Roberto Durán 
Opinion

റോബർട്ടോ ഡുറാൻ: ദൈവവും ചെകുത്താനും

ഒരിക്കൽ മോഷണത്തിനിടയിൽ പിടിക്കപ്പെട്ടെങ്കിലും പോലീസിലേൽപിക്കുന്നതിന് പകരം ചിലർ ഡുറാനെ ഒരു ബോക്സിംഗ് റിംഗിലെത്തിച്ചു. 'ലാ കാസ ഡെ പിയഡ്ര' (La Casa de Piedra) എന്നായിരുന്നു ആ ജില്ലയുടെ പേര്.

കഥാകൃത്ത് മിഥുന്‍ സുരേന്ദ്രന്‍ എഴുതുന്നു

"I'm not God,but something similar to that "

- Roberto Duran

രക്തം കിനിയുന്ന നിർദ്ദയമായ ഭയപ്പെടുത്തുന്ന വികാരരഹിതമായ കണ്ണുകൾ. മാത്രമല്ല അയാളുടെ ഒരിക്കലും മെരുങ്ങാത്ത പാറിയ മുടിയും താടിയും എല്ലാം ഏതാണ്ട് ലോക കുപ്രസിദ്ധനായ അമേരിക്കൻ കൊലപാതകിയും ക്രിമിനലും കൾട്ട് ലീഡറുമായിരുന്ന ചാൾസ് മൺസോണിനെ ഓർമ്മിപ്പിച്ചിരുന്നു എന്ന് പല പത്രങ്ങളും എഴുതി. നമ്മൾ പറഞ്ഞ് വരുന്നത് ലോക ബോക്സിംഗ് ഇതിഹാസമായിരുന്ന റോബർട്ടോ ഡുറാനെ പറ്റിയാണ്. ഡുറാൻ ഒരിക്കൽ അങ്ങനെയായിരുന്നു.

ജനനം, ദാരിദ്ര്യം, കുട്ടിക്കാലം

ജൂൺ 16, 1951 ൽ പനാമയിലായിരുന്നു ഡുറാൻ ജനിച്ചത്.എൽ കോറില്ലോ (El Chorril Io) എന്ന സ്ഥലത്തെ കുപ്രസിദ്ധമായ ചേരികളിലാണ് ഡുറാൻ കൊണ്ടും കൊടുത്തും കുട്ടിക്കാലം ചിലവിട്ടത്.ഭക്ഷണത്തിന് വേണ്ടി മോഷണം നടത്തേണ്ടി വന്ന ധാരാളം കുട്ടികൾ ആ തെരുവിലുണ്ടായിരുന്നു. അതിലൊരാളായിരുന്നു ഡുറാൻ. ഒരിക്കൽ മോഷണത്തിനിടയിൽ പിടിക്കപ്പെട്ടെങ്കിലും പോലീസിലേൽപിക്കുന്നതിന് പകരം ചിലർ ഡുറാനെ ഒരു ബോക്സിംഗ് റിംഗിലെത്തിച്ചു. 'ലാ കാസ ഡെ പിയഡ്ര' (La Casa de Piedra) എന്നായിരുന്നു ആ ജില്ലയുടെ പേര്. അതിൻ്റെ അർത്ഥം The House Of Stone' എന്നായിരുന്നു, അഥവാ 'കല്ലുകളുടെ നഗരം'. കരിയറിലുടനീളം തൻ്റെ അസാധാരണവും അവിശ്വസനീയവുമായ ഉരുക്കു മുഷ്ഠികൾ കൊണ്ടുള്ള ഇടികൾ (punching power) കൊണ്ട് നോക്ക് ഔട്ടു (Knockout) കളുടെ പ്രളയം തീർത്ത ഡുറാൻ്റെ റിംഗിലെ ചെല്ലപ്പേര് (nickname) 'Manos de Piedra'(Hands Of Stone) എന്നായതിൽ അത്ഭുതമില്ല.പ്രശസ്ത നടൻ റോബർട്ട് ഡി നീറോ ഒക്കെ അഭിനയിച്ച ഡുറാനെ പറ്റിയുള്ള ചലച്ചിത്രം 'The Hands Of Stone' 2017 ൽ പുറത്തിറങ്ങിയിരുന്നു.

ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു ഡുറാൻ്റെ എന്ന് പറഞ്ഞല്ലൊ. ഒരു കഷണം റൊട്ടിക്കും ഒരു കുപ്പി റമ്മിനും വേണ്ടി പന്തയം വച്ച് ഒരു കുതിരയെ ഒറ്റ ഇടിക്ക് നോക്ക്ഔട്ട് ചെയ്ത ഒരു കഥ ഡുറാനെ പറ്റിയുണ്ട്.

ബോക്സിംഗ് ചരിത്രകാരൻമാർ ഡുറാൻ്റെ പോരാട്ട ശൈലിയെ 'scientific street fighting ' എന്ന് വിളിച്ചത്. ഡുറാൻ ലോകകിരീടങ്ങൾ നേടാൻ തുടങ്ങി

റിംഗിലേയ്ക്ക്

ഡുറാൻ്റെ ബോക്സിംഗ് റിംഗിലേയ്ക്കുള്ള വരവ് അവിചാരിതമായിരുന്നു. ഒരു ബോക്സിംഗ് ജിമ്മിൽ എത്തപ്പെടുകയും പ്രൊഫഷണൽ ബോക്സർമാരുടെ സ്പാറിംഗ് പാർണർ (Sparring partner) ആവുകയും ചെയ്തു. അവർക്ക് പ്രാക്ടീസിനു വേണ്ടി എതിരാളിയായി നിന്ന് കൊടുക്കുക. ധാരാളം ഇടികൊള്ളുന്ന പണിയായിരുന്നെങ്കിലും പണം കിട്ടുമായിരുന്നു. ഈ കാലത്ത് ഡുറാന് എട്ട് വയസ്സായിരുന്നു പ്രായം. പിന്നീട് ഡുറാൻ്റെ കഴിവുകൾ തിരിച്ചറിയപ്പെടുകയും അത് റിംഗിലേയ്ക്കുള്ള വഴിയാവുകയും ചെയ്തു.

റിംഗിലെത്തിയതോടെ ഡുറാൻ തടുക്കാൻ കഴിയാത്ത ഒരു ശക്തിയായി മാറി. എതിരാളികൾ ഒന്നൊന്നായി ബോധരഹിതരായി റിംഗിൽ കുഴഞ്ഞ് വീണു. ഡുറാൻ്റെ പോരാട്ടത്തിൻ്റെ രീതി ബോക്സിംഗ് എന്ന കലയുടെ സാങ്കേതികത്തികവും അതോടൊപ്പം തെരുവിൽ നിന്ന് കിട്ടിയ വയലൻസും കൂടി ചേർന്ന ഒന്നായിരുന്നു.അതു കൊണ്ടാവാം ബോക്സിംഗ് ചരിത്രകാരൻമാർ ഡുറാൻ്റെ പോരാട്ട ശൈലിയെ 'scientific street fighting ' എന്ന് വിളിച്ചത്. ഡുറാൻ ലോകകിരീടങ്ങൾ നേടാൻ തുടങ്ങി.

അശ്വമേധം

ഡുറാൻ 70 ഓളം പോരാട്ടങ്ങൾ തുടർച്ചയായി വിജയിച്ചു. എതിരാളികൾ കണ്ണിൽ പോലും നോക്കാൻ ഭയപ്പെട്ട ഡുറാനെ ആ സമയത്ത് ഒരാൾ 10 റൗണ്ടുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചു :എസ്തബാൻ ഡി ജീസസ് (Esteban De Jesus). ഡുറാൻ പിന്നീട് പകരം വീട്ടി; ഒരു ഭീകരമായ നോക്കൗട്ടോടെ. പിന്നീട് ഒരിക്കൽ കൂടി ഡുറാൻ ജീസസിനെ നോക്കൗട്ടിൽ തോൽപ്പിച്ചു. ഡുറാനെ പറ്റി പത്രങ്ങൾ എഴുതി ' കരുണയില്ലാത്ത റിംഗിലെ കൊലപാതകി' ('merciless killer in the ring'). ഡുറാൻ റിംഗിന് പുറത്തും ഏതാണ്ട് ഇതേ ഭാവത്തിലായിരുന്നു നടന്നിരുന്നത്. അയാൾ ആരെയും ഗൗനിച്ചില്ല, തൻ്റെ ഇമേജ് നേരെയാക്കാൻ ശ്രമിച്ചതുമില്ല. 'വെറുക്കപ്പെടുന്നവൻ' എന്നറിയപ്പെടുന്നതിൽ അയാൾ ഒരു വേള ആനന്ദിച്ചിരുന്നോ എന്നു പോലും ജനത്തിന് സംശയം തോന്നി.

മരണശയ്യയിൽ കിടക്കുന്ന എസ്തബാനെ ഡുറാൻ തൻ്റെ കൈകളിൽ വാരിയെടുത്ത് ചുംബിച്ചു. ഡുറാനെ ആദ്യമായി തോൽപ്പിച്ച, ഡുറാൻ്റെ റിംഗിലെ ചിരവൈരിയായിരുന്ന എസ്തബാൻ ,തണുത്ത ശിലകൾ പോലുള്ള, റിംഗിൽ എതിരാളികളെയും തൻ്റെയും എല്ലുകളെ നുറുക്കിയ ഡുറാൻ്റെ ബലിഷ്ഠമായ കൈകളിൽ കിടന്ന് അത്ഭുതത്തോടെ ഡുറാനെ മിഴിച്ച് നോക്കിക്കൊണ്ടിരുന്നു.

വൈര്യം, സൗഹൃദം.. ലോകം നടുങ്ങിയ ഒരു ദിനം

ഡുറാൻ പല വെയിറ്റ് കാറ്റഗറികളിൽ ലോക കിരീടങ്ങൾ വെട്ടിപ്പിടിച്ചു കൊണ്ട് തൻ്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു വാർത്ത ലോകം മുഴുവൻ പരന്നു. ഡുറാനെ ആദ്യമായി റിംഗിൽ തോൽപ്പിച്ച എസ്തബാൻ ഡി ജീസസ് എച്ച്.ഐ.വി ബാധിതനായി മരണത്തോട് മല്ലിട്ട് കൊണ്ടിരിക്കുന്നു എന്ന വാർത്ത. ഡുറാൻ ഈ വാർത്ത കേട്ടതും പൊടുന്നനെ എസ്ത ബാനെ കാണാൻ പുറപ്പെട്ടു. തൊണ്ണൂറുകളുടെ തുടക്കമൊക്കെയാണ്.എയ്ഡ്സ് എങ്ങനെ പകരുമെന്നോ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നോ എന്നൊന്നും ആർക്കും അറിയാത്ത കാലം. ഡുറാനെ പോകുന്നതിൽ നിന്ന് പലരും തടഞ്ഞു. പക്ഷെ ഡുറാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. തീരുമാനമെടുത്ത ഡുറാനെ തടയാൻ ആർക്കും സാധിക്കില്ല എന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഡുറാൻ സ്വന്തം മകളുമായി എസ്തബാനെ കാണാൻ എത്തി. പിന്നെ അവിടെ നടന്നതൊക്കെ അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു.

മരണശയ്യയിൽ കിടക്കുന്ന എസ്തബാനെ ഡുറാൻ തൻ്റെ കൈകളിൽ വാരിയെടുത്ത് ചുംബിച്ചു. ഡുറാനെ ആദ്യമായി തോൽപ്പിച്ച, ഡുറാൻ്റെ റിംഗിലെ ചിരവൈരിയായിരുന്ന എസ്തബാൻ ,തണുത്ത ശിലകൾ പോലുള്ള, റിംഗിൽ എതിരാളികളെയും തൻ്റെയും എല്ലുകളെ നുറുക്കിയ ഡുറാൻ്റെ ബലിഷ്ഠമായ കൈകളിൽ കിടന്ന് അത്ഭുതത്തോടെ ഡുറാനെ മിഴിച്ച് നോക്കിക്കൊണ്ടിരുന്നു. നിറകണ്ണുകളോടെ രോഗം ദുർബലമാക്കിയ കൈകൾ കൊണ്ട് എസ്തബാൻ ഡുറാനെ കെട്ടിപ്പിടിച്ചു. ഇതൊന്നും ഉൾക്കൊള്ളാനാകാതെ അവിടെ തടിച്ച് കൂടിയ ആരാധകരും ജനങ്ങളും റിപ്പോർട്ടർമാരും നിശ്ചലരായി നിന്നു.

ഡുറാൻ പിന്നീട് ചെയ്തത് ആൾക്കൂട്ടത്തെ വീണ്ടും ഞെട്ടിച്ചു. തൻ്റെ മകളോട് എസ്തബാനെ ചുംബിക്കാൻ ഡുറാൻ ആവശ്യപ്പെട്ടു.

അമേരിക്കയെ റിംഗിൽ മുട്ടുകുത്തിച്ച മുഹൂർത്തം

"Man is the only animal that refuses to be what he is" എന്നെഴുതിയ പ്രശസ്ത ചിന്തകനും നോവലിസ്റ്റുമായിരുന്ന അൽബേർ കാമു (Albert Camus) വിൻ്റെ അഭിപ്രായത്തിനെതിരായിയായിരുന്നു റോബർട്ടോ ഡുറാൻ്റെ ജീവിതം. ഡുറാൻ എന്തായിരുന്നോ ലോകം അതു തന്നെ കണ്ടു. ഡുറാൻ ലോകത്തിൻ്റെ ആശിർവാദത്തിനോ കൈയ്യടിക്കോ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം അദ്ദേഹത്തിന് തോന്നിയപോലെ ജീവിച്ചു, ജാക്ക് ജോൺസണെ പോലെ. ഡുറാൻ വീണ്ടും ലോകകിരീടങ്ങൾ നേടിക്കൊണ്ടിരുന്നു. ഉയർന്ന വെയിറ്റ് കാറ്റഗറികളിൽ മത്സരിച്ച് അപകടകാരികളായ പല പോരാളികളെയും തോൽപ്പിച്ചു.അതിൽ പ്രശസ്തമായ ഒരു വിജയം ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും അടുത്ത മുഹമ്മദ് അലി (next Ali) എന്ന് അമേരിക്കയും ലോകവും വാഴ്ത്തിയ ബോക്സിംഗിലെ പുതിയ സൂപ്പർ സ്റ്റാറും ലോക വെൽട്ടർവെയ്റ്റ് ചാമ്പ്യനുമായിരുന്ന ഷുഗർ റേ ലെനാർഡിനെ തോൽപ്പിച്ചതാണ്, അതും ലെനാർഡ് ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ കാനഡയിലെ മോൻഡ്റിയലിലെ (Montreal) ബോക്സിംഗ് വേദിയിൽ വച്ച്. അമേരിക്കൻ കാണികളുടെ കരഘോഷങ്ങളോടെ ഒളിമ്പിക് സ്വർണ്ണമെഡലിൻ്റെ ഓർമ്മകളുമായി എത്തിയ ലെനാർഡിനെ പനാമയിലെ എൽ കോറില്ലോ തെരുവുകളിൽ കൊണ്ടും കൊടുത്തും പട്ടിണിയോടും തെരുവു ഗുണ്ടകളോടും (street thugs) പോരടിച്ചും വളർന്ന ഡുറാൻ വിശന്ന് വലഞ്ഞ ഒരു വന്യമൃഗത്തിനെ ഓർമ്മിപ്പിക്കുമാറ് പിച്ചിച്ചീന്തി.

പിന്നീട് ഡേവി മൂറിനെ തോൽപ്പിച്ച് ലോക ജൂനിയർ മിഡിൽ വെയിറ്റ് കിരീടം നേടി.

അതിനു ശേഷം മിഡിൽ വെയിറ്റ് ലോക ചാമ്പ്യൻ മാർവിൻ ഹാഗ്ളറിനെ വെല്ലുവിളിച്ചു. ആ പോരാട്ടത്തിൽ പരാജയപ്പെട്ടുവെങ്കിലും ഹാഗ്ലറുമായി മത്സരിച്ച് അവസാന റൗണ്ടിലെ ബെല്ലു കേൾക്കുന്ന അപൂർവ്വം ബോക്സർമാരിൽ ഒരാളായി മാറി ഡുറാൻ. ഹാഗ്ലർ പിന്നീട് പറഞ്ഞത് താൻ നേരിട്ട ഏറ്റവും ശക്തനായ എതിരാളി ഡുറാനായിരുന്നു എന്നാണ്.മത്സരശേഷമുള്ള ഇൻ്റർവ്യുവിൽ ഡുറാൻ്റെ ഇടി കൊണ്ട് കീറിപ്പറിഞ്ഞ ഹാഗ്ലറിൻ്റെ മുഖം ആ സത്യം ശരിവച്ചു.

വിരാമം

"But man is not made for defeat. A man can be destroyed but not defeated" എന്നെഴുതിയ ബോക്സിംഗ് ആരാധകനും ബോക്സറും ലോക പ്രശ്സതനായ നോവലിന്റ്റുമായിരുന്ന ഏണസ്റ്റ് ഹെമ്മിംഗ് വേ (Ernest Hemingway) ഡുറാനെ പറ്റിയാവണം എഴുതിയത് എന്ന് തോന്നും. ഡുറാൻ ഒരിക്കലും തോൽവി സമ്മതിക്കാനോ തോൽക്കാനോ തയ്യാറായില്ല. ഒരു തോൽവിക്കും അദ്ദേഹത്തെ മാനസികമായി തകർക്കാനും സാധിച്ചില്ല. പ്രായമേറുംതോറും തൻ്റെ കഴിവുകൾ കുറഞ്ഞ് വന്നെങ്കിലും പഴയ 'മൃഗം ' (beast) തൻ്റെ ഉള്ളിൽ നിന്നും ഇറങ്ങിപ്പോയെങ്കിലും ഡുറാൻ മത്സരിച്ചു കൊണ്ടേയിരുന്നു. താനുമായി 20 വയസ്സോളം ഇളപ്പമുള്ള ബോക്സർമാരെ അവിശ്വസനീയമായി തോൽപ്പിച്ചു വീണ്ടും വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഡുറാൻ തൻ്റെ കരിയറിൽ പല തവണ വിരമിക്കുകയും പിന്നെയും തിരിച്ചു വരികയും ലോകകിരീടങ്ങൾ നേടുകയും ചെയ്തു കൊണ്ടിരുന്നു .തൻ്റെ 47 ആം വയസ്സിൽ ഒരു കാറപടത്തിന് ശേഷം ഡുറാൻ ബോക്സിംഗ് ഗ്ലൗസ് എന്നത്തേയ്ക്കുമായി അഴിച്ചു വച്ചു.ഒരു കാറപകടം വേണ്ടി വന്നു ഡുറാനെ വിരമിക്കാനുള്ള തീരുമാനമെടുപ്പിക്കാൻ. ഒരിക്കലും തളരാത്ത പോരാളിയായും ഭയം എന്തെന്നറിയാത്ത മനുഷ്യനായും റോബർട്ടോ ഡുറാൻ ഇന്നും അറിയപ്പെടുന്നു. ശിലയിൽ നിന്നു വരുന്ന ജലം പോലെ (കന്മദം) പരുക്കനായ ഡുറാൻ്റെ ഹൃദയത്തിൻ്റെ നൈർമല്യവും ലോകം പലതവണ കണ്ടു.

മനുഷ്യൻ ആർക്കും പൂർണ്ണമായി പിടി കിട്ടാത്ത ഒരു ജീവിയാണെന്ന് പറയുന്നത് റോബർട്ടോ ഡുറാൻ്റെ കാര്യത്തിൽ സത്യമാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT