Opinion

വൈവിധ്യങ്ങളുടെ ആഘോഷങ്ങളിൽ നിന്ന് ഏകത്വത്തിന്റെ പട്ടാഭിഷേകത്തിലേക്കുള്ള ദൂരം

ഒരിക്കലും വിഭജനത്തിന്റെ ഭയാനകതയോ, ഹൃദയം പിളര്‍ക്കുന്ന ആ ഓര്‍മകളോ അല്ല നമ്മെ മുന്നോട്ട് നയിക്കേണ്ടത്. ജനാധിപത്യത്തിലും, നീതിയിലും, സംവാദത്തിലും, ബഹുസ്വരതയിലും, സര്‍വോപരി ഇതെല്ലാം സംരക്ഷിക്കുന്ന ഭരണഘടനയിലും ഉള്ള അചഞ്ചലമായ വിശ്വാസമാണ്.

സുധാ മേനോന്‍ എഴുതുന്നു

1946ല്‍, പ്രശസ്ത പത്രപ്രവര്‍ത്തകനായ ജാക്വേസ് മാര്‍ക്യൂസ് ഫ്രാന്‍സിലേക്ക് മടങ്ങും മുമ്പ് ജവഹര്‍ലാല്‍ നെഹ്രുവിനെ സന്ദര്‍ശിച്ചിരുന്നു. ദീര്‍ഘസംഭാഷണത്തിന് ശേഷം അദ്ദേഹത്തെ യാത്രയാക്കുമ്പോള്‍ ഏറെ ശുഭാപ്തിവിശ്വാസത്തോടെ നെഹ്‌റു പറയുകയുണ്ടായി. "മാര്‍ക്യുസ്‌, മൂന്നു കാര്യങ്ങള്‍ ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഒന്ന്, ഇന്ത്യ ഒരിക്കലും ഒരു ഡൊമിനിയന്‍ ആയിരിക്കില്ല. രണ്ട്, ഒരിക്കലും പാകിസ്ഥാന്‍ ജന്മമെടുക്കില്ല. മൂന്ന്, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ വര്‍ഗീയലഹളകള്‍ ഉണ്ടാകില്ല'.

പിന്നീട്, ഒന്നര വര്‍ഷത്തിനു ശേഷം സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയി നെഹ്രുവിനെ വീണ്ടും കണ്ടപ്പോള്‍, പഴയതൊന്നും അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കാന്‍ മാര്‍ക്യൂസ് ‌ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ, തന്റെ പ്രവചനങ്ങളില്‍ രണ്ടെണ്ണവും പിഴച്ചത് നെഹ്‌റു മറന്നിരുന്നില്ല.

കണ്ണീരണിഞ്ഞ ചിരിയോടെ, വികാരത്തള്ളിച്ചയില്‍ വാക്കുകള്‍ മുറിയവേ, നെഹ്‌റു, അദ്ദേഹത്തോട് ചോദിച്ചു, "നിങ്ങൾക്ക് ഓര്‍മ്മയുണ്ടോ മാർക്യൂസ് ഞാന്‍ അന്ന് പറഞ്ഞത്. No dominion, no Pakistan and no....."

വാക്കുകള്‍ മുഴുവനാക്കാതെ, വർഗീയകലാപത്തെക്കുറിച്ചുള്ള തന്റെ പ്രവചനം ഓർക്കാൻ പോലും ഇഷ്ടപ്പെടാതെ തീവ്രവേദനയിൽ നെഹ്‌റു നിര്‍ത്തി. ഈ രംഗം ഹൃദയസ്പര്‍ശിയായി സര്‍വേപ്പള്ളി ഗോപാല്‍ നെഹ്രുവിന്റെ ജീവചരിത്രത്തിന്റെ രണ്ടാം വാല്യത്തില്‍ വിവരിക്കുന്നുണ്ട്. കുറേനേരം അവര്‍ രണ്ടുപേരും നിശബ്ദരായി ഇരുന്നു. ഒടുവില്‍ നെഹ്‌റു വീണ്ടും ചോദിച്ചു. "എനിക്ക് തെറ്റിപ്പോയി അല്ലെ? "

"തെറ്റിപ്പോയി" എന്ന ആ ഒരൊറ്റ വാക്കിന്റെ വിനയത്തിൽ ലോകത്തെ ഏറ്റവും വൈവിധ്യമാർന്ന ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയ നെഹ്രു തന്റെ മുന്നില്‍ ആകാശത്തോളം വളര്‍ന്നു എന്ന് മാര്‍ക്യൂസ് പിന്നീട് എഴുതി.

"തെറ്റിപ്പോയി" എന്ന ആ ഒരൊറ്റ വാക്കിന്റെ വിനയത്തിൽ ലോകത്തെ ഏറ്റവും വൈവിധ്യമാർന്ന ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയ നെഹ്രു തന്റെ മുന്നില്‍ ആകാശത്തോളം വളര്‍ന്നു എന്ന് മാര്‍ക്യൂസ് പിന്നീട് എഴുതി.

അന്ന്, 'വര്‍ഗ്ഗീയകലാപം' എന്ന് പറയാന്‍ പോലുമാകാതെ, നെഹ്‌റു തളർന്നുപോയത് വിഭജനവും, അതുണ്ടാക്കിയ അശാന്തിയും അത്രമേല്‍ കരൾ പിളർത്തുന്ന ഓര്‍മ്മകള്‍ ആയതുകൊണ്ടാണ്‌. ഒരു ദുസ്വപ്നമായിപ്പോലും ഇന്ത്യക്കാരെ വിഭജനത്തിന്റെ ഓര്‍മകള്‍ വേട്ടയാടരുത് എന്ന് കരുതിയാണ് അദ്ദേഹം എല്ലാ ഇന്ത്യക്കാരും ഒരുപോലെ അവകാശികളായ, അപരന്മാരില്ലാത്ത, ദേശസ്നേഹം തെളിയിക്കേണ്ട ബാധ്യത പൌരന്മാരില്‍ അടിച്ചേൽപ്പിക്കാത്ത ഒരു ആധുനികമതേതര റിപ്പബ്ലിക്കിന് അതീവ ശ്രദ്ധയോടെ രൂപം കൊടുത്തത്.

ഇന്ന്, നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യദിനം ‘വിഭജനഭയാനകത’ യുടെ ഓര്‍മ്മദിനമായി ആഘോഷിക്കാന്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി പറയുമ്പോള്‍ നെഹ്രുവിയന്‍ ഇന്ത്യയില്‍ നിന്ന് മോഡിഫൈഡ് ഇന്ത്യ എത്ര അകലെയാണെന്നു ഒന്നുകൂടി ബോധ്യമാവുകയാണ്. വൈവിധ്യങ്ങളുടെ ആഘോഷങ്ങളിൽ നിന്ന് ഏകത്വത്തിന്റെ പട്ടാഭിഷേകത്തിലേക്കുള്ള ദൂരം...

ഓർക്കണം, ഒരു സ്വാതന്ത്ര്യ പരമാധികാര രാഷ്ട്രമായുള്ള ഇന്ത്യയുടെ തുടക്കം തന്നെ ചരിത്രത്തിലെ അപൂര്‍വത ആണ്. വിഭജനത്തിന്റെയും, കലാപത്തിന്റെയും, പലായനത്തിന്റെയും ആഴമേറിയ മുറിവുകളും നീറ്റലും പേറി നടക്കുന്ന ദശലക്ഷക്കണക്കിനു ജനതയെ സ്വാതന്ത്ര്യത്തിന്റെയും, അവകാശങ്ങളുടെയും നീതിയുടെയും വിശാലമായ ലോകത്തേയ്ക്ക് കൈപിടിച്ച് നടത്തുമ്പോള്‍ മഹാത്മാഗാന്ധിയും, നെഹ്രുവും, പട്ടേലും അടങ്ങുന്ന നമ്മുടെ ദേശിയനേതാക്കന്മാരുടെ കൈയ്യില്‍ ഒരേയൊരു മൂലധനം മാത്രമാണ് ഉണ്ടായിരുന്നത് - ഇന്ത്യന്‍ ജനതയിലുള്ള അപാരമായ വിശ്വാസം എന്ന വന്‍ഹിമാലയം!

ആ സ്വപ്നത്തിലേക്കുള്ള യാത്രയിൽ വിഭജനത്തിന്റെ വിദൂരമായ ഓർമ്മകൾ പോലും നമ്മൾ മറന്നു. എന്നിട്ടും എന്തിനാണ് എന്നോ ഉണങ്ങിയ മുറിവുകളുടെ മാഞ്ഞു പോയ പാടുകളിൽ നമ്മൾ ഇപ്പോഴും ഭയാനകത തിരയുന്നത് എന്ന് മനസിലാകുന്നില്ല!

യൂറോപ്യന്‍ജനതയെ ആകമാനം ഒന്നിപ്പിച്ചു നിര്‍ത്തി ഒരു ദേശരാഷ്ട്രമാക്കുന്നതിലും എത്രയോ ഇരട്ടി ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു, വൈജാത്യങ്ങളുടെയും വൈവിധ്യങ്ങളുടെയും,അസമത്വത്തിന്റെയും നാടായ ഇന്ത്യക്ക് അനന്യമായ ഒരു സ്വതന്ത്ര്യഅസ്ഥിത്വം നല്‍കുക എന്നത്. ദാരിദ്ര്യവും, നിരക്ഷരതയും, ക്ഷാമവും, കലാപത്തോളം എത്തുന്ന സാമൂഹ്യവിഭജനവും നിറഞ്ഞുനില്‍ക്കുന്ന ഒരു രാഷ്ട്രശരീരത്തെ ജീവനാളം പോലെ സംരക്ഷിക്കാന്‍ ലോകചരിത്രത്തില്‍ വേറെ ഉദാഹരണങ്ങളോ പാഠങ്ങളോ ഇല്ലായിരുന്നു. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം കിട്ടിയ പല രാജ്യങ്ങളിലും ഇന്ന് ജനാധിപത്യം തകര്‍ന്നടിഞ്ഞു കഴിഞ്ഞു. എന്നിട്ടും ഇന്ത്യ ഒരുസ്വതന്ത്ര്യജനാധിപത്യപരമാധികാര രാഷ്ട്രമായി എഴുപത്തി അഞ്ചു കൊല്ലം നിലനിന്നു എന്നുള്ളത് സമാനതകള്‍ ഇല്ലാത്ത പ്രതിഭാസമാണ്. എന്തായിരുന്നു അതിനു കാരണം? ഒന്നേയുള്ളൂ. ഇന്ത്യ എന്ന ആധുനിക മതേതരരാഷ്ട്രത്തെ ഇന്നാട്ടിലെ ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നവും, പ്രതീക്ഷയും, ആശയവും ആക്കി പരിവര്‍ത്തനപ്പെടുത്താന്‍ നമ്മുടെ നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നു എന്ന മഹാസത്യം. സഹിഷ്ണുതയും, പരസ്പരവിശ്വാസവും, എല്ലാ ഇന്ത്യക്കാരനും ഒരേ പൈതൃകം പേറുന്ന തുല്യവ്യക്തികള്‍ ആണെന്നുള്ള ഉദാത്തമായ ബോധവും അവര്‍ നമുക്ക് പറഞ്ഞു തന്നു. ആ സ്വപ്നത്തിലേക്കുള്ള യാത്രയിൽ വിഭജനത്തിന്റെ വിദൂരമായ ഓർമ്മകൾ പോലും നമ്മൾ മറന്നു. എന്നിട്ടും എന്തിനാണ് എന്നോ ഉണങ്ങിയ മുറിവുകളുടെ മാഞ്ഞു പോയ പാടുകളിൽ നമ്മൾ ഇപ്പോഴും ഭയാനകത തിരയുന്നത് എന്ന് മനസിലാകുന്നില്ല!

ഒരിക്കലും വിഭജനത്തിന്റെ ഭയാനകതയോ, ഹൃദയം പിളര്‍ക്കുന്ന ആ ഓര്‍മകളോ അല്ല നമ്മെ മുന്നോട്ട് നയിക്കേണ്ടത്. ജനാധിപത്യത്തിലും, നീതിയിലും, സംവാദത്തിലും, ബഹുസ്വരതയിലും, സര്‍വോപരി ഇതെല്ലാം സംരക്ഷിക്കുന്ന ഭരണഘടനയിലും ഉള്ള അചഞ്ചലമായ വിശ്വാസമാണ്. ഏതു കൊടുങ്കാറ്റിലും പേമാരിയിലും,കൂരിരുട്ടിലും ആ വിശ്വാസത്തിന്റെ ചെറിയ തിരിനാളങ്ങള്‍ കെടാതെ സൂക്ഷിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ഈ സ്വാതന്ത്ര്യദിനത്തില്‍ ആശംസിക്കുന്നു. ജയ് ഹിന്ദ്‌.

രാജ് ബി ഷെട്ടി ഇനി ത്രില്ലറിൽ, ഒപ്പം അപർണ്ണ ബാലമുരളിയും; രുധിരത്തിന്റെ ടീസർ പുറത്ത്

ആ ഹിറ്റ് ​പാട്ടിന്റെ ഹിന്ദി പതിപ്പ് ആദ്യം പാടിയത് ഞാനാണ്, പക്ഷേ പരാതി വന്നപ്പോൾ‌ മറ്റൊരാളെക്കൊണ്ട് മാറ്റി പാടിച്ചു: കെഎസ് ചിത്ര

’വല്ല്യേട്ടൻ’ സിനിമയിലെ അപൂർവ്വ ലൊക്കേഷൻ ചിത്രങ്ങൾ

പെര്‍ത്തില്‍ ആധികാരിക വിജയം, ന്യൂസിലന്‍ഡില്‍ നിന്നേറ്റ പരുക്കിന് കണക്ക് തീര്‍ത്തത് ഓസീസിനോട്; ഈ വിജയം ബുംറയുടേത്

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്, മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ലല്ലോ; ഇന്റിമേറ്റ് രംഗങ്ങളിൽ പ്രതികരണവുമായി ദിവ്യപ്രഭ

SCROLL FOR NEXT