Opinion

'അവരോട് പണം വാങ്ങുന്ന കാര്യം ഒരിക്കല്‍ പോലും ചര്‍ച്ചയായിരുന്നില്ല', നരേന്ദ്രമോദിയും വിപി സിംഗും രണ്ട് എയര്‍ലിഫ്റ്റുകള്‍

1990ല്‍ ഇറാഖ് അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ അകപ്പെട്ടുപോയ ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് എത്തിക്കുമ്പോള്‍, അവരുടെ കയ്യില്‍നിന്ന് ടിക്കറ്റിനുള്ള പണം ഈടാക്കണം എന്ന് ഒരു ഘട്ടത്തില്‍ പോലും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് ആലോചിച്ചിരുന്നില്ല. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ തിരികെയെത്തിക്കുന്ന ആളുകളുടെ കയ്യില്‍ നിന്ന് മോദി സര്‍ക്കാര്‍ പണം ഈടാക്കുന്നത് ചര്‍ച്ചയാകുമ്പോള്‍ വി.പി. സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന പ്രേം ഷങ്കര്‍ ഝാ എഴുതിയത്.

'ദി വയര്‍' -ല്‍ പ്രേം ഷങ്കര്‍ ഝാ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ഗോകുല്‍.കെ.എസ് തയ്യാറാക്കിയത്

ലോക്ഡൗണിനെ തുടര്‍ന്ന് അതിന്റെ സാമ്പത്തികവും മാനുഷികവുമായ അനന്തരഫലങ്ങള്‍ പ്രതിഫലിച്ചു തുടങ്ങിയ ഘട്ടം മുതല്‍ മോദി സര്‍ക്കാര്‍ ഇത്രയും ഹൃദയശൂന്യരും വിവേകശൂന്യരും ആണോയെന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. ആദ്യം ഞാന്‍ കരുതിയത് വിവേകശൂന്യത ആയിരിക്കുമെന്നാണ് (നല്ല അര്‍ത്ഥത്തില്‍). എന്നാല്‍ ഇന്ത്യയിലെ പാവങ്ങളുടെ ദുരിതങ്ങളും, ആശങ്കകളും, പട്ടിണിയും പരിഹരിക്കാന്‍ ഇത്രയും ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കം പോലും ഉണ്ടാകാതെയിരുന്നപ്പോള്‍ വൈമനസ്യത്തോടെയാണെങ്കിലും ഞാന്‍ ഈ സര്‍ക്കാരിന് 'ഹൃദയം എന്നൊന്നില്ല' എന്ന നിഗമനത്തിലെത്താന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണ്.

കോടികണക്കിന് ദിവസവേതന ജോലിക്കാരുടെ ഉപജീവനത്തെയും വരുമാനമാര്‍ഗ്ഗത്തിനെയും ഇല്ലാതാക്കുന്ന തരത്തില്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ സര്‍ക്കാര്‍ ആദ്യം പരിഗണിക്കേണ്ടിയിരുന്ന വിഷയം - അവര്‍ജോലിയില്ലാതിരിക്കുന്ന കാലയളവില്‍ എങ്ങനെ അവരെ സംരക്ഷിക്കാനാകും എന്നാണ്. രണ്ടാമതായി പരിഗണിക്കേണ്ടിയിരുന്ന വിഷയം - സമ്പത്ത് വ്യവസ്ഥയുടെ പ്രവര്‍ത്തനയന്ത്രങ്ങളായി കണക്കാക്കപ്പെടുന്ന കടകള്‍, ഫാക്ടറികള്‍, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവ ഈ പ്രതിസന്ധി ഘട്ടം കഴിയുമ്പോള്‍ ഏങ്ങനെ കാര്യക്ഷമമായി ഉടനടി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയും, അതിനായി ഈകാലയളവില്‍ എന്ത് ചെയ്യാന്‍ ആകും എന്നതാണ്.

നയങ്ങള്‍ രൂപീകരിക്കുന്ന ആളുകളുടെ മനസ്സില്‍ തീര്‍ച്ചയായും ഈ രണ്ട് ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടാകും. എന്നാല്‍ അവരുടെ ചോദ്യങ്ങള്‍ തള്ളികളയുകയാണ് ഏറെകുറേ നരേന്ദ്ര മോദി ചെയ്തത്. പകരം നാല് മണിക്കൂര്‍ മുന്‍പ് മാത്രം നോട്ടീസ് നല്‍കി, ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം ഈ രാജ്യത്തെ നിശ്ചലമാക്കി.

കൊറോണാ വൈറസ് വ്യാപനം തടയാന്‍ അതിനെ മുളയിലേ നുള്ളി കളയാനാണ് ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത് എന്ന് നമ്മള്‍ ആദ്യം കരുതി. പക്ഷേ ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ നമ്മള്‍ കണ്ടത് പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ കൂടുന്നതും, സാമ്പത്തിക സഹായത്തിനായുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ ഇരട്ടിക്കുന്നതും, ക്രമാതീതമായി കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതുമാണ്. ഇപ്പോള്‍ നമ്മളെല്ലാവര്‍ക്കും പരിചിതമായ ദയയില്ലാത്ത മൗനം മോദി തുടരുമ്പോള്‍, ഇടയ്ക്കിടെ വന്ന് ദീപം കൊളുത്താനും പാത്രം ഇട്ടടിക്കാനും ആഹ്വാനം ചെയ്യുകയോ അല്ലെങ്കില്‍ മിലിറ്ററി എയര്‍ക്രാഫ്റ്റ് വഴി പുഷ്പവൃഷ്ടി നടത്തുന്നതിന് നിര്‍ദേശം നല്‍കുകയോ മാത്രം ചെയ്യുമ്പോള്‍, ഇവിടെ നടക്കുന്നതൊന്നും അദ്ദേഹത്തിന് ഒരു വിഷയമേ അല്ലേ എന്ന ആശങ്ക കൂടി വരികയാണ്.

പലയിടത്തായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ അവരുടെ വീടുകളില്‍ എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനിയും പണമടയ്ക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ തന്നെ എനിക്ക് ഇക്കാര്യത്തില്‍ പിന്നെ വേറെ ഉറപ്പിന്റെ ആവശ്യമില്ല. 1990 -ല്‍ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് കുവൈറ്റില്‍ അകപ്പെട്ട 1,11,000 ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതില്‍ വി.പി. സിംഗ് സര്‍ക്കാര്‍ കൈകൊണ്ട നടപടികളും ഇപ്പോള്‍ നടക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ എന്റെ വിശ്വാസം കൂടുതല്‍ ശരിയാണെന്ന് ഞാന്‍ കരുതുന്നു.

അദ്ദേഹം പാവങ്ങളോട് പറയുന്നത് മറ്റാരെയും ആശ്രയിക്കാതെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനാണ്. ഒരുപക്ഷേ 'ഹിന്ദുരാഷ്ട്ര'യെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ അനുയായികള്‍ പോലും ഇങ്ങനെ ഒരു വശം അതിനുണ്ട് എന്ന് ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല

1990ല്‍ വി.പി സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായി ഇരിക്കുമ്പോള്‍ നിര്‍ണായക ഘട്ടത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് ഓര്‍മ്മ വരുന്നു. ഇറാഖ് അധിനിവേശത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന വിദേശനാണയ വിനിമയ പ്രതിസന്ധിയെ കുറിച്ചോര്‍ക്കുന്നതിന് മുന്‍പ് തന്നെ, അദ്ദേഹം ചിന്തിച്ചത് കുവൈറ്റില്‍ ജോലി ചെയ്തു കൊണ്ടിരുന്ന 1,70,000 ഇന്ത്യക്കാരുടെ സുരക്ഷയെ കുറിച്ചാണ്. അവിടെയുള്ള ഇന്ത്യക്കാരുടെ ജീവന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ആകുലപ്പെടേണ്ടതില്ല എന്ന് സദ്ദാം ഹുസൈന്‍ ഉറപ്പ്‌നല്‍കിയെങ്കിലും, പ്രവാസികളായ ഇന്ത്യക്കാരുടെ ആവശ്യം തിരിച്ച് നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു. കുവൈറ്റില്‍ നിന്ന് അവരെ ഇക്കരെ എത്തിക്കുന്നത് ഏറെ പ്രയാസകരമാണെന്നിരിക്കെ, സിംഗ് സദ്ദാമുമായിനേരിട്ട് ബന്ധപ്പെട്ട് ഇന്ത്യക്കാരെ കരമാര്‍ഗ്ഗം ബസ്രയില്‍ നിന്ന് 1120 കിലോമീറ്റര്‍ അകലെയുള്ള അമ്മാനില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും, അവിടെ നിന്ന് വിമാനമാര്‍ഗ്ഗം നാട്ടിലെത്തിക്കുകയും ചെയ്തു.

വാണിജ്യ ഗതാഗത സേവനങ്ങള്‍ക്കായിട്ടുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനങ്ങളെടുക്കാതെ ഇന്ത്യന്‍ എയര്‍ലൈന്‍സിനോട് സഹായം അഭ്യര്‍ത്ഥിച്ചു. അന്ന് പുതിയതായി വാങ്ങിച്ചിട്ടുണ്ടായിരുന്ന രണ്ട് എയര്‍ബസ് എ 320 മാത്രമാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിനുണ്ടായിരുന്നത്. അതില്‍ ഒരെണ്ണം അഞ്ച് മാസങ്ങള്‍ക്ക് മുന്നേ കോക്പിറ്റ് ഡിസൈനില്‍ പൈലറ്റിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലം ബാംഗ്ലൂരില്‍ വച്ച് തകരാറിലാകുകയും ചെയ്തു. മറ്റേത് നിലത്ത് തന്നെ. ഇതിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ സിവില്‍ ഏവിയേഷന്‍ നിയമങ്ങളും ലംഘിക്കപ്പെട്ടു.

കുവൈറ്റിലുള്ള ഇന്ത്യക്കാരെ തിരിച്ചു അവരുടെ വീടുകളിലേക്ക് എത്തിക്കുക എന്നുള്ളത് തന്റെ സര്‍ക്കാരിന്റെ ഉത്തരവാദിത്വവും ആണെന്നും, രാഷ്ട്രീയ ചരടുവലികള്‍ക്ക് ഇരയാകേണ്ടവര്‍ അല്ല അവരെന്നും വി.പി സിംഗിനു അറിയാമായിരുന്നു. അതുകൊണ്ട് അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങണമോ എന്ന ചോദ്യം പോലും ഒരു ഘട്ടത്തിലും ഉയര്‍ന്നു വന്നില്ല. ഇന്ത്യയുടെ ദരിദ്ര-സൂചികകള്‍ പ്രകാരം അവരാരും പാവപ്പെട്ടവര്‍ ആയിരുന്നില്ല താനും.

തുടര്‍ന്നുള്ള രണ്ട് മാസങ്ങളില്‍ തുടര്‍ച്ചയായി ദിവസേന 16 മുതല്‍ 18 മണിക്കൂര്‍ സര്‍വ്വീസ് നടത്തി 1,11,000 - അധികം പ്രവാസികളെ ഈ എയര്‍ക്രാഫ്റ്റ് നാട്ടിലെത്തിച്ചു. 488 യാത്രകളാണ് അവിടെ നിന്ന് ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും നടത്തിയത്. ലോകത്തെ എക്കാലത്തെയും വലിയ ഏയര്‍ലിഫ്റ്റ് ഓപ്പറേഷനായിരുന്നു അത്.

വിദേശനാണയ വിനിമയ പ്രതിസന്ധിയിലേക്ക് ഇന്ത്യ മുങ്ങി പോകുമ്പോഴും, ഈ ഓപ്പറേഷന്‍ നടത്താന്‍ ഒരു ബില്യണ്‍ ഡോളറിനു അടുത്ത് ചിലവ് വരുമ്പോഴും, ഒരിക്കല്‍ പോലും ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളുടെ കയ്യില്‍ നിന്ന് പണം വാങ്ങുന്ന കാര്യത്തില്‍ വി.പി. സിംഗോ ഇന്തര്‍ കുമാര്‍ ഗുജറാളോ ഒരു ചര്‍ച്ച പോലും, ഔദ്യോഗികമായോ അല്ലാതയോ, നടത്തിയതായി എന്റെ ഓര്‍മ്മയില്‍ ഇല്ല.

അന്നത്തെ വി.പി സിംഗിന്റെ പ്രവര്‍ത്തനരീതിയും ഇന്നത്തെ മോദിയുടെ രീതിയും തമ്മിലുള്ള വ്യത്യാസം, രാഷ്ട്രീയപരമായിട്ടായാലും സാമ്പത്തികപരമായിട്ടായാലും, പ്രായോഗിക കണക്കുക്കൂട്ടലുകള്‍ക്കു അനുസരിച്ചായിരുന്നില്ല. ഇന്ത്യയുടെ വിദേശനാണയ വിനിമയത്തില്‍ ഇന്ന് ആശങ്കകള്‍ ഉണ്ടാകാം, പക്ഷേ ഒരിക്കലും അന്നുണ്ടായിരുന്ന പോലെ ഒരു തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ട സാഹചര്യം നിലവില്‍ ഇന്ത്യക്കു ഇല്ല. രാജ്യത്തെ ബാങ്കുകള്‍ തകരാതെ ഇരിക്കാന്‍ ഹ്രസ്വകാലത്തേക്ക് നല്‍കുന്ന വായ്പകള്‍ക്ക് ജാമ്യമായി റിസര്‍വ് ബാങ്ക് സൂക്ഷിക്കുന്ന 55 ടണ്‍ സ്വര്‍ണവും പണയപ്പെടുത്തേണ്ടി വരുമെന്ന അസ്വീകാര്യമായ നിഗമനത്തിലേക്ക് വി.പി സിംഗ് എത്തിയിരുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍ ഓരോ വിദേശ നാണയത്തിനും അതിന്റേതായ വിലയുണ്ടായിരുന്നു.

1990 ഓഗസ്റ്റ് 2 -നു കുവൈറ്റിലേക്ക് ഇറാഖ് കടന്നുകയറ്റം നടത്തുമ്പോള്‍, ന്യൂനപക്ഷ സര്‍ക്കാരിനെയാണ് വി.പി സിംഗ് നയിച്ചിരുന്നത്. അത് മാത്രമല്ല, ഒരു മാസം മുന്‍പ് മാത്രമാണ് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് അദ്ദേഹം, ഒക്ടോബര്‍ 30 -നു അദ്വാനിയുടെ 'രഥയാത്ര' അവസാനിക്കുമ്പോള്‍ തന്റെ സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ ബി.ജെ.പി ഒരു രഹസ്യ സമ്മേളനത്തില്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു എന്ന വിവരം അറിയുന്നത്. എന്താണോ സംഭവിക്കാന്‍ പോകുന്നത് അതിനെ അദ്ദേഹം ചെയ്തതോ ചെയ്യാത്തതോ മാറ്റാന്‍ പോകുന്നില്ല.

കുവൈറ്റിലുള്ള ഇന്ത്യക്കാരെ തിരിച്ചു അവരുടെ വീടുകളിലേക്ക് എത്തിക്കുക എന്നുള്ളത് തന്റെ സര്‍ക്കാരിന്റെ ഉത്തരവാദിത്വവും ആണെന്നും, രാഷ്ട്രീയ ചരടുവലികള്‍ക്ക് ഇരയാകേണ്ടവര്‍ അല്ല അവരെന്നും വി.പി സിംഗിനു അറിയാമായിരുന്നു. അതുകൊണ്ട് അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങണമോ എന്ന ചോദ്യം പോലും ഒരു ഘട്ടത്തിലും ഉയര്‍ന്നു വന്നില്ല. ഇന്ത്യയുടെ ദരിദ്ര-സൂചികകള്‍ പ്രകാരം അവരാരും പാവപ്പെട്ടവര്‍ ആയിരുന്നില്ല താനും.

ഇതിനു തികച്ചു വിപരീതമായി, ഇന്ത്യയിലെ പാവപെട്ടവരോട് നരേന്ദ്രമോദിക്ക് അഗാധമായ ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ടാകണം. കാരണം അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ആണ് അവരെ നിര്‍ബന്ധിതമായി വീടുകളിലേക്ക് കൂട്ടപ്പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പക്ഷേ അദ്ദേഹമോ, സംഘപരിവാറിലുള്ള മറ്റാരെങ്കിലുമോ ഒരിക്കലും ഇത് സമ്മതിക്കുകയില്ല. മറിച്ച് അദ്ദേഹം പാവങ്ങളോട് പറയുന്നത് മറ്റാരെയും ആശ്രയിക്കാതെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനാണ്. ഒരുപക്ഷേ 'ഹിന്ദുരാഷ്ട്ര'യെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ അനുയായികള്‍ പോലും ഇങ്ങനെ ഒരു വശം അതിനുണ്ട് എന്ന് ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT