Narendra Modi 
Opinion

പരിഹാസത്തിലൊതുങ്ങിയ 'തിരിച്ചടി'; മോദിയുടെ ശരീരഭാഷയില്‍ കാണാം രാഹുല്‍ പ്രഹരത്തിന്റെ ആഘാതം

ഭരണപക്ഷത്തെ കുറിക്കുകൊള്ളുന്ന വാക്കുകളാല്‍ ആക്രമിച്ച പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗത്തില്‍ മറുപടി പറയുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ, സഭയില്‍ കണ്ട മോദിയുടെ ശരീരഭാഷ തന്നെ മറ്റൊന്നായിരുന്നു. രാഹുല്‍ ഗാന്ധിയെ വലിച്ചു കീറുന്ന മറുപടിയെന്ന് സംഘപരിവാര്‍ അണികള്‍ മാത്രം ആഘോഷിച്ച ആ പ്രസംഗത്തിന്റെ ഉള്ളടക്കം ആകെ സംഗ്രഹിച്ചാല്‍ മോദിയുടെ പാര്‍ലമെന്റ് പ്രസംഗങ്ങളുടെ സ്ഥിരം ഫോര്‍മാറ്റിലാണ് ഇതെന്നും കാണാനാകും. പരിഹാസം, എതിരാളി ശേഷിയില്ലാത്തവനാണെന്ന് ചിത്രീകരിക്കുക, അതിനൊപ്പം രാഹുല്‍ ഗാന്ധി തന്നെ ആശയവ്യക്തത വരുത്തിയ ഹിന്ദു പരാമര്‍ശത്തെ വളച്ചൊടിച്ച് അവതരിപ്പിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് ഇത്തവണ മോദി സ്വീകരിച്ചത്. ഹിന്ദുക്കള്‍ അക്രമാസക്തരാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്നും അതിന് രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ലെന്നുമൊക്കെ മോദി ആവര്‍ത്തിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്, പ്രതിപക്ഷനേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രകടനത്തില്‍ മോദിക്ക് ഇളക്കം തട്ടിയിരിക്കുന്നു. അണികള്‍ പ്രചരിപ്പിക്കുന്ന 56 ഇഞ്ചിന്റെ കരുത്തൊന്നുമില്ലെന്നും നേര്‍ക്ക്‌നേരെ നിന്ന് സംസാരിച്ചാല്‍ ക്ഷമ നശിക്കുകയും പ്രകോപിതനാകുകയും ചെയ്യുന്ന, പെട്ടെന്ന് തകരുന്ന രാജര്‍ഷി ഇമേജ് മാത്രമേ അദ്ദേഹത്തിനുള്ളുവെന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളായി ലോക്‌സഭയിലുണ്ടായ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാം. മുന്‍പ് ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിനു ശേഷം രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ചപ്പോള്‍ തെളിഞ്ഞ മോദിയുടെ ശരീരഭാഷ വീണ്ടും കാണാന്‍ കഴിഞ്ഞു.

ശക്തിയാര്‍ജ്ജിച്ച പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസ പ്രകടനം കൂടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതുവരെ കണ്ടിരുന്ന രാഹുലിനെ ആയിരുന്നില്ല സഭയ്ക്കുള്ളില്‍ കാണാനായത്. കോന്‍ രാഹുല്‍ എന്ന് ചോദിച്ച മോദിക്ക് താനാരാണെന്ന് കാട്ടിക്കൊടുക്കുക കൂടിയായിരുന്നു രാഹുല്‍. പത്തു വര്‍ഷത്തിനു ശേഷം ലോക്‌സഭയില്‍ ഒരു പ്രതിപക്ഷനേതാവുണ്ടാകുമ്പോള്‍ പ്രതിപക്ഷം അടുത്ത അഞ്ചു വര്‍ഷം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന സന്ദേശം കൂടി കൊടുക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന് സ്വാഭാവികമായും വന്നുചേരും. ആ ഉത്തരവാദിത്തം ഭംഗിയായി രാഹുല്‍ നിര്‍വഹിച്ചു. രാഹുലിന്റെ പ്രസംഗത്തില്‍ നരേന്ദ്രമോദി തന്നെ രണ്ടു തവണ ഇടപെട്ടുവെന്നത് ഭരണപക്ഷത്തിന് ആ സന്ദേശം കൃത്യമായി ലഭിച്ചുവെന്നതിന്റെ സൂചനയാണ്. അതുകൊണ്ടാണ് തൊട്ടടുത്ത ദിവസം നടത്തിയ പ്രസംഗത്തില്‍ മോദി താന്‍ കഴിഞ്ഞ പത്തു വര്‍ഷം വലിയ വികസനമാണ് കൊണ്ടുവന്നതെന്ന് വാദിച്ചത്, കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്ന് വാദിക്കാന്‍ ശ്രമിച്ചത്, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പരാജയമായെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. പ്രസംഗം മൊത്തമായി നോക്കിയാല്‍ പരിഹാസത്തിനു തന്നെയാണ് മുന്‍തൂക്കം.

എതിരാളിയെ നിസ്സാരനായാണ് താന്‍ കാണുന്നതെന്ന പ്രതീതി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പപ്പുവിളിക്ക് സമാനമോ അഥവാ അതിലും മോശമെന്നോ കരുതാവുന്ന വിധത്തില്‍ രാഹുല്‍ ഗാന്ധിയെ ബാലക്ബുദ്ധിയെന്ന് വിളിക്കുകയായിരുന്നു മോദിയുടെ തന്ത്രം. കണ്ടുനില്‍ക്കുന്ന ആരാധകര്‍ക്ക് ആവേശമുണ്ടാകാമെങ്കിലും ആ പരിഹാസത്തില്‍ ആത്മവിശ്വാസത്തിന് ഇളക്കംതട്ടിയ മോദിയെ കാണാനാകും. സ്വന്തം തെറ്റ് മറച്ചുവെച്ചുകൊണ്ട് അമ്മയ്ക്കു മുന്നില്‍ നല്ലവനാണെന്ന് കാണിക്കാന്‍ കരച്ചില്‍ അഭിനയിക്കുന്ന കുട്ടിയെപ്പോലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രകടനമെന്നും കുട്ടികളുടെ ബുദ്ധിയാണ് ഇതെന്നുമുള്ള മോദിയുടെ പരാമര്‍ശം രാഹുല്‍ നല്‍കിയ പ്രഹരത്തില്‍ നിന്ന് ഉയര്‍ന്ന പ്രതികരണമാണെന്ന് എളുപ്പത്തില്‍ മനസിലാക്കാനാകും. എതിരാളിയെ ശേഷിയില്ലാത്തവനെന്ന് ചിത്രീകരിക്കുകയാണ് ലക്ഷ്യം. പക്ഷേ, പ്രതിപക്ഷം ഇപ്പോള്‍ പഴയതിനേക്കാള്‍ ശക്തമാണെന്ന് മോദിക്ക് മനസിലായിരിക്കുന്നു. അത് കണ്ടില്ലെന്ന് നടിക്കുകയാണ് അദ്ദേഹം.

ഇതിനിടയില്‍ പതിവുപോലെ നെഹ്‌റുവിനെ കുറ്റപ്പെടുത്താനും മോദി മറന്നില്ല. കോണ്‍ഗ്രസ് ദളിത് വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും അംബേദ്കറിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ നെഹ്‌റു ശ്രമിച്ചിരുന്നെന്നും മോദി പറഞ്ഞു. അംബേദ്കറിനെ പരാജയപ്പെടുത്താന്‍ എല്ലാ സ്വാധീനവും ഉപയോഗിച്ച നെഹ്‌റു അദ്ദേഹത്തിന്റെ പരാജയം ആഘോഷിച്ചുവെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസിനെ അതിന്റെ ചരിത്രത്തില്‍ പോലും ഇകഴ്ത്താനും പ്രതിപക്ഷത്തെ പുച്ഛിക്കാനും പരിഹസിക്കാനും മാത്രമേ പാര്‍ലമെന്റിലെ പ്രസംഗങ്ങളില്‍ മോദി ശ്രമിച്ചിട്ടുള്ളു. ഇനിയും അതുതന്നെയായിരിക്കും രീതിയെന്ന് സൂചിപ്പിക്കുകയാണ് മോദി. പക്ഷേ, പ്രതിപക്ഷത്തിന്റെ സന്ദേശം വ്യക്തമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയതെന്നും കോണ്‍ഗ്രസ് സഖ്യകക്ഷികളുടെ വോട്ട് തിന്നു ജീവിക്കുന്ന പരാദമാണെന്നും മോദി പറയുമ്പോള്‍ അതിന്റെ മറുവശം കൂടി ചിന്തിക്കേണ്ടതുണ്ട്. ചാര്‍ സൗ പാര്‍ മുദ്രാവാക്യവുമായി മത്സരിക്കാനിറങ്ങിയ ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം പോലുമില്ലാതെ ടിഡിപിയുടെയും ജെഡിയുവിന്റെയും ഔദാര്യത്തിലാണ് ഭരണത്തിലിരിക്കുന്നതെന്ന കാര്യം കൂടി ഓര്‍മിക്കണം. ഒഡിഷയില്‍ ദീര്‍ഘകാലം സഖ്യകക്ഷിയായിരുന്ന ബിജു ജനതാദളിനെ ഏതാണ്ട് ഇല്ലാതാക്കിക്കൊണ്ടാണ് ബിജെപി അവിടെ ഭരണം പിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുടെ വോട്ട് വാങ്ങി ജയിക്കുന്നത് പരാദജീവിതമാണെങ്കില്‍ സഖ്യകക്ഷികളെ ഒപ്പം ചേര്‍ന്ന് ഇല്ലാതാക്കുന്നത് എന്തുതരം ജീവിതമാണെന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

SCROLL FOR NEXT