പാലാ ബിഷപ്പ് നടത്തിയ നര്‍ക്കോട്ടിക്‌സ് ജിഹാദ് പ്രസ്താവന മലയാളികളുടെ മതേതരസംസ്‌കാരത്തെയും നവോത്ഥാനമൂല്യങ്ങളെയും വെല്ലുവിളിക്കുന്നതാണ്.
പാലാ ബിഷപ്പും "മുസ്ലിം നർകോട്ടിക്‌സും"
പത്രവാര്‍ത്തകളെ വിശ്വസിക്കാമെങ്കില്‍ പാലാ ബിഷപ് നടത്തിയ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന മലയാളികളുടെ മതേതര സംസ്‌കാരത്തിനും മതങ്ങളുടെ സഹവര്‍ത്തിത്വത്തിനും എല്ലാ നവോത്ഥാനമൂല്യങ്ങള്‍ക്കും ഒരു വെല്ലുവിളിയാണ്. അത് ഏറ്റവും വലിയ ഭീഷണിയായി തീരുന്നത് കേരളത്തിലെ ക്രൈസ്തവ സമൂഹം നൂറ്റാണ്ടുകളിലൂടെ പണിതുയര്‍ത്തിയ സഹിഷ്ണുതയിലടിയുറച്ച മാനവികസംസ്‌കാരത്തിനാണ്.
ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങളെ തകര്‍ക്കാനും അവയിലെ യുവതീയുവാക്കളെ നര്‍ക്കോട്ടിക് കെണിയില്‍ വീഴ്ത്തി ജിഹാദികളാക്കാനും മുസ്ലിം ജിഹാദികള്‍ നര്‍ക്കോട്ടിക് ജിഹാദ് എന്നൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞുവത്രേ.
ലൗ ജിഹാദ് വേറെയുണ്ട് . അത് ആദ്യം വന്നു.
സംഘപരിവാര്‍ തലച്ചോറുകള്‍ മെനഞ്ഞെടുത്തതും കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിച്ചതുമായ വാക്കാണ് ലൗ ജിഹാദ്. അതായത് മുസ്ലിം യുവാക്കള്‍ ആസൂത്രിതമായി ഹിന്ദു-ക്രൈസ്തവ യുവതികളോട് പ്രണയം നടിച്ചു അവരെ മതം മാറ്റി കല്യാണം കഴിച്ചു ജിഹാദികള്‍ ആക്കുന്നു. ഒരു പക്ഷെ അത്തരം സംഭവങ്ങള്‍ നടന്നിരിക്കാം. കാരണം എല്ലാ മതങ്ങളിലും മതംമാറ്റം നല്ല വരുമാനമുള്ള ഇടപാടാണ്. ജിഹാദിന് പോയി എന്ന് പറയപ്പെടുന്ന പെണ്‍കുട്ടികള്‍ ഇതില്‍ പെട്ടവരായിരിക്കാം. പക്ഷെ ഇത്തരം സംഭവങ്ങളുടെ -- വളരെ അനായാസം ചെയ്യാവുന്ന - ഒരു കണക്കെടുപ്പ് നടത്തി പ്രസിദ്ധപ്പെടുത്താന്‍ സംഘപരിവാരമോ ക്രൈസ്തവ മേലധ്യക്ഷന്മാരോ മാധ്യമങ്ങളോ ശ്രമിച്ചതായി കണ്ടിട്ടില്ല. അതുകൊണ്ടു ലൗ ജിഹാദ് മറ്റൊരു തുമ്പില്ലാത്ത കഥയായി അവശേഷിക്കുന്നു.
എന്നാലൊരു പ്രശ്‌നമുണ്ട്. മുസ്ലിം പെണ്‍കുട്ടികളെ പ്രണയിച്ചോ അല്ലെങ്കില്‍ അവരോട് പ്രണയം നടിച്ചോ, അവരെ മതം മാറ്റിയോ അല്ലാതെയോ, വിവാഹം കഴിക്കുന്ന ഹിന്ദു-ക്രിസ്ത്യന്‍ യുവാക്കളുടെ പ്രവര്‍ത്തിയെ നാം എന്ത് വിളിക്കും? ലൗ ധര്‍മ്മയുദ്ധം ? ലൗ കുരിശുയുദ്ധം? എന്റെ കുടുംബത്തില്‍ തന്നെ ഒരു യുവതലമുറക്കാരന്‍ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്.
എന്റെ രണ്ടു മലയാളി മുസ്ലിം സുഹൃത്തുക്കളുടെ പെണ്മക്കളിലൊരാളെ ഒരു യു പി ബ്രാഹ്മണനും മറ്റൊരാളെ ഒരു മാര്‍വാഡിയുമാണ് വിവാഹം ചെയ്തത്. മുസ്ലീമിനെ വിവാഹം ചെയ്ത ജോര്‍ജ് ഫെര്‍ണാണ്ടസ് ബിജെപി യുടെ കണ്ണിലുണ്ണിയായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ ബീഹാറിലെ ബിജെപികാരനായ മുന്‍ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ സുശീല്‍ മോഡിയുടെ ഭാര്യ കേരള ക്രിസ്ത്യാനിയാണ്. ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍.
പാലാ ബിഷപ്പിന്റെയും സംഘപരിവാറിന്റെയും കണ്ണില്‍ മുസ്ലിം യുവാക്കള്‍ക്ക് മാത്രമാണ് മിശ്രവിവാഹം നിഷിദ്ധം. ഇവര്‍ മുസ്ലിം മതമൗലികവാദികളോട് ധാരണയിലെത്തിയിട്ടുണ്ടോ എന്ന് സംശയിച്ചു പോകുന്നു.
മതംമാറ്റത്തിന് പല സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന് വേണ്ടി മതംമാറ്റിക്കല്‍ തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന കീടജന്മങ്ങള്‍ നമ്മുടെ മൂന്നു മതങ്ങളിലും ഉണ്ട്. അവര്‍ അത്ര പരമരഹസ്യമായൊന്നുമല്ല ഈ ഹീനകൃത്യം ചെയ്യുന്നത്. അതുകൊണ്ടാണ് ബിഷപ് ഒരു വിരല്‍ മുസ്ലിങ്ങള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മറ്റൊരു വിരല്‍ അദ്ദേഹത്തിന് നേരെയും ചൂ ണ്ടപ്പെടുന്നത്.
ലൗ ജിഹാദിനെ ഒരു ജീവന്മരണപ്രശ്‌നമായി ബിഷപ് ഉയര്‍ത്തി കാണിക്കുമ്പോളും, പത്രവാര്‍ത്തകളനുസരിച്ചു, അദ്ദേഹം തന്നെ ഉദാഹരണമായി അവതരിപ്പിക്കുന്നത് ജിഹാദികളായിത്തീര്‍ന്നു എന്ന് പറയപ്പെടുന്ന ഒരു ക്രിസ്ത്യന്‍ യുവതിയെയും ഒരു ഹിന്ദു യുവതിയെയും മാത്രമാണ്. രണ്ടല്ല അങ്ങനെയുള്ള ഇരുപതു ജിഹാദികള്‍ ഉണ്ടെന്നു വയ്ക്കുക. ഏതു മതത്തിലാണ് ഇരുപതു പമ്പരവിഡ്ഢികള്‍ ഇല്ലാത്തത് ? ബിഷപ്പിന്റെ സ്വന്തം മതത്തിലും ഹിന്ദുമതത്തിലും അവരുടെ സ്വന്തം 'ജിഹാദി'കളെ എണ്ണി നോക്കുന്നത് വിജ്ജാനപ്രദമായിരിക്കും.
എന്നാല്‍ ഇത്രയും ലളിതമല്ല ബിഷപ് നടത്തിയ നര്‍ക്കോട്ടിക് പരാമര്‍ശം. നര്‍ക്കോട്ടിക് ഉപയോഗം ലോകമൊട്ടാകെ ഗുരുതരമായ കുറ്റകൃത്യമാണ്. പല രാജ്യങ്ങളിലും വധമാണ് ശിക്ഷ. ഒരു പക്ഷെ ലോകത്തില്‍ ഏറ്റവുമധികം ധനം കുമിഞ്ഞു കൂടുന്ന അധോലോകവ്യവസായമാണ് നര്‍കോട്ടിക്‌സ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത് പോലെ അതിനു ഏതെങ്കിലുമൊരു മതത്തിന്റെ നിറമില്ല. സര്‍വമതങ്ങളും ജാതികളും അതിലുണ്ട്.
പത്രവാര്‍ത്തകളെ വിശ്വസിക്കാമെങ്കില്‍ ബിഷപ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് ജിഹാദികള്‍ ഐസ്‌ക്രീം പാര്‍ ലറുകളും ഹോട്ടലുകളും ജ്യൂസ് കടകളും നടത്തുന്നുവെന്നും നര്‍ക്കോട്ടിക് പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി അവിടെ ഭക്ഷണം കഴിക്കുന്ന അമുസ്ലിങ്ങളെ നാശത്തിലേക്കു നയിക്കുന്നു എന്നാണ്.
പക്ഷെ ജിഹാദിയായ ഒരു ഹോട്ടല്‍ ഉടമ അവിടെ ഭക്ഷണം കഴിക്കാന്‍ വരുന്നവരില്‍ ആരാണ് മുസ്ലിം ആരാണ് അമുസ്ലിം എന്ന് എങ്ങനെ തിരിച്ചറിയും? എല്ലാ മുസ്ലിങ്ങളും -- പ്രത്യേകിച്ച് പുരുഷന്മാര്‍ -- മുസ്ലിം വേഷം അണിഞ്ഞിരിക്കണമെന്നില്ല എന്നിരിക്കെ മുസ്ലിങ്ങള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ നിന്ന് എങ്ങനെ നര്‍കോട്ടിക്‌സ് ഒഴിവാക്കും? അതിനൊരു വഴി കണ്ടുപിടിച്ചു എന്ന് വയ്ക്കുക. എങ്കില്‍ എല്ലാ ദിവസവും അവിടെ രണ്ടു മെനു ഉണ്ടായിരിക്കുമോ? നര്‍കോട്ടിക്സ് ഉള്ളതും ഇല്ലാത്തതും? അതോ മുസ്ലിങ്ങളെയും കൂടി നശിപ്പിക്കാനാണോ ജിഹാദികളുടെ പുറപ്പാട്? എങ്കില്‍ പിന്നെ അവര്‍ക്കു കൈ വയ്ക്കാന്‍ എന്താണുള്ളത്! ഒരു വല്ലാത്ത കണ്‍ഫ്യൂഷന്‍ തന്നെ.
ബിഷപ്പിന്റെ ആരോപണം ശരിയെങ്കില്‍ ഒരു ഭക്ഷണശാലയിലും ഇനി ധൈര്യമായി കയറാന്‍ വയ്യ. ശ്രീകൃഷ്ണവിലാസം എന്നാണ് ഹോട്ടലിന്റെ പേരെങ്കിലും നടത്തുന്നത് ഒരു ജിഹാദി ആണെങ്കിലോ? എല്ലാ സമുദായങ്ങളുടെയും ഭക്ഷണശാലകളില്‍ കയറുന്നവരാണ് മലയാളികള്‍. പാവം അവര്‍ ഏത് ഹോട്ടലാണ് ജിഹാദി നടത്തുന്നത് ഏതല്ല എന്ന് എങ്ങനെ തിരിച്ചറിയും? ഇക്കാലത്തു പേരുകൊണ്ടും മുസ്ലിം കടയെ തിരിച്ചറിയാന്‍ പറ്റില്ല.
ഒരു പക്ഷെ ബിഷപ് ഉദ്ദേശിക്കുന്നത് മുസ്ലിം സ്ഥാപനങ്ങളുടെ മുമ്പില്‍ 'ഇത് മുസ്ലിം കടയാണ്, പക്ഷെ ജിഹാദിയല്ല' എന്നൊരു ബോര്‍ഡ് തൂക്കണമെന്നായിരിക്കും. പണ്ട് നാസി ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ യഹൂദനിര്‍മ്മാര്‍ജനം ആരംഭിക്കുമ്പോള്‍ (60 ലക്ഷം യഹൂദരെ ആ യജ്ജത്തില്‍ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കി.) യഹൂദര്‍ അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും യഹൂദചിഹ്നമായ ദാവീദിന്റെ നക്ഷത്രം പതിക്കണം എന്നൊരു നിയമം കൊണ്ടുവന്നു - കൊലക്കു കൊണ്ടുപോകാന്‍ പിടികൂടാന്‍ സൗകര്യത്തിനു വേണ്ടി. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമല്ലോ.
ബിഷപ് തന്റെ നര്‍ക്കോട്ടിക് ആ രോപണങ്ങള്‍ക്ക് തെളിവ് നല്‍കുകയാണെങ്കില്‍ അത് മുസ്ലിം സമൂഹത്തിനു മാത്രമല്ല കേരളത്തിന് ഒട്ടാകെ സഹായമായിരിക്കും. കാരണം കേരളത്തില്‍ ഒരു നര്‍കോട്ടിക്‌സ് പ്രതിഭാസം ഉണ്ട് എന്നതിനെപറ്റി രണ്ടഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല. ആരാണ് അതിന്റെ പിന്നില്‍ എന്നതാണ് കണ്ടെത്തപ്പെടാതെയിരിക്കുന്നത്.
