Opinion

ശശി തരൂരും ഇന്ത്യൻ ജനാധിപത്യവും

ശശി തരൂർ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മുന്നിലെ പ്രതീക്ഷയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയൊരു ദിശാബോധം നൽകാൻ കഴിയുന്ന ഈ നേതാവിനെ കോൺഗ്രസ് കൈവിടുമോ? നിരൂപകൻ എൻ.ഇ സുധീർ എഴുതുന്നു.

"The Congress must rejuvenate itself, bringing in fresh faces and young blood into its leadership at all levels—village, block, district, and state as well as national. Young Indians must believe we understand their aspirations and can be trusted to promote them in government. Our ideology assures them we do. We should broadcast it proudly and aloud across the nation."

ശശി തരൂർ ഈ വാചകം എഴുതിയത് വർഷങ്ങൾക്ക് മുമ്പാണ്. 2021 ൽ പ്രസിദ്ധീകരിച്ച 'Pride Prejudice & Punditiry' എന്ന പുസ്തകത്തിലെ 'THE CONVICTIONS OF THE INDIAN NATIONAL CONGRESS ' എന്ന ലേഖനത്തിലാണ് ഞാനിത് വായിച്ചത്. കോൺഗ്രസിനെ കാലോചിതമായി പരിഷ്ക്കരിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനാധിപത്യ മൂല്യങ്ങളോട്‌ ചേർത്തു നിർത്താൻ ആഗ്രഹിച്ച ഒരു നേതാവാണ് അദ്ദേഹം. ഇന്ത്യൻ ജനതയോട് ഇതൊക്കെ അഭിമാനപൂർവ്വം ഉറക്കെപ്പറയുമ്പോൾ മാത്രമെ രോഗശയ്യയിലായിരിക്കുന്ന ഇന്ത്യൻ ജനാധിപത്യം സടകുടഞ്ഞെഴുന്നേറ്റ് പുതിയ ദിശാബോധത്തോടെ മുന്നേറുകയുള്ളൂ എന്നദ്ദേഹത്തിനറിയാം.

Shashi Tharoor

ഇന്ത്യയെ ഇപ്പോൾ ഭരിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രപരമായി പഴഞ്ചനും രാഷ്ട്രീയ പ്രക്രിയകളിൽ ആധുനികനും ആണ്. അതുകൊണ്ടാണ് രാഷ്ട്രീയ മുന്നേറ്റങ്ങളിൽ കോൺഗ്രസ്സിനെ അവർക്ക് തറപ്പറ്റിക്കാൻ സാധിച്ചു കൊണ്ടിരിക്കുന്നത്. അതേ സമയം കോൺഗ്രസാകട്ടെ വലിയ പാരമ്പര്യത്തിൻ്റെ ഭാണ്ഡക്കെട്ടും പേറി ഒട്ടും നവീകരിക്കപ്പെടാതെ നിരങ്ങി നീങ്ങിക്കൊണ്ടിരിക്കുകയാണ്.

എന്തോ ഒരു മടുപ്പ് കോൺഗ്രസ്സുകാരെയെല്ലാം നിഷ്ക്രിയരാക്കുന്നുണ്ട്. ഇതിനാണ് മാറ്റം വരേണ്ടത്. ഇതിനു മാറ്റമുണ്ടാവാതെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു സക്രിയ സാന്നിധ്യമായി മാറാൻ കോൺഗ്രസിന് സാധിക്കുകയില്ല. ഈ മാറ്റത്തിനിനിയും വൈകിക്കൂട. ഈ രാഷ്ട്രീയ ബോധ്യത്തിൻ്റെ പ്രതിനിധിയായാണ് ശശി തരൂർ ഇന്നിപ്പോൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തരൂർ മാറ്റത്തിൻ്റെ പ്രതിനിധിയാണ്. നെഹ്റു കുടുംബത്തിൻ്റെ അനൗദ്യോഗിക പ്രതിനിധിയായി മത്സരിക്കുന്ന (അങ്ങനെയാണ് കരുതപ്പെടുന്നത്) മല്ലികാർജുൻ ഖാർഗെ പാരമ്പര്യവാദികളുടെ പ്രതിനിധിയും. ഇവരിലാര് എന്ന ചോദ്യം രാജ്യം ഉറ്റുനോക്കുന്നുണ്ട്.

Mallikarjun Kharge

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിരന്തരം പരാജയങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ നാഡികളിൽ കോൺഗ്രസ്സ് ഒരു ചാലകശക്തിയായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്.

അവരത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമോ? അതിനവരാദ്യം ചെയ്യേണ്ടത് നിലവിലെ ഹൈക്കമാൻ്റ് രീതി ഉപേക്ഷിക്കുകയാണ്. സോണിയ - രാഹുൽ പ്രതിനിധികൾക്ക് അങ്ങനെയൊരു മാറ്റം ചിന്തയിൽ പോലും ഉണ്ടാവുകയില്ല. ആ കുടുംബാധികാരത്തോട് സ്വാഭാവികമായ വിധേയത്വം കൊണ്ടു നടക്കാത്ത ഒരാൾക്കു മാത്രമേ നിലവിലെ സംവിധാനത്തെ ഉടച്ചുവാർത്ത് മുന്നേറാൻ കഴിയുകയുള്ളൂ. അതിന് കഴിയുന്ന ഒരാൾ എന്നതാണ് ശശി തരൂരിൻ്റെ പ്രസക്തി. പുതിയ ആശയങ്ങൾ നേതൃത്വം മുന്നോട്ടു വെക്കേണ്ടതുണ്ട്. പുതിയ പ്രവർത്തന രീതികൾ സ്വീകരിക്കേണ്ടതുണ്ട്. തരൂർ ഇതേപ്പറ്റിയൊക്കെ വർഷങ്ങളായി ചിന്തിച്ചുക്കൊണ്ടിരിക്കുന്നു.

അദ്ദേഹത്തിനെതിരെ പൊതുവിൽ പാരമ്പര്യവാദികൾ മുന്നോട്ടു വെക്കുന്ന ഒരു ന്യൂനത രാഷ്ട്രീയ പ്രവർത്തനങ്ങളിലെ പരിചയക്കുറവാണ്. കേൾക്കുമ്പോൾ ശരിയാണെന്നു തോന്നുമെങ്കിലും വസ്തുതാപരമായി ഇതൊരു അസംബന്ധ വാദമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ എറ്റവും സജീവമായ, ഏറ്റവും പ്രവർത്തനക്ഷമമായ രാഷ്ടീയ പ്രവർത്തനം കാഴ്ചവെച്ച ഒരു നേതാവിനെക്കുറിച്ചാണ് ഈ ആരോപണമുന്നയിക്കുന്നത് എന്നാലോചിക്കണം. തിരുവനന്തപുരം പോലുള്ള ഒരു ലോകസഭാ മണ്ഡലത്തിൽ തുടർച്ചയായി മൂന്നു തവണയായി വലിയ ജനപിന്തുണയോടെ പാർലമെൻ്റിലെത്തിയ നേതാവിനെപ്പറ്റിയാണ് പറയുന്നത് എന്നെങ്കിലും ഓർക്കണം. മറ്റേത് നേതാവിനാണ് ഇത്തരമൊരു രാഷ്ട്രീയ ബലം അവകാശപ്പെടാനാവുക ? ഇത് ജനമനസ്സിനൊപ്പം നീങ്ങാനുള്ള കഴിവായി വേണം കരുതാൻ. അഥവാ തരൂരിനെപ്പോലുള്ള നേതാക്കളെ ജനത ആഗ്രഹിച്ചു തുടങ്ങി എന്നു വേണം വായിച്ചെടുക്കാൻ.

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ തരൂരിൻ്റെ എതിരാളിയായി മത്സരരംഗത്തുള്ള മല്ലികാർജുൻ ഖാർഗെ എന്ന അതികായനായ നേതാവ് ഇന്നിപ്പോൾ രാജ്യസഭയിലെത്തേണ്ടി വന്നത് ഗുൽഭർഗ മണ്ഡലത്തിൽ 2019ലെ ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വോട്ടിന് ബി.ജെ.പി എതിരാളിയോട് പരാജയപ്പെട്ടതുകൊണ്ടാണ്. മത്സരസമയത്ത് അതദ്ദേഹത്തിൻ്റെ നിലവിലെ മണ്ഡലവുമായിരുന്നു. കർണ്ണാടകത്തിലെ കോൺഗ്രസ് പ്രസിഡണ്ട് കൂടിയായിരുന്ന സമുന്നത നേതാവാണ് അദ്ദേഹം എന്നോർക്കണം. ജനങ്ങളോടൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടും ഒടുവിൽ ജനം തള്ളിക്കളഞ്ഞു എന്നതും യാഥാർത്ഥ്യമാണ്. ഈ യാഥാർത്ഥ്യം കോൺഗ്രസ് പ്രവർത്തകർ കാണാതിരിക്കരുത്.

പാർലമെൻ്ററി പരിചയത്തിലും തരൂർ ഒരുപടി മുന്നിലാണ്. ഇതൊന്നുമല്ല പ്രധാനമെങ്കിലും തരൂരിനെ കുറച്ചു കാണുന്നവരുടെ മുന്നിലേക്ക് മറുവാദം എന്ന നിലയിൽ പറയാമെന്നു മാത്രം. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ദേശീയ രാഷ്ട്രീയത്തിൽ തരൂരിനുള്ള പ്രവർത്തന പരിചയം പോലും എതിർ സ്ഥാനാർത്ഥിക്ക് അവകാശപ്പെടാനില്ല. തരൂരിനെതിരേ മറ്റൊന്നും പറയുവാനില്ലാത്തതു കൊണ്ട് ഇങ്ങനെയൊരു ആരോപണം യാഥാസ്ഥിതിക നേതാക്കൾ പറഞ്ഞു പരത്തുന്നു എന്നു മാത്രം. സത്യത്തിൽ ഇങ്ങനെയൊരു വാദം മുതിർന്ന നേതാക്കളിൽ നിന്നും വരരുതായിരുന്നു.

പ്രായം കൊണ്ട് ഖാർഗെ വളരെ സീനിയറാണെന്നത് നേരാണ്. ഇപ്പോൾ 80 വയസ്സു കഴിഞ്ഞിരിക്കുന്നു. സത്യത്തിൽ അതൊരു അയോഗ്യതയായി വേണം കരുതാൻ.

52 കാരനായ രാഹുൽ ഗാന്ധി വിസമ്മതിച്ചതുകൊണ്ട് പാർട്ടി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന നേതാവാണ് ഈ എൺപതുകാരൻ. ഇന്ദിരാഗാന്ധി ആദ്യമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുമ്പോൾ അവരുടെ പ്രായം വെറും 42 ആയിരുന്നു. അതും 1959-ൽ! ഇന്നിപ്പോൾ 2022 ൽ ആ സ്ഥാനത്തേക്ക് കോൺഗ്രസ് ഒരെൺപതുകാരനെത്തേടിപ്പോയതെന്തിന് എന്ന് പുതിയ തലമുറ ചോദിക്കുക തന്നെ ചെയ്യും. അവിടെയും ശശി തരൂരിൻ്റെ പ്രസക്തി ഏറുകയാണ്. മറുഭാഗത്തുള്ള രാഷ്ട്രീയ എതിരാളികളാവട്ടെ 72 കാരനായ മോദിയും 57 കാരനായ അമിത് ഷായുമൊക്കെയാണ്. ഇവിടെയൊക്കെ ഉയരുന്ന ചോദ്യം കോൺഗ്രസ് പാർട്ടിയിലെ വോട്ടർമാർക്ക് ചിന്താശേഷിയുണ്ടോ എന്നതാണ്.

Modi, Amit shah

നിലവിലെ യുവതലമുറയെ ധൈഷണികമായി പ്രചോദിപ്പിക്കുവാനുള്ള തരൂരിൻ്റെ കരുത്ത് എതിരാളികൾ പോലും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല. പ്രഭാഷകൻ, എഴുത്തുകാരൻ, ചിന്തകൻ തുടങ്ങിയ നിലകളിലെ അദ്ദേഹത്തിൻ്റെ കഴിവുകൾ ലോകാംഗീകാരം നേടിയിട്ടുള്ളതുമാണ്. ആധുനികമായ ജനാധിപത്യ സംവാദങ്ങൾക്ക് തുടക്കം കുറിക്കാൻ ശശി തരൂരിന് സാധിക്കും. അതു തന്നെയാണ് ഇന്ത്യയെ ആധുനികമാക്കാൻ ഇന്നിപ്പോൾ ആവശ്യവും. ഇന്ത്യ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ആധുനികമാവാതെ മുരടിച്ചു നിന്നു പോയതുകൊണ്ടാണ് നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥുമൊക്കെ സ്വീകാര്യരാവുന്ന ഒരു രാഷ്ട്രീയം ഇവിടെ ഉയർന്നു വന്നത്. ആ തിരിച്ചറിവിലേക്ക് കോൺഗ്രസ് എത്തിയോ എന്നതാണ് ഇപ്പോൾ നമ്മൾ ചോദിക്കേണ്ട പ്രധാന ചോദ്യം. അക്കാര്യത്തിലെ കുറ്റബോധം കോൺഗ്രസ്സിൻ്റെ ചിന്താശേഷിയെ മുരടിപ്പിച്ചു നിർത്തിയിരിക്കുന്നു. സ്വയം വിമർശനവും ഏറ്റുപറച്ചിലും നടത്താതെ മുന്നോട്ടുള്ള യാത്ര അസാധ്യമായിരിക്കുന്നു. പുതിയ നേത്യത്വത്തിന് അതിനു സാധിക്കണം.

രാഷ്ടീയത്തിൻ്റെ സ്വഭാവത്തിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റം, പൊതുപ്രവർത്തനങ്ങളെ വിലയിരുത്തപ്പെടുന്ന രീതികളിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റം, ഡിജിറ്റൽ വിപ്ലവം മനുഷ്യരുടെ കാഴ്ചപ്പാടുകളിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റം ഇതൊക്കെ ഉൾക്കൊണ്ടു വേണം ഇനിയങ്ങോട്ട് രാഷ്ട്രീയ പ്രവർത്തനം നടത്താൻ . അതിനൊക്കെ കരുത്തുള്ള ഒരാൾ വേണം കോൺഗ്രസ് പ്രസ്ഥാനത്തെ നയിക്കാൻ. ഇത് 2024-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാത്രം നടത്തേണ്ട ഒരു മാറ്റമല്ല. തരൂർ തന്നെ സൂചിപ്പിച്ചതു പോലെ അക്കാര്യത്തിൽ വൈകിപ്പോയിരിക്കുന്നു എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. അതിലുപരിയായി ഇന്ത്യ എന്ന രാഷ്ട്രം മുന്നോട്ടുവെച്ച മൂല്യങ്ങളെ നിലനിർത്താൻ, ജനാധിപത്യത്തെ നവീകരിച്ച് ശക്തിപ്പെടുത്താൻ കോൺഗ്രസിന് പുതിയൊരു നേതൃത്വം വേണം. പുതിയ പ്രവർത്തന പദ്ധതികൾ വേണം. അതിനൊക്കെക്കൂടി വേണ്ടിയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ഒരു വേള പരാജയങ്ങളെ നേരിടാനും അപ്പോഴും തളരാതെ പാർട്ടിയെ നയിക്കാനും പ്രാപ്തിയുള്ള ഒരാളെ.

കോൺഗ്രസിൻ്റെ മുന്നിൽ നിലവിലുള്ള മികച്ച ഒരു സാധ്യതയായി ശശി തരൂരിനെ നോക്കികാണുന്ന കോൺഗ്രസുകാരനല്ലാത്ത ഒരാളാണ് ഈ ലേഖകൻ. ഇന്ത്യൻ ജനാധിപത്യത്തിന് പുതിയൊരു ദിശാബോധം നൽകാൻ കഴിവുള്ള ഒരാൾ എന്ന നിലയിലാണ് ഞാനദ്ദേഹത്തെ കാണുന്നത്. ഇന്ത്യയുടെ മുന്നിലെ വൻവിപത്തിനെ മനസ്സിലാക്കുകയും അതിനെ കാര്യപ്രാപ്തിയോടെ പ്രവർത്തിച്ച് മറികടക്കാൻ കഴിയും എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ 66 കാരൻ. ഈ ഒക്ടോബർ 17 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എണ്ണായിരത്തിലധികം വരുന്ന കോൺഗ്രസ് പ്രതിനിധികൾ ഈ സുവർണ്ണാവസരം വേണ്ട വിധം വിനിയോഗിക്കുമോ? ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൻ്റെ വിധിയുമായി മാത്രമല്ല; ഇന്ത്യ എന്ന ആശയത്തിൻ്റെ വിധിയുമായി ബന്ധപ്പെട്ട ചോദ്യമാണ്. ശശി തരൂറിനെപ്പോലൊരാൾ കോൺഗ്രസിൻ്റെ നേതൃത്വത്തിലേക്ക് വരിക എന്നത് കാലഘട്ടം ആവശ്യപ്പെടുന്ന ഒരു മാറ്റമാണ്. അല്ലാതെവന്നാൽ കോൺഗ്രസിന് ചരിത്രതാളുകളിലേക്ക് പിൻവാങ്ങുകയേ നിർവ്വാഹമുള്ളൂ. കാലവും ഇന്ത്യൻ രാഷ്ട്രീയവും മറ്റൊരു വഴിയിലേക്ക് യാത്ര തുടരുകയും ചെയ്യും. നിലനിൽക്കാനായുള്ള ഒരവസാനശ്രമം എന്ന നിലയിൽ ഈ മാറ്റം കോൺഗ്രസിന് അനിവാര്യമായിരിക്കുന്നു. വിധേയത്വത്തേക്കാൾ വിവേകം കോൺഗ്രസ്സുകാരെ നയിക്കട്ടെ എന്നാഗ്രഹിക്കുവാനേ നമുക്കൊക്കെ കഴിയൂ.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT