Opinion

പുഷ്പൻ: രക്തസാക്ഷിയുടെ പക്ഷം പറയാൻ മരണത്തെ തോൽപ്പിച്ച ഇതിഹാസം

പുഷ്പൻ്റെ മൃതദേഹവുമായി അവസാനമായി ആ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ അന്നാട്ടുകാരനായ ഒരു സഖാവ് പറഞ്ഞു, “ഈ വീട്ടിലേക്കുള്ള വഴിയന്വേഷിച്ച് ഞങ്ങൾക്ക് വന്നുകൊണ്ടിരുന്ന ഏതൊക്കെയോ നാട്ടിൽ നിന്നുള്ള മനുഷ്യരുടെ ഫോൺ വിളികളും ഇനിയില്ല.”

പുതുക്കുടി പുഷ്പൻ എന്നൊരാൾ സത്യമായിരുന്നുവെന്ന് വരും കാലത്തെ വിശ്വസിപ്പിക്കുക എളുപ്പമാകില്ല. ഇരുപത്തി നാല് വയസ്സുവരെ മാത്രമാണയാൾ സ്വന്തം കാലിൽ നിന്നത്. പിന്നീട്, കിടന്ന കിടപ്പിൽനിന്നനങ്ങാത്ത ഇരുപത്തി ഒൻപത് വർഷങ്ങൾ. നാവും കൺപോളയും അല്ലാതെ സ്വന്തം ശരീരത്തിലെ മറ്റൊരു അവയവവും താൻ നിശ്ചയിക്കും വിധം ചലിപ്പിക്കാനാകാതെ അയാൾ കടന്നു പോയത് മൂന്ന് ദശാബ്ദങ്ങൾ.! ജീവിതത്തേക്കാൾ അടുത്തായിരുന്നു അയാൾക്ക് മരണം. ഏത് നിമിഷവും മരിക്കാവുന്ന ശരീരത്തെ അയാൾ ഇരുപത്തി ഒൻപത് വർഷവും പത്ത് മാസവും മൂന്ന് ദിവസവും ജീവനോടെ പിടിച്ചുനിർത്തി. അപാരമായ ഇച്ഛാശക്തിയുടെ അത്യപൂർവ മാതൃകയായി പുഷ്പൻ മാറി.

കഴിഞ്ഞ ദിവസം, സെപ്തംബർ 28ന് പുഷ്പൻ മരണത്തോടുള്ള ഇതിഹാസസമാനമായ തൻ്റെ പോരാട്ടം അവസാനിപ്പിച്ചു. അൻപത്തി നാലാം വയസ്സിൽ പുതുക്കുടി പുഷ്പൻ എന്ന വിപ്ലവകാരി ലോകത്തെ എണ്ണമറ്റ രക്തസാക്ഷികൾക്കൊപ്പം തൻ്റെ പേരും കൂട്ടിച്ചേർത്ത് തൻ്റെ സഖാക്കളോട് വിടപറഞ്ഞിരിക്കുന്നു.

ലോകത്തെ എല്ലാ രക്തസാക്ഷികൾക്കും വേണ്ടി തൻ്റെ മരണത്തെ ധീരമായി നീട്ടിവെപ്പിച്ച രക്തസാക്ഷിയാണ് സഖാവ് പുഷ്പനെന്ന് തോന്നിയിട്ടുണ്ട്. വ്യക്തിപരമായ നഷ്ടങ്ങളോർത്ത് ആ കൺപോള നനഞ്ഞിട്ടില്ല ഇതുവരെ, വലതുപക്ഷത്തിന് ആയുധമാക്കാൻ സാധിക്കും വിധം ഒരിഞ്ച് ആ നാവ് വലത്തോട്ട് തിരിച്ചിട്ടുമില്ല. ഇരുപത്തി ഒൻപത് വർഷങ്ങളെ അയാൾ അത്ഭുതകരമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കരുത്തിൽ അതിജീവിച്ചു.

1994 നവംബർ 25നാണ് മുതലാളിത്ത ആഗോളവൽകരണ നയങ്ങൾക്കെതിരായ ഏറ്റവും തീവ്രമായ സമരങ്ങൾക്കൊന്നിന് കൂത്തുപറമ്പ് സാക്ഷ്യം വഹിക്കുന്നത്. നവ ലിബറൽ നയങ്ങളുടെ ആദ്യത്തെ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസ മേഖലയായിരുന്നു. അന്നത്തെ യു ഡി എഫ് സർക്കാരിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽകരിക്കാനും വാണിജ്യവൽകരിക്കാനുമുള്ള നീക്കം ആരംഭിച്ചതിനെതിരെയും അഴിമതി നിറഞ്ഞ സംവിധാനത്തിനെതിരെയും വളരെ സമാധാനപരമായ സമരമായിരുന്നു അത്. സ്ഥലത്തെത്തുന്ന അന്നത്തെ യു ഡി എഫ് സർക്കാരിലെ മന്ത്രിയായിരുന്ന എം വി രാഘവനെ കരിങ്കൊടി വീശി പ്രതിഷേധം അറിയിക്കാനായിരുന്നു സമരക്കാരുടെ പദ്ധതി. ആയിരക്കണക്കിന് ചെറുപ്പക്കാർ സമരത്തിൽ അണിചേരാനായി ഒത്തുചേർന്നിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ പോലീസ് വെടിവെപ്പ് ആരംഭിച്ചു. അഞ്ചു യുവപോരാളികൾ സംഭവസ്ഥനത്ത് തന്നെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലിബറലൈസേഷനെതിരായ പോരാട്ടത്തിലെ ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷികൾ.! നിരവധി പേർക്ക് പരിക്കേറ്റു. കഴുത്തിന് പിന്നിൽ വെടിയേറ്റ് സുഷുംനാ നാഡിക്ക് പരിക്കേറ്റ പുഷ്പൻ ശയ്യാവലംബിയായി. അന്നത്തെ സമരം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് പുഷ്പൻ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തുന്നത്. പിന്നീടൊരിക്കലും പുഷ്പൻ എഴുന്നേറ്റ് നിന്നില്ല. വീട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്കും തിരിച്ചുമല്ലാതെ മറ്റെങ്ങോട്ടും പുഷ്പൻ യാത്ര ചെയ്തില്ല, വളരെ അപൂർവമായി മാത്രം തൻ്റെ പ്രസ്ഥാനത്തിൻ്റെ ചില സമ്മേളന വേദികളിലേക്ക് എത്തിച്ചേർന്നതൊഴിച്ചാൽ.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എണ്ണിയാലൊടുങ്ങാത്തത്രയും ആളുകളായിരുന്നു പുഷ്പനെ കാണാനെത്തിയിരുന്നത്. അദ്ദേഹത്തിൻ്റെ വീട് വിപ്ലവകാരിയെ കാണാനെത്തുന്ന നിത്യസന്ദർശകരുടെ കേന്ദ്രമായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാക്കൾ മുതൽ ഇന്ത്യയിലെമ്പാടുമുള്ള സാധാരണ മനുഷ്യർ വരെ മരണത്തെ തോൽപ്പിച്ച മനുഷ്യാത്ഭുതത്തെ കാണാനെത്തി. സന്ദർശകരില്ലാത്ത ഒരു ദിവസവും പുഷ്പൻ്റെ പിന്നീടുള്ള ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മനുഷ്യർ സന്ദർശിച്ച വീടുകളിലൊന്നായി ചൊക്ലി മേനപ്രത്തെ പുതുക്കുടി വീട് മാറി. പുഷ്പൻ്റെ മൃതദേഹവുമായി അവസാനമായി ആ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ അന്നാട്ടുകാരനായ ഒരു സഖാവ് പറഞ്ഞു, “ഈ വീട്ടിലേക്കുള്ള വഴിയന്വേഷിച്ച് ഞങ്ങൾക്ക് വന്നുകൊണ്ടിരുന്ന ഏതൊക്കെയോ നാട്ടിൽ നിന്നുള്ള മനുഷ്യരുടെ ഫോൺ വിളികളും ഇനിയില്ല.”

തന്നെക്കാണാനെത്തുന്ന ഓരോരുത്തരോടും പുഷ്പൻ ഹൃദ്യമായി സംസാരിക്കുമായിരുന്നു. ശരീരത്തിൻ്റെ ചലനശേഷി നഷ്ടപ്പെട്ടതിനാൽ തന്നെ അദ്ദേഹത്തിൻ്റെ അവയവങ്ങൾ കാലക്രമേണ ചുരുങ്ങി ചുരുങ്ങി വന്നു. ശോഷിച്ച രണ്ട് കൈകളും നിവർത്താനാവാത്തവിധം മേൽപ്പോട്ട് വളഞ്ഞുകിടന്നു. അങ്ങനൊരു മനുഷ്യൻ കിടക്കുന്നത് കാണുക തന്നെ പ്രയാസമായിരുന്നു. അയാളോട് എന്ത് സംസാരിക്കും എന്ന് ആശങ്കപ്പെട്ടുനിന്നവരെയെല്ലാം അത്ഭുതപ്പെടുത്തി നിരാശയുടെ ഒരു കണികപോലും കാണിക്കാതെ വർത്തമാനം പറയുമായിരുന്നു സഖാവ് പുഷ്പൻ. അസഹ്യമായ വേദനയിലൂടെ അയാൾ കടന്നുപോയിട്ടുണ്ടാകുമെന്ന് തീർച്ചയാണ്. അപ്പോഴും ആ വിപ്ലവകാരി ജീവിതത്തെ വെറുത്തില്ല, തൻ്റെ വിധിയെ പഴിച്ചില്ല, നഷ്ടബോധത്തിൻ്റെ കയത്തിലേക്ക് വീണില്ല. പ്രാഗിലെ നാസി തടവറയിൽ കൊലമരം കാത്തുകിടക്കുമ്പോൾ ജൂലിയസ് ഫ്യൂച്ചിക് എഴുതിയ വാചകങ്ങളെ പുഷ്പൻ ഓർമിപ്പിച്ചു, “ഞങ്ങൾ ജീവിതത്തെ സ്നേഹിച്ചു. അതിൻ്റെ സൗന്ദര്യത്തിനായി ഞങ്ങൾ പൊരുതുവാനിറങ്ങി.!”

പുഷ്പൻ ഒരിക്കലും തന്നെക്കുറിച്ചുള്ള സംസാരത്തിന് മുൻ കൈ എടുത്തിരുന്നില്ല. അവകാശവാദങ്ങളുടെയോ വീര്യം പറച്ചിലിൻ്റെയോ ഒരംശം അദ്ദേഹത്തിൻ്റെ വർത്തമാനങ്ങളിൽ കലരുമായിരുന്നില്ല. വരുന്നവരോടെല്ലാം അവരെക്കുറിച്ച് ചോദിച്ചു, അവരുടെ നാട്ടിൽ നിന്നും തന്നെ കാണാൻ നേരത്തേ വന്നിരുന്നവരെ ഓർമിച്ചു, അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്ത സമീപകാലത്ത് വന്നിരുന്നെങ്കിൽ അതിൻ്റെ നിജസ്തിതി അന്വേഷിച്ചു. തന്നെക്കുറിച്ച് ഒരക്ഷരം സംസാരിക്കാതിരുന്നിട്ടും പുതുക്കുടി വീട്ടിൽ നിന്നും യാത്രപറഞ്ഞിറങ്ങിയ ഓരോരുത്തർക്കുള്ളിലും മടക്കയാത്രയിൽ അലയൊടുങ്ങാത്ത തിരയായി പുഷ്പൻ നിറഞ്ഞുനിന്നു.

അസാധാരണമായ ഈ പോരാട്ടത്തിന് പുഷ്പന് പ്രചോദനമായത് എന്തായിരിക്കും? കൊലമരത്തിന് മുന്നിൽ നിൽക്കുമ്പോഴും ഇങ്ക്വിലാബ് മുഴക്കാൻ ഭഗത് സിംഗിനും തന്നെ കൊല്ലാൻ നിയോഗിക്കപ്പെട്ട പട്ടാളക്കാരനോട് “ഭീരു, എനിക്ക് നേരെ വെടിയുതിർക്കുക, നിങ്ങൾ കൊല്ലാൻ പോകുന്നത് ഒരു മനുഷ്യനെ മാത്രമാണ്” എന്ന് ആക്രോശിക്കാൻ ചെ ഗുവേരയ്ക്കും മരണം നിമിഷങ്ങൾക്കകലെ തന്നെ കാത്തിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ മർദ്ദനമേറ്റ തൻ്റെ ശരീരത്തിൽ നിന്നും നിന്നും ഒഴുകിയ ചോരയിൽ വിരലുകൾ മുക്കി തടവറയുടെ ചുവരിൽ അരിവാൾ ചുറ്റിക വരച്ച മണ്ടോടി കണ്ണനെയും പ്രചോദിപ്പിച്ച അതേ ഊർജ്ജം, താൻ സ്വപ്നം കണ്ട ലോകം നിശ്ചയമായും പുലരുക തന്നെ ചെയ്യുമെന്ന ഉറച്ച വിശ്വാസം, സോഷ്യലിസത്തിൻ്റെ മുദ്രാവാക്യം!

പതിനായിരക്കണക്കിനാളുകളാണ് അന്ത്യയാത്രയിൽ ആ ധീര പോരാളിക്ക് അഭിവാദ്യമർപ്പിക്കാനായി ഒത്തുചേർന്നത്. അതിൽ എല്ലാ തലമുറകളിലും പെട്ടവർ ഉണ്ടായിരുന്നു. പുഷ്പൻ്റെ ജീവിതം പോലെ തന്നെ ചരിത്രത്തിലെ അപൂർവതകളിലൊന്നായി അദ്ദേഹത്തിൻ്റെ അവസാന യാത്രയും മാറി. ശരീരം തളർന്ന് കിടക്കുമ്പോഴും ഒരു വിപ്ലവകാരി എങ്ങനെയാണ് ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നത് എന്നതിൻ്റെ കൂടി പ്രഖ്യാപനമായിരുന്നു പുഷ്പനെ അവസാനമായി ഒരു നോക്ക് കാണാൻ ഒത്തുചേർന്ന മനുഷ്യമഹാസാഗരം.

കൂത്തുപറമ്പിലെ സമരവീര്യത്തിൻ്റെ ഹൃദയമിടിപ്പുള്ള സ്മാരകമായിരുന്നു സഖാവ് പുഷ്പൻ. ഒരു രക്തസാക്ഷിയുടെ ഇതിഹാസ സമാനമായ സമരജീവിതത്തിനാണ് തിരശ്ശീല വീണത്.

രക്തസാക്ഷിയുടെ പക്ഷമെന്താണെന്ന് ലോകത്തോട് പറഞ്ഞുകൊണ്ടേയിരുന്നൊരാൾ രക്തസാക്ഷിക്കുന്നിലേക്ക് നടന്നുപോകുന്നു. എന്നോ മരണത്തെ തോല്പിച്ചൊരാളെ നമ്മളെങ്ങനെ യാത്രയാക്കാനാണ്?

(എസ് എഫ് ഐ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും ട്രൈക്കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിലെ ഗവേഷകനുമാണ് ലേഖകൻ)

ദുബായ് ഔട്ട് ലെറ്റ് മാളില്‍ 'ഫാർമസി ഫോർ ലെസ്' ആരംഭിച്ചു

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

SCROLL FOR NEXT