കമ്പ്യൂട്ടറിനെതിരെ സമരം ചെയ്യുന്ന തൊഴിലാളി എന്നത് നമ്മുടെയെല്ലാം പൊതുബോധത്തിൽ വലിയ സ്വാധീനം നേടിയ ഒരു ആഖ്യാനമാണ്. തൊഴിലാളി വർഗ്ഗവും അവരെ നയിക്കുന്ന പ്രസ്ഥാനങ്ങളും ആധുനിക സാങ്കേതിക വിദ്യകൾക്ക് എതിരാണ് എന്ന് സ്ഥാപിച്ചെടുക്കാൻ വലതുപക്ഷം കാലങ്ങളായി ഇതുപോലെ പല നുണകളും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. തൊഴിലാളികൾ സാങ്കേതികവിദ്യയുടെ പ്രയോഗത്തിനും മുന്നേറ്റത്തിനും എതിരാണോ? തീർച്ചയായും അല്ല. മാത്രവുമല്ല ഉൽപാദന വിതരണ മേഖലകളിൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യമാണ് എന്ന് തന്നെയാണ് തൊഴിലാളികളും തൊഴിലാളി പ്രസ്ഥാനങ്ങളും കരുതുന്നത്.
പക്ഷേ മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിത്ത വർഗ്ഗം എപ്പോഴും സാങ്കേതികവിദ്യയെ കൂടുതൽ ലാഭമുണ്ടാക്കാനുള്ള മാർഗം മാത്രമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ മിക്കപ്പോഴും തൊഴിലാളിക്ക് തൊഴിൽ മേഖലകളിൽ എന്തെങ്കിലും ആശ്വാസം നൽകുന്നതിന് പകരമായി തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും കൂടുതൽ ചൂഷണത്തിനുമായാണ് മുതലാളിമാർ പുതിയ സാങ്കേതികവിദ്യയെ വിന്യസിക്കുന്നത്. ഇതാണ് ബ്രിട്ടീഷ് തുണിമിൽ തെഴിലാളികൾക്കിടയിലെ ലുഡൈറ്റ്സ് (Luddite) പ്രസ്ഥാനത്തിന്റെ കാലം മുതൽ തൊഴിലാളികളും സാങ്കേതികവിദ്യയും തമ്മിലുള്ള സംഘർഷത്തിന്റെ അടിസ്ഥാനം. യഥാർത്ഥത്തിൽ അത് തൊഴിലാളിയും സാങ്കേതികവിദ്യയും തമ്മിലുള്ള സംഘർഷമല്ല മറിച്ച് സാങ്കേതിക വിദ്യ കയ്യടക്കി വച്ചിരിക്കുന്ന മൂലധനവും തൊഴിലാളി വർഗ്ഗവും തമ്മിലുള്ള സംഘർഷമാണ്.
മുൻകാലങ്ങളിൽ സാങ്കേതിക വിദ്യയുടെ ഭാഗമായുള്ള യന്ത്രവൽക്കരണം തൊഴിൽ പ്രക്രിയയെയാണ് പുനർനിർവചിച്ചതെങ്കിൽ വിവര വിനിമയ സാങ്കേതിക വിദ്യയുടെ (Information and communication technology ) വികാസവും ബിഗ് ഡാറ്റ വിശകലനത്തിനുള്ള സങ്കലന ശക്തിയുടെ (Computational power) ലഭ്യതയും തൊഴിൽ പ്രക്രിയയെ മാത്രമല്ല തൊഴിലിടത്തെയും തൊഴിൽ സങ്കൽപത്തെയും തന്നെ മാറ്റിയിട്ടുണ്ട്. ഈ നിലയിൽ തൊഴിൽ മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ ഏതുവിധേന തൊഴിലാളികളെയും തൊഴിലാളി വർഗ്ഗ സംഘാടനത്തെയും ബാധിക്കുന്നു എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
തൊഴിലിന്റെ ഊബർ വൽക്കരണം
2009 മുതൽ അമേരിക്കയിൽ പ്രവർത്തനം ആരംഭിച്ച ഊബർ (Uber) എന്ന കമ്പനിയുടെ ബിസിനസ് മാതൃകയിൽ നിന്നാണ് തൊഴിൽ മേഖലയിലെ ഊബർവൽക്കരണം (Uberisation) എന്ന വാക്ക് ഉടലെടുക്കുന്നത്. ഊബർ എന്നത് യഥാർത്ഥത്തിൽ ട്രാൻസ്പോർട്ടേഷൻ, ഫുഡ് ഡെലിവറി തുടങ്ങിയ രംഗങ്ങളിൽ ഉപഭോക്താവിനെയും തൊഴിലാളിയെയും പരസ്പരം ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം സേവനം ആണ് നൽകുന്നത്. ഈ ബിസിനസ് മാതൃകയിൽ തൊഴിലാളികൾ എന്ന കമ്പനിയുടെ സ്ഥിരം ജീവനക്കാർ അല്ല, അവർ കമ്പനിയുടെ ആവശ്യത്തിന് മാത്രം എടുക്കുന്ന താൽക്കാലിക ജീവനക്കാരാണ്. അതുകൊണ്ടാണ് ഈ തൊഴിലാളികളെ ഗിഗ് തൊഴിലാളികൾ എന്നും ഈ ബിസിനസ്സ് മാതൃക പിന്തുടരുന്ന സമ്പദ്ഘടനയെ ഗിഗ് സമ്പദ്ഘടന എന്നും വിളിക്കുന്നത് (സംഗീത പരിപാടികളിൽ ഒരു ഗ്രൂപ്പിനൊപ്പം താത്കാലികമായി ജാസ് വായിക്കാൻ പോകുന്നവരെയാണ് ഗിഗ് എന്ന് വിളിച്ചിരുന്നത്, അതിൽ നിന്നാണ് ഈ പദം ഉണ്ടായത്). പരമ്പരാഗത തൊഴിലിടത്തെ ഒരു മൊബൈൽ പ്ലാറ്റ്‌ഫോം വഴി മാറ്റി സ്ഥാപിക്കുന്നതിനാൽ ഇതിനെ പ്ലാറ്റ്‌ഫോം സമ്പദ്വ്യവസ്ഥ എന്നും വിളിക്കാറുണ്ട്.
ഇന്ന് ഊബർ വൽക്കരണം കേവലം സേവന മേഖലയിൽ മാത്രമല്ല നിർമ്മാണ മേഖലയിലടക്കം സജീവമാണ്. ഉപഭോക്താക്കൾ എന്ന നിലയിൽ, സേവനമേഖലയിൽ ഉണ്ടായ ഈ മാറ്റം നമുക്കെല്ലാം കൂടുതൽ സൗകര്യങ്ങൾ നിലവിൽ നൽകുന്നുണ്ട് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. പ്രിഡേറ്ററി പ്രൈസിങ് ഉൾപ്പെടെയുള്ള മൽസരം നിലനിൽക്കുന്നതിനാൽ നിലവിൽ ഈ കമ്പനികൾ പലതും വലിയ ലാഭം ഉണ്ടാക്കുന്നില്ലെങ്കിലും കമ്പോളത്തിലെ തങ്ങളുടെ ഉപഭോക്താക്കളുടെ നെറ്റ്‌വർക്ക് വലുതാക്കുന്നതിൽ വിജയിക്കുന്നുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ഉപഭോക്താക്കൾക്ക് കൊടുത്തിരുന്ന ആനുകൂല്യങ്ങൾ ദിനംപ്രതി കുറഞ്ഞു വരുന്നുണ്ടെങ്കിലും സാങ്കേതിക വിദ്യ നൽകുന്ന ഈ പുതിയ സൗകര്യം ഉപഭോക്താക്കളെ സംബന്ധിച്ച് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന പല ബുദ്ധിമുട്ടുകളും ഇല്ലാതാക്കിയിട്ടുമുണ്ട്. പക്ഷേ ഈ മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ വലിയ ചൂഷണത്തിന് വിധേയരാകുന്നുണ്ട് എന്നതാണ് വാസ്തവം. ഇവിടെ തൊഴിൽ താൽക്കാലികമാണ് എന്നത് കൊണ്ട് തന്നെ നിയമപ്രകാരം സ്ഥിരം തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒന്നും നൽകേണ്ടതില്ല. മാത്രവുമല്ല തൊഴിൽ ഉപകരണങ്ങളും, തൊഴിലുമായി ബന്ധപ്പെട്ട അപകട സാധ്യതകളുടെ ഭാരവും എല്ലാം തൊഴിലാളി തന്നെ വഹിക്കേണ്ട സ്ഥിതിയാണ്. ഒരു പൊതു തൊഴിലിടം എന്ന സങ്കല്പം തന്നെ ഇല്ലാത്തതിനാൽ സംഘം ചേർന്ന് തൊഴിലുടമയുമായി വിലപേശൽ നടത്താനുള്ള സാധ്യതകൾക്കും പരിമിതിയുണ്ട്.
ബ്രസീലിയൻ സോഷ്യോളജിസ്റ്റായ ലുഡ്‌മില അബിലോയുടെ അഭിപ്രായത്തിൽ ഈ മാറ്റം ഒരു കാലത്തും തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായി അനുവദിച്ചു കിട്ടിയിട്ടില്ലാത്ത പുറമ്പോക്ക് രാജ്യങ്ങളുടെ (Periphery Countries )കണ്ണിലൂടെ പരിശോധിക്കേണ്ടതുണ്ട്. മൂന്നാം ലോക രാജ്യങ്ങളിൽ എക്കാലവും ജീവിതം കെട്ടിപ്പടുത്തിരുന്നത് ഔപചാരികവും അനൗപചാരികവുമായ തൊഴിൽ ബന്ധങ്ങൾ, ജോലിയായി അംഗീകരിക്കപ്പെടാത്ത പ്രവർത്തനങ്ങൾ എന്നിവ തമ്മിലുള്ള സ്ഥിരമായ അസന്തുലിതാവസ്ഥയുടെ പുറത്താണ്. അതുകൊണ്ട് പുറമ്പോക്ക് രാജ്യങ്ങളിൽ 'ഊബർവൽക്കരണം' വഴിയുള്ള തൊഴിലിന്റെ അനൗപചാരിക വൽക്കരണം പുതുമ നിറഞ്ഞ ഒന്നല്ല. അതുകൊണ്ട് തന്നെ അബിലോയുടെ അഭിപ്രായത്തിൽ പുറമ്പോക്ക് രാജ്യങ്ങളിലെ ഈ മോശം തൊഴിൽ സാഹചര്യത്തിന്റെ ആഗോള വൽക്കരണമാണ് ഉബെറൈസേഷൻ ലക്ഷ്യം വയ്ക്കുന്നത്. ബ്രിട്ടൻ അടക്കമുള്ള കേന്ദ്ര രാജ്യങ്ങളിലെ തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട സൂചികളിലെ മാറ്റങ്ങൾ ആബിലോയുടെ വാദങ്ങളെ സാധൂകരിക്കുന്ന ഒന്നാണ്. Centre for Labour and Social Studies (CLASS) യുടെ റിപ്പോർട്ട് പ്രകാരം 2005ൽ നിന്നും 2020 എത്തിയപ്പോഴേക്കും ബ്രിട്ടനിലെ തൊഴിൽ അരക്ഷിതാവസ്ഥ 50% വർദ്ധിച്ചു എന്നാണ്. തൊഴിലാളി സംഘടനകൾ കാലങ്ങളായി നേടിയെടുത്ത തൊഴിലാളി അവകാശങ്ങളെ ലോകത്താകമാനം അട്ടിമറിക്കുകയാണ് ഗിഗ് സമ്പദ്വ്യവസ്ഥയുടെ വ്യാപനത്തോടെ സംഭവിക്കുന്നത് എന്ന് വേണം മനസ്സിലാക്കാൻ.
ഊബറൈസേഷന്റെ ഏറ്റവും വലിയ പ്രത്യേകത അത് തൊഴിലാളികളെ പലപ്പോഴും തൊഴിലാളികൾ ആയല്ല മറിച്ച് പങ്കാളികളായോ സ്വയം സംരംഭകരായോ ആണ് കാണുന്നത്. കേൾക്കുമ്പോൾ സുഖം തോന്നുമെങ്കിലും ഇത് തൊഴിലാളി എന്ന നിലയിൽ അർഹമായ അവകാശങ്ങൾ നിഷേധിക്കുന്നതിനു വേണ്ടിയുള്ള ഒരു ഏർപ്പാട് മാത്രമാണ്. പരമ്പരാഗത തൊഴിൽ രീതികളിൽ നിന്ന് വ്യത്യസ്തമായി ഊബർവൽക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥയിൽ ഉൽപാദന ഉപകരണങ്ങളുടെ ഒരു പങ്കും തൊഴിലാളികളുടെ ഉടമസ്ഥതയിൽ ആണെന്ന് കാണും. എന്നാൽ ഈ പങ്കാളിത്തം ലാഭത്തിന്റെ വിഹിതത്തിന്റെ പങ്കുവയ്ക്കലിൽ കാണാൻ സാധിക്കില്ല.
ബ്രസീലിലെ ഏറ്റവും പ്രസിദ്ധമായ കൊറിയർ സർവ്വീസ് കമ്പനിയാണ് 2013 സ്ഥാപിക്കപ്പെട്ട ലോഗ്ഗി (Loggi). മോട്ടോർ സൈക്കിളിൽ കൊറിയർ ഡെലിവറി ജോലികൾ ചെയ്തിരുന്ന മോട്ടോബോയ്സ് എന്നറിയപ്പെടുന്ന തൊഴിലാളികളുടെ വ്യാപകമായ ഊബർവൽക്കരണമാണ് ഇവരുടെ വരവോടെ ഉണ്ടായത്. 1980കളിൽ കൊറിയർ കമ്പനികൾ ഇവരെ നേരിട്ട് ജോലിക്കെടുത്തിരുന്നു. ബൈക്ക് കമ്പനി കൊടുക്കുമായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ബൈക്കും മൊബൈൽ ഫോണും മോട്ടോബോയ്സ് തന്നെ വാങ്ങണം, ലോഗ്ഗി അവരുടെ മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താവിനെയും മോട്ടോബോയ്‌സിനേയും ബന്ധിപ്പിക്കും. അതിനവർ 20% അടുത്ത് കമ്മീഷൻ വാങ്ങും. നേരത്തെ ഔട്സോഴ്സിംഗ് കമ്പനികൾ ഇതിനേക്കാൾ കൂടിയ കമ്മീഷൻ വാങ്ങിയതിനാൽ തുടക്കത്തിൽ തൊഴിലാളികൾക്ക് ലാഭമായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ടു വലിയൊരു അപകടം കിടപ്പുണ്ട്.
ഒരു കമ്പനി മുൻകാലങ്ങളിൽ കാരാർ അടിസ്ഥാനത്തിലോ സ്ഥിരമായോ ഒരാളെ തൊഴിലിനെടുക്കുമ്പോൾ ഒരു നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കണം. അതുകൊണ്ട് തന്നെ കമ്പനികൾ അവർക്ക് ആവശ്യമായവരെ മാത്രമേ തൊഴിലിനെടുക്കുന്നുള്ളൂ. എന്നാൽ ഊബർവൽക്കരിക്കപ്പെട്ട തൊഴിൽ മേഖലയിൽ പുതിയൊരാളെ കമ്പനിയുടെ തൊഴിലാളി ആക്കുന്നതിൽ കമ്പനിക്ക് അധികഭാരം ഒന്നും ഇല്ലാത്തതിനാൽ അവർക്ക് പരിധിയില്ലാതെ തൊഴിലിനു ആളെ എടുക്കാം. അതുകൊണ്ട് തന്നെ തൊഴിലില്ലായ്മ കൂടിയ സമൂഹത്തിൽ ഇത്തരം തൊഴിലിലേക്ക് വരുന്ന ചെറുപ്പക്കാരെയെല്ലാം കമ്പനി അവരുടെ തൊഴിൽ സേനയുടെ ഭാഗമാക്കുന്നു. കൂടുതൽ തൊഴിലാളികൾ എന്നത് കമ്പനിയെ സംബന്ധിച്ച് മെച്ചമുള്ള കാര്യമാണ്. പക്ഷേ തൊഴിലാളികളെ സംബന്ധിച്ച് ഇത് തൊഴിലവസരവും കൂലി ഇടിവിനും കാരണമാകും. അതുകൊണ്ടാണ് തുടക്കകാലത്ത് മെച്ചമെന്ന് തോന്നിയ പല ഗിഗ് ജോലികളിലും തൊഴിലാളികൾ ഇന്ന് ബുദ്ധിമുട്ടുന്നത്.
ഈ ബിസിനസ്സ് മാതൃക തൊഴിലാളികൾക്ക് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകുന്നുണ്ട് എന്ന് പ്രത്യക്ഷത്തിൽ തോന്നാം. കാരണം സൗകര്യമുള്ള സമയത്ത് ജോലി എടുക്കാം, ആവശ്യമില്ലെങ്കിൽ ജോലി എടുക്കേണ്ട- പക്ഷേ അങ്ങേയറ്റം കടുത്ത രീതിയിൽ പരോക്ഷമായ നിയന്ത്രണങ്ങൾ തൊഴിലാളിയുടെ പുറത്തുണ്ട് എന്നതാണ് വാസ്തവം. നിങ്ങളുടെ വേഗതയെ, തൊഴിൽ സമയത്തെ, തൊഴിൽ ദിനങ്ങളുടെ നൈരന്തര്യത്തെ എല്ലാം ഈ കമ്പനികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തി അൽഗോരിതം തീരുമാനിക്കുന്ന നിലയിലാണ് നിങ്ങൾക്ക് കൂടുതൽ ജോലി കിട്ടണോ വേണ്ടയോ എന്ന് പോലും നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ട് തൊഴിലാളിക്ക് പ്രത്യക്ഷത്തിൽ ഉണ്ടെന്ന് തോന്നുന്ന സ്വതന്ത്ര്യം യാഥാർഥ്യമായ ഒന്നല്ല, തൊഴിലുടമയുടെ നേരിട്ടുള്ള നിയന്ത്രണം ഇല്ലെങ്കിലും അൽഗോരിതത്തിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണവൻ. ഒരു ഫാക്ടറി തൊഴിലാളി 8 മണിക്കൂർ തൊഴിലെടുക്കാൻ സ്വയം സന്നദ്ധനായാൽ വ്യവസ്ഥ പ്രകാരമുള്ള എട്ടു മണിക്കൂറിന്റെ കൂലി അവനു ലഭിക്കും. അതെ സമയം ഗിഗ് സമ്പദ് വ്യവസ്ഥയിൽ 8 മണിക്കൂർ ഒരു തൊഴിലാളി സ്വയം സന്നദ്ധനായി ജോലിക്ക് മാറ്റി വച്ചാൽ പോലും ഈ 8 മണിക്കൂറിൽ അൽഗോരിതം കല്പിച്ചു നൽകുന്ന പ്രൊജക്റ്റുകളുടെ എണ്ണത്തിന് അനുസരിച്ചുമാത്രമാണ് കൂലി. ആ നിലയിൽ തൊഴിൽ മേഖലയിലെ ഊബർവൽക്കരണം പല തട്ടുകളിൽ തൊഴിലാളി ജീവിതത്തെ അസ്ഥിരപ്പെടുത്തുകയും കൂടുതൽ ചൂഷണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ ഗിഗ് തൊഴിലാളികൾ
നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർസ് ആൻഡ് സർവീസ് കമ്പനീസിൻ്റെ കണക്ക് പ്രകാരം 65 ശതമാനം ഇന്ത്യൻ വ്യാവസായിക സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഗിഗ് സേവനം നിലവിൽ ഉപയോഗിക്കുന്നുണ്ട്. നീതി ആയോഗ് തന്നെ 2020ൽ പുറത്ത് വിട്ട കണക്ക് പ്രകാരം 77 ലക്ഷം ആളുകളാണ് ഇന്ത്യയിൽ ഗിഗ് ഇക്കോണമിയിൽ പണിയെടുക്കുന്നത്. 2030 ഓടെ ഇത് 2.35 കോടി എങ്കിലും ആകും എന്നാണ് നീതി ആയോഗ് റിപ്പോർട്ട് തന്നെ വിലയിരുത്തുന്നത്. യഥാർത്ഥ കണക്ക് എന്തായാലും ഇതിലും ഏറെ അധികമാണ് എന്നതുറപ്പാണ്. ഇ കൊമേഴ്സ് രംഗത്തെ ആമസോൺ, ഫ്ലിപ്കാർട്ട്, അജിയോ,മിന്ത്ര തുടങ്ങിയ കമ്പനികൾ, ഫുഡ്/ ഗ്രോസറി ഡെലിവറി ആപ്പുകളായ സൊമാറ്റോ, സ്വിഗ്ഗി, ഇൻസ്റ്റാ മാർട്ട്, ബിഗ്ബാസ്കറ്റ്, ഡൺസോ ബ്ലിങ്ക്ഇറ്റ്, മറ്റ് ഇതര സേവന രംഗത്തുള്ള പോർട്ടർ, അർബൻ കമ്പനി, ഫ്ലക്സിപ്പിൾ, വർക്ഫ്ളക്‌സി തുടങ്ങി ഒട്ടേറെ പ്ലാറ്റ്ഫോമുകൾ നിലവിൽ ഇന്ത്യയിൽ വളരെ സജീവമായി ഗിഗ് വർക്ക് എന്ന സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട്.
കോവിഡ് കാലത്തടക്കം നമ്മുടെ രാജ്യത്തെ നഗരജീവിതം വലിയ പ്രയാസങ്ങൾ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോയതിൽ മരുന്ന്/ഭക്ഷണ വിതരണമേഖലകളിലേതുൾപ്പെടെയുള്ള ഗിഗ് തൊഴിലാളികൾ നൽകിയ സേവനം വിലമതിക്കാനാവാത്തതാണ്. എന്നാൽ ഏറെ ദയനീയമായ സാഹചര്യങ്ങളിൽ ആണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഗിഗ് തൊഴിലാളികളും പണിയെടുക്കുന്നത്. കൃത്യമായ ഒരു തൊഴിലിടത്തിന്റെ അഭാവം, അദൃശ്യനായ തൊഴിലുടമ, തങ്ങളുടെ ജോലിയെയോ സേവനത്തെയോ രാജ്യത്തെ നിയമങ്ങൾ തൊഴിലായും തൊഴിലാളിയായും നിർവചിക്കാത്തതിന്റെ അനിശ്ചിതത്വം, കൃത്യമായ ജോലി സമയത്തിൻ്റെ അഭാവവും സദാ ജോലിക്ക് സന്നദ്ധനായി നിൽക്കേണ്ടതിൻ്റെ സമ്മർദ്ദവും, ഏതുസമയത്തും തങ്ങളുടെ ഐഡി/ പാർട്ണർ ആപ്പ് ആക്സസ് പിൻവലിച്ചേക്കാം എന്ന അവസ്ഥ, ഓവർടൈം, അവധിദിവസവേതനം, ഇ.എസ്.ഐ/പി.എഫ്, ചികിത്സാ ഇൻഷുറൻസ് തുടങ്ങി സാധാരണ നിലക്ക് തൊഴിൽ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന ആനുകൂല്യങ്ങളുടെ അഭാവം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് ഈ മേഖലയെ സങ്കീർണ്ണമാക്കുന്നത്.
തനിക്ക് വിതരണം ചെയ്യാനായി വന്ന 20 ലിറ്റർ മിനറൽ വാട്ടർ കാൻ ലിഫ്റ്റ് പ്രവർത്തനരഹിതമായ കൊച്ചിയിലെ ഒരു ബിൽഡിംഗിലെ ഏഴാം നിലയിൽ നടന്ന് കയറി എത്തിക്കേണ്ടി വന്ന ഡെലിവറി പാർട്ണറോട് സംസാരിച്ചിരുന്നു. 18 രൂപയാണ് മൂന്ന് കിലോമീറ്റർ ദൂരെയുള്ള സ്ഥാപനത്തിൽ നിന്ന് ആ ഏഴാംനില കെട്ടിടം വരെയുള്ള ദൂരത്തേക്ക് ഉൽപ്പന്നം എത്തിക്കുന്നതിന്റെ ഭാഗമായി തൊഴിലാളിക്ക് ലഭിക്കുന്നത്. പലപ്പോഴും തിരക്ക് കൂടുമ്പോൾ സർജ് ഫീ, മഴപെയ്യുന്ന സമയത്ത് റെയിൻ ഫീ, രാത്രി വൈകുമ്പോൾ ലേറ്റ്നൈറ്റ് ഫീ തുടങ്ങി ഒട്ടേറെ അധിക ചാർജുകൾ ഉപഭോക്താവിൽ നിന്നും കമ്പനി ഈടാക്കുമ്പോഴും അതൊന്നും തന്നെ സേവനം ഉപഭോക്താവിൽ എത്തിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്ന ഗിഗ് തൊഴിലാളിക്ക് കമ്പനി കൈമാറുന്നില്ലെന്ന് കാണാം.
ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ വരുമാനവുമായി ബന്ധപ്പെട്ട് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് നടത്തിയ പഠനം പറയുന്നത് ഏതാണ്ട് 80 ശതമാനം തൊഴിലാളികൾക്കും ഒരു മാസം ലഭിക്കുന്നത് 20000 രൂപയിൽ താഴെ വരുമാനം മാത്രമാണ് എന്നാണ്. പലപ്പോഴും 12 മുതൽ 16 വരെ മണിക്കൂർ നിത്യേന പണിയെടുത്താലാണ് ഈ വരുമാനം പോലും കണ്ടെത്താൻ കഴിയുന്നത് എന്നതും കൂട്ടി വായിക്കണം. ഇതിനെല്ലാം പുറമെയാണ് ഇന്ധന വില വർദ്ധന, വാഹനത്തിൻ്റെ കേടുപാടുകൾ, പോലീസുകാർ ചുമത്തുന്ന പിഴകൾ തുടങ്ങിയ പ്രശ്നങ്ങൾ.
സംഘാടനത്തിലെ വെല്ലുവിളികൾ
കൃത്യമായ തൊഴിലിടത്തിന്റെ അഭാവം സാധാരണ നിലയ്ക്കുള്ള തൊഴിലാളി യൂണിയൻ പ്രവർത്തനം ഈ മേഖലയിൽ സംഘടിപ്പിക്കുന്നതിന് വലിയ തടസ്സമാണ്. 2020 നവംബർ 26ന് നടന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സിഐടിയുവിന്റെ നേതൃത്വത്തിൽ കൊല്ലത്ത് ഗിഗ് തൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ശ്രദ്ധിച്ച ഒരു കാര്യം പലപ്പോഴും തങ്ങളുടെ ആപ്പ് ലൊക്കേഷൻ എപ്പോഴും സൂപ്പർവൈസറുടെ അറിവിലുണ്ട് എന്നതുകൊണ്ട് ഒരു കമ്പനിയിൽ പെട്ട അഞ്ചോ ആറോ തൊഴിലാളികൾക്ക് ഒരുമിച്ച് ഒരു സ്ഥലത്ത് ഒരു യോഗത്തിൽ പങ്കെടുക്കാൻ പോലും പ്രയാസമുണ്ട് എന്നതാണ്. അങ്ങനെ കൂടി നിൽക്കുമ്പോൾ പല സ്ഥലത്തായി നിൽക്കാനുള്ള നിർദ്ദേശം ആപ്പ് തന്നെ നോട്ടിഫിക്കേഷൻ വഴി നൽകാറുണ്ട്. ആപ്പ് ഓഫ് ആക്കുന്ന രാത്രി 12 മണിക്കോ, പുലർച്ചെ 3 മണിക്കോ ആണ് പലപ്പോഴും നമുക്ക് ഇത്തരം തൊഴിലാളികളുടെ ഒരു യോഗം പോലും സംഘടിപ്പിക്കാൻ കഴിയുക.
എല്ലാത്തരം അവകാശലംഘനങ്ങളും നിരന്തരമായി അനുഭവിക്കുക, എന്നാൽ അതിനെതിരെ ഏതെങ്കിലും നിലക്ക് ശബ്ദം ഉയർത്താൻ കഴിയാതെയുമിരിക്കുക ഈ ദയനീയ സാഹചര്യത്തിലാണ് ബഹുഭൂരിപക്ഷം ഗിഗ് തൊഴിലാളികളും. അതിദയനീയ സാഹചര്യത്തിൽ ജോലി ചെയ്യാൻ വിധിക്കപ്പെടുന്ന ഈ തൊഴിലാളികൾ പ്രൊലിറ്റെറിയറ്റ്സ് പോലുമല്ലെന്നും കേവലം പ്രിക്കാരിയറ്റ്‌സ് മാത്രമാണെന്നുമാണ് ബ്രിട്ടനിലെ സ്കൂൾ ഓഫ് ഓറിയൻ്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് പ്രൊഫസർ ഗയ് സ്റ്റാൻഡിങ്ങിനെ പോലെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ പറഞ്ഞു വെക്കുന്നത്.
മുന്നോട്ടുള്ള വഴി
ഇത്തരം പ്രതിസന്ധികൾക്കിടയിലും ഒട്ടേറെ സമരമുന്നേറ്റങ്ങൾ ഗിഗ് തൊഴിലാളികൾക്കിടയിൽ നിന്നുണ്ടാവുന്നുണ്ട് എന്നത് പ്രതീക്ഷ ഉണർത്തുന്നതാണ്. ഡൽഹി, ഫരീദാബാദ്,ഗുരുഗ്രാം, നോയിഡ തുടങ്ങിയ നഗരങ്ങളിൽ ബ്ലിങ്ക് ഇറ്റ് തൊഴിലാളികൾ പണിമുടക്കിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. നിലവിലുണ്ടായിരുന്ന 20% ത്തിൽ നിന്ന് കമ്മീഷൻ ഒറ്റയടിക്ക് 30% ശതമാനമാക്കിയ ഹോം സർവീസ് സ്റ്റാർട്ടപ്പ് അർബൻ കമ്പനിയിലെ വനിതാ തൊഴിലാളികൾ നടത്തിയ സമരം ശ്രദ്ധേയമായിരുന്നു. കൊല്ലവും കൊച്ചിയും തിരുവനന്തപുരവും പോലുള്ള കേരളത്തിലെ പട്ടണങ്ങളിലടക്കം ഗിഗ് തൊഴിലാളികൾ ഒറ്റപ്പെട്ട സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ചിലയിടങ്ങളിൽ എങ്കിലും സിഐടിയു, എഐടിയുസി തുടങ്ങിയ പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഗിഗ് തൊഴിലാളികളുടെ യൂണിയനുകളും രൂപീകരിച്ചിട്ടുണ്ട്. ഈ ശ്രമം ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. കുറെക്കൂടി സജീവമായ നിലയ്ക്ക് പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഈ മേഖലയിലെ തൊഴിലാളികളെ സജ്ജരാക്കണം. അവശ്യ നിയമസഹായം അടക്കം നൽകി പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകൾ ഇക്കാര്യത്തിൽ സവിശേഷമായ ശ്രദ്ധ ചെലുത്തണം.
അടിയന്തരമായ ചില നിയമനിർമാണങ്ങൾ എങ്കിലും പ്ലാറ്റ്ഫോം തൊഴിൽ മേഖലയിൽ ഉണ്ടാകേണ്ടതുണ്ട്. പലപ്പോഴും തങ്ങളുടെ സേവന മേഖലയിൽ പണിയെടുക്കുന്നവർ തങ്ങളുടെ 'പാർട്ണർമാർ' ആണ്, 'വർക്കർമാർ' അല്ല എന്ന നിലപാട് ആണ് ഇത്തരം കമ്പനികൾ സ്വീകരിച്ചു വരുന്നത്. തൊഴിൽ അവകാശങ്ങൾ ഉള്ള തൊഴിലാളികളായി ഗിഗ് വർക്കർമാരെ നിർവചിക്കുന്ന നിയമനിർമ്മാണം നടത്താൻ കേന്ദ്രസർക്കാർ തയ്യാറാവണം. ചെയ്യാവുന്ന മറ്റൊരു കാര്യം ഒരു തദ്ദേശസ്വയംഭരണപ്രദേശത്തിനകത്ത് അല്ലെങ്കിൽ സംസ്ഥാനത്തിനകത്ത് ഇത്തരം സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനികൾ നിയമം അനുശാസിക്കുന്ന ക്ഷേമ പദ്ധതികൾ, മിനിമം വേതനം തുടങ്ങിയവ ഗിഗ് തൊഴിലാളികൾക്ക് നൽകുന്നു എന്ന് പരിശോധിക്കാനുള്ള അധികാരം അതാതിടങ്ങളിലെ ഭരണകൂടം നിർവഹിക്കുന്നതിനുള്ള നിയമപരമായ ഫ്രെയിംവർക്ക് ഉറപ്പ് വരുത്തണം. ഒപ്പം ഇക്കാര്യങ്ങളിലെ നിയമലംഘനം പരിശോധിക്കുവാൻ അതായിടങ്ങളിലെ ലേബർ എൻഫോഴ്സ്മെൻ്റ് സംവിധാനത്തിനും അധികാരമുണ്ടാവണം.
മറ്റൊരു പ്രധാനപ്പെട്ട സമസ്യ ടെക്നോളജിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ്. ഇത്തരം സേവനങ്ങൾ നൽകുന്ന ടെക്നോളജി വലിയ കോർപ്പറേറ്റ് കമ്പനികൾക്ക് മാത്രം സാധ്യമാകുന്നതാണ് എന്ന് അവസ്ഥ മാറേണ്ടതുണ്ട്. തൊഴിലാളികളുടെ തന്നെ കോപ്പറേറ്റീവുകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നിയന്ത്രണത്തിൽ ടെക്നോളജി ബേസ്ഡ് പ്ലാറ്റ്ഫോമുകൾ സജ്ജമാക്കണം. കേരളത്തിലെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ആഭിമുഖ്യത്തിൽ രൂപകൽപ്പന ചെയ്ത കേരള സവാരി പോലുള്ള ഈ മേഖലയിലെ കാൽവെപ്പുകൾ തടസ്സ രഹിതമായ സേവനം ഉറപ്പുവരുത്തുന്ന നിലക്ക് പ്രവർത്തനസജ്ജമാകണം. ഈ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും നമ്മുടെ രാജ്യത്തെ തൊഴിലാളികൾ അവരുടെ തൊഴിൽ അവകാശങ്ങൾക്ക് നേരെ വലിയ ആക്രമണം നേരിടുന്ന ഒരു ഘട്ടം കൂടിയാണിതെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗിഗ് തൊഴിലാളികളുടെ തൊഴിലവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളും സംഘടിപ്പിക്കേണ്ടത്. നമ്മുടെ രാജ്യത്തെ 44 അടിസ്ഥാന തൊഴിൽ നിയമങ്ങൾ ആണ് കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് അനുസൃതമായി തികച്ചും തൊഴിലാളി വിരുദ്ധമായ വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് 4 തൊഴിൽ കോഡുകൾ ആക്കി മാറ്റുന്നത്. അതിനെതിരായ വിശാലമായ സമരത്തിൽ കൂടി അണി ചേരുന്നവരായി ഇന്ത്യയിലെ ഗിഗ് തൊഴിലാളികളെ മാറ്റിയെടുക്കേണ്ടതുണ്ട്. നമ്മുടെ ട്രേഡ് യൂണിയൻ പ്രവർത്തനം പരിപൂർണ്ണമായി ജനാധിപത്യവൽക്കരിച്ചും പണിയെടുക്കുന്നവരിൽ നിന്ന് പാഠം ഉൾക്കൊണ്ടും അവരെക്കൂടി ഉൾച്ചേർത്തും സമര സജ്ജരായി മുന്നോട്ട് പോയാലേ നീതിരഹിതമായ ഈ ചൂഷണത്തിൽ നിന്ന് ഗിഗ് തൊഴിലാളികൾക്കടക്കം മോചനമുണ്ടാകൂ. ഈ മെയ് ദിനം അത് നമ്മെ ഓർമ്മിപ്പിക്കട്ടെ.
Reference
1. Guilherme Nunes Pires (2021), Uberization of labor and Marx’s Capital
2. Tricontinental: Institute for Social Research (2021), Big tech and the current challenges facing the class struggle.
3.Dipsita Dhar (2022), Organizing the Unorganized
4. Ludmila Costhek Abílio (2017), The Uberisation of work: the real subsumption of 'getting by'
5.Guy Standing (2018),
The Precariat: Today's Transformative Class?