ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഇടത്തേക്കാണ് ഇത്തരം വിധികളും അതുവഴി നമ്മുടെ ജനാധിപത്യവും പോയിക്കൊണ്ടിരിക്കുന്നത്.
ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി ദൗര്‍ഭാഗ്യകരമാണ്. ഈ വിധിയെ നിസംഗതയോടെ നോക്കിക്കാണുകയും ഇത് പ്രതീക്ഷിച്ചതായിരുന്നു എന്ന് പറയുകയും ചെയ്യുന്ന വലിയൊരു കൂട്ടം മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ടാകുന്നു എന്നതും അത്ര തന്നെ ആശങ്കയുണ്ടാക്കുന്നതാണ്. എന്തെന്നാല്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഇടത്തേക്കാണ് ഇത്തരം വിധികളും അതുവഴി നമ്മുടെ ജനാധിപത്യവും പോയിക്കൊണ്ടിരിക്കുന്നത്.
കോടതി പുറപ്പെടുവിച്ച വിധി ന്യായത്തില്‍ പ്രധാനമായും നാല് വിഷയങ്ങളാണ് പരിഗണിച്ചതായി കാണുന്നത്.
ഒന്നാമത്തേത് ആര്‍ട്ടിക്കിള്‍ 25 അനുസരിച്ച് സംരക്ഷണം നല്‍കേണ്ട അനിവാര്യമായ മതാചാരത്തിനുള്ളില്‍ ഹിജാബ് വരുന്നതാണോ അല്ലയോ എന്നതായിരുന്നു. അതിന് കോടതി കണ്ടെത്തിയ ഉത്തരം അല്ല എന്നാണ്. പക്ഷേ അത്തരത്തിലൊരു നിഗമനത്തിലേക്ക് ഏത് സാഹചര്യത്തിലാണ് കോടതി എത്തിച്ചേരുന്നത് എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്.
കാരണം അനിവാര്യമായ മതാചാരത്തെ തീരുമാനിക്കുന്നത് ഒരു മതത്തിന്റെ എസന്‍ഷ്യല്‍ ടെക്സ്റ്റുകളാണ്. ഇസ്ലാം മതത്തെ സംബന്ധിച്ചിടത്തോളം ഖുറാനും ഹദീസുമാണ് അതിന്റെ അടിസ്ഥാനത്തെ നിര്‍വചിക്കുന്നത്.
ഖുറാനില്‍ നൂര്‍ എന്ന അദ്ധ്യായത്തില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചും അതിനാല്‍തന്നെ ഹിജാബിനെ കുറിച്ചും പറയുന്നുണ്ട്. വാദങ്ങളില്‍ അത് കൃത്യമായിരുന്നിട്ടും കോടതി ഇവ പരിഗണിക്കാതെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
കേവലമായൊരു വിധി ന്യായം എന്നതില്‍ ഉപരിയായി ഇത്തരത്തില്‍ കോടതികളില്‍ നിന്നുണ്ടാകുന്ന ഏതൊരു ഡിസ്‌കോഴ്സിനും വിധിക്കും സാമൂഹികമായും രാഷ്ട്രീയമായുമുള്ള മറ്റൊരു മാനം കൂടിയുണ്ട്.
രണ്ടാമതായി പറയുന്നത് അത് ഭരണഘടനയുടെ ന്യായമായ നിയന്ത്രണങ്ങളുടെ (reasonable restriction) പരിധിയില്‍ വരുമെന്നാണ്. അവിടെയും ചോദ്യം അവശേഷിക്കുന്നുണ്ട്.
ഏതെങ്കിലും തരത്തില്‍ ഭരണഘടന പറയുന്ന ന്യായമായ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്ന വിഷയമോ ഏതെങ്കിലും പബ്ലിക്ക് ഓര്‍ഡറിനെ ചോദ്യം ചെയ്യുന്ന വിഷയമോ അല്ല ഹിജാബ് എന്ന് പറയുന്നത്. കാലങ്ങളായി നിലനില്‍ക്കുന്ന ഒരാളെയും ഉപദ്രവിക്കാത്തെ ഒരു പ്രാക്ടീസാണത്. അതുകൊണ്ട് തന്നെ ഹിജാബിനെ നിയമങ്ങളുടെ കള്ളികളിലാക്കി വ്യക്തി സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തേയും ഭരണഘടന നല്‍കുന്ന അവകാശങ്ങളെയും ചുരുക്കികൊണ്ടു വരുകയാണ്.
സ്വഭാവികമായും ഇതില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാം. ആ കുട്ടികള്‍ ആ വഴി സ്വീകരിക്കുമെന്ന് പറഞ്ഞു കഴിഞ്ഞു. സുപ്രീം കോടതിയില്‍ ഇനിയും വിശദമായ വാദങ്ങള്‍ക്ക് സാധ്യതകളുണ്ട്. പരമോന്നത കോടതി ഒരു നല്ല നിഗമനത്തിലെത്തുമെന്ന് ജനാധിപത്യ വിശ്വാസി എന്ന നിലയിലും ഭരണഘടന സ്ഥാപനങ്ങളെ ബഹുമാനിക്കുന്ന ഒരു പൗര എന്ന നിലയിലും പ്രതീക്ഷിക്കുന്നു.
കേവലമായൊരു വിധി ന്യായം എന്നതില്‍ ഉപരിയായി ഇത്തരത്തില്‍ കോടതികളില്‍ നിന്നുണ്ടാകുന്ന ഏതൊരു ഡിസ്‌കോഴ്സിനും വിധിക്കും സാമൂഹികമായും രാഷ്ട്രീയമായുമുള്ള മറ്റൊരു മാനം കൂടിയുണ്ട്.
ഉത്തര്‍പ്രദേശില്‍ 80- 20 എന്നൊക്കെ കൊട്ടിഘോഷിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായൊരു വിഷയമായിരുന്നു കര്‍ണാടകയില്‍ നടന്ന ഹിജാബ് വിവാദം. അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നയിടത്ത് ഇത്തരത്തിലൊരു വിധി വരുന്നതിനെ സ്വാഭാവികമായിട്ടും വലിയ പേടിയോട് കൂടി തന്നെയാണ് നോക്കി കാണുന്നത്. ഇത് കേവലം ചില കോളേജുകളില്‍ നിന്ന് തെന്നിമാറികൊണ്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഇന്ന് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ നിന്നൊക്കെയുണ്ടാകുന്ന വലിയ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുടെയൊക്കെ പശ്ചാത്തലത്തിലാണ്, ഈ വിധിയും വരുന്നത്. ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളം വെച്ച് നല്‍കുന്ന രൂപത്തില്‍ ഈ ചര്‍ച്ചകള്‍ ഇനിയും കൊണ്ട് പോകാന്‍ അനുവദിച്ചുകൂടാ. പെട്ടെന്ന് തന്നെ സുപ്രീം കോടതിയില്‍ നിന്ന് ഒരു ന്യായമായ തീരുമാനം ഉണ്ടാകാന്‍ പ്രത്യാശിക്കുന്നു.
ഇത്തരത്തിലുള്ള ചോദ്യങ്ങളും കോടതി വ്യവഹാരവുമൊക്കെ നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിന് നല്‍കുന്ന സംഭാവന വലിയ പ്രശ്നങ്ങളുണ്ടാകുന്നതാണ്. വലിയ രൂപത്തില്‍ വിഭാഗീയത വളര്‍ത്തുന്നതാണ്.
അതുകൊണ്ട് തന്നെ അതിന്റെ രാഷ്ട്രീയമാനങ്ങള്‍ കാണാതെ കേവലമായ ഒരു വിധിന്യായമായി ഹിജാബ് വിഷയത്തിലെ വിധിയെ നോക്കികാണാനാകില്ല.