ഒരു വിഭാഗം മാധ്യമങ്ങൾ എക്കാലവും നിശബ്ദമായി നിന്നു. ഇനി അവർ ശബ്ദിക്കുകയാണെങ്കിൽ തന്നെ മോദിക്ക് വേണ്ടി മാത്രം ശബ്ദിച്ചു. നിലവാരമുള്ള മാധ്യമപ്രവർത്തനം നടക്കണമെങ്കിൽ അടിസ്ഥാനപരമായി രണ്ട് കാര്യങ്ങൾ നമുക്ക് ഉണ്ടാകണം. ഒന്ന് ധൈര്യമാണ്. മറ്റൊന്ന് ചോദ്യം ചെയ്യാനുള്ള ത്വര. ധൈര്യമില്ലാതെ നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനാകില്ല, ചോദ്യങ്ങൾ ചോദിക്കാതെ നിങ്ങളുടെ ധൈര്യത്തിന് അർത്ഥവുമില്ല. മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ ന്യൂസ്‌ലോൺഡ്രിയിൽ എഴുതിയ ലേഖനത്തിന്റെ മലയാളം പരിഭാഷ
"മോദിയിലുള്ള വിശ്വാസ്യത പത്രങ്ങളിലെ തലക്കെട്ടുകൾകൊണ്ടോ, ടെലിവിഷനിലെ തിളങ്ങുന്ന മുഖങ്ങൾ കൊണ്ടോ ഉണ്ടായതല്ല. ഞാൻ എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നൽകിയിട്ടുണ്ട്." ഫെബ്രുവരിയിൽ ഗൗതം അദാനിയും ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ ചോദ്യങ്ങളുന്നയിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ മറുപടി.
പ്രധാനമന്ത്രി പ്രകടിപ്പിക്കുന്ന ഈ അമിത ആത്മവിശ്വാസത്തിലും അഭിമാനത്തിലും എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മാധ്യമങ്ങൾ മുന്നോട്ടു വച്ച ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകിയേനെ. മാധ്യമങ്ങളുടെയും മോദിയുടെയും നിശ്ശബ്ദതയ്ക്ക് മണിപ്പൂർ നമുക്ക് മുന്നിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ലോക്സഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം നമുക്ക് മുന്നിലുണ്ട്. "സൗജന്യറേഷൻ വാങ്ങുന്ന 80 കോടി ജനങ്ങൾ ഈ കള്ളപ്രചാരണങ്ങൾ വിശ്വസിക്കുമോ?" എന്നാണ് മോദി അന്ന് ചോദിച്ചത്. ആ ഒരൊറ്റ പ്രസംഗത്തിലൂടെ, പ്രതിപക്ഷമുയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട എല്ലാ ബാധ്യതയും അദ്ദേഹം കുടഞ്ഞു കളഞ്ഞു.
കഴിഞ്ഞ 10 വർഷങ്ങളായി ഗോഡി മീഡിയ ആങ്കർമാർ പ്രധാനമന്ത്രിയുടെ സേവകരായി കൂടെയുണ്ടായിരുന്നു. ജേർണലിസത്തെ ഒരു പ്രത്യേക ചാലിലേക്ക് ഒഴുക്കുകയാണിപ്പോൾ. എന്നാൽ മേല്പറഞ്ഞ പ്രസംഗത്തിൽ, പ്രധാനമന്ത്രി അവരോട് ഒരു തരത്തിലും കടപ്പെട്ടിരിക്കുന്നില്ല എന്നുകൂടിയാണ് പറഞ്ഞു വയ്ക്കുന്നത്. ഇതാണ് കഴിഞ്ഞ 9 വർഷമായി വാർത്ത സമ്മേളനം വിളിക്കാത്ത, ഗോഡി മീഡിയയാൽ ചോദ്യം ചെയ്യപ്പെടാത്ത ഒരു നേതാവിന്റെ വീരവാദം.
മാധ്യമങ്ങളെ മോദിയിൽനിന്നും, മോദിയെ മാധ്യമങ്ങളിൽ നിന്നും മാറ്റി നിർത്താൻ സാധിക്കില്ല. ഒരു വിഭാഗം മാധ്യമങ്ങൾ എക്കാലവും നിശബ്ദമായി നിന്നു. ഇനി അവർ ശബ്ദിക്കുകയാണെങ്കിൽ തന്നെ മോദിക്ക് വേണ്ടി മാത്രം ശബ്ദിച്ചു. ഒരു സാമൂഹിക പ്രവർത്തകനോ ജേർണലിസ്റ്റോ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടാൽ, അത് ഇന്ത്യാ വിരുദ്ധ ഗുഡാലോചനയായി അവർ വളച്ചൊടിച്ചു. എന്നാൽ പ്രധാനമന്ത്രിക്ക് അംഗീകാരങ്ങൾ ലഭിക്കുമ്പോൾ, ഇന്ത്യയുടേയും മോദിയുടെയും പേര് ലോകത്തെമ്പാടും മുഴങ്ങുന്നു എന്നവർ പറഞ്ഞു. 2014 മുതൽ 2024 വരെയുള്ള ഒരു ദശാബ്ദം മോദിക്കെന്നപോലെ ഗോഡി മീഡിയയ്ക്കും പ്രധാനപ്പെട്ടതാണ്. ഈ മാധ്യമങ്ങൾക്ക് വ്യത്യസ്ത പേരുകളാണെങ്കിലും ഒരേ ഉള്ളടക്കമായിരുന്നു. വളരെ നിലവാരമില്ലാതെ അവതരിപ്പിക്കപ്പെട്ടതാണെങ്കിലും അവരുടെ സ്റ്റോറികളെല്ലാം സമാനതകളുള്ളതായിരുന്നു.
2019 ൽ നരേന്ദ്രമോദി ഒരു അഭിമുഖം നൽകിയത് നടൻ അക്ഷയ് കുമാറിനാണ്. അദാനിയുടെയും അംബാനിയുടെയും ചാനലുകളും അവതാരകരും വിശ്വാസ്യതയാർജ്ജിച്ചിരുന്നെങ്കിൽ ഈ അവസ്ഥവരില്ലായിരുന്നു
പണമില്ല എന്നത് ഇനി ഒരു ഒഴിവുകഴിവല്ല
2014 ന് മുമ്പുവരെ ടെലിവിഷൻ മാധ്യമങ്ങളെ വേട്ടയാടിയത് സാമ്പത്തിക പ്രതിസന്ധികളുടെ പ്രേതമായിരുന്നു. ന്യൂസ് ചാനലുകളുടെ ഉടമകൾ മിക്കവാറും മാധ്യമപ്രവർത്തകരായിരുന്നില്ല. അവർ സാമ്പത്തിക പ്രതിസന്ധികളിൽ കുരുങ്ങി, അവരുടെ എല്ലാ ബിസിനസ് മോഡലുകളും അന്ന് തകർന്നു. ടി.ആർ.പി ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാം ചെയ്തിരുന്നത്. എന്നാൽ ചാനൽ അടച്ചു പൂട്ടുക എന്നല്ലാതെ മറ്റൊരു വഴി അവർക്കു മുമ്പിലുണ്ടായിരുന്നില്ല.
ഈ മുതലാളിമാർ ജേർണലിസത്തിന് യാതൊരു പ്രാധാന്യവും നൽകിയിരുന്നില്ല. പുതിയ വഴികൾ പിന്തുടരുകയല്ലാതെ അവർക്കു മുന്നിൽ വേറെ സാധ്യതകളില്ല. അവർ നിസ്സഹായരായിരുന്നു. ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിൽ അവർക്ക് പരസ്യങ്ങൾ ലഭിക്കില്ല. അങ്ങനെ ഒരു കെട്ടുകഥ നിർമ്മിക്കപ്പെട്ടു.
ഈ കെട്ടുകഥകളെല്ലാം ഇപ്പോൾ തകർന്നു. വലിയ മാധ്യമ സ്ഥാപനങ്ങളുടെയെല്ലാം ഇപ്പോഴത്തെ ഉടമസ്ഥർ മുകേഷ് അംബാനിയോ ഗൗതം അദാനിയോ ആണ്. അദാനി പുതിയ ചാനലുകൾ തുടങ്ങുന്നു. അമ്പാനിക്കാണെങ്കിൽ നേരത്തെ തന്നെ നിരവധി ചാനലുകളുടെ ഉടമസ്ഥാവകാശം ഉണ്ട്. സാമ്പത്തിക പ്രതിസന്ധി എന്ന പ്രേതം ഇനി മാധ്യമങ്ങളെ വിട്ട് ഓടി പോകണം. എന്നാൽ ഈ സമ്പന്നത എന്തുകൊണ്ടാണ് നൽകുന്ന വാർത്തകളുടെ ഉള്ളടക്കത്തിൽ കാണാത്തത്? എന്തുകൊണ്ടാണ് ഈ സമ്പത്ത് ടെലിവിഷൻ ജേർണലിസത്തിന്റെ നിലവാരത്തെ മെച്ചപ്പെടുത്താത്തത്? പ്രത്യേകിച്ച് ഈ മുതലാളിമാരുടെ മറ്റ് വ്യവസായങ്ങളേക്കാൾ ചെലവ് കുറവാണ് ഇവിടെ എന്ന സാഹചര്യത്തിൽ. അംബാനിയും അദാനിയും മാധ്യമപ്രവർത്തനത്തിൽ കൊണ്ടുവന്ന നിലവാരമെന്താണ്? പുതുതായി എന്തെങ്കിലും ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടോ? ഇതൊക്കെയാണ് എന്റെ ചോദ്യങ്ങൾ, ഉത്തരങ്ങൾ വളരെ ലളിതമാണ്.
നിലവാരമുള്ള മാധ്യമപ്രവർത്തനം നടക്കണമെങ്കിൽ അടിസ്ഥാനപരമായി രണ്ട് കാര്യങ്ങൾ നമുക്ക് ഉണ്ടാകണം. ഒന്ന് ധൈര്യമാണ്. മറ്റൊന്ന് ചോദ്യം ചെയ്യാനുള്ള ത്വര. ധൈര്യമില്ലാതെ നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനാകില്ല, ചോദ്യങ്ങൾ ചോദിക്കാതെ നിങ്ങളുടെ ധൈര്യത്തിന് അർത്ഥവുമില്ല. അതുകൊണ്ട് നിങ്ങൾക്ക് വ്യാവസായികമായ കഴിവുകൊണ്ടോ പണംകൊണ്ടോ നിങ്ങൾക്ക് ഗോഡി മീഡിയയുടെ ഉള്ളടക്കം മാറ്റാൻ കഴിയില്ല. നിങ്ങൾക് ധൈര്യം വേണം. നിങ്ങൾക്ക് ചോദ്യം ചോദിക്കാൻ കഴിയണം. അല്ലാത്തപക്ഷം അംബാനിക്കും അദാനിക്കും നിലവിലുള്ള ക്യൂവിൽ നിൽക്കാം. ആരുൺ പുരിക്കും സുഭാഷ് ചന്ദ്രയ്ക്കും ജഗദിഷ് ചന്ദ്ര കട്ടീലിനും രജദ് ശർമയ്ക്കും പിന്നിൽ, എല്ലാവരും ഭയപ്പെട്ടു നിൽക്കുന്ന ആ വരിയിൽ ഏറ്റവും ഒടുവിലായി.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മുഖ്യധാരാ മാധ്യമങ്ങളിൽ നടന്ന പ്രധാന മാറ്റമാണിത്. അവരുടെ ഉള്ളടക്കം നിയന്ത്രിക്കുന്നത് ഈ മുതലാളിമാരല്ല. പുറത്ത് കാണാത്ത ഈ മുതലാളിമാരുടെ മുതലാളിമാരാണ്. ദി ടെലിഗ്രാഫ് ചോദിക്കുന്നതുപോലുള്ള ചോദ്യങ്ങൾ നമുക്ക് ഈ മാധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കാനാകില്ല. ഒരു ചാനൽ തുടങ്ങുന്നത് കൊണ്ട് മാത്രം ഒരാൾ ജേർണലിസ്റ്റ് ആകുന്നില്ല. ഈ ചാനലുകളിലൂടെ പുറത്ത് വരുന്ന ഉള്ളടക്കമാണ് ഇവരും ഭരണത്തിലിരിക്കുന്നവരും തമ്മിലുള്ള ബന്ധം കാണിച്ച് തരുന്നത്. ഡൽഹിയിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ നോക്കൂ. അതിലെവിടെയെങ്കിലും ഈ സ്ഥാപനങ്ങളിലെ ജേർണലിസ്റ്റുകളെ കാണാൻ സാധിക്കുമോ?
മോദിക്ക് പുതിയ ഒരു ഗോഡി മീഡിയ ആവശ്യമുണ്ട്. ജേർണലിസത്തിന്റെ മരണമാണ് ആഘോഷിക്കപ്പെടുന്നത്.
ഞാൻ ഒരിക്കലും ദി വയറിനെയോ, കാരവനെയോ, സ്ക്രോളിനെയോ, ന്യൂസ്‌ലോൺഡ്രിയെയോ, ആൾട്ട് ന്യൂസിനെയോ, ന്യൂസ് ക്ലിക്കിനെയോ, ദി ന്യൂസ് മിനിറ്റിനെയോ ബൂംലൈവിനെയോ, ആർട്ടിക്കിൾ 14 നെയോ മുഖ്യധാരയ്ക്ക് ബദലായി കാണില്ല. അങ്ങനെ ചിന്തിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളെ കുറ്റബോധത്തിൽ നിന്ന് രക്ഷപ്പെടുത്തും. ഈ സ്ഥാപനങ്ങളെ മുഴുവൻ വ്യക്തിഗത ശ്രമങ്ങളായി കാണണം. ഗോഡി മീഡിയയെ കുറിച്ചുള്ള ചർച്ചയിൽ ഇവരുടെ പേരും കൊണ്ടുവരരുത്, ഇവരും ഈ കാലഘട്ടത്തിന്റെ ഭാഗമാണ് എന്ന് പറയരുത്. കാരണം ഈ സ്ഥാപനങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ ലഭിക്കുന്നില്ല. കോർപ്പറേറ്റ് പരസ്യങ്ങൾ പോലും വല്ലപ്പോഴും മാത്രം ലഭിക്കുന്നതാണ്.
നമ്മൾ ചിന്തിക്കേണ്ടത് മാധ്യമസ്ഥാപനങ്ങൾക്ക് പൊതു ഖജനാവിൽ നിന്ന് ലഭിക്കുന്ന കോടികളുടെ പരസ്യത്തുകയെ കുറിച്ചാണ്. എന്തിനാണ് അവർ ജേർണലിസം ചെയ്യുന്നത്? ജേർണലിസം സാധ്യമല്ലെന്നു പറയുന്ന കാലത്ത് രാജ്യത്തെ ഏറ്റവും ധനികരായ ആളുകൾ എന്തിനാണ് ന്യൂസ് ചാനലുകൾ ആരംഭിക്കുന്നത്?
ലോകത്തെ ഏറ്റവും ധനികരായ രണ്ടുപേർ ഗോഡി മീഡിയയിൽ കണക്കില്ലാത്ത പണം നിക്ഷേപിക്കുന്നു. പക്ഷെ മാനസികമായി സംതൃപ്തി തരുന്ന എന്തെങ്കിലും കാര്യം അതിലൂടെ ചെയ്യാൻ തയ്യാറല്ല. ഇതിന് മാർക്കറ്റ് ഉണ്ട് എന്നവർ തിരിച്ചറിഞ്ഞു എന്ന ഒറ്റക്കാര്യമേ ഇതിൽ ഉള്ളു. ഞാൻ ഒരു കാര്യം ചോദിക്കാം, എന്തുകൊണ്ടാണ് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ മീഡിയ സ്റ്റാർട്ട് അപ്പുകളെ കുറിച്ച് ചിന്തിക്കാത്തത്? കാരണം അവർക്കറിയാം മീഡിയയിൽ സ്വതന്ത്രമായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന്.
പക്ഷെ ഗോഡി മീഡിയ ഒരു മോഡൽ വികസിപ്പിച്ചു. അത് പ്രവർത്തിക്കുന്നത് ജേർണലിസത്തിന്റെ പേരിലാണ്, എന്നാൽ അതിനു ജേർണലിസവുമായി യാതൊരു ബന്ധവുമില്ല. എൻ.ഡി.ടി.വി ഏറ്റെടുക്കുമ്പോൾ ഗൗതം അദാനി പറഞ്ഞത് "ഫിനാൻഷ്യൽ ടൈംസോ അൽ ജസീറയോ ആയി താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു സ്ഥാപനം പോലും ഇന്ത്യയിൽ ഇല്ല" എന്നായിരുന്നു. അതിനുള്ള പൈസയില്ല എന്നാണ് അദ്ദേഹം വരികൾക്കിടയിൽ പറഞ്ഞു വെച്ചത്. പക്ഷെ അദ്ദേഹത്തിനറിയില്ല, ജേർണലിസത്തെ നയിക്കുന്നത് പൈസയല്ലെന്ന്. ഈ പറഞ്ഞ ഫിനാൻഷ്യൽ ടൈംസിനോടാണ് തനിക്കെതിരെ വന്ന റിപ്പോർട്ട് ഒഴിവാക്കാൻ അദാനി ആവശ്യപ്പെട്ടത്. തങ്ങൾ പണത്തിന്റെ പുറത്തല്ല തങ്ങളുടെ റിപ്പോർട്ടിങ്ങിന്റെ പുറത്തതാണ് നിൽക്കുന്നത് അതുകൊണ്ട് പിൻവലിക്കാൻ പറ്റില്ല എന്ന് ഫിനാൻഷ്യൽ ടൈംസ് മറുപടിയും പറഞ്ഞു.
നിരവധി അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങൾ കെട്ടിപ്പടുത്തിരിക്കുന്നത് ധൈര്യത്തിലാണ്. ഇന്ത്യയിൽ ചാനൽ ഉടമകൾ വിലപിടിപ്പുള്ള കാറുകൾ വാങ്ങിക്കും പക്ഷെ മറ്റ് രാജ്യങ്ങളിൽ റിപ്പോർട്ടർമാരെ നിയമിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ പോലും ചിലപ്പോൾ നിയമിക്കില്ല. അദാനിക്ക് ഒരു ആഗോള മീഡിയ ബ്രാൻഡ് നിർമ്മിക്കണം എന്നാണ് താല്പര്യം. മോദിക്കും ഇതേ താല്പര്യമുണ്ട്, എന്നാൽ എന്താണ് ദൂരദർശന് സംഭവിച്ചത് എന്ന് കാണണം.
ഗോഡി മീഡിയയുടെ ഫാക്ടറി ഗവണ്മെന്റിനെതിരെയുള്ള ചോദ്യങ്ങൾ ഉൽപ്പാദിപ്പിക്കില്ല. ചോദ്യങ്ങൾ ചോദിക്കുന്നവർക്കെതിരെ ഉപയോഗിക്കാനുള്ള ആയുധങ്ങളാണ് അവർ നിർമ്മിക്കുന്നത്.ചോദ്യം ചോദിക്കുന്നവരെ രാജ്യദ്രോഹിയെന്നും തീവ്രവാദിയെന്നും വിളിക്കും. എന്നാൽ ഇപ്പോൾ അത് പഴയ പോലെ ചെലവാകില്ല. പൊതുജനം വളരെ ശ്രദ്ധ കാണിക്കുന്നുണ്ട്. കാഴ്ചക്കാർ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഗോഡി മീഡിയ, സ്വയം രാജ്യസ്നേഹികളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് രാജ്യത്തിനു നല്ലതല്ല എന്ന് ജനങ്ങൾക്കിപ്പോൾ മനസ്സിലാകുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങൾ നിരീക്ഷിക്കാൻ സൂക്ഷ്മത കാണിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. മാധ്യമങ്ങൾ സമൂഹത്തെ നിരീക്ഷിക്കുന്ന വാച്ച് ഡോഗ് ആണെങ്കിൽ, ഇപ്പോൾ സമൂഹം മാധ്യമങ്ങളെയാണ് നിരീക്ഷിക്കുന്നത്. മോദി ഭരണം നടക്കുന്ന ഈ പതിറ്റാണ്ടിൽ മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായ മാധ്യമ വിമർശനം ഉണ്ടാകുന്നുണ്ട്.
ഒറ്റ നോട്ടത്തിൽ ഒരുപാട് മാറ്റങ്ങൾ ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളിൽ നടക്കുന്നതായി കാണാം. പഴയ പ്രധാന മുഖങ്ങൾ പുതിയ ചാനലുകളിലേക്ക് മാറുന്ന കാഴ്ച കാണാം. പുതിയ ചാനലുകൾ പുതിയ മുഖങ്ങളുമായി അവതരിപ്പിക്കപ്പെടുന്നു. അവരെല്ലാം ഇതേ ഫോർമുലയുമായാണ് വരുന്നത്. ഇന്ത്യൻ സിനിമയുടെ സുവർണ്ണ കാലത്തെ മാഫിയ സിനിമകൾ പോലെയാണത്. ഒരു പഴയ ഗാങ് ലീഡർ ഇല്ലാതാക്കപ്പെടുന്നു, അവിടെ പുതിയ ഒരാൾ വരുന്നു, സാമ്രാജ്യം അതുപോലെ തുടരുന്നു.
മന്ത്രിമാർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഇന്റർവ്യൂ നൽകേണ്ടി വരുന്ന അത്രയും വിശ്വാസ്യതയില്ലാതായി ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക്. 2019 ൽ നരേന്ദ്രമോദി ഒരു അഭിമുഖം നൽകിയത് നടൻ അക്ഷയ് കുമാറിനാണ്. അദാനിയുടെയും അംബാനിയുടെയും ചാനലുകളും അവതാരകരും വിശ്വാസ്യതയാർജ്ജിച്ചിരുന്നെങ്കിൽ ഈ അവസ്ഥവരില്ലായിരുന്നു. മോദിക്ക് പുതിയ ഒരു ഗോഡി മീഡിയ ആവശ്യമുണ്ട്.
മോദിയുടെ സ്വന്തം മാധ്യമങ്ങൾക്കുള്ള സ്വാധീനവും അധികാരവും പ്രതിപക്ഷത്തിന് പോലും മനസിലാകാൻ സമയമെടുത്തു. ഭാരത് ജോഡോയുടെ സമയത്ത് ഈ ചാനലുകൾക്ക് ബദലായി രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ വാർത്ത സമ്മേളനങ്ങൾ മാറ്റി. അദ്ദേഹം മാധ്യമ പ്രവർത്തകരെ വെല്ലുവിളിച്ചു, നിങ്ങൾക്ക് ഈ ചോദ്യം എന്നോട് ചോദിക്കാം. പക്ഷെ ഒരിക്കലും പ്രധാനമന്ത്രിയോട് ചോദിക്കാനാകില്ല. അവർ രാഹുൽ ഗാന്ധിയോട് അത് ചോദിച്ചു, അദ്ദേഹം മറുപടി പറയുകയും ചെയ്തു.
ഗോഡി മീഡിയ ഏകദേശം മുഴുവനായും രാഹുൽ ഗാന്ധിയുടെ യാത്രയെ അവഗണിച്ചു. രാഹുൽ ഇപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ ഗോഡി മീഡിയയെ കുറിച്ച് പറയുന്നില്ല. കോൺഗ്രസ് സർക്കാരുകളാണെങ്കിൽ അവരുടെ നേതാവിനെ കൈകാര്യം ചെയ്ത രീതിയെ മറന്ന് ഈ മാധ്യമങ്ങളിൽ പരസ്യം നൽകുകയാണ്. ആ വിരോധാഭാസം നോക്കൂ. മോദി സർക്കാരിലെ മന്ത്രിമാർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പുറകെ പോകുമ്പോൾ കോൺഗ്രസ് പരസ്യങ്ങളുമായി ഗോഡി മീഡിയയ്ക്കു പുറകെയാണ് പോകുന്നത്. എന്തൊക്കെ തന്നെയായാലും ജേർണലിസത്തിന്റെ മരണമാണ് ആഘോഷിക്കപ്പെടുന്നത്.
(സ്വതന്ത്ര പരിഭാഷ: ജിഷ്ണു രവീന്ദ്രൻ)