കേരളത്തില്‍ കയറൂരി വിടുന്ന ഇസ്ലാമോഫോബിയ എന്നെ ആശങ്കപ്പെടുത്തുന്നു. കാരണം കേരളത്തിന്റെ ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായ മലയാളികള്‍ ഗള്‍ഫിലെ മുസ്ലിം രാജ്യങ്ങളില്‍ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനമാണ്. ഇവിടെ കുറച്ചുപേര്‍ അഴിച്ചു വിടുന്ന ഇസ്ലാമോഫോബിയയ്ക്കു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചടിയുണ്ടായാല്‍ എന്തായിരിക്കും അതിന്റെ പ്രത്യാ ഘാ തം? ഗള്‍ഫ് പണത്തിന്മേല്‍ മലയാളികള്‍ കെട്ടിപ്പൊക്കിയ സ്വപ്നങ്ങള്‍ക്ക് എന്ത് സംഭവിക്കും? അവര്‍ ശീലിച്ചു കഴിഞ്ഞ ജീവിത ശൈലിക്ക് എന്ത് സംഭവിക്കും? വെറുക്കപ്പെട്ട മുസ്ലിമിന്റെ പക്കല്‍ നിന്ന് വന്നു ചേര്‍ന്ന പണത്തിന്റെ പങ്കു പറ്റി കെട്ടിയുയര്‍ത്തിയ ക്രിസ്ത്യന്‍ പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും ച രിത്രാവശിഷ്ടങ്ങളെ പോലെ ബാക്കിയുണ്ടാവും എന്ന് ആശിക്കാം.
മുസ്ലിം സമൂഹത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളില്ല എന്നല്ല ഇതിന്റെ അര്‍ഥം. ആധുനികതയ്ക്കു വേണ്ടിയുള്ള അതിന്റെ അന്വേഷണത്തിന് വന്‍പരിക്കേല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. മതപ്രാകൃതത്വ ത്തിലേക്കും മാനസികബന്ധനങ്ങളിലേക്കും സാമൂഹികമായ ഒറ്റപ്പെടലിലേക്കും അതിനെ ചവിട്ടി താഴ്ത്തി അതിന്മേല്‍ അധീശത്വം സ്ഥാപിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മൗലികവാദികളുടെ പ്രേതശബ്ദങ്ങള്‍ ശ്രവിച്ചു ജിഹാദിന് പോയ നിര്‍ഭാഗ്യവ്യക്തികളുണ്ട്. അഫ് ഗാ ന്‍ ജനതയുടെ താലിബാന്‍ ദുരന്തത്തെ വിജയമായി കണ്ടു ആഘോഷിക്കുന്നവരുണ്ട്. ജുഗുപ്‌സാവഹമായ മതവിദ്വേഷം പ്രചരിപ്പിക്കുന്ന, ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന, സഭാപ്രസംഗകരുണ്ട്. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചു വിദ്യാസമ്പന്നവും പുരോഗമനോന്മുഖവുമായ ഒരു മുസ്ലിം യുവ തലമുറ ഉയര്‍ന്നു വരുന്നുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍.
വളരെ കാലം മുമ്പ് പലസ്തീനിലൂടെ പ്രസംഗം പറഞ്ഞു നടന്ന ഒരു ചെറുപ്പക്കാരനെ ബിഷപ് മറന്നെന്നു തോന്നുന്നു - അദ്ദേഹമാണ് നിങ്ങളുടെ ബ്രാന്‍ഡ് നെയിം. അദ്ദേഹം പറഞ്ഞ ചില വാക്കുകളെങ്കിലും ഓര്‍മിച്ചിരുന്നെങ്കില്‍ ഇത്രയും കടുത്ത പദങ്ങള്‍ നമ്മുടെ സഹപൗരരെപറ്റി ബിഷപ് പറയില്ലായിരുന്നു. യേശു എന്ന ആ ചെറുപ്പക്കാരന്‍ പറഞ്ഞ ഒരു കാര്യം ഇതാണ്:
' നീ ബലിപീഠത്തിങ്കല്‍ കാഴ്ച അര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് പിണക്കമുണ്ട് എന്ന് അവിടെ വച്ച് ഓര്‍മിക്കയാണെങ്കില്‍, കാഴ്ചവസ്തു ബലിപീഠത്തിന്റെ മുമ്പില്‍ വച്ചിട്ട് പോകുക: ആദ്യം നിന്റെ സഹോദരനുമായി രമ്യപ്പെടുക; പിന്നീട് വന്നു കാഴ്ച അര്‍പ്പിക്കുക.' (മത്തായി, 5, 23-25.)
ബിഷപ് എന്നും ബലിപീഠത്തിങ്കല്‍ കാഴ്ചയര്‍പ്പിക്കുന്ന ആളാണ്താനും. പക്ഷെ ഒന്നും നേടാതെ കുരിശില്‍ കിടന്നു മരിച്ച ആ പാവത്താനെ, വെട്ടിപ്പിടിക്കലുകളുടെ ബഹളത്തില്‍ അദ്ദേഹവും മറ്റു സഭാപ്രമാണികളും മറന്നതില്‍ അദ്ഭുതമില്ല.