Opinion

ദുരഭിമാനമല്ല, ഫാസിസത്തിന്റെ ജാത്യഹങ്കാരക്കൊല

കൊലപാതകത്തെ ആപേക്ഷികമായി സാധൂകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന വിധത്തിലാണ് ദുരഭിമാനക്കൊല എന്ന പേരില്‍ അതിനെ നിര്‍വചിച്ച് പത്ര മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത്. ദുര്‍ എന്ന വിശേഷണം ചേര്‍ക്കുന്നുണ്ടെങ്കിലും, അഭിമാനം എന്ന കേട്ടാല്‍ ചോര തിളയ്ക്കുന്ന വികാരത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ഈ ഭാഷാ പ്രയോഗം. ജി.പി.രാമചന്ദ്രന്‍ എഴുതുന്നു

നമുക്ക് ജാതിയില്ല

(അദ്വൈതാശ്രമം, ആലുവ 1091 ഇടവം 15)

നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതു ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലും ചേര്‍ക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.

എന്ന്, നാരായണഗുരു

ഡിസംബര്‍ 25 ക്രിസ്തുമസ്സ് ആണെന്നെല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ ദിനത്തിന് രണ്ട് പ്രത്യേകതകള്‍ കൂടിയുണ്ട്. 1927ലും 1968ലും ഇതേ ദിവസം നടന്ന രണ്ടു സംഭവങ്ങള്‍, ഇന്ത്യ ഏത് അപകടകരമായ ആശയാടിത്തറയുടെ നെരിപ്പോടിലാണ് ജീവിക്കുന്നത് എന്നതിന്റെ സൂചനകളാണ്. 1927 ഡിസംബര്‍ 25നാണ് അംബേദ്ക്കര്‍, മനുസ്മൃതി കത്തിക്കുന്നത്. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലെ മഹാഡ് എന്ന ചെറുപട്ടണത്തില്‍ വെച്ചാണ് അംബേദ്ക്കര്‍ ആ ചരിത്രം രചിച്ചത്, അഥവാ ചരിത്രം തിരുത്തിക്കുറിച്ചത്. മനുസ്മൃതി ദഹന്‍ ദിന്‍ എന്ന പേരില്‍ പില്‍ക്കാലത്ത് ദളിത് ബഹുജന്‍ സമാജം ഇന്ത്യയിലും പുറത്തും ആ ദിനം ആചരിച്ചു വരുന്നു.

ദളിതര്‍ക്കും മ്ലേഛര്‍ എന്ന് ബ്രാഹ്മണാധീശത്വത്താല്‍ ആക്ഷേപിക്കപ്പെടുന്നവര്‍ക്കും സ്ത്രീകള്‍ക്കും മേല്‍ അമിതാധികാരവും ക്രൂരതയും എങ്ങനെ വര്‍ഷിക്കാമെന്നതിന്റെ തത്വചിന്താപദ്ധതിയാണ് മനുസ്മൃതി എന്ന സംസ്‌കൃത സൂത്രം. ദളിതര്‍ക്കും സ്ത്രീകള്‍ക്കും മനുഷ്യര്‍ എന്ന നിലയ്ക്കുള്ള അവകാശങ്ങള്‍ ഇല്ല എന്നും അവര്‍ അഭിമാനമില്ലാത്തവരാണെന്നതുമാണ് മനുസ്മൃതി സ്ഥാപിക്കുന്നത്. ആയിരക്കണക്കിന് അനുയായികളുടെ അകമ്പടിയോടെ, പ്രത്യേകമൊരുക്കിയ ചിതയില്‍ മനുസ്മൃതി പരസ്യമായി കത്തിച്ചുകൊണ്ടാണ് അംബേദ്ക്കര്‍, ഇന്ത്യയ്ക്കാവശ്യമുള്ള ഭാവിയുടെ ഭാഗധേയം നിര്‍ണയിച്ചത്.

പൊതു കിണറ്റില്‍ നിന്ന് കുടിവെള്ളമെടുക്കാന്‍ അവകാശമില്ലാതിരുന്ന മഹാഡിലെ ദളിത് പോരാളികള്‍ അനവധി ദിവസങ്ങളായി പോരാട്ടം നടത്തി വരുകയായിരുന്നു. ഫത്തേഖാന്‍ എന്ന മുസ്ലിം സമുദായക്കാരനായ ഒരാള്‍ അദ്ദേഹത്തിന്റെ അധീനതയിലുള്ള ഒരു സ്വകാര്യഭൂമി പ്രക്ഷോഭക്കാര്‍ക്കായി വിട്ടു കൊടുത്തു.

ജന്മം കൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന ചാതുര്‍വര്‍ണ്യം എന്ന വ്യവസ്ഥയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, അതംഗീകരിക്കുന്നുമില്ല; ജാതി വിവേചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, അതംഗീകരിക്കുന്നുമില്ല; അയിത്തം എന്നത് ഹിന്ദുമതത്തിലെ ഒരു ശാപമാണ്, അതില്ലാതാക്കാന്‍ ഞാനിനിയുള്ള ജീവിതകാലം മുഴുവനും ശ്രമിക്കും; ഭക്ഷണത്തിനും കുടിവെള്ളത്തിനും എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എല്ലാ നീക്കങ്ങളെയും ഞാന്‍ ചെറുത്തു തോല്പിക്കും: ക്ഷേത്രങ്ങള്‍, കുളങ്ങളും കിണറുകളും, വിദ്യാലയങ്ങള്‍, മറ്റു പൊതു സൗകര്യങ്ങള്‍ എന്നിവിടങ്ങളില്‍ തൊട്ടുകൂടാത്തവരെന്ന് മുദ്ര കുത്തപ്പെട്ടിട്ടുള്ളവര്‍ക്കും തുല്യാവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതായിരുന്നു മഹാഡില്‍ 1927 ഡിസംബര്‍ 25ന് ആയിരക്കണക്കിന് പോരാളികള്‍ ഏറ്റു ചൊല്ലിയ പ്രതിജ്ഞ. ബോംബെയില്‍ നിന്ന് പത്മാവതി എന്നു പേരുള്ള ഒരു ബോട്ടിലാണ് അംബേദ്ക്കര്‍ മഹാഡിലെത്തിയത്. അവിടെയടുത്തുള്ള ബോട്ട് ജെട്ടിയ്ക്കു പകരം മറ്റൊരു ജെട്ടിയിലാണദ്ദേഹം ഇറങ്ങിയത്. ബസ്സുകാര്‍ നിസ്സഹകരിച്ചതിനെ തുടര്‍ന്ന് അഞ്ചു മൈല്‍ നടന്നാണ് പ്രധാന നേതാക്കള്‍ സമ്മേളനസ്ഥലത്തെത്തിയത്.

മനുസ്മൃതി ചി ദഹന്‍ ഭൂമി, അയിത്തം നിര്‍മ്മാര്‍ജ്ജനം ചെയ്യുക, ബ്രാഹ്മണിസം കുഴിച്ചുമൂടുക തുടങ്ങിയ ബാനറുകള്‍ സമ്മേളനനഗരിയിലെമ്പാടുമുണ്ടായിരുന്നു. അംബേദ്ക്കറുടെ അനുയായിയും ബ്രാഹ്മണനുമായിരുന്ന ഗംഗാധര്‍ നീല്‍ക്കാന്ത് സഹസ്ത്രബുദ്ധെയാണ് മനുസ്മൃതി കത്തിക്കുക എന്നാഹ്വാനം ചെയ്യുന്ന പ്രമേയം അവതരിപ്പിച്ചത്. അയിത്ത സമുദായത്തില്‍ നിന്നുള്ള പി എന്‍ രാജാഭോജ് പിന്താങ്ങി. ഗംഗാധര്‍ നീല്‍ക്കാന്ത് സഹസ്ത്രബുദ്ധെയുടെ നേതൃത്വത്തില്‍ മറ്റഞ്ച് ദളിത് സാധുക്കള്‍ മനുസ്മൃതി കത്തിക്കുക എന്ന കര്‍മ്മം പൂര്‍ത്തിയാക്കി. സമരപ്പന്തലില്‍ ഒരേയൊരാളുടെ ഛായാപടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടേതായിരുന്നു. (ഇതിന്റെ പ്രതിനിധാനരാഷ്ട്രീയത്തെക്കുറിച്ച് അക്കാലത്ത് കുറെയധികം വാദവിവാദങ്ങള്‍ നടന്നു).

ജാത്യഹങ്കാരത്തിന്റെ അക്രമാസക്തമായ പ്രകടനമാണ് ഇവിടെ നടന്നിരിക്കുന്നത്. അത്, നൂറ്റാണ്ടുകളായി അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമായ മനുസ്മൃതിയുടെ ആവിഷ്‌ക്കാരം കൂടിയുമാണ്. ഇപ്പോള്‍ പോലും, ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ചില സംസ്ഥാനങ്ങളില്‍ ഔദ്യോഗികമായി നടക്കുന്നതെന്താണ്? രണ്ടു മതത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതും മതപരിവര്‍ത്തനവുമെല്ലാം നിയമം വഴി നിരോധിക്കുന്നു. വിവിധ ജാതികളില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങളും നിരോധിക്കുന്ന കാലം വിദൂരമല്ലെന്നു തോന്നുന്നു.

വിവിധ ജാതികളില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള രീതികള്‍ അക്കാലത്തുണ്ടായിരുന്നു. ഇത് അയിത്തത്തെ അരക്കിട്ടുറപ്പിച്ചു. ജാതികള്‍ക്കകത്തുള്ള വിവാഹബന്ധങ്ങള്‍ സുസ്ഥാപിതമാക്കിയതിലൂടെ, കുടുംബം എന്നത് ഫാസിസത്തിന്റെ തന്നെ അടിസ്ഥാന യൂണിറ്റായി പരിണമിച്ചു. കുടുംബം എന്ന യൂണിറ്റിന്റെ ലൈംഗിക-സാമ്പത്തിക ധര്‍മ്മങ്ങളെ സംബന്ധിച്ച ഏംഗല്‍സിന്റെ നിരീക്ഷണങ്ങള്‍ കൂടി ഇതിനോട് കൂട്ടി വായിച്ചാല്‍, ഇന്ത്യ എന്ന വലിയ ഫാസിസ്റ്റ് സമൂഹം കെട്ടിയുണ്ടാക്കിയതില്‍ ജാത്യടിസ്ഥാനത്തിലുള്ള കുടുംബവ്യവസ്ഥയ്ക്ക് എന്തു മാത്രം പങ്കുണ്ടെന്ന് മനസ്സിലാവും.

ദശകങ്ങള്‍ പിന്നീട് പലതു പിന്നിട്ടു. ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് വിമോചിപ്പിക്കപ്പെട്ടു. അംബേദ്ക്കറുടെ തന്നെ നേതൃത്വത്തില്‍ എഴുതിയുണ്ടാക്കിയ ലോകോത്തരമായ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക്കായി മാറി. എന്നാല്‍, ഭരണഘടന അസംബ്ലിയില്‍ അംബേദ്ക്കര്‍ തന്നെ പ്രസംഗിക്കുമ്പോള്‍ ഭയപ്പെട്ടതു പോലെ, അതേ ഭരണഘടനയെയും റിപ്പബ്ലിക്കിനെയും അപ്രസക്തമാക്കാന്‍ മാത്രം ശേഷിയുള്ള ജാതിവ്യവസ്ഥ പൂര്‍വാധികം ശക്തിപ്രാപിച്ചു.

1968 ഡിസംബര്‍ 25ന് അന്നത്തെ തഞ്ചാവൂര്‍ ജില്ലയില്‍ (ഇപ്പോള്‍ നാഗപട്ടിണം ജില്ല) പെട്ട കീഴ് വെണ്‍മണിയില്‍ ഒരു കൂട്ടക്കൊല നടന്നു. തമിഴ്‌നാടിന്റെ നെല്ലറ എന്നാണ് തഞ്ചാവൂരിനെ വിശേഷിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) യ്ക്കു കീഴില്‍ രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മാന്യമായ ജീവിതത്തിനും കൂലി കൂടുതലിനും വേണ്ടി നിരന്തരനമായ സമരത്തിലായിരുന്നു കര്‍ഷകത്തൊഴിലാളികള്‍. തീര്‍ത്തും ദയനീയമായ അവസ്ഥയില്‍ കഴിയുന്ന തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും ദളിത് സമുദായക്കാരായിരുന്നു. സ്വന്തമായി ഭൂമിയോ സുരക്ഷിതമായ വീടോ ഇല്ലാതിരുന്ന ഇവര്‍ കാറ്റടിച്ചാല്‍ പാറിപ്പോകുന്നതും മഴ പെയ്താല്‍ മുഴുവന്‍ വെള്ളത്തിലാകുന്നതുമായ കൂരകളിലാണ് താമസിച്ചിരുന്നത്. അവരെ നിയന്ത്രിച്ചിരുന്നതാകട്ടെ, ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സ്വന്തമായുള്ള പണ്ണയാര്‍മാര്‍ എന്നു വിളിക്കപ്പെടുന്ന മേലാളജാതിക്കാരായ ജന്മിമാര്‍. 1927ല്‍ കത്തിച്ച മനുസ്മൃതി കത്തിത്തീര്‍ന്നിട്ടില്ലെന്നു മാത്രമല്ല, പൂര്‍വാധികം ശക്തിയോടെ പുനര്‍ജനിച്ചു എന്നതിന്റെ തെളിവുകളായിരുന്നു അക്കാലത്തെയും ഇന്ത്യ. പ്രത്യേകിച്ച് തമിഴ്‌നാട്. തൊഴിലാളികള്‍ക്ക് അടിമസമാനമായ ജീവിതമായിരുന്നു കല്പിക്കപ്പെട്ടത്. 1940കള്‍ മുതല്ക്കുള്ള തഞ്ചാവൂരിലെ അവസ്ഥ, സിപിഐ (എം) പിബി അംഗമായ സഖാവ് ജി രാമകൃഷ്ണന്റെ കീഴതഞ്ചൈ വിവസായികള്‍ ഇയക്കവും ദളിത് മക്കള്‍ ഉരിമൈകളും എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പുലര്‍ച്ചെ നാലു മണിമുതല്‍ രാത്രി വരെ ജോലി ചെയ്താല്‍ രണ്ടു നേരം പഴങ്കഞ്ഞിയും ആഴ്ച തോറും ലഭ്യമാവുന്ന തുഛമായ കൂലിയുമാണവര്‍ക്ക് ലഭിക്കുക. അസുഖമാണെങ്കിലും ജോലി ചെയ്യണം, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. വിവാഹം കഴിക്കണമെങ്കില്‍ ജന്മിയുടെ അനുമതി വേണം. തോളില്‍ രണ്ടാം മുണ്ടിടാന്‍ പോലും പാടില്ല. തൊഴിലാളികളെ പ്രതിനിധീകരിച്ച് ബ്രാഹ്മണ സമുദായക്കാരിയായ മണിയമ്മ എന്ന കമ്യൂണിസ്റ്റുകാരിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ജന്മിമാര്‍, അവര്‍ക്കെതിരെ കാളക്കൂറ്റനെ അഴിച്ചു വിടുകയും അതിന്റെ കുത്തേറ്റ് മണിയമ്മ കൊല്ലപ്പെടുകയും ചെയ്തു.

1968 ഡിസംബര്‍ 25ന് പുറത്തു നിന്നുള്ള തൊഴിലാളികളെ ഇറക്കി പണിയെടുപ്പിക്കാനുള്ള ശ്രമത്തെ സഖാക്കള്‍ പ്രതിരോധിക്കുകയും അന്ന് രാത്രി പത്തു മണിക്ക് ജന്മിമാരും മേലാള ജാതിക്കാരുമായ ഗൂണ്ടകള്‍, നാല്പത്തിനാല് ദളിത് സമുദായക്കാരായ കര്‍ഷകത്തൊഴിലാളി സഖാക്കളെ ജീവനോടെ ചുട്ടു കൊന്നു. അവരില്‍ സ്ത്രീകളും കുട്ടികളുമടക്കമുണ്ടായിരുന്നു. നിരവധി നോവലുകളും സിനിമകളും ഈ വിഷയത്തെ സംബന്ധിച്ചു രചിക്കപ്പെട്ടിട്ടുണ്ട്.

ദശകങ്ങള്‍ വീണ്ടും കടന്നു പോയിരിക്കുന്നു. പുരോഗമന-മതനിരപേക്ഷ-ജനാധിപത്യ കേരളം എന്ന് നാം അഭിമാനിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഇതേ ദിവസം എന്താണ് നടന്നിരിക്കുന്നത്?

പാലക്കാട് ജില്ലയില്‍ പെട്ട തേങ്കുറുശ്ശി എന്ന ഗ്രാമത്തിലേക്ക് ജില്ലാ ആസ്ഥാനത്തു നിന്ന് വെറും എട്ടു കിലോമീറ്റര്‍ ദൂരമേ ഉള്ളൂ. അവിടെ, തങ്ങളുടെ സമുദായത്തിന് താഴെയുള്ളതെന്ന് നിശ്ചയിക്കപ്പെട്ടിരുന്ന ഒരു ജാതിയില്‍ പെട്ട ഒരാള്‍ തന്റെ മകളെ പ്രണയിച്ചു വിവാഹം കഴിച്ചു എന്ന കുറ്റത്തിന്, അയാളെ പെണ്‍കുട്ടിയുടെ അച്ഛനും സംഘവും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു. ഈ കൊലപാതകത്തെ ആപേക്ഷികമായി സാധൂകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന വിധത്തിലാണ് ദുരഭിമാനക്കൊല എന്ന പേരില്‍ അതിനെ നിര്‍വചിച്ച് പത്ര മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത്. ദുര്‍ എന്ന വിശേഷണം ചേര്‍ക്കുന്നുണ്ടെങ്കിലും, അഭിമാനം എന്ന കേട്ടാല്‍ ചോര തിളയ്ക്കുന്ന വികാരത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ഈ ഭാഷാ പ്രയോഗം പ്രവര്‍ത്തിക്കുന്നത്. ജാത്യഹങ്കാരത്തിന്റെ അക്രമാസക്തമായ പ്രകടനമാണ് ഇവിടെ നടന്നിരിക്കുന്നത്. അത്, നൂറ്റാണ്ടുകളായി അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമായ മനുസ്മൃതിയുടെ ആവിഷ്‌ക്കാരം കൂടിയുമാണ്. ഇപ്പോള്‍ പോലും, ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ചില സംസ്ഥാനങ്ങളില്‍ ഔദ്യോഗികമായി നടക്കുന്നതെന്താണ്? രണ്ടു മതത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതും മതപരിവര്‍ത്തനവുമെല്ലാം നിയമം വഴി നിരോധിക്കുന്നു. വിവിധ ജാതികളില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങളും നിരോധിക്കുന്ന കാലം വിദൂരമല്ലെന്നു തോന്നുന്നു.

ജാത്യഹങ്കാരങ്ങളും നവജാതിവാലുകളും സമൂഹത്തിലാകെ വ്യാപകമായി അംഗീകാരം സിദ്ധിച്ചുകൊണ്ട് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നവജാതിവാലും വെച്ച് ഞെളിഞ്ഞു നടക്കുന്നവരെ പരിഹസിക്കാന്‍ പോലും മിക്കവര്‍ക്കും ഭയമാണ്.

അനീഷ് വിശ്വകര്‍മ്മ(കൊല്ലന്‍) സമുദായത്തില്‍ പെട്ടയാളാണ്. ഔദ്യോഗികമായി ഇതരപിന്നോക്ക വിഭാഗം(ഒബിസി). ഹരിതയാകട്ടെ, വെള്ളാളപിള്ള സമുദായത്തില്‍ പെട്ടവളും. തമിഴ് വേരുകളാണ് ഈ സമുദായത്തിനുള്ളത്. തമിഴ്‌നാട്ടില്‍ ഈ സമുദായം ഒബിസിയാണു താനും. അതായത്, സമാനമെന്നു പലരും കരുതുന്ന സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നതയും വൈജാത്യവും വൈരാഗ്യവും എത്ര വലുതാണെന്നോര്‍ക്കുക. പാലക്കാട്ട് താലൂക്കില്‍ സമുദായാടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ട് തറകളായാണ് ധാരാളമിടങ്ങളില്‍ ജനങ്ങള്‍ ഇപ്പോഴും താമസിക്കുന്നത്. അറുപത്തി നാല് അഗ്രഹാരങ്ങളിലായി പരദേശി ബ്രാഹ്മണര്‍ താമസിക്കുന്നു. ഇതിനു പുറത്തായി; നായര്‍ത്തറ, മൂത്താന്‍തറ, ആശാരിത്തറ, എന്നിങ്ങനെ വിവിധ സമുദായാടിസ്ഥാനത്തിലുള്ള തറകള്‍ എല്ലാ ഗ്രാമങ്ങളിലുമുണ്ട്. ദളിതര്‍ പിന്നെ കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലെന്നതു പോലെ കോളനികളിലൊതുക്കപ്പെടുകയും ചെയ്തിരിക്കുന്നു.

പുതിയ തമിഴ് സിനിമ ഇത്തരം മര്‍ദ്ദനങ്ങളെ പ്രകടനാത്മകമായി തന്നെ തുറന്നു പറയുന്നുണ്ട്. ചുരുക്കിയോ അമര്‍ത്തിയോ സങ്കോചിപ്പിച്ചോ പറയുന്നതിനു പകരം, തുറന്നു പറയുക തെന്നയാണ് തങ്ങള്‍ക്ക് ചെയ്യാനുള്ളതെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. യൂറോ കേന്ദ്രിതമായ ലാവണ്യബോധത്തോടെ മിനുസപ്പെടുത്തപ്പെട്ടിട്ടുള്ള എഴുപതുകളിലെ മലയാള സിനിമയുടെ അനാഥവും അവ്യക്തവും ദുരൂഹവുമായ ഫ്രെയിമുകളെ പുതിയ തമിഴ് സിനിമയില്‍ ആരോപിച്ച് നടത്താന്‍ കഴിയുന്ന വിലയിരുത്തലുകള്‍ക്ക് പുറത്തേക്ക് വളര്‍ന്ന കാലയും മേര്‍ക്കു തൊടര്‍ച്ചിമലൈയും പരിയേറും പെരുമാളും എല്ലാം ആവിഷ്‌ക്കരിക്കുന്നത് ഈ ദൈനംദിനാക്രമങ്ങളാണ്. കുല സാമിക്ക് സെയ്യറ സേവൈ (കുലദൈവത്തിന് ചെയ്യുന്ന അര്‍ച്ചന) എന്ന് സ്വയം വിശേഷിപ്പിച്ചും അവതരിപ്പിച്ചുമാണ് പരിയേറും പെരുമാളിലെ താത്ത മേസ്തിരി(കരാട്ടേ വെങ്കടേശന്‍) കൊലകള്‍ നടത്തുന്നത്. കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ മേസ്തിരിപ്പണിയെടുക്കുന്ന ഒരു മധ്യവയസ്‌ക്കനാണയാള്‍. നല്ല ഒത്ത ശരീരം, തല മൊട്ടയും താടി നരച്ചിട്ടുമാണ്. ബനിയനും മുണ്ടും മേല്‍ തോര്‍ത്തുമാണ് വേഷം. ദളിതരെ കൊല്ലുന്നത് ക്വട്ടേഷനായാണ് ഏറ്റെടുക്കുന്നതെങ്കിലും അത് പണം മേടിച്ച് ചെയ്യുന്ന സാധാരണ ക്വട്ടേഷനല്ല. തമിഴകത്തെ ഗ്രസിച്ച ജാതിവെറിയുടെ മനുഷ്യത്വ വിരുദ്ധത ആവിഷ്‌ക്കരിക്കാന്‍ യുക്തമായ കഥാപാത്രവത്ക്കരണമാണ് താത്ത മേസ്തിരിയുടേതെങ്കില്‍, തേങ്കുറുശ്ശിയിലെ കൊലയാളികളെയും നയിക്കുന്ന 'അഭിമാനാ'ഹങ്കാരം മറ്റൊന്നല്ല തന്നെ.

ഉത്തരേന്ത്യയോ തമിഴ്‌നാടോ പോലല്ല, ജാതിയെ മറികടന്നവരാണ് കേരളീയര്‍ എന്നു പ്രചരിപ്പിക്കാനുള്ള യാന്ത്രിക ശ്രമങ്ങള്‍ തിരിച്ചടിക്കുകയേ ഉള്ളൂവെന്ന സണ്ണി എം കപിക്കാടിന്റെ വ്യാഖ്യാനം ഏറ്റവും കൃത്യമാണ്. പ്രകടമായ ജാതിവിവേചനമുണ്ടായിട്ടും ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്നോ നീതിന്യായസംവിധാനത്തില്‍ നിന്നോ എന്തെങ്കിലും എതിര്‍പ്പുയരുന്നുണ്ടോ? ജാതീയവിവേചനത്തിനെതിരെ ശബ്ദിക്കേണ്ടത് ദളിതരുടെ മാത്രം പ്രശ്‌നമായാണ് കേരളീയ പൊതുസമൂഹം കാണുന്നത്. അല്ലെങ്കില്‍ തെറ്റായ അവകാശവാദങ്ങള്‍ മാറ്റിവെച്ച്, ഇതു ജാതികേരളമാണെന്നംഗീകരിച്ച്, സമസ്ത മേഖലകളിലും ജാതിക്കും ജാതീയ വിവേചനത്തിനുമെതിരെ സത്യസന്ധമായ ശക്തമായ നിലപാട് പൊതുസമൂഹം സ്വീകരിക്കണമെന്നാണ് സണ്ണി എം കപിക്കാട് ആവശ്യപ്പെടുന്നത്. ജാതിയെ മറികടന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തണം. തുല്യതയില്ലായ്മയാണ് ജാതി. അസമത്വത്തെ ഊട്ടിയുറപ്പിക്കലാണത്. അവ തമ്മിലൊരു തുല്യത അസാധ്യമാണ്. ലോകത്തെ ഏറ്റവും ക്രൂരമായ ജനാധിപത്യവിരുദ്ധമായ ഈ സംവിധാനത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യമാണ് വേണ്ടത്.

ജാത്യഹങ്കാരങ്ങളും നവജാതിവാലുകളും സമൂഹത്തിലാകെ വ്യാപകമായി അംഗീകാരം സിദ്ധിച്ചുകൊണ്ട് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നവജാതിവാലും വെച്ച് ഞെളിഞ്ഞു നടക്കുന്നവരെ പരിഹസിക്കാന്‍ പോലും മിക്കവര്‍ക്കും ഭയമാണ്. ഈ ഭയവും നിശ്ശബ്ദതയും അടിമത്തത്തിന്റെയും വിധേയത്വത്തിന്റെയും ലക്ഷണങ്ങള്‍ മാത്രമല്ല, ജാത്യഹങ്കാരക്കൊലകള്‍ക്കുള്ള മൗനസമ്മതം കൂടിയാണ്.

(കടപ്പാട് : സബ്രംഗ് ഇന്ത്യ, ദ ക്രിട്ടിക്, സണ്ണി എം കപിക്കാട്, ഷാഹിന നഫീസ, ഫ്രെഡ്ഡി കെ താഴത്ത്)

Palakkad honour killing: 27-year-old hacked to death in Kerala; two, including victims father, gp ramachandran column, the cue

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT