ramesh chennithala 
Opinion

കേരളത്തെ സന്തോഷം നിറഞ്ഞ സംസ്ഥാനമാക്കും, രമേശ് ചെന്നിത്തല എഴുതുന്നു

എന്തുകൊണ്ട് യുഡിഎഫ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതുന്നു

കേരളത്തിന്റെ വികസന ചരിത്രം സത്യസന്ധമായി മനസ്സിലാക്കുന്ന ഏതൊരാളും അംഗീകരിക്കുന്ന ഒന്നുണ്ട്. യുഡിഎഫ് സർക്കാർ, അല്ലെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരുകളാണ് ഈ നാടിനെ മുന്നോട്ടു നയിച്ചിട്ടുള്ളത്. കേരളത്തിൽ ഒരു കാലത്തുണ്ടായിരുന്ന വ്യവസായങ്ങളെ പൂട്ടിച്ചതാര് എന്ന ചോദ്യത്തിന് ഒരു കൊടിയുടെ നിറം മാത്രമേ ചരിത്രബോധമുള്ളവർ ക്ക് പറയാനുണ്ടാകൂ. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്ന വ്യാജ പ്രചാരണങ്ങൾ കൊണ്ടും പ്രൊപ്പഗൻഡ കൊണ്ടും ഈ ഓർമ്മകളെ ഇല്ലാതാക്കാമെന്ന ചിന്ത ജനങ്ങളുടെ സാമാന്യ ബോധത്തോടുള്ള കൊഞ്ഞനം കുത്തലാണ്. തൊഴിൽ തിന്നുന്ന ബകൻ എന്നു പറഞ്ഞ് കംപ്യൂട്ടറിനെതിരെ സമരം ചെയ്ത പഴയ കാലത്തെക്കുറിച്ചു മാത്രമല്ല, ഭൂമിക്കടിയിലെ ബോംബ് എന്നു പറഞ്ഞ് അഞ്ചു കൊല്ലം മുൻപ് ഗെയിൽ പൈപ്പ് ലൈനിനെതിരേ സമരം ചെയ്യുകയും ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന കാപട്യത്തെക്കുറിച്ച് കൂടിയാണ് സൂചിപ്പിക്കുന്നത്. എത്രയോ വ്യവസായികളുടെ കണ്ണീരു വീണ മണ്ണാണ് ഇത്.

ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവന്ന യുപിഎ സർക്കാരാണ് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണം ഉറപ്പാക്കിയത്. സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന് തുടക്കംകുറിച്ചത് ഈ നിയമമാണ്. ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ചതും വ്യാപിപ്പിച്ചതും യുഡിഎഫ് സർക്കാരാണ്. അതിന്റെ കാലാനുസൃതമായ തുടർച്ച മാത്രമായിരുന്നു പിന്നീടുണ്ടായത്. ജനങ്ങളുടെ അവകാശമായ പെൻഷനുകൾ പക്ഷേ ഒരു പരസ്യപ്രചാരണമാക്കി മാറ്റാൻ യുഡിഎഫ് ശ്രമിച്ചിരുന്നില്ല.ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരാണ്.

അഴിമതിഭരണവും പ്രതിപക്ഷ ധർമ്മവും

കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമായിരുന്നു പിണറായി വിജയന്റേത്. നവമുതലാളിമാരുമായും വിദേശകമ്പനികളുമായും ചേർന്ന് അഴിമതിയുടെ ഉത്സവമാണ് ഇവിടെ നടന്നത്. ഡേറ്റാ കച്ചവടം തൊട്ട് ആഴക്കടൽ കൊള്ള വരെ അതിൽ ഉൾപ്പെടും. കുത്തക വിരോധം വിട്ട കമ്യൂണിസ്റ്റുകളുടെ ഒക്കച്ചങ്ങായിയാണ് അദാനി. പാവപ്പെട്ടവരുടെ മനുഷ്യാന്തസ്സിനെ ചവിട്ടി മെതിച്ചുകൊണ്ടാണ് പൊലീസ് ഇവിടെ പെരുമാറിയത്. കസ്റ്റഡിമരണത്തിലും മാവോയിസ്റ്റ് കൊലപാതകങ്ങളിലും മാത്രമല്ല, നീതി തേടി സമരം ചെയ്ത അമ്മമാരെ വരെ പൊലീസ് ആക്രമിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചിഴച്ചു. വാളയാറിലെ പെൺകുട്ടികളുടെ അമ്മ ഇന്നും തെരുവിൽ സമരം ചെയ്യുന്നു. അനീതിക്ക് കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ നൽകുന്നു.

ജാഗ്രതയോടെയാണ് പ്രതിപക്ഷം ഈ അഞ്ചുവർഷം നിലകൊണ്ടത്. സഹകരിക്കാവുന്ന മേഖലകളിലെല്ലാം സഹകരിക്കുകയും ചോദ്യം ചെയ്യേണ്ടിടത്ത് ചോദ്യം ചെയ്തും ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായിട്ടാണ് ഞങ്ങൾ പ്രവർത്തിച്ചത്. പ്രളയകാലത്തും മറ്റും നിർലോഭമായ പിന്തുണയാണ് പ്രതിപക്ഷം നൽകിയത്. പക്ഷേ കോവിഡ് പോലുള്ള കാലത്ത് ദുരന്തങ്ങൾ അഴിമതിക്കുള്ള അവസരമായി ഭരണപക്ഷം കണക്കാക്കിയപ്പോൾ ഞങ്ങൾക്ക് വിരൽ ചൂണ്ടേണ്ടിവന്നു. ഈ സംസ്ഥാനത്തിന്റെ നട്ടെല്ലായ പ്രവാസികളെ ശത്രുക്കളെപ്പോലെ കണ്ടപ്പോൾ പ്രതിപക്ഷത്തിന് കൈയുംകെട്ടി നോക്കി നിൽക്കാൻകഴിഞ്ഞില്ല. സർക്കാരിന്റെ ഒട്ടേറെ അഴിമതികളും പൊലീസ് ആക്ട് പോലുള്ള കിരാത നിയമങ്ങളും തിരുത്തിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞു. നിയമസഭ തല്ലിപ്പൊളിക്കുക, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുക തുടങ്ങിയ ഇടതു ശൈലിയിലുള്ള സമരമല്ലായിരുന്നു ഞങ്ങളുടേത്.

എല്ലാ ജനങ്ങളുടേതുമായിരുന്ന രാജ്യം അതിന്റെ വിപരീത ദിശയിലേക്ക് പോകുന്ന സമയത്ത് കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തുക എന്നത് എല്ലാ മതേതര ജനാധിപത്യവിശ്വാസികളുടേയും കടമയാണ്.
ramesh chennithala

ഇനി ഐശ്വര്യ കേരളം, ലോകോത്തര കേരളം

കൊച്ചി മെട്രോ പോലെ, വിമാനത്താവളം പോലെ , വിഴിഞ്ഞം പദ്ധതിയും വല്ലാർപ്പാടം പദ്ധതിയും പോലെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾ എന്നപോലെ യുഡിഎഫ് കെണ്ടുവന്ന പദ്ധതികളുടെ തുടർച്ചയായി ഐശ്വര്യ കേരളം കെട്ടിപ്പടുക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി കൊണ്ടുവന്ന, ഭരണരംഗത്തെ സുതാര്യതയ്ക്കായി വിവരവകാശനിയമം കൊണ്ടുവന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കും.

കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ നടപ്പിലാക്കിത്തുടങ്ങിയ, മിനിമം വരുമാനം ഉറപ്പുവരുത്തൽ പദ്ധതിയായ ന്യായ് കേരളത്തിലെ പാവപ്പെട്ടവരുടെ ജീവിതത്തെ മാറ്റിത്തീർക്കുമെന്ന് ഉറപ്പാണ്. രാഹുൽ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായ ന്യായ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കേരളത്തിന്റെ യശസ്സ് ലോകമെമ്പാടും ഉയർത്തും. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം ആറായിരം രൂപ ഉറപ്പുവരുത്തുന്നതാണ് ന്യായ്. ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്നതാണ് യുഡിഎഫ് നൽകുന്ന മറ്റൊരു ഉറപ്പ്. ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത 45 നും 60 നും മധ്യേയുള്ള വീട്ടമ്മമാർക്ക് 2000 രൂപ ഉറപ്പുവരുത്തും. പെൻഷൻ ഒരു അവകാശമാക്കുകയും ശമ്പള കമ്മീഷൻ മാതൃകയിൽ പെൻഷൻ കമ്മീഷൻ രൂപീകരിക്കുകയും ചെയ്യും.

കേരളത്തെ സന്തോഷം നിറഞ്ഞ ഒരു സംസ്ഥാനമാക്കുക യുഡിഎഫിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ശശി തരൂർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രകടനപത്രിക ഈ ലക്ഷ്യം മുന്നിൽ നിർത്തുന്നു. ഹാപ്പിനെസ് മിനിസ്ട്രിക്ക് സമാനമായി സന്തോഷദായകമായ ഒരു സംസ്ഥാനമായി കേരളത്തെ മാറ്റിത്തീർക്കുന്ന ഭരണപരമായ ഇടപെടലുകളുണ്ടാകും. അതിന്റെ ഭാഗമാണ് പ്രകടനപത്രികയിൽ മുന്നോട്ടുവച്ച ഹാർമണി സെന്ററുകൾ. അഞ്ചു ലക്ഷം വീടുകൾ , എല്ലാ വെള്ളക്കാർഡുകൾ ക്കും അഞ്ചു കിലോ സൗജന്യ അരി, ബില്ല് രഹിത ആശുപത്രികൾ , കാരുണ്യ പദ്ധതി വീണ്ടും ആരംഭിക്കുന്നത്, കാർഷിക-വാണിജ്യ വിളകൾക്കുള്ള നവീകരിച്ച താങ്ങുവില, എല്ലാവർക്കും നൂറു യൂണിറ്റ് വൈദ്യുതി സൗജന്യം തുടങ്ങിവ യുഡിഎഫിന്റെ വാക്കാണ്.

ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വീകരിച്ചാണ് ഞങ്ങൾ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ ജനാഭിലാഷങ്ങളോട് നീതി പുലർത്തുന്നതാണ് അവ. പ്രകടനപത്രിക നൂറു ശതമാനം ഉറപ്പാക്കുന്ന ഒരു സർക്കാരായിരിക്കും യുഡിഎഫിന്റേത്. കിറ്റും പെൻഷനും വോട്ടു തട്ടാനുള്ള തന്ത്രങ്ങളായി കാണുന്നവരിൽ നിന്ന് അത് ജനങ്ങളുടെ അവകാശമാണ് എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. മുൻ കാല യുഡിഎഫ് സർക്കാരുകളുടെ ചരിത്രം അതായിരുന്നു.

ഏകാധിപത്യ സ്വഭാവത്തിലേക്ക് രാജ്യവും നമ്മുടെ സംസ്ഥാനവും പോകുന്നത് ആർക്കും ഗുണകരമല്ല. ഭയത്തിന്റേതായ ഒരു അന്തരീക്ഷമാണ് രാജ്യത്തിന്റെ പല ഭാഗത്തുമുള്ളത്.

പാർശ്വവൽക്കരിക്കപ്പെട്ടവരോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസും യുഡിഎഫും എക്കാലവും നിലകൊണ്ടത്. ആദിവാസികൾ , പട്ടികജാതി-വർഗ വിഭാഗത്തിലുള്ളവർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി ഇടതു സർക്കാർ അവഗണിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത വിഭാഗങ്ങൾക്കൊപ്പം യുഡിഎഫ് നിലകൊള്ളുന്നു. കടലിന്റെ അവകാശം കടലിന്റെ മക്കൾക്കായിരിക്കും. കാടിന്റെ അവകാശം ആദിവാസി വിഭാഗങ്ങൾക്കും. ആദിവാസി സമൂഹത്തിന്റെ വനാവകാശം സംരക്ഷിക്കുന്നതിനു യുപിഎ സർക്കാർ 2006 ൽ പ്രാബല്യത്തിൽ വരുത്തിയ വനാവകാശ നിയമം പൂർണമായും കേരളത്തിൽ നടപ്പിലാക്കും.

കേരളത്തിന്റെ അടിസ്ഥാന വികസന ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തിയ നേട്ടങ്ങളിൽ ബഹുഭൂരിപക്ഷവും യുഡിഎഫിന് അവകാശപ്പെട്ടതായിരിക്കും. തിരുവനന്തപുരം മുതൽ കാസർഗോട് വരെ ആറുവരിപ്പാതയാണ് ഞങ്ങൾ ലക്ഷ്യമിടുന്ന പ്രധാന അടിസ്ഥാന വികസനങ്ങളിലൊന്ന്. തിരുവനന്കപുരത്തും കോഴിക്കോട്ടും മെട്രോ- ലൈറ്റ് മെട്രോ പദ്ധതികൾ , കൊച്ചി മെട്രോ രണ്ടാംഘട്ടം ത്വരിതപ്പെടുത്തുന്നത് തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് യുഡിഎഫ് പ്രാമുഖ്യം നൽകുന്നു.

നാടു നന്നാവാൻ യു ഡി എഫ്

ഏകാധിപത്യ പ്രവണതയുള്ള ഏത് ഭരണകൂടവും നാശത്തിനു മാത്രമേ കാരണമായിട്ടുള്ളു. കേരളം വർഷങ്ങളായി സംരക്ഷിച്ചുകൊണ്ടിരുന്ന ചില ജനാധിപത്യ മൂല്യങ്ങളെയും മനുഷ്യവകാശങ്ങളെയും ലംഘിക്കുന്ന എത്രയോ നടപടികൾക്കാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം സാക്ഷ്യം വഹിച്ചത്. വിശ്വാസി സമൂഹത്തിന്റെ വികാരങ്ങൾ വൃണപ്പെടുത്താനും ജനങ്ങളെ വിഭജിക്കാനുമുള്ള സംഘടിത ശ്രമങ്ങൾ ഭരണകൂടം തന്നെ ചെയ്തു.

എന്ത് അനീതി ചെയ്താലും ഭരണം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമുള്ളവർക്ക് അഴിമതി അതിനുള്ള മുഖ്യ മാർഗമായി മാറി. സ്വന്തം ആവശ്യത്തിനും പാർട്ടിക്കും പ്രൊപ്പഗൻഡയ്ക്കും എല്ലാ വളഞ്ഞ വഴിയിയൂടെയും പണം സമ്പാദിക്കുക, ജനങ്ങൾക്ക് അവർക്ക് സ്വാഭാവികമായി ലഭിക്കേണ്ട അവകാശങ്ങൾ എന്തോ ഔദാര്യമെന്ന പോലെ നൽകി മിണ്ടാതിരിക്കാൻ ആവശ്യപ്പെടുക എന്ന തന്ത്രത്തിലൊതുങ്ങി ഇപ്പോഴത്തെ ഭരണം. പാവപ്പെട്ടവർക്കുള്ള ലൈഫ് പദ്ധതി പോലും അഴിമതിക്കുള്ള അവസരമായി അവർ കണ്ടു. കോവിഡ് കാലം കച്ചവടകാലമാക്കി മാറ്റി.

പുതിയ രാഷ്ട്രീയപാർട്ടികളുടെ ആവിർഭാവമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രാദേശികമായി കാണുന്ന ഒന്ന്. ഒറ്റ നോട്ടത്തിൽ നിഷ്പക്ഷമെന്ന് കരുതുന്ന അവരുടെ ആത്യന്തികമായ ലക്ഷ്യം ഇടതു മുന്നണിയെ വിജയിപ്പിക്കുക എന്നതുമാത്രമാണ്. വികസന വിഷയങ്ങൾ പറഞ്ഞ് തങ്ങൾ സ്വതന്ത്രരാണെന്ന മിഥ്യാധാരണയുണ്ടാക്കി , സാധാരണ രീതിയിൽ യുഡിഎഫിന് ലഭിക്കുന്ന വികസന വോട്ടുകൾ പിളർത്താനുള്ള ഇത്തരം ശ്രമങ്ങളെ കരുതിയിരിക്കണം. ഗൂഢലക്ഷ്യങ്ങളുമായി എത്തുന്ന കോർപറേറ്റുകളുടെ രാഷ്ട്രീയനാടകത്തിന് പ്രബുദ്ധ കേരളം തിരശ്ശീലയിടണം.

ഏകാധിപത്യ സ്വഭാവത്തിലേക്ക് രാജ്യവും നമ്മുടെ സംസ്ഥാനവും പോകുന്നത് ആർക്കും ഗുണകരമല്ല. ഭയത്തിന്റേതായ ഒരു അന്തരീക്ഷമാണ് രാജ്യത്തിന്റെ പല ഭാഗത്തുമുള്ളത്. അതിന്റെ അലയൊലികൾ കേരളത്തിലുമെത്തുന്നു. അലൻ-താഹ എന്നീ രണ്ടു ചെറുപ്പക്കാരെ ഇടതു സർക്കാർ വേട്ടയാടിയത് വലിയൊരു സൂചനയാണ്. മാവോയിസ്റ്റ് കൊലപാതകങ്ങൾ അതിന്റെ പ്രകട ഉദാഹരണങ്ങളാണ്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, മത ന്യൂനപക്ഷങ്ങൾക്ക് ആശങ്കയില്ലാത്ത , സാഹോദര്യത്തിന്റെ അന്തരീക്ഷം ഇവിടെയുണ്ടാകണം.

എല്ലാ ജനങ്ങളുടേതുമായിരുന്ന രാജ്യം അതിന്റെ വിപരീത ദിശയിലേക്ക് പോകുന്ന സമയത്ത് കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തുക എന്നത് എല്ലാ മതേതര ജനാധിപത്യവിശ്വാസികളുടേയും കടമയാണ്.

രബീന്ദ്ര നാഥ ടഗോറിന്റെ കവിതയിലെന്നപോലെ നിർഭയമായ മനസ്സും ഉയർന്ന ശിരസ്സുമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് കേരളത്തിലെ രാഷ്ട്രീയ,സാമൂഹിക ബോധമുള്ള ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT