എനിക്കവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നൊരു തോന്നലുണ്ടായി. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇനി ഞാന്‍ അവസാനിപ്പിക്കുകയാണ്. അങ്ങനെ അത് തീര്‍ന്നു: ഏഷ്യാനെറ്റ് ന്യൂസ് മുൻ പത്രാധിപർ എം.ജി. രാധാകൃഷ്ണൻ.
ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് എം.ജി രാധാകൃഷ്ണന്‍ ഒഴിഞ്ഞിരിക്കുകയാണ്. 2021 ജൂലൈ മാസത്തോടെ താന്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു എന്നും സ്ഥാപനം വളരെയധികം നിര്‍ബന്ധവും സമ്മര്‍ദവും ചെലുത്തിയിട്ടാണ് വീണ്ടും അവിടെ ഗ്രൂപ്പ് എഡിറ്റോറിയല്‍ അഡൈ്വസര്‍ എന്ന പൊസിഷനില്‍ ഒരു വര്‍ഷം കൂടി തുടര്‍ന്നത് എന്നും എം.ജി രാധാകൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു. ആ കോണ്‍ട്രാക്ട് ഇപ്പോള്‍ അവസാനിച്ചു, അതുകൊണ്ട് മതിയാക്കി. എന്റെ റോള്‍ അവിടെ അവസാനിച്ചു- എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് നിര്‍ത്താം എന്ന് തീരുമാനിച്ചത് അവിടുത്തെ ചില പുതിയ തീരുമാനങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ടായിരുന്നു. ഈ ഒരു വര്‍ഷം അവിടെ തന്നെ വേറെ പ്രൊജക്ടുകള്‍ ചെയ്തു. സ്വാതന്ത്ര്യസമര ചരിത്രത്തെകുറിച്ച് 'സ്വാതന്ത്ര്യ സ്പര്‍ശം' എന്നൊരു പ്രോഗ്രാമിനായി എഴുപത്തിയഞ്ചോളം ഷോര്‍ട്ട് വീഡിയോസ് ചെയ്തിരുന്നു. അത് കഴിഞ്ഞ് ഗാന്ധിയെ കുറിച്ച് സാമാന്യം വലിയൊരു ഡോക്യുമെന്ററി പ്ലാന്‍ ചെയ്തു. അതിന്റെ സ്‌ക്രിപ്റ്റ് എല്ലാം പൂര്‍ത്തിയായി ഇരിക്കുകയാണ്. ഈ രണ്ട് കാര്യങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം ചെയ്തത്. അത് രണ്ടും കഴിഞ്ഞു. അതുകൊണ്ട് ഇനിയവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നൊരു തോന്നലുണ്ടായി. അങ്ങനെ അത് അവസാനിപ്പിച്ചു, എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു.
'മനോജ് കെ ദാസിന്റെ നിയമനം ഞാന്‍ അറിഞ്ഞിരുന്നില്ല. മനോജ് കെ ദാസ് അന്നും ഇന്നും എന്റെ സുഹൃത്താണ്. ഞാന്‍ അവിടെ പത്രാധിപരായിരുന്ന സമയത്ത് ഉണ്ടായ ഒരു നിയമനം ആയതുകൊണ്ട് അത് ഞാന്‍ അറിയേണ്ടതായിരുന്നു. അതുമായി ബന്ധപ്പെട്ട് തന്നെയാണ് ഒഴിഞ്ഞതും.'
ബിജെപി ബോയ്ക്കോട്ട് ചെയ്ത സമയത്തും സിപിഎം ബോയ്ക്കോട്ട് ചെയ്ത സമയത്തും സ്ഥാപനത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞെന്ന് മുന്‍ എഡിറ്റര്‍ അവകാശപ്പെട്ടു. താനും കൂടെ ചേര്‍ന്ന് എടുത്ത തീരുമാനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അത്തരം സംഭവങ്ങളുണ്ടായത്. ചെയര്‍മാന്‍ മുതലുള്ളവര്‍ ബിജെപി ബന്ധമുള്ളവരാണെങ്കിലും അവരുടെയൊക്കെ പൂര്‍ണ പിന്തുണ ലഭിച്ചിരുന്നു എന്നും സമ്മര്‍ദങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഡിറ്റര്‍ സ്ഥാനത്ത് നിന്ന് മാറാന്‍ കാരണം അവിടെ തനിക്ക് യോജിക്കാന്‍ കഴിയാത്ത ചില നിയമനങ്ങള്‍ നടന്നതുകൊണ്ടാണ്, എം.ജി രാധാകൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.
'മനോജ് കെ ദാസിന്റെ നിയമനം ഞാന്‍ അറിഞ്ഞിരുന്നില്ല. മനോജ് കെ ദാസ് അന്നും ഇന്നും എന്റെ സുഹൃത്താണ്. ഞാന്‍ അവിടെ പത്രാധിപരായിരുന്ന സമയത്ത് ഉണ്ടായ ഒരു നിയമനം ആയതുകൊണ്ട് അത് ഞാന്‍ അറിയേണ്ടതായിരുന്നു. അതുമായി ബന്ധപ്പെട്ട് തന്നെയാണ് ഒഴിഞ്ഞതും. ഒരു നിയമനം വരുമ്പോള്‍, സ്വാഭാവികമായും ആ നിയമനം ഞാനും കൂടെ അറിഞ്ഞ് വേണമായിരുന്നു എന്നാണ് എന്റെ നിലപാട്. അതിന് ശേഷം എഡിറ്റര്‍ പൊസിഷനില്‍ നിന്ന് മാറി. നമുക്ക് അടുപ്പമുള്ള ഒരുപാട് പേരുടെ നിര്‍ബന്ധം കാരണം അവിടെ വീണ്ടും തുടര്‍ന്നു. ഇപ്പോള്‍ അത് മതിയാക്കാം എന്ന് തീരുമാനിച്ചു.' എം.ജി വ്യക്തമാക്കി.
'ഒരു സമാന്തര മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല, എങ്കിലും വേണ്ടി വന്നാല്‍ അങ്ങനെയും ആകാം. വണ്‍സ് എ ജേര്‍ണലിസ്റ്റ് ഓള്‍വെയ്‌സ് എ ജേര്‍ണലിസ്റ്റ് എന്നാണല്ലോ.'
ഒരു സമാന്തര മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല, എങ്കിലും വേണ്ടി വന്നാല്‍ അങ്ങനെയും ആകാം. വണ്‍സ് എ ജേര്‍ണലിസ്റ്റ് ഓള്‍വെയ്‌സ് എ ജേര്‍ണലിസ്റ്റ് എന്നാണല്ലോ. പിന്നെ ഒരുപാട് സജീവമായി പ്രതികരിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായിട്ടുള്ള രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളുണ്ട്. അതുകൊണ്ട് എന്ത് ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ല. അങ്ങനെയൊക്കെ ചെയ്യാന്‍ സാധ്യതയുണ്ട്. പക്ഷെ ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല- ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