സംഗീതം ആവശ്യപ്പെടുന്ന സംസ്‌ക്കാരമായിരുന്നു മാഷിന്റേത്. കൊടുക്കാന്‍ മാത്രം അറിയുകയും വാങ്ങിക്കാന്‍ മറക്കുകയും ചെയ്യുന്ന പ്രകൃതം. എം.കെ അര്‍ജ്ജുനന്‍ മാസ്റ്ററെക്കുറിച്ചുള്ള ഓര്‍മ്മകള്‍, ‘സംഗീതം എം.കെ അര്‍ജ്ജുനന്‍’ എന്ന ഡോക്യുമെന്ററി ഒരുക്കിയ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ എഴുതുന്നു.
അതിപ്രഗത്ഭനായ ഒരു ഗുരുവിന്റെ നിഴലില്‍ കുരുങ്ങിപ്പോയ പ്രതിഭ. പതിഞ്ഞ സ്വഭാവരീതിയെ മറ്റുള്ളവരുടെ ചൂഷണത്തിന് വിട്ടുകൊടുത്ത മനുഷ്യന്‍. അര്‍ഹിക്കുന്ന അംഗീകാരങ്ങളൊന്നും കിട്ടാതെ മരണത്തിന് കീഴടങ്ങാന്‍ വിധിക്കപ്പെട്ട സംഗീത സംവിധായകന്‍. എം കെ അര്‍ജുനന്‍ എന്ന സംഗീത സംവിധായകനുമായി അടുത്തിടപഴകാന്‍ ലഭിച്ച അവസരങ്ങളിലൂടെ കണ്ടതും, മരണം മനസ്സിലാക്കി തന്നതും ഇതാണ്. അര്‍ജുനന്‍ മാഷെ കുറിച്ച് 'സംഗീതം എം. കെ അര്‍ജുനന്‍' എന്ന ഡോക്യൂമെന്ററിക്കായി മൂന്ന് വര്‍ഷത്തിനിടെ 19 ഷെഡ്യൂളുകള്‍ നീണ്ട ഷൂട്ടിങ്ങും എഴ് വര്‍ഷത്തിലേറെയായി പുലര്‍ത്തുന്ന പരിമിതമായ അടുപ്പത്തിലും തോന്നിയ കാര്യമാണിത്.
ഡോക്യൂമെന്ററി ചിത്രീകരണത്തിനായുള്ള യാത്രയില്‍ ക്യാമറയുമായി സദാ കണക്ട് ചെയ്യപ്പെട്ടിരുന്ന വയര്‍ലെസ് റെക്കോര്‍ഡര്‍ മാഷിന്റെ എല്ലാ സംഭാഷണങ്ങളും റെക്കോഡ് ചെയ്തിരുന്നു. വാക്കുകള്‍ പലപ്പോഴും കൈവിട്ട് പോയപ്പോഴൊക്കെ ഓര്‍മിപ്പിക്കുമായിരുന്നു. ''മോനെ.. അതൊന്നും വരല്ലെ''. മാഷിനോടുള്ള വാക്ക് പാലിച്ചുകൊണ്ട് അരുത് എന്ന് അദ്ദേഹം പറഞ്ഞതെല്ലാം ഒഴിവാക്കിയാണ് സംഗീതം എം കെ അര്‍ജുനന്‍ എന്ന ഡോക്യൂമെന്ററി ചെയ്തത്. ആ അരുതുകള്‍ പലതും അവഗണനയുടെ അനുഭവങ്ങളായിരുന്നു.
160 ലേറെ സിനിമകള്‍ക്കായി ആയിരത്തിലേറെ പാട്ടുകള്‍ സംഗീതം ചെയ്തു. ഇതില്‍ ഒറ്റപ്പാട്ടുപോലും ദേശീയ- സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായത് ഇല്ലായിരുന്നോ?. അപ്പോ ആ ജൂറിക്ക് തോന്നി ഈ സംഗീത സംവിധായകന്റെ പാട്ടുകള്‍ അതിനുള്ള അര്‍ഹതയില്ലാത്തതാണെന്ന്- അര്‍ജുനന്‍ മാഷ് പറഞ്ഞതാണിത്. 1968 കറുത്തപൗര്‍ണമി എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി, അവസാനകാലം വരെയും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കൊടുക്കുന്നതിന് മുന്‍പാണ് അര്‍ജുനന്‍മാഷ് ഇത് പറഞ്ഞത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കൊടുത്തതിന് ശേഷം പ്രായം പരിഗണിച്ചുളള അവാര്‍ഡാണെന്ന് പരോക്ഷമായി പറഞ്ഞ് അദ്ദേഹത്തെ അവഹേളിച്ചുവെന്നത് അതിലും വിചിത്രമായ മറ്റൊരു കാര്യം. മാഷിന്റെ പാട്ടുകള്‍ അന്‍പത് വര്‍ഷത്തിനിടെ പരിഗണിക്കപ്പെടാതെ പോയിരിക്കുന്നത് എങ്ങനെയായിരിക്കും. ( ആസ്വാദകരല്ല). സജീവമായി സംഗീത സംവിധാനരംഗത്ത് നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഗുരുതുല്യരായ എല്ലാവരും അതേ തരത്തില്‍ സജീവമായിരുന്നു. അതിനിടയില്‍ നിന്നും അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഒരു അംഗീകാരം അത്ര ലളിതമായിരുന്നില്ല. അതിനുള്ള ധൈര്യം ആരും കാണിച്ചിരിക്കുമില്ല. അത് പ്രതിഭയുടെ കുറവുകൊണ്ടല്ലെന്ന് അര്‍ജുനന്‍ മാഷിന്റെ പാട്ടുകള്‍ ഇന്നും ഓര്‍മിപ്പിക്കും
ദേവരാജന്‍ മാഷ് എന്ന വലിയ ഗുരുവിനോട് അര്‍ജുനന്‍ മാസ്റ്റര്‍ എന്ന സംഗീത സംവിധായകനുള്ള ഭക്തി വിസ്മയകരമാണ്. ഒപ്പം മാതാപിതാക്കളോടും. യാത്രക്കിടയില്‍ ആഹാരം കഴിക്കുന്നതിനിടെ പാത്രത്തിന്റെ ഓരത്ത് പ്രാര്‍ഥനാപൂര്‍വ്വം ആഹാരം കുറച്ചെടുത്ത് മാറ്റി വയ്ക്കുന്നത് കണ്ടിരുന്നു. അവര്‍ത്തിച്ച് കണ്ടപ്പോള്‍ ഒരിക്കല്‍ ചോദിച്ചു. മാറ്റി വയ്ക്കുന്ന ആഹാരം അച്ഛനമ്മമാര്‍ക്കുള്ളതാണെന്ന് പതിവ് ലാളിത്യത്തില്‍ മറുപടി പറഞ്ഞു. ആ മനുഷ്യനെ എങ്ങനെ ഇനി മറക്കാനാവും. മാതാ,പിതാ, ഗുരു, ദൈവം അത് അച്ചട്ടായി അദ്ദേഹം പാലിച്ചിരുന്നു. ദൈവം ശ്രീനാരായണഗുരുവായിരുന്നു.
അര്‍ജുനന്‍ മാസ്റ്റര്‍ ചെയ്ത പല പാട്ടുകളും ദേവരാജന്‍ മാസ്റ്ററുടെതായി ഇപ്പോഴും ചിലര്‍ ആധികാരികമായി പറയുന്നുമുണ്ട്. യാത്രക്കിടെ ഒരിക്കല്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. സംഗീതം ചെയ്യാന്‍ മാഷിന് കഴിവുണ്ടോയെന്ന് ചിലര്‍ നടത്തിയ പരീക്ഷണകഥ. ദേവരാജന്‍ മാഷാണ് അര്‍ജുനന്‍ മാഷിന് വേണ്ടി സംഗീതം ചെയ്തുകൊടുക്കുന്നതെന്ന് അക്കാലത്ത് ചലച്ചിത്രലോകത്ത് വ്യാപകമായ സംസാരമുണ്ടായിരുന്നുവത്രെ. അത് പരീക്ഷിക്കാന്‍ വേണ്ടി മാഷിനെ റയില്‍വേ സ്‌റ്റേഷനില്‍ നിന്നും നേരെ ചെന്നെയിലെ ഒറ്റപ്പെട്ട ഒരു വീട്ടില്‍ കൊണ്ടുപോയി. ടെലഫോണ്‍ സൗകര്യം പോലും ഉണ്ടായിരുന്നില്ല. കവിത കൊടുത്ത് സംഗീതം ചെയ്യാന്‍ പറഞ്ഞു. മനോഹരങ്ങളായ പാട്ടുകള്‍ മാഷ് ചെയ്തു. പാട്ട് കേട്ട് വിസ്മയിച്ച നിര്‍മ്മാതാവാണ് ക്ഷമാപണത്തോടെ പരീക്ഷണത്തിന്റെ കാര്യം പറഞ്ഞതെന്നും മാഷ് പറയുന്നു.
വയലാര്‍ രാമവര്‍മ്മയുമായി ആദ്യം ചെയ്ത പാട്ടിന്റെ കഥയും മാഷ് പറയുന്നുണ്ട്. അടിയന്തരമായി കാണണം എന്ന സന്ദേശത്തില്‍ എത്തിയപ്പോള്‍ വയലാര്‍ പറഞ്ഞു. ചീനവല എന്ന സിനിമക്ക് ഒരു പാട്ട് വേണം. നല്ല മുഹൂര്‍ത്തമാണ്. പാട്ടിപ്പോള്‍ എഴുതിത്തരാം. കമ്പോസ് ചെയ്യണം. ഹര്‍മ്മോണിയം എടുത്തുവരാമെന്ന് മാഷിന്റെ അഭ്യര്‍ഥന. അതൊന്നും വേണ്ട. ചെയ്താല്‍ മതിയെന്ന സ്‌നേഹനിര്‍ബന്ധത്തി ചെയ്ത പാട്ടായിരുന്നു ഇന്നും വന്‍ ഹിറ്റായി കേട്ടുകൊണ്ടിരിക്കുന്ന 'തളിര്‍വലയോ താമരവലയോ' എന്ന ഗാനം. സംഗീതം ആവശ്യപ്പെടുന്ന സംസ്‌ക്കാരമായിരുന്നു മാഷിന്റേത്. കൊടുക്കാന്‍ മാത്രം അറിയുകയും വാങ്ങിക്കാന്‍ മറക്കുകയും ചെയ്യുന്ന പ്രകൃതം.
മറ്റുള്ളവരുടെ സങ്കടങ്ങളെ മനസ്സിലാക്കുന്ന ഒരാള്‍. അതാണ് മാഷിനെ കുറിച്ച് വ്യക്തിപരമായി തോന്നിയിട്ടുള്ള കാര്യം. മാഷിനെ കുറിച്ച് ആരും പറയുന്ന തരത്തിലായിരുന്നില്ല ഡോക്യൂമെന്ററിയുടെ ഘടന. മാഷിന് ഇഷ്ടമുളളവരുമായി ഒരുമിച്ചിരുന്ന് സംസാരിക്കുന്നതായിരുന്നു. യാത്രയും ചിത്രീകരണവും എല്ലാം മടുപ്പായിരുന്നുവെങ്കിലും രാഘവന്‍ മാസ്റ്ററെ കാണാന്‍ തലശ്ശേരിക്ക് പോകുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴുള്ള അതിസന്തോഷം ഓര്‍മ്മയുണ്ട്. ''പോവാം. ഇനി എനിക്ക് പോവാന്‍ പറ്റിയില്ലെങ്കിലോ'' എന്നും പറഞ്ഞു. തലശ്ശേരിയിലെ ഹോട്ടലില്‍ തലേന്ന് എത്തും മുന്‍പെ പറഞ്ഞിരുന്നു. രാഘവന്‍ മാഷിന് കൊടുക്കാന്‍ ഒരു ഷാള്‍ വേണം. ഇഷ്ടപ്പെട്ട ഷാള്‍ രാഘവന്‍മാഷിന് ഇട്ട് കാല്‍ തൊട്ട് വന്ദിച്ച് അവര്‍ ആരംഭിച്ച് വര്‍ത്തമാനം പാട്ടും ചിരിയുമായി മണിക്കൂറുകള്‍ കടന്നുപോയി. പിന്നീട് കുറച്ചുകാലത്തിന് ശേഷം രാഘവന്‍ മാസ്റ്റര്‍ മരിച്ചു. കാണാന്‍ പോകുന്നവര്‍ക്കെല്ലാം സമ്മാനം നിര്‍ബന്ധമായിരുന്നു. ചിലര്‍ക്ക് സെറ്റ് മുണ്ട്, പഴങ്ങള്‍. അങ്ങനെ. അന്നുകണ്ടവരി പലരും മാഷിന് മുന്നെ പോയി. ഒഎന്‍വി സാര്‍., രാഘവന്‍മാഷ്, രാജാമണി അങ്ങനെ പലരും.
സ്വാധീനം കുറവുള്ള ഇടതുകയ്യും അനാരോഗ്യമുള്ള ശരീരവുമായിരുന്നു മാഷിന്റെ ബുദ്ധിമുട്ടുകള്‍. പക്ഷെ, രണ്ട് കൈ സഹായത്തിന് ചുറ്റും നിറയെ സുഹൃത്തുക്കളാണ്. ജയന്‍ ചേട്ടനാണ് ഞങ്ങള്‍ക്കൊപ്പം ഷൂട്ടിന് കൂടുതലും ഉണ്ടായിരുന്നത്. മാഷിന്റെ മരണത്തിന് ശേഷമുളള കാര്യങ്ങള്‍ക്കെല്ലാം ഓടി നടന്നെത്താന്‍ ബന്ധുക്കള്‍ക്ക് കഷ്ടപ്പെടേണ്ടി വരില്ല. അത്രയാണ് മാഷിനവിടെ സുഹൃത്തുക്കള്‍. ഒരുപാടുണ്ട് പറയാന്‍. വിസ്താരഭയം വരുന്നു. നിര്‍ത്തുന്നു.
സജീവ് പാഴൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'സംഗീതം എം.കെ അര്‍ജുനന്‍ എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യൂമെന്റി(ജീവചരിത്രം)ക്കുള്ള 2014 സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. സന്തോഷ് മണക്കാട്, പ്രവീണ്‍ പണിക്കര്‍ എന്നിവരാണ് ക്യാമറ നിര്‍വഹിച്ചത്. ബിജിബാല്‍ ആയിരുന്നു സംഗീത സംവിധാനം.