ഏതെങ്കിലും ഒരാളുടെ ഇഷ്ടമല്ല സാഹിത്യലോകത്തെ മാനദണ്ഡം എന്ന് പറയുന്നത്. എം.ടിക്ക് എംടിയുടേതായ സ്ഥാനം മലയാള സാഹിത്യത്തില്‍ ഉണ്ട് എന്നുള്ളതാവട്ടെ വളരെ വ്യതിരിക്തമായിട്ടുള്ള കാര്യവുമാണ്. അതേസമയം, പിന്നാലെ വരുന്ന ഒരു എഴുത്തുകാരന് ആ സാംഗത്യമാണ് തനിക്ക് പരമപ്രധാനം അല്ലെങ്കില്‍ ആ സാംഗത്യത്തെ ഉറപ്പിക്കലാണ് തന്റെ പരമപ്രധാനമായ ലക്ഷ്യം എന്ന് വിചാരിച്ചിട്ടല്ല സാഹിത്യത്തിലേര്‍പ്പെടുന്നത്, മറിച്ച് വിയോജിപ്പുകളില്‍ നിന്നാണ് സാഹിത്യമുണ്ടാകുന്നത് എന്ന് കാണാം. കവിയും നിരൂപകനുമായ പി എൻ ഗോപീകൃഷ്ണൻ എഴുതുന്നു.
എന്നെ സംബന്ധിച്ചെടുത്തോളം അഭിപ്രായപ്രകടനം രണ്ടു തരത്തിലുണ്ട്. ഒന്ന്, ഒരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ ദര്‍ശനം വ്യക്തമാക്കുന്ന അഭിപ്രായപ്രകടനങ്ങള്‍. രണ്ടാമത്തേത്, ആനുഷംഗികമായി നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍. ഇതില്‍ ഏതു തരം അഭിപ്രായപ്രകടനമാണ് നടത്തിയതെന്ന് പ്രതികരിക്കുന്നതിന് മുമ്പ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ആനുഷംഗിക പരാമര്‍ശങ്ങള്‍ക്ക് ആവശ്യമായ വിലയേ കൊടുക്കേണ്ടതുള്ളൂ. അത് ഒരാളുടെ ദര്‍ശനമാണ് എന്ന് കരുതുക വയ്യ. ഒരാള്‍ അവതരിപ്പിക്കുന്നത്, ദര്‍ശനമായി അവതരിപ്പിക്കുന്ന അഭിപ്രായ പ്രകടനമാണെങ്കില്‍ തീര്‍ച്ചയായും പല തരം ചര്‍ച്ചകള്‍ അതോടനുബന്ധിച്ചുണ്ടാകും. ആ അര്‍ത്ഥത്തില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന എം.ടിയുടെ പരാമര്‍ശം എന്നത് അദ്ദേഹത്തിന്റെ ഒരു ദര്‍ശനമല്ല, മറിച്ച് ആനുഷംഗികമായ ഒരു പരാമര്‍ശം മാത്രമാണ് എന്നാണ് ഞാന്‍ കരുതുന്നത്. സാധാരണഗതിയില്‍ അതൊരു വിവാദമോ വലിയ രീതിയില്‍ ചര്‍ച്ചചെയ്യണ്ടതോ ആയ ഒന്നാകേണ്ട കാര്യമില്ല. ഇപ്പോള്‍ അത് വലിയ തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ കാര്യം, സാമൂഹിക മാധ്യമങ്ങളുടെ ഒരു സ്വഭാവം അത്തരത്തിലായതുകൊണ്ടാണ്. എന്തിനെയും പെരുക്കി വലുതാക്കുന്നതാണ് അതിന്റെ സ്വഭാവം. ആ പെരുക്കത്തിന്റെ അടിസ്ഥാനം, അതില്‍ അവതരിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവമാണ് എന്നും ഞാന്‍ വിചാരിക്കുന്നു.
ഓരോ എഴുത്തുകാരനും അസംതൃപ്തി നിറഞ്ഞ വ്യക്തിത്വത്തിന് ഉടമകളാണ്. അവരുടെ എഴുത്ത് ജീവിതം പോലും മുന്നോട്ട് പോകുന്നത് ഈ അസംതൃപ്തികളില്‍ നിന്നും അസന്തുഷ്ടികളില്‍ നിന്നുമാണ്.
എം.ടിയുടെ ഒരു നീണ്ട അഭിമുഖമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ആ അഭിമുഖമാകട്ടെ ഒരുപാട് വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. അതില്‍ തന്നെ താരതമ്യേന വളരെ പ്രാധാന്യം കുറഞ്ഞ ഒരു ഭാഗമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നുവെച്ചാല്‍ എം.ടി യെ പോലെ മലയാളത്തെ സംബന്ധിച്ചെടുത്തോളം ഒരു വലിയ എഴുത്തുകാരന്‍ എന്ന് തീര്‍ച്ചയായും പറയാവുന്ന ഒരാള്‍ കൊടുത്ത ഒരു വലിയ അഭിമുഖത്തിലെ ഏറ്റവും പ്രാധാന്യം കുറഞ്ഞ ഒരു കാര്യമാണ് സാമൂഹിക മാധ്യമങ്ങളിലെത്തുമ്പോള്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു കാര്യമായി മാറുന്നത്. അതിന്റെ കാരണം അതില്‍ മറ്റുള്ള മലയാളത്തിലെ എഴുത്തുകാരെ കുറിച്ചുള്ള ഒരു ആനുഷംഗിക പരാമര്‍ശം അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ്. എന്നാല്‍ മനസ്സിലാക്കേണ്ടത്, ഇതിന് മുമ്പും ലോകത്തിലെ പല എഴുത്തുകാരും ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ അഭിമുഖങ്ങളില്‍ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, മലയാളികള്‍ക്കിടയില്‍ ഏറെ വായിക്കപ്പെടുന്ന വലിയ ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരനായ മരിയോ വര്‍ഗസ് യോസയുടെ ഒരു ഇന്റര്‍വ്യൂ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കണ്ടിരുന്നു. അതില്‍ യോസ ഒരിടത്ത് പറയുന്നുണ്ട്, ഞാന്‍ ഇരുപതാം നൂറ്റാണ്ടിലെ പുസ്തകങ്ങളൊന്നും വായിക്കാറില്ല, മറിച്ച് ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്, പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊമ്പതാം നൂറ്റാണ്ടിലേയും പുസ്തകങ്ങളാണ്. അതിന് കാരണം, ഇപ്പോള്‍ താന്‍ ആശിക്കുന്ന തരത്തിലുള്ള സാഹിത്യം തനിക്ക് ലഭിക്കുന്നത്, അഥവാ, തന്റെ സാഹിത്യ ദാഹത്തെ ശമിപ്പിക്കാന്‍ തക്ക ശക്തിയുള്ളത്, പതിനെട്ടാം നൂറ്റാണ്ടിലേയും പത്തൊമ്പതാം നൂറ്റാണ്ടിലേയും കൃതികള്‍ക്കാണ്. ഇരുപതാം നൂറ്റാണ്ടിലെ ഒരു കൃതിക്കും എന്നെ തൃപ്തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്ന തരത്തിലായിരുന്നു ആ പരാമര്‍ശം.
സാഹിത്യ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പല ഘട്ടങ്ങളിലും രണ്ടു തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം വ്യക്തമായി കാണാന്‍ സാധിക്കും. ആ സംഘര്‍ഷങ്ങളില്‍ ആര് തോറ്റു ജയിച്ചു എന്നുള്ളതല്ല, പുതിയ എഴുത്തും പുതിയ ചിന്തയും അതില്‍ നിന്ന് ഉണ്ടായി വരുന്നുണ്ട് എന്നതാണ് പ്രധാനം.
നമുക്കറിയാം ഇരുപതാം നൂറ്റാണ്ടില്‍ സാഹിത്യകൃതികള്‍ ഇല്ലാഞ്ഞിട്ടൊന്നുമല്ല. ധാരാളം കൃതികള്‍ ഉണ്ടായിട്ടുണ്ട്. യോസയുടെ തന്നെ വലിയ കൃതികള്‍ ഉണ്ടായിട്ടുള്ളത് ഇരുപതാം നൂറ്റാണ്ടിലാണ്. യോസയോടൊപ്പം തന്നെ ലാറ്റിന്‍ അമേരിക്കയിലെ ഒരു ഡസന്‍ എഴുത്തുകാരെ നമുക്ക് എണ്ണിയെടുക്കാന്‍ കഴിയും. അപ്പോള്‍ അത്തരം പരാമര്‍ശങ്ങളെ ഒരു ആത്യന്തികമായ വിധിയെഴുതലായി, അല്ലെങ്കില്‍ ആഴമേറിയ ദര്ശനങ്ങളായി കാണുക അസാധ്യമാണ്. മറിച്ച് അത് ഒരു എഴുത്തുകാരന്റേതായ ചില നിമിഷങ്ങളുടെ പ്രകാശനങ്ങളായി മാത്രമേ കണക്കാക്കാന്‍ കഴിയുകയുള്ളു. ഓരോ എഴുത്തുകാരനും അസംതൃപ്തി നിറഞ്ഞ വ്യക്തിത്വത്തിന് ഉടമകളാണ്. അവരുടെ എഴുത്ത് ജീവിതം പോലും മുന്നോട്ട് പോകുന്നത് ഈ അസംതൃപ്തികളില്‍ നിന്നും അസന്തുഷ്ടികളില്‍ നിന്നുമാണ്. ഒരാള്‍ക്കും ഒരെഴുത്തില്‍ നിന്നും തൃപ്തി കിട്ടില്ല, ഒരു വായനയില്‍നിന്നും തൃപ്തികിട്ടില്ല. അതുകൊണ്ടാണ് വീണ്ടും പുതിയ എഴുത്തുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഓരോ എഴുത്തുകാരന്റെയും കൃതികള്‍ അവരുടെ വിജയങ്ങള്‍ പോലെ തന്നെ, അവരെ സംബന്ധിച്ചെടുത്തോളം പരാജയങ്ങളുമാണ്. ആ അര്‍ത്ഥത്തില്‍ എം.ടി മലയാളത്തിലെ ഞാന്‍ ഉള്‍പ്പെടെയുള്ള സമകാലീന എഴുത്തുകാരെക്കുറിച്ച് അത്ര നല്ലതല്ലാത്ത പരാമര്‍ശം നടത്തിയ കാര്യത്തില്‍ എഴുത്തുകാര്‍ പ്രകോപിതരാകേണ്ട കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. മറിച്ച് ഒരു ദര്‍ശനമെന്ന നിലയിലാണ് എം ടി അത് അവതരിപ്പിച്ചതെങ്കില്‍ നമുക്ക് അത് ചര്‍ച്ച ചെയ്യാന്‍ ധാരാളം സാധ്യതകളുണ്ട്. മലയാളത്തിലെ സാഹിത്യ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പല ഘട്ടങ്ങളിലും രണ്ടു തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം വ്യക്തമായി കാണാന്‍ സാധിക്കും. ആ സംഘര്‍ഷങ്ങളില്‍ ആര് തോറ്റു ജയിച്ചു എന്നുള്ളതല്ല, പുതിയ എഴുത്തും പുതിയ ചിന്തയും അതില്‍ നിന്ന് ഉണ്ടായി വരുന്നുണ്ട് എന്നതാണ് പ്രധാനം.
ഉദാഹരണമായി, തകഴിയെപ്പോലെയും, ബഷീറിനെപ്പോലെയുമുള്ള എഴുത്തുകാര്‍ ജീവിച്ചിരിക്കുന്ന കാലത്താണ് ആധുനികത ഇവിടെ ഉണ്ടാകുന്നത്. സ്വാഭാവികമായും ആധുനിക എഴുത്തിനെ മലയാളത്തില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പഴയ എഴുത്തുകാരെ നിശിതമായി വിമര്‍ശിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശക്തമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായ സമയങ്ങളുണ്ട്. കവിതയില്‍ നോക്കിയാല്‍, ആധുനികതയുടെ കാലത്ത്, 'ഇവര്‍ ഏത് സ്‌കൂളിലാണ് പഠിച്ച'തെന്ന് വൈലോപ്പിള്ളി ചോദിക്കുന്നുണ്ട്. 'കവിതയുടെ കൂമ്പടഞ്ഞു' എന്ന് എന്‍ വി കൃഷ്ണവാര്യര്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം, വൈലോപ്പിള്ളിയും കൃഷ്ണവാര്യരും ചെറിയ കവികളായിരുന്നു എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് പുതിയൊരു സൗന്ദര്യ സങ്കല്‍പ്പവും, പുതിയൊരു സര്‍ഗാത്മകതയും ഭാഷയില്‍ സംജാതമാകുമ്പോള്‍ സ്വാഭാവികമായും ഒരു സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ട്, അത് ആശയ സംഘര്‍ഷമാണ്. ആശയ സംഘര്ഷങ്ങള്‍ എപ്പോഴും പുതിയ ഒന്നിലേക്ക്, അഥവാ സാഹിത്യത്തിന്റെ ജീവസ്സുറ്റ ഒരു മേഖലയിലേക്കാണ് നമ്മെ നയിച്ചിട്ടുള്ളത് എന്നും കാണാന്‍ കഴിയും. അത്തരത്തില്‍ ഒരു ദര്‍ശനമല്ല എം.ടി നടത്തിയിട്ടുള്ളത്, മറിച്ച് ഒരു ആനുഷംഗിക പരാമര്‍ശം മാത്രമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
മുന്‍തലമുറയുടെ ഒരു തലോടല്‍ ഇന്നത്തെ എഴുത്തുകാര്‍ ആഗ്രഹിക്കുന്നു എന്നുപോലും ചിലപ്പോള്‍ ഈ പ്രകോപനത്തിന്റെ മനഃശാസ്ത്രത്തില്‍ നിന്ന് നമുക്ക് മനസിലാക്കാം.
രണ്ടാമത്തെ ഒരു വലിയ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, നമുക്ക് മുമ്പേ പോയ എഴുത്തുകാര്‍ എപ്പോഴും നമ്മുടെ തോളില്‍ തട്ടിക്കൊണ്ടിരിക്കണം എന്ന് സമകാലിക എഴുത്തുകാര്‍ വിചാരിക്കുന്നതില്‍ ഒരു ന്യായവുമില്ല. ഏതു കാലത്തും എഴുത്ത് മുന്നോട്ട് പോയിട്ടുള്ളത് മുന്‍ തലമുറ എഴുത്തുകാരുടെ തലോടല്‍കൊണ്ടല്ല എന്ന് നമുക്കറിയാം. ഇപ്പോള്‍ ആനന്ദിനെ പോലൊരു എഴുത്തുകാരന്‍ ഉണ്ടാകുന്നത്, അഥവാ ആനന്ദിന്റെ എഴുത്തുകള്‍ സംഭവിക്കുന്നത് ഇത്തരം തലോടല്‍കൊണ്ടല്ല. ആനന്ദ് തന്നെ എം ഗോവിന്ദന് എഴുതിയ കത്തില്‍ എം.ടി യെ നിശിതമായി വിമര്‍ശിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ എം.ടി യുടെ 'കാലം' വായിച്ചതും, അത് തീരെ ഇഷ്ടപ്പെടുന്നില്ല എന്നും ആ കത്തില്‍ പറയുന്നുണ്ട്. അതിന്റെ അര്‍ത്ഥം, ഏതെങ്കിലും ഒരാളുടെ ഇഷ്ടമല്ല സാഹിത്യലോകത്തെ മാനദണ്ഡം എന്ന് പറയുന്നത്. എം.ടിക്ക് എംടിയുടേതായ സ്ഥാനം മലയാള സാഹിത്യത്തില്‍ ഉണ്ട് എന്നുള്ളതാവട്ടെ വളരെ വ്യതിരിക്തമായിട്ടുള്ള കാര്യവുമാണ്. അതേസമയം, പിന്നാലെ വരുന്ന ഒരു എഴുത്തുകാരന് ആ സാംഗത്യമാണ് തനിക്ക് പരമപ്രധാനം അല്ലെങ്കില്‍ ആ സാംഗത്യത്തെ ഉറപ്പിക്കലാണ് തന്റെ പരമപ്രധാനമായ ലക്ഷ്യം എന്ന് വിചാരിച്ചിട്ടല്ല സാഹിത്യത്തിലേര്‍പ്പെടുന്നത്, മറിച്ച് വിയോജിപ്പുകളില്‍ നിന്നാണ് സാഹിത്യമുണ്ടാകുന്നത് എന്ന് കാണാം.
മുന്‍തലമുറയുടെ ഒരു തലോടല്‍ ഇന്നത്തെ എഴുത്തുകാര്‍ ആഗ്രഹിക്കുന്നു എന്നുപോലും ചിലപ്പോള്‍ ഈ പ്രകോപനത്തിന്റെ മനഃശാസ്ത്രത്തില്‍ നിന്ന് നമുക്ക് മനസിലാക്കാം. അല്ലാതെ മുന്‍തലമുറയിലെ ഒരു എഴുത്തുകാരന്‍ നിങ്ങളുടെ എഴുത്ത് ശരിയല്ല എന്ന് പറഞ്ഞാല്‍, ഞങ്ങളുടെ എഴുത്ത് ഞങ്ങളുടെ എഴുത്തതാണ്. അതിന് ആരും മാര്‍ക്കിടേണ്ട എന്ന് ഉള്ളില്‍ വിചാരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. അത്തരമൊരു ആത്മവിശ്വാസമാണ് സാഹിത്യത്തിന് പ്രധാനമായും വേണ്ടത് എന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം സാഹിത്യം പുരസ്‌കാരങ്ങള്‍ കൊണ്ടോ തലോടലുകള്‍ കൊണ്ടോ ഒന്നുമല്ല പുഷ്ടിപ്പെടുന്നത്. അത് പുഷ്ടിപ്പെടുന്നത് നിരന്തരമായ സാമൂഹിക വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയുമൊക്കെ ഫലമായിട്ടാണ്. തങ്ങളെ കുറിച്ച് നല്ലത് മാത്രം കേട്ട് വളരുന്ന, ഒരു ജീവിതമല്ല ഇന്നത്തെ സാഹിത്യത്തിന് വേണ്ടത്, മറിച്ച് തട്ടിയും തടഞ്ഞും വീണും അവിടുന്ന് എഴുന്നേറ്റും ഒക്കെ പോകുന്ന തരത്തിലുള്ള ഒരു ആത്മവിശ്വാസമാണ് സാഹിത്യത്തിന്റെ ഉള്‍ബലമായി വേണ്ടത് എന്ന് ഞാന്‍ വിചാരിക്കുന്നു. ഒരു ആനുഷംഗികമായ പരാമര്‍ശത്തിനുമേലുണ്ടായ വിവാദം എന്നതിനപ്പുറം ഇതിനെ നമ്മള്‍ വിലവെക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതെ സമയം ടി പദ്മനാഭന്‍ സാഹിത്യത്തെ കുറിച്ച് പറഞ്ഞ ചില പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നത് കണ്ടു. അത് അദ്ദേഹം ഒരു ദര്‍ശനം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് അതിനോട് വിയോജിക്കുന്നതില്‍ വലിയ കാര്യമുണ്ട്. ഒരു സുചിന്തിതമായ അഭിപ്രായമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്, അതിനാവശ്യമായ വിശദീകരണങ്ങളും അദ്ദേഹം അതിനൊപ്പം പറയുന്നുണ്ട്. പുതിയ കാലത്തിന്റെ സര്‍ഗ്ഗാത്മകതയ്ക്ക് യോജിച്ച നിലപാടല്ലാത്തതുകൊണ്ട് അതിനെ നേരിടേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു. അല്ലാതെ വിവാദത്തിനു വേണ്ടിയൊരു വിവാദത്തിന് സാഹിത്യത്തില്‍ സ്ഥാനമില്ല