വി കെ എസ് ( വി കെ ശശിധരൻ )  
Memoir

വീണൂ.. പാട്ടിന്റെ പൂമരം, വി.കെ. എസ്

പൂർണ്ണമായീലെങ്കിലും ഈ ജീവിതത്തിന്റെ പൂജയെല്ലാം വ്യർത്ഥമായീലെന്നറിവൂ ഞാൻ “അല്ല, പ്രിയ വി കെ എസ്‌ ..അത് പൂർണ്ണമായിരുന്നു .സാർത്ഥകം..സഫലം.ടാഗോറിനെത്തന്നെ കൂട്ട് വിളിക്കട്ടെ.“എത്ര മനോഹരമാണവിടുത്തെ ഗാനാലാപന ശൈലി

ഇന്ന് പുലർച്ചെ ഒ.എം.ശങ്കരൻ മാഷുടെ ശബ്ദമാണ് വിളിച്ചുണർത്തിയത്.“വി കെ എസ് പോയി”.കഴിഞ്ഞ നാൽപ്പത് വർഷം അകലെ നിന്നെത്തുന്ന ഉച്ചസ്ഥായിയിലുള്ള ഒരു താരസ്വരം പോലെ കാതിൽ മാത്രമല്ല, കണ്ണുകളിലുമെത്തി. പ്രിയപ്പെട്ട വി കെ എസ്‌.. പ്രതീക്ഷിച്ചിരുന്നു ഇത് പോലൊരു വാർത്തയെങ്കിലും ഈ നിമിഷങ്ങളിൽ ഞങ്ങൾക്കിത് ഒട്ടും താങ്ങാനാവുന്നില്ലല്ലോ..

1980 ലാണ് ഞാൻ വി.കെ.ശശിധരൻ എന്ന സ്നേഹ നിധിയായ മനുഷ്യനെ പരിചയപ്പെടുന്നത്. അത് ശാസ്ത്ര കലാജാഥയുടെ ആദ്യ വർഷമായിരുന്നു. പന്തളം കുളനടക്കാരനാണെങ്കിലും,കോട്ടയ്ക്കൽ കർമ്മഭൂമിയാക്കിയ എം.എസ്.മോഹനൻ മാഷ് ക്യാപ്റ്റനായിരുന്ന ഒന്നാമത്തെ കലാജാഥ.

“നാളെ നേതാക്കളായ് മാറേണ്ട നിങ്ങൾക്ക് കാലം അമാന്തിച്ചു പോയില്ല നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ ആദ്യക്ഷരം മുതൽ മേലോട്ട് എന്തിന്നധീരത.. ഇപ്പോൾ തുടങ്ങുവിൻ എല്ലാം നിങ്ങൾ പഠിക്കേണം,തയ്യാറാകണം ഇപ്പോൾ തന്നെആജ്ഞാശക്തിയായ് മാറീടാൻ “

വി കെ എസ് ( വി കെ ശശിധരൻ )

ബെർതോൾട് ബ്രെഹ്റ്റിന്റെ ‘'അമ്മ’ നാടകത്തിലെ ഉജ്ജ്വല കവിത. പുനലൂർ ബാലന്റെ തർജ്ജമ. സംഗീതം മാത്രമല്ല ആലാപനവും വി കെ എസ്‌. തിളങ്ങുന്ന കണ്ണുകളും ചൂണ്ടു വിരലുമായി സദസ്സിനെ തിരിച്ചറിവിന്റെയും ഉണർവ്വിന്റെയും തീയിലെരിയിക്കുന്ന അപാരമായ പെർഫോമൻസ്. അന്ന് മനസ്സിൽ കയറിയതാണ് വി കെ എസ് . പിന്നീട് ആ വർഷം മുതൽ തന്നെ ഞാൻ കലാജാഥയുമായി സഹകരിച്ചു തുടങ്ങിയപ്പോൾ എന്റെ കവിതയ്ക്കും ഗീതത്തിനും വി കെ എസ് സംഗീതത്തിന്റെ ചിറകുകൾ നൽകി ആകാശത്തേക്ക് പറക്കാൻ വിടുകയായിരുന്നു. ഭൂമിയിലെ മനുഷ്യരുടെ ചുണ്ടുകളിലേക്കും മനസ്സുകളിലേക്കും 40 വർഷത്തിനിടയിൽ അവയെല്ലാം കൂട് വെക്കുകയായിരുന്നു.

“നാക്കിലയിൽ ചോര കുതിർന്നു കിടക്കുവതെന്തോ വാക്കിന്നൂറ്റം പേറും മുമ്പേ അറിയപ്പെട്ടൊരു നാക്കോ കുല വില്ലിൻ ഞാണു പിടിച്ചു തഴമ്പിച്ചൊരു വിരലോ മലയും കാടും പെറ്റു വളർത്തിയ മകന്റെ പെരു വിരലോ”

‘ഏകലവ്യന്റെ പെരുവിരൽ’ ആണ് വി കെ എസ് ആദ്യമായി സംഗീതം നൽകി പാടിയ എന്റെ കവിത. പിന്നെ തുടർച്ചയായി വർഷം തോറും പാട്ടുകളും കവിതകളും പൂത്തു തളിർത്തു. “കാതോർത്തിരിക്കുക കാലം വിളിക്കുന്നു നാടാകെ കാത്തു നിൽക്കുന്നുപൊരുതിയും ചാടിക്കുതിച്ചും കിതച്ചുമീ പടവുകൾ പിന്നിടാം വേഗം.”

പാടാം നമുക്കൊത്തു പാടാം..കീറിപ്പറിയുമീ ഭാരതത്തിൻ പേരിൽ പാടാം .നമുക്കൊത്തു പാടാം പാടാം കുത്തി കുടൽമാല ചീറ്റുമീ ഇന്ത്യ തൻ മക്കളെയോർത്തു നാം ഒത്തു പാടാം ..പാടാം മനുഷ്യ മനസ്സിൽ സംഗീതം നുരയുന്നതു നിറയുന്നത് വരെ നാം പാടാം.പാടാം.. ആസുരതകളൊഴിയുന്നത് തെളിയുന്നത്,കനിവിന്റെ തെളിയുറവുകൾ, കിനിയുന്നത് വരെ നാം തുടി കൊട്ടിപ്പാടാം. തുടി കൊട്ടിപ്പാടാം..”

അതുകൊണ്ട് ബ്രെഹ്റ്റിന്റെ meaningful music അഥവാ ‘മിസ്‌യൂക്’ പോലെ ഒരു സംവാദ സംഗീത മാതൃക കേരളത്തിൽ അദ്ദേഹം സൃഷ്ടിച്ചു. മറ്റൊരാൾക്കും കഴിയാത്ത ഈ നിർവ്വചനത്തിന്റെ പേരിലാണ് വി കെ എസ്‌ എന്നും ഓർമ്മിക്കപ്പെടുക.
വി കെ എസ് ( വി കെ ശശിധരൻ )

മറ്റു സംഗീതജ്ഞരിൽ നിന്നും എന്താണ് വി കെ എസ്സിനെ വ്യത്യസ്തനാക്കുന്നത്?ഒന്നാമത്തേത് അദ്ദേഹം സമൂഹത്തിന്റെ സമഷ്ടിയിൽ ദൃഢ വിശ്വാസമുള്ള ഒരു ആക്റ്റിവിസ്റ്റാണ്. അദ്ദേഹം അനുഭൂതി വാദിയായ കലാകാരനല്ല. സംഗീതം ആത്മ നിർവൃതിക്കല്ല, സമൂഹത്തിന്റെ വിമോചനത്തിന് വേണ്ടിയാണെന്ന് അദ്ദേഹം കരുതുന്നു. അതുകൊണ്ട് ബ്രെഹ്റ്റിന്റെ meaningful music അഥവാ ‘മിസ്‌യൂക്’ പോലെ ഒരു സംവാദ സംഗീത മാതൃക കേരളത്തിൽ അദ്ദേഹം സൃഷ്ടിച്ചു. മറ്റൊരാൾക്കും കഴിയാത്ത ഈ നിർവ്വചനത്തിന്റെ പേരിലാണ് വി കെ എസ്‌ എന്നും ഓർമ്മിക്കപ്പെടുക.

വി.കെ.എസിനൊപ്പം കരിവെള്ളൂര്‍ മുരളി

“തടവറയ്ക്കുള്ളിൽ തുടയെല്ല് പൊട്ടി-ത്തകരുന്ന നേരമെൻ അച്ഛൻ കരുതി വെച്ചൂ കുഞ്ഞു തലമുറയ്ക്കായ് ഒരു ധീര സ്വാതന്ത്ര്യ സ്വപ്നം..മകനെ നിനക്കീ സ്വപ്നം ഇന്ത്യ പുലരുമെന്നൊരു സത്യസ്വപ്നം.”പ്രശസ്തമായിത്തീർന്ന എന്റെ ‘ഒരു ധീര സ്വപ്നം’ എന്ന ഈ കവിതയുടെ സംഗീതവും വി കെ എസ് ആണ്.“പാടൂ ചരിത്രം കാതോർത്ത് നിൽക്കുന്ന വീഥിയിൽ നിന്നും വിതുമ്പാതെ പാടൂ..”“മുറിഞ്ഞു പിടഞ്ഞ വാക്കുകൾ കരഞ്ഞു പിറന്ന വാർത്തകൾ” “നെഞ്ചുയർത്തി ഇന്ത്യയിൽ നമുക്ക് പാടുവാനൊരൊറ്റ സംഘഗാനം ““നിർഭയം ശിരസ്സുയർത്തി നിൽക്കുമീ ഹിമാചലം ““എൻ ഉടപ്പിറന്നവളുറങ്ങുമൊരു മൺ തറയിൽ നിന്നുയരുന്നൂ ““ഇരുപത്തിയൊന്നാം ശതകമെത്തീ ഇതിഹാസമെഴുതാൻ തുടങ്ങീ “എല്ലാം എന്റെ തന്നെ പാട്ടും കവിതകളും.കുഞ്ഞപ്പ പട്ടാന്നൂരിന്റെ “ഓർമ്മകൾ ഉണ്ടായിരിക്കണം കൂട്ടരേ”,”നാദിറ പറയുന്നു “എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്രയും പാട്ടുകൾ. പകർന്ന സ്നേഹം.ഇടശ്ശേരിയുടെ പൂതപ്പാട്ട്, ടാഗോറിന്റെ ഗീതാഞ്ജലി, സുഗതകുമാരിയുടെ രാത്രിമഴ,ഒറ്റയ്ക്ക്, ഒ .വി.ഉഷയുടെ മഴ എത്രയെത്ര കവിതകൾ .

ഒടുവിൽ തോട്ടപ്പള്ളിയിലെ കല്പകവാടിയിൽ വെച്ചാണ് കണ്ടത്. വി കെ എസ്സിനെ ആദരിക്കാൻ വേണ്ടി ഒത്തു കൂടിയതായിരുന്നു ഞങ്ങൾ. എപ്പോഴും വി കെ എസ് പാടുന്ന ഒരു ടാഗോർ ഗീതമുണ്ട്.“പൂർണ്ണമായീലെങ്കിലും ഈ ജീവിതത്തിന്റെ പൂജയെല്ലാം വ്യർത്ഥമായീലെന്നറിവൂ ഞാൻ “അല്ല, പ്രിയ വി കെ എസ്‌ ..അത് പൂർണ്ണമായിരുന്നു .സാർത്ഥകം..സഫലം.ടാഗോറിനെത്തന്നെ കൂട്ട് വിളിക്കട്ടെ.“എത്ര മനോഹരമാണവിടുത്തെ ഗാനാലാപന ശൈലി ..”

വി.കെ.ശശിധരന്‍ ജീവിതരേഖ

ജനകീയ ഗായകന്‍ വി.കെ.ശശിധരന്‍ അന്തരിച്ചു. വി.കെ.എസ് എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം സംഗീതത്തെ സാമൂഹിക മാറ്റത്തിനുള്ള ഉപാധിയാക്കിയ സമുജ്വല ഗായകനും സംഗീതജ്ഞനുമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്നണി പ്രവര്‍ത്തകനും പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറ്റ സഹചാരിയുമായി തെരുവോരങ്ങളെ പാടിയുണര്‍ത്തിയ വി.കെ.എസ്. പരിഷത്തിന്റെ കലാജാഥകളെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു.

1938 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജനിച്ചു. ആലുവ യു.സി കോളേജിലെ പഠനത്തെ തുടര്‍ന്ന് തിരുവനന്തപുരം ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി.. വിദ്യാഭ്യാസ കാലത്ത് 6 വര്‍ഷത്തോളം പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കല്‍ നിന്ന് കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടുകയുണ്ടായി. മുപ്പതു വര്‍ഷക്കാലം ശ്രീ നാരായണ പോളിടെക്ള്‍നിക്കിലെ അദ്ധ്യാപകനായിരുന്നു.

1967 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂര്‍ സോമദാസന്‍ രചിച്ച നാലു ഗാനങ്ങള്‍ 'ശിവന്‍ശശി' എന്ന പേരില്‍ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടര്‍ന്ന് 'തീരങ്ങള്‍' എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തി.ഇരുവരും ആറ്റിങ്ങല്‍ ദേശാഭിമാനി തീയറ്റേഴ്‌സിനു വേണ്ടി നിരവധി നാടകങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. കവിതാലാപനത്തില്‍ വേറിട്ട വഴി സ്വീകരിച്ച വി.കെ.എസ്. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്,' രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി' തുടങ്ങി നിരവധി കവിതകള്‍ക്ക് സംഗീതാവിഷ്‌കാരം നല്‍കി.ഗാനാലാപനം സാമൂഹ്യമാറ്റത്തിനായുള്ള ഒരു ഉപാധിയാക്കി മാറ്റി വി. കെ. എസ്. ഗാനങ്ങള്‍ക്ക് ഈണം പകരുമ്പോള്‍ സംഗീതത്തേക്കാളുപരി ആ വരികളുടെ അര്‍ത്ഥവും അതുള്‍ക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിര്‍ബന്ധമാണ് വി.കെ.എസിന്റെ ഗാനങ്ങളെ ഗാംഭീര്യമുള്ളതാക്കുന്നത്.

നിരവധി പരിഷത്ത് കലാജാഥകള്‍ക്കായി അനവധി ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. ബര്‍തോള്‍ത് ബ്രഹത് , പി. എന്‍. ദാമോദരന്‍ പിള്ള, പുനലൂര്‍ ബാലന്‍, ഡോ.എം.പി .പരമേശ്വരന്‍ , മുല്ലനേഴി, കരിവെള്ളൂര്‍ മുരളി, എം.എം. സചീന്ദ്രന്‍ തുടങ്ങി അനവധി പേരുടെ രചനകള്‍ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു . 80 കളുടെ തുടക്കത്തില്‍ കലാജാഥയില്‍ പങ്കെടുത്തും , അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു. കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകള്‍ക്കും സംഗീതാവിഷ്‌കാരം നിര്‍വഹിച്ചു.

സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഭാഗമായി അക്ഷരകലാജാഥയ്ക്കും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായി ജനാധികാര കലാജാഥ യ്ക്കും നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി,മാനവീയം മിഷന്‍ , സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടി ആഡിയോ ആല്‍ബങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ,വൈസ് പ്രസിഡണ്ട്, ബാലവേദി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1993 ല്‍ കൊട്ടിയം ശ്രീനാരായണ പോളിടെക്ള്‍നിക്കില്‍ നിന്നും ഇലക്ട്രിക്കല്‍ വിഭാഗം മേധാവിയായി വിരമിച്ചു.

ഭാര്യ : വസന്ത ലത ,മകള്‍ :ദീപ്തി

*പ്രധാന ആല്‍ബങ്ങള്‍*

ഗീതാഞ്ജലി

പൂതപ്പാട്ട്

പുത്തന്‍ കലവും അരിവാളും

ബാലോത്സവ ഗാനങ്ങള്‍

കളിക്കൂട്ടം

മധുരം മലയാളം

മുക്കുറ്റിപൂവിന്റെ ആകാശം

ശ്യാമഗീതങ്ങള്‍

പ്രണയം

അക്ഷരഗീതങ്ങള്‍

പടയൊരുക്കപ്പാട്ടുകള്‍

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT