Opinion

മനസില്‍ നിന്ന് വിലക്കാനാകില്ലല്ലോ ബാബ്‌റിയുടെ ദൃശ്യങ്ങള്‍

1992ല്‍ സംഘപരിവാര്‍ കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ അയോധ്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ഇപ്പോള്‍ കൈരളി ചാനലിന്റെ എഡിറ്ററും എംഡിയുമായ ജോണ്‍ ബ്രിട്ടാസ് ആയിരുന്നു. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസത്തെക്കുറിച്ചും, ഇന്ത്യന്‍ ജനാധിപത്യത്തിലുണ്ടാക്കിയ പ്രത്യാഘാതത്തെക്കുറിച്ചും, രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ചോദ്യങ്ങളെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

2020 ഓഗസ്റ്റ് അഞ്ചിന് ശ്രീരാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ അയോധ്യയില്‍ നടക്കുകയാണ്. കേന്ദ്രസര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളുമൊക്കെ ബാബ്‌റി മസ്ജിദ് ധ്വംസനത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നതില്‍ നിന്ന് ഏറെക്കുറെ നമ്മുടെ മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പള്ളി പൊളിക്കുന്ന ദൃശ്യങ്ങളുടെ സംപ്രേഷണമെന്ന് പറയുന്നു. പക്ഷേ നമ്മുടെ മനസില്‍ നില്‍ക്കുന്ന ബാബ്‌റി പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനാകില്ലല്ലോ. എന്റെ മനസില്‍ ഇപ്പോഴുമുണ്ട് മുന്നില്‍ കണ്ട ഓരോ ദൃശ്യങ്ങളും, ഞാന്‍ കടന്നുപോയ ഓരോ നിമിഷവും. അയോധ്യയില്‍ ഉയരുന്ന ശ്രീരാമക്ഷേത്രം ഇന്ത്യക്ക് ഭാവിയില്‍ വലിയ അഭിമാനമാകുമെന്നും, പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാകുമെന്നുമുള്ള ചര്‍ച്ചകള്‍ കൊടുമുടിയിലെത്തുമ്പോള്‍ എന്റെ മനസ് ഇപ്പോഴും ഡിസംബര്‍ ആറിലെ അയോധ്യയിലാണ്. 28 വര്‍ഷങ്ങള്‍ക്ക് പിന്നിലേക്കാണ്.

ബാബറി മസ്ജിദ് അവസാനം കാണാന്‍ ഭാഗ്യം സിദ്ധിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍. മസ്ജിദ്ദിന്റെ പതനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എന്റെ പേനയില്‍ നിന്ന് ഉതിര്‍ന്ന വരികള്‍ ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ച് കിടക്കുന്നു. ''ഡിസംബറിന്റെ കൊടും തണുപ്പില്‍ മൂടല്‍ മഞ്ഞിനെ വകഞ്ഞു മാറ്റി ഞങ്ങളുടെ വെളുത്ത അംബാസിഡര്‍ ഫൈസാബാദില്‍ നിന്ന് അയോദ്ധ്യയിലേയ്ക്ക് തിരിച്ചപ്പോള്‍ ആ യാത്ര മതനിരപേക്ഷ ഭാരതത്തിന്റെ ചരമകുറിപ്പെഴുതാനായിരുന്നു എന്ന് ഞങ്ങളാരും നിനച്ചിരുന്നില്ല''. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിരീക്ഷിക്കുമ്പോള്‍ അന്ന് എഴുതിയ വരികള്‍ അക്ഷരം പ്രതി ശരിയായി എന്ന് ബോധ്യപ്പെടുന്നു. ബാബ്‌റി മസ്്ജിദിന്റെ ധൂളികള്‍ കോറിയിട്ട വരകളിലൂടെയാണ് പില്‍ക്കാല ഇന്ത്യന്‍ രാഷ്ട്രീയം ചലിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചില വാര്‍ത്താവിസ്ഫോടനങ്ങളുടെ ബാക്കിപത്രം എന്റെ മനസ്സില്‍ ചെറിയ വിങ്ങലോടെ പച്ചപിടിച്ച് കിടപ്പുണ്ട്. മറക്കാന്‍ ആഗ്രഹിക്കുന്ന ഈ പ്രതലങ്ങള്‍ പലപ്പോഴും കാലിക രാഷ്ട്രീയത്തില്‍ തെളിഞ്ഞ് വരാറുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് 1992 ഡിസംബര്‍ ആറിനുണ്ടായ ദൗര്‍ഭാഗ്യകരമായ കറുത്ത ദിനമാണ്.

പുരാണങ്ങളിലും പുസ്തകങ്ങളിലും വായിച്ചറിഞ്ഞ അയോദ്ധ്യ ആയിരുന്നില്ല എന്റെ മുമ്പില്‍. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗ്രസിക്കാന്‍ പോകുന്ന വന്‍ വിപത്തിന്റെ വാതായനമായിട്ടാണ് എനിക്കന്ന് അയോദ്ധ്യ അനുഭവപ്പെട്ടത്. ശിലാന്യാസില്‍ തുടങ്ങി 3 വര്‍ഷത്തിനുള്ളില്‍ മസ്ജിദിനെ കീഴ്‌പെടുത്തി അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കാവിക്കൊടി പാറിച്ചതോടെ ഇന്ത്യന്‍ രാഷ്ട്രീയം പതുക്കെ തമോഗര്‍ത്തത്തിലേയ്ക്ക് പതിക്കുകയായിരുന്നു.

500 വര്‍ഷം പഴക്കമുള്ള പുരാതനമായ ബാബറി മസ്ജിദ്ദിന്റെ തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് വണ്ടികയറിയത് മുതലുള്ള ഓരോ രംഗവും ഒറ്റ നിമിഷം കൊണ്ട് ഇപ്പോഴും എനിക്ക് ഓര്‍ത്തെടുക്കാനാകും. ഡിസംബര്‍ 6ന് തണുത്തുറഞ്ഞ പ്രഭാതത്തില്‍ വെള്ളകിറുന്നതിന് മുമ്പ് ഫൈസബാദ്ദിലെ ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ അയോദ്ധ്യയിലേക്ക് യാത്ര ആരംഭിച്ചു. 5 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളുവെങ്കിലും അംബാസിഡര്‍ കാറിനുള്ളില്‍ ഞെരുങ്ങിയിരുന്നു. വെങ്കിടേഷ് രാമകൃഷ്ണന്‍, എം.കെ അജിത്കുമാര്‍ , ഇ.എസ്. സുഭാഷ്, പി.ആര്‍. രമേഷ്, മുരളീധര്‍ റെഡ്ഡി എന്നിങ്ങനെ ഒരു പിടി പേരുകള്‍ മനസിലേയ്ക്ക് വരുന്നു. ബാബറി മസ്ജിദിന് തൊട്ടു മുന്‍പിലുള്ള മാനസ്സ് ഭവന്റെ പടവുകള്‍ ചവിട്ടി ടെറസ്സിലേക്ക് പോകുമ്പോള്‍ അന്തരീക്ഷം 'ജയ് സീയറാം' വിളികളാല്‍ മുഖരിതമായിരുന്നു.

കാവിതുണികളും തലകെട്ടുകളും തൃശൂലങ്ങളും വിറ്റ് കൊണ്ടിരുന്ന ഒരു കൂട്ടമാളുകളെ വകഞ്ഞ് മാറ്റിയാണ് ഞങ്ങള്‍ ടെറസ്സിലെത്തിയത്. മസ്ജിദ്ദിന്റെ ഒരു വിളിപ്പാടകലെ പൊലീസ് ബന്തവസ്സില്‍ പുറത്ത് ബി.ജെ.പി യുടെയും സംഘപരിവാറിന്റെയും മുതിര്‍ന്ന നേതാക്കള്‍ തങ്ങിയിരുന്നു. എല്‍.കെ അദ്വാനി, മുരളിമനോഹര്‍ ജോഷി , ഉമാഭാരതി, അശോക് സിംഗാള്‍ ഇപ്പോഴത്തെ യു.പി. മുഖ്യമന്ത്രി ആദിത്യനാഥും അദ്ദേഹത്തിന്റെ ഗുരു മഹന്ത് അവൈദ്യനാഥുമൊക്കെ പ്രസരിപ്പോടെ കര്‍സേവകര്‍ക്കിടയില്‍ തല ഉയര്‍ത്തി നില കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ഇവര്‍ ഉച്ചഭാഷിണിയിലൂടെ മസ്ജിദിന് ചുറ്റും തടിച്ച് കൂടിയിരുന്ന കര്‍സേവകരെ പ്രകോപനപരമായി അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നു. മന്ത്രോച്ചാരണങ്ങളും കൊലവിളികളും ഇഴകോര്‍ത്ത് നിന്ന അന്നത്തെ അന്തരീക്ഷം മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല.

പ്രകോപനങ്ങളുടെ കുത്തൊഴുക്കും ഉച്ചസ്ഥായിലുള്ള വെല്ലുവിളികളും ഉയര്‍ന്നിരുന്നെങ്കിലും ജനാധിപത്യ മതേതര ഇന്ത്യക്ക് ഇതൊക്കെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടാകുമെന്നാണ് ഞാനും എന്റെ സുഹൃത്തുക്കളും വിചാരിച്ചിരുന്നത്. എന്നാല്‍ സൂര്യന്‍ ഞങ്ങളുടെ ഉച്ചിക്ക് മുകളില്‍ എത്തിയതോടെ അന്തരീക്ഷം കലങ്ങിമറിഞ്ഞു. ഞങ്ങളെയാകെ സ്തബ്ധരാക്കിക്കൊണ്ട് എവിടെനിന്നോ നൂറു കണക്കിന് കര്‍സേവകര്‍ വാനരന്‍മാരെ പോലെ കപ്പിയും കയറും ഉപയോഗിച്ച് മസ്ജിദിന്റെ താഴികക്കുടങ്ങളിലേക്ക് ഇരച്ച് കയറുന്നതാണ് കണ്ടത്. ഒരിക്കലും കര്‍സേവകര്‍ അങ്ങോട്ട് പ്രവേശിക്കില്ലെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. നിമിഷങ്ങള്‍ക്കകം ഈ കര്‍സേവകര്‍ പിക്കാസും മറ്റ് ആയുധങ്ങളുമായി താഴികക്കുടങ്ങളെ തേനീച്ച പോലെ പൊതിയുന്നതാണ് കണ്ടത്. ആയുധങ്ങള്‍ കൊണ്ട് അന്തരീക്ഷത്തില്‍ പൊടിപടലങ്ങളും ആക്രോശങ്ങളും ഉയര്‍ന്നു. ആ ചുറ്റുപാടിനും മാറ്റം വന്നു. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരൊക്കെ ചെറിയൊരു തുരുത്ത് പോലെയായി. കര്‍സേവകര്‍ ആര്‍ത്തട്ടഹസിച്ച് തിരമാല പോലെ വരുന്നു. മൊത്തത്തില്‍ ഉന്മാദാവസ്ഥ. ഒന്ന് പാളിനോക്കിയപ്പോള്‍ ആഘോഷത്തിമിര്‍പ്പിലായ നേതാക്കളുടെ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞു. മുരളി മനോഹര്‍ജോഷിയുടെ തോളില്‍ ചാഞ്ഞ് കിടന്നു കൊണ്ട് ''ഒരു തട്ട് കൂടി കൊടുക്കു' എന്ന് വിളിച്ച് പറയുന്ന കാവി വസ്ത്രധാരിയായ ഉമാഭാരതി. കര്‍സേവകരോടാണ് ആഹ്വാനം. ഞങ്ങളാരും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. നമ്മുടെ രാജ്യത്തിന് ഇത്തരം വിപത്തുകളെ തടയനാകുമെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ അവിശ്വസനീയമായിരുന്നു ആ രംഗം. മിനിട്ടുകള്‍ക്കുള്ളില്‍ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തില്‍ ലയിച്ചു.

വിശ്വസിക്കാനാകാതെ കണ്ണ് തിരുമ്മി തുറന്ന ഞങ്ങള്‍ മറ്റൊരു അപകടം കൂടി അഭിമുഖീകരിക്കാന്‍ പോവുകയായിരുന്നു. എവിടെയോ തയ്യാറാക്കിയ തിരക്കഥ എന്ന പോലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരേയുള്ള വേട്ട ആരംഭിച്ചു. കുറുവടി ഏന്തിവന്ന ഒരു പറ്റം കര്‍സേവകര്‍ മാധ്യമ്പ്രവര്‍ത്തകരെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകരെന്ന് മനസിലാക്കിയാല്‍ അടിച്ചോടിക്കുന്ന അവസ്ഥ. ജോണ്‍ ബ്രിട്ടാസ് ബാലന്‍ എന്ന പേര് സ്വീകരിക്കാന്‍ നിമിഷങ്ങളെ വേണ്ടിയിരുന്നുള്ളു. മാനസ്സ് ഭവന്റെ ടെറസില്‍ കുടുങ്ങിയ ഞങ്ങള്‍ എങ്ങനെ രക്ഷപ്പെടും? എന്റെ ചെറിയ ബുദ്ധിയില്‍ വിരിഞ്ഞ ഒരാശയമാണ് ഞങ്ങള്‍ക്ക് സുരക്ഷാ ഇടനാഴി തീര്‍ത്തത്. ഞങ്ങള്‍ മാനസ് ഭവനിലേക്ക് പോകുന്ന സമയത്ത് ജയ് സിയാറാം എന്നെഴുതിയ ഷാള്‍ വാങ്ങിവച്ചിരുന്നു. ആ ഷാള്‍ ഞാന്‍ പലകഷണങ്ങളാക്കി ഓരോരുത്തര്‍ക്കും കൊടുത്തു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള പാസ്‌പോര്‍ട്ടോ വിസയോ ആയി ആ തുണിക്കഷ്ണം മാറുകയായിരുന്നു. ഞങ്ങള്‍ ഓരോരുത്തരും അത് തലയില്‍ കെട്ടി. ജീവന്റെ മുമ്പില്‍ ഇതൊക്കെ നിസ്സാരമായിരുന്നത് കൊണ്ട് ചോദിച്ച പണം കൊടുത്ത് തുണി വാങ്ങി കെട്ടി. കാവിയുടെ ആവരണത്തില്‍ കര്‍സേവകരായി രൂപാന്തരം പ്രാപിച്ച ഞങ്ങള്‍ 'ജയ് സീയറാം' വിളിച്ച് പുറത്തേക്ക് കടന്നു. ഒരു വിധത്തില്‍ കാറ് കണ്ടെത്തി സുരക്ഷിതമായ ഭൂമിയിലേക്ക് പലായനം ചെയ്തു.

ശ്രീരാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ഹിന്ദുരാഷ്ട്രത്തിന്റെ തറക്കല്ലിടലായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഒരു സെക്യുലര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് പള്ളി പൊളിച്ച് പണിയുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് കാര്‍മ്മികത്വം വഹിക്കുന്നത്. അതില്‍ ആരും അസ്വാഭാവികത കാണുന്നില്ല. മാധ്യമങ്ങള്‍ ചോദ്യമുയര്‍ത്തുന്നില്ല.

എന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തിലെ എന്നെ ഇത്രത്തോളം അസ്വസ്ഥമാക്കിയ മറ്റൊരു സംഭവമില്ല. അന്ന് അവിടെയുണ്ടായിരുന്ന നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹിക്ക് തിരിച്ചു. ഞങ്ങള്‍ ഫൈസാബാദിലെ ഹോട്ടലില്‍ തങ്ങി. ആക്രമിക്കപ്പെടുമോ എന്ന ഭീതിയുണ്ടായിരുന്നു അപ്പോഴും. ബാബ്‌റി മസ്ജിദ് പൊളിക്കല്‍ പൂര്‍ത്തിയായ ശേഷമാണ് അന്ന് കേന്ദ്രസേനയെ വിന്യസിച്ചിരുന്നത്. ഞങ്ങള്‍ ചിന്തിച്ചിരുന്നത് ഫൈസാബാദിലും അയോധ്യയിലും വിന്യസിച്ചിരുന്ന അര്‍ദ്ധസൈനിക വിഭാഗം ബാബ്‌റി മസ്ജിദിനെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുമെന്നായിരുന്നു. പള്ളി അന്തരീക്ഷത്തില്‍ പൊടിപടലമായി മാറിയ ശേഷമാണ് സേന സംഭവസ്ഥലത്തെത്തി.

ഞങ്ങള്‍ പിറ്റേ ദിവസം അയോധ്യയിലെത്തി. വൈപരീത്യം എന്ന് പറയാനാകുന്ന സാഹചര്യം. പള്ളി ഇരുന്ന സ്ഥലത്ത് ഉണ്ടാക്കിയ താല്‍ക്കാലിക ക്ഷേത്രത്തില്‍ രാംലല്ലയെ ദര്‍ശിക്കാന്‍ ആള്‍ക്കാരുടെ ക്യൂ. പള്ളി സംരക്ഷിക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്ന പാരാമിലിട്ടറി ആ താല്‍ക്കാലിക ക്ഷേത്രത്തിന്റെ സംരക്ഷകരായി മാറിയിരിക്കുന്നു. അന്ന് തുടങ്ങിയ രാഷ്ട്രീയ മലക്കം മറിച്ചിലുകളാണ് ഇന്ത്യയെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചിരിക്കുന്നത്. 1992ന് ശേഷം എട്ടോ പത്തോ തവണ അയോധ്യയില്‍ പോയിട്ടുണ്ട്. അയോധ്യ അപ്പോഴേക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ധ്രുവീകരണത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരുന്നു.

1989മുതല്‍ ഞാന്‍ ബാബ്‌റി മസ്ജിദ് കാണുന്നുണ്ട്. 1989 ല്‍ ശിലാന്യാസ് റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാനാദ്യം അയോദ്ധ്യയ്ക്ക് എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളു. ദില്ലിയില്‍ നിന്ന് തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ലഖ്‌നൗ വരെ. അവിടെ നിന്ന് യു.പി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തുരുമ്പിച്ച ബസ്സില്‍ ഫൈസബാദ്ദിലേക്ക്. പിന്നീട് നടന്നും കുതിരവണ്ടി കയറിയുമൊക്കെയാണ് അയോദ്ധ്യയിലെത്തിയത്. പുരാണങ്ങളിലും പുസ്തകങ്ങളിലും വായിച്ചറിഞ്ഞ അയോദ്ധ്യ ആയിരുന്നില്ല എന്റെ മുമ്പില്‍. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗ്രസിക്കാന്‍ പോകുന്ന വന്‍ വിപത്തിന്റെ വാതായനമായിട്ടാണ് എനിക്കന്ന് അയോദ്ധ്യ അനുഭവപ്പെട്ടത്. ശിലാന്യാസില്‍ തുടങ്ങി 3 വര്‍ഷത്തിനുള്ളില്‍ മസ്ജിദിനെ കീഴ്‌പെടുത്തി അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കാവിക്കൊടി പാറിച്ചതോടെ ഇന്ത്യന്‍ രാഷ്ട്രീയം പതുക്കെ തമോഗര്‍ത്തത്തിലേയ്ക്ക് പതിക്കുകയായിരുന്നു.

അന്ന് അയോധ്യയിലെത്തിയ അപൂര്‍വം മാധ്യമപ്രവര്‍ത്തകരൊഴികെ എല്ലാവരും സെക്യുലര്‍ ഇന്ത്യക്ക് വേണ്ടി നിലകൊണ്ടവരായിരുന്നു. അതിരൂക്ഷമായാണ് ബാബ്‌റി മസ്ജിദ് പതനത്തെ അവരെല്ലാം വിമര്‍ശിച്ചിരുന്നത്. അതില്‍ ചിലരെല്ലാം ബാബ്‌റി തകര്‍ത്തവരുടെ രാഷ്ട്രീയത്തിന്റെ പതാകാ വാഹകരായി മാറിയെന്നത് ചരിത്രത്തിന്റെ ഒരു വിധിവൈപരീത്യമാകാം. മനസില്‍ വലിയൊരു ഭാരവുമായാണ് ഞാന്‍ അയോധ്യയില്‍ നിന്ന് മടങ്ങിയത്. ഇത്രയും രൗദ്രമായ ഭൂമികകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടെന്ന് അന്ന് മനസിലാക്കുകയായിരുന്നു. ഇന്ത്യയുടെ ചില കള്ളികളിലൊക്കെ വിദ്വേഷത്തിന്റെ ലാവാ പ്രവാഹമുണ്ടെന്ന തിരിച്ചറിയല്‍ ശരിക്കും നടുക്കുന്നതുമായിരുന്നു.

തര്‍ക്കകാലത്ത് അയോധ്യ പ്രശ്‌നം കോടതി തീരുമാനിക്കട്ടെ എന്ന് പലരും പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തിരുന്നവരാണ് ആര്‍എസ്എസും ബിജെപിയും. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണ് അഡ്വാനി ഉള്‍പ്പെടെ വാദിച്ചത്. ഇവിടെ കോടതിക്ക് സ്ഥാനമില്ലെന്നും വാദിച്ചു. അന്ന് എല്‍കെ അദ്വാനി നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ ഇപ്പോഴും ചെവിയില്‍ പ്രതിധ്വനിക്കുന്നുണ്ട്. അവിടെ നിന്നെല്ലാം വലിയ കരണംമറച്ചിലിലേക്ക് ബിജെപിയും ഹിന്ദുത്വരാഷ്ട്രീയവും പോകുന്നു. ശ്രീരാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ഹിന്ദുരാഷ്ട്രത്തിന്റെ തറക്കല്ലിടലായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഒരു സെക്യുലര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് പള്ളി പൊളിച്ച് പണിയുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് കാര്‍മ്മികത്വം വഹിക്കുന്നത്. അതില്‍ ആരും അസ്വാഭാവികത കാണുന്നില്ല. മാധ്യമങ്ങള്‍ ചോദ്യമുയര്‍ത്തുന്നില്ല. അയോധ്യയുടെ കാര്യത്തില്‍ നമ്മുടെ ഭരണാധികാരികള്‍ക്കും നമ്മുടെ കോടതികള്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്ന ചോദ്യങ്ങള്‍ പോലും മാധ്യമങ്ങളില്‍ നിന്നുമുയരുന്നില്ലെന്നത് നിരാശപ്പെടുത്തുന്നു. ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ച വലിയൊരു കുറ്റകൃത്യമാണെന്നാണ് സുപ്രീം കോടതി പറഞ്ഞിരുന്നത്. ആ ക്രിമിനല്‍ ആക്ടിന് നേതൃത്വം കൊടുത്തവര്‍ക്ക് ആ സ്ഥലം വിട്ടുകൊടുത്തിരിക്കുന്നു. അവരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രം പണിയുന്ന സാഹചര്യം സംജാതമാകുന്നു. അവരൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം വിലയിരുത്തുമ്പോള്‍ ആരിലെങ്കിലും ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ഭരണസംവിധാനത്തെക്കുറിച്ചും, നീതിന്യായ സംവിധാനത്തെക്കുറിച്ചും ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ത്തിയാല്‍ തെറ്റ് പറയാനാകില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT