Opinion

പുത്തന്‍ വിദ്യാഭ്യാസ നയത്തിന്റെ ടെസ്റ്റ് ഡോസ് പോണ്ടിച്ചേരി സര്‍വകലാശാലയില്‍

'യൂണിവേഴ്സിറ്റി നടത്തുന്നതിന് ചെലവുണ്ട്. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കുന്നത് പോലും വലിയ ചെലവാണ്. മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പണം വേണം. വിദ്യാര്‍ത്ഥികളുടെ കൈയില്‍ നിന്നല്ലാതെ എവിടെ നിന്നാണ് അത് ഈടാക്കേണ്ടത്?' - പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയിലെ ഫീസ് വര്‍ധനയെപ്പറ്റിയുള്ള പരാതികള്‍ പരിഹരിക്കാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ യോഗങ്ങളില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളോട് സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ചവര്‍ നിരന്തരം ഉയര്‍ത്തിയ ഒരു ചോദ്യം ഇതാണ്. ഈ വികലമായ കാഴ്ചപ്പാടിനെ ചോദ്യം ചെയ്ത കുറ്റത്തിനാണ് പോണ്ടിച്ചേരി സര്‍വകലാശാല 11 വിദ്യാര്‍ത്ഥികളെ അഞ്ചുവര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുകൊണ്ടിപ്പോള്‍ പ്രതികാരം വീട്ടിയിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിവേചനപരമായ നയത്തിനെതിരെ, അന്യായമായ ഫീസ് അടിച്ചേല്‍പ്പിക്കാനുള്ള സ്വേച്ഛാധിപത്യപരമായ തീരുമാനത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ചതിനുള്ള ശിക്ഷ.

മുകളില്‍ സൂചിപ്പിച്ച ചോദ്യം ന്യായമാണല്ലോ എന്ന് ഒരു നിമിഷത്തേക്കെങ്കിലും ഇത് വായിക്കുന്ന ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍, നമ്മുടെ സമൂഹത്തില്‍ നവ ഉദാരവല്‍ക്കരണത്തിന്റെ ആശയസ്വാധീനം അത്രയേറെ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍. ഈ കച്ചവടയുക്തിക്ക് യാതൊരു സാധൂകരണവുമില്ല എന്നായിരുന്നു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അടിയുറച്ച ബോധ്യം.

അതുകൊണ്ടു തന്നെ, ഈ ചോദ്യത്തിന് മുന്നില്‍ പതറി തിരിച്ചുപോരാതെ ഈ കമ്പോളയുക്തിയെ പൊളിച്ചുകാട്ടിക്കൊണ്ട് എസ്എഫ്‌ഐ നേതൃത്വം നല്‍കിയ സ്റ്റുഡന്റ്‌സ് കൗണ്‍സിലിന്റെ ആഹ്വാനത്തില്‍ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. യൂണിവേഴ്സിറ്റി തന്നെ രൂപീകരിച്ച ഔദ്യോഗിക വേദികളിലും പുറത്തും സര്‍വകലാശാലാ നടത്തിപ്പിനുള്ള ചെലവ് വഹിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ബാധ്യതയല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

പൊതുവിദ്യാഭ്യാസം കച്ചവടമാകുന്നതിന്റെ സാമൂഹ്യവിപത്ത്, ഉയര്‍ന്ന ഫീസ് താങ്ങാനാകാതെ സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കവിഭാഗങ്ങള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് തന്നെ പുറത്താക്കപ്പെടുന്നതിലെ അനീതി, ഏറ്റവും ഉയര്‍ന്ന ഫീസ് വാങ്ങുന്ന കേന്ദ്ര സര്‍വകലാശാലയായ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വീണ്ടും ഭീമമായ വര്‍ധന കൊണ്ടുവരുന്നതിലെ അന്യായം- എന്നിങ്ങനെയുള്ള അടിസ്ഥാന പാഠങ്ങള്‍ സാമ്പത്തികശാസ്ത്രത്തിലേയും സാമൂഹ്യശാസ്ത്രത്തിലെയും പ്രൊഫസര്‍മാര്‍ ഉള്‍പ്പെട്ട ഫീ ഹൈക്ക് കമ്മിറ്റിക്ക് ക്ലാസ്സ് എടുക്കേണ്ട ഗതികേടാണ് സ്റ്റുഡന്റസ് കൗണ്‍സിലിന്റെ പ്രതിനിധികള്‍ക്കുണ്ടായത്.

യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഗുര്‍മീത് സിങ് ആകട്ടെ, ഫീസ് വിഷയം ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റിയുടെ ഒരു യോഗത്തിലും പങ്കെടുത്തില്ല എന്നുമാത്രമല്ല, സ്റ്റുഡന്റസ് കൗണ്‍സില്‍ പ്രതിനിധികള്‍ക്ക് ദീര്‍ഘകാലം കൂടിക്കാഴ്ചയ്ക്കുള്ള അവസരം പോലും നിഷേധിച്ചു.

ഫീസ് വര്‍ധനയില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയ്ക്കും യൂണിവേഴ്സിറ്റി തയ്യാറാകാതെ വന്നതോടെയാണ് സമരം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരായതും 2020 ഫെബ്രുവരി 6ന് ക്ലാസ്സ് ബഹിഷ്‌കരിച്ച് യൂണിവേഴ്സിറ്റി അഡ്മിന്‍ ബ്ലോക്കിലേക്ക് പ്രതിഷേധ ജാഥ സംഘടിപ്പിക്കുന്നതും.

പോലീസിന്റെയും യൂണിവേഴ്സിറ്റി സുരക്ഷാ ഉദ്യോഗസ്ഥരുടെയും തടസ്സങ്ങള്‍ ഭേദിച്ചുകൊണ്ട് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അഡ്മിന്‍ ബ്ലോക്കിനുള്ളില്‍ പ്രവേശിച്ചു. എന്നിട്ടും വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കാനോ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പുനല്‍കാനോ വി.സി. തയ്യാറായില്ല. അഡ്മിന്‍ ബ്ലോക്കിനുള്ളില്‍ അണിനിരന്ന വിദ്യാര്‍ത്ഥികള്‍ അങ്ങനെ പിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നില്ല.

വൈസ് ചാന്‍സലറുടെ ഈ നിഷേധാത്മക നിലപാടാണ് 10 മണിക്കൂറോളം വി.സിയെ ഘരാവോ ചെയ്യുന്നതിലേക്ക് നയിച്ചത്. രാത്രിയോടെ പോലീസ് സഹായത്തോടെ മാത്രമാണ് വൈസ് ചാന്‍സലര്‍ക്ക് പുറത്തുകടക്കാന്‍ സാധിച്ചത്.

ഇതേ ദിവസം നടന്ന പ്രതിഷേധത്തിന്റെ പേരിലാണ്, 22 മാസങ്ങള്‍ക്ക് ശേഷം 2021 ഡിസംബറില്‍ 11 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത പ്രതികാര നടപടി നടപ്പാക്കാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചിരിക്കുന്നത്.

ഈ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുവര്‍ഷം ക്യാംപസിനുള്ളില്‍ പ്രവേശിക്കാനോ ഏതെങ്കിലും കോഴ്സിലേക്ക് അഡ്മിഷന്‍ നേടാനോ സാധിക്കില്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 10000 രൂപ പിഴയൊടുക്കണമെന്നും ഓര്‍ഡറില്‍ പറയുന്നു. ഇവരില്‍ നിലവില്‍ വിദ്യാര്‍ത്ഥികള്‍ ആയവരുണ്ട്, ഇക്കാലയളവില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന്റെയും ജോലിയുടെയും പടിവാതില്‍ക്കല്‍ നില്‍ക്കുന്നവരുണ്ട്, സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്ക ചുറ്റുപാടുകളില്‍ നിന്ന് വരുന്നവരുണ്ട്.

കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ക്കും രൂക്ഷമായ തൊഴിലില്ലായ്മയ്ക്കുമിടയില്‍ കരിയര്‍ കണ്ടെത്താനും ജീവിതം കരുപ്പിടിപ്പിക്കാനും തുടങ്ങുന്ന വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടത്തിലാണ് യൂണിവേഴ്സിറ്റിയുടെ ക്രൂരമായ നടപടി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാണത്രെ അച്ചടക്ക സമിതിയുടെ കണ്ടെത്തല്‍. എന്നാല്‍, ഇക്കാലത്ത് കണ്ടാലറിയുന്നവരുടെ പേരില്‍ എന്ന തരത്തില്‍ പോലും ഒരു പോലീസ് കേസും നിലവിലില്ല. ഈ ദിവസം അഡ്മിന്‍ ബ്ലോക്കില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതാണ്. എന്നിട്ടും, ഒരു ചെറിയ വകുപ്പില്‍ പോലും കേസെടുത്തിട്ടില്ല.

യൂണിവേഴ്സിറ്റിയും ആ ദിവസങ്ങളില്‍ ഇത്തരത്തിലൊരു പരാതിയും നല്‍കിയിട്ടില്ല. ദീര്‍ഘകാലം കഴിഞ്ഞ് കോവിഡ് ലോക്ഡൗണിനു ശേഷം ആദ്യമായി പി.ജി.-ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാര്‍ത്ഥികള്‍ ക്യാംപസിലേക്ക് മടങ്ങിയെത്താനിരിക്കെ പുതിയ വിദ്യാര്‍ഥികള്‍ക്കൊരു അവര്‍ക്കൊരു താക്കീതെന്ന നിലയില്‍ കൂടിയാണ് ഈ ജനാധിപത്യ വിരുദ്ധനടപടി ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.

സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പരിചയ് യാദവ്, അന്നത്തെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരടക്കം സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നവരെ തെരഞ്ഞുപിടിച്ച് നടപടിയെടുത്തതിലൂടെ സര്‍വകലാശാലയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയാല്‍, അധികൃതരുടെ വിദ്യാര്‍ത്ഥി വിരുദ്ധ നീക്കങ്ങളെ ചോദ്യം ചെയ്താല്‍ ഇതായിരിക്കും ഭവിഷ്യത്തെന്ന സന്ദേശമാണ് പുതുതായി ക്യാംപസിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

കോവിഡിന്റെ മറവില്‍ യൂണിവേഴ്സിറ്റി ക്യാംപസില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെയും വസ്ത്രധാരണത്തെയും പോലും നിയന്ത്രിക്കാനുള്ള നീക്കങ്ങളോട് ചേര്‍ത്ത് വേണം ഇതിനെ കാണാന്‍.

കോവിഡിന്റെ മറവില്‍ യൂണിവേഴ്സിറ്റി ക്യാംപസില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെയും വസ്ത്രധാരണത്തെയും പോലും നിയന്ത്രിക്കാനുള്ള നീക്കങ്ങളോട് ചേര്‍ത്ത് വേണം ഇതിനെ കാണാന്‍.

ജനാധിപത്യസ്വരങ്ങളെ തുടച്ചുനീക്കി ലക്ഷണമൊത്ത രാഷ്ട്രീയ വിമുക്ത ക്യാംപസായി പോണ്ടിച്ചേരി സര്‍വ്വകലാശാലയെ മാറ്റാന്‍ കോവിഡാനന്തര സാഹചര്യത്തെ അവസരമാക്കാമെന്ന അഡ്മിനിസ്ട്രേഷന്റെ വ്യാമോഹമാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്.

ഈ പതിനൊന്ന് പേര്‍ക്ക് പുറമെ, പല ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും സമരത്തിന്റെ നാളുകളിലും തുടര്‍ന്നും അക്കാദമിക് ഭീഷണികള്‍ ഉള്‍പ്പെടെ നേരിടേണ്ടി വന്നിരുന്നു. ജെആര്‍എഫോടുകൂടി പിഎച്ച്ഡിയ്ക്ക് ചേര്‍ന്ന ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ ഗവേഷണം തന്നെ താറുമാറാക്കുന്ന പ്രതികാരബുദ്ധിയാണ് അധികൃതര്‍ കാട്ടിയത്. സമരത്തോട് സഹകരിച്ചു എന്നതിന്റെ പേരില്‍ കോഴ്‌സ് രജിസ്‌ട്രേഷന്‍ നടപടികളില്‍ ബോധപൂര്‍വം കാലതാമസം വരുത്തുകയും ഡോക്ടറല്‍ കമ്മിറ്റി രൂപീകരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഗവേഷണവുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത സ്ഥിതിയും വന്നു.

ഇതിനിടയിലെല്ലാം സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കടുത്ത സമ്മര്‍ദ്ദമാണ് അനുഭവിക്കേണ്ടി വന്നത്. ഒടുവിലിപ്പോള്‍ കാരണമൊന്നും കാണിക്കാതെ പിഎച്ച്ഡി അഡ്മിഷന്‍ റദ്ദാക്കിയതായി അറിയിക്കുകയാണുണ്ടായത്. (സാമ്പത്തികമായും വ്യക്തിപരമായും വളരെയധികം വിഷമതകളിലൂടെ കടന്നുപോകുന്ന ഘട്ടമായതിനാല്‍ ഇപ്പോള്‍ ഇതിനോട് പ്രതികരിക്കാനോ പേര് വെളിപ്പെടുത്തി മുന്നോട്ട് വരാനോ കഴിയുന്ന സാഹചര്യമല്ല.)

കഴുത്തറപ്പന്‍ ഫീസ് വര്‍ദ്ധന

യാതൊരു ന്യായീകരണവുമില്ലാത്ത, അതിഭീമമായ ഫീസ് വര്‍ദ്ധനവാണ് 2019-20 അക്കാദമിക് വര്‍ഷം മുതല്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി നടപ്പിലാക്കിയിരിക്കുന്നത്. എംബിഎ കോഴ്സുകളിലും ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലും ഫീസ് ഇരട്ടിയിലധികമായാണ് കൂട്ടിയത്. എംബിഎ, എംസിഎ, സയന്‍സ് വിഷയങ്ങളിലെ ഫീസ് വര്‍ദ്ധനവിന് ന്യായമായി യൂണിവേഴ്സിറ്റി ഉയര്‍ത്തിക്കാട്ടിയത് ലാബ്-സാങ്കേതികവിദ്യാ നവീകരണത്തിന് വലിയ ചെലവ് വരുന്നു എന്നതാണ്.

യൂണിയന്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഉന്നത നിലവാരം അവകാശപ്പെടുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനത്തില്‍ കാലാനുസൃതമായ പഠനസൗകര്യങ്ങളൊരുക്കാന്‍ പണം കണ്ടെത്തേണ്ടത് എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യതനേടി വരുന്ന വിദ്യാര്‍ത്ഥികളെ പിഴിഞ്ഞിട്ടാണെന്ന്!

എന്നാല്‍ ഈ വിഭാഗങ്ങളില്‍ മാത്രമല്ല ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഭാഗങ്ങളിലും ഫീസ് വലിയതോതില്‍ വര്‍ധിപ്പിച്ചിട്ടുണെന്നത് മറ്റൊരു വസ്തുത. കേന്ദ്ര സര്‍വകലാശാലയുടെ ഈ ന്യായീകരണങ്ങള്‍ നമ്മെ ഏവരെയും ലജ്ജിപ്പിക്കുന്നതാണ്. അതിനമപ്പുറം, കേന്ദ്ര സര്‍ക്കാരിന്റെ കാര്‍മ്മികത്വത്തില്‍ രാജ്യത്ത് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ കശാപ്പിന്റെ ഭീകരത വെളിവാക്കുന്നതുമാണ് ഭീമമായ ഈ ഫീസ് വര്‍ദ്ധനവും അതിനുള്ള ന്യായീകരണവും.

ഫീസ് വര്‍ദ്ധനവ്

എംബിഎ- 74000ല്‍ നിന്ന് 1,75,000ലേക്ക് - 136.5% വര്‍ദ്ധനവ്

എംസിഎ- 41000ല്‍ നിന്ന് 71000ലേക്ക്- 73.17% വര്‍ദ്ധനവ്

സയന്‍സിലെ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകള്‍ക്ക് 38000ല്‍ നിന്ന് 87000ലേക്ക് - 128.95% വര്‍ദ്ധനവ്

ഹ്യുമാനിറ്റീസിലെ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകള്‍ക്ക് 37000ല്‍ നിന്ന് 80000ലേക്ക് - 116.22% വര്‍ദ്ധനവ്

എം.കോം, ലൈബ്രറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, എംഎസ്ഡബ്‌ള്യു, എംഎ ഇക്കണോമിക്‌സ് കോഴ്സുകള്‍ക്ക് 27000ല്‍ നിന്ന് 38000ലേക്ക് - 40.74% വര്‍ദ്ധനവ്

എം.എസ്.സി, എം.ടെക്ക് കോഴ്സുകള്‍- 31000ല്‍ നിന്ന് 43000ലേക്കും - 38.70% വര്‍ദ്ധനവ്

എംഎ കോഴ്സുകള്‍- 26000ല്‍ നിന്ന് 31000ലേക്ക്- 19.23% വര്‍ദ്ധനവ്

എല്‍എല്‍എം- 19000ല്‍ നിന്ന് 30000ലേക്ക് - 57.89% വര്‍ദ്ധനവ്

സമരത്തിന്റെ നാള്‍വഴി

ഫീസ് കുത്തനെ കൂട്ടാനുള്ള തീരുമാനം സര്‍വകലാശാല ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് 2019-20 അക്കാദമിക് വര്‍ഷത്തെ അഡ്മിഷനുള്ള പ്രോസ്‌പെക്റ്റസ് പുറത്തിറക്കിയപ്പോഴാണ്. പുതിയ പ്രോസ്‌പെക്റ്റസില്‍ ഫീസ് കുത്തനെ കൂട്ടിയതറിഞ്ഞ് എസ്എഫ്‌ഐ ഒറ്റയ്ക്ക് വിജയിച്ച അന്നത്തെ സ്റ്റുഡന്റ്‌സ് കൗണ്‍സിലും(2018-19) മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും അന്ന് എതിര്‍പ്പുയര്‍ത്തി. 2019ല്‍ ഫീസ് വര്‍ദ്ധനവ് പ്രഖ്യാപിച്ചയുടന്‍ ക്യാംപസില്‍ അതിനെതിരെയുള്ള സമരവും ആരംഭിച്ചു.

യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നുള്ള ആദ്യപ്രതികരണം ഫീസ് വര്‍ദ്ധനവ് പുനഃപരിശോധിക്കാമെന്നും ചര്‍ച്ചയാകാമെന്നുമായിരുന്നു. എന്നാല്‍ പുതിയ അഡ്മിഷന്‍ കാലമായിട്ടും ഫീസ് കുറയ്ക്കാനോ പുനഃപരിശോധനയ്ക്ക് ഒരു കമ്മിറ്റി രൂപീകരിക്കാന്‍ പോലുമോ അഡ്മിനിസ്‌ട്രേഷന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. സ്റ്റുഡന്റ്‌സ് കൗണ്‍സില്‍(2018-19) വൈസ് പ്രസിഡന്റ് ശോണിമ നെല്യാട്ടും കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന വി ഭാരതിയും 2019 ജൂലൈയില്‍ ഫീസ് വര്‍ധനവിനെതിരെ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചു. ഇതേത്തുടര്‍ന്ന് സമരപ്രതിനിധികളുമായോ സ്റ്റുഡന്റ്‌സ് കൗണ്‍സിലുമായോ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത വൈസ് ചാന്‍സിലര്‍ വിദ്യാര്‍ത്ഥികളെയാകെ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിലേക്ക് വിളിച്ചുകൂട്ടി അവരുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തി. പക്ഷെ, യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ ഒരാള്‍ക്കും ദഹിക്കാത്ത നാടകീയ പ്രഭാഷണം നടത്തി തടിതപ്പാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല. വൈസ് ചാന്‍സിലറുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ചോദ്യങ്ങളുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ മറുപടി പറയാതെ വേദി വിടാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. അവിടെ നിന്നിറങ്ങും മുന്‍പ്, വിദ്യാര്‍ഥികളുയര്‍ത്തിയ പ്രശ്‌നങ്ങളെ അംഗീകരിക്കാനും ഫീസ് വര്‍ദ്ധനവിന് പരിഹാരം കാണാന്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കാനും വി.സി. നിര്‍ബന്ധിതനായി. നിരാഹാരസമരത്തിന്റെയും ജനറല്‍ ബോഡി മീറ്റിംഗില്‍ ഉയര്‍ത്തിയ ചെറുത്തുനില്പിന്റെയും വിജയമായിരുന്നു ഇത്.

2019ല്‍ നടന്ന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ-എപിഎസ്എഫ്-എഐഎസ്എഫ് സഖ്യം വിജയിച്ചു. സ്റ്റുഡന്റസ് കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പരിചയ് യാദവും ജോയിന്റ് സെക്രട്ടറി കുര്യാക്കോസ് ജൂനിയറും ഫീസ് വര്‍ദ്ധനവ് പരിഹരിക്കാന്‍ രൂപീകരിച്ച കമ്മിറ്റിയില്‍ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് നിരവധി ചര്‍ച്ചകളില്‍ പങ്കെടുത്തു. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലുള്ള, തീര്‍ത്തും നിരാശാജനകവും പരിതാപകരവുമായ വാദങ്ങളാണ് അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്നും ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നത്.

ആ വാദങ്ങളെ കമ്മിറ്റി അംഗങ്ങളായിരുന്ന അധ്യാപകരുടെ കാഴ്ചപ്പാടായും അവരുടെ സാമൂഹ്യബോധത്തിന്റെ അളവുകോലായും പരിഗണിച്ചാല്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയെപ്പറ്റി, നിലവാരത്തെപ്പറ്റി ഗൗരവമായ ആശങ്കയ്ക്ക് വകയുണ്ടെന്നതില്‍ തര്‍ക്കമില്ല. ഫീസ് കുത്തനെ കൂട്ടുന്നത് നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളോടുള്ള പുച്ഛവും അത്തരം ജീവിത സാഹചര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും വരേണ്യ വിദ്യാഭ്യാസ കാഴ്ചപ്പാടിലൂന്നി സ്വന്തം പ്രിവിലേജിനപ്പുറം കാണാന്‍ കഴിയാത്ത അന്ധതയുമെല്ലാം ഒത്തുചേര്‍ന്ന വാദഗതികള്‍. ഫീസ് വര്‍ധനവിനെ കുറിച്ചുള്ള ഒരു ചര്‍ച്ച എങ്ങനെയാകരുതെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ആ ചര്‍ച്ചകള്‍.

ഇതോടെയാണ് 2020 ഫെബ്രുവരി 6ന്, തുടക്കത്തില്‍ വിവരിച്ച പ്രക്ഷോഭത്തിലേക്ക് കടക്കാന്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലും എസ്എഫ്‌ഐയും നിര്‍ബന്ധിതമായത്. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളുടെയും വലിയ പങ്കാളിത്തത്തോടെ അഡ്മിന്‍ ബ്ലോക്കിലേക്ക് മാര്‍ച്ചുചെയ്തുകൊണ്ട് ആരംഭിച്ച സമരത്തെ തുടര്‍ന്ന് അതേദിവസം രാത്രി വരെ വി.സി.ക്ക് അഡ്മിന്‍ ബ്ലോക്കില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിച്ചില്ല. വമ്പിച്ച പങ്കാളിത്തവും സമരവീര്യവും കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ അതൊരു ഘരാവോ ആയി മാറുകയായിരുന്നു. എന്നാല്‍ തീര്‍ത്തും ജനാധിപത്യപരമായ അച്ചടക്കം കാത്തുസൂക്ഷിക്കാനും വിദ്യാര്‍ത്ഥി സമൂഹം അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തി.

സമരത്തെ അക്രമമായി ചിത്രീകരിക്കാന്‍ യൂണിവേഴ്സിറ്റിക്ക് യാതൊരു പഴുതും നല്‍കിയില്ല. അത് സമരത്തിന്റെ ലക്ഷ്യത്തില്‍ നിന്ന് ചര്‍ച്ചമാറ്റാന്‍ കാരണമാകുമെന്ന ജാഗ്രത പുലര്‍ത്താന്‍ ഓരോ വിദ്യാര്‍ത്ഥിയും തയ്യാറായി. അതുകൊണ്ടുതന്നെ ആ ഘട്ടത്തിലൊന്നും ഒരു തരത്തിലുള്ള അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പോലീസ് മുഴുവന്‍ സമയവും സ്ഥലത്തുണ്ടായിട്ടും ഒരു കേസ് പോലും രെജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. പോലീസ് സഹായത്തോടെ വി.സി. പുറത്തുകടന്നതിന് ശേഷമാണ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ അഡ്മിന്‍ ബ്ലോക്കില്‍ സമരം തുടരാന്‍ തീരുമാനിക്കുന്നത്.

തുടര്‍ച്ചയായി 33 ദിവസമാണ് അഡ്മിന്‍ ബ്ലോക്കിന് മുമ്പില്‍ രാപ്പകല്‍ സമരം നീണ്ടത്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍, നിരവധി പൊതുയോഗങ്ങള്‍, ക്ലാസ്-ഹോസ്റ്റല്‍ ക്യാമ്പയിനുകള്‍, കലാ-സാംസ്‌കാരിക സായാഹ്നങ്ങള്‍, ആനുകാലിക വിഷയങ്ങളില്‍ സംവാദങ്ങള്‍, ഫോട്ടോഗ്രാഫി-ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, കലാജാഥ, പുസ്തക ചര്‍ച്ചകള്‍ എന്നിങ്ങനെ സാധ്യമായ എല്ലാ സര്‍ഗാത്മക-സമര ആവിഷ്‌കാരങ്ങളും കൊണ്ട് സമ്പുഷ്ടമായിരുന്നു ഈ 33 ദിവസം.

അതിനിടെ, യൂണിവേഴ്സിറ്റി ചാന്‍സിലര്‍ കൂടിയായ വൈസ് പ്രസിഡന്റ് ശ്രീ. വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശന വേളയില്‍ സമരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അതിക്രമമുണ്ടായി. ബലം പ്രയോഗിച്ച് വിദ്യാര്‍ത്ഥികളെ സമരസ്ഥലത്ത് നിന്നും നീക്കം ചെയ്യുകയും ക്യാമ്പസിലെ സൗത്ത് ഏഷ്യന്‍ സ്റ്റഡി സെന്ററില്‍ 28 മണിക്കൂര്‍ തടവില്‍ വയ്ക്കുകയും ചെയ്തു. യൂണിവേഴ്സിറ്റിയുടെ വിവേചനപരമായ തീരുമാനത്തിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഇന്ത്യന്‍ വൈസ് പ്രസിഡന്റിന്റെ കണ്ണില്‍ നിന്നും മറയ്ക്കാന്‍ ലക്ഷ്യമിട്ട് യൂണിവേഴ്സിറ്റിയുടെ ഒത്താശയോടെയായിരുന്നു പോലീസ് നടപടി. വൈസ് പ്രസിഡന്റിന്റെ മടക്കത്തിന് ശേഷം വിട്ടയക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ തിരിച്ചു നേരെ അഡ്മിന്‍ ബ്ലോക്കിലെത്തി സമരം തുടര്‍ന്നു. ഇതിനിടെ നടന്ന നിരവധി ചര്‍ച്ചകളില്‍ വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായ ഒരു സമീപനവും അധികൃതരില്‍ നിന്നുണ്ടായില്ല. തുടര്‍ന്ന് സമരപ്രതിനിധികള്‍ നിരാഹാര സമരത്തിലേക്ക് കടന്നു. ആരോഗ്യം ക്ഷയിച്ച് ചിലര്‍ വീണുപോയപ്പോള്‍ അവരെ ആശുപത്രിയിലേക്ക് മാറ്റി സഹപാഠികള്‍ അതേറ്റെടുത്തു. സ്റ്റുഡന്റസ് കൗണ്‍സില്‍ പ്രതിനിധികളും എസ്എഫ്‌ഐ പ്രവര്‍ത്തകരുമായ മമത, കശ്യപ്, രുപ്ഷ, തീര്‍ത്ഥ, കുമാര്‍, വന്ദന, രുപം, റിഷാല്‍, റോഷന്‍, അഭിജീത്ത് എന്നിവര്‍ സമരം ഏറ്റെടുത്തുകൊണ്ട് നിരാഹാര സമരം 10 ദിവസം നീണ്ടു.

നിരാഹാര സമരത്തിന്റെ പര്യവസാനം മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലോടെയായിരുന്നു. സമരം നീണ്ടുപോയിട്ടും വീര്യം ചോരാത്തതില്‍ അസ്വസ്ഥരായ യൂണിവേഴ്സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഒരു മാസത്തിന് ശേഷം ഹൈക്കോടതിയെ സമീപിക്കുകയും അഡ്മിന്‍ ബ്ലോക്കിലെ സമരം കൃത്യനിര്‍വഹണത്തിന് തടസ്സമാണെന്ന് വാദിക്കുകയും ചെയ്തു. അഡ്മിന്‍ ബ്ലോക്കിലെ സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി വിഷയം രമ്യമായി പരിഹരിക്കാന്‍ തുറന്ന മനസോടെ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യൂണിവേഴ്‌സിറ്റിക്കും നിര്‍ദേശം നല്‍കി. കോടതിയുടെ ഈ നിര്‍ദേശം വിശ്വാസത്തിലെടുത്ത സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മാര്‍ച്ച് 10ന് സമരം അവസാനിപ്പിക്കുകയും തുടര്‍ന്ന് അന്യായമായ ഫീസ് വര്‍ധനവിനെതിരെ കേസുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. നിയമപരമായും കോടതിനിര്‍ദേശപ്രകാരമുള്ള തുടര്‍ചര്‍ച്ചകളിലൂടെയും വിഷയത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയോടെ വിദ്യാര്‍ത്ഥി സമൂഹം കാത്തിരിക്കുന്ന ഈ സന്ദര്‍ഭത്തിലാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്.

അതോടെ എല്ലാം അക്ഷരാര്‍ത്ഥത്തില്‍ തകിടം മറിഞ്ഞു. കോവിഡിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി അനന്ത കാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ വിട്ട് മുഴുവന്‍ വിദ്യാര്‍ത്ഥികളും വീട്ടിലേക്ക് മടങ്ങി. ക്ലാസുകള്‍ ഓണ്‍ലൈനായി. രണ്ടു പി.ജി. ബാച്ചുകളുടെ കോഴ്‌സ് ഓണ്‍ലൈന്‍ മോഡില്‍ തന്നെ പൂര്‍ത്തിയായി. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി പിന്നെ ഇതുവരെയും ക്യാമ്പസ് തുറന്നിട്ടില്ല. ഒഴിഞ്ഞ ക്യാംപസ് ഏറ്റവും ഗൂഢമായ ആഹ്ലാദം നല്‍കുന്നത് വിദ്യാര്‍ത്ഥി വിരുദ്ധരായ അഡ്മിനിസ്‌ട്രേഷനും വി.സിയ്ക്കുമായിരിക്കണം. ഇക്കാലയളവില്‍ പുതിയ വിദ്യാര്‍ത്ഥിവിരുദ്ധ നീക്കങ്ങള്‍ ക്യാംപസില്‍ നടത്തിയെടുക്കാന്‍ അഡ്മിനിസ്‌ട്രേഷന് സാധിച്ചു. ഫീസ് വര്‍ദ്ധനവിന് എതിരായ കേസ് ഇപ്പോഴും കോടതിയിലുണ്ടെങ്കിലും, തുടര്‍സമരങ്ങളോ പ്രതിഷേധമോ ഒന്നും നേരിടേണ്ടി വന്നില്ല.

സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രതിനിധികളുടെ അന്വേഷണങ്ങള്‍ക്ക് അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. സജീവമായ ക്യാമ്പസിലുണ്ടായിരുന്ന ജനാധിപത്യ-സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെട്ടു. കോവിഡിന്റെ പേരില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത തരം നിയന്ത്രങ്ങള്‍ ഇപ്പോള്‍ ക്യാംപസില്‍ അടിച്ചേല്‍പ്പിക്കുന്നു.

ക്യാംപസില്‍ മുന്‍പരിചയമില്ലാത്ത, മുന്‍ബാച്ചുകളുമായോ വിദ്യാര്‍ത്ഥി സംഘടനകളുമായോ ബന്ധമില്ലാത്ത ഒരു വിഭാഗം വിദ്യാര്‍ത്ഥികളെങ്കിലും ജനാധിപത്യവിരുദ്ധ വിലക്കുകളെ സംഘടിതമായി ചെറുക്കാനുള്ള സാഹചര്യമില്ലാതെ അനുസരിക്കുന്നു. പണമില്ലെന്ന് ആവലാതിപ്പെട്ടിരുന്ന യൂണിവേഴ്സിറ്റി ഇതിനിടെ കോടികള്‍ മുടക്കി അഡ്മിന്‍ ബ്ലോക്കിന് ചുറ്റും ഉയരത്തില്‍ പ്രത്യേക മതില്‍ കെട്ടി - അഡ്മിനിസ്‌ട്രേഷനെ വിദ്യാര്‍ത്ഥികളില്‍ നിന്നും സംരക്ഷിക്കാന്‍! ഭീമമായ തുക ചെലവഴിച്ച മറ്റൊരു കാര്യം ക്ലാസ് റൂമുകളിലും ഹോസ്റ്റലിലുമുള്‍പ്പെടെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ്- സുരക്ഷയാണല്ലോ മുഖ്യം! പോണ്ടിച്ചേരി യൂണിവേഴ്സിറ്റി അധികൃതരുടെ മുന്‍ഗണനകള്‍ ആരെയും നാണിപ്പിക്കുന്നതാണ്. ഒഴിഞ്ഞ ക്യാംപസില്‍ യാതൊരു എതിര്‍പ്പും നേരിടാതെ ഇതെല്ലാം ധൃതിയില്‍ നടത്തിയെടുത്തു.

ഇതിന്റെ തുടര്‍ച്ചയിലാണ് ഇരുപത് മാസങ്ങള്‍ക്കു മുന്‍പ് നടന്ന സമരത്തിന്റെ പേരില്‍ ജീവിതത്തിന്റെ പല മേഖലകളിലേക്ക് എത്തി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യത്ത് കേട്ടുകേള്‍വി ഇല്ലാത്ത ശിക്ഷാനടപടി എടുത്തിരിക്കുന്നത്. 2020 ഫെബ്രുവരി 6നു നടന്ന സംഭവത്തിന്റെ പേരില്‍ 11 പേരോട് 2021 ഒക്ടോബറില്‍ വിശദീകരണം ചോദിച്ചു. വിശദീകരണം ചെവിക്കൊള്ളാതെ ഡിസംബറില്‍ 11 പേരെയും ഡീബാര്‍ ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഫീസ് വര്‍ദ്ധനവ് സംബന്ധിച്ച മദ്രാസ് ഹൈക്കോടതിയിലെ കേസും സമരത്തിനാധാരമായ വിഷയം ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും നിലവിലിരിക്കെയാണ് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ഈ നടപടി.

കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ് ഇവരില്‍ ഭൂരിഭാഗം പേരും. അവരുടെ സഹപാഠികളുള്‍പ്പെടെ എല്ലാവരും കോഴ്‌സ് കഴിഞ്ഞുപോയതിനാലും പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരെയൊന്നും നേരിട്ട് പരിചയമില്ലാത്തതിനാലും പ്രതിഷേധമുയരില്ല എന്നായിരുന്നിരിക്കണം അഡ്മിനിസ്ട്രേഷന്റെ കണക്കുകൂട്ടല്‍. ഒരുതരത്തിലുള്ള സംഘടനാ പ്രവര്‍ത്തനത്തിലും റാലികളിലും പങ്കെടുക്കരുതെന്ന പുതിയ തിട്ടൂരങ്ങള്‍ക്കും സിസിടിവി ക്യാമറകളുടെ സര്‍വൈലന്‍സ് ഭീഷണിക്കും പുറമെ പുതിയ വിദ്യാര്‍ഥികളെ വിരട്ടാന്‍ മറ്റൊരു താക്കീതെന്ന നിലയിലും കൂടിയാണ് യൂണിവേഴ്സിറ്റി വീണ്ടും തുറക്കാന്‍ തീരുമാനിച്ചതിന്റെ തൊട്ട് മുന്‍പ് ഈ അച്ചടക്ക നടപടി പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ പരസ്പര പരിചിതത്വത്തിന്റെ പേരിലോ തനിക്കൊന്നും പറ്റില്ലെന്ന വിശ്വാസത്തിലോ അവനവനുമാത്രം വേണ്ടിയോ അല്ല വിദ്യാര്‍ത്ഥി സമൂഹം അവകാശസമരങ്ങളില്‍ അണിനിരക്കുന്നതെന്നതിന് തെളിവാണ് ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ 'അച്ചടക്ക നടപടി' ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ എസ്എഫ്‌ഐ ക്യാമ്പസിനകത്തും പുറത്തും സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ പരിമിതമായ സാഹചര്യത്തിലും നൂറോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്നത്. കോവിഡ് ഇടവേളയ്ക്ക് ശേഷം, കേന്ദ്ര സര്‍വകലാശാലകളില്‍ അധികാരധാര്‍ഷ്ട്യത്തെ വെല്ലുവിളിച്ചുകൊണ്ട് അനീതിയ്ക്കും ജനാധിപത്യവിരുദ്ധതയ്ക്കുമെതിരായ മുദ്രാവാക്യങ്ങള്‍ വീണ്ടുമുറക്കെ മുഴങ്ങുന്നതിന്റെ തുടക്കം കൂടിയാണ് പോണ്ടിച്ചേരിയിലെ ഈ പ്രതിഷേധങ്ങളില്‍ നാം കണ്ടത്.

ഇതിനു പുറമെ, പൊതുസമൂഹവും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഈ പ്രാകൃത നടപടിയെ ചോദ്യം ചെയ്തിട്ടുണ്ട്. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശികമായി ജനാധിപത്യ-മതേതര ശക്തികളെ ഏകോപിപ്പിച്ച് സമരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സുധാ സുന്ദര്‍രാമന്റെ നേതൃത്വത്തിലാണ്. സിപിഐ എം, ഡിഎംകെ, വിസികെ, കോണ്‍ഗ്രസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പോണ്ടിച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിയെ കണ്ട് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടു. മധുരൈയില്‍ നിന്നുള്ള ലോകസഭാംഗം സു. വെങ്കടേശനും രാജ്യസഭാംഗങ്ങളായ ബിനോയ് വിശ്വം, വി ശിവദാസന്‍ എന്നിവരും ഇതുസംബന്ധിച്ച് മാനവവിഭവശേഷി മന്ത്രാലയത്തിനും ചാന്‍സലര്‍ കൂടിയായ ഉപരാഷ്ട്രപതിയ്ക്കും കത്തെഴുതി. എസ്എഫ്‌ഐ പോണ്ടിച്ചേരി പ്രദേശ് കമ്മിറ്റി തുടക്കം മുതല്‍ സമരമേറ്റെടുത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായുണ്ട്. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി ജനുവരി 12ന് അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനമാചരിച്ചു. സര്‍വകലാശാലയ്ക്ക് മുന്നില്‍ ജനുവരി 5നു സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി. സാനു, തമിഴ്നാട് സംസ്ഥാന സെക്രട്ടറി മാരിയപ്പന്‍, പ്രസിഡന്റ് ആര്‍ കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സര്‍വകലാശാലയിലെ അനധ്യാപക ജീവനക്കാരുടെ സംഘടനയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്താക്കല്‍ നടപടി സ്വേച്ഛാപരമെന്നും ന്യായമായ ആവശ്യങ്ങള്‍ക്കായി ജനാധിപത്യ സമരം ചെയ്യുന്നത് അവകാശമാണെന്നും സര്‍വകലാശാലാ ജീവനക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. സര്‍വകലാശാലയുടെ ക്രൂരമായ പ്രതികാര നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ ജനാധിപത്യ പ്രസ്ഥാനങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്

പൊതുവിദ്യാഭ്യാസത്തിന് വിലയിടുന്ന ഭരണകൂടം

സമൂഹത്തെ കമ്പോളമായും പൗരരെ ഉപഭോക്താക്കളെയും പരിഗണിക്കുന്ന വികലമായ ആശയമാണ് നവലിബറലിസം മുന്നോട്ട് വയ്ക്കുന്നത്. വിദ്യാഭ്യാസം എന്നത് സാമൂഹ്യപുരോഗതിയുടെ അനിവാര്യഘടകമെന്ന കാഴ്ചപ്പാടില്‍ നിന്നുമാറി വിദ്യാഭ്യാസം നേടുന്ന വ്യക്തികള്‍ മാത്രമാണ് അതിന്റെ ഗുണഭോക്താക്കള്‍ എന്ന ധാരണ നവലിബറല്‍ ലോകത്ത് പ്രാമുഖ്യം നേടുന്നത് ഇതിന്റെ ഫലമായാണ്.

വിദ്യാഭ്യാസത്തിന്റെ 'ഉപഭോക്താക്കള്‍' ആയ വിദ്യാര്‍ത്ഥികളാണ് അതിന്റെ ചെലവ് വഹിക്കേണ്ടതെന്ന ചിന്താഗതിയുടെ വേര് ഇവിടെയാണ്. എല്ലാ മേഖലയിലും അതിവേഗം സ്വകാര്യവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ മാത്രം ഒഴിവാക്കില്ലല്ലോ. ഇതേ പദ്ധതിയുടെ ഭാഗമാണ് പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഫീസ് ഇരട്ടിപ്പിക്കലെന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.

രാജ്യത്തെ സര്‍വകലാശാലകള്‍ ഭരണകൂടത്തിന്റെ വര്‍ഗീയ-സ്വേച്ഛാധിപത്യ നയങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്നത് നാം കണ്ടതാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഹിന്ദുത്വ ഭരണകൂടം നടപ്പിലാക്കിയ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ പോണ്ടിച്ചേരിയിലുള്‍പ്പെടെ കേന്ദ്ര സര്‍വകലാശാലകളിലെല്ലാം തന്നെ വലിയ പങ്കാളിത്തത്തോടെ പ്രതിഷേധങ്ങള്‍ നടന്നു (ഈ സമരപരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കാന്‍ നിര്‍ദേശിച്ച് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ഇറക്കിയ സര്‍ക്കുലര്‍ ശക്തമായ എതിര്‍പ്പുയര്‍ന്നപ്പോള്‍ പിന്‍വലിക്കേണ്ടിവന്നിരുന്നു). കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെയുമെല്ലാം രാജ്യത്തെ ക്യാമ്പസുകള്‍ പ്രതിഷേധസ്വരമുയര്‍ത്തിയത് രാജ്യാന്തര തലത്തില്‍ തന്നെ വലിയ വാര്‍ത്താ പ്രാധാന്യം നേടി. തങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന ക്യാംപസുകളില്‍ വിമതസ്വരങ്ങളില്ലാത്ത ശ്മാശാന സമാനമായ മൂകതയാണ് ഭരണകൂടം ആഗ്രഹിക്കുന്നത്.

ബ്രാഹ്‌മണ്യ-കോര്‍പറേറ്റ്-തീവ്ര വലതുപക്ഷ സംവിധാനമായി രാജ്യത്തെ പൊതുവിദ്യാഭ്യാസം മാറണം എന്നത് ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടാണ്. ചരിത്രവും ശാസ്ത്രവും തിരുത്തിയെഴുതിക്കൊണ്ട് അക്കാദമിക് രംഗത്തെ കാവിവല്‍ക്കരണം ഒരു വശത്തും വിദ്യാഭ്യാസച്ചെലവ് കൂട്ടിയും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടും തങ്ങളുടെ വര്‍ഗപരവും വര്‍ഗീയവുമായ താല്പര്യങ്ങള്‍ക്കനുസൃതമായി ക്യാമ്പസുകളെ മാറ്റാനുള്ള ശ്രമം മറുവശത്തും അരങ്ങേറുന്നത് ഇതിന്റെ ഭാഗമായാണ്.

ഇപ്പോള്‍ ചര്‍ച്ചയാകുന്ന ദേശീയ വിദ്യാഭ്യാസ നയ(NEP)ത്തിന്റെ ലക്ഷ്യവും ഇതുതന്നയാണ്. വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനും കേന്ദ്രീകരിക്കാനും വഴിയൊരുക്കുന്ന നിര്‍ദേശങ്ങളെ ദേശീയ വിദ്യഭ്യാസ നയമെന്ന പേരിട്ട് ആധുനീകരണമെന്ന 'തേന്‍പുരട്ടി' നാവില്‍ വച്ചുതരുന്നെന്നു മാത്രം. ഇതിന്റെ ടെസ്റ്റ് ഡോസാണ് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അരങ്ങേറുന്നത്.

പൊതുവിദ്യാഭ്യാസം അതിവേഗം വാണിജ്യവല്‍ക്കരിക്കപ്പെടുന്നതോടെ അധസ്ഥിത-പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്ക് അപ്രാപ്യമായ ആഡംബര ഉപഭോഗ വസ്തുവായി വിദ്യാഭ്യാസം മാറുന്നു. ദളിത്, ആദിവാസി, തൊഴിലാളി, കര്‍ഷക പശ്ചാത്തലമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് കിട്ടാക്കനിയാകും. ലോണെടുത്ത് പഠിക്കുന്നവരാകട്ടെ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതോടെ കടക്കെണിയിലാവുകയും കിട്ടുന്ന വേതനത്തില്‍ ഏത് നിബന്ധനയും അംഗീകരിച്ച് കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ 'അടങ്ങിയൊതുങ്ങി' അടിമപ്പണിയെടുക്കാന്‍ നിര്ബന്ധിതരാകുകയും ചെയ്യും. അതുകൊണ്ടുതന്നെ വിദ്യഭ്യാസച്ചെലവ് വര്‍ധിക്കുന്നതിനെതിരായ ഏതൊരു വിദ്യാര്‍ത്ഥിസമരത്തിലും വര്‍ഗ്ഗപരമായ ഉള്ളടക്കമുണ്ട്.

അതുകൊണ്ടുതന്നെ, തലതിരിഞ്ഞ നയത്തിന്റെ ഗുണഭോക്താക്കളായ ചെറുന്യൂനപക്ഷത്തിമൊഴികെ എല്ലാവരും കണ്ണിചേരേണ്ട, എല്ലാവരുടേതുമായ സമരമാണിത്. വിജയം കൈവരിക്കും വരെ ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷകസമരമുള്‍പ്പെടെ മഹത്തായ തൊഴിലാളി-കര്‍ഷക മുന്നേറ്റങ്ങളില്‍ നിന്നും കൂടിയാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഊര്‍ജ്ജമാവാഹിക്കുന്നത്. രണ്ടര വര്‍ഷത്തിലധികമായി പല രൂപത്തില്‍ തുടരുന്ന പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഫീസ് വര്‍ധനവിനെതിരായ സമരം ഒരുനാള്‍ വിജയം കാണുമെന്ന പ്രതീക്ഷ ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നുണ്ട്.

സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഡീബാര്‍ ചെയ്ത നടപടി, ഞങ്ങള്‍ പതിനൊന്നു പേരെ വ്യക്തിപരമായി മാത്രം ബാധിക്കുന്നതല്ല, ക്യാംപസ് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഈ നടപടിക്കെതിരായ സമരത്തിന് പൊതുസമൂഹത്തിന്റെ കൂടി ആത്മാര്‍ത്ഥമായ പിന്തുണ ലഭിക്കേണ്ടതുണ്ട്. ക്യാംപസുകളില്‍ നിന്ന് സെന്‍സേഷണല്‍ വാര്‍ത്തകളോ ആത്മഹത്യകളോ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രം ഞെട്ടിയുണരുന്നതാണ് നമ്മുടെ പൊതുബോധം. ആ സമൂഹത്തോടാണ് അരികുവല്‍ക്കരിക്കപ്പെട്ട ജനതയെയൊന്നാകെ പൂര്‍ണമായും വിദ്യാഭ്യാസത്തില്‍ നിന്ന് വ്യവസ്ഥാപിതമായി പുറന്തള്ളുന്ന ഫീസ് കൊള്ളയ്‌ക്കെതിരായ സമരത്തിന് ഞങ്ങള്‍ പിന്തുണ തേടുന്നത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT