Cyber bullying

ഡ്രസിന്റെ ഇറക്കം ആണോ സ്വഭാവം തീരുമാനിക്കുന്നത്?, സൈബര്‍ അക്രമിയെ വെറുതെ വിടില്ല; കേസിന് പോകുമെന്ന് സാനിയ അയ്യപ്പന്‍

സിനിമയില്‍ വന്ന കാലം തൊട്ട് ഇന്നുവരെ ഏറ്റവുമധികം സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള യുവനടിമാരില്‍ ഒരാളാണ് സാനിയ അയ്യപ്പന്‍. മോഡേണ്‍ വസ്ത്രധാരണത്തിന്റെ പേരില്‍ ഏറെ സൈബര്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുള്ള വ്യക്തി കൂടിയായ സാനിയ തനിക്ക് നേരെ അശ്ലീല കമന്റുമായി എത്തിയവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്.

തമാശയല്ല, ആക്രമണം

ഇന്നുവരെ ഞാന്‍ ഇതൊക്കെ ട്രോള്‍ ആയിട്ടും തമാശയായും മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാല്‍ തന്നെ മാത്രമല്ല തന്റെ കുടുംബത്തെയും ഇത് ബാധിക്കാന്‍ തുടങ്ങിയതോടെയാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചതെന്നും ഒരാളെയെങ്കിലും പുറത്തുകൊണ്ടുവരാന്‍ സാധിച്ചാല്‍ മറ്റുള്ളവര്‍ക്ക് അത് ഒരു പാഠമായി തീരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സാനിയ പറഞ്ഞു.

ഈ കഴിഞ്ഞ ദിവസം പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ച സാനിയ അയ്യപ്പന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. സാനിയയുടെ ഫോട്ടോയ്ക്ക് ഏറ്റവും മോശം രീതിയിലുള്ള കമന്റുകളാണ് പലരും ചെയ്തിരിക്കുന്നത്. നിക്കര്‍ വിട്ടൊരു കളി ഇല്ല അല്ലെ' എന്ന് ചോദിച്ച് സദാചാരം പഠിപ്പിക്കാനിറങ്ങിയ ആള്‍ക്ക് 'ഇല്ലെടാ കുട്ടാ' എന്ന ബോള്‍ഡ് മറുപടിയും സാനിയ നല്‍കി.

കാര്യങ്ങള്‍ തന്റെ കുടുംബത്തെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് സാനിയ പറയുന്നത്. ഇന്നേവരെ എന്റെ ഡ്രസിംഗിനെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ യാതൊരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങളും ഞാനും വീട്ടുകാരും തമ്മില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഈയടുത്ത് നടന്ന ഫോട്ടോഷൂട്ടിന് മോശം രീതിയിലുള്ള കമന്റുകള്‍ വന്നത് അവരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. ഒരാള്‍ ഇട്ട കമന്റ് ഞാന്‍ പറയാം,

'ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം അന്നത്തെ അനുഭവം ഇവള്‍ക്കും വരണം'. ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.എന്ത് തന്നെയാണെങ്കിലും ഒരാളുടെ വസ്ത്രധാരണത്തിലൂടെയല്ല അയാളുടെ സ്വഭാവവും പേഴ്‌സണാലിറ്റിയും തിരിച്ചറിയേണ്ടത്. പിന്നെ ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ആ പെണ്‍കുട്ടി നേരിട്ടതും. അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്പയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാന്‍ ചിരിച്ചുതള്ളിയിട്ടേയുള്ളൂ. പക്ഷേ ഇത് വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെ പറഞ്ഞവന്‍ ആരായാലും പുറത്തുവരണം. അത് എത്രത്തോളം വിജയിക്കും എന്നൊന്നും എനിക്കറിയില്ല. എങ്കിലും ആളെ ഒന്ന് കാണണം എന്നുണ്ട്, ഞാന്‍ ഒരു ചെറിയ വസ്ത്രം ഇട്ട് കണ്ടത് കൊണ്ടാണോ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ തോന്നുന്നത് എങ്കില്‍, നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ആ സ്ഥാനത്തെങ്കില്‍ ഇങ്ങനെ പറയുമോ എന്ന് അയാളോട് എനിക്ക് ചോദിക്കണം.

ഇന്നേവരെ തന്റെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഇല്ലാതിരുന്ന അച്ഛനുമമ്മയും ഈ ഒരു കമന്റോടുകൂടി ആകെ വിഷമത്തിലായി എന്ന് സാനിയ. അവര്‍ തന്നോട് ആദ്യമായി ഇനി ഡ്രസിംഗ്‌സിലൊക്കെ കുറച്ചു ശ്രദ്ധിക്കണം എന്നു പറഞ്ഞപ്പോള്‍ തനിക്ക് വല്ലാതെ ഇന്‍സെക്വര്‍ ഫീല്‍ ചെയ്തുവെന്നും സാനിയ.

ആദ്യമായിട്ടാണ് അവര്‍ അങ്ങനെ പറയുന്നത്. അത് എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഇത് ഇങ്ങനെ മുന്നോട്ടു പോയാല്‍ ശരിയാവില്ല. എങ്ങനെയാണെങ്കിലും പറഞ്ഞയാളെ പുറത്തുകൊണ്ടുവരണം. അതുകൊണ്ടാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്.

വസ്ത്രത്തിന്റെ ഇറക്കം ആണോ സ്വഭാവദൂഷ്യം തീരുമാനിക്കുന്നത്

ഒരല്പം ഇറക്കം കുറഞ്ഞ ഡ്രസ്സിട്ടു എന്ന് കരുതി താന്‍ മോശം ആളായി മാറുമോ എന്ന് സാനിയ അയ്യപ്പന്‍ ചോദിക്കുന്നു. എന്റെ ഡ്രസ്സിംഗ്‌സ് ആണ് എന്റെ സ്വഭാവം എന്ന് എങ്ങനെയാണ് ഇവരൊക്കെ കരുതുന്നത്. സെലിബ്രിറ്റി ആയതുകൊണ്ട് എന്തു തോന്ന്യാസവും പറയാം എന്ന വിചാരമുണ്ട് ചിലര്‍ക്ക്. പ്രത്യേകിച്ച് ചില പെണ്‍കുട്ടികളെ മാത്രം തെരഞ്ഞുപിടിച്ച് കമന്റടിക്കുന്നവരുമുണ്ട്.

പല രീതിയില്‍ മോശപ്പെട്ട അഭിപ്രായങ്ങളും കമന്റുകളും എന്നെ പറഞ്ഞിട്ടുണ്ട്. എന്റെ ആദ്യ സിനിമയായ ക്വീന്‍ മുതല്‍ ഇന്നുവരെ ഞാന്‍ ട്രോളുകള്‍ക്ക് ഇരയായിട്ടേയുള്ളൂ. എന്നാല്‍ അപ്പോഴൊന്നും ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയില്‍ ചിരിച്ചുതള്ളിയാണ് ഞാന്‍ കളഞ്ഞിട്ടുള്ളത്. പക്ഷേ ഇത് അങ്ങനെയല്ല, ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് നേരിട്ട അതിക്രമം പറഞ്ഞറിയിക്കാനാവാത്തതാണ്. അത്തരമൊരു സംഭവത്തോട് കമ്പയര്‍ ചെയ്ത് പറയണമെങ്കില്‍ ആ പറഞ്ഞ ആളുടെ ഒക്കെ മനസ്ഥിതി എത്രത്തോളം മോശമാണെന്ന് ആലോചിച്ചുനോക്കൂ.

ഞാന്‍ ചിലപ്പോള്‍ ബോള്‍ഡ് ആയിരിക്കും. എന്നാല്‍ എന്റെ ഫാമിലി അങ്ങനെ ആകണമെന്നില്ല.അതുപോലെ തന്നെയാണ് മറ്റ് എല്ലാ പെണ്‍കുട്ടികളുടെയും അവസ്ഥ. എനിക്ക് വന്നത് ഇനി ഒരു പെണ്‍കുട്ടിക്ക് വരരുത്. കേസുമായി ഏതറ്റം വരെയും പോകും. അയാളെ ഞാന്‍ പുറത്തു കൊണ്ടുവരും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT