ഇസ്ലാമിൻറെ പ്രമാണിക ഗ്രന്ഥശാലയിലെ ഏറെ ഗഹനവും വിശാലവുമായ കിതാബുകൾ വ്യാകരണ പിഴവ് കൂടാതെ പഠിപ്പിക്കുകയും സ്വന്തമായി ഗവേഷണം ചെയ്ത് കണ്ടു പിടിക്കാൻ ശീലിപ്പിക്കുകയും തൊട്ടടുത്ത പിരിയഡിൽ ഷേക്സ്പിയറുടെയും വേഡ്സ് വർത്തിൻ്റെയും കവിതകൾ ചൊല്ലിക്കൊടുക്കുകയും ഒഴിവ് വേളകളിൽ സ്പോർട്സും ആർട്സും പരിശീലിപ്പിക്കുന്നതും സംഘാടനം കാണിച്ചു കൊടുക്കലും അത്ര എളുപ്പമായിരുന്നില്ല.മുർഷിദ വഫിയ്യ ഉണ്ണിയാൽ എഴുതുന്നു.
ക്രിയാത്മകമായ പരിവർത്തനങ്ങളെയും പുനർനിർമ്മിതികളെയും നിരന്തരം സ്വാഗതം ചെയ്തു കൊണ്ട് തന്നെയാണ് കേരളീയ വിദ്യാഭ്യാസ പരിസരം ഇന്ന് കാണുന്ന പുരോഗതിയിലേക്കും വളർച്ചയിലേക്കും എത്തിച്ചേർന്നതും, നാം അനുഭവിക്കുന്ന സാംസ്കാരിക പ്രബുദ്ധത കൈവരിച്ചതും. അക്കാദമിക് മേഖലകളിൽ കാലത്തിനൊത്ത തിരുത്തലുകളും നിരന്തര അഴിച്ചുപണികളും
ചെയ്യുന്നു എന്നത് തന്നെയാണ് കേരളീയ വിദ്യാഭ്യാസ പരിസരത്തിന്റെ ഏറ്റവും വലിയ മേന്മ.
ആ സ്വീകരണത്തിന്റെയും അപ്ഡേഷനുകളുടെയും പ്രകടമായ സ്വീകാര്യതയാണ് നമ്മുടെ ചുറ്റുമുള്ള എണ്ണമറ്റ വിദ്യാഭ്യാസ സമുച്ചയങ്ങളും സമ്പ്രദായങ്ങളും.
കേവല ഡിഗ്രികളുടെ എണ്ണത്തിലും വണ്ണത്തിലും മാത്രം മത്സരിക്കുകയും പ്രൊഫഷണൽ ബാലി കേറാ മലകൾക്ക് പിന്നാലെ കയറൂരി വിട്ടും വാർഷിക പരീക്ഷകളിലും അടച്ചു തീർക്കേണ്ട ഫീസ് കുടിശ്ശികകളിലും എഴുതി തീരാത്ത സപ്പ്ളിമെന്ററി നൂലാമാലകൾക്കും ഇടയിൽ മാത്രമായി വിദ്യാർത്ഥി ജീവിതങ്ങളെ തളച്ചിടുകയും ചെയ്യുന്ന വിദ്യാഭ്യാസ മാർക്കറ്റുകളിൽ നൈതിക ദിശാ ബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള പ്രൊഡക്ടുകൾ നിർമ്മിക്കപ്പെടുന്നില്ല എന്ന ബോധ്യത്തിൽ നിന്നും ആശങ്കയിൽ നിന്നുമാണ് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് എന്ന മാതൃസംവിധാനത്തിന് കീഴിൽ വാഫി വഫിയ്യ എന്ന സമന്വയ വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കപ്പെടുന്നത്.
ഇന്നും, ഉയർന്ന മാർക്കുകളോടെ എസ് എസ് എൽസി പാസാകുന്ന മിക്ക കുട്ടികളും ആദ്യ ഓപ്ഷൻ ആയി വഫിയ്യയെ തിരഞ്ഞെടുക്കുന്നത് അതിൻറെ ജനകീയതയും പൊതു സ്വീകാര്യതയും തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ്
സാമ്പത്തികമായ അസ്ഥിരതകളിലും സാമ്പ്രദായിക നടപ്പു രീതികളിലും പെട്ട് പ്രാഥമിക വിദ്യാർത്ഥിത്വത്തിൽ മാത്രം ഒതുങ്ങി പോകുന്നതായിരുന്നു കേരളത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിൻറെ സിംഹ ഭാഗവും.
കഴിഞ്ഞ രണ്ട് പതിട്ടാണ്ട് മുൻപ് വരെയുള്ള കേരളീയ മുസ്ലിം സമൂഹത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ തോതും വളർച്ചയും പരിശോധിക്കുമ്പോൾ ആർക്കും ബോധ്യപ്പെടുന്ന കാര്യമാണിത്.
ദിനപത്രം വായിക്കാനുള്ള കേവല അക്ഷരജ്ഞാനം പോലുമില്ലാത്ത ഉമ്മമാരിൽ നിന്ന് ഈ ''പൈതൃകം'' പാരമ്പര്യമായി ഇനിയും കൈമാറ്റം ചെയ്യപ്പെട്ടു കൂടാ എന്ന ബോധ്യത്തിൽ നിന്നാണ് വാഫി കോഴ്സിന് സമാന്തരമായി പെൺകുട്ടികൾക്ക് വഫിയ്യ എന്ന സമന്വയ പാഠ്യ പദ്ധതി രൂപീകരിക്കാൻ ബഹു. ഹകീം ഫൈസി അവർകൾ തയ്യാറായത്.
പതിനാറിലും പതിനേഴിലും ആടയാഭരണങ്ങളണിഞ്ഞ് പുതുമാരൻ്റെ വീട്ടിൽ കയറിച്ചെല്ലേണ്ടിയിരുന്ന പെൺകുട്ടിക്ക്, ഇസ്ലാമിൻറെ പ്രമാണിക ഗ്രന്ഥശാലയിലെ ഏറെ ഗഹനവും വിശാലവുമായ കിതാബുകൾ വ്യാകരണ പിഴവ് കൂടാതെ പഠിപ്പിക്കുകയും സ്വന്തമായി ഗവേഷണം ചെയ്ത് കണ്ടു പിടിക്കാൻ ശീലിപ്പിക്കുകയും തൊട്ടടുത്ത പിരിയഡിൽ ഷേക്സ്പിയറുടെയും വേഡ്സ് വർത്തിൻ്റെയും കവിതകൾ ചൊല്ലിക്കൊടുക്കുകയും ഒഴിവ് വേളകളിൽ സ്പോർട്സും ആർട്സും പരിശീലിപ്പിക്കുന്നതും സംഘാടനം കാണിച്ചു കൊടുക്കലും അത്ര എളുപ്പമായിരുന്നില്ല.
കലാലയ ശൈഥില്യത്തിൻ്റെ തിക്കുതിരക്കുകളിൽ പെട്ട് ശെരി തെറ്റുകൾ തിരിച്ചറിയാതെ കഷ്ടപ്പെടുന്ന വിദ്യാർഥിനികൾക്ക് മുന്നിലാണ് കൃത്യമായ ആത്മീയ ചുറ്റുപാടും ഭൗതിക വിദ്യാഭ്യാസവും ഒരുപോലെ നേടിയെടുക്കാൻ കഴിയുന്ന വഫിയ്യയുടെ നൂതനമായ ആശയം പരിചയപ്പെടുത്തപെട്ടത്.
ഇന്നും, ഉയർന്ന മാർക്കുകളോടെ എസ് എസ് എൽസി പാസാകുന്ന മിക്ക കുട്ടികളും ആദ്യ ഓപ്ഷൻ ആയി വഫിയ്യയെ തിരഞ്ഞെടുക്കുന്നത് അതിൻറെ ജനകീയതയും പൊതു സ്വീകാര്യതയും തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ്.
തന്നിലേക്ക് മാത്രം തൻ്റെ അറിവിനെയും നന്മകളെയും ചുരുക്കാതിരിക്കാനായി പഠന കാലയളവിൽ തന്നെ നിർബന്ധ സാമൂഹിക സേവനം നടപ്പിൽ വരുത്തിയത് കോഴ്സിൻ്റെ മാറ്റ് ഒന്നുകൂടെ കൂട്ടി. മുസ്ലിം കൈരളി അന്ന് വരെ കണ്ടിരുന്ന വിദ്യഭ്യാസ രീതികളിൽ നിന്ന് വ്യത്യസ്തമായി പെൺകുട്ടികൾക്ക് സ്പോർട്സും ആർട്സുമൊക്കെ അവരുടെ ഇടങ്ങളിൽ വെച്ച് തന്നെ നടത്തിപ്പോന്നത് പിന്നീട് പല സംവിധാനങ്ങളും മാതൃകയാക്കുകയുണ്ടായി.
ഇസ്ലാമിക കർമശാസ്ത്രത്തിലും വ്യാകരണ ക്ലാസ്സുകളിലും ഖുർആൻ വ്യാഖ്യാനങ്ങളിലും അവഗാഹം നേടുന്നതിനോടൊപ്പം തന്നെ , പഠിച്ചിരുന്ന യൂണിവേഴ്സിറ്റികളുടെ വാർഷിക റിസൾട്ടുകളിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയെടുത്ത് ദേശീയ അന്തർദേശീയ സർവകലാശാലകളിൽ ഉപരിപഠനം നടത്തിവരികയാണ് ഇന്ന് പല വഫിയ്യ സഹോദരിമാരും എന്നത് ഈ സംവിധാനത്തിൻ്റെ വലിയ സന്തോഷം തന്നെ.
അതോടൊപ്പം സ്ത്രീ സമൂഹത്തിലേക്കിറങ്ങി സാധ്യമായ രീതികളിൽ മത പ്രബോധനത്തിനും പ്രചാരണത്തിനും മേൽനോട്ടം വഹിക്കുന്നവരും ഇതേ കോഴ്സിൻ്റെ പ്രോഡക്ടുകളാണെന്നത്കൂടി സമൂഹം തിരിച്ചറിയുന്നു.
ഒന്നുമല്ലാതിരുന്ന ഉമ്മച്ചിക്കുട്ടികളെ ഒരുമിച്ചു കൂട്ടി അവരെ കൊണ്ട് കേരളത്തിൻ്റ വിജ്ഞാന ദാഹം തീർത്തു കൊടുക്കുകയും അറിവ് കൊണ്ട് അന്നമൂട്ടുകയും ചെയ്ത് സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയുടെ ദീർഘ വീക്ഷണത്തിൻ്റെ ഫലമാണ് ഇന്നു കാണുന്ന മുപ്പത്തി ഒമ്പതോളം വഫിയ്യാ കോളജുകൾ.
പിന്നീട് സാഹചര്യം കണക്കിലെടുത്ത് വഫിയ്യാ ഡേ കോളജുകളും ആർട്സ് കോളേജുകളും സ്ഥാപിച്ചു കൊണ്ട് കഴിയാവുന്നിടതൊക്കെ സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ വെളിച്ചം വിതറാൻ അദ്ദേഹത്തിന് സാധിച്ചു.
സ്റ്റേ അറ്റ് ഹോമും വർക്ക് അറ്റ് ഹോമും ജീവിതശൈലിയായി തിരഞ്ഞെടുക്കുന്നവർ മാത്രം കുലീന സ്ത്രീകളും ഉത്തമ കുടുംബിനികളും ആകുകയും അതിനപ്പുറത്തെ പൊതുപ്രവർത്തനങ്ങളും സാമൂഹ്യ സേവനങ്ങളുമെല്ലാം ബാധ്യതകളായി പ്രശ്നവൽക്കരിക്കപ്പെടുകയും അതിൻറെ നല്ല സാധ്യതകൾ മനപ്പൂർവം മറച്ചുവെക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് പൊതു വ്യവഹാരങ്ങളിലെ സ്ത്രീ സാന്നിധ്യത്തെയും അതിലെ പെണ്ണിടങ്ങളെയും അവളുടെ ലോകത്തെയും പ്രായോഗിക തലത്തിൽ തന്നെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് വഫിയ്യ.
ഉയർന്ന ചിന്തയും ഉൾകാഴ്ചയും ഉള്ള ഒരു വലിയ വിദ്യാർത്ഥി സമൂഹത്തെയും അവരിലൂടെ നൈതിക ബോധവും ദീനീബോധവുമുള്ള ഉള്ള ഒരു വലിയ തലമുറയെയും വാർത്തെടുക്കാൻ ഉസ്താദ്നും വഫിയ്യ സംവിധാനത്തിനും സാധിച്ചു
ആണും പെണ്ണും എന്ന അടിസ്ഥാനവർഗങ്ങളുടെ ശാരീരികവും മാനസികവുമായ മുഴുവൻ പരിമിതികളെയും വൈരുധ്യങ്ങളെയും ഉൾക്കൊണ്ടും പരിഗണിച്ചുകൊണ്ടുമാണ് ഇസ്ലാം ജെൻഡർ റോളുകളെ പരിചയപ്പെടുത്തുന്നത്. ഏറ്റവും അനുയോജ്യമായ പ്രവർത്തന മണ്ഡലങ്ങൾ ഇരു കൂട്ടർക്കും പകുത്തു തന്ന ഇസ്ലാം തന്നെയാണ് അറിവ് നേടുന്നതിലും അതിൻറെ പ്രയോഗവൽക്കരണത്തിലും ഏകപക്ഷീയമായി കൽപ്പിക്കുന്നതും. ഇതിലൂടെ തന്നെ വിദ്യാഭ്യാസത്തിലും അതിൻറെ പ്രസരണ പ്രചാരണ പ്രവർത്തനങ്ങളിലും സ്ത്രീ പുരുഷ വിഭാഗങ്ങൾക്ക് തുല്യപങ്കും ഭാഗധേയവും ഉണ്ടെന്നത് വ്യക്തം.
ഉയർന്ന ചിന്തയും ഉൾകാഴ്ചയും ഉള്ള ഒരു വലിയ വിദ്യാർത്ഥി സമൂഹത്തെയും അവരിലൂടെ നൈതിക ബോധവും ദീനീബോധവുമുള്ള ഉള്ള ഒരു വലിയ തലമുറയെയും വാർത്തെടുക്കാൻ ഉസ്താദ്നും വഫിയ്യ സംവിധാനത്തിനും സാധിച്ചു എന്നത് തന്നെയാണ് വഫിയ്യ കേരളത്തിലെ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ തുല്യതയില്ലാത്ത വിപ്ലവം.