ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലൈംഗിക അധിക്ഷേപ കമന്റിട്ടയാളെ പരസ്യപ്പെടുത്തി നടി അപര്‍ണ നായര്‍ രംഗത്ത് വന്നിരുന്നു. ലൈംഗിക അധിക്ഷേപം നടത്തിയ ആള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അപര്‍ണ അറിയിച്ചിരുന്നു. തുടര്‍ന്ന് എഡിജിപി മനോജ് എബ്രഹാമിന് നേരിട്ട് പരാതിയും നല്‍കി. സൈബര്‍ സെല്‍ ഓഫീസില്‍ എത്തിയ സൈബര്‍ ആക്രമണം നടത്തിയ ആളില്‍ നിന്ന് മറ്റൊരു സ്ത്രീയോടും ഈ രീതിയില്‍ പെരുമാറില്ല എന്ന ഉറപ്പ് എഴുതി വാങ്ങിയെന്നും അപര്‍ണാ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.
അപര്‍ണാ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്
അജിത്കുമാര്‍ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ADGP മനോജ് എബ്രഹാം സാറിന് ഒരു പരാതി നല്‍കിയിരുന്നു, തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണം ഉണ്ടാവുകയും ഇന്ന് രാവിലെ സൈബര്‍ സെല്‍ ഓഫിസിലേക്ക് രണ്ടുപേരെയും വിളിപ്പിക്കുകയും ചെയ്തു.
സൈബര്‍ സെല്‍ ഓഫീസില്‍ കൃത്യസമയം എത്തിയ ഞാന്‍ ഒരുമണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് ആകെ ചോദിക്കാന്‍ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു, സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയപരമായ കമന്റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയില്‍ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി, എന്താല്ലേ... !
എന്തായാലും പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്റെ പരാതി ഞാന്‍ പിന്‍വലിച്ചിരിക്കുകയാണ്, അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയില്‍ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നില്‍ വെച്ച് എഴുതി വാങ്ങി.
പരാതി നല്‍കാന്‍ എനിക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ മാധ്യമസുഹൃത്തിനും, ADGP മനോജ് എബ്രഹാം സാറിനും, സൈബര്‍ പോലീസ് SI മണികണ്ഠന്‍ സാറിനും, ജിബിന്‍ ഗോപിനാഥ് & തിരുവനന്തപുരം വനിത സെല്ലിലെ ഉദ്യോഗസ്ഥര്‍ക്കും ഞാന്‍ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു.
നന്ദി Keralapolice !
NB: അജിതിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാകാം എന്നഭിപ്രായപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്ക്, അത് അയാളുടെ മനഃപൂര്‍വ്വമായ പ്രവര്‍ത്തി ആയിരുന്നു.