ഗൗതം അദാനി ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവി ഹിന്ദി സീനിയർ എക്സിക്യുട്ടീവ് എഡിറ്ററും രാജ്യത്തെ മുൻനിര മാധ്യമപ്രവർത്തകനുമായ രവീഷ് കുമാർ ചാനലിൽ നിന്ന് രാജി വച്ചിരുന്നു. സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും ഡയറക്ടർ ബോർഡിൽ നിന്ന് രാജി വെച്ച് ഒഴിഞ്ഞതിന് തൊട്ടുപിറകെയാണ് മാഗ്സെസെ അവാർഡ് ജേതാവ് കൂടിയായ രവിഷ് കുമാറും ചാനൽ വിട്ടത്. ഇതിനു പിന്നാലെ Ravish Kumar Official എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പ്രേക്ഷകരോട് സംവദിക്കുകയുണ്ടായി. ജനാധിപത്യത്തിന്റെ കാവലാളാകാൻ ഓരോരുത്തരോടും ആഹ്വാനം ചെയ്ത അദ്ദേഹത്തിന്റെ വിഡിയോ സന്ദേശം ഇതിനോടകം നാല്പത്തിമൂന്ന് ലക്ഷത്തിൽ പരം ആളുകൾ കണ്ടുകഴിഞ്ഞു. രവീഷ് കുമാർ സംസാരിച്ചതിന്റെ പൂർണരൂപം വായിക്കാം.
ഇന്ത്യയിലെ വാർത്താമാധ്യമ ചരിത്രത്തിൽ സുവർണ കാലഘട്ടം എന്നൊന്ന് ഒരിക്കലും ഉണ്ടായിട്ടേ ഇല്ല. എന്നാൽ ഇന്നത്തെ പോലെ സത്യത്തെ ഭസ്മമാക്കുന്ന അവസ്ഥയും മുമ്പ് ഉണ്ടായിട്ടില്ല. ഭസ്മീകരണം എന്നത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ജനങ്ങൾക്കിടയിലേക്ക് എത്തേണ്ട ഓരോ വിഷയവും ദ്രുതഗതിയിൽ ചാരമായിത്തത്തീരുന്ന അവസ്ഥയാണ്. ഈ രാജ്യത്ത് ഇന്ന് പല പേരുകളിൽ പല വാർത്താ ചാനലുകളും പ്രവർത്തിക്കുന്നുണ്ട്. നിർഭാഗ്യവശാൽ അവരെല്ലാം ഗോഡി മീഡിയയാണ്. മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനശിലകളെ തച്ചുടച്ച് കൊണ്ടാണ് ഇക്കൂട്ടരുടെ മാധ്യമപ്രവർത്തനം.
26 വർഷം ഞാൻ എൻഡിടിവിയിൽ പ്രവർത്തിച്ചു. ഈ നീണ്ട യാത്രയിൽ എനിക്കൊപ്പം നിരവധി പേരുണ്ടായിരുന്നു. അവരുടെ നിസ്സീമമായ പിന്തയുണ ഒന്ന് കൊണ്ട് മാത്രമാണ് എനിക്ക് സത്യതസന്ധമായ മാധ്യമപ്രവർത്തനം സാദ്ധ്യമായത്. ഒരു വിഭാഗത്തെ മാത്രം ശ്രദ്ധിച്ച് മറ്റുള്ളവരെ അവഗണിച്ചുകൊണ്ട് നിങ്ങൾക്കൊരിക്കലും നീതി നടപ്പിലാക്കാൻ കഴിയില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ എല്ലാവരുടെയും പ്രതിനിധിയായാകാൻ ഇക്കാലയളവിൽ പ്രയത്നിച്ചിട്ടുണ്ട്.
1996 ഓഗസ്റ്റ് 23ന് വിവർത്തകനായാണ് ഞാൻ എൻഡിടിവിയിൽ ജോയിൻ ചെയ്യുന്നത്. ആദ്യ കുറച്ച് മാസങ്ങൾ പ്രേക്ഷകരെഴുതിയ കത്ത് വായിച്ച് റിപ്പോർട്ട് തയ്യാറാക്കലായിരുന്നു എന്റെ ജോലി. ജീവിതത്തിൽ ഇന്നും ഞാനാ ജോലി തുടരുന്നുണ്ട്. എനിക്ക് നിങ്ങൾ നിരവധി സന്ദേശങ്ങൾ അയക്കുന്നു. ആയിരക്കണക്കിന് കത്തുകളാണ് ദിനം പ്രതി എന്നെ തേടി എത്തുന്നത്. മിക്ക കത്തുകൾക്കും ഞാൻ മറുപടി എഴുതി അയക്കാറുമുണ്ട്. എനിക്കുറപ്പാണ് നിങ്ങളിൽ പലരുടെ കയ്യിലും ഞാനെന്റെ കൈപ്പടയിൽ എഴുതിത്തിയയച്ച മറുപടിക്കത്തുകൾ ഉണ്ടാകുമെന്ന്. പലപ്പോഴും നിങ്ങൾ നിങ്ങളുടെ നിരാശയും എന്നോട് പ്രകടിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും കുറ്റപ്പെടുത്തലും ഒക്കെയാണ് എന്നെ ജീവിപ്പിക്കുന്നത് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. കാരണം, ഞാൻ നിങ്ങൾക്കിടയിലായിരുന്നല്ലോ ഇക്കാലമത്രയും. തുടക്കം ഒരു കത്ത് വായനക്കാരനായാണെന്ന് പറഞ്ഞത് ആരുടേയും സഹാനുഭൂതി ലഭിക്കാനല്ല. സഹാനുഭൂതിക്ക് വേണ്ടിയോ മഹാനാണെന്ന് സ്ഥാപിക്കാനോ അല്ല ഞാൻ ശ്രമിക്കുന്നത്. വിമാനത്തിൽ പറന്നിറങ്ങുകയും ആരെക്കണ്ടാലും ചായ വിറ്റ കഥ പറയുകയും ചെയ്യാറുള്ള ആ ആളല്ല ഞാൻ.
പ്രിയമുള്ളവരേ നിങ്ങൾ പറഞ്ഞാലും ഞങ്ങൾക്ക് ഭയമില്ലെന്ന്. നിങ്ങൾ ഏത് ദേശത്താണ് ജീവിച്ചിരിക്കുന്നത് ഓർമയില്ലേ? സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെ നഗ്നപാദരായ മനുഷ്യർ മുട്ടുകുത്തിച്ച നാടാണിത്. ഒരിക്കൽ നിങ്ങളീ ഗോഡി മാധ്യമങ്ങളുടെ അടിമത്തത്തിൽ നിന്ന് മോചിതരാകും. നിങ്ങൾക്ക് എക്കാലവും ഇങ്ങനെ ജീവിക്കാൻ കഴിയില്ല. ഈ അടിമത്തത്തിനെതിരെ നിങ്ങൾ പോരാടേണ്ടി ഇരിക്കുന്നു.രവീഷ് കുമാർ
നിങ്ങളെന്റെ മേൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം എത്ര വലുതാണെന്ന് എനിക്ക് ബോധ്യമുണ്ട്. എന്റെ ഓരോ പ്രോഗ്രാമും നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയിലാണ് മികവുറ്റതായി മാറിയത്. മോശം ചർച്ചകൾ നടക്കുമ്പോൾ നീരസം പ്രകടിപ്പിക്കാനും നിങ്ങളൊരിക്കലും സന്ദേഹിച്ചിട്ടില്ല. നിങ്ങളെന്നോട് നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. നിങ്ങളിങ്ങനെ മഴ പോലെ എന്നിൽ പെയ്തിറങ്ങുന്നത് കൊണ്ടാണ് എന്നേ ഉണങ്ങിപ്പോകുമായിരുന്ന ഈ രവീഷ് കുമാർ ഇന്നും ഓജസ്സോടെ നിവർന്നുനിൽക്കുന്നത്. എത്രയോ മാധ്യമപ്രവർത്തകർ യൂ ട്യൂബിലും
ട്വിറ്ററിലും സമാനലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. നിങ്ങൾ അവരെയെല്ലാം പിന്തുണക്കുന്നു. ഓരോ മാധ്യമപ്രവർത്തകനെയും നിലനിർത്തുന്നത് മാധ്യമസ്ഥാപനങ്ങളല്ല, നിങ്ങളാണ്. ആർജവത്തോടെ നിലപാട് എടുക്കാൻ അവരെ പ്രാപ്തരാക്കുന്നത് നിങ്ങൾ നൽകുന്ന ഈ നിസ്വാർത്ഥ പിന്തുണയാണ്. ഒരുനാൾ ഈ രാജ്യത്ത് ജനാധിപത്യം അസ്തമിച്ചാലും നിങ്ങളെപ്പോലെ ഉത്തരവാദിത്തബോധമുള്ള പ്രേക്ഷകരുണ്ടാകുമ്പോൾ നിവർന്ന് നിന്ന് ചോദ്യങ്ങളുന്നയിക്കാൻ ആളുകളുമുണ്ടാകും.
ഇന്നത്തെ ദിവസം എൻഡിടിവിയെക്കാൾ ഞാൻ നിങ്ങളെ കുറിച്ച് ഓർക്കാനാണ് ഇഷ്ടപ്പെടുന്നത്. നിങ്ങളില്ലായിരുന്നെങ്കിൽ എനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പലപ്പോഴും എനിക്ക് തോന്നിയിരുന്നത് ഞാനൊരു ചാനലിന്റെ പ്രതിനിധിയാണ് എന്നതിനപ്പുറം നിങ്ങൾ ഓരോരുത്തരുടെയും പ്രതിനിധിയാണ് എന്നായിരുന്നു. എൻഡിടിവിയിൽ എനിക്ക് പൂർണസ്വാതന്ത്ര്യമുണ്ടായിരുന്നു. ഞാനതിനെ മാനിക്കുന്നു. നിങ്ങളുടെ നിതാന്ത ജാഗ്രത എപ്പോഴും എനിക്ക് ചുറ്റുമുണ്ടായിരുന്നു. ഒരു പിഴവും സംഭവിക്കരുതെന്ന് നിങ്ങൾ എന്നെക്കാൾ ആഗ്രഹിച്ചിരുന്നു. ഇന്നിപ്പോൾ സ്വാതന്ത്ര്യത്തിന്റെ ആ അന്തരീക്ഷം എനിക്ക് അന്യമായിരിക്കുന്നു. എന്റെ മുന്നിലുള്ള ലോകം മാറിയിരിക്കുന്നു. പക്ഷെ എനിക്ക് പിടിച്ച് നിന്നെ പറ്റു. ടെസ്റ്റ് മാച്ചിലെ ബാറ്ററെ പോലെ പിച്ചിൽ ഉറച്ചുനിൽക്കുകയാണ് ഞാൻ.
എൻഡിടിവിയിൽ ആയിരുന്നപ്പോൾ ഞാൻ എഴുതാനും വായിക്കാനും പഠിച്ചു. കാണാൻ പഠിച്ചു. നല്ല വസ്ത്രം ധരിക്കാൻ പഠിച്ചു. ഇപ്പോൾ ഞാൻ എന്റെ വനിതാ സഹപ്രവർത്തകരെ ഓർക്കുകയാണ്. സത്യസന്ധതയും നൈതികതയും അവരിൽ നിന്നാണ് ഞാൻ ശീലിച്ചത്. എന്റെ കാഴ്ചപ്പാടുകൾ തന്നെ മാറാൻ അവരുടെ ഇടപെടൽ സഹായകരമായിട്ടുണ്ട്. ഞാനിപ്പോൾ ഇത് പറയുന്നത് മാധ്യമസ്ഥാപനങ്ങളിൽ പുരുഷാധിപത്യത്തിന്റെ നീരാളിപ്പിടുത്തമുണ്ട് എന്ന് പറയാനാണ്. കടുത്ത വിവേചനം വനിതാ മാധ്യമപ്രവർത്തകർ നേരിടുന്നുണ്ട്. അത്തരമൊരു അന്തരീക്ഷത്തിൽ നിങ്ങൾക്കൊരിക്കലും ക്രിയാത്മകമായി ചിന്തിക്കാനോ സംവാദത്തിൽ ഏർപ്പെടാനോ കഴിയില്ല. നിങ്ങളിലാരെങ്കിലും മാധ്യമപ്രവർത്തനം ഒരു തൊഴിലായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ വനിതാ സഹപ്രവർത്തകരോട് വിവേചനരഹിതമായി പെരുമാറണം. അവരുടെ നിർദേശങ്ങളെ സ്വീകരിക്കണം.
എൻഡിടിവിയിൽ പ്രൈം ടൈം ഷോ നടത്തിയിരുന്നത് വൈകീട്ട് 9 മണിക്കായിരുന്നു. കാലത്ത് എഴുന്നേൽക്കുന്നത് തന്നെ വൈകീട്ട് 9 മണിയുടെ ചിന്തയും കൊണ്ടായിരിക്കും. ഇന്നിപ്പോൾ ആ ചിന്ത അപ്രസക്തമായിരിക്കുന്നു. ഇനി പ്രൈം ടൈം ഷോ എന്റെ ജീവിതത്തിൽ ഇല്ല. എനിക്കിപ്പോഴും വ്യക്തതയില്ല ആ സമയങ്ങളിൽ ഞാനിനി എന്ത് ചെയ്യുമെന്ന്. എനിക്ക് ടെലിവിഷനോട് അത്രക്ക് പ്രണയമായിരുന്നു. ഈ ചാനലിൽ ഞാനെന്റെ ജീവൻ സമർപ്പിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ആ ചുവന്ന മൈക്ക് എന്റെ മനസ്സിൽ ഇടക്കൊക്കെ മിന്നിമായുന്നുണ്ട്. എനിക്കറിയാം ഇനിയാ ചുവന്ന മൈക്ക് എനിക്ക് മുന്നിൽ ഇല്ലെന്ന്.
എനിക്കറിയാം ഈ ദിവസങ്ങളിൽ നിങ്ങളുടെ ഓർമകളിൽ ഞാൻ നിറഞ്ഞിരുന്നു എന്ന്. കുറച്ച് ദിവസങ്ങളായി ഞാൻ പ്രൈം ടൈം ഷോ ചെയ്യാതിരുന്നത് ബോധപൂർവമായിരുന്നു. മെല്ലെ,മെല്ലെ നിങ്ങളുടെ ഓർമയിൽ നിന്ന് മാഞ്ഞുപോകട്ടെ എന്ന് ഞാൻ കരുതി. ഞാനില്ലാത്ത എൻഡിടിവി നിങ്ങൾക്ക് ശീലമാകണമല്ലോ. പക്ഷെ നിങ്ങളെന്നെ വിട്ടില്ല. 9 മണിക്ക് എന്നെ കാണാതിരിക്കുമ്പോൾ നിങ്ങളെനിക്ക് സന്ദേശങ്ങളയച്ചു. നിങ്ങൾക്ക് അസുഖമാണോ? എന്താണ് പറ്റിയത്?, എൻഡിടിവിയിൽ എന്താണ് നടക്കുന്നത് എന്നിങ്ങനെ നിങ്ങളെന്നെ ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചു. ഈ സ്നേഹം എത്രനാൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയും?
കടുത്ത വിവേചനം വനിതാ മാധ്യമപ്രവർത്തകർ നേരിടുന്നുണ്ട്. അത്തരമൊരു അന്തരീക്ഷത്തിൽ നിങ്ങൾക്കൊരിക്കലും ക്രിയാത്മകമായി ചിന്തിക്കാനോ സംവാദത്തിൽ ഏർപ്പെടാനോ കഴിയില്ല. നിങ്ങളിലാരെങ്കിലും മാധ്യമപ്രവർത്തനം ഒരു തൊഴിലായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ വനിതാ സഹപ്രവർത്തകരോട് വിവേചനരഹിതമായി പെരുമാറണം. അവരുടെ നിർദേശങ്ങളെ സ്വീകരിക്കണം.രവീഷ് കുമാർ
ഇന്ത്യയിലെ മാധ്യമരംഗം മാറിക്കഴിഞ്ഞിരിക്കുന്നു. നിരവധി കുട്ടികൾ ലക്ഷങ്ങൾ മുടക്കി മാധ്യമവിദ്യാഭ്യാസം നേടുന്നുണ്ട്. നിർഭാഗ്യവശാൽ അവർക്ക് ചെയ്യാനുള്ളത് ദല്ലാൾ പണി മാത്രമാണ്. മൂല്യവത്തായൊരു മാധ്യമസംസ്‌കാരം ഇന്നിവിടെ ശേഷിക്കുന്നില്ല. മാധ്യമരംഗത്തേക്ക് പുതുതായി കടന്നുവന്നവരും നിലവിൽ മാധ്യമപ്രവർത്തകരായി തുടരുന്നവരും അങ്ങേയറ്റം നിരാശരാണ്. അവരെ വല്ലാത്ത തരത്തിൽ മടുപ്പ് ബാധിച്ചിരിക്കുന്നു. ചിലർ ജോലി ഉപേക്ഷിച്ച് പൊയ്ക്കഴിഞ്ഞു. ചിലരാകട്ടെ ഒരു തൊഴിൽ എന്ന നിലയിൽ മാത്രം മാധ്യമപ്രവർത്തനത്തെ കാണുന്നു. അവരിൽ ഒരു ഉത്സാഹവും കാണുന്നില്ല.
ജാമ്യം നൽകിയതിന്റെ പേരിൽ ഉന്നം വെയ്ക്കപ്പെടുമോ എന്ന് ഭയക്കുന്നതായി ജഡ്ജിമാർ തന്നെ ആശങ്ക പ്രകടിപിച്ചിരിക്കുന്ന ഒരു രാജ്യമാണിത്. ജഡ്ജിമാരുടെ അവസ്ഥ ഇതാകുമ്പോൾ ഞാൻ നിർഭയനാണെന്ന് പറയുന്നത് പോലും ഒരു കുറ്റമായി മാറുന്നു. ഭയപ്പെട്ട മാധ്യമപ്രവർത്തകൻ നിർജീവമായ ജനതയെ ആണ് വാർത്തെടുക്കുന്നത്. അതുകൊണ്ട് പ്രിയമുള്ളവരേ നിങ്ങൾ പറഞ്ഞാലും ഞങ്ങൾക്ക് ഭയമില്ലെന്ന്. നിങ്ങൾ ഏത് ദേശത്താണ് ജീവിച്ചിരിക്കുന്നത് ഓർമയില്ലേ? സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെ നഗ്നപാദരായ മനുഷ്യർ മുട്ടുകുത്തിച്ച നാടാണിത്. ഒരിക്കൽ നിങ്ങളീ ഗോഡി മാധ്യമങ്ങളുടെ അടിമത്തത്തിൽ നിന്ന് മോചിതരാകും. നിങ്ങൾക്ക് എക്കാലവും ഇങ്ങനെ ജീവിക്കാൻ കഴിയില്ല. ഈ അടിമത്തത്തിനെതിരെ നിങ്ങൾ പോരാടേണ്ടി ഇരിക്കുന്നു. പോരാടിയില്ലെങ്കിൽ നിങ്ങൾക്കീ ലോകത്ത് ശിരസ്സുയർത്തി നടക്കാൻ കഴിയില്ല. നിങ്ങൾക്കുണ്ടാകുന്ന ഐഡന്റിറ്റി ഒരു സ്വതന്ത്ര രാജ്യത്തെ ഗോഡി മാധ്യമങ്ങളുടെ അടിമകൾ എന്ന് മാത്രമായിരിക്കും. ഇതിനെക്കുറിച്ച് നാം ഗൗരവപൂർവം ചിന്തിച്ചെ മതിയാകൂ.
ഞാനിനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിശ്ചയമില്ല. നിശ്ചയമുള്ളത് എന്റെ ധീരത മാത്രമാണ്. Ravish Kumar Official എന്ന പേരിൽ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. അത് സബ്സ്‌ക്രൈബ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഇനി ഞാൻ ഈ യൂ ട്യൂബ് ചാനലിലായിരിക്കും ഉണ്ടാവുക. നന്ദി.'
സ്വതന്ത്ര പരിഭാഷ: ജസീർ ടി.കെ