂ" എന്നായിരുന്നു. അതായത് സ്വാതന്ത്ര്യത്തിനും വളരെ കാലത്തിനുമുമ്പ് തന്നെ അദേഹത്തിന് രാജ്യത്തിന്റെ വികസനത്തെപ്പറ്റി കൃത്യമായ കാഴ്‌ചപ്പാട്‌ ഉണ്ടായിരുന്നു എന്നർത്ഥം.

ആണവോർജ്ജം പ്രയോജനപ്പെടുത്തി വിപ്ലവാത്മകമായ പുരോഗതിയാണ് അദ്ദേഹം വിഭാവനം ചെയ്‌തത്‌. ആണവോർജ്ജത്തിന്റെ ദോഷഫലങ്ങൾ ഉയർത്തിക്കാട്ടി ലോകരാജ്യങ്ങൾ ഒറ്റസ്വരത്തിൽ അതിനെ എതിർത്തപ്പോൾ, അതിന്റെ ഗുണഫലങ്ങളുടെ സാധ്യതകളെ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ രാജ്യത്തിന്റെ പുരോഗതിയ്‌ക്കായി ഉപയോഗപ്പെടുത്താനാണ് നെഹ്‌റു ശ്രമിച്ചത്. കൂടാതെ ഇന്ത്യയിൽ ബഹിരാകാശഗവേഷണത്തിന് അടിത്തറ പാകിയതും അദ്ദേഹം തന്നെയായിരുന്നു.

2018 ൽ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ ആഞ്ഞടിച്ചപ്പോൾ തഞ്ചാവൂർ ജില്ലയിലെ എസ്.വിജയലക്ഷ്മി എന്ന പതിനാലുകാരി മരണത്തിനു കീഴടങ്ങി. ആർത്തവകാലത്തു അശുദ്ധിയുണ്ടെന്നും, അതിനാൽ വീട്ടിൽ എല്ലാവർക്കുമൊപ്പം കഴിയുവാൻ പാടില്ലെന്നും ഉള്ള വിശ്വാസം കലശലായ ഗ്രാമത്തിൽ വിജയലക്ഷ്‌മിക്കായി വീട്ടിൽനിന്നും മാറി ഉണ്ടാക്കിയ ഒരു കുടിലിന്റെ മുകളിലേക്ക് മരം കടപുഴകി വീണാണ് മരണം സംഭവിച്ചത്.

ശാസ്ത്രം നോക്കുകുത്തിയാകുന്ന നിമിഷങ്ങൾ

വിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും മുന്നിൽ ശാസ്ത്രം വെറും നോക്കുകുത്തിയാകുന്ന ചില നിമിഷങ്ങളുണ്ട്. മനുഷ്യൻ സ്വയം ഉണ്ടാക്കിവെച്ച ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്കൊപ്പം അതിലധിഷ്ഠിതമായ ചില ശീലങ്ങൾ ശാസ്ത്രത്തെ കൊഞ്ഞനം കുത്തുന്ന നിമിഷങ്ങൾ. അത്തരമൊരു നിമിഷത്തിലാണ് 2018 ൽ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ ആഞ്ഞടിച്ചപ്പോൾ തഞ്ചാവൂർ ജില്ലയിലെ എസ്.വിജയലക്ഷ്മി എന്ന പതിനാലുകാരി മരണത്തിനു കീഴടങ്ങിയത്. ആർത്തവകാലത്തു അശുദ്ധിയുണ്ടെന്നും, അതിനാൽ വീട്ടിൽ എല്ലാവർക്കുമൊപ്പം കഴിയുവാൻ പാടില്ലെന്നും ഉള്ള വിശ്വാസം കലശലായ ഗ്രാമത്തിൽ വിജയലക്ഷ്‌മിക്കായി വീട്ടിൽനിന്നും മാറി ഉണ്ടാക്കിയ ഒരു കുടിലിന്റെ മുകളിലേക്ക് മരം കടപുഴകി വീണാണ് മരണം സംഭവിച്ചത്. ചുഴലിക്കാറ്റിന്റെ ശക്തിയിൽ ഉണ്ടായ കനത്ത മഴയിൽ ആ രാത്രി മുഴുവൻ വിജയലക്ഷ്മി നെഞ്ചിനുമുകളിൽ പതിച്ച മരത്തിൽ നിന്നും രക്ഷപ്പെടാൻ ഉറക്കെ കരഞ്ഞെങ്കിലും മകളെ രക്ഷപെടുത്തണമെന്ന് അവളുടെ അമ്മ വാവിട്ടു നിലവിളിച്ചെങ്കിലും രൗദ്രമായ ആ രാത്രിയുടെ വന്യമായ ശബ്ദത്തിൽ അവരുടെ ശബ്ദം അലിഞ്ഞുപോയിരുന്നു. ശാസ്ത്രം പുരോഗതിയുടെ പടവുകൾ കയറുമ്പോഴും അതിന്റെ യാതൊരു ഗുണഗണങ്ങളും ലഭിക്കാതെപോകുന്ന വലിയൊരുശതമാനം ജനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ശാസ്ത്രവും സമൂഹവും തമ്മിൽ സാധ്യമാകേണ്ടയിരിക്കുന്ന ചെറിയൊരു പാലത്തിന്റെ അസാന്നിധ്യമാണ് ഇവിടെ വിലങ്ങുതടിയാകുന്നത്. അങ്ങനെയൊരു സംവിധാനം ആർജ്ജിച്ചാൽ മാത്രമേ നമുക്ക് സ്വാതന്ത്യം ലഭിച്ചതിന്റെ ഈ എഴുപത്തഞ്ചാം വാർഷികത്തിൽ ശാസ്ത്ര-സാങ്കേതിക വിദ്യ സമ്മാനിച്ച വിവിധങ്ങളായ മേഖലകളിലെ പുരോഗതികൾ അതിന്റെ എല്ലാ അന്തഃസത്തയോടെയും നമുക്ക് ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.

അവസാനിക്കാത്ത അന്ധവിശ്വാസങ്ങൾ

ശാസ്ത്രം ഇത്രയേറെ വളർന്നെങ്കിലും, മനുഷ്യരുടെ ജീവിതനിലവാരം ഉയർത്തുവാൻ ശാസ്ത്രത്തിന് ഇത്രകണ്ട് കഴിഞ്ഞെങ്കിലും ഇന്നും അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ വലിയൊരു സമൂഹം നമുക്കിടയിൽ ഉണ്ട്. അസുഖം വരുമ്പോൾ ആശുപത്രികളെയും, മരുന്നിനെയും ആശ്രയിക്കാതെ അന്ധവിശ്വാസവും മന്ത്രവാദവും മറ്റും കൊണ്ട് അസുഖം ഭേദമാക്കാൻ ശ്രമിക്കുന്നവരുടെ കഥകൾ നാം നിരന്തരം കേൾക്കേണ്ടിവരുന്നു. പ്രാർഥനകൊണ്ട് മാത്രം രോഗം മാറുമെന്ന് വിശ്വസിച്ചുകൊണ്ട് ആശുപത്രികളിൽ പോകാതെ ജീവൻ വെടിഞ്ഞവർ നമ്മുടെ സമൂഹത്തിൽ ഏറെയുണ്ട്. വിശ്വാസങ്ങൾക്ക് അതിന്റേതായ പ്രാധാന്യമുണ്ട് എന്നത് വാസ്തവം തന്നെ. എന്നാൽ ഇത്തരം അപകടകരമായ അവസ്ഥകളെ അതിജീവിക്കാൻ അതുമാത്രം മതിയോയെന്നും, അവിടെ ഉചിതം ആശുപത്രിയിൽ വൈദ്യസഹായം തേടുക എന്നതുതന്നെയാണെന്നും തിരിച്ചറിയണം. അതിന് ശാസ്ത്രാഭിമുഖ്യം കൂടിയേ തീരൂ.

കാരണങ്ങൾ പലതുണ്ട്

മേൽസൂചിപ്പിച്ചതരത്തിൽ ശാസ്ത്രത്തേക്കാൾ വിശ്വാസങ്ങളെ മുഖവിലയ്‌ക്കെടുക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റിനുമുള്ളത്. ഇന്ത്യയുടെ ഭൂതകാലം പരിശോധിച്ചാൽ നാനാത്വത്തിലുള്ള വിശ്വാസങ്ങൾ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെ പ്രത്യേകത തന്നെയാണ്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയുന്നതിലേറെ പരിപാവനമായ വിശ്വാസങ്ങൾ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഈ വിശ്വാസങ്ങൾ ഒക്കെയും മനുഷ്യന്റെ നന്മയ്ക്കായി മാത്രം ജന്മമെടുത്തിട്ടുള്ളവയാണെന്ന് അടിവരയിടുമ്പോഴും ശാസ്ത്രനേട്ടങ്ങളുടെ ഗുണഗണങ്ങൾ അനുഭവിക്കാൻ ചില വിശ്വാസങ്ങളെങ്കിലും വിലങ്ങുതടിയാകുമ്പോൾ അക്കാര്യത്തിൽ പുനർവിചിന്തനം നടത്തേണ്ടത് നമ്മളെപ്പോലെയുള്ള പരിഷ്കൃതസമൂഹത്തിന്റെ ബാധ്യതയാണ്.

ശാസ്ത്രവും വിശ്വാസവും

ശാസ്ത്രവും വിശ്വാസവും തമ്മിൽ ചേർത്തുവെക്കേണ്ട കാര്യമല്ല. കാരണം ശാസ്ത്രജ്ഞന്മാർ പലരും വിശ്വാസികളാണ്. ശാസ്ത്രത്തിന്റെ പൊരുളും സത്യവും തേടുമ്പോഴും അവർക്ക് വ്യക്തിപരമായ വിശ്വാസങ്ങൾ മനസ്സിൽ ഉണ്ടാവുകയും ചെയ്യും. അത് പലപ്പോഴും അവരുടെ ജനനം കൊണ്ടും, വളർന്നുവന്ന സാഹചര്യം കൊണ്ടും അവർ ആർജ്ജിച്ചെടുത്ത വിശ്വാസമാകാം. അതവരുടെ അസ്തിത്വം തന്നെയാകാം. ശാസ്ത്രകാരന്മാരുടെ വിശ്വാസത്തെ വിമർശിക്കുമ്പോഴും അതിൽ അവരുടെ ചിന്തകൾക്കും താല്പര്യങ്ങൾക്കും തന്നെയാണ് പ്രാധാന്യം. ശാസ്ത്രത്തെയും, വിശ്വാസത്തെയും അതിന്റേതായ വീക്ഷണകോണുകളിലൂടെ കാണാൻ അവർക്ക് കഴിയുന്നു. ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ പലതാണ്. ശാസ്ത്രം ആഗോളപരമാകുമ്പോൾ വിശ്വാസം അത്രമാത്രം വ്യക്തിപരമാണ്. ഇന്ത്യൻ ഭരണഘടന ആർക്കും, ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. അതേസമയം തന്നെ മതേതരമായി ചിന്തിക്കാനും ശാസ്ത്രബോധത്തെ പ്രോത്സാഹിപ്പിക്കുവാനും പറയുന്നു. ഇവരണ്ടും രണ്ടു ധ്രുവങ്ങളിലായിരുന്നെങ്കിൽ അങ്ങനെയൊരു പരാമർശം ഭരണഘടനയിൽ ആവശ്യമുണ്ടായിരുന്നില്ലല്ലോ.

ലോകം ശാസ്ത്രസാങ്കേതിക നേട്ടങ്ങളുമായി കുതിക്കുമ്പോൾ നമ്മളിവിടെ ശാസ്ത്രമാണോ വിശ്വാസമാണോ വലുതെന്ന ചർച്ചയിലും, വാഗ്‌വാദങ്ങളിലുമാണ്. ഇവരണ്ടും വ്യത്യസ്ഥമായ രണ്ട് കാര്യങ്ങൾ ആയതുകൊണ്ടുതന്നെ ഉത്തരമില്ലാത്ത സമസ്യയുമാണ്. ഇതിന് ഉത്തരം കിട്ടിയിട്ടുമതി നമ്മുടെ ശാസ്ത്രഗവേഷണങ്ങളും, മുന്നേറ്റങ്ങളും എന്നതാണ് നമ്മുടെ തീരുമാനമെങ്കിൽ ഇന്ത്യയുടെ പുരോഗതി ആ ബിന്ദുവിൽ അവസാനിക്കും. അതല്ല, ശാസ്ത്രത്തെ ശാസ്ത്രത്തിനും, വിശ്വാസത്തെ വിശ്വാസത്തിനും വിട്ടുകൊടുത്തുകൊണ്ട് ശാസ്ത്രത്തെ കൂടുതൽ ശക്തമായി പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ മുന്നോട്ടുപോയാൽ ഇന്ത്യയ്ക്ക് ഒന്നാമത്തെ ലോകശക്തിയാകാൻ അധികം വർഷങ്ങളൊന്നും വേണ്ടിവരില്ല.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT