Opinion

മോദിയും അമിത് ഷായും ഗാന്ധിയെക്കുറിച്ച് ആവര്‍ത്തിക്കുന്ന നുണകള്‍, മുസ്ലിങ്ങളെ കുറിച്ച് യഥാര്‍ത്ഥത്തില്‍ പറഞ്ഞിരുന്നത് 

ഗാന്ധിയുടെ പ്രസംഗങ്ങള്‍ വായിച്ചുകഴിഞ്ഞാല്‍, മോദി താന്‍ നേരത്തെ പ്രസംഗിച്ച രാംലീല മൈതാനിയിലേക്ക് തിരികെ പോകുമെന്നും ഇങ്ങനെ പറയുമെന്നും ഞാന്‍ കരുതുന്നു: ഈ മൈതാനത്തിന് രാമന്റെ പേരാണ്. രാമന്റെ പേര് സത്യവുമായി ബന്ധപ്പെട്ടതാണ്. ഗാന്ധിജിയുടെ പേരും സത്യത്തോട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഞാന്‍ രാമന്റെയും ഗാന്ധിജിയുടെയും പേര് ഉപയോഗിച്ച് അവരോട് നുണ പറഞ്ഞു. അതിന് ഞാന്‍ 130 കോടി ജനങ്ങളോട് മാപ്പുപറയുന്നു.

എന്‍ഡിടിവി അവതാരകനും ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാളുമായ രവിഷ് കുമാര്‍ ദ വയറില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

മോദിയും അമിത് ഷായും ആവര്‍ത്തിച്ച് പറയുന്നത് നുണ; മുസ്ലിങ്ങളെ കുറിച്ച് ഗാന്ധിജി പറഞ്ഞത് ഇങ്ങനെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി ഇന്ത്യയിലേക്ക് പലായനം ചെയ്ത, മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് 2019 ലെ പൗരത്വ ഭേദഗതി നിയമം ഒരു സഹായവും ആശ്വാസവുമാണ്; അവരോട് കരുണ കാട്ടുന്ന നിയമമാണിത്. ഈ നിയമം വന്നത് മോദിയുടെ ചിന്തയില്‍ നിന്നല്ല. ഒരു രാത്രി മോദിയുടെ ചിന്തയില്‍ വന്ന ഒരു കാര്യം മോദി യാഥാര്‍ത്ഥ്യമാക്കിയതല്ല. ഇത് ഗാന്ധിജിയുടെ ആശയത്തില്‍ നിന്ന് വന്നതാണ്. അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ച് രാജ്യം ഭരിക്കുകയും അദ്ദേഹത്തിന്റെ പേര് തങ്ങളുടെ പേരിനൊപ്പം ചേര്‍ത്ത് സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തവര്‍ ഇതേക്കുറിച്ച് ഗാന്ധിജി പറഞ്ഞത് ശ്രദ്ധയോടെ കേള്‍ക്കണം. നിങ്ങള്‍ക്ക് മോദിയെ വിശ്വസിക്കുകയോ, അവിശ്വസിക്കുകയോ ചെയ്യാം. എന്നാല്‍ ഗാന്ധിജി പറഞ്ഞത്, എപ്പോഴാണോ പാക്കിസ്ഥാനിലുള്ള നമ്മുടെ ഹിന്ദു, സിഖ് സഹോദരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരണമെന്ന് തോന്നുന്നത്, അപ്പോഴവര്‍ക്ക് വരാം എന്നാണ്. ഞാനല്ല ഇത് പറഞ്ഞത്, ആരാധ്യനായ മഹാത്മ ഗാന്ധിജിയാണ്.'

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ 2019 ഡിസംബര്‍ 22 ന് നടത്തിയ പ്രസംഗത്തിലെ വാചകമായിരുന്നു ഇത്. നമ്മുടെ പ്രധാനമന്ത്രിക്ക് മഹാത്മാ ഗാന്ധിജിയെ കുറിച്ച് പോലും പെരുംനുണകള്‍ പടച്ചുവിടാന്‍ കഴിയുമെന്നതില്‍ ഞാന്‍ അങ്ങേയറ്റം ദു:ഖിതനാണ്.’’

ഒരു നുണ പറയാന്‍ ഒരു സെക്കന്റ് സമയം പോലും ആവശ്യമായി വരില്ല, എന്നാല്‍ അതിന് പിന്നിലെ സത്യമറിയാന്‍ ഒരു ദശാബ്ദമെങ്കിലും കാത്തിരിക്കേണ്ടി വരും. ഇവിടെ, പ്രധാനമന്ത്രി പറഞ്ഞരീതിയില്‍ ഒരു വാചകം ഗാന്ധിജി ഒരിക്കലും പറഞ്ഞിട്ടില്ലെന്നതാണ് സത്യം. പാക്കിസ്ഥാനിലെ ഹിന്ദു, സിഖ് സഹോദരങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയിലേക്ക് വരാമെന്ന പ്രസ്താവന ഗാന്ധിജി ഒരിക്കലും പറഞ്ഞിട്ടില്ല. സര്‍ക്കാരുകള്‍ തങ്ങളോട് കാട്ടുന്ന നീതികേടിനോട് പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ മരണം വരെ പോരാടുകയാണെങ്കില്‍, അതെന്നെ വളരെയേറെ സന്തോഷവാനാക്കും എന്ന പ്രസ്താവന ഗാന്ധിജിയുടേതായുണ്ട്.

മോദിയെ അപേക്ഷിച്ച് കുറച്ച് ഭേദപ്പെട്ട പ്രസ്താവനയാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അമിത് ഷാ നടത്തിയത്. 2020 ജനുവരി 16 ന് ബിഹാറിലെ വൈശാലി ജില്ലയില്‍ നടത്തിയ പ്രസംഗത്തില്‍ 1947 സെപ്തംബര്‍ 26 ന് ഗാന്ധിജി നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അദ്ദേഹം ഉദ്ധരിച്ചു. 'പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാം. അവര്‍ക്ക് ജോലിയും ജീവിക്കാനുള്ള സാഹചര്യവും പൗരത്വവും നല്‍കേണ്ടത് സര്‍ക്കാരിന്റെ പ്രഥമ ചുമതലയാണ് എന്ന് ഗാന്ധിജി പറഞ്ഞു,' എന്നാണ് അമിത് ഷായുടെ പ്രസംഗത്തിലെ ഭാഗം.

എന്നാല്‍ മഹാത്മാ ഗാന്ധിജി അങ്ങിനെയൊരു പ്രസംഗം നടത്തിയിട്ടുണ്ടോ?

മഹാത്മാ ഗാന്ധി 1947 ഏപ്രില്‍ ഒന്ന് മുതല്‍ 1948 ജനുവരി 29 വരെ നടത്തിയ എല്ലാ പ്രസംഗങ്ങളും ഉള്‍പ്പെട്ട രണ്ട് പുസ്തകങ്ങള്‍ എന്റെ പക്കലുണ്ട്. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാസ ഫൗണ്ടേഷനും രാജ്കമല്‍ പ്രകാശനും പുറത്തിറക്കിയ പ്രാര്‍ത്ഥന പ്രവചന്‍ എന്ന പുസ്തകമാണിത്. 1947 ജൂലൈ അഞ്ചിലെ അദ്ദേഹത്തിന്റെ പ്രസംഗം വായിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു, പ്രത്യേകിച്ചും ഇതിലെയൊരു ഭാഗം.

'പക്ഷെ പാക്കിസ്ഥാന് മുന്നിലുള്ള യഥാര്‍ത്ഥ പ്രശ്‌നം അതെങ്ങനെ ദേശീയവാദികളായ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും ഹിന്ദുക്കളെയും പരിഗണിക്കുന്നുവെന്നത് അടിസ്ഥാനമാക്കിയിരിക്കും. അതിനേക്കാളേറെ മുസ്ലിങ്ങള്‍ക്കിടയില്‍ തന്നെ ഏറെ ഭിന്ന വിഭാഗങ്ങളുണ്ട്. ഷിയാകളും സുന്നികളും മാത്രമല്ല, വേറെയും വിഭാഗങ്ങളുണ്ട്. അവരെങ്ങനെയാണ് പരിഗണിക്കപെടുന്നതെന്നും കാണണം. അവര്‍ ഹിന്ദുക്കളുമായി സംഘര്‍ഷത്തിലേക്കാണോ സൗഹൃദത്തിലേക്കാണോ പോവുക?'

ഇവിടെ മഹാത്മാ ഗാന്ധി വളരെ വ്യക്തമായി തന്നെ പറഞ്ഞ ഒരു കാര്യം പാക്കിസ്ഥാനില്‍ ഷിയാകളും സുന്നികളും മാത്രമല്ല, മുസ്ലിം മതത്തില്‍ വേറെയും വിഭാഗങ്ങളുണ്ടെന്നാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിം മതവിഭാഗത്തിലെ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വാതില്‍ കൊട്ടിയടക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും, ഇത് ഭരണഘടനയ്ക്കും ഗാന്ധിജിയുടെ ആശയങ്ങള്‍ക്കും എതിരാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റിലെ വാദത്തിന് സമാനമാണ് ഗാന്ധിജിയുടെ പ്രസ്താവന.

സര്‍ക്കാര്‍ ചിന്തിക്കുന്നത് ഇപ്രകാരമാവുമെന്ന് ഞാന്‍ കരുതുന്നു - 'ആരാണ് ഇക്കാലത്ത് ഗാന്ധിജിയെ വായിക്കുന്നത്? ഹിന്ദി ഭാഷാ ദിനപ്പത്രങ്ങള്‍ നമ്മള്‍ പറയുന്നത് മാത്രമാണ് എഴുതുന്നത്. ഇത്തരം അസത്യങ്ങള്‍ വായിക്കുന്ന ജനങ്ങള്‍ മോദിജി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്യുന്ന നന്മകളെ കുറിച്ചും സംസാരിക്കും.'

അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഗാന്ധിജിയുടെ പ്രസ്താവനകളെ മോദിയും അമിത് ഷായും എങ്ങനെ തെറ്റായി അവതരിപ്പിക്കുന്നുവെന്ന് ഹിന്ദി ദിനപ്പത്രങ്ങള്‍ പറയില്ല. 1947 ജൂലൈ അഞ്ചിലെ പ്രസംഗത്തില്‍ ഗാന്ധിജി ഉന്നയിച്ച പ്രധാന ആശങ്ക, പാക്കിസ്ഥാനില്‍ എങ്ങിനെയാണ് ദേശീയവാദികളായ മുസ്ലിങ്ങളെ പരിഗണിക്കുകയെന്നായിരുന്നു. ചോദ്യം ഇതാണ്, ആരാണ് പാക്കിസ്ഥാനില്‍ ജീവിക്കുന്ന ദേശീയവാദി മുസ്ലിങ്ങള്‍?

ഇതിനുള്ള ഉത്തരം ലഭിക്കാന്‍ 1947 ജൂലൈ പത്തിനും 12 നും ഗാന്ധിജി നടത്തിയ പ്രസംഗങ്ങളില്‍ ദേശീയവാദി മുസ്ലിങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞത് അറിയണം. ജൂലൈ 10 ന് നടത്തിയ പ്രസംഗത്തില്‍ ഗാന്ധിജി പറഞ്ഞത് ഇങ്ങനെയാണ്:

'സിന്ധില്‍ നിന്നും ജനങ്ങള്‍ പേടിച്ച് അവരുടെ വീട് വിട്ട് ഇന്ത്യയിലേക്ക് വരികയാണെങ്കില്‍, അവരെ നമ്മള്‍ തിരിച്ചയക്കണോ? അങ്ങനെ ചെയ്താല്‍ പിന്നെ ഏത് മുഖം ഉപയോഗിച്ചാണ് നമ്മള്‍ ഇന്ത്യാക്കാര്‍ എന്ന് പറയുക? അവരെ സ്വാഗതം ചെയ്യണം, ഇതും അവരുടെ രാജ്യമാണെന്ന് അവരോട് പറയണം. ഇങ്ങിനെയാണ് നമ്മള്‍ അവരോട് ഇടപെടേണ്ടത്. ദേശീയവാദികളായ മുസ്ലിങ്ങളും പാക്കിസ്ഥാന്‍ വിട്ട് ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ അവരെയും സ്വീകരിക്കണം. ഹിന്ദുസ്ഥാനി എന്ന നിലയില്‍ നമ്മളെല്ലാവരും ഒന്നാണ്. ഇങ്ങനെ സാധിക്കുന്നില്ലെങ്കില്‍ പിന്നെ ഹിന്ദുസ്ഥാന്‍ എന്നതിനും നിലനില്‍പ്പുണ്ടാവില്ല,'

ജൂലൈ 12, 1947 ന് നടത്തിയ പ്രസംഗത്തിലെ ഗാന്ധിജിയുടെ വാദങ്ങള്‍ ഇങ്ങനെയാണ്:

'ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മുസ്ലിങ്ങള്‍ എന്നെ കാണാന്‍ വന്നു. പാക്കിസ്ഥാന്‍ അവരെ ഭയപ്പെടുത്തുന്നു എന്നവര്‍ പറഞ്ഞു. ക്രിസ്ത്യാനികളും പാഴ്‌സികളും മറ്റ് ഇതര മതവിഭാഗക്കാരും ഭയക്കുന്നതെന്തിനെന്ന് മനസിലാക്കാം, പക്ഷെ മുസ്ലിങ്ങള്‍ക്കും എന്താണ് പ്രശ്‌നം? അവര്‍ പറഞ്ഞത്, തങ്ങളെ വഞ്ചകരായി കരുതുന്നുവെന്നാണ്. അത് പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ നേരിടുന്നതിനേക്കാള്‍ വലിയ പ്രശ്‌നമാണ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍, കോണ്‍ഗ്രസുമായുള്ള നമ്മുടെ ബന്ധം പോലും ശരിഅത്ത് നിയമപ്രകാരം കുറ്റകരമാവും. ഇതാണ് ഇസ്ലാം അര്‍ത്ഥമാക്കുന്നതെങ്കില്‍ ഞാനത് അംഗീകരിക്കില്ല. ദേശീയവാദി മുസ്ലിങ്ങളെ ചതിയന്മാരെന്ന് എങ്ങനെ പറയാനാകും? ജിന്ന സാഹിബ് മുസ്ലിം ഇതര മതവിഭാഗക്കാരെയെന്ന പോലെ മുസ്ലിങ്ങളെയും സംരക്ഷിക്കുമെന്ന് ഞാന്‍ കരുതുന്നു.'

കോണ്‍ഗ്രസുമായി യോജിച്ച് പോവുകയും ഗാന്ധിജിയുടെ പാത പിന്തുടരുകയും ചെയ്തവരാണ് ഈ ദേശീയവാദി മുസ്ലിങ്ങളെന്ന് വ്യക്തമാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരിക്കുക എന്നത് ശരിഅത്ത് നിയമപ്രകാരം കുറ്റകരമാണെന്ന് ഇത് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും പിന്തുണച്ച മുസ്ലിം മതവിഭാഗക്കാര്‍ക്കിടയിലെ ഭിന്നതയില്‍ നിന്ന് ഇക്കാര്യം മനസിലാക്കാം. ദി ഗ്രേറ്റ് പാര്‍ട്ടിഷന്‍: ദി മേക്കിങ് ഓഫ് ഇന്ത്യ ആന്റ് പാക്കിസ്ഥാന്‍ എന്ന പുസ്തകത്തില്‍ ചരിത്രകാരന്‍ യാസ്മിന്‍ ഖാന്‍ ഇത് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് മാത്രമേ സംസാരിക്കൂ എന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട്. അതിനായി 1945 ഡിസംബര്‍ മുതല്‍ 1946 മാര്‍ച്ച് വരെ തെരഞ്ഞെടുപ്പ് നടന്നു. അന്ന് മുസ്ലിം സംവരണ സീറ്റുകളുണ്ടായിരുന്നു. ഇവിടെ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് മുസ്ലിം മതവിഭാഗക്കാര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനാവുമായിരുന്നത്. അതിനാല്‍ തന്നെ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ ഈ സീറ്റുകളില്‍ ശക്തമായ മത്സരമുണ്ടായി. അതില്‍ കോണ്‍ഗ്രസ് വലിയ തോതില്‍ ഒറ്റപ്പെട്ടു. മുസ്ലിം ലീഗിനെ പിന്തുണക്കുന്നവരായിരുന്നു ഏറെ. വലിയ തിരിച്ചടി നേരിട്ടിട്ടും കോണ്‍ഗ്രസുകാരായിരുന്ന മുസ്ലിങ്ങള്‍ ഗാന്ധിയുടെ പാതയില്‍ ഉറച്ചുനിന്നു. ഇവരെ മുസ്ലിം ലീഗുകാര്‍ കാഫിറുകള്‍ എന്ന് കുറ്റപ്പെടുത്തി.

ജിന്നയെയും പാക്കിസ്ഥാനെയും എതിര്‍ത്ത് ഇന്ത്യയ്ക്ക് വേണ്ടി നിലകൊണ്ട ദേശീയവാദി മുസ്ലിങ്ങളെ കുറിച്ചുള്ളതായിരുന്നു ഗാന്ധിജിയുടെ ആശങ്ക. ജിന്നയ്ക്ക് എതിരെ നിലപാട് എടുക്കുന്ന ദേശീയവാദി മുസ്ലിങ്ങള്‍ വീട്ടിലും കുടുംബത്തിലും പോലും ഒറ്റപ്പെട്ട കാലമായിരുന്നു ഇത്. വിഭജനത്തിന് ശേഷം നിരവധി ദേശീയവാദി മുസ്ലിങ്ങള്‍ പാക്കിസ്ഥാനില്‍ കഴിഞ്ഞെങ്കിലും അവര്‍ ജിന്നയുടെ പാക്കിസ്ഥാനെ അനുകൂലിക്കുന്നവരായിരുന്നില്ല. ഇവരാണ് ഗാന്ധിജിയെ വന്ന് കണ്ട് ജിന്നയുടെ പാക്കിസ്ഥാനില്‍ ജീവിക്കാന്‍ ഭയക്കുന്നു എന്ന് പറഞ്ഞത്.

ജിന്നയുടെ പാക്കിസ്ഥാനെ എതിര്‍ത്ത് നിരവധി മുസ്ലിങ്ങളാണ് ഇന്ത്യയിലേക്ക് വന്നത്. അങ്ങിനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ദിലീപ് കുമാറിന് ഹിന്ദി സിനിമ വ്യവസായത്തിലെ രാജാവാകാന്‍ സാധിക്കില്ലായിരുന്നു. ഈ ചര്‍ച്ചകള്‍ക്കെല്ലാമിടയിലും ആളുകള്‍ ഈ വിഭജനത്തിന്റെ ഭാഗമാകാന്‍ തയ്യാറാവില്ലെന്നും ഒരിക്കല്‍ ഇരുരാജ്യങ്ങളും വീണ്ടും ഒന്നിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

തങ്ങളുടെ പ്രസംഗത്തില്‍ ജിന്നയുടെ നിലപാടുകളെയെല്ലാമെതിര്‍ത്ത ദേശീയവാദി മുസ്ലിങ്ങളെ മോദിയും അമിത് ഷായും തീര്‍ത്തും അവഗണിച്ചു. മുസ്ലിങ്ങളെ അവരുടെ വസ്ത്ര ധാരണത്തില്‍ നിന്ന് മനസിലാക്കാമെന്ന് പറഞ്ഞു. അവരെ സംബന്ധിച്ച് മുസ്ലിങ്ങള്‍ എന്നാല്‍ ഒറ്റ തരം മാത്രമാണ്. പക്ഷെ ഇന്ത്യയിലെ മുസ്ലിങ്ങള്‍ മുണ്ടും, ശര്‍വാണിയും സ്യൂട്ടും ധരിക്കുന്നവരാണ്. ദേശീയവാദി മുസ്ലിങ്ങളെ ഒഴിവാക്കി, ഗാന്ധിയെ കുറിച്ച് സംസാരിക്കുന്ന ഒരു ഭരണഘടനയെ നമുക്ക് സങ്കല്‍പ്പിക്കാനാവുമോ? സാധിക്കില്ലെന്ന് ഞാന്‍ നിസംശയം പറയുന്നു.

വൈശാലിയിലെ റാലിയില്‍ അമിത് ഷാ ഗാന്ധിയെ തെറ്റായി ഉദ്ധരിക്കുക മാത്രമല്ല, അതിനൊരു തീയതിയും പറഞ്ഞു. ഞാനതും പരിശോധിച്ചു. ആ തീയതിയിലും ഗാന്ധിജി ഒരു പ്രസംഗം നടത്തിയിരുന്നു. അത് അമിത് ഷാ പറഞ്ഞതായിരുന്നില്ല. അത് അന്ന് ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന ഗുരുദത്ത് എന്ന വൈദ്യനുമായുള്ള സംഭാഷണമായിരുന്നു. ഇതില്‍, 'ഞാന്‍ താങ്കളുടെ ഉപദേശം സ്വീകരിച്ചില്ല, ഞാന്‍ തിരികെ വന്നു,' എന്ന് പറയുന്നുണ്ട്.

എന്ത് ഉപദേശമാണ് ഗാന്ധിജി ഗുരുദത്തിന് നല്‍കിയത്. എവിടെയായിരുന്നാലും സര്‍ക്കാരുകള്‍ കാണിക്കുന്ന നീതികേടിനെതിരെ, മരണം വരെയും ശക്തമായി പ്രതിഷേധിക്കണം എന്നായിരുന്നു ഗാന്ധിജി നല്‍കിയ ഉപദേശം. അന്നത്തെ പ്രസംഗത്തില്‍ ഗാന്ധിജി ഫിഫ്ത്ത് കോളമിസ്റ്റ് എന്നൊരു പദപ്രയോഗം നടത്തിയിരുന്നു. രാജ്യത്തിനകത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി ശത്രുരാജ്യത്തെ രഹസ്യമായി സഹായിക്കുന്നവരെയാണ് അദ്ദേഹം ഇതിലൂടെ പരാമര്‍ശിച്ചത്. ഇതില്‍ നിന്ന് മോദിയും അമിത് ഷായും മനസിലാക്കേണ്ട കാര്യം, പാക്കിസ്ഥാനില്‍ നിന്ന് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും എപ്പോള്‍ വേണമെങ്കിളും ഇന്ത്യയിലേക്ക് വരാമെന്ന കാര്യം ഗാന്ധിജി പറഞ്ഞിട്ടില്ലെന്നാണ്.

'പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും ഇന്ത്യയിലെ മുസ്ലിങ്ങളെയും ഫിഫ്ത്ത് കോളമിസ്റ്റായിവ കണ്ട്, അവിശ്വസിക്കരുത്. പാക്കിസ്ഥാനിലെ സര്‍ക്കാരിനോട് അവിടെ ജീവിച്ചുകൊണ്ട് അവിശ്വസിക്കുന്നത് കൊണ്ട് മാത്രം അവരെ അനുകൂലിക്കരുത്. ഒരു ഭാഗം മാത്രം കേട്ട് കൊണ്ട് നിലപാടെടുക്കരുത്. ഇന്ത്യയിലെ മുസ്ലിങ്ങളെ ഫിഫ്ത്ത് കോളമിസ്റ്റായി കരുതുകയാണെങ്കില്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും അങ്ങിനെയല്ലേ? അത് ചെയ്യരുത്. അവിടെ ജീവിക്കുന്നവര്‍ക്ക് തുടര്‍ന്നും അവിടെ ജീവിക്കാന്‍ സാധിക്കുന്നില്ലയെന്നുണ്ടെങ്കില്‍ അവര്‍ക്ക് തിരികെ വരാം. അവര്‍ക്ക് ജോലി നല്‍കേണ്ടതും അവരെ സുരക്ഷിതരായി നിര്‍ത്തേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. അവര്‍ അവിടെ തന്നെ നില്‍ക്കുകയും ചാരപ്പണി എടുക്കുകയും നമുക്കുവേണ്ടി ജോലി ചെയ്യുകയും പാക്കിസ്ഥാന് വേണ്ടി ചെയ്യാതിരിക്കുകയും എന്ന സാഹചര്യമുണ്ടാവരുത്. അതൊരിക്കലും ചെയ്തരുത്, ഞാനതിന്റെ ഭാഗമാകില്ല.'

പാക്കിസ്ഥാനില്‍ ജീവിക്കുന്ന ഹിന്ദുക്കളെയും ഇന്ത്യയിലെ മുസ്ലിങ്ങളെയും അവരുടെ പൗരത്വത്തിന്റെ പേരില്‍ സംശയിക്കരുതെന്നാണ് ഗാന്ധി പറഞ്ഞത്. അല്ലാതെ മുസ്ലിങ്ങളെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയൂ എന്നല്ല.

അന്ന്, 1947 സെപ്തംബര്‍ 26 ന് നടത്തിയ പ്രസംഗത്തില്‍ ഗാന്ധി പറഞ്ഞ മറ്റൊന്ന് കൂടി അമിത് ഷാ വിട്ടുകളഞ്ഞിട്ടുണ്ട്. സത്യമേവ ജയതേ എന്ന വാചകം. സത്യം മാത്രമേ നിലനില്‍ക്കൂ, അസത്യം നിലനില്‍ക്കില്ലെന്നാണ് അതിന്റെ അര്‍ത്ഥം.

ഗാന്ധിജി 1947 സെപ്തംബര്‍ 18 ന് നടത്തിയ പ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെയാണ്. 'പാക്കിസ്ഥാനിലെ എല്ലാ മുസ്ലിങ്ങളും മോശക്കാരാണെന്ന് കരുതൂ.അതുകൊണ്ടെന്താണ്? എല്ലാ അഴുക്കും ഇല്ലാതാക്കുന്ന വലിയൊരു സമുദ്രമാക്കി ഇന്ത്യയെ നിലനിര്‍ത്തണം എന്നതാണ് എന്റെ നിങ്ങളോടുള്ള ഒരേയൊരു അഭ്യര്‍ത്ഥന. മറ്റൊരു കൂട്ടര്‍ മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് കരുതി, അത് തന്നെ നമുക്കും ചെയ്യാന്‍ സാധിക്കില്ല.'

മോദി അദ്ദേഹത്തിന്റെ മന്‍ കീ ബാത്ത് പ്രസംഗം ഗാന്ധിജിയോട് നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ വിറയ്ക്കും, ചുണ്ടുകള്‍ കോച്ചിവലിക്കും. രാഷ്ട്രീയക്കാരും ജനങ്ങളും അകറ്റിനിര്‍ത്തിയിട്ടും ഗാന്ധി അദ്ദേഹത്തിന്റെ കാലില്‍ ഉറച്ചുനില്‍ക്കുന്നത് മോദിക്ക് കാണാനാവും. ദില്ലിയില്‍ നിന്ന് നവഖാലിയിലേക്കും ബിഹാറിലേക്കും യാത്ര ചെയ്യുന്നത് കാണാനാവും. അഹിംസയിലും സത്യത്തിലും അടിയുറച്ച് നില്‍ക്കുന്നത് കാണാനാവും. ഗാന്ധി ഘാതകന് കൈയ്യടിക്കുന്ന ഒരാളെ 2019 ല്‍ ഭോപ്പാലില്‍ നിന്ന് ലോക്‌സഭയിലേക്ക് ടിക്കറ്റ് നല്‍കി മത്സരിപ്പിച്ചത് എങ്ങനെയെന്ന് മോദിക്ക് കാണാനാവും. കനയ്യ കുമാറിന്റെ ചോദ്യത്തിന് ഗോഡ്‌സെക്ക് എതിരായി താനൊന്നും പറയില്ലെന്ന് ബിജെപി നേതാവ് അമിതാഭ് സിന്‍ഹ പറയുന്നതും കേള്‍ക്കാം.

ഗാന്ധിയുടെ പ്രസംഗങ്ങള്‍ വായിച്ചുകഴിഞ്ഞാല്‍, മോദി താന്‍ നേരത്തെ പ്രസംഗിച്ച രാംലീല മൈതാനിയിലേക്ക് തിരികെ പോകുമെന്നും ഇങ്ങനെ പറയുമെന്നും ഞാന്‍ കരുതുന്നു: ഈ മൈതാനത്തിന് രാമന്റെ പേരാണ്. രാമന്റെ പേര് സത്യവുമായി ബന്ധപ്പെട്ടതാണ്. ഗാന്ധിജിയുടെ പേരും സത്യത്തോട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഞാന്‍ രാമന്റെയും ഗാന്ധിജിയുടെയും പേര് ഉപയോഗിച്ച് അവരോട് നുണ പറഞ്ഞു. അതിന് ഞാന്‍ 130 കോടി ജനങ്ങളോട് മാപ്പുപറയുന്നു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT